18 August 2009

ജയകൃഷ്ണനും ക്ലാരയും പിന്നെ മഴയും...



അന്നു കാലം തെറ്റി പെയ്ത ആ മഴയില്‍ ജനലഴികളിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ജയകൃഷ്ണന്റെ മനസ്സ് നിറയെ ക്ലാര മാത്രമായിരുന്നു....
ഊഷര ഭൂമിയിലേക്ക് വേനല്‍ മഴയായി പെയ്തിറങ്ങിയ ക്ലാര...
ക്ലാര മഴയുടെ രതിഭാവമാണ്...
മേഘങ്ങള്‍ പൂത്തുലയുമ്പോള്‍ മനസ്സിലേക്ക് പറന്നിറങ്ങുന്ന ക്ലാര...
മഴയുടെ മനസ്സായിരുന്നു ക്ലാരയ്ക്ക്‌..എവിടെനിന്നോ ആരംഭിച്ച്..എവിടെയോ പോയ് മറയുന്ന മഴയുടെ പിടിതരാത്ത ഭാവങ്ങള്‍..
പത്മരാജന്‍ എന്ന സംവിധായകനെ മലയാളികള്‍ അറിയുന്നത് തീഷ്ണമായ മാനുഷിക ഭാവങ്ങള്‍ സൌന്ദര്യ വല്‍ക്കരിച്ച് ഹൃദയങ്ങളിലേക്ക് കുത്തിയിറക്കുന്ന ഒരു മാന്ത്രികനായാണ് ....... തൂവാനത്തുമ്പികളിലെ ക്ലാര പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതും ആ മാന്ത്രികത കൊണ്ടു തന്നെ..
ജീവിതം ആഘോഷിച്ചു തീര്‍ക്കുന്ന ജയകൃഷ്ണനും അയാളിലേക്ക് മഴയായി പെയ്തിറങ്ങിയ ക്ലാരയും...
മലയാളികളുടെ സദാചാരമൂല്യങ്ങളിലേക്ക് ഒരു തൂലികയും ക്യാമറയുമായി പടികയറിവന്ന പത്മരാജന്‍ ..രതിയുടെയും പ്രതികാരത്തിന്റെയും പരിചിതമല്ലാത്ത മുഖങ്ങള്‍ മലയാളിമനസ്സില്‍ കോരിയിട്ടു പോയപ്പോള്‍, അതില്‍ മനസ്സില്‍ എന്നും മായാതെ നില്ക്കുന്നു ക്ലാരയും ജയകൃഷ്ണനും...
മഴ ഉന്മാദിയാണ് ..വരണ്ട മണ്ണിന്റെ ഊര്‍വരതയിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രണയത്തിന്റെ, കാമത്തിന്റെ മഴ..ജയകൃഷ്ണന്റെ മനസ്സിലേക്ക് ക്ലാര വരുന്നതും ഒരു മഴയത്താണ്...പതിയെ വന്നു പതിയെ പതിയെ ഒരു മഹാമാരിയായി ക്ലാര ജയകൃഷ്ണന്റെ മനസ്സിലേക്ക് പെയ്തിറങ്ങുകയാണ് ...ഒടുവില്‍ പതുക്കെ വിദൂരതയിലേക്ക് മായുമ്പോഴും പെയ്തൊഴിയാത്ത ഒരു മഴക്കാലം ജയകൃഷ്ണന്റെ മനസ്സില്‍ ബാക്കി വച്ചാണ് ക്ലാര പോകുന്നത് ....
ഒടുവിലൊരു സായാഹ്നത്തിന്റെ അന്ത്യയാമങ്ങളില്‍ എപ്പോളോ ആ കുന്നിന്‍ മുകളിലെ മരച്ചുവട്ടില്‍ വച്ചു ക്ലാര പറയുന്നുണ്ട് ....
"ബന്ധിക്കപ്പെട്ട ചങ്ങലയോട് ചേര്‍ന്നു നില്ക്കുന്ന ഉണങ്ങാത്ത മുറിവായി നില്‍ക്കാനാണ് എനിക്കിഷ്ടം" എന്ന്...
അതെ, ഉണങ്ങാത്ത ഒരു മുറിവ് മനസ്സില്‍ അവശേഷിപ്പിച്ചു തന്നെയാണ് ക്ലാര പോകുന്നത്..
കഥാപാത്രസൃഷ്ടിയുടെ മാസ്മരിക സൌന്ദര്യം പ്രേക്ഷകനില്‍ അവശേഷിപ്പിച്ചു കടന്നുപോയ പത്മരാജന്‍ ഇന്നും നമ്മെ വേട്ടയാടുന്നത് ക്ലാരയിലൂടെയും ജയകൃഷ്ണനിലൂടെയും നാമറിയുന്നു...
ഇനിയും വര്‍ഷങ്ങള്‍ പെയ്തൊഴിഞ്ഞാലും ക്ലാര ഇവിടെയുണ്ടാകും...
കാരണം ക്ലാര മഴയാണ്...

1 comment:

Debremarkos said...

The company seamlessly contacts you again and again even when you have refused for their offer. DISCLAIMER Above is a GENERIC OUTLINE and may or may not depict precise methods, courses and or focuses related to ANY ONE specific school s that may or may not be advertised at PETAP.org. The starter also assists golfers obtain a game if they are by themselves.