17 August 2009

മനസ്സിലെ വേനല്‍ മഴ ........

മഴയെ കുറിച്ചു പറഞ്ഞാല്‍ ഒരിക്കലും തീരില്ല.
ഇന്നെലെ ഞാന്‍ കുറച്ചു നേരം ഇരുന്നാലോചിച്ചു ഏതാണ് മനസ്സില്‍ നിന്നും മായാത്ത മഴയുടെ മുഖം? സുഖമുള്ള നൊമ്പരം എന്ന് മഴയെ കുറിച്ചു കവികള്‍ പറഞ്ഞിട്ടുണ്ട്.എന്തായാലും നൊമ്പരങ്ങള്‍ അടര്‍ന്നു വീഴാന്‍ വെമ്പി നില്ക്കുന്ന ഈ മനസ്സില്‍ മഴയെങ്കിലും അല്പം സുഖമുള്ള ഒരു ഓര്‍മയായി തീരട്ടെ....
ഒരു ഒന്നാം വര്‍ഷ പ്രീഡിഗ്രീക്കാരന്റെ പരിഭ്രമവുമായി പൂത്തു നില്ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ നിവര്‍ത്തിയ റോഡിലൂടെ ആദ്യമായി ആ കുന്നിന്റെ മുകളിലേക്ക് ,എന്റെ ആദ്യ കലാലയത്തിലേക്ക് പതുക്കെ കയറിപോകുമ്പോള്‍ അന്ന്‌ മനസ്സ് വല്ലാതെ തുടിച്ചിരുന്നു...
അന്നും മഴപെയ്തിരുന്നു....അനുസരണയില്ലാത്ത വികൃതിക്കുട്ടിയെപ്പോലെ അന്നാ മഴയും കാറ്റും എന്റെ കുടയ്ക്ക് വേണ്ടി ചിണുങ്ങി...കുന്നിന്‍ മുകളിലെ മഴ കമിതാക്കള്‍ക്ക് മാത്രം വേണ്ടി ആരോ സമര്‍പ്പിക്കുന്നതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌ ...കെമിസ്ട്രി ലാബിന്റെ പൊട്ടിയ ജനല്‍ പാളികളിലൂടെ അകത്തേക്ക് കയറാന്‍ വെമ്പിയ ആ മഴയ്ക്ക് ഒരു കൌമാരക്കാരന്റെ മനസ്സു ശരിക്കും അറിയമായിരുന്നിരിക്കണം....
കാന്റീനിലെ ദിവാകരേട്ടന്‍ നന്നായി പാടുമായിരുന്നു...നേര്‍ത്ത ചാറ്റല്‍ മഴക്കിടെ ദിവാകരേട്ടന്റെ ശബ്ദം ലൈബ്രറിയിലെ വടക്കേമൂലയിലെ ചാരുബെഞ്ചിലേക്ക് ഒഴുകിയെത്തിയിരുന്നു....ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ ഒന്നിലായിരുന്നിരിക്കണം ഞാനപ്പോള്‍......അന്ന് കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ പൊഴിഞ്ഞു വീണിരുന്ന ആ‍ മഴത്തുള്ളികളാണോ എന്നെയിപ്പോഴീ ഊഷര ഭൂമിയില്‍ നിന്നും ആ‍ കുന്നിന്‍ മുകളിലേക്ക് വലിച്ചുകൊണ്ടപോകുന്നത്?...അറിയില്ല...പക്ഷെ, ശീതീകരിച്ച ഈ മുറിക്കുള്ളില്‍ എന്റെ മനസ്സിലിപ്പോള്‍ ആ‍ കുന്നിന്‍ ചെരിവും അവിടത്തെ ഉറവവറ്റാത്ത സൌഹൃദങ്ങളും മാത്രമേയുള്ളൂ......എന്റെ മനസ്സിലെ നൊമ്പരത്തിന്റെ മഴ ഈ കുന്നിന്‍ചെരിവിലെ റോഡിലാണ് പൊഴിഞ്ഞു വീഴുന്നത്...മാര്‍ച്ച്‌ മാസത്തിന്റെ അവസാന നാളുകളിലെപ്പോഴോ കാലം തെറ്റി പെയ്ത ആ‍ മഴ...... ഒരു പക്ഷെ ആ‍ മഴയ്ക്കറിയാമായിരുന്നിരിക്കണം, ഞങ്ങളുടെ കണ്ണുകളില്‍ അപ്പോള്‍ യാത്രാമൊഴിയുടെ നേര്‍ത്ത  തുള്ളികള്‍ ഊറിക്കൂടുകയായിരുന്നു എന്ന് ....അന്ന് നിറഞ്ഞ കണ്ണുകളോടെ ആ‍ കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍ വരണ്ട മണ്ണിലേക്ക് പെയ്തിറങ്ങിയ ആ‍ വേനല്‍ മഴയുടെ ഗന്ധം ഒരിക്കലും മനസ്സില്‍ നിന്നും മായ്ച്ചുകളയാന്‍ കഴിയില്ല....അന്ന് പതിയെ ആ‍ കുന്നിറങ്ങുമ്പോള്‍ പിറകോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ദൂരെ ചക്രവാളത്തിനടുത്തേന്നോണം വിദൂരതയിലേക്ക് മിഴികള്‍ പാകി നില്ക്കുന്ന ആ‍ ആല്‍മരം മാത്രമായിരുന്നു......ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം അല്ലേ?? ഇതെല്ലാം വായിച്ചിട്ട് ഇയാള്‍ക്കെന്താ വട്ടാണോ എന്ന് ചോദിക്കരുത്....ഇതൊക്കെ വട്ടാണെങ്കില്‍....ഞാന്‍ സമ്മതിക്കുന്നു എനിക്കിത്തിരി വട്ടുണ്ട്.... :) :)

v

2 comments:

Anonymous said...

മുരളീ,

മഴ പകരം വയ്ക്കാനാകാത്ത എന്തൊക്കെയോ ആണു എനിക്കും, മറ്റു പലര്‍ക്കും, ഈയിടെ ഒരു പാട്ടു കേട്ടു, മഴ ഞാന്‍ അറിഞ്ഞിരുന്നില്ല എന്നു തുടങ്ങുന്ന പാട്ടു, അതു കേല്‍ക്കുമ്പൊഴെ എനിക്കു മഴ കാണാം, എന്റെ മനസ്സില്‍.. അപ്പൊ എനിക്കും വട്ടുണ്ടു, താങ്കളെപോലെ

Suraj P M said...

toooooo nostalgic