26 August 2009

ചുമ്മാ ഇതും കിടക്കട്ടെ. ...



രണ്ടു മൂന്നു ബോറന്‍ കഥകളെഴുതി ബ്ലോഗ് നിറച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനൊരു സമാധാനം...
അല്പ്പന് ബ്ലോഗ് കിട്ടിയാല്‍ അര്‍ദ്ധരാത്രിയും പോസ്റ്റ് ഇടും എന്ന് കേട്ടിട്ടില്ലേ..അങ്ങനെ സംഭവിച്ചു പോയതാ...ക്ഷമി ...ഇനി ഞാന്‍ നന്നായികൊള്ളാം.......
(ഒരു കമന്റ്‌നു അമ്പതു പൈസ ഓഫര്‍ കൊടുത്തതാണ് എന്നിട്ടും ആരും കമന്റ്‌ ചെയ്യുന്നില്ല...)..
ബ്ലോഗ് പുലികള്‍ക്കിടയില്‍ ഈ പുലിത്തോലിട്ട ആട്ടിന്‍കുട്ടി കെ.മുരളീധരനെ പോലെ നിസ്സഹായനാണ്.....സാമ്പത്തിക മാന്ദ്യം മൂലം ഓഫീസില്‍ ഒരു പണിയും ചെയ്യാതെ കുറ്റി അടിച്ചിരിക്കുകയായിരുന്നു...അപ്പോഴേക്കും റമദാന്‍ എത്തി...ഉച്ചക്ക് ഒരു മണി ആകുമ്പോഴേക്കും കച്ചോടം പൂട്ടി വീട്ടി പോയ്ക്കോളാന്‍ ആണ് മുതലാളി സായിപ്പ് പറയുന്നേ...അപ്പപ്പിന്നെ ഈ ബ്ലോഗ് തന്നെ ശരണം..എന്തായാലും ഞാന്‍ ബ്ലോഗി ബ്ലോഗി മരിക്കാന്‍ തന്നെ തീരുമാനിച്ചു..
അടുത്ത റൂമുകളിലായി രണ്ടു മാന്യ മലയാളി ദേഹങ്ങള്‍ ഇരിപ്പുണ്ട്...ലവന്മ്മാരും ദേ ബ്ലോഗ്ഗല് തുടങ്ങി.....ഒരാള്‍ വെള്ളക്കിളി എന്നും പറഞ്ഞു ഒരു ഉഗ്രന്‍ തുടരന്‍ എഴുതുന്നുണ്ട്...
ആഗോള വായന മാന്ദ്യം മൂലം പൈങ്കിളിക്കെ ഇപ്പൊ മാര്‍ക്കറ്റ്‌ ഉള്ളുവെന്നാണ് അദ്ദേഹം ഗവേഷണം നടത്തി കണ്ടെത്തിയത്‌....
``...................................................................ഇന്നലെ നടന്ന കിച്ചണ്‍ ബ്ലോഗ് കൂട്ടായ്മയില്‍ പ്രബന്ത അവതരണം നടന്നു......,കുബ്ബുസ് , പൊരിച്ച ചിക്കന്‍ സോസജ്, അല്‍ കബീറിന്റെ ചിക്കന്‍ ടിക്ക മസാല ( രണ്ടു മാസം ലുലു വിലെ ഫ്രീസറില്‍ കിടന്നു ജീവിതം മടുത്തു സ്പെഷ്യല്‍ ഓഫര്‍ എന്ന് കഴുത്തില്‍ ബോര്‍ഡ്‌ ഉം തൂക്കി എക്സ്പയറി ഡേറ്റ് ഉം കാത്തു പതിമൂന്നാം വാര്‍ഡില്‍ കിടക്കുകയായിരുന്നു....) ..എന്നിവയുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ജര്‍മന്‍ സായിപ്പ്‌ മുഖ്യഅതിഥി ആയിരുന്നു...
തുടര്‍ന്ന് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ദൈനം ദിന ജീവിതത്തില്‍ KFC യുടെ(KFC= കഞ്ഞി ഫയരു‌ ചമ്മന്തി ) പങ്ക് എന്ന വിഷയത്തില്‍ അയല്‍ റൂമുകാരനും സുപ്രസിദ്ധ ബ്ലോഗനും ആയ കാരപ്പരമ്പില്‍ ദിനേശന്‍ മുഖ്യ പ്രഭാഷണം നടത്തി...................................................``
ഇന്നലെ നട്ടപ്പാതിരാക്ക്‌ പത്രത്തില്‍ കൊടുക്കാന്‍ എഴുതിയുണ്ടാക്കിയ വാര്‍ത്തയാണ് മുകളില്‍ കൊടുത്തത്....രാവിലെ പത്തു മണി വരെ കിടന്നു ഉറങ്ങി പോയത് കാരണം നടന്നില്ല.....
ഇവിടെ ഒരു മൂന്നാം ബ്ലോഗ മഹായുദ്ധത്തിനു സമയമായി......
കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്......മമ്മുക്കയാണോ ലലെട്ടനാണോ നല്ല നടന്‍ എന്നിങ്ങനെയുള്ള അസ്തിത്വ പ്രശ്നങ്ങള്‍ അതിഗഹനമായി ചര്‍ച്ചചെയ്യാന്‍ വേണ്ടി ലവന്മ്മാര്‍ എന്നെ വിളിക്കുന്നത് കൊണ്ടു തല്ക്കാലം നിര്‍ത്തുന്നു........

22 August 2009

മുല്ലപ്പൂക്കള്‍ക്ക് വെളുത്ത നിറമാണ്..........(കഥ)

മുല്ലപ്പൂക്കള്‍ എനിക്കൊരുപാട് ഇഷ്ടമാണ് .....
മുടി നിറയെ മുല്ലപ്പൂക്കള്‍ ചൂടി ചിരിച്ചുകൊണ്ടു കടന്നു പോകുന്ന സുന്ദരികളായ ചേച്ചി മാരെയും....
വീതിയേറിയ കസവ് കരയുള്ള സാരിയുടുത്തു മുടി നിറയെ മുല്ലപ്പൂക്കളും ചൂടി എന്നും ചിരിച്ച മുഖത്തോടെ കൈ വീശി കടന്നു പോകുന്ന ശാരിചേച്ചിയെയും എനിക്ക് ഒരുപാടിഷ്ടമാണ്...
അവരെ കാണാന്‍ എന്ത് ഭംഗിയാണ്....
ശാരിചേച്ചിക്ക് ഒരു സങ്കടവും ഉണ്ടാവില്ല അതല്ലേ അവര്‍ എപ്പോഴും ഇങ്ങനെ ചിരിച്ച മുഖത്തോടെയിരിക്കുന്നത്...
അവര്‍ ഇവിടെ വന്നു താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം പരിചയപ്പെട്ടത്‌
എന്നെയാണ്...
അന്നെനിക്കവര്‍ കുറെ ചോക്ലേറ്റ് തന്നു...
നിറയെ കുപ്പിവളകലിട്ട വെളുത്ത കൈ കൊണ്ടു കവിളില്‍ തലോടിക്കൊണ്ടവര്‍ ചോദിച്ചു.....
''എന്താ മോളുടെ പേര്..''???
''മിനി...''
''മിനിക്കുട്ടി ഏത് ക്ലാസ്സിലാണ് പഠിക്കുന്നെ.......??''
''എട്ടാം ക്ലാസ്സില്‍....''
അവര്‍ വെളുക്കെ ചിരിച്ചു.....''
വീട്ടില്‍ ആരൊക്കെയാ ഉള്ളേ....???''
''എനിക്ക് അമ്മ മാത്രമേയുള്ളൂ....''
''മോള് വലുതാവുമ്പോള്‍ വലിയ ആളാകണം കേട്ടോ......''
അത് പറയുമ്പോള്‍ മാത്രം അവരെന്റെ മുഖത്ത്‌ നോക്കിയില്ല....
അവരുടെ മുടിയിലെ മുല്ലപ്പൂക്കള്‍ വാടിത്തുടങ്ങിയിരുന്നു... ....
അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അമ്മയോടാണ് ദേഷ്യം തോന്നിയത്.അമ്മ കറുത്തിട്ടായത് കൊണ്ടല്ലേ ഞാനും കറുത്തു പോയത്...അമ്മമാര്‍ക്ക് നല്ല നിറം ഉണ്ടെങ്കിലേ മക്കള്‍ക്കും നല്ല നിറം കിട്ടൂ..അമ്മയ്ക്ക് കറുപ്പ് നിറമാണ് ....അതല്ലേ ഞാനും ഇങ്ങനെ ...ശാരിചെച്ചി യുടെ കൈകള്‍ കാണാന്‍ എന്തു ഭംഗിയാണ്.. വെളുത്തു കൊലുന്നനെയുള്ള കൈകള്‍..ചേച്ചി യുടെ അമ്മയുടെ കൈകളും വെളുത്തിട്ടായിരുന്നിരിക്കണം അല്ലെങ്കില്‍ ഇത്ര ഭംഗി അവര്‍ക്കെങ്ങിനെ വരാനാ...
അച്ഛന്‍ വെളുത്തിട്ട് ആയിരിക്കുമോ..????
അമ്മയോട് ചോദിച്ചാല്‍ അമ്മ അടിക്കും...10c യിലെ രശ്മി ക്കും അച്ഛനില്ല ..പക്ഷെ അവളുടെ അച്ഛന്റെ ഫോട്ടോ അവിടെയുണ്ട്.ബൈക്ക് അപകടത്തില്‍ മരിച്ചതാനത്രേ...അവളുടെ അമ്മ എപ്പോളും കരയും..അവര്‍ക്ക് അവളുടെ അച്ഛനെ ഒരുപാടിഷ്ടമായിരുന്നിരിക്കണം ....
അമ്മയോട് ചോദിയ്ക്കാന്‍ വേണ്ടി വച്ച ഒരുപാടു കാര്യങ്ങള്‍ ഉണ്ട്..ഇത്തിരി കൂടി വലുതാവട്ടെ ..എല്ലാം ചോദിക്കണം..അമ്മ അടിച്ചെക്കും.ചിലപ്പോ കരയും..എന്നാലും വേണ്ടില്ല എന്തായാലും ചോദിക്കണം..ഒരുപ്രാവശ്യം അമ്മ കരഞ്ഞോട്ടെ..
ശരിക്കും ശാരി ചേച്ചിയെപ്പോലെ ധൈര്യം ഒക്കെ ഉണ്ടാവണം..
കഴിഞ്ഞദിവസം ഒരു ഓട്ടോക്കാരനോട് അവര്‍ ഉച്ചത്തില്‍ തര്‍ക്കിക്കുന്നത്‌ കേട്ടു...എന്നെ കണ്ടപ്പോള്‍ അവര്‍ നിര്‍ത്തി.ശരിക്കും ആ ഓട്ടോക്കാരന്‍ ചീത്തയാണ്‌..ഒരുപാടു തവണ അയാളെ ചീത്ത വിളിക്കാന്‍ തോന്നിയിട്ടുണ്ട്..പക്ഷെ എന്തെങ്കിലും പറയാന്‍ വിചാരിക്കുമ്പോ ശബ്ദം വെളിയില്‍ വരില്ല...ശരീരം ഒക്കെ തളര്‍ന്നു പോകുന്നപോലെ തോന്നും..ശാരിചെച്ചി യോട് ചോദിക്കണം ധൈര്യം വരാന്‍ എന്താണ് ചെയ്യേണ്ടതെന്ന്..ഒരു ദിവസം അവരെപ്പോലെ വലിയ വലിയ ആളുകളോട് ഒക്കെ എനിക്കും സംസാരിക്കണം..പിന്നെ അവര്‍ ചൂടുന്നപോലെ മുല്ലപ്പൂക്കളും..പക്ഷെ ഭംഗി ഉള്ളവര്‍ക്കല്ലേ മുല്ലപ്പൂക്കള്‍ ചേരുക..9B യിലെ അശ്വതി യെ കാണാന്‍ എന്തു ഭംഗിയാണ്..അവളുടെ അമ്മയും നല്ല സുന്ദരി ആണ്..ആണ്‍കുട്ടികള്‍ എല്ലാവരും അവളുടെ പിറകെയാണ്..നന്ദനം ബസ്സ് ഇലെ രാജേഷ്‌ മാത്രമാണ് ..''..നിന്നെ കാണാന്‍ നല്ല ഭംഗിയുണ്ട്...''...എന്ന് പറഞ്ഞത്..അന്ന് ദേഷ്യം അഭിനയിച്ചെങ്കിലും ഉള്ളില്‍ സന്തോഷം കൊണ്ടു പോട്ടുന്നതുപോലെ ആയിരുന്നു.. സത്യമായിരിക്കുമോ????.....
പക്ഷെ കണ്ണാടിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആണ് സങ്കടം വരുന്നതു..ഈ കറുത്ത നിറം ഒരു ശാപമാണ് ....ഞാന്‍ വെറുക്കുന്ന നിറമാണ് കറുപ്പ്..ഏറ്റവും ഇഷ്ടം വെള്ളയും...ക്ലാസ്സിലെ ബ്ലാക്ക്‌ ബോര്‍ഡില്‍ നോക്കുമ്പോള്‍ പോലും പലപ്പോഴും തല ചുറ്റുന്ന പോലെ തോന്നും..
പക്ഷെ...ശാരിചേച്ചിയും ചെറുപ്പത്തില്‍ കറുത്തിട്ടു ആയിരുന്നുവത്രേ..അവര്‍ വലുതായപ്പോഴാണ്‌ വെളുത്ത നിറം വച്ചത്..ശരിയായിരിക്കും അവര്‍ ബ്യൂട്ടിപാര്‍ലര്‍ ഇല ഒക്കെ പോകാറുണ്ട്...മുഖത്തിനു നല്ല നിറം വരുത്തുന്ന്ന വിദ്യ ഒക്കെ ഉണ്ടെന്നാണ് അവര്‍ പറയുന്നത്..എന്നാലും അവരുടേത് പോലത്തെ സുന്ദരമായ ചിരി എവിടെ നിന്നു കിട്ടാനാണ്‌..മുല്ലപ്പോ പോലത്തെ പല്ലുകള്‍ ആണ് അവര്ക്കു.. പിന്നെ എന്റെ അമ്മയെ പോലെ അല്ല അവര്ക്കു സിറ്റിയില്‍ നല്ല ഒരു ജോലിയും ഉണ്ട്..
ജോലി കിട്ടിയാല്‍ ഞാന്‍ ആദ്യം അമ്മയ്ക്ക് ഒരു നല്ല സാരി വാങ്ങിക്കൊടുക്കും..
പിന്നെന്ത് ചെയ്യും???.....
ജോലി കിട്ടിക്കഴിഞ്ഞിട്ടല്ലേ...
കുറെ മുല്ലപ്പൂക്കള്‍ വാങ്ങി മുടിയില്‍ ചൂടി നടക്കണം എന്ന് എപ്പോളും ആഗ്രഹിക്കുന്ന കാര്യമാണ്...
മുല്ലപ്പൂക്കള്‍ക്കിടയില്‍ കനകാംബരത്തിന്റെ ഒരു ചെറിയ ചെണ്ടും കൂടി.....
കഴിഞ്ഞ ദിവസം ബസ്സ് സ്റ്റോപ്പില്‍ വച്ചു,മഞ്ഞു പോലെ തണുത്ത കൈകള്‍ കൊണ്ടു എന്നെ ചേര്‍ത്തുപിടിച്ച് ശാരിചേച്ചി ആ രാജേഷിനോട് പറഞ്ഞു..
...'' ഈ സുന്ദരിപ്പെണ്ണിനെ ഞാന്‍ കൊണ്ടുപോകും..'' എന്ന്....
രാജേഷ്‌ അടുത്തുള്ളത് കൊണ്ടു വേറൊന്നും ചോദിച്ചില്ല...ശരിക്കും അവര്‍ക്കെന്നെ ഇഷ്ടമാണോ??ശാരിചേച്ചി വിചാരിച്ചാല്‍ ഈ കറുത്ത മുഖം വെളുപ്പിച്ചു സുന്ദരമാക്കാന്‍ കഴിഞ്ഞാലോ...?
വലുതാവുമ്പോള്‍ വീതികൂടിയ കരയുള്ള കാഞ്ചിപുരം സാരി ഉടുത്തു നടക്കുന്നത് സ്വപ്നം കാണാറുണ്ട്‌...
സ്വപ്‌നങ്ങള്‍ സത്യമാവാരുണ്ടോ....?
അങ്ങനെയെങ്കില്‍ മുടി നിറയെ നല്ല വെളുത്ത മുല്ലപ്പൂക്കള്‍ ചൂടുകയും വേണ്ടേ..??
അതിന് നടുവില്‍ കനകാംബരത്തിന്റെ ഒരു ചെണ്ടും.....

21 August 2009

വേഴാമ്പലുകള്‍....

കൈയിലുള്ള ബാഗ്‌ ഇടനാഴിയിലേക്ക്‌ വലിച്ചെറിഞ്ഞു സുധി വേഗത്തില്‍ .....വേഗത്തില്‍ നടന്നു ......പറയ്യാതെ മനപൂര്‍വ്വം മറന്നുവിട്ട വാക്കുകള്‍ അപ്പോളവന്റെ തലയ്ക്കു ചുറ്റും നൃത്തം ചെയ്യുന്നുണ്ടായിരുന്നില്ല.......കണ്ണുകളില്‍ നഷ്ടബോധത്തിന്റെ നനവുകള്‍ ഉണ്ടായിരുന്നില്ല....ചിന്തകളുടെ കടിഞ്ഞാണുകള്‍ അയച്ചുവിടാതെ ശൂന്യമായ മനസ്സുമായി അവനാ ഫ്ലാറ്റിന്റെ നീളന്‍ കോണിപ്പടികള്‍ ഓടിയിറങ്ങി..... മുകളിലെ മുറിയില്‍ അരുണ ഒറ്റയ്ക്കായിരുന്നു.......അവള്‍ക്ക് ഒന്നുറക്കെ ചിരിക്കണം എന്ന് തോന്നി...വനിതാ മാസികയുടെ നടുപ്പേജിലെ ലേഖനത്തില്‍ സ്വന്തം ഫോട്ടോ അവളെ നോക്കി ചിരിച്ചു.........സുധി വലിച്ചെറിഞ്ഞു പോയ ഇനിയും എരിഞ്ഞു തീരാത്ത സിഗരട്ടുതുണ്ടില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരുന്ന പുകച്ചുരുളുകള്‍ മുറിയില്‍ അസ്വസ്ഥതയുടെ വലയങ്ങള്‍ തീര്‍ത്തു......
''വിവാഹമോചനം എന്നത് ഏറ്റവും അവസാനത്തെ കാര്യം മാത്രമാണ് ..പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം.........''
കട്ടികൂടിയ കാഞ്ചിപുരം സാരി ധരിച്ച , വെളുത്തു മെലിഞ്ഞു ഒരു ബ്രാഹ്മണ സ്ത്രീയെ ഓര്‍മിപ്പിച്ച ആ കൌണ്‍സിലറുടെ വാക്കുകള്‍ ഇപ്പോളും ചെവിയില്‍ മുഴങ്ങുന്നതായി അരുണയ്ക്ക് തോന്നി ...എവിടെയാണ് തെറ്റിയത്..?....അല്ല...എല്ലാം...എല്ലാം..തെറ്റ് തന്നെയായിരുന്നില്ലേ ?...........കുമരകം കായലിലെ ഹൌസ് ബോട്ടിലെ നേര്‍ത്ത പാശ്ചാത്യ സംഗീതവും പതിഞ്ഞ താളത്തില്‍ തുടങ്ങി മുറുകി പടര്‍ന്നു കയറുന്ന അറബി നൃത്തവും .........
''...............ഓര്‍ക്കാന്‍ ബാക്കിവച്ചിട്ടു പോയ കാര്യങ്ങള്‍ ഓര്‍മകളില്‍ കയറിവരാതിരുന്നെങ്കില്‍ ഇവിടെ ആത്മഹത്യകള്‍ നടക്കുമായിരുന്നില്ല.....മറവി ഒരു അനുഗ്രഹം ആകുന്നതു ഓര്‍മ്മകള്‍ കുഴിച്ചുമൂടപ്പെടെണ്ടി വരുമ്പോളാണ് .........''
തന്റെ ചിരിച്ച മുഖത്തിനും അരുണസുധീഷ്‌ എന്ന പേരിനും കീഴെ അടിച്ച് വന്ന ലേഖനത്തിലെ വരികള്‍ അറം പറ്റുന്നതായി അരുണയ്ക്ക് തോന്നി .വിദേശത്ത് ജനിച്ചു വളര്‍ന്നത്‌ ഒരു കുറ്റമാണെന്ന് അറിഞ്ഞത് വിവാഹത്തിന് ശേഷമായിരുന്നു..... എം ടി യെയും ബഷീറിനെയും തകഴിയെയുമൊക്കെ വായിച്ചു വളര്‍ന്ന ബാല്യം മുഴുവന്‍ അച്ഛന്‍ പറഞ്ഞു തരാറുണ്ടായിരുന്ന നാട്ടിന്‍പുറത്തിന്റെ സൌന്ദര്യവും അതിരുകളില്ലാത്ത സ്നേഹവും മാത്രമായിരുന്നു മനസ്സില്‍......അവധിക്കു നാട്ടില്‍ പോകുമ്പോള്‍ തുളുമ്പുന്ന സ്നേഹത്തിന്റെ നിറകുടങ്ങള്‍ കണ്ടു കണ്ണ് നനഞ്ഞ ദിനങ്ങള്‍...തലയിണകള്‍ നെഞ്ചോട്‌ ചേര്‍ത്തുവച്ചു അച്ഛനോട് ചേര്‍ന്ന് കിടന്ന ആ രാത്രികളില്‍ ഒരുനാള്‍ അച്ഛന്‍ പറഞ്ഞു....''നീ ഇവിടെ ഈ മണ്ണില്‍ മാത്രം ജനിക്കേണ്ടവളായിരുന്നു''.......അച്ഛനോട് നീരസം തോന്നിയിരുന്നു....പിശുക്കി കിട്ടിയിരുന്ന സ്നേഹം പോലും പകുത്തു പോകുന്നത് വേദനയോടെ അറിഞ്ഞു.....നഷ്ടപ്പെട്ട ബാല്യത്തിനു കണക്കു പറയേണ്ടത് അച്ഛന്‍ മാത്രമോ?....മുറ്റത്തു കൂട്ടിയിട്ട നെല്‍കറ്റകള്‍ മാദക ഗന്ധം പരത്തുന്ന രാത്രികളില്‍ മരുഭൂമിയിലെ കപട സ്നേഹത്തിന്റെ അഹങ്കാര പ്രകടനങ്ങളെ ശപിച്ചിട്ടുണ്ട്......ശീതീകരിച്ച മുറിക്കുള്ളില്‍ സ്നേഹം എന്നത് ഇരന്നു വാങ്ങേണ്ട ഒന്നാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ബാല്യം കടന്നുപോയിരുന്നു.........കൊതിതീരാത്ത മനസ്സിനോട് എന്നും പറഞ്ഞിരുന്നത് ഒരുനാള്‍ ഒരുനാള്‍ ഒരു തിരിച്ചു പോക്ക് ഉണ്ടെന്നായിരുന്നു...സ്നേഹം തുളുമ്പുന്ന കണ്ണുകളുമായി സുധി എന്ന ചെറുപ്പക്കാരന്‍ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ ഒരുപാട്‌ ഒരുപാടു ആഹ്ലാദിച്ചു .....ആഹ്ലാദങ്ങള്‍ മഴപ്പാറ്റകള്‍ ആണെന്ന് എവിടെയോ വായിച്ചത് അലസതയോടെ ആയിരുന്നുവെങ്കിലും,ജീവിതത്തില്‍ വാക്കുകള്‍ക്ക് ജീവന്‍ വയ്ക്കുമ്പോള്‍ വായനയുടെ ആലസ്യമോ ഉന്മാദമോ അല്ല പകരം നിരാശയോ ഒരുതരം നിസ്സംഗതയോ ആണ് അനുഭവപ്പെടുന്നത്.......ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സ്നേഹം വിവാഹജീവിതത്തിലെങ്കിലും കിട്ടുമെന്ന് കരുതിയത്‌ അതിമോഹമായിരുന്നോ എന്ന് ദിവസവും പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങളോട് പലപ്പോഴും ചോദിച്ചിട്ടുള്ളതാണ് ........ദൈവങ്ങള്‍ ഉത്തരം പറയുമെങ്കില്‍ ഇവിടെ ചോദ്യങ്ങള്‍ മാത്രമെ ഉണ്ടാവുകയുള്ളൂവായിരുന്നു.........ചോദ്യങ്ങള്‍ മാത്രം.......സ്നേഹത്തിനു വേണ്ടിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഇല്ലാത്തതായപ്പോള്‍ ശബ്ദങ്ങള്‍ മറുപടി പറഞ്ഞു...കാതടപ്പിക്കുന്ന ശബ്ദങ്ങള്‍.....ശബ്ദങ്ങള്‍ മറ്റുള്ളവരിലേക്ക് പടര്‍ന്നപ്പോള്‍ അവരതു കോടതിമുറിക്കുള്ളിലാക്കി ........അല്‍പ്പം മുന്‍പ് പടിയിറങ്ങിപ്പോയത് സ്നേഹത്തിനുള്ള അവസാനത്തെ അത്താണിയായിരുന്നു.....ഇനി ??.......
അരുണ പതുക്കെ എഴുന്നേറ്റു........സമയം വിലപ്പെട്ടതാണ്‌ എന്നാണ് അച്ഛന്‍ പഠിപ്പിച്ചിട്ടുള്ളത്‌....
അവളുടെ ഇടതു കൈത്തണ്ടയിലെ നീല ഞരമ്പുകളിലേക്ക് വേര്‍പിരിയലിന്റെ മൂര്‍ച്ച ആഴ്ന്നിറങ്ങി.....
*********************************************************************
                             സുധി അപ്പോഴും നടക്കുകയായിരുന്നു.....വേഗത്തില്‍...മോബൈല്‍ഫോണില്‍ നിന്നുയര്‍ന്ന ബീതോവന്റെ സംഗീതം അവന്റെ വേഗത കുറച്ചില്ല.. ..സുനില്‍ ആണ്... പതിനൊന്നാമത്തെ കോള്‍... ..''എനിക്ക് മനസ്സിലാവുന്നില്ല സുധീ.. ...സീ.... നിങ്ങള്‍ ലൈഫ് സ്റ്റാര്‍ട്ട്‌ ചെയ്തിട്ടേ ഉള്ളൂ ..എത്ര പ്രാവശ്യം ഞാന്‍ തന്നെ ഇതു പറഞ്ഞിരിക്കുന്നു.....നീ തിരിച്ചു പോ..ആ ആപ്ലിക്കെഷന്‍ തിരിച്ചു വാങ്ങിക്ക്.... ..എന്താടാ ഇങ്ങനെ..?''..........സുധിക്ക് ഫോണ്‍ കട്ട്‌ ചെയ്യാനാണ് തോന്നിയത്........ഉപദേശങ്ങളും സാന്ത്വനങ്ങളും കെട്ട് ചെവി തഴമ്പിച്ചു..........''നോ സുനില്‍....ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു ...എനിക്ക് വേണ്ടിയല്ല... ..അവള്‍ക്കുവേണ്ടി .''....പറയാത്ത വാചകങ്ങള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ട് ഫോണ്‍ കട്ട്‌ ചെയ്തു.....റോഡ് നു ഓരം ചേര്‍ന്ന് ഒരു കാക്ക ഒരു ചുള്ളിക്കമ്പ് കൊത്തിക്കൊണ്ടു പറന്നു പോകുന്നു.ഭാഗ്യവാന്മ്മാര്‍ സ്വന്തം കൂട് അവ സ്വയം ഉണ്ടാക്കുന്നു.....ഷാള്‍ കൊണ്ടു തലമറച്ചു ബൈക്കില്‍ കാമുകനോട് ചേര്‍ന്നിരുന്നു പോകുന്ന പെണ്‍കുട്ടി.അവര്‍ ആഘോഷിക്കുകയാണ്.ആഘോഷിക്കട്ടെ..എല്ലാവര്‍ക്കും വേണ്ടത് ആഘോഷങ്ങളാണ്.. കൂട്ടം തെറ്റി നടക്കുന്ന ആടുകളെ ആരും ശ്രദ്ധിക്കാറില്ല .............അഞ്ചാമത്തെ വയസ്സില്‍ മുറുകെ പിടിച്ച കുഞ്ഞിക്കൈകള്‍ ബലമായി വിടുവിച്ചു ചിരിച്ചമുഖവുമായി അച്ഛന്‍ പോകുമ്പോള്‍ ഉറക്കെ ഉറക്കെ കരഞ്ഞിരുന്നു...പിന്നെ തലേന്ന് രാത്രി താന്‍ പോകാതിരിക്കാന്‍ തന്നെ കെട്ടിപിണഞ്ഞു കിടക്കുന്ന ആ കൈകള്‍ എടുത്തുമാറ്റി ഒരു അഞ്ചു വയസ്സുകാരനെ പറ്റിച്ചു കൊണ്ടു നേരം പുലരും മുന്പേ അകലെ അകലെയുള്ള ഓഫീസിലേക്ക് പോകുന്ന അച്ഛന്റെ മനസ്സില്‍ എന്തായിരുന്നിരിക്കണം എന്ന് പലപ്പോളും .ചിന്തിച്ചിരുന്നിട്ടുണ്ട് ..അമ്മയെപ്പറ്റി ടീച്ചര്‍ ചോദിക്കുമ്പോള്‍ അമ്മ അകലെ ജോലിക്ക് പോയി എന്നുമാത്രമേ പറയാന്‍ അറിയുമായിരുന്നുള്ളൂ .എന്താണ് അമ്മ എന്നെ കൊണ്ടുപോകത്തത് എന്ന് ചോദിക്കാന്‍ മാത്രമുള്ള സ്നേഹമോന്നും അമൂമ്മയോട് ഇല്ലായിരുന്നു താനും ..വെറുപ്പായിരുന്നു എല്ലാത്തിനോടും ...... കളിയാക്കി ചിരിച്ച കൂട്ടുകാരന്റെ കയ്യില്‍ കോമ്പസ് വച്ചു കുത്തിയപ്പോലും വെറുപ്പ്‌ തന്നെ ആയിരുന്നു..................സ്നേഹത്തെ പറ്റി പറയുന്നവരോടും വെറുപ്പായിരുന്നു...കണ്ണ് ഇല്ലാത്തവനോട്‌ മഴവില്ലിന്റെ സൌന്ദര്യം പറയുന്നവനോട് തോന്നുന്ന അതേ വെറുപ്പ്‌....സ്വയം സൃഷ്ടിച്ച പുറംതോടിനുള്ളില്‍
ഒതുങ്ങിക്കൂടിയ ചങ്ങാതിയെ ആമ എന്ന് വിളിച്ച സഹപാഡിയെ അഭിനന്ദിക്കാന്‍ തോന്നുന്നു ഇതിലും നല്ല പേരു വേറെയില്ല ........അഹങ്കാരി ആയി മാറിയത് അരുണയെ കിട്ടിയപ്പോളാണ് .........എന്റെ എന്റേത് മാത്രം എന്നുള്ള അഹങ്കാരം................ പക്ഷെ സ്നേഹത്തിന്റെ കൊച്ചു കൊച്ചു അഹങ്കാരങ്ങള്‍ വാക്കുകളും വാചകങ്ങളും ആകുമ്പോള്‍ കാവ്യാ ഭാവനയില്ലത്തവന്റെതു വെറും വിലകുറഞ്ഞ ജല്‍പ്പനങ്ങള്‍ മാത്രമാണെന്ന് പതിയെ മനസ്സിലായി.....വിവാഹനാളില്‍ 'മെയിഡ് ഫോര്‍ ഈച്ച് അദര്‍ ' എന്നനുമോദിച്ച സുഹൃത്തിന് തെറ്റിയിരിക്കണം.......ഒറ്റപെട്ട ജീവിതം സമ്മാനിച്ച അവശേഷിപ്പുകള്‍ പുറന്തോടിനുള്ളിലെ നിറഞ്ഞ സ്നേഹത്തെ പുറത്തുകൊണ്ടു വന്നിട്ടുണ്ടാവില്ല... അതുകൊണ്ടാവണം സ്നേഹത്തിന്റെ മുകളിലും കറുത്ത ആവരണം മൂടിയപ്പോള്‍ എവിടെ വച്ചോ ഉള്ളിലെ സംഗീതത്തിന്റെ താളം പതിയെ തെറ്റുന്നതായി അറിഞ്ഞു..നേരം വൈകിയപ്പോളും സൂര്യനെ തേടുന്ന ശലഭം......കുറ്റ പെടുത്തലുകള്‍ക്കായി ഞാന്‍ ഇപ്പോളും ഇവിടെയുണ്ട്...അറിയാം ......ഒരുപിടി ചാരമായി മാറിയാലും കുറ്റ പെടുത്തലുകള്‍ അവസാനിക്കില്ല...തെറ്റുകള്‍ മുഴുവന്‍ ഇവിടെയാണ്‌ ഈ എന്റെ കയ്യില്‍......ഇത്തിരി ദൂരത്തിനപ്പുറം ഇളം പച്ച നിറമുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലെ നാലാം നമ്പര്‍ ഫ്ലാറ്റില്‍ നിറഞ്ഞ കണ്ണുകളുമായി ഇരിക്കുന്നവള്‍ പോലും...എന്റെ തെറ്റുകളുടെ അവശേഷിപ്പ് .......പക്ഷെ....അവളെങ്കിലും മനസ്സിലാക്കും എന്ന് കരുതി.... അവസാന തുള്ളിയും ഇറ്റു വീണു തീര്‍ന്നത് അവിടെ ആണ് .....പ്രകടിപ്പിക്കാത്ത സ്നേഹവും പറയാന്‍ മറന്ന വാക്കുകളും ....എല്ലാം..സുധിക്ക് നടത്തത്തിനു വേഗം പോരെന്നു തോന്നി...റെയില്‍വേ സ്റ്റേഷന്‍ന്റെ കവാടം ദൂരെ കാണാം...വേഗം എത്തണം .....ദൂരെ നിന്നും കേക്കുന്ന ആ വണ്ടിയുടെ ശബ്ദം ഈ സ്റ്റേഷന്‍ വിട്ടു പോകും മുന്‍പേ... എനിക്കവിടെ എത്തണം... അകലെ അമ്മയുണ്ട്‌ ....ഒരിക്കല്‍ കൂടി ആ മടിയില്‍ തല ചായ്ച്ചു ഒന്നു കിടക്കണം...പറയാതെ വിട്ട വാക്കുകളില്‍ ചിലതെങ്കിലും പറയാന്‍........ആ വരുന്ന വണ്ടി അമ്മയുടെ അടുത്തേക്ക്‌ എന്നെ കൊണ്ടു പോകുമോ എന്നറിയില്ല....എന്നാലും...ആ വണ്ടി ഇവിടം വിട്ടുപോകും മുന്‍പേ എനിക്കവിടെ എത്തിയേ പറ്റൂ.....

18 August 2009

ജയകൃഷ്ണനും ക്ലാരയും പിന്നെ മഴയും...



അന്നു കാലം തെറ്റി പെയ്ത ആ മഴയില്‍ ജനലഴികളിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ജയകൃഷ്ണന്റെ മനസ്സ് നിറയെ ക്ലാര മാത്രമായിരുന്നു....
ഊഷര ഭൂമിയിലേക്ക് വേനല്‍ മഴയായി പെയ്തിറങ്ങിയ ക്ലാര...
ക്ലാര മഴയുടെ രതിഭാവമാണ്...
മേഘങ്ങള്‍ പൂത്തുലയുമ്പോള്‍ മനസ്സിലേക്ക് പറന്നിറങ്ങുന്ന ക്ലാര...
മഴയുടെ മനസ്സായിരുന്നു ക്ലാരയ്ക്ക്‌..എവിടെനിന്നോ ആരംഭിച്ച്..എവിടെയോ പോയ് മറയുന്ന മഴയുടെ പിടിതരാത്ത ഭാവങ്ങള്‍..
പത്മരാജന്‍ എന്ന സംവിധായകനെ മലയാളികള്‍ അറിയുന്നത് തീഷ്ണമായ മാനുഷിക ഭാവങ്ങള്‍ സൌന്ദര്യ വല്‍ക്കരിച്ച് ഹൃദയങ്ങളിലേക്ക് കുത്തിയിറക്കുന്ന ഒരു മാന്ത്രികനായാണ് ....... തൂവാനത്തുമ്പികളിലെ ക്ലാര പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതും ആ മാന്ത്രികത കൊണ്ടു തന്നെ..
ജീവിതം ആഘോഷിച്ചു തീര്‍ക്കുന്ന ജയകൃഷ്ണനും അയാളിലേക്ക് മഴയായി പെയ്തിറങ്ങിയ ക്ലാരയും...
മലയാളികളുടെ സദാചാരമൂല്യങ്ങളിലേക്ക് ഒരു തൂലികയും ക്യാമറയുമായി പടികയറിവന്ന പത്മരാജന്‍ ..രതിയുടെയും പ്രതികാരത്തിന്റെയും പരിചിതമല്ലാത്ത മുഖങ്ങള്‍ മലയാളിമനസ്സില്‍ കോരിയിട്ടു പോയപ്പോള്‍, അതില്‍ മനസ്സില്‍ എന്നും മായാതെ നില്ക്കുന്നു ക്ലാരയും ജയകൃഷ്ണനും...
മഴ ഉന്മാദിയാണ് ..വരണ്ട മണ്ണിന്റെ ഊര്‍വരതയിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രണയത്തിന്റെ, കാമത്തിന്റെ മഴ..ജയകൃഷ്ണന്റെ മനസ്സിലേക്ക് ക്ലാര വരുന്നതും ഒരു മഴയത്താണ്...പതിയെ വന്നു പതിയെ പതിയെ ഒരു മഹാമാരിയായി ക്ലാര ജയകൃഷ്ണന്റെ മനസ്സിലേക്ക് പെയ്തിറങ്ങുകയാണ് ...ഒടുവില്‍ പതുക്കെ വിദൂരതയിലേക്ക് മായുമ്പോഴും പെയ്തൊഴിയാത്ത ഒരു മഴക്കാലം ജയകൃഷ്ണന്റെ മനസ്സില്‍ ബാക്കി വച്ചാണ് ക്ലാര പോകുന്നത് ....
ഒടുവിലൊരു സായാഹ്നത്തിന്റെ അന്ത്യയാമങ്ങളില്‍ എപ്പോളോ ആ കുന്നിന്‍ മുകളിലെ മരച്ചുവട്ടില്‍ വച്ചു ക്ലാര പറയുന്നുണ്ട് ....
"ബന്ധിക്കപ്പെട്ട ചങ്ങലയോട് ചേര്‍ന്നു നില്ക്കുന്ന ഉണങ്ങാത്ത മുറിവായി നില്‍ക്കാനാണ് എനിക്കിഷ്ടം" എന്ന്...
അതെ, ഉണങ്ങാത്ത ഒരു മുറിവ് മനസ്സില്‍ അവശേഷിപ്പിച്ചു തന്നെയാണ് ക്ലാര പോകുന്നത്..
കഥാപാത്രസൃഷ്ടിയുടെ മാസ്മരിക സൌന്ദര്യം പ്രേക്ഷകനില്‍ അവശേഷിപ്പിച്ചു കടന്നുപോയ പത്മരാജന്‍ ഇന്നും നമ്മെ വേട്ടയാടുന്നത് ക്ലാരയിലൂടെയും ജയകൃഷ്ണനിലൂടെയും നാമറിയുന്നു...
ഇനിയും വര്‍ഷങ്ങള്‍ പെയ്തൊഴിഞ്ഞാലും ക്ലാര ഇവിടെയുണ്ടാകും...
കാരണം ക്ലാര മഴയാണ്...

17 August 2009

കാശിയില്‍ എത്താത്ത ഒട്ടകങ്ങള്‍........




എന്റെ സുഹൃത്ത് അനൂപ്‌ ഇന്നലെ ഒരു കാര്യം പറഞ്ഞു
....എടാ ഏതായാലും നീ ബ്ലോഗ് ഒക്കെ തുടങ്ങിയതല്ലേ ചുമ്മാ ഒരു കഥ ഒക്കെ എഴുത്.........
പിന്നേ...ഇവിടെ കൊടികെട്ടിയ എഴുത്തുകാര്‍ വരെ ആശയ ദാരിദ്ര്യം കൊണ്ടു എഴുത് നിര്‍ത്തിയിരിക്കുകയാണ് പിന്നല്ലേ ഈ ഞാന്‍ .....അപ്പോള്‍ അവന്‍ പറഞ്ഞു .
...ആശയം ഞാന്‍ തരാം.....
എന്നാല്‍ പറ.....ഞാനും ഉഷാറായി......
നീ ഒട്ടകം കാശിക്കു പോയ കഥ എഴുത്ത്.......
എനിക്ക് ശരിക്കും അവനെ തല്ലികൊല്ലനാണ് തോന്നിയത് ഒരു യുവ ബ്ലോഗനെ മുളയിലേ നുള്ളാനുള്ള പരിപാടി ആണ്..
എന്തായാലും അപ്പോളവനെ രണ്ടു ചീത്തയും വിളിച്ചു ആശ്വസിച്ചു......
പക്ഷെ...പിന്നെയാണ് ആ ആശയത്തിന്റെ അപാര സാധ്യതകള്‍ ചിന്തിച്ചത്....
ഒട്ടകം ....
എന്തായാലും കഥയൊന്നും എഴുതിയില്ലെങ്കിലും ഞങ്ങള്‍ പാവം പ്രവാസികളെ ഉപമിക്കാന്‍ ഒട്ടകത്തോളം പറ്റിയ വേറൊരു മൃഗം ഇല്ല...
ഒരിക്കലും കാശിയില്‍ എത്താത്ത ഒട്ടകം...
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് എന്റെ പ്രിയ സുഹൃത്ത് ജര്‍മന്‍കാരന്‍ ആയ Karsten Lüders ഒരു illustration കാണിച്ചു തന്നതോര്‍ക്കുന്നു ...അതില്‍ middle east ലേക്ക് എത്തുന്ന ആളുകള്‍ ഒട്ടകം ആയി പരിണമിക്കുന്ന ചിത്രങ്ങള്‍ മനോഹരമായി വരച്ചു ചേര്‍ത്തിരുന്നു.....മാസങ്ങളും വര്‍ഷങ്ങളും കഴിയുമ്പോള്‍ പതിയേ പതിയെ ഒട്ടകങ്ങള്‍ ആയി പരിണാമം സംഭവിക്കുന്നവര്‍.....
ഞാന്‍ ഇപ്പോള്‍ ഏത് അവസ്ഥയില്‍ ആണ്??
ഒരു ഒട്ടകം ആയി മാറി കഴിഞ്ഞുവോ?.........
നാട്ടില്‍ പ്രവാസികളെ വിളിക്കുന്ന ഒരു വാക്ക് ഉണ്ട്.....
കറവ പശുക്കള്‍ എന്ന്......
ഒട്ടകങ്ങള്‍ എന്നല്ലേ ശരിയായ വിളിപ്പേര്‍..??
കാശിക്കു പോകാന്‍ വേണ്ടി തയ്യാറെടുത്തു നടക്കുന്ന ഒരുപാടു ഒട്ടകങ്ങളെ എനിക്ക് അറിയാം...
അതില്‍ ഒരു ഒട്ടകം കുറച്ചു നാള്‍ മുന്പ് പറയുകയുണ്ടായി...
ഇവിടെ ആദ്യം വന്നപ്പോള്‍ കരുതിയത്‌ രണ്ടോ മൂന്നോ വര്‍ഷം നിന്നു പിന്നെ നാട്ടില്‍ തിരിച്ചുപോവാം എന്നാണ്....പക്ഷെ എല്ലാം കൂടി അഞ്ചാറ് വര്‍ഷമായി ..
സഹോദരിമാരുടെ വിവാഹം ഒക്കെ കഴിഞ്ഞപ്പോള്‍ സ്വന്തം വിവാഹം മറന്നു ..........പിന്നെ മുടിയില്ലാത്ത തലയും ഉള്ളമുടിയിലെ നരയുമായി പെണ്ണ് കെട്ടും പോഴേക്കും സമയം വൈകിയിരുന്നു ...പിന്നെ സ്വന്തം ജീവിതം.....കുട്ടികള്‍ ആവുമ്പോഴേക്കും നാട്ടില്‍ പോകാം എന്ന് കരുതി.....പിന്നെ അവര്‍ വലുതാവുമ്പോള്‍ വിദ്യാഭ്യാസം നാട്ടില്‍ കൊടുക്കാം എന്ന് കരുതി .....ഇപ്പോള്‍ അവര്‍ വിദ്യാഭ്യാസവും കഴിഞ്ഞു ജോലിയും ആയി.......പക്ഷെ ഞാന്‍ ഇപ്പോഴും ഇവിടെത്തന്നെ....
അവരുടെ വിവാഹവും ഞാന്‍ തന്നെ നടത്തേണ്ടേ..????..
കാരണം അദ്ദേഹം ഒരു ഗള്ഫ്കാരനാണ് ........
ഇനി നിങ്ങള്‍ പറയൂ......
ഈ ഒട്ടകം എപ്പോള്‍ കാശിക്കു പോകും..????
waiting for godot.........

മനസ്സിലെ വേനല്‍ മഴ ........

മഴയെ കുറിച്ചു പറഞ്ഞാല്‍ ഒരിക്കലും തീരില്ല.
ഇന്നെലെ ഞാന്‍ കുറച്ചു നേരം ഇരുന്നാലോചിച്ചു ഏതാണ് മനസ്സില്‍ നിന്നും മായാത്ത മഴയുടെ മുഖം? സുഖമുള്ള നൊമ്പരം എന്ന് മഴയെ കുറിച്ചു കവികള്‍ പറഞ്ഞിട്ടുണ്ട്.എന്തായാലും നൊമ്പരങ്ങള്‍ അടര്‍ന്നു വീഴാന്‍ വെമ്പി നില്ക്കുന്ന ഈ മനസ്സില്‍ മഴയെങ്കിലും അല്പം സുഖമുള്ള ഒരു ഓര്‍മയായി തീരട്ടെ....
ഒരു ഒന്നാം വര്‍ഷ പ്രീഡിഗ്രീക്കാരന്റെ പരിഭ്രമവുമായി പൂത്തു നില്ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ നിവര്‍ത്തിയ റോഡിലൂടെ ആദ്യമായി ആ കുന്നിന്റെ മുകളിലേക്ക് ,എന്റെ ആദ്യ കലാലയത്തിലേക്ക് പതുക്കെ കയറിപോകുമ്പോള്‍ അന്ന്‌ മനസ്സ് വല്ലാതെ തുടിച്ചിരുന്നു...
അന്നും മഴപെയ്തിരുന്നു....അനുസരണയില്ലാത്ത വികൃതിക്കുട്ടിയെപ്പോലെ അന്നാ മഴയും കാറ്റും എന്റെ കുടയ്ക്ക് വേണ്ടി ചിണുങ്ങി...കുന്നിന്‍ മുകളിലെ മഴ കമിതാക്കള്‍ക്ക് മാത്രം വേണ്ടി ആരോ സമര്‍പ്പിക്കുന്നതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌ ...കെമിസ്ട്രി ലാബിന്റെ പൊട്ടിയ ജനല്‍ പാളികളിലൂടെ അകത്തേക്ക് കയറാന്‍ വെമ്പിയ ആ മഴയ്ക്ക് ഒരു കൌമാരക്കാരന്റെ മനസ്സു ശരിക്കും അറിയമായിരുന്നിരിക്കണം....
കാന്റീനിലെ ദിവാകരേട്ടന്‍ നന്നായി പാടുമായിരുന്നു...നേര്‍ത്ത ചാറ്റല്‍ മഴക്കിടെ ദിവാകരേട്ടന്റെ ശബ്ദം ലൈബ്രറിയിലെ വടക്കേമൂലയിലെ ചാരുബെഞ്ചിലേക്ക് ഒഴുകിയെത്തിയിരുന്നു....ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ ഒന്നിലായിരുന്നിരിക്കണം ഞാനപ്പോള്‍......അന്ന് കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ പൊഴിഞ്ഞു വീണിരുന്ന ആ‍ മഴത്തുള്ളികളാണോ എന്നെയിപ്പോഴീ ഊഷര ഭൂമിയില്‍ നിന്നും ആ‍ കുന്നിന്‍ മുകളിലേക്ക് വലിച്ചുകൊണ്ടപോകുന്നത്?...അറിയില്ല...പക്ഷെ, ശീതീകരിച്ച ഈ മുറിക്കുള്ളില്‍ എന്റെ മനസ്സിലിപ്പോള്‍ ആ‍ കുന്നിന്‍ ചെരിവും അവിടത്തെ ഉറവവറ്റാത്ത സൌഹൃദങ്ങളും മാത്രമേയുള്ളൂ......എന്റെ മനസ്സിലെ നൊമ്പരത്തിന്റെ മഴ ഈ കുന്നിന്‍ചെരിവിലെ റോഡിലാണ് പൊഴിഞ്ഞു വീഴുന്നത്...മാര്‍ച്ച്‌ മാസത്തിന്റെ അവസാന നാളുകളിലെപ്പോഴോ കാലം തെറ്റി പെയ്ത ആ‍ മഴ...... ഒരു പക്ഷെ ആ‍ മഴയ്ക്കറിയാമായിരുന്നിരിക്കണം, ഞങ്ങളുടെ കണ്ണുകളില്‍ അപ്പോള്‍ യാത്രാമൊഴിയുടെ നേര്‍ത്ത  തുള്ളികള്‍ ഊറിക്കൂടുകയായിരുന്നു എന്ന് ....അന്ന് നിറഞ്ഞ കണ്ണുകളോടെ ആ‍ കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍ വരണ്ട മണ്ണിലേക്ക് പെയ്തിറങ്ങിയ ആ‍ വേനല്‍ മഴയുടെ ഗന്ധം ഒരിക്കലും മനസ്സില്‍ നിന്നും മായ്ച്ചുകളയാന്‍ കഴിയില്ല....അന്ന് പതിയെ ആ‍ കുന്നിറങ്ങുമ്പോള്‍ പിറകോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ദൂരെ ചക്രവാളത്തിനടുത്തേന്നോണം വിദൂരതയിലേക്ക് മിഴികള്‍ പാകി നില്ക്കുന്ന ആ‍ ആല്‍മരം മാത്രമായിരുന്നു......ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം അല്ലേ?? ഇതെല്ലാം വായിച്ചിട്ട് ഇയാള്‍ക്കെന്താ വട്ടാണോ എന്ന് ചോദിക്കരുത്....ഇതൊക്കെ വട്ടാണെങ്കില്‍....ഞാന്‍ സമ്മതിക്കുന്നു എനിക്കിത്തിരി വട്ടുണ്ട്.... :) :)

v

16 August 2009

ഹംസക്കായും ഒരു ദുബായ്‌ക്കാരനാണ്...

ഇന്നു മുഴുവന്‍ ഹംസക്ക മാത്രമായിരുന്നു മനസ്സില്‍...
കിടന്നിട്ടു ഉറക്കം വരുന്നില്ല. ടി വിയുടെ ശബ്‌ദം അല്‍പ്പം കൂടി കൂട്ടി. ഓര്‍മ്മകളാണ്‌ ഏകാന്തതയുടെ കൂട്ടുകാര്‍..‍. ഈ മുറിയില്‍ ഇപ്പോള്‍ ഒരുപാട്‌ പേര്‍ ഉണ്ടായിരുന്നെങ്കിലെന്ന്‌ ആശിച്ചുപോകുകയാണ്‌....
ചാനലിലെ റിയാലിറ്റിഷോയില്‍ നന്നായി പാടിയില്ലെന്നു പറഞ്ഞു കോടതിമുറിയിലെന്ന പോലെ ഒരു കൊച്ചുകുട്ടിയെ ചോദ്യം ചെയ്യുന്ന ജഡ്‌ജസ്‌... റിയാലിറ്റിയുടെ ശരിയായ അര്‍ത്ഥം എത്ര പേര്‍ക്ക്‌ അറിയാം.??

തികച്ചും യാദൃശ്ചികമായാണ്‌ ഇന്നു ഹംസക്കായെ കണ്ടത്‌. ഷാര്‍ജ-റോളയിലെ വരണ്ട തെരുവോരത്ത്‌ ഒരു പറ്റം പാക്കിസ്ഥാനികളുടെ കൂടെ...
ഹംസക്ക വല്ലാതെ മാറിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗള്‍ഫ്‌ ജീവിതത്തിന്റെ നീക്കിയിരിപ്പുകള്‍ ആ മുഖത്ത്‌ നിന്നു വായിച്ചെടുക്കാമായിരുന്നു. തിമിരം ബാധിച്ചിട്ടും ശസ്‌ത്രക്രിയ ചെയ്യാത്ത കണ്ണുകളില്‍ അപരിചിതത്വത്തിന്റെ അമ്പരപ്പ്‌ മാത്രം...
ഹംസക്കയോടെ എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടലില്‍ ഞാന്‍ നിസ്സഹായനാകുന്നു.
ഹംസക്ക പതിയെ എന്നെ തിരിച്ചറിഞ്ഞുവെന്ന്‌ ആ കണ്ണുകള്‍ പറഞ്ഞു.
"അല്ല, ഇതു നമ്മുടെ അനിയല്ലേ..അന്നേ ഞമ്മക്ക്‌ പെട്ടന്ന്‌ പിടികിട്ടീവ്യ കുട്ട്യേ...'' ആ ചിരിയില്‍ കടലോളം സ്‌നേഹമുണ്ടായിരുന്നു.
ഹംസക്ക ഓരോ കാര്യങ്ങള്‍ ചോദിച്ചു. നാട്ടിലെ വീശേഷങ്ങളായിരുന്നു കൂടുതലും. നാടിനെ കുറിച്ചു പറയുമ്പോള്‍ ഹംസക്കയുടെ കണ്ണുകളില്‍ ഇപ്പോഴും ആ പഴയ തിളക്കമുണ്ട്‌. ചിലപ്പോ ഹംസക്ക നാട്ടില്‍ പോയിട്ട്‌ വര്‍ഷങ്ങളായി കാണും. ചോദിക്കാന്‍ മനസ്സ്‌ വന്നില്ല.
ഹംസാക്കയുടെ കൂടെയുള്ള പാക്കിസ്ഥാനികള്‍ ഉറുദുവില്‍ എന്തൊക്കെയോ കലപില പറയുന്നുണ്ടായിരുന്നു. ചെറുപ്പത്തില്‍ രാജ്യസ്‌നേഹം സിരകളില്‍ പടര്‍ന്നുനിന്നിരുന്ന കാലത്ത്‌, ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു പാക്കിസ്ഥാനിയെ നേരിട്ടു കണ്ടാല്‍ അയാളോട്‌ കുറേ ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു, കാശ്മീരിനെ പറ്റി..
പക്ഷേ എന്റെ മുന്നില്‍ ഇപ്പോള്‍ കാണുന്ന ഈ പാക്കിസ്ഥാനികള്‍ക്ക്‌ കാശ്‌മീര്‍ ഒരു വിഷയമേയല്ല... അവരുടെ മുന്നില്‍ വിശക്കുന്ന കുറച്ചു വയറുകള്‍ മാത്രമെയുള്ളു.
കല്ലുവല്ലികള്‍ എന്ന്‌ വിളിക്കപ്പെടുന്നവര്‍ (തര്‍ജ്ജമ-ഒന്നിനും കൊള്ളാത്തവന്‍)
ജീവിതമാണ്‌ ഇന്നിന്റെ റിയാലിറ്റി. യുദ്ധങ്ങള്‍ നടക്കുന്നത്‌ മനസ്സിലും.
ഇവിടെ അതിര്‍ത്തികള്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്നത്‌ ഞാനറിയുന്നു.

"ഹംസക്ക ഇവരോടൊപ്പം?''
"ഒരുപാട്‌ സ്ഥലങ്ങില്‍ മാറി മാറി പണി ചെയ്‌തു മോനേ...ഒരിടത്തും രക്ഷയില്ല. പഴയ സ്‌പോണ്‍സര്‍ പറ്റിച്ചതാ. ഇപ്പോ ഞമ്മക്ക്‌ വിസേം പാസ്‌പോര്‍ട്ടും ഒന്നും ഇല്ല. എല്ലാം അയാളുടെ കയ്യിലാ. ഇപ്പോ ഞാന്‍ ഇബരുടെ കൂടെ കൂടി. എല്ലാ ദിവസവും രാവിലെ ഇവിടെ വരും. ചിലപ്പോ ആരെങ്കിലും ഒക്കെ പണിക്കു വിളിക്കും. ബല്യ കൂലി ഒന്നും കിട്ടില്ല്യ. ഞമ്മള്‍ കല്ലുവല്ലികള്‍ അല്ലെ. പിന്നെ പോലീസ്‌ കണ്ടാല്‍ പ്രശ്‌നമാ. അതുകൊണ്ട്‌ ഒളിച്ചും പതുങ്ങിയുമാ നടപ്പ്‌. ഞമ്മക്ക്‌ മടുത്തു മോനേ...''
ഹംസക്ക പറഞ്ഞുകൊണ്ടേയിരുന്നു.
എപ്പോഴായിരുന്നു ഹംസക്കയെ ആദ്യം കണ്ടത്‌.?

എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദുബായി നഗരത്തില്‍ എത്തുമ്പോള്‍ മനസ്സിലെ ചിത്രം വേറെയായിരുന്നു. അംബരചുംബികളും ആറുവരിപാതകളും. ആഡംബര മേല്‍പ്പാലങ്ങളും...സ്വപ്‌നങ്ങള്‍ കുഴിച്ചുമൂടി ജീവിക്കണമെന്ന്‌ വൈകാതെ തന്നെ മനസ്സിലാക്കി. ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ കറുത്ത പൊടിയില്‍ ജീവിതം കെട്ടിപ്പടുക്കുന്നതിനിടെ ഒരുനാള്‍ യാദൃശ്ചികമായാണ്‌ ഹംസക്കയെ പരിചയപ്പെടുന്നത്‌. അന്ന്‌ ഹംസക്ക ഒരു ലോണ്ട്രിയില്‍ ജോലി ചെയ്യുകയായിരുന്നു. മുഷിഞ്ഞ വസ്‌ത്രങ്ങള്‍ റൂമുകളില്‍ വന്നു കളക്‌ട്‌ ചെയ്യുന്ന പണി.... ഇരു തോളുകളിലും ഭാണ്ഡക്കെട്ടുമായി ഹംസക്ക ഒന്നിടവിട്ട ദിവസങ്ങളില്‍ റൂമില്‍ വരും. കോഴിക്കോട്ടുകാരന്‍ എന്ന സ്‌നേഹമായിരുന്നു ആദ്യം. പിന്നെ പതിയെ ഒരു മകനോടുള്ള പോലെയായി.
ഒരിക്കല്‍ ഹംസക്ക പറഞ്ഞു.

"ഞമ്മക്ക്‌ നാലു മക്കളാ..അതില്‍ രണ്ടാള്‍ക്ക്‌ കല്ല്യാണപ്രായമായി. എങ്ങിനെയാ ഒന്നിറക്കിവിടുകാന്ന്‌ ആലോചിക്കുമ്പോഴാ...''
അന്ന്‌ വിശേഷിച്ച്‌ ഒന്നും തോന്നിയില്ല. കാരണം പരിചയപ്പെടുന്ന ഒട്ടുമിക്ക മലയാളികളുടെയും പൊതുവായ ഒരു പ്രശ്‌നമാണത്‌. മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു എന്നു കേട്ടിരുന്നു. വലിയ സ്‌ത്രീധനം ഒക്കെയാണത്രെ ചോദിക്കുന്നത്‌. പാവം...
സഹതാപമാണ്‌ ഏറ്റവും വലിയ ശാപം.
പിന്നെ പെട്ടന്നൊരുനാള്‍ ഹംസക്ക അപ്രത്യക്ഷനായി. ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷം ദേരയിലെ ഒരു കഫ്റ്റീരിയയില്‍ വെച്ചാണ്‌ ഹംസക്കെയെ വീണ്ടും കാണുന്നത്‌. ജൂണ്‍മാസത്തിലെ അത്യുഷ്‌ണത്തിന്റെ വിയര്‍പ്പുചാലുകള്‍ കൈയ്യിലെ തോര്‍ത്തുമുണ്ടില്‍ ഒപ്പി ചിരിച്ചുകൊണ്ട്‌ ഹംസക്ക കുശലം പറഞ്ഞു. തൊട്ടടുത്ത കണ്ണാടിക്കൂടിനുളളില്‍ നിന്നും നേപ്പാളി കുക്ക്‌ എടുത്തുകൊടുക്കുന്ന ഷവര്‍മ എടുത്ത്‌ മേശകളിലേക്ക്‌ സപ്ലൈ ചെയ്യുമ്പോഴും ഹംസക്ക സംസാരിച്ചുകൊണ്ടിരുന്നു. അന്നും നാട്ടിലെ വിശേഷങ്ങളാണ്‌ കൂടുതലും ചോദിച്ചുകൊണ്ടിരുന്നത്‌. പിന്നീട്‌ പല സന്ധ്യകളില്‍ പാര്‍സല്‍ ബാഗുകളുമായി സൈക്കിളില്‍ റൂമുകള്‍ കയറിയിറങ്ങുന്ന ഹംസക്കയെ കാണുമ്പോള്‍ പറയാനൊന്നുമില്ലാത്തതിനാല്‍ പഴി മാറി പോകുകയായിരുന്നു പതിവ്‌.
കമ്പനികള്‍ മാറി മാറിയുള്ള യാത്രകളില്‍ ഹംസക്കയും മനസ്സില്‍ നിന്നും പതുക്കെ മാഞ്ഞുതുടങ്ങിയിരുന്നു.

പിന്നീടൊരുനാള്‍ ബോങ്ങ്‌ യോസോരാസ്‌ എന്ന ഫിലിപ്പൈന്‍കാരനാണ്‌ ഹംസക്കയുടെ ഓര്‍മ്മകള്‍ വീണ്ടും എന്നില്‍ നിറച്ചത്‌. ഞാനപ്പോള്‍ ദുബായിലെ ഒരു വലിയ കമ്പനിയിലായിരുന്നു. ജനുവരിയിലെ തണുപ്പില്‍ കാന്റിനില്‍ ചുടുള്ള കപ്പുച്ചിനോയും നുണഞ്ഞു ഇരിക്കുമ്പോള്‍ ഒരുനാള്‍ ബോങ്ങ്‌ ഇന്ത്യയെ കുറിച്ചു ചോദിച്ചു. ആര്‍ഷഭാരത സംസ്‌ക്കാരത്തെ കുറിച്ചല്ല പകരം അന്ന്‌ രാവിലെ അയാള്‍ കണ്ട ഇന്ത്യക്കാരനെ കുറിച്ച്‌...വെറും ഒരു ദിര്‍ഹം വിലയുള്ള ചായ, പാര്‍സലായി സൈക്കിളില്‍ ഷോപ്പുകളില്‍ സപ്ലൈ ചെയ്യുന്ന കറുത്തുമെലിഞ്ഞ ഇന്ത്യന്‍സിനെ കുറിച്ച്‌....
വെറും ഒരു ദിര്‍ഹത്തിനു വേണ്ടിയാണോ അവര്‍ ഇത്ര നേരം സൈക്കിള്‍ ചവിട്ടുന്നത്‌... കാന്‍ഡ്‌ ബിലീവ്‌...
ഈ പറയുന്നവരുടെ രാജ്യത്തിന്റേയും അതിലുപരി സംസ്‌ക്കാരത്തിന്റേയും ശോചനീയാവസ്ഥ എനിക്കറിയാഞ്ഞിട്ടല്ല. പക്ഷേ വേണ്ട...
എനിക്ക്‌ ഒരുപാട്‌ പറയണം എന്നുണ്ടായിരുന്നു. ഈ കിട്ടുന്ന ഓരോ ദിര്‍ഹവും കൂട്ടിവെച്ച്‌ അവര്‍ അവരുടെ കുടുംബം സംരക്ഷിക്കുന്നു. അവരിവിടെ പട്ടിണിയായാലും അവര്‍ സ്‌നേഹിക്കുന്നവര്‍ സുഖമായി ജീവിക്കണമെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമാണ്‌. ഒരു മഹത്തായ പാരമ്പര്യത്തിന്റെ കണ്ണികള്‍ ആണവര്‍. അവിയല്‍ സംസ്‌ക്കാരത്തിന്റെ ചവറ്റുകുട്ടയില്‍ ജീവിക്കുന്ന നിങ്ങളുടെ നാട്ടുകാര്‍ക്ക്‌ അതു പറഞ്ഞാല്‍ മനസ്സിലാകില്ല.... പക്ഷേ ഒന്നും പറഞ്ഞില്ല.
കാരണം ഞാനപ്പോള്‍ ഹംസക്കെയെ കുറിച്ച്‌ ചിന്തിക്കുകയായിരുന്നു.
ആ കഫെടീരിയ പൂട്ടിയതിനു ശേഷം പിന്നെ ഹംസക്കയെ കണ്ടിട്ടില്ല. അജ്‌മാനില്‍ ഒരു സൈക്കിള്‍ റിപ്പയര്‍ ഷോപ്പില്‍ പണിയെടുത്തിരുന്നുവെന്ന്‌ ഹംസക്കെ അവിടെ വെച്ചു കണ്ട ആരോ പറഞ്ഞിരുന്നു.
പിന്നെ ഇപ്പോഴാണ്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം...

സാമ്പത്തികമാന്ദ്യത്തില്‍ പെട്ടുഴലുന്ന കമ്പനിയെ രക്ഷിക്കാന്‍ മാനേജ്‌മെന്റ്‌ എടുത്ത തീരുമാനമായിരുന്നു. കമ്പനി തൊഴിലാളികളെ പിരിച്ചുവിട്ടു പകരം ലേബര്‍ സപ്ലൈയില്‍ നിന്നും കുറഞ്ഞ ശമ്പളത്തിന്‌ ലേബര്‍മാരെ എടുക്കാന്‍. കമ്പനി ഡ്രൈവറുടെ ബുദ്ധിയായിരുന്നു ഷാര്‍ജയില്‍ തുച്ഛമായ തുകക്ക്‌്‌ ലേബര്‍മാരെ കിട്ടുമെന്ന്‌...റിസ്‌ക്ക്‌ ആണത്രെ. ചെക്കിംഗ്‌ ഉണ്ടായാല്‍ വലിയ പ്രശ്‌നമാകും. പക്ഷേ സാമ്പത്തികമാന്ദ്യം എന്ന വാള്‍ തലക്കുമുകളില്‍ തൂങ്ങുന്നു എന്ന്‌ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട്‌ എല്ലാവരും റിസ്‌ക്ക്‌ എടുക്കുന്നു.
നാട്ടിലേക്ക്‌ ഒരു പാര്‍സല്‍ അയക്കാന്‍ വേണ്ടിയാണ്‌ ഈ കമ്പനി വാനില്‍ കയറിയത്‌.
വരണ്ടായിരുന്നു. ഈ മനുഷ്യനെ ഇങ്ങനെ കാണാന്‍ എനിക്കുവയ്യ.
കായ്‌ച്ചുനില്‍ക്കുന്ന ഈന്തപ്പനക്കു ചുവട്ടില്‍ ഡ്രൈവറും പാക്കിസ്ഥാനികളും തമ്മില്‍ വില പേശല്‍ നടക്കുന്നു. ഒരു മണിക്കൂര്‍ അധ്വാനത്തിന്റെ കൂലിക്ക്‌ വേണ്ടിയാണ്‌.

ഹംസക്ക‌ ഇപ്പോള്‍ മൂകനാണ്‌.
എനിക്ക്‌ ചോദിക്കണം എന്നുണ്ടായിരുന്നു.
"നാട്ടില്‍ പോയിട്ട്‌ ഇപ്പോ...''
എന്റെ മനസ്സ്‌ വായിച്ചിട്ട്‌ എന്ന പോലെ ഹംസക്ക പറഞ്ഞു.
"നാട്ടില്‍ പോയിട്ട്‌ കൊല്ലങ്ങളായി മോനേ...''നരച്ച താടി ഉഴിഞ്ഞു ചിരിച്ചുകൊണ്ടാണ്‌ ഹംസക്ക പറഞ്ഞത്‌.
"ഞമ്മക്ക്‌ നാട്ടില്‍ പോകാന്‍ എളുപ്പാ. നിങ്ങളെപ്പോലെ വിമാനടിക്കറ്റും വിസേം പാസ്‌പോര്‍ട്ടും ഒന്നും വേണ്ട. ദേ നേരേ പോയി ആ പോലീസുകാരനില്ലേ, അയാളുടെ മുന്നില്‍ പോയി നിന്നുകൊടുത്താല്‍ മതി. ആദ്യം അവരു പിടിച്ചു ജയിലിലിടും. പിന്നെ ജയിലൊക്കെ നിറയുമ്പോ അവരു പൊതുമാപ്പ്‌ പ്രഖ്യാപിക്കും. എന്നിട്ട്‌ വിമാനത്തില്‍ കയറ്റി നാട്ടിലേക്ക്‌ വിടും. അല്ലെങ്കിലും ഈ കല്ലുവലികളെ ജയിലില്‍ നിറച്ചിട്ട്‌ അവര്‍ക്കെന്തു കിട്ടാനാ...''അതു പറഞ്ഞപ്പോള്‍ ഹംസക്കയുടെ ശബ്‌ദം അല്‍പ്പം ഇടറിയിരുന്നു.
എന്റെ മുന്നിലുള്ള ശുഷ്‌ക്കിച്ച ഈ മനുഷ്യനും ഒരു ഗൃഹനാഥന്‍ ആണ്‌.
പക്ഷേ ചുള്ളിക്കമ്പുകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ കുഞ്ഞുകൂടും അയാള്‍ക്ക്‌ അന്യമാണ്‌.
ഇല്ല
ദേശാടനക്കിളികള്‍ കരയാറില്ലല്ലോ...

തിരിച്ചു റൂമിലേക്ക്‌ പോയത്‌ ഒരു ടാക്‌സിയിലാണ്.
ഹംസക്കായുടെ കൂടെ ആ വാനില്‍ കമ്പനിയിലേക്ക്‌ പോകാന്‍ എനിക്ക്‌ കഴിയുമായിരുന്നില്ല. അമ്പത്തെട്ടു വയസ്സിന്റെ വയ്യായ്‌കകള്‍ക്കു ചുമക്കേണ്ട വിഴുപ്പുഭാണ്ഡങ്ങള്‍ക്ക്‌ അവിടെ ഭാരം കൂടുതലാണ്‌.
ടി വിയില്‍ എസ്‌ എം എസിന്‌ വേണ്ടി യാചിക്കുന്ന പെണ്‍കുട്ടി....
കെട്ടുകാഴ്‌ചകള്‍ ഇല്ലാത്ത ഈ റിയാലിറ്റി ഷോയില്‍ ഞാന്‍ ആര്‍ക്ക്‌ എസ്‌ എം എസ്‌ അയക്കും.???
.

.