13 September 2009
ഗുണ്ടയുടെ സഹോദരി...
മേരിചേച്ചിയുടെ കയ്യില്‍ നിന്നും ആ പൊതി വാങ്ങുമ്പോള്‍ രാജിയുടെ കൈകള്‍ ചെറുതായി വിറച്ചു...
അവള്‍ക്കവരോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ആ കണ്ണുകളിലേക്കു നോക്കുമ്പോള്‍ എല്ലാ ശക്തിയും ചോര്‍ന്നു പോകുന്നതു പോലെ.......
മേരിച്ചേച്ചി യുടെ മുഖത്തപ്പോള്‍ പെയ്തൊഴിയാത്ത മേഘങ്ങള്‍ ഊറിക്കൂടുകയായിരുന്നു.. ഊര്‍ന്നു വീഴാന്‍ തുടങ്ങിയ സാരിത്തലപ്പു നേരെയാക്കി തണുത്ത കൈകള്‍ കൊണ്ട് തുളുമ്പാന്‍ തുടങ്ങുന്ന കണ്ണുനീര് തുടച്ച് അവര്‍ അവളെ നോക്കി ചിരിച്ചു.രാജിയുടെ കണ്ണുകളും നിറഞ്ഞു തുടങ്ങുകയായിരുന്നു....
സ്നേഹത്തിന്റെ നിറകുടം പോലെ തോന്നിച്ച അവരുടെ മുഖത്ത് നിന്നും കണ്ണുകള്‍ പറിച്ച് അവള് മുഖം താഴ്ത്തി..
''എങ്ങനെയാണിവര്‍ .....??!!!
അകത്തെ ടിവി യില്‍ നിന്നും അപ്പോഴും വാര്ത്താവായനക്കാരന്റെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു....
....''കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ജോണ്‍ വധക്കേസില്‍ പ്രതി രമേശനെ ജീവപര്യന്തം ശിക്ഷയ്ക്ക്
വിധിച്ച കോടതിയെപ്പോലും അമ്പരപ്പിച്ചു കൊണ്ടാണ് രമേശന് ജയിലിലേക്കുള്ള വഴിക്കിടെ ദാരുണമായി കൊല്ലപ്പെടുന്നത്...രമേശന്റെ മരണം കഴിഞ്ഞു രണ്ടു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല..കുറ്റമേല്‍ക്കാന്‍ വേണ്ടി രമേശന് പത്തു ലക്ഷം രൂപ
വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് പ്രതി പോലീസ് വാഹനത്തില്‍ വച്ചു വെടിയേറ്റു കൊല്ലപ്പെടുന്നത്.... അമ്മയുടെ ഓപറേഷന് പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു രമേശന് കുറ്റമേറ്റത് എന്ന ആരോപണം നിലനില്‍ക്കെ തന്നെ തന്റെ അമ്മയുടെ ചികിസയ്ക്കായി പണത്തിനു ബുദ്ധിമുട്ടുന്ന രമേശന്റെ സഹോദരിയെയാണ് ഞങ്ങളുടെ പ്രതിനിധിക്ക് രമേശന്റെ പണിതീരാത്ത വീട്ടില്‍ കാണാന്‍ സാധിച്ചത്... രമേശന്റെ കൊലപാതകികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് കേരളം വീണ്ടും ഗുണ്ടാസംഘങ്ങളുടെ കൈപ്പിടിയില്‍ അമരുകയാണോ എന്ന സംശയം അവശേഷിപ്പിക്കുന്നു.....''
മേരിച്ചേച്ചിയുടെ മുഖത്ത് അപ്പോഴും ഭാവമാറ്റം ഒന്നും ഇല്ലായിരുന്നു.മുഖത്തു പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ വെളുത്തതൂവാല കൊണ്ടു ഒപ്പിക്കൊണ്ട് കയ്യിലെ കുരിശുമാലയില്‍ അവര്‍ ഒന്നു കൂടി ഇറുകെപ്പിടിച്ചു...
...''ഈ ലോകം എന്ത് പറയുന്നുവന്നു നമ്മള് ശ്രദ്ധിക്കേണ്ട രാജീ നഷ്ടപ്പെട്ടത് നമുക്കു മാത്രമാണ് നമ്മെ വിട്ടുപോയവര്‍ ഒരിക്കലും തിരിച്ചുവരില്ല..രമേശനെ ഞാന്‍ ജയിലില്‍ പോയി കണ്ടിരുന്നു...എന്റെ മകനെ കൊന്നത് എന്തിനായിരുന്നുവന്നു ചോദിക്കാനായിരുന്നു ഞാന്‍ പോയത്..പക്ഷെ...''
അവരുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു.....
....''........എന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രമേശന്റെ കണ്ണുകള്‍ നിറയുന്നത് മാത്രമെ ഞാന്‍ കണ്ടുള്ളൂ....എന്നോടൊന്നും പറഞ്ഞില്ലെങ്കിലും അവന്റെ കണ്ണുകളില്‍ നിന്നും എനിക്ക് സത്യം വായിച്ചെടുക്കാമായിരുന്നു...ടിവി ക്കാര് പറയുന്നതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല..എന്റെ മകന് അത്തരത്തിലുള്ള കൂട്ടുകെട്ടുകള്‍ ഒന്നുമില്ലായിരുന്നു എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്....കര്‍ത്താവിനു മാത്രമെ സത്യമറിയൂ....നേടിയെടുത്തതൊന്നും കൂടെ കൊണ്ടുപോകാതെ അവന് പോയി....കടമകള്‍ നിറവേറ്റനാകാതെ രമേശനും.....''
അവരപ്പോള്‍ വിദൂരതയിലേക്കു നോക്കിയിരിക്കുകയായിരുന്നു....
ഭിത്തിയില്‍ രമേശന്റെ ഫോട്ടോയില്‍ ചാര്‍ത്തിയ മാലയിലെ പൂക്കള്‍ കരിഞ്ഞു തുടങ്ങിയിരുന്നു...അകത്തുനിന്നും അമ്മയുടെ നേര്‍ത്ത ഞരക്കം കേള്‍ക്കാം...മുറ്റത്തു കൂട്ടിയിട്ട വാര്‍പ്പ് പലകകള്‍ തനിക്ക് ചുറ്റും ഭീകര നൃത്തമാടുന്നതായി രാജിക്ക് തോന്നി.തന്റെ മുന്നിലിരിക്കുന്ന ഈ സ്ത്രീക്ക് പേരറിയാത്ത ഏതോ ദേവിയുടെ ഛായയാണ്...പേടിപ്പെടുത്തുന്ന വിജനതയില്‍ നിന്നും അവര്‍ തന്റെ വെളുത്ത കൈകള്‍ തങ്ങളുടെ നേര്‍ക്ക് നീട്ടുന്നു.....
''രാജിക്ക് അച്ഛനെ കണ്ട ഓര്‍മ്മയുണ്ടോ......''
മേരിച്ചേച്ചി ചോദിച്ചു ...
അവള്‍ക്കപ്പോള്‍ പണ്ട് സ്കൂളിലെ ആദ്യദിവസം ഒന്നാം ക്ലാസ്സില്‍ വച്ചു ലീല ടീച്ചറുടെ ചോദ്യമാണ് ഓര്മ വന്നത്...
''രാജിയുടെ അച്ഛന്റെ പേരെന്താ...??''
''.. എനിക്ക് അച്ഛനില്ല ടീച്ചര്‍....''..
അന്ന് ഉച്ചയ്ക്ക് രമേശേട്ടന്റെ കയ്യും പിടിച്ചു വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ ചോദിച്ചു....
''നമ്മടെ അച്ഛന് എങ്ങിനാ മരിച്ചേ ഏട്ടാ....??''
''..തെങ്ങീന്ന് വീണ്.....''
അന്ന് മുതല്‍ തെങ്ങിനോട് വെറുപ്പായിരുന്നു....എന്റെ അച്ഛനെ കൊന്നതല്ലേ....
രമേശേട്ടന് വാര്‍പ്പ് പണിക്കു പോകുമ്പോളും പേടിയായിരുന്നു...
എങ്ങാനും വീണാല്‍....
പലപ്പോഴും തടഞ്ഞു....ഏട്ടന് വേറെ എന്തെങ്കിലും പണി നോക്കിക്കൂടെ ....ഉയരത്ത് കയറണ്ടാത്ത........
അന്ന് രമേശേട്ടന് ചിരിക്കുമായിരുന്നു...
അമ്മയുടെ അസുഖമാണ് ഏട്ടനെ തളര്‍ത്തിയത്....മുഖത്തു നിറഞ്ഞ ഗൗരവമുള്ള ആ ഡോക്ടര്‍ പറഞ്ഞതു അസത്യമാണെന്ന് തന്നെ ഏട്ടന് വിശ്വസിച്ചു.
..പക്ഷെ.......
ഓപറേഷന് വേണ്ടി വരുന്ന കനത്ത സംഖ്യ ഡോക്ടറില്‍ നിന്നും അറിഞ്ഞ ദിവസം ഒരു കൊച്ചു കുട്ടിയെപോലെ ഏട്ടന് പൊട്ടിക്കരഞ്ഞു..
പക്ഷെ ഇങ്ങനെയൊന്നും ആയിത്തീരുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...
അന്ന് ചോരപുരണ്ട കത്തിയുമായി രമേശേട്ടനെ പോലീസ് ഇറക്കികൊണ്ട് പോകുമ്പോള്‍ ആ മുഖത്തു നിര്‍വികാരതയായിരുന്നു.......
അപ്പോഴും ചായം തേച്ച മുഖമുള്ള സുന്ദരി ടി വി ക്യാമറയ്ക്ക് മുന്നില്‍ പറയുന്നുണ്ടായിരുന്നു.. ...
''..ഗുണ്ട രമേശന്.....''
കുറ്റം സമ്മതിച്ചതിന് ഏട്ടന് കിട്ടിയെന്നു പറയുന്ന പണത്തെ കുറിച്ചായിരുന്നു ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും അറിയേണ്ടിയിരുന്നത്...ഒന്നുമുണ്ടായിരുന്നില്ലെന്നു മനസ്സിലായപ്പോള്‍ എല്ലാവരും പോയി..
രണ്ടു ദിവസം മുന്‍പാണ് മേരിച്ചേച്ചി വന്നത്....
ഭയമായിരുന്നു അന്ന്...ഏട്ടന് കൊലപ്പെടുത്തിയെന്ന് പറയുന്ന ജോണിന്റെ അമ്മ...വലിയ വലിയ ആളുകള്‍..ഓടിയൊളിക്കാന്‍ തോന്നി..പക്ഷെ ആ കണ്ണുകളില്‍ സ്നേഹമായിരുന്നു..എല്ലാം മനസ്സിലാക്കിയ പോലെ അവര്‍ അടുത്തുവന്നു തലോടി.....
അമ്മയൊന്നും അറിയില്ല ......
രമേശേട്ടനും.....
...''ഞാന്‍ പോകുകയാണ് രാജി......അമ്മയ്ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്തിക്കുന്നു.....''
മേരിച്ചേച്ചി പതുക്കെ എഴുന്നേറ്റു....അവരുടെ കണ്ണുകള്‍ അപ്പോഴും നിറഞ്ഞു തന്നെയിരിക്കുകയായിരുന്നു...അകത്തെ മുറിയില്‍ കിടക്കുന്ന അമ്മയെ ഒന്നുകൂടി എത്തിനോക്കി അവര്‍ പതിയെ പടികളിറങ്ങി മുറ്റത്തേക്ക് നടന്നു...രാജിക്ക് നിന്ന നില്പ്പില് നിന്നും അനങ്ങാന്‍ കഴിയുമായിരുന്നില്ല വെളുത്ത അംബാസിഡാര്‍ കാര്‍ ചെമ്മണ് പാതയിലൂടെ അകലേക്ക് മാഞ്ഞു പോകുമ്പോളും അവള് അതെ നില്‍പ്പ് നിന്നു.അവളുടെ മനസ്സിലപ്പോള്‍ ഒരു ചോദ്യം മാത്രമായിരുന്നു...
...'ഈ പൊതിയിലെ നോട്ടുകെട്ടുകള്‍ ആരുടെ ജീവന്റെ വിലയാണ്..???..എന്റെ എട്ടന്റെയോ അതോ അവരുടെ മകന്റെയോ..???..'........................................
Labels:
കഥ
Subscribe to:
Post Comments (Atom)
12 comments:
ചെറിയൊരു പരീക്ഷണം....ആനുകാലിക സംഭവങ്ങള്‍ ഒരു കഥയില്‍ കൊണ്ടുചെന്നെത്തിച്ചു...മടിച്ചു മടിച്ചാണ് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്...പാളിപ്പോയെങ്കില്‍ തുറന്നു പറയണം....വായിച്ചു തുറന്ന അഭിപ്രായം പറയുക..
ഞാനും ഈ ഒരു ലൈനിൽ ചിന്തിച്ചതാണ്. ഗുണ്ടകൾ എന്നു വിളിയ്ക്കപ്പെടുന്നവരുടെ ക്കുടുംബത്തെപ്പറ്റി.
അനുമോദനങ്ങൾ മുരളീ..
നന്നായിരിക്കുന്നു കഥ....
ഭാവനകൾ ഇനിയും വിരിയട്ടെ....
ആശംസകൾ.
ഗുണ്ടയുടെ സഹോദരി .. നന്നായിട്ടുണ്ട്.. പക്ഷെ ഇതൊരു കഥ മാത്രമായി വായിക്കാനാണ് എനിക്കിഷ്ടം.. മറ്റൊന്നുമല്ല.. പല ഗുണ്ടകളും ഉണ്ടാകുന്നത് കുടുംബത്തില്‍ നിന്നാണെന്നതു കൊണ്ടു തന്നെ.
ഹേയ് പാളിപ്പോയി്ട്ടോന്നും ഇല്ല , കഥ നന്നായിട്ടുണ്ട്, ആശംസകള്‍..
കഥ ഇഷ്ടപ്പെട്ടു...
സത്യസന്ധമായ കഥ..നല്ല ഒരു പ്രമേയം..
കഥ ശരിയ്ക്കും ടച്ചിങ്ങ് ആയി. വായന കഴിഞ്ഞപ്പോള്‍ ഒരു നൊമ്പരം!
ഒരു നൊമ്പരപ്പൂവ് കൂടി.. കഥ നന്നായി.
എതിരവന്,വീ കെ ,രഞ്ജിത്ത് വിശ്വം,തൃശൂര്ക്കാരന്,സംഗീത,ശ്രീ,കുമാരന്...അഭിപ്രായമറിയിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി..
nice one..
nanmayude praghosham !!!!!!!!!!
Post a Comment