ഇന്നു മുഴുവന്‍ ഹംസക്ക മാത്രമായിരുന്നു മനസ്സില്‍...
കിടന്നിട്ടു ഉറക്കം വരുന്നില്ല. ടി വിയുടെ ശബ്‌ദം അല്‍പ്പം കൂടി കൂട്ടി. ഓര്‍മ്മകളാണ് ഏകാന്തതയുടെ കൂട്ടുകാര്‍... ഈ മുറിയില്‍ ഇപ്പോള്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോകുകയാണ്....
ചാനലിലെ റിയാലിറ്റിഷോയില്‍ നന്നായി പാടിയില്ലെന്നു പറഞ്ഞു കോടതിമുറിയിലെന്ന പോലെ ഒരു കൊച്ചുകുട്ടിയെ ചോദ്യം ചെയ്യുന്ന ജഡ്‌ജസ്... റിയാലിറ്റിയുടെ ശരിയായ അര്‍ത്ഥം എത്ര പേര്‍ക്ക് അറിയാം.??
തികച്ചും യാദൃശ്ചികമായാണ് ഇന്നു ഹംസക്കായെ കണ്ടത്. ഷാര്‍ജ-റോളയിലെ വരണ്ട തെരുവോരത്ത് ഒരു പറ്റം പാക്കിസ്ഥാനികളുടെ കൂടെ...
ഹംസക്ക വല്ലാതെ മാറിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഗള്‍ഫ് ജീവിതത്തിന്റെ നീക്കിയിരിപ്പുകള്‍ ആ മുഖത്ത് നിന്നു വായിച്ചെടുക്കാമായിരുന്നു. തിമിരം ബാധിച്ചിട്ടും ശസ്‌ത്രക്രിയ ചെയ്യാത്ത കണ്ണുകളില്‍ അപരിചിതത്വത്തിന്റെ അമ്പരപ്പ് മാത്രം...
ഹംസക്കയോടെ എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായ ഈ കണ്ടുമുട്ടലില്‍ ഞാന്‍ നിസ്സഹായനാകുന്നു.
ഹംസക്ക പതിയെ എന്നെ തിരിച്ചറിഞ്ഞുവെന്ന് ആ കണ്ണുകള്‍ പറഞ്ഞു.
"അല്ല, ഇതു നമ്മുടെ അനിയല്ലേ..അന്നേ ഞമ്മക്ക് പെട്ടന്ന് പിടികിട്ടീവ്യ കുട്ട്യേ...'' ആ ചിരിയില്‍ കടലോളം സ്‌നേഹമുണ്ടായിരുന്നു.
ഹംസക്ക ഓരോ കാര്യങ്ങള്‍ ചോദിച്ചു. നാട്ടിലെ വീശേഷങ്ങളായിരുന്നു കൂടുതലും. നാടിനെ കുറിച്ചു പറയുമ്പോള്‍ ഹംസക്കയുടെ കണ്ണുകളില്‍ ഇപ്പോഴും ആ പഴയ തിളക്കമുണ്ട്. ചിലപ്പോ ഹംസക്ക നാട്ടില്‍ പോയിട്ട് വര്‍ഷങ്ങളായി കാണും. ചോദിക്കാന്‍ മനസ്സ് വന്നില്ല.
ഹംസാക്കയുടെ കൂടെയുള്ള പാക്കിസ്ഥാനികള്‍ ഉറുദുവില്‍ എന്തൊക്കെയോ കലപില പറയുന്നുണ്ടായിരുന്നു. ചെറുപ്പത്തില്‍ രാജ്യസ്‌നേഹം സിരകളില്‍ പടര്‍ന്നുനിന്നിരുന്ന കാലത്ത്, ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു പാക്കിസ്ഥാനിയെ നേരിട്ടു കണ്ടാല്‍ അയാളോട് കുറേ ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു, കാശ്മീരിനെ പറ്റി..
പക്ഷേ എന്റെ മുന്നില്‍ ഇപ്പോള്‍ കാണുന്ന ഈ പാക്കിസ്ഥാനികള്‍ക്ക് കാശ്‌മീര്‍ ഒരു വിഷയമേയല്ല... അവരുടെ മുന്നില്‍ വിശക്കുന്ന കുറച്ചു വയറുകള്‍ മാത്രമെയുള്ളു.
കല്ലുവല്ലികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ (തര്‍ജ്ജമ-ഒന്നിനും കൊള്ളാത്തവന്‍)
ജീവിതമാണ് ഇന്നിന്റെ റിയാലിറ്റി. യുദ്ധങ്ങള്‍ നടക്കുന്നത് മനസ്സിലും.
ഇവിടെ അതിര്‍ത്തികള്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്നത് ഞാനറിയുന്നു.
"ഹംസക്ക ഇവരോടൊപ്പം?''
"ഒരുപാട് സ്ഥലങ്ങില്‍ മാറി മാറി പണി ചെയ്‌തു മോനേ...ഒരിടത്തും രക്ഷയില്ല. പഴയ സ്‌പോണ്‍സര്‍ പറ്റിച്ചതാ. ഇപ്പോ ഞമ്മക്ക് വിസേം പാസ്‌പോര്‍ട്ടും ഒന്നും ഇല്ല. എല്ലാം അയാളുടെ കയ്യിലാ. ഇപ്പോ ഞാന്‍ ഇബരുടെ കൂടെ കൂടി. എല്ലാ ദിവസവും രാവിലെ ഇവിടെ വരും. ചിലപ്പോ ആരെങ്കിലും ഒക്കെ പണിക്കു വിളിക്കും. ബല്യ കൂലി ഒന്നും കിട്ടില്ല്യ. ഞമ്മള്‍ കല്ലുവല്ലികള്‍ അല്ലെ. പിന്നെ പോലീസ് കണ്ടാല്‍ പ്രശ്‌നമാ. അതുകൊണ്ട് ഒളിച്ചും പതുങ്ങിയുമാ നടപ്പ്. ഞമ്മക്ക് മടുത്തു മോനേ...''
ഹംസക്ക പറഞ്ഞുകൊണ്ടേയിരുന്നു.
എപ്പോഴായിരുന്നു ഹംസക്കയെ ആദ്യം കണ്ടത്.?
എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് ദുബായി നഗരത്തില്‍ എത്തുമ്പോള്‍ മനസ്സിലെ ചിത്രം വേറെയായിരുന്നു. അംബരചുംബികളും ആറുവരിപാതകളും. ആഡംബര മേല്‍പ്പാലങ്ങളും...സ്വപ്‌നങ്ങള്‍ കുഴിച്ചുമൂടി ജീവിക്കണമെന്ന് വൈകാതെ തന്നെ മനസ്സിലാക്കി. ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ കറുത്ത പൊടിയില്‍ ജീവിതം കെട്ടിപ്പടുക്കുന്നതിനിടെ ഒരുനാള്‍ യാദൃശ്ചികമായാണ് ഹംസക്കയെ പരിചയപ്പെടുന്നത്. അന്ന് ഹംസക്ക ഒരു ലോണ്ട്രിയില്‍ ജോലി ചെയ്യുകയായിരുന്നു. മുഷിഞ്ഞ വസ്‌ത്രങ്ങള്‍ റൂമുകളില്‍ വന്നു കളക്‌ട് ചെയ്യുന്ന പണി.... ഇരു തോളുകളിലും ഭാണ്ഡക്കെട്ടുമായി ഹംസക്ക ഒന്നിടവിട്ട ദിവസങ്ങളില്‍ റൂമില്‍ വരും. കോഴിക്കോട്ടുകാരന്‍ എന്ന സ്‌നേഹമായിരുന്നു ആദ്യം. പിന്നെ പതിയെ ഒരു മകനോടുള്ള പോലെയായി.
ഒരിക്കല്‍ ഹംസക്ക പറഞ്ഞു.
"ഞമ്മക്ക് നാലു മക്കളാ..അതില്‍ രണ്ടാള്‍ക്ക് കല്ല്യാണപ്രായമായി. എങ്ങിനെയാ ഒന്നിറക്കിവിടുകാന്ന് ആലോചിക്കുമ്പോഴാ...''
അന്ന് വിശേഷിച്ച് ഒന്നും തോന്നിയില്ല. കാരണം പരിചയപ്പെടുന്ന ഒട്ടുമിക്ക മലയാളികളുടെയും പൊതുവായ ഒരു പ്രശ്‌നമാണത്. മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു എന്നു കേട്ടിരുന്നു. വലിയ സ്‌ത്രീധനം ഒക്കെയാണത്രെ ചോദിക്കുന്നത്. പാവം...
സഹതാപമാണ് ഏറ്റവും വലിയ ശാപം.
പിന്നെ പെട്ടന്നൊരുനാള്‍ ഹംസക്ക അപ്രത്യക്ഷനായി. ഒരുപാട് നാളുകള്‍ക്ക് ശേഷം ദേരയിലെ ഒരു കഫ്റ്റീരിയയില്‍ വെച്ചാണ് ഹംസക്കെയെ വീണ്ടും കാണുന്നത്. ജൂണ്‍മാസത്തിലെ അത്യുഷ്‌ണത്തിന്റെ വിയര്‍പ്പുചാലുകള്‍ കൈയ്യിലെ തോര്‍ത്തുമുണ്ടില്‍ ഒപ്പി ചിരിച്ചുകൊണ്ട് ഹംസക്ക കുശലം പറഞ്ഞു. തൊട്ടടുത്ത കണ്ണാടിക്കൂടിനുളളില്‍ നിന്നും നേപ്പാളി കുക്ക് എടുത്തുകൊടുക്കുന്ന ഷവര്‍മ എടുത്ത് മേശകളിലേക്ക് സപ്ലൈ ചെയ്യുമ്പോഴും ഹംസക്ക സംസാരിച്ചുകൊണ്ടിരുന്നു. അന്നും നാട്ടിലെ വിശേഷങ്ങളാണ് കൂടുതലും ചോദിച്ചുകൊണ്ടിരുന്നത്. പിന്നീട് പല സന്ധ്യകളില്‍ പാര്‍സല്‍ ബാഗുകളുമായി സൈക്കിളില്‍ റൂമുകള്‍ കയറിയിറങ്ങുന്ന ഹംസക്കയെ കാണുമ്പോള്‍ പറയാനൊന്നുമില്ലാത്തതിനാല്‍ പഴി മാറി പോകുകയായിരുന്നു പതിവ്.
കമ്പനികള്‍ മാറി മാറിയുള്ള യാത്രകളില്‍ ഹംസക്കയും മനസ്സില്‍ നിന്നും പതുക്കെ മാഞ്ഞുതുടങ്ങിയിരുന്നു.
പിന്നീടൊരുനാള്‍ ബോങ്ങ് യോസോരാസ് എന്ന ഫിലിപ്പൈന്‍കാരനാണ് ഹംസക്കയുടെ ഓര്‍മ്മകള്‍ വീണ്ടും എന്നില്‍ നിറച്ചത്. ഞാനപ്പോള്‍ ദുബായിലെ ഒരു വലിയ കമ്പനിയിലായിരുന്നു. ജനുവരിയിലെ തണുപ്പില്‍ കാന്റിനില്‍ ചുടുള്ള കപ്പുച്ചിനോയും നുണഞ്ഞു ഇരിക്കുമ്പോള്‍ ഒരുനാള്‍ ബോങ്ങ് ഇന്ത്യയെ കുറിച്ചു ചോദിച്ചു. ആര്‍ഷഭാരത സംസ്‌ക്കാരത്തെ കുറിച്ചല്ല പകരം അന്ന് രാവിലെ അയാള്‍ കണ്ട ഇന്ത്യക്കാരനെ കുറിച്ച്...വെറും ഒരു ദിര്‍ഹം വിലയുള്ള ചായ, പാര്‍സലായി സൈക്കിളില്‍ ഷോപ്പുകളില്‍ സപ്ലൈ ചെയ്യുന്ന കറുത്തുമെലിഞ്ഞ ഇന്ത്യന്‍സിനെ കുറിച്ച്....
വെറും ഒരു ദിര്‍ഹത്തിനു വേണ്ടിയാണോ അവര്‍ ഇത്ര നേരം സൈക്കിള്‍ ചവിട്ടുന്നത്... കാന്‍ഡ് ബിലീവ്...
ഈ പറയുന്നവരുടെ രാജ്യത്തിന്റേയും അതിലുപരി സംസ്‌ക്കാരത്തിന്റേയും ശോചനീയാവസ്ഥ എനിക്കറിയാഞ്ഞിട്ടല്ല. പക്ഷേ വേണ്ട...
എനിക്ക് ഒരുപാട് പറയണം എന്നുണ്ടായിരുന്നു. ഈ കിട്ടുന്ന ഓരോ ദിര്‍ഹവും കൂട്ടിവെച്ച് അവര്‍ അവരുടെ കുടുംബം സംരക്ഷിക്കുന്നു. അവരിവിടെ പട്ടിണിയായാലും അവര്‍ സ്‌നേഹിക്കുന്നവര്‍ സുഖമായി ജീവിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമാണ്. ഒരു മഹത്തായ പാരമ്പര്യത്തിന്റെ കണ്ണികള്‍ ആണവര്‍. അവിയല്‍ സംസ്‌ക്കാരത്തിന്റെ ചവറ്റുകുട്ടയില്‍ ജീവിക്കുന്ന നിങ്ങളുടെ നാട്ടുകാര്‍ക്ക് അതു പറഞ്ഞാല്‍ മനസ്സിലാകില്ല.... പക്ഷേ ഒന്നും പറഞ്ഞില്ല.
കാരണം ഞാനപ്പോള്‍ ഹംസക്കെയെ കുറിച്ച് ചിന്തിക്കുകയായിരുന്നു.
ആ കഫെടീരിയ പൂട്ടിയതിനു ശേഷം പിന്നെ ഹംസക്കയെ കണ്ടിട്ടില്ല. അജ്‌മാനില്‍ ഒരു സൈക്കിള്‍ റിപ്പയര്‍ ഷോപ്പില്‍ പണിയെടുത്തിരുന്നുവെന്ന് ഹംസക്കെ അവിടെ വെച്ചു കണ്ട ആരോ പറഞ്ഞിരുന്നു.
പിന്നെ ഇപ്പോഴാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം...
സാമ്പത്തികമാന്ദ്യത്തില്‍ പെട്ടുഴലുന്ന കമ്പനിയെ രക്ഷിക്കാന്‍ മാനേജ്‌മെന്റ് എടുത്ത തീരുമാനമായിരുന്നു. കമ്പനി തൊഴിലാളികളെ പിരിച്ചുവിട്ടു പകരം ലേബര്‍ സപ്ലൈയില്‍ നിന്നും കുറഞ്ഞ ശമ്പളത്തിന് ലേബര്‍മാരെ എടുക്കാന്‍. കമ്പനി ഡ്രൈവറുടെ ബുദ്ധിയായിരുന്നു ഷാര്‍ജയില്‍ തുച്ഛമായ തുകക്ക്‌് ലേബര്‍മാരെ കിട്ടുമെന്ന്...റിസ്‌ക്ക് ആണത്രെ. ചെക്കിംഗ് ഉണ്ടായാല്‍ വലിയ പ്രശ്‌നമാകും. പക്ഷേ സാമ്പത്തികമാന്ദ്യം എന്ന വാള്‍ തലക്കുമുകളില്‍ തൂങ്ങുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് എല്ലാവരും റിസ്‌ക്ക് എടുക്കുന്നു.
നാട്ടിലേക്ക് ഒരു പാര്‍സല്‍ അയക്കാന്‍ വേണ്ടിയാണ് ഈ കമ്പനി വാനില്‍ കയറിയത്.
വരണ്ടായിരുന്നു. ഈ മനുഷ്യനെ ഇങ്ങനെ കാണാന്‍ എനിക്കുവയ്യ.
കായ്‌ച്ചുനില്‍ക്കുന്ന ഈന്തപ്പനക്കു ചുവട്ടില്‍ ഡ്രൈവറും പാക്കിസ്ഥാനികളും തമ്മില്‍ വില പേശല്‍ നടക്കുന്നു. ഒരു മണിക്കൂര്‍ അധ്വാനത്തിന്റെ കൂലിക്ക് വേണ്ടിയാണ്.
ഹംസക്ക ഇപ്പോള്‍ മൂകനാണ്.
എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.
"നാട്ടില്‍ പോയിട്ട് ഇപ്പോ...''
എന്റെ മനസ്സ് വായിച്ചിട്ട് എന്ന പോലെ ഹംസക്ക പറഞ്ഞു.
"നാട്ടില്‍ പോയിട്ട് കൊല്ലങ്ങളായി മോനേ...''നരച്ച താടി ഉഴിഞ്ഞു ചിരിച്ചുകൊണ്ടാണ് ഹംസക്ക പറഞ്ഞത്.
"ഞമ്മക്ക് നാട്ടില്‍ പോകാന്‍ എളുപ്പാ. നിങ്ങളെപ്പോലെ വിമാനടിക്കറ്റും വിസേം പാസ്‌പോര്‍ട്ടും ഒന്നും വേണ്ട. ദേ നേരേ പോയി ആ പോലീസുകാരനില്ലേ, അയാളുടെ മുന്നില്‍ പോയി നിന്നുകൊടുത്താല്‍ മതി. ആദ്യം അവരു പിടിച്ചു ജയിലിലിടും. പിന്നെ ജയിലൊക്കെ നിറയുമ്പോ അവരു പൊതുമാപ്പ് പ്രഖ്യാപിക്കും. എന്നിട്ട് വിമാനത്തില്‍ കയറ്റി നാട്ടിലേക്ക് വിടും. അല്ലെങ്കിലും ഈ കല്ലുവലികളെ ജയിലില്‍ നിറച്ചിട്ട് അവര്‍ക്കെന്തു കിട്ടാനാ...''അതു പറഞ്ഞപ്പോള്‍ ഹംസക്കയുടെ ശബ്‌ദം അല്‍പ്പം ഇടറിയിരുന്നു.
എന്റെ മുന്നിലുള്ള ശുഷ്‌ക്കിച്ച ഈ മനുഷ്യനും ഒരു ഗൃഹനാഥന്‍ ആണ്.
പക്ഷേ ചുള്ളിക്കമ്പുകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ കുഞ്ഞുകൂടും അയാള്‍ക്ക് അന്യമാണ്.
ഇല്ല
ദേശാടനക്കിളികള്‍ കരയാറില്ലല്ലോ...
തിരിച്ചു റൂമിലേക്ക് പോയത് ഒരു ടാക്‌സിയിലാണ്.
ഹംസക്കായുടെ കൂടെ ആ വാനില്‍ കമ്പനിയിലേക്ക് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അമ്പത്തെട്ടു വയസ്സിന്റെ വയ്യായ്‌കകള്‍ക്കു ചുമക്കേണ്ട വിഴുപ്പുഭാണ്ഡങ്ങള്‍ക്ക് അവിടെ ഭാരം കൂടുതലാണ്.
ടി വിയില്‍ എസ് എം എസിന് വേണ്ടി യാചിക്കുന്ന പെണ്‍കുട്ടി....
കെട്ടുകാഴ്‌ചകള്‍ ഇല്ലാത്ത ഈ റിയാലിറ്റി ഷോയില്‍ ഞാന്‍ ആര്‍ക്ക് എസ് എം എസ് അയക്കും.???
.
.
16 August 2009
Subscribe to:
Post Comments (Atom)
2 comments:
ആദ്യം പോസ്റ്റ് ചെയ്തത് അറിയാതെ ഡിലീറ്റ് ചെയ്തു പോയി..കുറെ നല്ല കമന്റുകളും നഷ്ടമായി...ഇപ്പൊ വീണ്ടും ഒന്ന് കൂടി പോസ്റ്റ് ചെയ്തു.
സാരമില്ല. മനസ്സില്‍ തട്ടിയ ഒരു കഥ. നന്നായി പറഞ്ഞു കേട്ടോ.
ഇനിയും വരും. കൂടുതല്‍ കഥകള്‍ കേള്‍കാനായി.
(മനോരമയില്‍ വന്നിരുന്നു അല്ലെ. അഭിനന്ദനങ്ങള്‍)
Post a Comment