3 September 2009

സ്മിത ജോസഫ്‌ ആത്മഹത്യ ചെയ്തതാണ്.........(കഥ)ഇന്നു രാവിലെയാണ് അറിയുന്നത് ...
സാധാരണ പത്രത്തിലെ ചരമക്കോളം നോക്കുന്ന പതിവില്ല .....
എന്തോ ഒന്നു കണ്ണോടിച്ചപ്പോള്‍ ആദ്യം കണ്ടത് ഈ വാര്‍ത്ത ആയിരുന്നു..
സ്മിതയുടെ ആത്മഹത്യ തന്നില്‍ ഒരു വലിയ ഞെട്ടല്‍ ഉണ്ടാക്കിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു......
ഒരു പക്ഷെ താനിത് പ്രതീക്ഷിച്ചിരുന്നുവോ????..............
ചരമ പേജിന്റെ ഇടത്തേ മൂലയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന സ്മിതയുടെ ഫോട്ടോ....
കുറെ മുമ്പുള്ള ഫോട്ടോ ആണെന്ന് തോന്നുന്നു ....കണ്ണുകളില്‍ ആ പഴയ തിളക്കം....
.......'എം ജെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍ ആന്റണി യുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍'..... എന്നാണ് വാര്‍ത്ത .വ്യക്തികള്‍ക്ക് പ്രശസ്തി കൂടുമ്പോള്‍ വാര്‍ത്തകളുടെ വലിപ്പവും കൂടുന്നു.....
സ്മിത ജോസഫ്‌ എന്ന പെണ്‍കുട്ടി തനിക്ക് ആരായിരുന്നു?????........................
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ കൂട്ടത്തില്‍ ഈ ചോദ്യത്തിനായിരുന്നല്ലോ പണ്ടേ മുന്‍തൂക്കം...പലവട്ടം സ്വയം ചോദിച്ചിട്ടുണ്ട്..പക്ഷെ ഉത്തരത്തിനു മാനങ്ങള്‍ പലതാണെന്നു തിരിച്ചറിയുകയായിരുന്നു........
പെട്ടന്നാണ് ഓര്‍ത്തത്‌ ...
രാജീവ്‌ വിവരം അറിഞ്ഞിട്ടുണ്ടാവുമോ????....
അവനിപ്പോള്‍ എവിടെയായിരിക്കും...??...
കാലിഫോര്‍ണിയ ???..............
സ്മിത യുടെ ആത്മഹത്യ അറിയുമ്പോള്‍ എന്തായിരിക്കും അവന്റെ പ്രതികരണം എന്നോര്‍ത്തു ....ഒരുപക്ഷെ അവന്‍ പഴയതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല .....ചില ഓര്‍മ്മകള്‍ വേദനകളല്ലേ സമ്മാനിക്കാറുള്ളൂ........
സ്മിതയുടെ വീട്ടില്‍ പോകണമെന്നുണ്ട്.....ഓര്‍മകളില്‍ നിന്നും ഒളിച്ചോടാന്‍ ഏറ്റവും നല്ലത് ആള്‍ക്കൂട്ടത്തില്‍ ഒരാളാവുകയാണ് .....പക്ഷെ.....ചെറുപ്പം മുതലേ മരണ വീടുകളില്‍ പോകാന്‍ എനിക്കിഷ്ടമല്ല .എന്താണെന്നറിയില്ല മരിച്ചു കിടക്കുമ്പോള്‍ പോലും അവര്‍ക്കു സ്വൈര്യംകൊടുക്കാതെ ചുറ്റിലും ശബ്ദങ്ങളാണ്.........
സ്മിതയുടെ വീട് എവിടെയാണെന്നറിയില്ല അന്വേഷിച്ചാല്‍ എളുപ്പംകണ്ടെത്താം.ബിസ്സിനെസ്സ് മാഗ്നറ്റ് ജോണ്‍ ആന്റണി യുടെ വീട് ഈ സിറ്റിയില്‍ മിക്കവര്‍ക്കും സുപരിചിതമായിരിക്കും ...പക്ഷെ അവിടെ പോയിട്ട് ആരെ കാണാനാണ്??....വേണ്ട....അവസാനമായി സ്മിതയെ കണ്ട ദിവസം ഇനി ഒരിക്കലും അവളെ കാണാന്‍ ശ്രമിക്കുകയില്ലെന്നു തീരുമാനിച്ചാണ് ഇറങ്ങിയത്‌...അതങ്ങിനെ തന്നെ ഇരിക്കട്ടെ....
......സ്മിതയെ ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്നത് എന്റെ പഴയ കലാലയത്തില്‍ വച്ചാണ്......
ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആണ്... ..ബിഎസ് സി ക്ക് പഠിക്കുന്ന കാലം...
ഇത്തിരി ബുദ്ധിജീവിത്തരവും സാഹിത്യവും വിപ്ലവപാര്‍ടിയും ഒക്കെയായി കോളേജില്‍ കറങ്ങി നടന്നിരുന്ന കാലം..ചിന്തകള്‍ക്ക് കുതിരയുടെ വേഗവും ചോരയുടെ നിറവുമായിരുന്നു ...രണ്ടാം വര്‍ഷം ക്ലാസുകള്‍ തുടങ്ങി ഏതാനും നാളുകള്‍ കഴിഞ്ഞിരുന്നു.കാന്റീനിന്റെ ഒഴിഞ്ഞ കോണിലിരുന്നു ഏണസ്റ് ഹെമിംഗ് വേയെ മെരുക്കുകയായിരുന്നു...'ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ' യുടെ ഒരു ആഖ്യാനം...എഴുതി തുടങ്ങിയിട്ടേ ഉള്ളുവായിരുന്നു....അടുത്താഴ്ച കോളേജില്‍ നടക്കുന്ന സംവാദത്തില്‍ അവതരിപ്പിക്കാനുള്ളത്..
അപ്പോള്‍ മഹേഷാണ് വന്നു വിവരം പറഞ്ഞതു....
ക്ലാസ്സില്‍ ഒരു പുതിയ പെണ്‍കുട്ടി എത്തിയിട്ടുണ്ടത്രേ.....
ഗീത മാഡത്തിന്റെ ജന്തുശാസ്ത്ര ക്ലാസ്സില്‍ നിന്നും മുങ്ങി നടക്കുകയായിരുന്നു...റെക്കോര്‍ഡ്‌ ഇതുവരെ കമ്പ്ലീറ്റ്‌ ചെയ്തിട്ടില്ല .... .ക്ലാസ്സില്‍ കയറിയിട്ട് ദിവസം രണ്ടായി..ഗീത മാഡം എങ്ങാനും കണ്ടാല്‍ നല്ല ത്രിശൂര്‍ ഭാഷയില്‍ വഴക്ക് ഉറപ്പാണ്‌ ........
അന്ന് ഉച്ചയ്ക്കാണ് സ്മിതയെ ആദ്യം കാണുന്നത്..
പ്രീ ഡിഗ്രി ബ്ലോക്കിന്റെ നീളന്‍ വരാന്തയിലൂടെ റെക്കോര്‍ഡ്‌ ബുക്കും മാറോടടുക്കിപ്പിടിച്ചു പതിയെ നടന്നു വരുന്ന തീനാളം പോലുള്ള പെണ്‍കുട്ടി...........എന്റെ ഓര്‍മ്മയിലുള്ള സ്മിതയുടെ ആദ്യ രൂപം അതാണ്.തോളില്‍ നിന്നും ഊര്‍ന്നു വീണ ഷാള്‍ നേരെയാക്കിക്കൊണ്ട് ഒരു ഇളംകാറ്റുപോലെ അവളന്ന് കടന്നുപോയി......
ക്ലാസ്സില്‍ മറ്റു പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു ചേട്ടന്‍ ഇമേജ് ഉള്ളതുകൊണ്ടാണോ എന്നറിയില്ല സ്മിത ആദ്യം അടുത്തത് ഞാനുമായായിരുന്നു...അവളുടെ മുഖത്തെപ്പോഴും നിറഞ്ഞ ചിരി ആയിരുന്നു.....സിറ്റിയിലെ അറിയപ്പെടുന്ന ഡോക്ടര്‍ ജോസഫ്‌ പോളിന്റെ മകള്‍..അവള്‍ ഫസ്റ്റ് ഇയര്‍ പഠിച്ചത് മറ്റൊരു കോളേജില്‍ ആയിരുന്നു അവിടെ നിന്നും ഈ വര്‍ഷം ഇങ്ങോട്ട് മാറിയതാണ്....
കോളേജ് മാറിയതെന്തിനാനെന്ന ചോദ്യത്തിന് ആര്‍ക്കും അവള്‍ വ്യക്തമായ ഒരു ഉത്തരം നല്‍കിയിരുന്നില്ല.പരിചയപ്പെട്ടപ്പോള്‍ തന്നെ മറ്റു പെണ്കുട്ടികള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അവളിലുണ്ടെന്നു തോന്നി.എല്ലാവരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു സാന്നിധ്യം...എനിക്ക് സുഹൃത്തുക്കള്‍ വളരെ കുറവായിരുന്നു.കോളേജിലെ വര്‍ണക്കാഴ്ചകള്‍ക്കിടയില്‍ വേറിട്ട മുഖവുമായി കടന്നുവന്ന രാജീവ് ആയിരുന്നു എന്റെ അടുത്ത സുഹൃത്ത്...അവന്‍ എന്റെ ക്ലാസ്സ്മേറ്റ്‌ ഉം റൂംമേറ്റ്‌ ഉം ആയിരുന്നു..........
പൊതുവെ അന്തര്‍മുഖനായിരുന്നു രാജീവ്‌ ഒരിടത്തരം കര്‍ഷകകുടുംബത്തിന്റെ പ്രതീക്ഷ.അവന് ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്നും അവനെ വ്യത്യസ്ടനാക്കിയതും അതുതന്നെ. തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെയോര്‍ത്തു അവന്‍ വ്യാകുലപ്പെട്ടില്ല അവന്റെ ശ്രദ്ധ മുഴുവന്‍ പഠനത്തില്‍ മാത്രം ആയിരുന്നു.....
ഹോസ്റ്റല്‍ മുറിയിലെ വൈകുന്നേരങ്ങളില്‍ ആകാശത്തിന് കീഴിലുള്ള എന്തിനെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുമ്പോഴും രാജീവ് അതിലൊന്നും ഭാഗവാക്കായിരുന്നില്ല ....മറ്റുള്ളവര്‍ക്ക് തീര്‍ത്തും അപരിചിതമായ തന്റേതായ ഒരു ലോകത്ത് അവന്‍ ഒതുങ്ങിക്കൂടി....ഒരുപക്ഷെ ആ ക്യാരക്ടര്‍ ആവണം അവനെ എന്റെ അടുത്ത കൂട്ടുകാരന്‍ ആക്കിതീര്‍ത്തത്‌............
................ഒരു വിദ്യാര്‍ഥിസമരകാലത്താണ് സ്മിതയും രാജീവും തമ്മില്‍ അടുക്കുന്നത്....................
വര്‍ദ്ധിച്ചു വരുന്ന വിദ്യാര്‍ഥി സമരങ്ങളില്‍ ക്ലാസുകള്‍ നഷ്ടപെടുന്നതിനെ പറ്റി രാജീവ് കോളേജ് മാഗസിനില്‍ ഒരു ലേഖനം എഴുതിയിരുന്നു...അതിന്റെ പേരില്‍ കോളേജിലെ ഒരു വിദ്യാര്‍ഥി നേതാവും രാജിവുമായി ചെറിയ കശപിശ നടന്നു.അന്ന് ഒരു ഇന്റര്‍വെല്‍ സമയത്ത് അയാള്‍ ക്ലാസ്സിലെത്തി....അയാള്‍ രാജിവിനെ തല്ലാന്‍ തുടങ്ങുകയായിരുന്നു........രാജീവിന്റെ കാര്യം ആയതുകൊണ്ട് പ്രശ്നത്തില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ മടിച്ചു....പക്ഷെ അന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്മിത ആ നേതാവിന്റെ കോളറിനു പിടിക്കുകയും ക്ലാസില്‍ നിന്നു പുറത്തേക്ക് തള്ളുകയും ചെയ്തു.അവളില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത ഒരു പെരുമാറ്റമായിരുന്നു. അത്...ആ സംഭവം കോളേജില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി....ഒടുവില്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ പ്രശ്നം ഒത്തുതീര്‍പ്പായെങ്കിലും രാജീവും സ്മിതയും തമ്മില്‍ പ്രണയത്തില്‍ ആണെന്ന വാര്‍ത്ത കോളേജില്‍ പരന്നു .....സ്മിതയോടുള്ള ദേഷ്യത്തിന്റെ പുറത്തു ആരൊക്കെയോ പറഞ്ഞു പരതിയതായിരുന്നു അത്..
രാജീവ്‌ പക്ഷെ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല ...അവന്റെ മുന്നില്‍ പഠനം മാത്രമെ ഉണ്ടായിരുന്നുള്ളൂ.. ക്ലാസ്സ് റൂമിലും ലൈബ്രറി യിലുമായി അവന്‍ ഒതുങ്ങിക്കൂടി..സ്മിത കൂടുതല്‍ സമയവും എന്റെ കൂടെ ആയിരുന്നു..അവള്‍ക്കു മറ്റു സുഹൃത്തുക്കള്‍ കുറവായിരുന്നു താനും.. എന്നോട് അവളെങ്ങിനെ അടുത്തു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..''നമ്മുടെ ചിന്തകള്‍ക്ക് ഒരേ ഗതിവേഗമാണ് ''..എന്നാണ് അവള്‍ അതേപ്പറ്റി പറഞ്ഞത്...
പുഞ്ചിരി തൂകുന്ന മുഖവുമായി എല്ലാവരോടും കുശലം പറഞ്ഞു കടന്നുപോകുമ്പോഴും മനസ്സിലാക്കാന്‍ ഒരുപാടു വിഷമമുള്ള ഒരു കാരക്ടര്‍ ആയിരുന്നു അവളുടേത്‌...ചില നേരങ്ങളില്‍ ക്ലാസ്സ് റൂമിലെ പൊട്ടിയ ജാലകചില്ലിലൂടെ അവള്‍ അകലേക്ക് നോക്കിയിരിക്കുന്നത് കാണാം...അപ്പോളവളുടെ കണ്ണുകളില്‍ പെയ്തൊഴിയാത്ത ഏതോ വിഷാദത്തിന്റെ നീര്‍ക്കണങ്ങള്‍ ഒളിഞ്ഞിരിക്കുന്നതു പോലെ തോന്നിയിരുന്നു....
.....................മഴക്കാലം പോയി വസന്തം വന്നു.വസന്തം പടിയിറങ്ങിപ്പോകുന്ന നാളുകളിലെവിടെയോ വച്ചു രാജീവ്‌ സ്മിതയെ ക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു തുടങ്ങിയതായി ഞാന്‍ അറിഞ്ഞു..അവന്‍ പതിയെ അവളിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയായിരുന്നു.....അവളോട്‌ സംസാരിക്കുമ്പോള്‍ അവന്റെ കണ്ണുകളിലെ ആര്‍ദ്രമായ തിളക്കം ഞാന്‍ കണ്ടു....അവന് സംഭവിച്ച മാറ്റത്തില്‍ എനിക്ക് അത്ഭുതമായിരുന്നു ...കേള്‍ക്കാത്ത പാട്ടുകള്‍ മാധുര്യമേറിയത് തന്നെ....സ്മിതയുടെ മനസ്സില്‍ എന്താണെന്നു എന്ന് എനിക്ക് മനസ്സിലായിരുന്നില്ല..പക്ഷെ ദിനങ്ങള്‍ പോകെ കോളേജിന്റെ നീണ്ട വരാന്തകളില്‍ അവളുടെ കണ്ണുകള്‍ അവനെ തേടുന്നത്‌ ഞാന്‍ അറിഞ്ഞു..ഒടുവിലൊരുനാള്‍ ഞാന്‍ അവളോട്‌ ചോദിച്ചു..
..സ്മിത നീ രാജീവിനെ ഇഷ്ടപ്പെടുന്നുണ്ടോ??.........
ആദ്യം മൌനമായിരുന്നു എങ്കിലും പതുക്കെ അവള്‍ പറഞ്ഞു....''ഐ ഡോണ്ട് നോ രമേഷ് ..സംടൈംസ്‌ ...ഐ ഫീല്‍ ലൈക്‌.....''
അതുപറയുമ്പോള്‍ അവളുടെ മുഖത്ത്‌ ഒരു വിഷാദച്ചവി കലര്‍ന്നിരുന്നുവോ ??..
അവളുടെ കയ്യിലപ്പോള്‍ രാജീവിന്റെ കെമിസ്ട്രി നോട്ട് ബുക്ക്‌ ഉണ്ടായിരുന്നു...അവന്‍ ക്ലാസ്സില്‍ വച്ചു മറന്നതാണ്...
ഞാന്‍ രാജീവിനെ കുറിച്ചാണ് ചിന്തിച്ചത്‌ പ്രേമിക്കുന്നവരെ അവന് പുച്ഛമായിരുന്നു...ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോടലിന്റെ ആദ്യ പടിയാണ് പ്രണയം എന്നായിരുന്നു അവന്റെ തിയറി....
സ്മിതയപ്പോള്‍ രാജീവിന്റെ നോട്ട് ബുക്ക്‌ തുറന്നുനോക്കുകയായിരുന്നു.....ആദ്യ പേജില്‍ അവനിഷ്ടപ്പെട്ട റോബര്‍ട്ട്‌ ഫ്രോസ്റ്റ് ഇന്റെ വരികള്‍...
woods are lovely dark and deep
but i have promises to keep
and miles to go before i sleep........
.................ചിലപ്പോഴൊക്കെ രാജിവ്‌ ക്ലാസ്സ് മുറിയില്‍ നിന്നും അപ്രത്യക്ഷനാകാന്‍ തുടങ്ങി....
കാന്റീനിനടുത്തുള്ള ബോധി മരച്ചുവട്ടിലും....ടെന്നീസ് കോര്‍റ്റിനരികിലെ സിമന്റ്‌ ബഞ്ചിലുമെല്ലാം അവനെ സ്മിതയോടൊപ്പം കണ്ടു.....രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഹോസ്റ്റല്‍ മുറിയിലെ ജനലിലൂടെ അവന്‍ നക്ഷത്രങ്ങളെ നോക്കിയിരിക്കുന്നത് കാണാമായിരുന്നു.സ്മിതയും മാറുകയായിരുന്നു ..നഷ്ടപ്പെട്ട വസന്തങ്ങള്‍ അവളുടെ മനസ്സില്‍ തിരിച്ചുവന്നപോലെ തോന്നി....സ്വപ്നങ്ങള്‍ക്ക് കുഞ്ഞു കുഞ്ഞു ചിറകുകള്‍ നല്കി ബോഗന്‍ വില്ലകള്‍ പൂത്തു നില്ക്കുന്ന കോളേജ് റോഡിന്റെ ഓരങ്ങളില്‍ അവര്‍ ഹൃദയങ്ങള്‍ കൈമാറി. ആ കുന്നിന്‍ ചെരിവിലെ കുഞ്ഞു പുല്‍ക്കൊടികള്‍ക്ക് പോലും അവരെ അറിയാമായിരുന്നു.എന്റെ കവിതളിലെ വിപ്ലവത്തിന്റെയും അസ്തിത്വത്തിന്റെയും ചുവപ്പ് അതിരുകളില്ലാത്ത പ്രണയത്തിന്റെ കടുംവര്‍ണങ്ങള്‍ക്കു വഴിമാറി .സുന്ദരമായ പ്രണയത്തിന്റെ ഋതുഭേതങ്ങള്‍ മാറിമറിഞ്ഞു...ലൈബ്രറി മുറ്റത്തെ മെയ്‌ഫ്ലവര്‍ മരങ്ങള്‍ ഒരുവട്ടം കൂടി പൂത്തു.അവര്‍ ഒന്നാവണം എന്നായിരുന്നു എന്റെ ആഗ്രഹം.വിവാഹം ബന്ധനങ്ങള്‍ ആണെന്ന് മനസ്സിനെ പഠിപ്പിച്ചു വച്ചിരുന്ന കാലമായിട്ട് പോലും എന്റെ പ്രിയ്യപ്പെട്ട രണ്ടു കൂട്ടുകാര്‍ ഒരുമിക്കുന്നത് കാണാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു......................
മാസങ്ങള്‍ കടന്നുപോയി.....സ്മിതയെ ഞാന്‍ കൂടുതല്‍ കൂടുതല്‍ അറിയുകയായിരുന്നു....രാജീവിനോട്‌ സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ അവള്‍ എന്നോട് സംസാരിച്ചു...
ആ നാളുകളിലൊന്നില്‍ അവള്‍ പറഞ്ഞതു ഞാനിപ്പോളും ഓര്‍ക്കുന്നു...
............''നൂലറ്റ ഒരു പട്ടം പോലെ ഇങ്ങനെ പാറി പറന്നു നടക്കാനാണ് എനിക്കിഷ്ടം... നൂലിഴകള്‍ പൊട്ടുമ്പോള്‍ പട്ടങ്ങള്‍ക്കു എന്ത് സന്തോഷമായിരിക്കും......അവര്‍ക്കു ബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഇല്ലാതെ പറന്നു നടക്കാമല്ലോ......''
അവളപ്പോള്‍ ബീച്ചിലെ പൂഴിമണലില്‍ രാജിവിനോട് ചേര്‍ന്നിരിക്കുകയായിരുന്നു......
......''..ഡോ.ജോസഫ്‌ പോളിന് തന്റെ മകളെ ഒരു ഡോക്ടര്‍ ആക്കണമെന്നായിരുന്നു ആഗ്രഹം....തന്റെ കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ വേണ്ടി....
അതിന് വേണ്ടി അദ്ദേഹം ആകാവുന്നതെല്ലാം ചെയ്തുതാനും....പക്ഷെ അതിനിടയില്‍ തന്റെ മകളെ സ്നേഹിക്കാന്‍ അദ്ദേഹം മറന്നു പോയിരുന്നു....''
അത് പറയുമ്പോള്‍ അവളുടെ ശബ്ദം ഇടറിയിരുന്നു....
എനിക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു...ഒറ്റപ്പെടലിന്റെ കൂര്‍ത്ത സൂചിമുനകള്‍ കൊണ്ടു മനസ്സിന്റെ നേര്‍ത്ത നൂലിഴകള്‍ പൊട്ടുവാന്‍ തുടങ്ങിയ ഒരു നിമിഷത്തില്‍...ബാംഗ്ലൂരിലെ ശീതീകരിച്ച ക്ലാസ്സ് റൂമില്‍ നിന്നും വിഭ്രാന്തിയുടെ നിലവിളികളോടെ ഇറങ്ങിയോടിയ സ്മിത ജോസഫ്‌ എന്ന ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ.....
അവള്‍ എന്നോടെല്ലാം പറഞ്ഞിരുന്നു....
തീര്‍ത്തും ഒറ്റപ്പെട്ടാണ് അവള്‍ വളര്‍ന്നത്‌...സ്വന്തം അമ്മ ഭര്‍ത്താവിനേയും മൂന്നു വയസ്സുള്ള മകളെയും വിട്ടു മറ്റൊരാളുടെ കൂടെ ഓടിപോവുകയായിരുന്നു എന്ന തിരിച്ചറിവ് കുഞ്ഞുന്നാളില്‍ തന്നെ അവളുടെ മനസ്സില്‍ വലിയ പോറലുകള്‍ ഏല്‍പ്പിച്ചിരുന്നു.... കൂട്ടുകാരുടെ കളിയാക്കലുകള്‍ കൊണ്ടാണോ എന്നറിയില്ല.....എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു എവിടെയോ വച്ചു അവളുടെ മനസ്സിന്റെ താളം ആദ്യമായി തെറ്റിതുടങ്ങിയത്....ഡോക്ടര്‍ ആയ അച്ഛന്‍ ഏറ്റവും നല്ല ചികിത്സ തന്നെ ഏക മകള്‍ക്ക് വേണ്ടി നടത്തി....ഇരുണ്ട മുറികളിലെ നീണ്ട നാളുകള്‍ക്കൊടുവില്‍ പതിയെ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു....മനസ്സിന്റെ താളം വീണ്ടെടുത്ത അവളെ അദ്ദേഹം ബാംഗ്ലൂരിലെ ഒരു ബോര്‍ഡിംഗ് സ്കൂളിലാക്കി ഏകാന്തതയുടെ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ വര്‍ഷങ്ങള്‍ കടന്നു പോയി............കാലം പോറലേല്‍പ്പിച്ചു പോയ അവളുടെ മനസ്സു വീണ്ടും ഉലഞ്ഞത് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു....ബാംഗ്ലൂരിലെ പ്രശസ്തമായ കോളേജില്‍ എംബിബിഎസ് നു മകള്‍ക്ക് അഡ്മിഷന്‍ വാങ്ങികൊടുത്ത അച്ഛനെ തോല്‍പ്പിച്ചുകൊണ്ട്....
ഒന്നാം വര്‍ഷക്ലാസ്സിലെ സുന്ദരിയായ കുട്ടിയോട് സീനിയര്‍ വിദ്യാര്‍ഥികള്‍ കാണിച്ച റാഗിങ്ങ് മാത്രമായിരുന്നു അത്......, പക്ഷെ....തന്നെ വിട്ടെറിഞ്ഞുപോയ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കനലുകളായി എരിഞ്ഞു മനസ്സിന്റെ താളം തെറ്റിച്ച ഒരു ദിനം പുസ്ടകങ്ങള്‍ വാരിയെറിഞ്ഞു കൊണ്ടവള്‍ ക്ലാസ്സ് മുറിയില്‍ നിന്നും ഇറങ്ങിയോടി.....
മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ഡിപ്രഷന്റെ കാണാക്കയങ്ങളില്‍ നിന്നും അവള്‍ തിരിച്ചു കയറി വന്നത് ഒരു പുതിയ ജീവിതത്തിലെക്കായിരുന്നു...ദുഃഖങ്ങളെയെല്ലാം നിറഞ്ഞ ചിരിയിലൊതുക്കാന്‍ അവളെ പഠിപ്പിച്ചത് ഹോസ്പിറ്റലില്‍ അവളെ ചികിത്സിച്ച ഡോക്ടര്‍ ആയിരുന്നു.....
............പിന്നെ നാട്ടിലായിരുന്നു അവളുടെ പഠനം....MBBS വിട്ടു അവള്‍ BSc യിലേക്ക് വന്നു...പക്ഷെ അവിടെയും അവള്ക്ക് തുടരാന്‍ കഴിഞ്ഞില്ല...അമ്മയുടെ സഹോദരിയുടെ സാന്നിധ്യം അവളെ അവിടെ നിന്നും ഈ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു.അവരവിടെ ലക് ചരര്‍ ആയി വന്നതായിരുന്നു....അമ്മയെ പറ്റിയുള്ള ചെറിയ ഓര്‍മ്മകള്‍ പോലും അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു.........
രാജീവിന് പക്ഷെ ഇതൊന്നും അറിയില്ലായിരുന്നു.....അവനോടു കാര്യങ്ങള്‍ തുറന്നു പറയാന്‍ ഞാന്‍ പറഞ്ഞതാണ് ...പക്ഷെ കിട്ടാതെ പോയ സ്നേഹം ഒരു കടലായി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ മതി മറന്നുപോയ ഒരു പെണ്‍കുട്ടി എന്നില്‍ എന്നും ഒരു വേദനയായി...അവനെ നഷ്പെടുമോ എന്നുള്ള ഭയം ആ കണ്ണുകളെ നനച്ചിരുന്നു.....മോഹങ്ങളില്ലതിരുന്ന മനസ്സിന്റെ കോണുകളില്‍ കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ ഊറിക്കൂടുന്നത് ഞാന്‍ കണ്ടു.....
എനിക്കും രാജിവിനോട് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല....
കമ്പികള്‍ പൊട്ടന്‍ വെമ്പി നില്ക്കുന്ന ഒരു ഗിറ്റാറിന്റെ സംഗീതം കെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല...
തന്നേക്കാള്‍ രണ്ടു വയസ്സ് കൂടുതലുള്ള ഒരു പെണ്‍കുട്ടിയെ ആണ് താന്‍ സ്നേഹിക്കുന്നത് എന്ന് രാജീവ്‌ അറിയുമ്പോള്‍...??...
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നതുകൊണ്ട് കൂടുതല്‍ ചിന്തിച്ചില്ല....
പക്ഷെ പതിയെ രാജീവ് കാര്യങ്ങള്‍ അറിഞ്ഞു......അപ്പോഴേക്കും ഞങ്ങള്‍ ഫൈനല്‍ ഇയറില്‍ എത്തിയിരുന്നു.....
സ്മിത തന്നെയാണ് അവനോടെല്ലാം പറഞ്ഞത്.....വളരെ നിസ്സംഗമായി.....ആത്മഹത്യ ചെയ്യാനായി മലമുകളിലേക്ക് പോകുന്ന ഒരു കൌമാരക്കാരിയുടെ കണ്ണുകളായിരുന്നു അവള്‍ക്കപ്പോള്‍....
രണ്ടുതവണ മനോനില തെറ്റിയ കുട്ടിയാണ് സ്മിത എന്നത് രാജിവിനു ഒരു ഷോക്ക്‌ തന്നെയായിരുന്നു.....അവന്‍ തീര്‍ത്തും മൗനിയായി.... ക്ലാസ്സ് മുറിയില്‍ അവന്റെ സാന്നിധ്യം പതിയെ കുറഞ്ഞു വന്നു ...എല്ലാവര്‍ക്കും അത്ഭുതമായിരുന്നു അവന്റെ മാറ്റം........
അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ അവന്റെ മാര്‍ക്കുകളുടെ ശതമാനം തൊണ്ണൂറുകളില്‍ നിന്നും മുപ്പതുകളില്‍ എത്തി.......
''രാജീവ് ..വാട്ട്‌ ഈസ്‌ ഹാപ്പെനിംഗ് ...എന്റെ ഏറ്റവും നല്ല സ്റ്റുഡാന്റ് നീ ആയിരുന്നു....ബട്ട്‌ ... ലുക്ക്‌ അറ്റ്‌ യുവര്‍ യുവര്‍ മാര്‍ക്സ്.......''
ഡിപ്പാര്‍ടുമെന്റ്റ്‌ ഹെഡ് വേണു സാറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അവന്‍ പുളയുകയായിരുന്നു....വേണു സാറിന് അവന്റെ അച്ഛനെ അടുത്തറിയാം അദ്ദേഹത്തിന് അവനിലുള്ള പ്രതീക്ഷകളും....
സുവോളജി ഡിപ്പാര്‍ടുമെന്റ്റ്‌ ഇല്‍ നിന്നും പുറത്തിറങ്ങി രാജീവ് നേരെ പോയത് വീട്ടിലേക്കായിരുന്നു...ആരോടും പറയാതെ.....എന്നോടുമവന് വെറുപ്പായിരുന്നിരിക്കണം......
സ്മിതയുടെ കാര്യത്തില്‍ മാത്രമായിരുന്നു എന്റെ ആശങ്ക....പക്ഷെ അവളുടെ മുഖത്ത് ശാന്തതയായിരുന്നു.....പേടിപ്പെടുത്തുന്ന ശാന്തത....
അവളുടെ മനസ്സിന്റെ താളം വീണ്ടും തെറ്റുമോയെന്നു ഞാന്‍ ആശങ്കപ്പെട്ടു....ഞാന്‍ മിക്ക സമയവും അവളുടെ കൂടെയായിരുന്നു....
പക്ഷെ ഒന്നും സംഭവിച്ചില്ല.....എല്ലാം നൊമ്പരപ്പെടുത്തുന്ന ഒരു മന്ദഹാസത്തിലോതുക്കി അവള്‍ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി........
ആ ചിരിക്കു പിന്നിലെ തകര്‍ന്ന ഹൃദയം എനിക്ക് കാണാമായിരുന്നു....
ഒരാഴ്ച കഴിഞ്ഞാണ് രാജീവ് കോളേജില്‍ തിരിച്ചു വന്നത്....കൂടെ അവന്റെ അച്ഛനുമുണ്ടായിരുന്നു...
അവന്റെ മുഖത്തപ്പോള്‍ തിരിച്ചറിവ്‌കളുടെ വ്യാകുലതകള്‍ ഉണ്ടായിരുന്നില്ല....ഉയര്‍ത്തിവച്ച ശിരസ്സോടെ അവന്‍ വേഗത്തില്‍ ക്ലാസ്‌ റൂമിലേക്ക്‌ നടന്നുപോയി..
അവന്‍ വീണ്ടും പഴയ രാജീവ് ആയി മാറുകയായിരുന്നു......സ്മിതയോടു അവന്‍ സംസാരിച്ചില്ല..
അവന്റെ ശ്രദ്ധ വീണ്ടും പഠനത്തില്‍ മാത്രമായി....സ്മിതയെ അവന്‍ മനപ്പൂര്‍വം അവോയ്ഡ്‌ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പലപ്പോഴും എനിക്ക് തോന്നി.......എനിക്കത്ഭുതമായിരുന്നു അവളുടെ കഥകള്‍ മുഴുവന്‍ കേട്ടിട്ടും അവനെങ്ങിനെ ഇതുപോലെ പെരുമാറാന്‍ കഴിയുന്നു എന്നോര്‍ത്ത്......പക്ഷെ...അവന്റെ മനസ്സിന്റെ നന്മ എനിക്കറിയാം......താന്‍ മൂലം തകര്‍ന്നുപോയെന്നു കരുതിയ രാജീവ്‌ തിരിച്ചു വന്നത് സ്മിതയ്ക്ക് വളരെ ആശ്വാസമായിരുന്നു....പക്ഷെ തകര്‍ന്ന പ്രണയത്തിന്റെ കണ്ണുനീര്‍തുള്ളികള്‍ പലപ്പോഴും അവളില്‍ പെയ്യാതെ കിടക്കുന്നത് എനിക്ക് കാണാമായിരുന്നു..
സ്മിത ഫൈനല്‍ ഇയര്‍ എക്സാം എഴുതിയില്ല....അവളെ അവളുടെ അച്ഛന്‍ ഡല്‍ഹിയിലെ തന്റെ സഹോദരിയുടെ അടുത്താക്കി.....
പിരിഞ്ഞു പോകുന്ന ദിവസം രാജിവിനോട് അവള്‍ എന്തൊക്കെയോ സംസാരിച്ചു...അവള്‍ക്കു വന്ന പാകതയാണ് ഞാന്‍ ശ്രദ്ധിച്ചത്....പ്രിയ്യപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയന്നിരുന്ന ഒരു കൊച്ചു കുട്ടിയില്‍ നിന്നും അവള്‍ ഒരുപാടു വളര്‍ന്നിരിക്കുന്നു......
രാജീവിന്റെ മുഖം തീര്‍ത്തും മ്ലാനമായിരുന്നു....കോളേജിന്റെ വരാന്തയിലൂടെ നടന്നകലുന്ന സ്മിതയെ നോക്കിനില്ക്കുന്ന രാജീവിന്റെ മുഖം ഇപ്പോഴും മായാതെ എന്നിലുണ്ട്‌...
സ്മിത അന്ന് എന്നോട് കൂടുതലൊന്നും സംസാരിച്ചില്ല....... ഞാന്‍ എപ്പോഴും കൂടെ കൊണ്ടു നടക്കാറുള്ള എന്റെ ഡയറിയുടെ നടുപേജില്‍ അവള്‍ എഴുതി.......
...''കെട്ടിയിട്ട ചങ്ങലകളുടെ കണ്ണികള്‍ ഓരോന്നായി പൊട്ടുന്നത് ഭ്രാന്തന്മാര്‍ക്ക് പേടിയാണ്....കാരണം ഒരു നിമിഷത്തിന്റെ ഉന്മാദത്തില്‍ അവര്‍ പ്രിയ്യപ്പെട്ടവരെ വിട്ടു അകലെയെവിടെയെങ്കിലും പോയ് മറയും ...പിന്നെ ഒരു നാളില്‍ ഓര്‍മ്മകള്‍ വീണ്ടുകിട്ടുമ്പോള്‍ തിരിച്ചു വരാന്‍ കഴിഞ്ഞുവെന്നുവരില്ല.''....................
പിന്നെ ഞാന്‍ സ്മിതയെ കാണുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌....ശരിയായി പറഞ്ഞാല്‍ കഴിഞ്ഞ ആഴ്ച....ഒരു അത് ലെറ്റിക് മീറ്റ് റിപ്പോര്‍ട്ട്‌ ചെയ്യാനാണ് ഈ ഡല്‍ഹിയില്‍ എത്തിയത്..... അന്ന് വൈകുന്നേരം ഒരു പാര്‍ടിയില്‍ വച്ചു തികച്ചും അപ്രതീക്ഷിതമായാണ് അവളെ കണ്ടത്....അവള്‍ ഡല്‍ഹിയില്‍ എവിടെയോ ആണെന്ന് അറിയാമായിരുന്നു....മനപൂര്‍വ്വം കാണാന്‍ ശ്രമിക്കതിരുന്നതാണ്.....
വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ് ......അവള്‍ ഒന്നുകൂടി മെലിഞ്ഞിരിക്കുന്നു.....കണ്ണുകളില്‍ നിഴലിക്കുന്ന വിഷാദഭാവം...നിറയെ കല്ലുകള്‍ പതിച്ച തൂവെള്ള സാരിയില്‍ അവള്‍ ഒരു മാലാഖയെപ്പോലെ തോന്നിച്ചു....
അവളപ്പോള്‍ സ്മിതാജോണ്‍ ആയിരുന്നു...എം ജെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍ ആന്റണി യുടെ വൈഫ്‌....
വര്‍ഷങ്ങള്‍ക്കുശേഷം കാണുകയാണ്...അവള്‍ തിരിച്ചറിയുമോ എന്നുണ്ടായിരുന്നു.......പക്ഷെ എന്നെ കണ്ടതും ആ കണ്ണുകള്‍ വിടരുന്നതുകണ്ടു‌....
...........................അന്നവള്‍ ഒരുപാടു കാര്യങ്ങള്‍ ചോദിച്ചു....
എന്റെ മനസ്സിലപ്പോള്‍ ഓര്‍മകളുടെ വേലിയേറ്റമായിരുന്നു...കലാലയജീവിതം ഒരു സിനിമാസ്ക്രീനില്‍ എന്ന പോലെ എന്റെ മുന്നിലൂടെ കടന്നുപോയി.......അവള്‍ പക്ഷെ രാജീവിനെ കുറിച്ചു മാത്രം ചോദിച്ചില്ല....................
ഭര്‍ത്താവിന്റെ കൂടെ മറ്റുള്ളവരോട് കുശലം പറയുമ്പോഴും അവളുടെ കണ്ണുകളിലെ വിഷാദം എനിക്ക് വായിച്ചെടുക്കാമായിരുന്നു........
അന്ന് പിരിയുമ്പോള്‍ എന്റെ മോബൈല്‍ നമ്പര്‍ അവള്‍ക്കു കൊടുത്തു....
എനിക്ക് കുറച്ചു ആശ്വാസമായിരുന്നു അനുഭവപ്പെട്ടത്.....സ്മിത ഇപ്പോഴും ജീവിക്കുന്നുണ്ടല്ലോ....അതും ഒരു ഭാര്യയായി.....
.................................പക്ഷെ പിന്നീട് അടുത്തദിവസം ഒരു സുഹൃത്തില്‍ നിന്നാണ് കൂടുതല്‍ അറിഞ്ഞത്.....ഡല്‍ഹിയിലെ താമസത്തിനിടെ അവള്‍ക്കു വീണ്ടും ഡിപ്രഷന്‍ ബാധിച്ചത്രേ.....ഒരിക്കല്‍ അവള്‍ ഞരമ്പ്‌ മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു.......ഏതാണ്ട് മൂന്നു വര്‍ഷം അവള്‍ ചികിത്സയിലായിരുന്നു...പിന്നീട് രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് അവളുടെ വിവാഹം നടക്കുന്നത്....അവളുടെ അച്ഛന്റെ വാശിക്ക് വഴങ്ങി അവള്‍ ജോണ്‍ ആന്റണിയുടെ ഭാര്യയായി......അയാളുടെ രണ്ടാം വിവാഹമാണത്രേ .......''
സുഹൃത്തിന്റെ വാക്കുകള്‍ നിസ്സംഗതയോടെയാണ് കേട്ടിരുന്നത്....
അവള്‍ സന്തോഷം അഭിനയിക്കുന്നു.......
രണ്ടു ദിവസങ്ങള്‍ക്കുമുന്പ് അവള്‍ വിളിച്ചു....
''..ഞാന്‍ എന്റെ അമ്മയെ കണ്ടു.....''...അവളുടെ ശബ്ദം വളരെ നേര്‍ത്തതായിരുന്നു.....കൂടുതലൊന്നും അവള്‍ പറഞ്ഞില്ല....എവിടെ വച്ചു...? എപ്പോള്‍...?
അവരെ കണ്ടപ്പോള്‍ അവള്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക..??..എനിക്കൊരുപാട് ചോദിക്കണം എന്നുണ്ടായിരുന്നു....പക്ഷെ ഒന്നു മാത്രം പറഞ്ഞു......
..''സ്മിതാ....നിന്റെ ചിരിക്കുന്ന മുഖം കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം......'
അവളതിനു അവള്‍ മറുപടി പറഞ്ഞില്ല പകരം മറ്റൊരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു......
അവള്‍ രാജീവിനെ പറ്റി ചോദിക്കും എന്നാണ് കരുതിയത്‌...പക്ഷെ അതുണ്ടായില്ല.....
പക്ഷെ വൈകുന്നേരം അവളുടെ ഒരു മെസ്സേജ് എന്റെ ഫോണില്‍ വന്നു...........അതില്‍ ഈ മെസ്സേജ് രാജീവിന് ഫോര്‍വേഡ് ചെയ്യണം എന്നെഴുതിയിരുന്നു..തുടര്‍ന്ന് ആ വരികളും...
.''......but i have promises to keep.....
and miles to go before i sleep..''
ആ മെസ്സേജ് വായിച്ചപ്പോള്‍ മനസ്സിലെവിടെയൊക്കയോ വേദനയുടെ ഉറവകള്‍ പോട്ടുന്നതായി തോന്നി.....
അതവളുടെ അവസാന സന്ദേശമായിരിക്കും എന്ന് കരുതിയിരുന്നില്ല.....................
ഒരു വെളുത്ത പ്രാവ് ദൂരേക്ക്‌ ചിറകടിച്ചു പറന്നു പോകുന്നു......
ഇപ്പോള്‍ ഈ കാറില്‍ വഴിയറിയാതെ അവളുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴും.........
എന്റെയുള്ളില്‍ അവളുടെ ചിരിച്ചു നില്ക്കുന്ന രൂപമേയുള്ളൂ.......
എങ്കിലും.................
പാലിക്കപ്പെടാത്ത ഒരുപാടു പ്രതിജ്ഞകള്‍ ബാക്കി വച്ചിട്ടാണല്ലോ നീ ഉറങ്ങാന്‍ പോയത്.........

40 comments:

Anonymous said...

nice story........

Jain Andrews said...

This complete tragic story keeps me depressed for sometime. Nice narration.

Anonymous said...

superb story..........
oru cinema kanunnathupole thonni...(vaayichu kazhinju njan kure neram angine irunnu poyi)
sarikkum feel cheythu...
congrats.............

മീരാ അനിരുദ്ധൻ said...

കഥ ഒത്തിരി നന്നായിട്ടുണ്ട്.സ്മിത ജോസഫിന്റെ കഥ കണ്ണു നനയിച്ചു.

വിഷ്ണു said...

നൊമ്പരപ്പെടുത്തുന്ന കഥ....

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

സുഹൃത്തേ, മനോഹരം, അതി മനോഹരം
സ്മിതയുടെ കഥ ഒരു വേദന ആയി തന്നെ മനസ്സില്‍ നില്‍ക്കുന്നു.
എല്ലാ വിഷ്വല്‍ ആയി മനസ്സില്‍ വന്നു, കോളജിലൂടെ മനസ് കൊണ്ട് കൂടെ നടന്നു. സ്മിതയുടെ പ്രണയം മനസ് കൊണ്ട് കണ്ടു, ഒടുവില്‍ സ്മിത ഈ ലോകത്തോട്‌ വിട പറഞ്ഞപ്പോള്‍ ഒരു വിങ്ങല്‍ മാത്രം മനസ്സില്‍, കണ്ണ് നീര്‍ എല്ലാം മൂടി കളഞ്ഞു. നന്ദി സുഹൃത്തേ. ഒപ്പം ആശംസകളും

(ലൈബ്രറി മുറ്റത്തെ മെയ്‌ഫ്ലവര്‍ മരങ്ങള്‍ ഒരുവട്ടം കൂടി പൂത്തു.അവര്‍ ഒന്നാവണം എന്നായിരുന്നു എന്റെ ആഗ്രഹം.വിവാഹം ബന്ധനങ്ങള്‍ ആണെന്ന് മനസ്സിനെ പഠിപ്പിച്ചു വച്ചിരുന്ന കാലമായിട്ട് പോലും എന്റെ പ്രിയ്യപ്പെട്ട രണ്ടു കൂട്ടുകാര്‍ ഒരുമിക്കുന്നത് കാണാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.) ഒത്തിരി ഇഷ്ടമായി ഈ വരികള്‍.

Sangeetha said...

കഥയില്‍ ലയിച്ചു പോയി.....വായിച്ചു എന്റെ കണ്ണ് നനഞ്ഞു...ഹൃദയത്തില്‍ തൊടുന്ന ഭാഷ..
അതിമനോഹരമായ അവതരണം....
ശരിക്കും ഒരു സിനിമ കണ്ട പോലെ...
സ്മിത മനസ്സില്‍ നിന്നും മായുന്നില്ല...
നഷ്ട പ്രണയത്തിന്റെ ഓര്‍മ്മകള്‍ എല്ലാവര്‍ക്കും ഉണ്ട്....
അതില്‍ ഒരാളായി ഈ ഞാനും....
പഴയ കോളേജിന്റെ വരാന്തകളിലൂടെ........പ്രിയ്യപ്പെട്ട ഒരാളുടെ കൂടെ......
ഞാന്‍ എന്താണു പറയേണ്ടതെന്നറിയില്ല....എഴുതാന്‍ വാക്കുകളില്ല...
വളരെ വളരെ നന്നായി....ഹൃദയം നിറഞ്ഞ ആശംസകള്‍..

Anonymous said...

very nice story.....
your style is too good...

രഞ്ജിത്‌ വിശ്വം I ranjith viswam said...

നല്ല കഥ... നന്നായി പറഞ്ഞിരിക്കുന്നു..
ആശംസകള്‍

Soul Voice said...

hi dear...wot shall i write...? it may be one of your gud writing...gr8 writing style..keep it up...

ente ellavitha bhavukangalum nerunnuu...smitha athmamsathinte oru bhavabhedam pole pranayathinte nanavarnna oormakalilekku enneyum kondu poyyii...entethu mathram aya oru pranayam, enikum undayirunnu..ellam oormayayi..jeevithathinte yadarthyangalil pranayam palappozhum dukhaparamaya reality anu..ee reality show il vijayikal kuravanalle??...iniyum orupadu ezhuthukal pratheekshichu kondu ....njan ivide commets nirthatte!...ellam ivide ezhuthi theerthal...iniyum ezhuthanullathalle ente pravasi koottukara..

Soul Voice said...

ithu manorama bloggilum kodukkane...

കുമാരന്‍ | kumaran said...

മനോഹരമായ എഴുത്ത്. ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു. സ്മിത ജോസഫ് ഒരു നൊമ്പരമായി അവശേഷിക്കുന്നു.

പാവപ്പെട്ടവന്‍ said...

ചിന്തകള്‍ക്ക് കുതിരയുടെ വേഗവും ചോരയുടെ നിറവുമായിരുന്നു
ചിന്തകള്‍ക്ക് കുതിരയുടെ വേഗവും ചോരയുടെ നിറവുമായിരുന്നു നല്ല പ്രയോഗങ്ങള്‍ മനോഹരം ആശംസകള്‍

ഗിനി said...
This comment has been removed by the author.
ഗിനി said...

nice story mashe,
keep it up...

Murali Nair said...

ജെയിന്‍,ഭവ്യ,മീര, വിഷ്ണു,കുറുപ്,സംഗീത,രഞ്ജിത്ത് വിശ്വം,സോള്‍ വോയിസ്‌,കുമാരന്‍,പാവപ്പെട്ടവന്‍,ഗിനി.........
ഒരു തുടക്കക്കാരനെ ഇത്രയധികം പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി......

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കഥയില്‍ ലയിച്ചു ഇരുന്നുപോയി.....വായിച്ചു എന്റെ കണ്ണ് നിറഞ്ഞു...ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു. സ്മിതയുടെ കഥ ഒരു വേദന ആയി തന്നെ മനസ്സില്‍ നില്‍ക്കുന്നു.

NavEEnSaji said...

സ്മിത വല്ലാതെ അലോസരപ്പെടുത്തി... ഇതിലെ ഓരോ വിഷ്വല്‍സും മനസ്സില്‍‌ മായാതെ കിടക്കുന്നു.. പ്രവാസം.. ഒടുങ്ങാത്ത പ്രവാസം.. അക്കാരണത്താല്‍ തന്നെ വല്ലാതെ സിങ്ക് ആവുന്നു താങ്കളുടെ കഥകളുമായുള്ള ഫ്രീക്വന്‍സി ....
മനോഹരമായ കഥാകഥന ശൈലി.. തുടരുക സുഹൃത്തേ... എല്ലാ ഭാവുകങ്ങളും !!!

Deepa Bijo Alexander said...

നല്ല കഥ...

Jenshia said...

നല്ല കഥ...
നല്ല ശൈലി..

ഇത് ഒരു കഥ അല്ലായിരുന്നെങ്കില്‍ ...
"തന്നേക്കാള്‍ രണ്ടു വയസ്സ് കൂടുതലുള്ള ഒരു പെണ്‍കുട്ടിയെ ആണ് താന്‍ സ്നേഹിക്കുന്നത് എന്ന് രാജീവ്‌ അറിയുമ്പോള്‍...??..."[real love ആയിരുന്നെങ്കില്‍ 2 വയസ്സ് കൂടുതലുള്ളത് ഒരു പ്രശ്നമാണോ...?]
"സ്മിതയെ അവന്‍ മനപ്പൂര്‍വം അവോയ്ഡ്‌ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പലപ്പോഴും എനിക്ക് തോന്നി......" [depression ഒരു രോഗമാണെന്ന് പോലും അറിഞ്ഞൂടെ ആ പടിപ്പിസ്ടിനു..?] ഇവര്‍ തന്നെ ഒരുമിച്ചിരുന്നു എന്നാലും രാജീവന്റെ attittude ഇങ്ങനാണെങ്കില്‍ സ്മിത ഇത് തന്നെ ചെയ്യുമായിരുന്നു...

പ്രിയ്യപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയന്നിരുന്ന ഒരു കൊച്ചു കുട്ടിയുടെ ഭാവം വരികളിലൂടെ കാണാന്‍ പറ്റി... ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു...

Anonymous said...

good story...

വരവൂരാൻ said...

ഹൃദയത്തില്‍ തൊടുന്ന ഭാഷ..
അതിമനോഹരമായ അവതരണം...
നല്ല കഥ
ആശംസകള്‍..

ഏറനാടന്‍ said...

മുരളീനായര്‍ നന്നായി എഴുതിയിരിക്കുന്നു.

മനസ്സില്‍ നൊമ്പരമുള്ളുകള്‍ കൊണ്ട് നീറുന്നപോലെ..

അപര്‍ണ..... said...

കഥ വളരെ ഇഷ്ടപ്പെട്ടു...എവിടെയോ ഒരു പോറലേല്‍പ്പിച്ചു

കുക്കു.. said...

കഥ ശെരിക്കും ഇഷ്ട്ടപ്പെട്ടു..

കുഞ്ഞായി said...

നല്ല കഥ സുഹൃത്തേ..
സ്മിത ഒരു വിങ്ങലായി മനസ്സില്‍ നില്‍ക്കുന്നു...
ഒപ്പം,റോബേര്‍ട്ട് ഫ്രോസ്റ്റിന്റെ ആ വരികളും...
woods are lovely dark and deep
but i have promises to keep
and miles to go before i sleep........
അഭിനന്ദനങ്ങള്‍..
ഓ.ടോ:കോഴിക്കോട്ട് ഉള്ളോട്ടുള്ള സ്ഥലം ഏതാണ്?

Murali Nair I മുരളി നായര്‍ said...

കമന്റ്‌ ചെയ്ത എല്ലാവര്‍ക്കും നന്ദി...
മുഹമ്മദ്‌ സഗീര്‍ : എന്റെ കഥകള്‍ വായിച്ചു അഭിപ്രായം പറയുന്നതിന് നന്ദി..
ദീപ : താങ്കളെ പോലുള്ള ഒരാളുടെ കമന്റ്സ് വിലപ്പെട്ടതാണ്‌..
ജെന്ഷിയ : രാജീവ്‌ ഒരു സ്പെഷ്യല്‍ കാരക്ടര്‍ ആണ്...ആ കഥാപാത്രം എന്താണ് ചിന്തിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാകില്ല....അഭിപ്രായത്തിന് വളരെ നന്ദി....
വരവൂരാന്‍ : താങ്കളെ പോലുള്ള ഒരാളെ ഇവിടെ കണ്ടത്തില്‍ വളരെ സന്തോഷം..
ഏറനാടന്‍ : എന്റെ ബ്ലോഗിലേക്ക് സ്വാഗതം..അഭിപ്രായത്തിന് നന്ദി..
അപര്‍ണ : നന്ദി...നാട്ടുകാരി അല്ലേ അഭിപ്രായം പറഞ്ഞതില്‍ സന്തോഷം...
കുഞ്ഞായി : റോബര്‍ട്ട്‌ ഫ്രോസ്റ്റ് ന്റെ ഈ വരികള്‍ നമ്മുടെഎല്ലാ വരുടെയും ഉള്ളില്‍ ഇപ്പോഴുംനിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്..
പിന്നെ കോഴിക്കോട്ടു ഉള്ളോട്ടുള്ള 'ആ സ്ഥലം' പേരാമ്പ്ര ആണ് എന്താ അറിയോ?

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിട്ടുണ്ട്. ആശംസകള്‍.........!!

unnimol said...

കഥ ഇഷ്ട്ടായി .അത് പറഞ്ഞ വഴിയും

വയനാടന്‍ said...

മനോഹരമായിരിക്കുന്നു സുഹ്രുത്തേ കഥ.
നല്ല ആഖ്യാന ശൈലിയും

അരുണ്‍ കായംകുളം said...

സ്നേഹിതാ,
കഥ വളരെ വളരെ മനോഹരമായിട്ടുണ്ട്.ഒട്ടും മുഷിയാതെ വായിച്ച് പോയി.ഇപ്പോള്‍ സ്വല്പം ജോലി തിരക്കിലാണ്.അല്ലേല്‍ ഇന്ന് തന്നെ എല്ലാ പോസ്റ്റും വായിച്ചേനേ.
ഞാന്‍ ഇനിയും വരും(ഭീഷണി അല്ല)
:)

Typist | എഴുത്തുകാരി said...

വളരെ ഇഷ്ടപ്പെട്ടു ഈ കഥ. സ്മിതയെ നേരില്‍ കണ്ട പോലെ.പാവം സ്മിത.

SILENTKILLER said...

നഷ്ടപ്പെട്ടു പോയ കലാലയ ജീവിതം ........നല്ല കഥ .....
--

Anonymous said...

enthaa parayugaaa,really super"miles to go before i sleep"

INTIMATE STRANGER said...

നന്നായിരിക്കുന്നു മുരളി ..സ്മിതയുടെ നൊമ്പരം അത്രയും അനുഭവിച്ചറിഞ്ഞ പോലെ..
നല്ല എഴുത്ത്‌ , നല്ല ശൈലി .. ഇത്ര കാലം ഈ ബ്ലോഗ്‌ ശ്രദ്ധയില്‍ പെടതിരുന്നത് ഓര്‍ക്കുമ്പോള്‍ ഒരു നഷ്ടബോധം ....
ആശംസകള്‍ മുരളി....

ശ്രീലക്ഷ്മി said...

ഒരു പ്രാവശ്യത്തെ വായനയില്‍ തന്നെ ഓരോ വക്കും ഓര്‍മയില്‍ ......
നന്നായിട്ടുണ്ട് ...ആശംസകള്‍ ...

അരുണ്‍ said...

ഓരോ വരിയിലും ആ വിഷാദം തങ്ങി നില്‍ക്കുന്നുവോ...അറിയില്ല...

"ക്ലാസ്സില്‍ മറ്റു പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു ചേട്ടന്‍ ഇമേജ് ഉള്ളതുകൊണ്ടാണോ എന്നറിയില്ല സ്മിത ആദ്യം അടുത്തത് ഞാനുമായായിരുന്നു" - ഈ വരികള്‍ വളരെ ഹൃദയമാണ്...എപ്പോളൊക്കെയോ ഞാന്‍ അറിഞ്ഞ വേദനകള്‍...

റ്റോംസ് കോനുമഠം said...

നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

http://tomskonumadam.blogspot.com/

പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!

ജിയോ @ ടൊറോന്റോ said...

എന്താ പറയുക എന്നറിയില്ല... സാധാരണ ഞാന്‍ അങ്ങനെ ഇമോഷണല്‍ ആകാത്തത് ആണ്.... പക്ഷെ ഇത് എന്നെ കുടുക്കി കളഞ്ഞു..... സത്യം പറഞ്ഞാല്‍ ഇന്ന് രാത്രി മുഴുവന്‍ ഈ വേദന എന്റെ കൂടെ കാണും..... വായിക്കുന്ന എല്ലാവരിലും അവരവരെ തന്നെ അനുഭവിച്ചറിയാന്‍ സാധിക്കുന്ന ഒരു കഥ... കന്ഗ്രട്സ് ആന്‍ഡ്‌ താങ്ക്സ് ഫോര്‍ ദിസ്‌....

asaf shah said...

Superb feel through out the story......Superb dear.....!

"..........miles to go before I sleep,
And miles to go before I sleep...... "