27 September 2009

നളിനി ജമീല


സത്യമാണോ നീ പറയുന്നത്???...
ബാലചന്ദ്രന്റെ സ്വരത്തില്‍ അതിശയം കലര്‍ന്നിരുന്നു.....
അതെ ബാലു....അവള്‍ തന്നെ....
അവന്‍ അടുത്ത്‌ വന്നിരുന്നു....
''അപ്പോള്‍ കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വച്ചു. ..??''
''അതെ അതവര്‍ തന്നെയായിരുന്നു.. .ടി വി യില്‍ കണ്ടാണ്‌ ഞാന്‍ അറിഞ്ഞത്....അവരെ മുന്‍പ് ഒന്നു രണ്ടു തവണ കണ്ടിരുന്നു അതുകൊണ്ട് പെട്ടന്ന് തന്നെ മനസ്സിലായി.......''
''നീ പിന്നീട് അന്വേഷിച്ചിരുന്നുവോ ??''
കുറേക്കാലം മുന്‍പ് ഞാന്‍ അവളെ കുറിച്ചു ബാംഗ്ലൂരില്‍ അന്വേഷിച്ചിരുന്നു... അന്ന് ആര്‍ക്കും അവളെക്കുറിച്ചറിയാമായിരുന്നില്ല ...പിന്നെ ലിബയയില്‍ ആയിരുന്നതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും പറ്റിയില്ല...
പിന്നെ ഇപ്പോഴാണ്.......
ജനലിനപ്പുറം ട്രെയിന്‍ ഇരമ്പിപ്പായുന്ന ശബ്ദം കേള്‍ക്കാം ബാലചന്ദ്രന്‍ ഇപ്പോള്‍ നിശബ്ദനാണ്..
മുറിയിലെ സൌണ്ട് സിസ്റ്റത്തില്‍ എം ഡി രാമനാഥന്‍ പാടുന്നു...
എനിക്ക് കുറച്ചു വെള്ളം കുടിക്കണമെന്നു തോന്നി ..ദാഹമേറുന്നു.......
ഇവിടേയ്ക്ക് വരേണ്ടായിരുന്നു എന്ന് തോന്നുന്നു....
ഒരുമാസത്തെ ലീവിനു നാട്ടിലേക്കു വരുമ്പോള്‍ പഴയ സുഹൃത്തുക്കളെ എല്ലാം ഒന്നു കാണുക എന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു....ബാലചന്ദ്രന്‍ എന്റെ ബാല്യകാല സുഹൃത്താണ്...ഇന്ത്യ ടുഡേ യിലെ തിരക്ക് പിടിച്ച ജോലിക്കിടയിലും അവന്‍ എന്നെ കാണാന്‍ വന്നു ..ബാംഗ്ലൂരിലെ അവന്റെ താമസസ്ഥലത്തെക്ക് പോകുമ്പോള്‍ പലവഴിയില്‍ പിരിഞ്ഞുപോയ പഴയ കൂട്ടുകാരെ ചിലരെയെങ്കിലും കാണാം എന്ന സന്തോഷമായിരുന്നു...സിമെന്റും കമ്പിയും തിയോഡിലൈറ്റും ഒന്നുമില്ലാത്ത കുറെ നാളുകള്‍....ലിബിയയിലെ വരണ്ട തെരുവുകളില്‍ നിന്നും ലാല്‍ഭാഗിലെ ഇളം തണുപ്പിലെത്തിയപ്പോള്‍ ഗൃഹാതുരത്വത്തിന്റെ കുഞ്ഞു മയില്‍പ്പീലികള്‍ മനസ്സിനെ തലോടുന്നതുപോലെ തോന്നി....
ഒരുപാടു നടന്നിട്ടുള്ള വഴികള്‍...മജെസ്റ്റിക്കിലെ തിരക്കില്‍ സ്വയമലിഞ്ഞു നടക്കുമ്പോള്‍ പരിചയമുള്ള മുഖങ്ങളെ തേടി...ഒരുപാടു ശിശിരങ്ങള്‍ വിടപറഞ്ഞു പോയപ്പോള്‍ ഞാനീ തെരുവുകള്‍ക്കിപ്പോള്‍ അന്യന്‍ തന്നെ...
പണ്ടു നടന്നു തീര്‍ത്ത ഹെബ്ബാളിലെ വഴികള്‍ തികച്ചും അപരിചിതമായിത്തീര്‍ന്നിരിക്കുന്നു.....എല്ലായിടത്തും പുതിയ റോഡുകള്‍ വന്നു....
നീലചായമടിച്ച പെട്ടിക്കടയില്‍ പാനിപുരി വില്‍ക്കുന്ന വെള്ളാരം കണ്ണുകളുള്ള ആ പെണ്‍കുട്ടിയെ കണ്ടപ്പോഴാണ് ഞാനന്ന് ശാലിനിയെ കുറിച്ചോര്‍ക്കുന്നത് . ....
അവള്‍ക്കും ഇതേ വെള്ളാരം കണ്ണുകളായിരുന്നു....
ബാംഗ്ലൂരിലെ ഞങ്ങളുടെ ഫ്ലാറ്റിനു മുന്നിലെ ചെറിയ പലചരക്ക് കടയില്‍ വച്ചാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത്....ഇരുകവിളിലും അരച്ച മഞ്ഞള്‍ തൊട്ടു മുടിയില്‍ മുല്ല പൂക്കളും ചൂടി ചിരിച്ച മുഖത്തോടെ കിലുകിലാ സംസാരിക്കുന്ന ലാവണ്യയെന്ന കന്നഡ പെണ്‍കുട്ടിയാണ് അവളെ ആദ്യമായി എനിക്ക് പരിചയപ്പെടുത്തി തരുന്നത്....
ഡിഗ്രി പഠനത്തിന്റെ ഒഴിവു ദിവസങ്ങളില്‍ ലാവണ്യ അവളുടെ അച്ഛന്റെ പലചരക്കുകടയില്‍ ഇരിക്കാറുണ്ടായിരുന്നു.....
കടയില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി പതുക്കെ നടന്നകലുന്ന പെണ്‍കുട്ടിയെ നോക്കി ലാവണ്യ പറഞ്ഞു....
''അണ്ണാ...അവര് നിമ്മ ഊരു.... ''
അവള്‍ വിരലുകള്‍ ചൂണ്ടി.....
ദൂരെ ഞങ്ങളുടെ ഫ്ലാറ്റിനടുത്തേക്ക്‌ പതിയെ നടന്നു പോകുന്ന പെണ്‍കുട്ടിയെ കണ്ടു..
അന്നവളെ ശ്രദ്ധിച്ചിരുന്നില്ല...ലാവണ്യയോട് വേറെന്തൊക്കെയോ സംസാരിച്ചിരുന്നു....
കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയുമായി ഹെബ്ബാളിലെ തെരുവുകളില്‍ അലഞ്ഞു നടക്കുന്ന സമയമായിരുന്നു......
റോഡ് ടാറിംഗ്....ബാംഗ്ലൂര്‍ നഗരസഭയുടെ സിറ്റി ഡവലപ്പ്‌മെന്റ് പ്രൊജക്റ്റ്‌...
മെറ്റലിട്ട റോഡിനിരുവശവുമുള്ള അഴുക്കുചാലുകള്‍ പുതുക്കിപ്പണിയലായിരുന്നു ആദ്യ ജോലി...സൈറ്റ് എന്‍ജിനിയറുടെ ജോലിക്കാണ് വന്നതെങ്കിലും പലപ്പോഴും സൂപ്പര്‍വൈസറുടെ ജോലിയായിരുന്നു ചെയ്യേണ്ടിയിരുന്നത് ....തുടക്കക്കാരന്റെ പരിചയക്കുറവിനു കമ്പനിയുടെ ട്രെയിനിംഗ്....
ശാലിനി എന്റെ ഫ്ലാറ്റിന്റെ ഗ്രൌണ്ട് ഫ്ലോറിലുള്ള ഫ്ലാറ്റിലായിരുന്നു താമസം....കഴുകിയ വസ്ത്രങ്ങള്‍ ടെറസ്സിലെ അയലില്‍ ഉണക്കാനിടാനായി കൊണ്ടു പോകുന്നതിനിടെ ഒന്നു രണ്ടു തവണ ഞാന്‍ അവളെ കണ്ടിട്ടുണ്ട്....ഒന്ന് പരിചയപ്പെടണമെന്ന് വിചാരിച്ചിരുന്നെങ്കിലും അവള്‍ പലപ്പോഴും മാറിക്കളയുകയായിരുന്നു പതിവ്...ബാംഗ്ലൂരിലെ മലയാളി പെണ്‍കുട്ടികളുടെ പതിവ് ജാഡയാവുമെന്നു കരുതി വിട്ടു......
പക്ഷെ ഒരു വൈകുന്നേരം ടെറസ്സിലേക്ക്‌ പോകവേ കയ്യില്‍ കുറെ നനഞ്ഞ തുണികളുമായി ശാലിനി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു....
അവള്‍ ടെറസ്സില്‍ നിന്നും താഴേക്ക്‌ വരികയായിരുന്നു...
''നിങ്ങള്‍ മലയാളിയാണോ.??''
വെള്ളാരം കണ്ണുകളില്‍ നിറഞ്ഞ കൌതുകത്തോടെ അവള്‍ എന്നെ നോക്കി ചോദിച്ചു..
''അതെ....''
അവളുടെ മുഖത്ത്‌ ആയിരം സൂര്യകാന്തിപൂക്കള്‍ വിടര്‍ന്നു.....
''ഞാന്‍ ഇവിടെ വന്നിട്ട് ഒരു മാസമായി....നിങ്ങള്‍ ഒരു മലയാളി ആണെന്നറിഞ്ഞില്ലായിരുന്നു .......ശാലിനീന്നാ എന്റെ പേര്..ഇവിടെ താഴത്തെ വീട്ടിലാ..എന്റെ അമ്മയുടെ അനിയത്തിയാ ലതചേച്ചി ...''
ഒരു മലയാളിയെ കിട്ടിയ സന്തോഷത്തില്‍ അവള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു....
താഴെയുള്ള വീട്ടില്‍ താമസിക്കുന്ന പ്രമോദ്-ലത ദമ്പതിമാരോട് ഞങ്ങള്‍ക്ക് വലിയ അടുപ്പമില്ലായിരുന്നു...ബാച്ചിലേര്‍സ് ആയ ഞങ്ങളെ ഈ ഫ്ലാറ്റില്‍ നിന്നും കുടിയൊഴിപ്പിക്കാന്‍ അവര്‍ ഒരുപാടു ശ്രമിച്ചതുമാണ്‌........
അന്നവള്‍ കുറെ സംസാരിച്ചു.....
പിന്നെ പല വൈകുന്നേരങ്ങളിലും ഞങ്ങള്‍ ടെറസിന്റെ മുകളില്‍ വച്ചു സംസാരിച്ചു...അടുത്ത ബന്ധുവായിട്ടും അവള്‍ എന്തിനാണ് ആ വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നത് എന്നെനിക്കത്ഭുതമായിരുന്നു..ചില ദിവസങ്ങളില്‍ എടുത്താല്‍ പൊങ്ങാത്ത സഞ്ചിയുമായി അവള്‍ മാര്‍ക്കറ്റില്‍ നിന്നും വരുന്നതുകാണാം..ഒരുനാളില്‍ ഞാന്‍ അതെക്കുറിച്ച് അവളോട്‌ ചോദിച്ചു...കുറെ നേരത്തെ മൌനത്തിനു ശേഷമാണ് അവള്‍ എല്ലാം പറയുന്നതു....അവളുടെ അച്ഛന്‍ ഒരു കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലാണ്....ഓര്‍മ വച്ച നാള്‍ മുതല്‍ അമ്മയെ എന്നും കാരണമില്ലാതെ അടിക്കുന്ന അച്ചനെയാണവള്‍ കാണുന്നത്..കൊലപാതകക്കേസില്‍ അച്ഛന്‍ ജയിലിലായപ്പോഴാണ് അവളുടെ ജീവിതത്തില്‍ അല്‍പ്പം സന്തോഷം കൈവരുന്നത്..ഇഷ്ടികക്കളത്തില്‍ ജോലിക്ക് പോയി അമ്മ അവളെ പൊന്നുപോലെ നോക്കി.പക്ഷെ ഒരു വര്‍ഷം മുന്‍പ് ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ പെട്ട് അവളുടെ അമ്മ മരിച്ചു..അതിന് ശേഷം ആരോരുമില്ലതായ അവളെ ഇവര്‍ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരികയായിരുന്നു....
ലത അവളുടെ അകന്ന ഏതോ ബന്ധത്തില്‍ പെട്ടതായിരുന്നു...അമ്മയുടെ സഹോദരിയാണ് എന്നവള്‍ എന്നോട് കള്ളം പറഞ്ഞതാണ്...അവള്‍ പ്ലസ്‌ ടു വിനു പഠിക്കുമ്പോള്‍ അവളെ ബാംഗ്ലൂരില്‍ പഠിപ്പിക്കാം എന്ന് പറഞ്ഞാണ് അവര്‍ ഇങ്ങോട്ട് കൊണ്ടുവന്നത് ....പക്ഷെ ഇവിടെ അവളെക്കൊണ്ട് എല്ലാ ജോലിയും ചെയ്യിക്കുന്നു......
''നിനക്കു എസ് എസ് എല്‍ സി ക്ക് എത്ര മാര്‍ക്കുണ്ടായിരുന്നു???''
''നാന്നൂറ്റിഎണ്‍പത്തിഒന്‍പത് ''....
ഞാന്‍ ശരിക്കും ഞെട്ടി എഞ്ചിനീയാറായ എനിക്ക് അഞ്ചു മാര്‍ക്ക് കുറവായിരുന്നു.......
അന്ന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവളായിരുന്നു മനസ്സു നിറയെ...
മനസ്സിന്റെ കോണിലെവിടെയോ അവളോട്‌ ചെറിയ ഇഷ്ടം തോന്നി തുടങ്ങുകയായിരുന്നു...അവളുടെ മനസ്സില്‍ എന്താണെന്ന് എനിക്കറിയുമായിരുന്നില്ല.....പക്ഷെ നാളുകള്‍ പോകെ അവളെ ഞാനൊരുപാട് സ്നേഹിക്കുന്നതായി ഞാനറിഞ്ഞു...ഇളം തണുപ്പുള്ള ബാംഗ്ലൂരിലെ രാത്രികളില്‍ ആ വെള്ളാരം കണ്ണുകള്‍ എന്നെ വേട്ടയാടി...അവള്‍ക്കെന്നെ ഇഷ്ടമാണെന്ന് ആ കണ്ണുകള്‍ എന്നോട് പറയുകയായിരുന്നു....ഉണങ്ങിയ വസ്ത്രങ്ങളുമായി ടെറസ്സിന്റെ പടിയിറങ്ങി പോകുമ്പോള്‍ എന്നെ കാണുമ്പോഴൊക്കെ  അവളുടെ മുഖം താമരപോലെ വിടരുന്നത് ഞാന്‍ കണ്ടു....പലപ്പോഴും അവളോട്‌ എന്റെ ഇഷ്ടം തുറന്നു പറയണം എന്നുണ്ടായിരുന്നു..എനിക്കു പക്ഷെ പേടിയായിരുന്നു...എന്റെ വീട്ടുകാരെ..നാട്ടുകാരെ..സഹപ്രവര്‍ത്തകരെ....
ശീതക്കാറ്റ് വീശിത്തുടങ്ങിയ ഒരു ഡിസംബറില്‍ വച്ചാണ് ആ ടെറസ്സിലെ നേര്‍ത്ത നിലാവെളിച്ചത്തില്‍ വച്ചു ഞാനവളോട് ചോദിച്ചത് ....
''ഞാന്‍ നിന്നെ പഠിപ്പിക്കട്ടെ... ലതചെച്ചിയോട് ഞാന്‍ സംസാരിക്കാം...??..''
മൌനമായിരുന്നു ഉത്തരം....
''നീ ഇനിയും പഠിക്കണം ഇവിടെ എരിഞ്ഞു തീരേണ്ടതല്ല നിന്റെ ജീവിതം...നിനക്ക് ഒരു വലിയ സ്ഥാനത്തെത്താന്‍ കഴിയും....നീ സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു......''
അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.....പെട്ടന്നവള്‍ മുഖമുയര്‍ത്തി ചോദിച്ചു....
''എന്നെ വിവാഹം കഴിക്കാമോ??.......ഇവിടെ നിന്ന് കൊണ്ടുപോകാമോ??''.....
ആ ചോദ്യം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...എന്റെ ആഗ്രഹമാണ്..പക്ഷെ...വീട്ടുകാരുടെ മുന്നില്‍ എങ്ങിനെയാണ്...???..
സ്വയം ഒരു ഭീരുവായിത്തീരുന്നത് മനസ്സിലാക്കി....''ശാലിനീ ഞാന്‍....''
അവള്‍ പതിയെ ചിരിച്ചു‌....''എനിക്കറിയാം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഞാന്‍ പറഞ്ഞതെന്ന്...
''ഇവിടെ നിന്നും രക്ഷപ്പെടാനാണ് എന്റെ ആഗ്രഹം പക്ഷെ.....''
അവള്‍ അര്‍ധോക്തിയില്‍ നിര്‍ത്തി.....
തലയ്ക്കു മുകളിലൂടെ താഴ്ന്നു പറന്ന വിമാനത്തിന്റെ ശബ്ദം അവളുടെ ശബ്ദത്തെ മുറിച്ചു....
'' അറിയാത്ത കാര്യങ്ങള്‍ ഒരുപാടുണ്ട്....പിന്നെ ഇങ്ങനെയൊക്കെ ജീവിച്ചുപോകാനാണ് എന്റെ വിധി....''
കയ്യിലെ ഉണങ്ങിയ വസ്ത്രങ്ങള്‍ നെഞ്ചോടടുക്കിപിടിച്ച്  കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ ടെറസ്സിന്റെ പടികള്‍ ഓടിയിറങ്ങി താഴേക്ക്‌ പോയി.....
അന്ന് ഞാന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല..
പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ എന്നില്‍ നിന്നും അകന്നു നില്ക്കാന്‍ ശ്രമിക്കുന്ന പോലെ തോന്നി...ടെറസ്സിലെക്കുള്ള വഴിയില്‍ എന്നെ കാണുമ്പോള്‍ അവള്‍ പിന്തിരിഞ്ഞു നടന്നു ...
പുതിയ പ്രൊജെക്ടിന്റെ ആവശ്യാര്‍ത്ഥം എനിക്ക് ഹോസുരിലേക്ക് പോകേണ്ടി വന്നു.......ഒരു മാസം കഴിഞ്ഞാണ് ഞാന്‍ ബാംഗ്ലൂരില്‍ തിരിച്ചെത്തുന്നത്...അപ്പോഴേക്കും അവര്‍ അവിടം വിട്ടു വേറെവിടെയോ പോയിരുന്നു..... എനിക്ക് വലിയ നിരാശയാണ് തോന്നിയത്....എന്നോടൊന്നും പറയാതെ അവള്‍ പോയല്ലോ.....
പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് കടയില്‍ വച്ചു ലാവണ്യ ആ കത്ത് തരുന്നത്....
എനിക്ക് തരാന്‍ വേണ്ടി ശാലിനി അവളെ എല്പ്പിച്ചതായിരുന്നത്രേ....
'' ആര്‍കും മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നാണ് എന്റെ ജീവിതം.......ഞാന്‍ മൂലം എല്ലാവര്‍ക്കും ദുഖമേ ഉണ്ടായിട്ടുള്ളൂ ....നിങ്ങളെ എനിക്ക് ഒരുപാടു ഇഷ്ടമായിരുന്നു...പറയാന്‍ കഴിയാത്ത കാരണങ്ങളെ ഉള്ളൂ ....എങ്കിലും എന്നെ ഒരിക്കലും അന്വേഷിക്കരുത്‌.....''
മനസ്സില്‍ നഷ്ടബോധത്തിന്റെ തിരമാലകള്‍ ആര്‍ത്തിരമ്പുന്നതായി തോന്നി.....
ആ കത്ത് ചുരുട്ടിക്കൂട്ടി ഓടയിലെക്കെറിഞ്ഞു.....
ബാംഗ്ലൂര്‍ വിടാനുള്ള കാരണവും അവള്‍ തന്നെയായിരുന്നു....
ടെറസ്സിലെ ഒഴിഞ്ഞ അയലുകള്‍ കാണുമ്പോള്‍ ഭ്രാന്ത് പിടിക്കുന്നതായി തോന്നി....
ബാംഗ്ലൂര്‍ വിട്ടു ഗള്‍ഫിലേക്ക് കുടിയേറിയപ്പോളും പിന്നീട് ലിബിയയിലെ ആള്‍ത്തിരക്കേറിയ തെരുവുകളിലൂടെ നടക്കുമ്പോഴും എന്റെ മനസ്സില്‍ ശാലിനി തന്നെയായിരുന്നു.....കുറെ തവണ ബാംഗ്ലൂരിലെ സുഹൃത്തുക്കളെ വിളിച്ച് അവളെ കുറിച്ചു അന്വേഷിച്ചിരുന്നു....പിന്നെ കാലത്തിന്റെ കുത്തൊഴുക്കില്‍ പതിയെ എല്ലാം മറക്കാന്‍ പഠിച്ചു....വര്‍ഷങ്ങള്‍ പോയ് മറയെ അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പതുക്കെ മാഞ്ഞു തുടങ്ങി...
ഈ വെക്കേഷനില്‍ ഹെബ്ബാളിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പോലും അവളുടെ ഓര്‍മകള്‍ക്ക് പഴയ കടും വര്‍ണങ്ങളില്ലായിരുന്നു....
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ടി വി യില്‍ വന്ന ഒരു വാര്‍ത്തയാണ് ഞെട്ടലോടെ ഞാന്‍ ശാലിനിയെക്കുറിച്ച് വീണ്ടുമോര്‍ക്കാന്‍ കാരണം....
''..വര്‍ഷങ്ങളായി ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്ന സെക്സ് റാക്കറ്റിലെ കണ്ണികളായ ദമ്പതിമാര്‍ നിലമ്പൂരിലെ ഒരു വാടകവീട്ടില്‍ വച്ചു പോലീസ് പിടിയിലായി....''
പോലീസ് ജീപ്പിന്റെ പിറകില്‍ തൂവാലകൊണ്ട്‌ മുഖം മറയ്ക്കാന്‍ പാടുപെടുന്ന പെണ്‍വാണിഭസംഘത്തിലെ ദമ്പതിമാര്‍ ബാംഗ്ലൂരിലെ എന്റെ പഴയ അയല്‍ക്കാരായ ലതയും പ്രമൊദുമാണെന്ന് ഞെട്ടലോടെ അറിഞ്ഞു....
''അപ്പോള്‍ ശാലിനി???.....''
മനസ്സിന് തീ പിടിച്ചപ്പോള്‍ വീണ്ടും ബാലചന്ദ്രന്റെ അടുത്തേക്കോടി വന്നു...
ശാലിനി എവിടെയാണെന്ന് അന്വേഷിക്കണം..
''അവളുടെ കാര്യം തീര്‍ച്ചയാണ്....''
ബാലചന്ദ്രന്‍ ഒരു സിഗരറ്റു കൂടി കത്തിച്ചു..
''അവള്‍ എവിടെയാണ് എത്തിപ്പെട്ടിട്ടുണ്ടാവുക എന്നത് സംശയമില്ലാത്ത കാര്യമാണ്..
നീ വെറുതെ പിറകെ പോകേണ്ട....''
''അവര്‍ പറയേണ്ടിയിരിക്കുന്നു ഉത്തരങ്ങള്‍......ഇവരെയൊക്കെ തൂക്കിക്കൊല്ലണം......''
എന്റെ വാക്കുകളിലൂടെ അവന് ശാലിനിയെക്കുറിച്ച് നന്നായി അറിയാം....
അവന്‍ ലാപ്‌ ടോപ്‌ ഓണ്‍ ചെയ്തു....
''സീ... നിനക്ക് ഒരാഴ്ച കൂടി കഴിഞ്ഞാല്‍ തിരിച്ചു പോകണം...നീ ഇതുവരെ നിന്റെ ചേച്ചിയുടെ അടുത്തുപോലും പോയിട്ടില്ല..വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ചെന്ന് തലയിടെണ്ട..''
'ഇന്ത്യ ടുഡേ' യില്‍ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ ചെയ്തിരുന്നു.. ....അതിനു വേണ്ടി കുറെ സ്ഥലത്ത് കറങ്ങി കുറെ ഫോട്ടോസും എടുത്തു....ആക്ച്വലി ഇത് ഈ ബാംഗ്ലൂരിലെ ലൈംഗിക തൊഴിലാളികളെകുറിച്ചുള്ള ഒരു പഠനമാണ്...
അവന്‍ സ്ക്രീന്‍ എന്റെ നേരെ തിരിച്ചു....
എന്റെ മുഖം വിളറിയിരുന്നു..
ഈ കാണുന്നതില്‍ ആരെങ്കിലുമാണോ ശാലിനി..??
സ്ക്രീനിലൂടെ മിന്നിമായുന്ന ഫോട്ടോകളില്‍ അവള്‍ ഉണ്ടായിരിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചു ....
പക്ഷെ ഒടുക്കം അവളെ കാണുക തന്നെ ചെയ്തു...ഒരു നീണ്ട ഹാളിന്റെ ഓരത്തു ജനലിലൂടെ പുറത്തേക്ക്  നോക്കിയിരിക്കുന്ന ഒരു രൂപം...
ആ ഫോട്ടോ കണ്ടതും അവനെ നിസ്സഹായനായി നോക്കി..
ബാലചന്ദ്രന് കാര്യം മനസ്സിലായിരുന്നു..
''വാ നമുക്കു പോകാം..'' അവന്‍ ലാപ്‌ ടോപ്‌ അടച്ചു..
''എവിടെ??''
''വാ..''
വീടിന്റെ ഗേറ്റ് പൂട്ടി എന്നെയും കൂട്ടി അവന്‍ പുറത്തേക്കിറങ്ങി..
അവന്റെ പിന്നാലെ നടക്കുമ്പോള്‍ പിന്തിരിഞ്ഞു നോക്കിയില്ല എതിരെ വരുന്ന ആളുകള്‍ക്കെല്ലാം ഭീകര രൂപമാണെന്നു തോന്നി....ആരോടും ഒന്നും ചോദിക്കരുത് ..ഒന്നും പറയരുത്..തെരുവോരത്തെ അനാഥന്റെ പാട്ടിനും ശവതാളമാണ്....
എവിടെക്കാണ്‌ നീ പോകുന്നത്...അവനോടു ചോദിച്ചില്ല...
അകലെ പാര്‍ക്ക്‌ ചെയ്ത കാറിലേക്ക് കയറുമ്പോഴും ബാലചന്ദ്രന്‍ മൌനിയായിരുന്നു...
കടുത്ത പെര്‍ഫ്യുമിന്റെ ഗന്ധം തങ്ങിനിന്ന കാറിലിരിക്കുമ്പോഴും എവിടേക്ക് പോകുകയാണന്നവനോട് ചോദിച്ചില്ല...മനസ്സു ശൂന്യമായിരുന്നു...എവിടെ പോയാലെന്ത്...എത്രയും പെട്ടെന്ന് ഈ നശിച്ച നഗരം വിട്ടാല്‍ മതി... അകലെ എവിടെയെങ്കിലും ഓര്‍മകളും ബന്ധങ്ങളും കുഴിച്ചുമൂടി..ഏകനായി....
അതാണ്‌ നല്ലത്...
''ആ ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടിയാണ് ശാലിനിയെങ്കില്‍ അവള്‍ ഇപ്പോള്‍ എവിടെയാണെന്ന് എനിക്കറിയാം ഞാന്‍ അവളോട്‌ സംസാരിച്ചിരുന്നു പക്ഷെ അവള്‍ പഴയ കഥകള്‍ ഒന്നും തന്നെ പറഞ്ഞിരുന്നില്ല.......''
ബാലചന്ദ്രന്റെ വാക്കുകള്‍ ഏതോ ഗര്‍ത്തത്തില്‍ നിന്നും വരുന്നതുപോലെ തോന്നി....
''നീ പണ്ട് ശരിക്കും അവളെ സ്നേഹിച്ചിരുന്നുവോ?? ഐ കാന്റ് ബിലീവ്...... ''
അതെന്താ അങ്ങനെ ? അവനെ സംശയത്തോടെ നോക്കി...
അപ്പോഴേക്കും ഞങ്ങള്‍ ഒരു വലിയ ഹോട്ടലിന്റെ താഴെ എത്തിയിരുന്നു...ബാലചന്ദ്രന്‍ റിസപ് ഷനിസ്റ്റുമായി എന്തൊക്കെയോ കുശുകുശുക്കുന്നത് കേട്ടു....
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നാലാം നിലയിലെ ഒരു മുറിയിലേക്ക് ആനയിക്കപ്പെട്ടു....
ഒരു നീണ്ട ഹാളും അവിടെ നിറയെ പലവേഷത്തില്‍ ഒരുക്കിനിര്‍ത്തപ്പെട്ടിരിക്കുന്ന പെണ്‍കുട്ടികളുമായിരുന്നു എന്റെ മനസ്സില്‍...
ഞാന്‍ ബാലചന്ദ്രന്റെ കൈ പിടിച്ചു...
''നമുക്ക് തിരിച്ചു പോകാം..''
''ഇവിടം വരെ വന്നതല്ലേ അവളെ കാണുമോ എന്നറിഞ്ഞിട്ടു പോകാം..''
അവന്‍ എന്നെയും കൂട്ടി റൂമിനകത്തെക്ക് കയറി..
അത് ഞാന്‍ കരുതിയ പോലെ ഒരു വലിയ ഹാള്‍ ആയിരുന്നില്ല..മനോഹരമായി അലങ്കരിച്ച ഒരു മുറി ...
''പ്ലീസ് വെയിറ്റ് സര്‍.................ബട്ട്‌ ഒണ്‍ലി വണ്‍ പെര്‍സണ്‍...''
അര്‍ത്ഥഗര്‍ഭമായി ചിരിച്ചു കൊണ്ട് റൂം ബോയ്‌ പുറത്തേക്ക് പോയി....
നിസ്സഹായനായി ബാലചന്ദ്രനെ നോക്കാനേ എനിക്കു കഴിഞ്ഞുള്ളു.........
''നീ അവളോട്‌ സംസാരിക്ക് അപ്പോള്‍ നിനക്കെല്ലാം ബോധ്യമാകും ......ഞാന്‍ പുറത്തുണ്ടാകും എനിക്കെന്തായാലും അവളോട്‌ സംസാരിക്കണമെന്നില്ല ഞാന്‍ ഒരാഴ്ച മുമ്പ്‌ ഇന്റര്‍വ്യൂ എടുത്തതാണ്....''
അവന്‍ പുറത്തേക്ക് പോയി....
നിമിഷങ്ങള്‍ കടന്നു പോയി..എന്റെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു.....എന്നെ കാണുമ്പോള്‍ എന്തായിരിക്കും അവളുടെ പ്രതികരണം...
മുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു..
അവള്‍ അകത്തേക്ക് വന്നു....ചുവന്ന ടി ഷര്‍ട്ട്‌ ഉം നീല ജീന്‍സും..അവള്‍ തടിച്ചിരുന്നു...ഒരുപാട്....കയ്യിലെ ബാഗില്‍ നിന്നും പുറത്തേക്ക് ചാടി നില്‍ക്കുന്ന സണ്‍ ഗ്ലാസ്‌ ....മുഖത്ത്‌ കടും മേക്കപ്പിന്റെ തിളക്കം......എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല...കൈ നിറയെ നനഞ്ഞ തുണികളുമായി എന്നും ടെറസ്സിലേക്ക് പടികയറിപ്പോയ്കൊണ്ടിരുന്ന ആ പെണ്‍കുട്ടി തന്നെയാണോ ഇത് ?????......
തിളക്കമില്ലാത്ത വെള്ളാരം കണ്ണുകള്‍ കൊണ്ട്  അവള്‍ എന്നെ നോക്കി....എന്നെ തിരിച്ചറിഞ്ഞെന്നു ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു...മനസ്സിലാക്കാന്‍ പ്രയാസമുള്ള ഭാവങ്ങള്‍ അവളില്‍ മിന്നി മറഞ്ഞു....
എനിക്കാ മുഖത്തേക്കു നോക്കാന്‍ പേടി തോന്നി....
എനിക്കിവളെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നില്ലേ...?
കുറച്ചു നേരത്തേക്ക് മുറിയില്‍ നിശ്ശബ്ദതയായിരുന്നു.....പെട്ടെന്ന് കയ്യിലെ ബാഗ്‌ മേശപ്പുറത്തേക്ക് വച്ച് കൊണ്ട് അവള്‍ പറഞ്ഞു...
''ട്വന്റിഫൈവ്  തൌസന്റ്  ബക്ക്സ് ''.........
ഞാനവളെ പകച്ചു നോക്കി.....അവളുടെ ശബ്ദം പഴയ ശാലിനിയുടെതായിരുന്നില്ല ........
''എന്റെ ഒരു ദിവസത്തിന് ഇരുപത്തിഅയ്യായിരം രൂപയാണ്....അറിഞ്ഞില്ലെന്നുണ്ടോ....''
എനിക്ക് സംസാരിക്കാനായില്ല.....
എന്റെ നില്‍പ്പ് കണ്ടു അവളുടെ മുഖഭാവം മാറുന്നതു കണ്ടു....എന്റെ മുഖത്ത്‌ നോക്കാതെ നേര്‍ത്ത സ്വരത്തില്‍ അവള്‍ പറഞ്ഞു.....
''നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നത് എന്നെനിക്കറിയില്ല...പക്ഷെ ഒരിക്കലും എന്നെ തേടി വരരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു......ഇത് ഞാന്‍ തിരഞ്ഞെടുത്ത വഴിയാണ്......എനിക്ക് ഈ ലോകത്ത് ആരുമായും ഒരു അറ്റാച്ച്മെന്റും ഇല്ല.....ഞാന്‍ ചീത്തയായിപ്പോയി എന്ന് സ്വയം കരുതുന്നുമില്ല...അത് കൊണ്ട് തന്നെ എന്റെ ശരീരത്തെ ഇഷ്ടപ്പെടുന്നവരെയാണ് എനിക്കിഷ്ടം..''
അവള്‍ കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി...
''പക്ഷെ ശാലിനീ ഞാന്‍...''
എന്നെ തുടരാന്‍ അവള്‍ അനുവദിച്ചില്ല..
''നിങ്ങള്‍ക്ക് പരിചയമുള്ള ഒരു ലോകമല്ല എന്റേത്...ഞാന്‍ കണ്ടിട്ടുള്ളതും അനുഭവിച്ചതുമായ ലോകം നിങ്ങള്‍ക്ക് പുസ്തകങ്ങളിലും സിനിമകളിലുമേ കാണാന്‍ കഴിയൂ...ഒരു വേശ്യയുടെ സുവിശേഷ പ്രസംഗത്തിന് കാതോര്‍ക്കുന്നത് നിങ്ങള്‍ സദാചാരവാദി കള്‍ക്ക് ചേര്‍ന്നതുമല്ല ......എന്നെ കാണാന്‍ വരുന്നവരെല്ലാവരും എന്റെ കസ്റ്റമെര്‍സ് ആയിരിക്കാനാണ്‌ എനിക്കിഷ്ടം....അതുകൊണ്ട്......ഇഫ്‌ യു ആര്‍ ഇന്ററസ്റ്റഡ്.....യു കാന്‍ സ്റ്റേ....ഓര്‍ പ്ലീസ് ലീവ്...''
പതുക്കെ എഴുന്നേറ്റു...
പുറത്തു ബാലചന്ദ്രനെ കണ്ടില്ല...അവന്‍ താഴെ കാറില്‍ വെയിറ്റ് ചെയ്യുകയായിരുന്നു.....
കാറിലേക്ക് കയറുമ്പോള്‍ അവന്‍ എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു...
''ഇപ്പോള്‍ നിനക്ക് കാര്യങ്ങള്‍ കുറെയൊക്കെ മനസ്സിലായെന്നു തോന്നുന്നു...എന്റെ മുഖഭാവം ശ്രദ്ധിച്ച്‌ അവന്‍ പറഞ്ഞു.....കഴിഞ്ഞ ആഴ്ച അവളെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അവളുടെ കഴിഞ്ഞ കാലത്തെപ്പറ്റി ഒന്നും അവള്‍ പറഞ്ഞിരുന്നില്ല...തന്റെടിയായ ഒരു സ്ത്രീ ആയാണ് ഞാന്‍ അവളെ കണ്ടത്...ആ ടോണില്‍ ആണ് അവള്‍ സംസാരിച്ചതും..പിന്നെ നീ പറഞ്ഞപ്പോഴാണ് കൂടുതല്‍ അറിയുന്നത്....എസ് എസ് എല്‍സി ക്ക് ഇത്രയധികം മാര്‍ക്ക്‌ വാങ്ങിയ കുട്ടിയായിരുന്നു അവളെന്നൊക്കെ ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസം...ആ... പിന്നെ ദൈവം ഓരോന്ന് തീരുമാനിച്ചിട്ടുണ്ടല്ലോ .........''
അവന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി..
എന്റെ സ്വാര്‍ത്ഥമായ മനസ്സ് പക്ഷെ വളരെ ശാന്തമായിരുന്നു....
അവള്‍ സന്തോഷവതിയാണല്ലോ.....അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്...??..
നിസ്സംഗതയോടെ കാറിന്റെ സീറ്റിലേക്ക് ചാരിയിരുന്നു....
പോവുകയല്ലേ..??....
ബാലചന്ദ്രന്‍ സന്ദേഹത്തോടെ എന്നെ നോക്കി..
ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പ്രസ്സില്‍ അപ്പോഴും ബാലചന്ദ്രന്റെ ലേഖനം പ്രിന്റ്‌ ചെയ്തു തുടങ്ങിയിട്ടുണ്ടായിരുന്നില്ല...............................

22 September 2009

ദോഹ കടപ്പുറത്തെ ബ്ലോഗര്‍മാര്‍...(Doha bloggers meet 2009)


പെരുന്നാളിന്റെ സുന്ദരന്‍ ബിരിയാണി മയക്കത്തിനിടയിലും അയല്‍ റൂമുകാരന്‍ ഗുല്‍സാറിനെയും ചവിട്ടിയെഴുന്നെല്‍പ്പിച്ചു കോര്‍ണിഷ് ലേക്ക് (ന്നു വച്ചാ....കടാപ്പുറം) പോകുമ്പോള്‍ മജ്ജയും മാംസവുമായി ജീവനോടെ ഒരു ബ്ലോഗറെയെങ്കിലും കാണാമല്ലോ എന്നായിരുന്നു മനസ്സില്‍
എന്നിട്ടോ??....
കണ്ടു ഒന്നിനെയല്ല ഒരുപാടെണത്തിനെ.....
നല്ല നീളോം വീതീം വണ്ണോം ഒക്കെയുള്ള കിടിലന്‍ ബ്ലോഗര്‍മാര്‍....കൂട്ടത്തില്‍ ചില പുലികളും സിംഹങ്ങളും.....
ദോഹ അമീറിന്റെ കൊട്ടാരത്തിനടുത്തുള്ള 'അല്‍ ബിധ' പാര്‍ക്ക്‌ ആയിരുന്നു സ്ഥലം...കുളിച്ചു കുപ്പായവുമിട്ട് സ്പ്രേ ഒക്കെ അടിച്ച്... മിസ്തുബിഷീം എടുത്ത്‌ പുറത്തേക്കിറങ്ങി...കൂട്ടത്തില്‍ മട്ടന്‍ ബിരിയാണീം അടിച്ച് മയങ്ങികിടക്കുവായിരുന്ന ഗുലുവിനേം എടുത്ത്‌ വണ്ടീലിട്ടു...(ബ്ലോഗന്മാരുടെ അടുത്തോട്ടാണ് പോക്ക് ഏത് ടൈപ്പ് ആള്‍ക്കാരാ എന്നറിയില്ലല്ലോ..ധൈര്യത്തിന് ലവനും കിടക്കട്ടെ...) പോണപോക്കില്‍ ഒരു 'ഫെരാരി'ക്കാരന്‍ അറബി പിറകിലൂടെ വന്നു ഞമ്മടെ 'മിസ്തുബിഷീനെ' ഒന്നു ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു...''ടു ലിറ്റര്‍ എഞ്ചിനോടാണോടാ നിന്റെ കളി''... എന്നും പറഞ്ഞു ഒന്നു ചവിട്ടിവിടാന്‍ നോക്കിയതാണ്...പക്ഷെ...'ശൂം'.. എന്നൊരു സൌണ്ട് മാത്രമെ കേട്ടുള്ളു......മുന്നിലും ബാക്കിലും സൈഡിലും ഫെരാരീടെ പൊടിപോലുമില്ല...
അറബി ഓവര്‍ടേക്ക് ചെയ്തുപോയതിന്റെ സൌണ്ട് ആയിരുന്നു ആ 'ശൂം' എന്ന് ഗുലു പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്..........
എന്തായാലും വൈകുന്നേരം അഞ്ചു മണിയായത് കൊണ്ടു അല്‍ ബിധ പാര്‍ക്കിന്റെ സൈഡില്‍ ഒരു പാര്‍ക്കിംഗ് പ്ലേസ് കിട്ടി......അങ്ങനെ സന്തോഷത്തോടെ കീയും കയ്യിലിട്ടു കറക്കി പാര്‍ക്കില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് സെക്യൂരിറ്റിക്കാരന്‍ നേപ്പാളിവന്നു പറയുന്നത്...
''പാര്‍ക്കില്‍ കയറാന്‍ പറ്റില്ല ഇന്നു 'ഫാമിലി ഡേ' ആണ്..''.....!!!!!!!!!!!
(ഒരു അവിവാഹിതന്റെ വിലാപങ്ങള്‍ എന്ന ഒരു പോസ്റ്റ് ഞാന്‍ ഉടന്‍ തന്നെ പുറത്തിറക്കുന്നത് കൊണ്ടു അപ്പോഴത്തെ എന്റെ വികാര വിചാരങ്ങളെ ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നില്ല...)
ഞാന്‍ ഗുല്‍സാറിനെ ക്രൂരമായി നോക്കി ....അവന് അവന്റെ വൈഫിനെ നാട്ടില്‍ കൊണ്ടു വിടാന്‍ കണ്ട സമയം....അവള്കൂടെ ഉണ്ടായിരുന്നെങ്കില്‍ ചുമ്മാ കേറി പോയ്ക്കൂടായിരുന്നോ.....
എന്തായാലും അഞ്ചാറു സെക്യൂരിറ്റിക്കാരുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ ഞങ്ങള്‍ ജെയിംസ്‌ ബോണ്ടിനെ പ്പോലെ അകത്ത് കയറി....
എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു...ഞാന്‍ ഗുലുവിനോട് ചോദിച്ചു..
''ഒരു ബ്ലോഗറെ കണ്ടാല്‍ എങ്ങിനെ തിരിച്ചറിയാം..??..''
അവന്‍ പറഞ്ഞു..
''കോഴികളുടെ കൂട്ടത്തില്‍ പൂവന്‍ കോഴി,വിദേശികളുടെ കൂട്ടത്തില്‍ ഫിലിപ്പിനോസ്‌ ,ബിരിയാണികളുടെ കൂട്ടത്തില്‍ മട്ടന്‍ ബിരിയാണി എന്നിവ കണ്ടാല്‍ എനിക്ക് തിരിച്ചറിയാം..പക്ഷെ ഒരു ബ്ലോഗറെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റില്ല....''
പക്ഷെ അപ്പോഴേക്കും കുറെ മലയാളികള്‍ ഒരു സ്ഥലത്ത് കൂട്ടം കൂടി നില്ക്കുന്നത് ഞങ്ങള്‍ കണ്ടു....
''ദേ അവരാണോ ബ്ലോഗേര്‍സ് ??''
ഗുലു ചോദിച്ചു...
എന്തായാലും ഞങ്ങള്‍ കേറി മുട്ടി.....
''അല്ല ഈ ബ്ലോ.......''
ചോദിക്കേണ്ടി വന്നില്ല അല്ലാതെ തന്നെ കണ്ടു കുറെ പുലികള്‍...
ആദ്യം തന്നെ ശ്രദ്ധിച്ചത് മുഹമ്മദ്‌ സഗീര്‍ എന്ന പുലിയെ ആണ് ഫോട്ടോയില്‍ കണ്ടതുകൊണ്ടു വേഗം തന്നെ മനസ്സിലായി...(ആള്‍ ഒരു സിംഹം തന്നെയാണ് .."വക്ഷസ്സാംബുരങ്ങള്‍" എന്ന വാക്കൊക്കെ മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത ആളാണ്..ശരിക്കും ഒരു 'ബ്ലുലി' ) ഒരു പുലിയെ കണ്ടു ഞെട്ടിത്തീരും മുന്‍പേ ദാ അടുത്ത പുലി....'ബ്ലോത്രത്തിന്റെ' ജീവാത്മാവും പരമാത്മാവുമായ ആള്‍ സാക്ഷാല്‍ രാമചന്ദ്രന്‍ വെട്ടിക്കാട്ട് .....(ഏഷ്യാനെറ്റിന്റെ ഇന്റര്‍വ്യൂവില്‍ കണ്ട പരിചയമാണ്...സകലമാന ബ്ലോഗന്‍മാരെയും ബ്ലോഗിണികളെയും നന്നാക്കികളയാം എന്ന വിശ്വാസവുമായി ഇറങ്ങിയിരിക്കുകയാണ്...എന്നാലും 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ട്..)....
പിന്നെ രണ്ടുപേര്‍ ചാടിവീണ് തുരു തുരാ പോട്ടം പിടുത്തം തുടങ്ങി....ഞാന്‍ എങ്ങാനും കേറി ഫെയ്മസായോ ദൈവമേ എന്ന് കരുതിയിരിക്കുമ്പോഴാണ്‌ അറിയുന്നത്... ..അവരും ബ്ലോഗന്‍മ്മാര്‍ ആണ്...ഒരാള്‍ 'മോഹനം' ...പിന്നൊരാള്‍ ജുബിന്‍ എന്ന ഫോട്ടോഗ്രാഫര്‍ പുലി (ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ക്യാമറ കൂടെയുണ്ടാകും) ..രണ്ടുപേരും ഇരുന്നും നിന്നും കിടന്നും പോട്ടം പിടുത്തമാണ്..
പിന്നെ ആരെയും ശ്രദ്ധിക്കാതെ ഒരു മൂലയ്ക്കിരിക്കുന്നു 'ശ്രദ്ധേയന്‍' .......
ശ്രദ്ധെയന്റെ ശ്രദ്ധ തിരിച്ചു...നോക്കുമ്പോള്‍ നമ്മള് രണ്ടാളും 'കൊയിക്കോട്ടുകാര്‍' ആണ് കിട്ടീലെ...അപ്പോത്തന്നെ ഹിസ്റ്ററീം ജോഗ്രഫീം ഒക്കെ എടുത്തലക്കി...മൂപ്പര് കരിനാക്ക് വളയ്കാഞ്ഞത് ഭാഗ്യം...
'ശാരദ' എവിടെ എന്നാരോ ചോദിക്കുന്നത് കേട്ടത് കൊണ്ടാണ് മെല്ലെ മുടിയെല്ലാം ഒതുക്കി ചുണ്ടില്‍ ഒരു പുഞ്ചിരി ഒക്കെ ഫിറ്റ്‌ ചെയ്തത് ....ഒരു ബ്ലോഗിണി മന്ദം മന്ദം നടന്നു വരുന്നതു സങ്കല്പിച്ചു കൊണ്ടിരിക്കുമ്പോഴതാ ബുള്‍ഗാന്‍ താടിയൊക്കെ ഫിറ്റ് ചെയ്തു ഒരാള്‍ വന്നു നില്ക്കുന്നു.....
''ഞാന്‍ ശാരദനിലാവ്...''
എന്നാലും വല്ലാത്തൊരു ചെയ്തതായിപ്പോയെന്നു മനസ്സില്‍ പറഞ്ഞു...
ഒരു ബ്ലോഗിണിയെ ജീവനോടെ കാണാന്‍ ഇനി എത്ര കാത്തിരിക്കണം???....
പിന്നെ കണ്ടത് ഗസല്‍ പ്‌രാന്തന്‍ ഹാരിസിനെ.. ആള്‍ ഒരു സകലകലാവല്ലഭനാണ്....കിടിലന്‍ കവിതകളെഴുതാരുണ്ട് പുള്ളി..ഒട്ടുമിക്ക ഗസലുകളുടെയും കളക്ഷന്‍ ഉണ്ടെന്നു പറയുമ്പോഴും പുള്ളി പറയുന്നു...
''ഒരെണ്ണം പോലും നിങ്ങള്‍ക്ക് കിട്ടുമെന്ന് വിചാരിക്കേണ്ട.....''
കിരണ്‍സ് വന്നതേ ചുണ്ടില്‍ പാട്ടും ഫിറ്റ് ചെയ്താണ്....'മ്യുസിക്കല്‍ ബ്ലോഗ്ഗറാണ് ' വന്നപാടെ റേഡിയോ ഓണ്‍ ചെയ്തു വച്ചപോലെ തുടങ്ങി സംസാരം...'ഈണത്തില്‍'...
കിരണ്‍സ് കൂടി എത്തിയതോടെ സംഗതി ഉഷാറായി...അല്‍പ്പം ശബ്ദമൊക്കെ പൊങ്ങിത്തുടങ്ങി....'ബ്ലോഗലിന്റെ' ശബ്ദം കൂടിയത് കൊണ്ടാവണം...സെക്യൂരിറ്റിക്കാര്‍ പാഞ്ഞെത്തി....
''ഇതു ഫാമിലീസിനു മാത്രം ഉള്ള സ്ഥലമാണ് ...''
''ഫാമിലി ഉണ്ട്...''....
രാമചന്ദ്രനും സഗീറും ഒരു അടിയന്തിരാവസ്ഥ മുന്നില്‍ കണ്ടു കൊണ്ടു ഫാമിലിയെയും കൂട്ടിയാണ് വന്നത്.....
''നിങ്ങള്‍ രണ്ടുപേരുടെ ഫാമിലി മാത്രമെ ഇവിടുള്ളൂ.....ഞങ്ങള്‍ എല്ലാം കാണുന്നുണ്ട്.....അതുകൊണ്ട് ബാക്കിയുള്ളവര്‍ ഇപ്പൊ തന്നെ പുറത്തു പോകണം.....''
മലയാളിയായ സെക്യൂരിറ്റി കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു...
''എല്ലാ ഇന്ത്യാക്കാരും സഹോദരീ സഹോദരന്മ്മാരാണ് ...അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഒരു ഫാമിലി ആണ്..''. എന്ന് തുടങ്ങി.....'വസുധൈവ കുടുംബകം'.. എന്ന് വരെ പറഞ്ഞു നോക്കി...
പക്ഷെ സെക്യൂരിറ്റി തന്‍ ഒരു അസ്സല്‍ മലയാളി ആണെന്ന് തെളിയിച്ചു...
എല്ലാവരും പുറത്തേക്ക്.....
പിന്നെ നേരെ റോഡ് ചാടി അപ്പുറം ബീച്ചില്‍ പോയി ഇരിക്കാന്‍ തീരുമാനിച്ചു...(അവിടേം 'ഫാമിലി ഡേ' ആണോ ദൈവമേ എന്ന് മനസ്സില്‍ വിചാരിക്കുന്നുണ്ട്..)
അങ്ങനെ 'കടലിന്നഗാധമാം......(നീലിമയില്‍ എന്ന് പറയുന്നില്ല കാരണം അപ്പോഴേക്കും നേരം ഇരുട്ടായിരുന്നു..) സൌന്ദര്യം' നുകര്‍ന്ന് കൊണ്ടു ഞങ്ങള്‍ ദോഹയിലെ ബ്ലോഗന്മ്മാര്‍ പരസ്പരം പരിചയപ്പെട്ടു....
അപ്പോള്‍ മൂന്നു പേര്‍ കൂടി സംഘത്തിലേക്ക് ചേര്‍ന്നു......ഒരാള്‍ ബ്ലോഗര്‍ 'സ്മൈലി' പിന്നെ സുഹൃത്ത് അസ് ലം ,ഇസ്മായില്‍ .......
എല്ലാവരും സ്വയം പരിചയപ്പെടുത്തി.....
പിന്നെ കുറെ പരദൂഷണം.....
പിന്നെ ചെറിയൊരു കൈവശാവകാശ തര്‍ക്കവും നടന്നു....
'നേര്‍ക്കാഴ്ചകള്‍ 'എന്ന ബ്ലോഗ്‌ തന്റെയാണെന്ന് സ്മൈലി... മോഹനത്തിന്റെ പേരിലും കിടക്കുന്നു ഒരു 'നേര്‍ക്കാഴ്ചകള്‍ '.....എന്താ ചെയ്യുക...(അതുകൊണ്ടാണ് വൈകീട്ട് ഞാന്‍ നമ്മുടെ സ്വന്തം 'പെയ്തൊഴിയാതെ' എന്ന പേര് നെറ്റില്‍ തപ്പിയത്....ദാണ്ടേ കിടക്കുന്നു 'പെയ്തൊഴിയാതെ' മൂന്നാലെണ്ണം..!!!)
അതിനിടയില്‍ ഹാരിസ്‌ കയറി 'തലത്ത് അസീസിന്റെ' ഒരു ഗസലും പാടിക്കളഞ്ഞു....
ഗസല് കേട്ടു വഴിയേ പോയ ഒരു പാകിസ്താനി പെണ്ണ് ഹാരിസിനെ കേറി പ്രേമിച്ചു കളയുമോ എന്ന് പോലും ഞങ്ങള്‍ പേടിച്ചിരുന്നു........പിന്നെ ഞാന്‍ ക്രൂരമായി നോക്കിയതുകൊണ്ട് മാത്രം ആ പെണ്ണ് പോയി.....
പിന്നീട് ബൂലോഗത്ത് നടക്കുന്ന സംഭവവികാസങ്ങളും, പഴയ വീരകഥകളും, എങ്ങനെ തല്ലു കിട്ടാതെ ബ്ലോഗാം എന്നതും എല്ലാം ഉള്‍പ്പെട്ട തകര്‍പ്പന്‍ ചര്‍ച്ച നടന്നു........
(അമ്മയാണെ....ഒരു ദോഹ കോക്കസ് ഉണ്ടാക്കാന്‍ ഞങ്ങള്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല...)
അങ്ങനെ 'അഖിലദോഹ ബ്ലോഗര്‍മ്മാരെ സംഘടിക്കുവിന്‍ ' എന്ന മുദ്രാവാക്യവും വിളിച്ച്...അവഗണിക്കാനാവാത്ത വയറിന്റെ വിളി കാരണം 'ദോഹ മീറ്റ് 2009' അവസാനിപ്പിച്ചു..(അപ്പൊ 2007 ലും 2008 ലുമൊക്കെ മീറ്റു നടന്നിരുന്നോ എന്ന് എന്നോടുചോദിക്കരുത്.... അത് സഗീറിനോട് ചോദിച്ചാല്‍ മതി..)..
തിരിച്ചു പോകുമ്പോഴേക്കും ഹാഫ് ബ്ലോഗനായിരുന്ന ഗുല്‍സാര്‍ ഒരു ഫുള്‍ ബ്ലോഗനായി മാറിയിരുന്നു.....
അങ്ങനെ ദോഹാകടപ്പുറത്തെ ബ്ലോഗ് ഉച്ചകോടിക്ക് പരിസമാപ്തിയായി....

വാല്‍കഷണം...
തിരിച്ചു വരുമ്പോള്‍ 'ഹമീല്‍' റെസ്റ്റോറണ്ടില്‍ കയറി ചിക്കന്‍ ചില്ലി അടിച്ചോണ്ടിരിക്കുമ്പോള്‍ അതാ പിന്നില്‍ വെട്ടിക്കാട് വീണ്ടും....'ബ്ലോത്രം' എന്നെ ഇന്റര്‍വ്യൂ ചെയ്യണോ മറ്റോ വന്നതാണെന്ന് കരുതി ഒന്നു ഞെട്ടി....
''ഇവിടെ..??''
''ഹേയ് ഞാന്‍ ഫുഡ്‌ പാര്‍സല്‍ വാങ്ങിക്കാന്‍ വന്നതാ...വൈഫും കുട്ടികളും കാറിലുണ്ട്‌.....''
അങ്ങിനെ ബ്ലോഗര്‍മാര്‍ക്കും വിശക്കും എന്ന വലിയ പാഠവും പഠിച്ച്...തിരിയെ വീട്ടില്‍ പോയി കിടന്നുറങ്ങി..!!

14 September 2009

ഉല്‍പേഷ് കുമാര്‍ എങ്ങിനെ കള്ളനായി??


ജീവിതത്തില്‍ ചില്ലറ തെറ്റുകളേ കാമാക്ഷിയമ്മ ചെയ്തിട്ടുള്ളൂ....
അതിലൊരു തെറ്റില്‍ നിന്നാണ് യു കെ ഉല്‍പേഷ് കുമാറിന്റെ ജനനം
ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ കാമാക്ഷിയെ പെണ്ണുകാണാന്‍ വന്ന ദിവസം....
റിസഷന്‍ ബാധിച്ച ഐ ടി കമ്പനിക്ക്‌ പുതിയ പ്രൊജക്റ്റ്‌ കിട്ടിയപോലെയായിരുന്നു കാമാക്ഷിയുടെ അച്ഛന്‍ ശാര്‍ങ്ങധരന്‍ പിള്ളയ്ക്ക്......
എട്ടിലോ പതിനാറിലോ മറ്റോ ചൊവ്വ കേറി കോണ്‍ തെറ്റി നില്‍ക്കുകയായിരുന്ന കാമാക്ഷി, 'അവളുടെ രാവുകളിലെ' സീമചേച്ചിയെ മനസ്സില്‍ ധ്യാനിച്ച് ,മുന്നില്‍ കൊണ്ടുവച്ച അവലോസുണ്ട എടുക്കണോ വേണ്ടയോ എന്ന് വ്യാകുലപ്പെടുന്ന ഉല്‍പ്പലാക്ഷന്‍ ചേട്ടനേ നോക്കി തലകുനിച്ചു നാണത്തോടെ കാലിന്റെ തള്ളവിരല് കൊണ്ടു നിലത്തു മൂന്നു ട്രയാംഗിളും രണ്ടു സര്‍ക്കിളും വരച്ചുകളഞ്ഞു...!!!!കൂട്ടത്തില്‍ കടക്കണ്ണിന്‍ മുനകൊണ്ട് രണ്ടു എസ്സെമ്മെസ്സും......
ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ വീണു...വീണുവെന്ന് പറഞ്ഞാല്‍ നടുവുംതല്ലി വീണു..
ആ വീഴ്ചയില്‍ നിന്നാണ് ഉല്‍പേഷ് കുമാര്‍ എന്ന ഉല്‍പു വിന്റെ പിറവി...
ഉല്‍പേഷ് ഞങ്ങളുടെ നാട്ടിലെ ആസ്ഥാന കാമുകനാണ്....
അല്‍പ്പം കറുത്തതാണെന്നോഴിച്ചാല്‍ മറ്റു ബ്ലാക്ക്‌ മാര്‍ക്സ് ഒന്നുമില്ല....
അല്‍പ്പമെന്നു പറയുമ്പോള്‍ രാത്രിയില്‍ ബ്രൈറ്റ് ലൈറ്റ് ടോര്‍ച്ചടിച്ചു നോക്കിയാലും കാണാറില്ല...
താന്‍ ജനിച്ചു വീണപ്പോള്‍ തീക്കട്ട പോലെയായിരുന്നു എന്നാണ് ഉല്‍പ്പു പറയുന്നതു...കണ്ടു പേടിച്ച നേഴ്സ് അപ്പൊ തന്നെ എടുത്ത്‌ വെള്ളത്തിലിട്ടത്രേ...അങ്ങനെ കരിഞ്ഞു പോയി.(ദാറ്റ്‌ സ് ദ സീക്രറ്റ്‌ ഓഫ് മൈ കളര്‍ )
ഉല്‍പ്പുവിന്റെ നിറത്തെ കുറിച്ചു വേറെയും ഒരുപാടു കഥകളുണ്ട്..
പണ്ടു ഗോവയില്‍ ടൂറിനു പോയപ്പോള്‍ ഒരു ഹിന്ദിക്കാരി കൊച്ചിനെ ഇടിവെട്ടിയ ഒരു തെങ്ങിന്റെ കടയ്ക്കലിരുന്ന് ഉല്‍പ്പു വളയ്ക്കാന്‍ ശ്രമിച്ചു
ഉല്‍പ്പു വിന്റെ 'ഗെറ്റപ്പ്‌ ആന്‍ഡ്‌ സെറ്റപ്പ് ' കണ്ടു കൊച്ചു ചോദിച്ചു.
''ക്യാ കര്‍ത്താ ഹേ ??
ഹിന്ദി കേട്ട ഉല്‍പ്പുവിന്റെ മുഖം ജപ്പാന്‍ ബ്ലാക്കില്‍ ജനതാസെം വീണപോലെയായി..
ദെ ലവളും 'എന്താ കറത്തേ'ന്നു ചോദിക്കുന്നു...
''വെയില് കൊണ്ടു കറത്തതാ '' ..ഉല്‍പ്പു ആത്മാര്‍ഥമായി പറഞ്ഞു.
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടു ശിഷ്ടകാലം കഴിച്ചു കൂട്ടാന്‍ തീരുമാനിച്ച അച്ചാച്ചന്‍ ശാര്‍ങ്ങധരന്‍ പിള്ളയെ ചുമ്മാ രണ്ടു തെറിയും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു അന്ന് ഉല്‍പ്പു..
വരുന്ന വഴിയാണ് അയല്‍വാസിയും പഞ്ചായത്തിന്റെ പൊതുസ്വത്തായ കുടുംബശ്രീ സരസുവിന്റെ നടുക്കത്തെ പുത്രിയും നാട്ടിലെ ഒടുക്കത്തെ ഫിഗറുമായ കുമാരി ശാരിക ചെഞ്ചുണ്ടില്‍ ഡബിള്‍ മിന്റ് ഗമ്മു മായി മന്ദം മന്ദം നടന്നു വരുന്നതു കണ്ടത്....
ശാരൂ.... എന്ന് വികാരലോലമായി വിളിക്കാന്‍ തോന്നിയെങ്കിലും അവടപ്പന്‍ ഇടിവെട്ടി സുരേന്ദ്രന്റെ
അതികഠിനമായ കൈത്തണ്ടകള്‍ ഓര്‍മയിലേക്ക് വന്നപ്പോള്‍ ഉല്‍പ്പു മെല്ലെ തുപ്പലിറക്കി..
ആസ് യൂഷ്വല്‍ ജിന്‍ജര്‍ കടിച്ച മങ്കിയെപ്പോലെ ഒരു ചിരിയും ചിരിച്ചു വെള്ളവുമിറക്കി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുമാരി ശാരികയില്‍ നിന്നും ഒരു ചോദ്യം..
''എനിക്കൊരുപകാരം ചെയ്യ്വോ..???''
ഉല്‍പ്പുവിനു തങ്ങളിപ്പോള്‍ കാശ്മീരിലെ മഞ്ഞുമലകളിലാണെന്നും ഇരുപത്തിനാല് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്ണുങ്ങള്‍ തങ്ങള്‍ക്കു ചുറ്റും കോറസ്‌ പാടി ഡാന്‍സ് ചെയ്യുന്നുണ്ടെന്നും തോന്നി...
പഞ്ചായത്തിന്റെ സ്വന്തം 'നമിത' ശാരികയാണ് മൊഴിഞ്ഞത്.......!!!!!!!!!!!!!!!!
പാട്ടും ഡാന്‍സും കഴിഞ്ഞപ്പോഴാണ് താന്‍ ശാരികയുടെ മുന്നില്‍ വായും പൊളിച്ചു നിക്കുകയാണെന്ന് ഉല്‍പ്പുവിനു മനസ്സിലായത്.വാര്‍ണിംഗ് ലെറ്റര്‍ കിട്ടിയ ടീം ലീഡറെ പ്പോലെ ഉല്‍പ് സ് ഉഷാറായി.
''എന്താ ശാരൂ........''
ആ വിളിയില്‍ രണ്ടു ലോഡ് സ്നേഹം കലക്കിയിരുന്നു..
''വേറാരോടും പറയരുത്........ഉല്പ്പേട്ടനായത് കൊണ്ടു പറയുവാ......''
പുഞ്ചിരിയില്‍ നഞ്ചുപുരട്ടി ശാരിക ജൂനിയര്‍ സരസുവായി.......
ഉല്‍പ്പു പിന്നേം കുളിരുകൊണ്ടു....ശാരു എന്നോട് സ്വകാര്യം പറയുന്നു...
ആ സമയം ശാരു ഒസാമ ബിന്‍ ലാദനെ വേണമെന്നു പറഞ്ഞാലും ഉല്‍പ്പു പിടിച്ചോണ്ട് കൊടുത്തേനെ..
''എന്റെ വീട്ടിന്റെ ചുറ്റും രാത്രി ആരോ കിടന്നു കറങ്ങുന്നുണ്ട്....രാത്രി ഒരു പന്ത്രണ്ടര ഒരു മണി ആകുമ്പോള്‍
പുറത്തു നിന്നും ആരോ ടോര്‍ച്ചടിക്കുന്നത് കാണാം..ആരാന്നറിയില്ല കുറെ ദിവസമായി...... അച്ഛനുമമ്മയ്ക്കുമൊന്നും ഒന്നും അറിയില്ല......ഉല്‍പ്പേട്ടനു പറ്റുമെങ്കില്‍ രാത്രി ഒന്നു എന്റെ വീട്ടില്‍ വന്നു നോക്കാമോ..വേറാരോടും പറയണ്ട...''
കടക്കണ്ണില്‍ ഉല്‍പ്പുവിനെ വറുത്തെടുത്ത് കൊണ്ടു ശാരു പറഞ്ഞു....
ഉല്‍പ്പുവിന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....
ശാരുവിന്റെ ഹൃദയത്തില്‍ പത്തു സെന്റ് വാങ്ങാന്‍ പറ്റിയ അവസരം......
ശാരു ഉല്‍പ്പുവിനോട് അല്‍പ്പം കൂടി ചേര്‍ന്നു നിന്നു കൊണ്ടു പറഞ്ഞു...
''ഞാന്‍ ഇതു വേറാരോടെങ്കിലും പറഞ്ഞാല്‍ അവര്‍ തെറ്റിദ്ധരിക്കും അതാ ഉല്‍പ്പേട്ടനോട് പറഞ്ഞെ....
കള്ളന്മാരാണോ അതോ വേറെ വല്ല ഉദ്ദേശ്യമാണോ എന്നറിയില്ല...ഉല്‍പ്പേട്ടന്‍ മുറ്റത്തു ഒളിച്ചിരുന്നാല്‍ മതി വേണമെങ്കില്‍ ഞാന്‍ വരാന്തയില്‍ വന്നിരിക്കാം....''
ഉല്‍പ്പുവിന്റെ മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി....
എത്ര അവസരങ്ങളാണ് ഒത്തുവരുന്നതു ..!!!.....അന്നാദ്യമായി ഉല്‍പ്പുവിനു ഗുരുവായൂരപ്പന്‍ കീ ജയ് എന്ന് വിളിക്കാന്‍ തോന്നി....പിന്നെ ചെറിയൊരു സംശയവും .....ഞാനല്ലാതെ വേറാരാണപ്പാ ....പാതിരാക്ക്‌ ശാരുവിന്റെ വീട്ടിനു ചുറ്റും കിടന്നു കറങ്ങുന്നത് ??
കുറെ നേരം കൂടി ശാരുവിനോട് 'ചാറ്റ'ല്‍ മഴയില്‍ നനഞ്ഞു ജലദോഷം പിടിപ്പിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് കാലമാടന്‍ ചെത്തുകാരന്‍ പുഷ്ക്കരന്‍ വരുന്നത്...
ദുഷ്ടന് ഈ വഴിയേ കണ്ടുള്ളൂ ഇപ്പൊ വരാന്‍...ഉല്‍പ്പു മനസ്സില്‍ പ്രാകി..
''എന്തേ നടുറോട്ടില്‍ ഒരു കിന്നാരം......''
പുഷ്ക്കരന്‍ ദുഷ്കരനായി....
പുഷ്കരനെ കണ്ടതും ശാരു ബമ്പറും കുലുക്കി ഒറ്റപ്പോക്ക്‌...
ശാരുവിന്റെ അമ്മ സരസുവും പുഷ്കരനും തമ്മില്‍ എന്തോ 'ഡിങ്കോഡാല്‍ഫി' ഉണ്ടെന്നുള്ളത് നാട്ടില്‍ പാട്ടാണ്..
പുഷ്കരനെ കുത്തിക്കൊല്ലാന്‍ തോന്നിയെങ്കിലും അയാളുടെ കയ്യിലും തുടയിലും നെഞ്ചിലുമൊക്കെയുള്ള മസില്‍സ് കണ്ടപ്പോള്‍ (നാട്ടിലെ ഏക 'സിക്സ് പായ്ക്ക് ' ആണ് പുഷ്ക്കരന്‍ ) ഉല്‍പ്പു സ്വയമടങ്ങി...
പിന്നെ പുരയ്‌ക്കടങ്ങിയതും സ്റ്റാര്‍ സിങ്ങര്‍ കണ്ടു പണ്ടാരടങ്ങുകയായിരുന്ന അമ്മ കാമാക്ഷി ,അച്ഛന്‍ ഉല്‍പ്പലാക്ഷന്‍,അച്ചാച്ചന്‍ ശാര്‍ങ്ങധരന്‍ പിള്ള , അയലോക്കത്തെ സുമത്യേച്ചി എന്നിവരെ മൈന്‍ഡ് ചെയ്യാതെ വൈരാഗ്യത്തോടെ കട്ടിലില്‍ വെട്ടിയിട്ട പോലെ പോയി കിടന്നു
പിന്നെ ക്രൂരമായി ക്ലോക്കില്‍ നോക്കി സൂചികളെ ഓടിച്ചു എല്ലാം കൂടി പത്തരയാക്കി..
പത്തെ മുക്കാലായപ്പോള്‍ ജെയിംസ്‌ ബോണ്ട്‌ ,ഷെര്‍ലക്‌ ഹോംസ് ,ഏഷ്യാനെറ്റ്‌ ന്യൂസ് എന്നിവരെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടു രണ്ടു കത്തികളും അരയില്‍ വച്ചു പുറകുവശത്തെ വാതിലും തുറന്നു പതുക്കെ ഇടിവെട്ടിയുടെ വീട് ലക്ഷ്യമാക്കി മൂവ് ചെയ്തു..
അപ്രതീക്ഷിതമായ ഏതു ആക്രമണവും നേരിടാന്‍ സജ്ജമായിട്ടാണ് പോക്ക്‌...മൊബൈല്‍ ഫോണ്‍ ഒരു കവറില്‍ പൊതിഞ്ഞു 'വലെറോ' ക്കുള്ളില്‍ തിരുകി( എന്ന് വച്ചാല്‍ ബസ്‌ സ്റ്റാന്‍ഡിലെ തൂണിന്റെ ചോട്ടില്‍ വച്ചു 'ടപ്പേ' 'ടപ്പേ' ന്നു ഇലാസ്റ്റിക്കും വലിച്ചു പൊട്ടിച്ചോണ്ട് ഒന്നെടുത്താല്‍ പത്ത് രൂപ മൂന്നെടുത്താല്‍ ഇരുപത്തഞ്ച് രൂപാന്നും പറഞ്ഞോണ്ട് വില്‍ക്കുന്ന 'ആ' സാധനം തന്നെ) കയ്യിലും കാലിലുമൊക്കെ എണ്ണയും പുരട്ടി അസ്സല്‍ ആരോമല്‍ ചേകുസ് ആയിട്ടാണ് പോക്ക്‌.
ഉള്ളിലെ ചെറിയ പേടിയെ അര്‍ജുനന്‍ ഫല്‍ഗുനന്‍ പാര്‍ഥന്‍ വിജയന്‍ കിരീടി എന്നിങ്ങനെ പലര്‍ക്കുമായി വീതിച്ചു കൊടുക്കുന്നുമുണ്ട്‌...
സരസുസ്‌ ഹൌസില്‍ എത്തിയതും കടപ്പയില്‍ നാരങ്ങാനീരുറ്റിയത് പോലെ ആ ഇരുട്ടിലും ഉല്‍പ്പുവിന്റെ മുപ്പത്തൊന്നു പല്ലുകള്‍ പ്രകാശിച്ചു. (ഒരെണ്ണം കഴിഞ്ഞ ചിങ്ങത്തിലെ ഗാനമേളയ്ക്ക് 'ലേഡീസ് സൈഡില്‍' അലമ്പുണ്ടാക്കിയപ്പോള്‍ സംഘാടകസമിതിക്കാര്‍ അടിച്ച് താഴെയിട്ടതാണ്)
എന്താ കാരണം ??
വരാന്തയിലെ തൂണിന്റെ മറവിലതാ സെയില്‍സ്‌ മാന്‍മ്മാരില്ലത്ത ആഭരണക്കട പോലെ ശാരു പുഷ്പിച്ചു നില്ക്കുന്നു.....!!!!!!!
ഉള്ളിലെ വികാരങ്ങളെ റബ്ബര്‍ ബാന്‍ഡിട്ടു ടൈറ്റു ചെയ്തടക്കിക്കൊണ്ട് ഉല്‍പ്പു ശാരുവിന്റെ ചാരെ ചെന്നു...
''ഉല്‍പ്പേട്ടന്‍ ആ തെങ്ങിന്റെ ചോട്ടില്‍ ഒളിച്ചിരുന്നോ....ഞാന്‍ മുറിയിലുണ്ടാകും...ആരെങ്കിലും വര്വാണെങ്കില്‍ ആളെ മനസ്സിലാക്കി വച്ചാല്‍ മതി....ഒച്ചയൊന്നും ഉണ്ടാക്കണ്ട...''
ശാരു ലോലയായി ഉല്‍പ്പുവിന്റെ കാതിലോതി...
'' ഛെ... വരുന്നവനെ പിടിച്ചു രണ്ടു പൊട്ടിച്ചു ശാരുവിന്റെം നാട്ടുകാരുടേം മുന്നില്‍ ഒന്നു ഷൈന്‍ ചെയ്യാം എന്ന് വിചാരിച്ചതാണ് അതിനാണ് കത്തിയും കുന്തവുമെല്ലാം എടുത്തിറങ്ങിയത്...ഇതിപ്പോ ലവള്‍ ആളെ നോട്ട് ചെയ്‌താല്‍ മാത്രം മതീന്നാണല്ലോ പറയുന്നേ.......''
ഉല്‍പ്പുവിനു സ്വല്‍പ്പം നിരാശ തോന്നിയെങ്കിലും ശാരുവിന്റെ ഹാര്‍ട്ടിലേക്ക് ഒരു മെട്രോ റെയില്‍പ്പാലമിടാനുള്ള ചാന്‍സ് ആണ് ഒത്തുവന്നിരിക്കുന്നതെന്നു കരുതി സമാധാനിച്ചു കൊണ്ടു ശാരു പറഞ്ഞ തെങ്ങിന്റെ കടയ്ക്കല്‍ ചെന്നിരുന്നു.
ശാരുവാണേല്‍ അകത്ത് കയറി വാതിലുമടച്ചു കളഞ്ഞു....
ഉല്‍പ്പുവിന്റെ ഏക ആശ്വാസം ശാരു ജനലിലൂടെ തന്നെ നോക്കിയിരിക്കുന്നുണ്ടാവും എന്നതായിരുന്നു....
നാല്‍പ്പത്തി മൂന്നാമത്തെ കൊതുകിനെ അടിച്ച് കൊല്ലുമ്പോഴാണ്‌
വിറകുപുരയ്ക്കടുത്തുനിന്നും ഒരു കാല്‍പ്പെരുമാറ്റം ഉല്‍പ്പുവിന്റെ റഡാര്‍ പിടിച്ചെടുക്കുന്നത്...
ഉല്‍പ്പുവിലെ സ്പൈ ഉണര്‍ന്നു.....മുട്ടുകാലില്‍ ഇഴഞ്ഞു പതുക്കെ വിറകുപുരയുടെ അടുത്തെത്തി ...........അവിടെ ഏതോ ഒരാള്‍ മുണ്ടും മടക്കിക്കുത്തി നില്‍പ്പുണ്ട്‌ പക്ഷെ മുഖം കാണാന്‍ കഴിയുന്നില്ല.....ഉല്‍പ്പു പിന്നേം ഇഴഞ്ഞു ........അയാള് നില്ക്കുന്ന മണ്‍തിട്ടയുടെ കീഴെ ചെന്നു പതുങ്ങിയിരുന്നു കൊണ്ടു പതുക്കെ മുകളിലേക്ക് നോക്കി...ഇരുട്ടായത് കൊണ്ടു ആളെ മനസ്സിലാകുന്നില്ല....ഒരു നിഴലുപോലെയേ കാണാന്‍ കഴിയുന്നുള്ളൂ....പെട്ടന്നയാള്‍ അരയില്‍ നിന്നും എന്തോ എടുക്കുന്നത് പോലെ ഉല്‍പ്പുവിനു തോന്നി...അവന്റെ കൈകള്‍ അരയിലെ കത്തിയിലേക്ക് നീണ്ടു...............
തുലാമഴക്കാലത്ത് ഇറയത്തു പോയി നിന്ന പോലെയാണ് പിന്നെ ഉല്‍പ്പുവിനു ഫീല്‍ ചെയ്തത്...തലയിലും ദേഹത്തും ഒക്കെ വെള്ളം..!!!!!!!!!!.....നട്ടുച്ച നേരത്ത് പഞ്ചായത്ത് ടാപ്പിന്റെ അടിയില്‍ ചെന്നിരുന്ന പോലെ....മൊത്തം ചൂടുവെള്ളം....
ഉല്‍പെഷ്‌ അവിടെ നിന്നും ജീവനും കൊണ്ടോടി...പോകുന്ന വഴിയില്‍ വിറകുപുരയുടെ പിന്നിലുള്ള പൊട്ടക്കിണറ്റില്‍. ...........
..പ് ത് ധിം ..!!!!!!!!!!!!!!!!!!!!!!
...............സംഭവിച്ചതിങ്ങനെയാണ്.....പാതിരാത്രി ഒന്നരയായാപ്പോല്‍ ഒന്നിനു പോകാനായി പുറത്തിറങ്ങിയതാണ് ശാരുവിന്റെ പിതാശ്രീ ശ്രീമാന്‍ ഇടിവെട്ടി സുരേന്ദ്രന്‍...........താഴെ ഉല്‍പ്പു ഇരിപ്പുണ്ടെന്നറിയാതെ മണ്‍തിട്ടയ്ക്ക് മേലെ കയറിനിന്നു കൊണ്ടു താഴേക്ക് യൂറിന്‍ ടാങ്ക് എംപ് റ്റി ചെയ്തതായിരുന്നു ശ്രീ ഇടിവെട്ടി അപ്രതീക്ഷിതമായ പനിനീര്‍ മഴയില്‍ ആകെ പൂത്തുലഞ്ഞുപോയ ഉല്‍പ്പു ഓടുന്ന ഓട്ടത്തില്‍ വിരകുപുരയ്ക്ക് പിന്നിലുള്ള പൊട്ടക്കിണറിന്റെ കാര്യം ഓര്‍ത്തുമില്ല ഇടിവെട്ടിയാണെങ്കില്‍ തലേന്ന് അടിച്ച് കേറ്റിയ 'ബ്ലാക്ക്‌ ലേബല്‍' (പഴയ ഡെറ്റോള്‍ കുപ്പിയില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചു വരുന്ന ഒരു മാട്ട സാധനം...) ലിന്റെ കെട്ട് വിടാത്തതുകൊണ്ട് വാമഭാഗം ശ്രിമതി സരസുവിനെ പേടിച്ചു വിറകുപുരയുടെ തിണ്ണയില്‍ കിടക്കുകയായിരുന്നു.തലയ്ക്കകത്ത് 'പോളിറ്റ്‌ ബ്യൂറോ' മീറ്റിംഗ് നടക്കുകയായിരുന്നത് കൊണ്ടു ഉല്‍പ്പു ഓടിയതോ കിണറ്റില്‍ വീണതോ ഒന്നും പാവം ഇടിവെട്ടി അറിഞ്ഞതുമില്ല...
ഉല്‍പ്പുവാണേല്‍ മുകളിലോട്ട് കയറാന്‍ ഒരു വാഴിയും കാണാതെ പണ്ടാരടങ്ങുകയായിരുന്നു...പെട്ടന്നാണ് തലയില്‍ ബള്‍ബ്‌ മിന്നിയത്....വാട്ട്‌ ആന്‍ ഐഡിയ സര്‍ജീ ന്നും പറഞ്ഞു കൊണ്ടു അണ്ടര് വെയറിന്റെ ഉള്ളില്‍ നിന്നും മോവീലെടുത്തു കുത്തി.പാതിരാത്രി ഒട്ടുമിക്ക തെണ്ടികളുടെയും ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരിക്കുമെന്ന പാഠം പഠിച്ച ഉല്‍പ്പു ഒരു രക്ഷയുമില്ലതായപ്പോള്‍ വീട്ടിലെ ലാന്‍ഡ്‌ ലൈന്‍ നമ്പറില്‍ കുത്തി....ഒരു പത്തിരുപതു പ്രാവശ്യം റിംഗ് ചെയ്തതിനു ശേഷം പിതാശ്രീ ഉല്‍പ്പലാക്ഷനാണ് ഫോണെടുത്തത്....സമയമാണെങ്കില്‍ വെറും മൂന്നരയേ ആയിട്ടുള്ളൂ.........
'' ഹായ് ഡാഡി ഞാന്‍ സരസുചേച്ചിയുടെ കിണറ്റില്‍ നിന്നാണ് വിളിക്കുന്നത്.....(എന്നെ ഒന്നു രക്ഷപ്പെടുത്തെടോ തന്തേ....).''
ചന്തിയിലെ പഴയ പാടു തടവിക്കൊണ്ട് ഉല്‍പ്പലാക്ഷന്‍ അന്തം വിട്ടു കുന്തം വിഴുങ്ങി....
''അവനും സരസൂന്റെ കിണറ്റില്‍ വീണോ......??????.!!!!!!!!!!!!!!!!!!!..''

വാല്‍ക്കഷണം:
പിറ്റേദിവസം രാവിലെ നാട്ടുകാരുടെ സജീവ സാന്നിധ്യത്തില്‍ രണ്ടു കത്തി, ഒരു സ്ക്രൂ ഡ്രൈവര്‍, ഒരു സേഫ്‌റ്റി പിന്‍, ഒരു ചെറിയ പാക്കറ്റ് കുട്ടിക്കൂറ പൌഡര്‍, ഒരു ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ എന്നീ മാരകായുധങ്ങളോടെ കുടുംബശ്രീ സരസുവിന്റെ കിണറ്റില്‍ നിന്നും യു.കെ ഉല്‍പെഷ്‌ കുമാറിനെ വീണ്ടെടുത്തു...............
നാട്ടുകാര്‍ തൂക്കിയെടുത്ത് കൊണ്ടുപോകുമ്പോള്‍,കുളിമുറിയുടെ മറവിലിരുന്നു ചെത്തുകാരന്‍ പുഷ്കരനെ പഞ്ചാരയടിക്കുകയായിരുന്ന കുമാരി ശാരികയെ നോക്കി ഉല്‍പ്പു ഒന്നു നെടുവീര്‍പ്പിട്ടു...
''എന്നാലും എന്നോടീ ചതി വേണ്ടായിരുന്നെടീ വഞ്ചകീ'' എന്നും പറഞ്ഞ്....

13 September 2009

ഗുണ്ടയുടെ സഹോദരി...


മേരിചേച്ചിയുടെ കയ്യില്‍ നിന്നും ആ പൊതി വാങ്ങുമ്പോള്‍ രാജിയുടെ കൈകള്‍ ചെറുതായി വിറച്ചു...
അവള്‍ക്കവരോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ആ‍ കണ്ണുകളിലേക്കു നോക്കുമ്പോള്‍ എല്ലാ ശക്തിയും ചോര്‍ന്നു പോകുന്നതു പോലെ.......
മേരിച്ചേച്ചി യുടെ മുഖത്തപ്പോള്‍ പെയ്തൊഴിയാത്ത മേഘങ്ങള്‍ ഊറിക്കൂടുകയായിരുന്നു.. ഊര്‍ന്നു വീഴാന്‍ തുടങ്ങിയ സാരിത്തലപ്പു നേരെയാക്കി തണുത്ത കൈകള്‍ കൊണ്ട് തുളുമ്പാന്‍ തുടങ്ങുന്ന കണ്ണുനീര്‍ തുടച്ച് അവര്‍ അവളെ നോക്കി ചിരിച്ചു.രാജിയുടെ കണ്ണുകളും നിറഞ്ഞു തുടങ്ങുകയായിരുന്നു....
സ്നേഹത്തിന്റെ നിറകുടം പോലെ തോന്നിച്ച അവരുടെ മുഖത്ത്‌ നിന്നും കണ്ണുകള്‍ പറിച്ച് അവള്‍ മുഖം താഴ്ത്തി..
''എങ്ങനെയാണിവര്‍ .....??!!!
അകത്തെ ടിവി യില്‍ നിന്നും അപ്പോഴും വാര്‍ത്താവായനക്കാരന്റെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു....
....''കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ജോണ്‍ വധക്കേസില്‍ പ്രതി രമേശനെ ജീവപര്യന്തം ശിക്ഷയ്ക്ക്
വിധിച്ച കോടതിയെപ്പോലും അമ്പരപ്പിച്ചു കൊണ്ടാണ് രമേശന്‍ ജയിലിലേക്കുള്ള വഴിക്കിടെ ദാരുണമായി കൊല്ലപ്പെടുന്നത്...രമേശന്റെ മരണം കഴിഞ്ഞു രണ്ടു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല..കുറ്റമേല്ക്കാന്‍ വേണ്ടി രമേശന് പത്തു ലക്ഷം രൂപ
വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് പ്രതി പോലീസ് വാഹനത്തില്‍ വച്ചു വെടിയേറ്റു കൊല്ലപ്പെടുന്നത്.... അമ്മയുടെ ഓപറേഷന് പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു രമേശന്‍ കുറ്റമേറ്റത് എന്ന ആരോപണം നിലനില്‍ക്കെ തന്നെ തന്റെ അമ്മയുടെ ചികിസയ്ക്കായി പണത്തിനു ബുദ്ധിമുട്ടുന്ന രമേശന്റെ സഹോദരിയെയാണ്‌ ഞങ്ങളുടെ പ്രതിനിധിക്ക് രമേശന്റെ പണിതീരാത്ത വീട്ടില്‍ കാണാന്‍ സാധിച്ചത്... രമേശന്റെ കൊലപാതകികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് കേരളം വീണ്ടും ഗുണ്ടാസംഘങ്ങളുടെ കൈപ്പിടിയില്‍ അമരുകയാണോ എന്ന സംശയം അവശേഷിപ്പിക്കുന്നു.....''
മേരിച്ചേച്ചിയുടെ മുഖത്ത്‌ അപ്പോഴും ഭാവമാറ്റം ഒന്നും ഇല്ലായിരുന്നു.മുഖത്തു പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ വെളുത്തതൂവാല കൊണ്ടു ഒപ്പിക്കൊണ്ട് കയ്യിലെ കുരിശുമാലയില്‍ അവര്‍ ഒന്നു കൂടി ഇറുകെപ്പിടിച്ചു...
...''ഈ ലോകം എന്ത് പറയുന്നുവന്നു നമ്മള്‍ ശ്രദ്ധിക്കേണ്ട രാജീ നഷ്ടപ്പെട്ടത്‌ നമുക്കു മാത്രമാണ് നമ്മെ വിട്ടുപോയവര്‍ ഒരിക്കലും തിരിച്ചുവരില്ല..രമേശനെ ഞാന്‍ ജയിലില്‍ പോയി കണ്ടിരുന്നു...എന്റെ മകനെ കൊന്നത് എന്തിനായിരുന്നുവന്നു ചോദിക്കാനായിരുന്നു ഞാന്‍ പോയത്..പക്ഷെ...''
അവരുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു.....
....''........എന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രമേശന്റെ കണ്ണുകള്‍ നിറയുന്നത് മാത്രമെ ഞാന്‍ കണ്ടുള്ളൂ....എന്നോടൊന്നും പറഞ്ഞില്ലെങ്കിലും അവന്റെ കണ്ണുകളില്‍ നിന്നും എനിക്ക് സത്യം വായിച്ചെടുക്കാമായിരുന്നു...ടിവി ക്കാര് പറയുന്നതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല..എന്റെ മകന് അത്തരത്തിലുള്ള കൂട്ടുകെട്ടുകള്‍ ഒന്നുമില്ലായിരുന്നു എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്....കര്‍ത്താവിനു മാത്രമെ സത്യമറിയൂ....നേടിയെടുത്തതൊന്നും കൂടെ കൊണ്ടുപോകാതെ അവന്‍ പോയി....കടമകള്‍ നിറവേറ്റനാകാതെ രമേശനും.....''
അവരപ്പോള്‍ വിദൂരതയിലേക്കു നോക്കിയിരിക്കുകയായിരുന്നു....
ഭിത്തിയില്‍ രമേശന്റെ ഫോട്ടോയില്‍ ചാര്‍ത്തിയ മാലയിലെ പൂക്കള്‍ കരിഞ്ഞു തുടങ്ങിയിരുന്നു...അകത്തുനിന്നും അമ്മയുടെ നേര്‍ത്ത ഞരക്കം കേള്‍ക്കാം...മുറ്റത്തു കൂട്ടിയിട്ട വാര്‍പ്പ് പലകകള്‍ തനിക്ക് ചുറ്റും ഭീകര നൃത്തമാടുന്നതായി രാജിക്ക് തോന്നി.തന്റെ മുന്നിലിരിക്കുന്ന ഈ സ്ത്രീക്ക് പേരറിയാത്ത ഏതോ ദേവിയുടെ ഛായയാണ്...പേടിപ്പെടുത്തുന്ന വിജനതയില്‍ നിന്നും അവര്‍ തന്റെ വെളുത്ത കൈകള്‍ തങ്ങളുടെ നേര്‍ക്ക്‌ നീട്ടുന്നു.....
''രാജിക്ക് അച്ഛനെ കണ്ട ഓര്‍മ്മയുണ്ടോ......''
മേരിച്ചേച്ചി ചോദിച്ചു ...
അവള്‍ക്കപ്പോള്‍ പണ്ട് സ്കൂളിലെ ആദ്യദിവസം ഒന്നാം ക്ലാസ്സില്‍ വച്ചു ലീല ടീച്ചറുടെ ചോദ്യമാണ് ഓര്‍മ വന്നത്...
''രാജിയുടെ അച്ഛന്റെ പേരെന്താ...??''
''.. എനിക്ക് അച്ഛനില്ല ടീച്ചര്‍....''..
അന്ന് ഉച്ചയ്ക്ക് രമേശേട്ടന്റെ കയ്യും പിടിച്ചു വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ ചോദിച്ചു....
''നമ്മടെ അച്ഛന്‍ എങ്ങിനാ മരിച്ചേ ഏട്ടാ....??''
''..തെങ്ങീന്ന് വീണ്.....''
അന്ന് മുതല്‍ തെങ്ങിനോട് വെറുപ്പായിരുന്നു....എന്റെ അച്ഛനെ കൊന്നതല്ലേ....
രമേശേട്ടന്‍ വാര്‍പ്പ് പണിക്കു പോകുമ്പോളും പേടിയായിരുന്നു...
എങ്ങാനും വീണാല്‍....
പലപ്പോഴും തടഞ്ഞു....ഏട്ടന് വേറെ എന്തെങ്കിലും പണി നോക്കിക്കൂടെ ....ഉയരത്ത് കയറണ്ടാത്ത........
അന്ന് രമേശേട്ടന്‍ ചിരിക്കുമായിരുന്നു...
അമ്മയുടെ അസുഖമാണ് ഏട്ടനെ തളര്‍ത്തിയത്....മുഖത്തു നിറഞ്ഞ ഗൗരവമുള്ള ആ ഡോക്ടര്‍ പറഞ്ഞതു അസത്യമാണെന്ന് തന്നെ ഏട്ടന്‍ വിശ്വസിച്ചു.
..പക്ഷെ.......
ഓപറേഷന് വേണ്ടി വരുന്ന കനത്ത സംഖ്യ ഡോക്ടറില്‍ നിന്നും അറിഞ്ഞ ദിവസം ഒരു കൊച്ചു കുട്ടിയെപോലെ ഏട്ടന്‍ പൊട്ടിക്കരഞ്ഞു..
പക്ഷെ ഇങ്ങനെയൊന്നും ആയിത്തീരുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...
അന്ന് ചോരപുരണ്ട കത്തിയുമായി രമേശേട്ടനെ പോലീസ് ഇറക്കികൊണ്ട്‌ പോകുമ്പോള്‍ ആ മുഖത്തു നിര്‍വികാരതയായിരുന്നു.......
അപ്പോഴും ചായം തേച്ച മുഖമുള്ള സുന്ദരി ടി വി ക്യാമറയ്ക്ക് മുന്നില്‍ പറയുന്നുണ്ടായിരുന്നു.. ...
''..ഗുണ്ട രമേശന്‍.....''
കുറ്റം സമ്മതിച്ചതിന് ഏട്ടന് കിട്ടിയെന്നു പറയുന്ന പണത്തെ കുറിച്ചായിരുന്നു ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും അറിയേണ്ടിയിരുന്നത്...ഒന്നുമുണ്ടായിരുന്നില്ലെന്നു മനസ്സിലായപ്പോള്‍ എല്ലാവരും പോയി..
രണ്ടു ദിവസം മുന്‍പാണ് മേരിച്ചേച്ചി വന്നത്....
ഭയമായിരുന്നു അന്ന്...ഏട്ടന്‍ കൊലപ്പെടുത്തിയെന്ന് പറയുന്ന ജോണിന്റെ അമ്മ...വലിയ വലിയ ആളുകള്‍..ഓടിയൊളിക്കാന്‍ തോന്നി..പക്ഷെ ആ കണ്ണുകളില്‍ സ്നേഹമായിരുന്നു..എല്ലാം മനസ്സിലാക്കിയ പോലെ അവര്‍ അടുത്തുവന്നു തലോടി.....
അമ്മയൊന്നും അറിയില്ല ......
രമേശേട്ടനും.....
...''ഞാന്‍ പോകുകയാണ് രാജി......അമ്മയ്ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്തിക്കുന്നു.....''
മേരിച്ചേച്ചി പതുക്കെ എഴുന്നേറ്റു....അവരുടെ കണ്ണുകള്‍ അപ്പോഴും നിറഞ്ഞു തന്നെയിരിക്കുകയായിരുന്നു...അകത്തെ മുറിയില്‍ കിടക്കുന്ന അമ്മയെ ഒന്നുകൂടി എത്തിനോക്കി അവര്‍ പതിയെ പടികളിറങ്ങി മുറ്റത്തേക്ക്‌ നടന്നു...രാജിക്ക് നിന്ന നില്‍പ്പില്‍ നിന്നും അനങ്ങാന്‍ കഴിയുമായിരുന്നില്ല വെളുത്ത അംബാസിഡാര്‍ കാര്‍ ചെമ്മണ്‍ പാതയിലൂടെ അകലേക്ക് മാഞ്ഞു പോകുമ്പോളും അവള്‍ അതെ നില്‍പ്പ് നിന്നു.അവളുടെ മനസ്സിലപ്പോള്‍ ഒരു ചോദ്യം മാത്രമായിരുന്നു...
...'ഈ പൊതിയിലെ നോട്ടുകെട്ടുകള്‍ ആരുടെ ജീവന്റെ വിലയാണ്..???..എന്റെ എട്ടന്റെയോ അതോ അവരുടെ മകന്റെയോ..???..'........................................

3 September 2009

സ്മിത ജോസഫ്‌ ആത്മഹത്യ ചെയ്തതാണ്.........(കഥ)



ഇന്നു രാവിലെയാണ് അറിയുന്നത് ...
സാധാരണ പത്രത്തിലെ ചരമക്കോളം നോക്കുന്ന പതിവില്ല .....
എന്തോ ഒന്നു കണ്ണോടിച്ചപ്പോള്‍ ആദ്യം കണ്ടത് ഈ വാര്‍ത്ത ആയിരുന്നു..
സ്മിതയുടെ ആത്മഹത്യ തന്നില്‍ ഒരു വലിയ ഞെട്ടല്‍ ഉണ്ടാക്കിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു......
ഒരു പക്ഷെ താനിത് പ്രതീക്ഷിച്ചിരുന്നുവോ????..............
ചരമ പേജിന്റെ ഇടത്തേ മൂലയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന സ്മിതയുടെ ഫോട്ടോ....
കുറെ മുമ്പുള്ള ഫോട്ടോ ആണെന്ന് തോന്നുന്നു ....കണ്ണുകളില്‍ ആ പഴയ തിളക്കം....
.......'എം ജെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍ ആന്റണി യുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍'..... എന്നാണ് വാര്‍ത്ത .വ്യക്തികള്‍ക്ക് പ്രശസ്തി കൂടുമ്പോള്‍ വാര്‍ത്തകളുടെ വലിപ്പവും കൂടുന്നു.....
സ്മിത ജോസഫ്‌ എന്ന പെണ്‍കുട്ടി തനിക്ക് ആരായിരുന്നു?????........................
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ കൂട്ടത്തില്‍ ഈ ചോദ്യത്തിനായിരുന്നല്ലോ പണ്ടേ മുന്‍തൂക്കം...പലവട്ടം സ്വയം ചോദിച്ചിട്ടുണ്ട്..പക്ഷെ ഉത്തരത്തിനു മാനങ്ങള്‍ പലതാണെന്നു തിരിച്ചറിയുകയായിരുന്നു........
പെട്ടന്നാണ് ഓര്‍ത്തത്‌ ...
രാജീവ്‌ വിവരം അറിഞ്ഞിട്ടുണ്ടാവുമോ????....
അവനിപ്പോള്‍ എവിടെയായിരിക്കും...??...
കാലിഫോര്‍ണിയ ???..............
സ്മിത യുടെ ആത്മഹത്യ അറിയുമ്പോള്‍ എന്തായിരിക്കും അവന്റെ പ്രതികരണം എന്നോര്‍ത്തു ....ഒരുപക്ഷെ അവന്‍ പഴയതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല .....ചില ഓര്‍മ്മകള്‍ വേദനകളല്ലേ സമ്മാനിക്കാറുള്ളൂ........
സ്മിതയുടെ വീട്ടില്‍ പോകണമെന്നുണ്ട്.....ഓര്‍മകളില്‍ നിന്നും ഒളിച്ചോടാന്‍ ഏറ്റവും നല്ലത് ആള്‍ക്കൂട്ടത്തില്‍ ഒരാളാവുകയാണ് .....പക്ഷെ.....ചെറുപ്പം മുതലേ മരണ വീടുകളില്‍ പോകാന്‍ എനിക്കിഷ്ടമല്ല .എന്താണെന്നറിയില്ല മരിച്ചു കിടക്കുമ്പോള്‍ പോലും അവര്‍ക്കു സ്വൈര്യംകൊടുക്കാതെ ചുറ്റിലും ശബ്ദങ്ങളാണ്.........
സ്മിതയുടെ വീട് എവിടെയാണെന്നറിയില്ല അന്വേഷിച്ചാല്‍ എളുപ്പംകണ്ടെത്താം.ബിസ്സിനെസ്സ് മാഗ്നറ്റ് ജോണ്‍ ആന്റണി യുടെ വീട് ഈ സിറ്റിയില്‍ മിക്കവര്‍ക്കും സുപരിചിതമായിരിക്കും ...പക്ഷെ അവിടെ പോയിട്ട് ആരെ കാണാനാണ്??....വേണ്ട....അവസാനമായി സ്മിതയെ കണ്ട ദിവസം ഇനി ഒരിക്കലും അവളെ കാണാന്‍ ശ്രമിക്കുകയില്ലെന്നു തീരുമാനിച്ചാണ് ഇറങ്ങിയത്‌...അതങ്ങിനെ തന്നെ ഇരിക്കട്ടെ....
......സ്മിതയെ ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്നത് എന്റെ പഴയ കലാലയത്തില്‍ വച്ചാണ്......
ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആണ്... ..ബിഎസ് സി ക്ക് പഠിക്കുന്ന കാലം...
ഇത്തിരി ബുദ്ധിജീവിത്തരവും സാഹിത്യവും വിപ്ലവപാര്‍ടിയും ഒക്കെയായി കോളേജില്‍ കറങ്ങി നടന്നിരുന്ന കാലം..ചിന്തകള്‍ക്ക് കുതിരയുടെ വേഗവും ചോരയുടെ നിറവുമായിരുന്നു ...രണ്ടാം വര്‍ഷം ക്ലാസുകള്‍ തുടങ്ങി ഏതാനും നാളുകള്‍ കഴിഞ്ഞിരുന്നു.കാന്റീനിന്റെ ഒഴിഞ്ഞ കോണിലിരുന്നു ഏണസ്റ് ഹെമിംഗ് വേയെ മെരുക്കുകയായിരുന്നു...'ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ' യുടെ ഒരു ആഖ്യാനം...എഴുതി തുടങ്ങിയിട്ടേ ഉള്ളുവായിരുന്നു....അടുത്താഴ്ച കോളേജില്‍ നടക്കുന്ന സംവാദത്തില്‍ അവതരിപ്പിക്കാനുള്ളത്..
അപ്പോള്‍ മഹേഷാണ് വന്നു വിവരം പറഞ്ഞതു....
ക്ലാസ്സില്‍ ഒരു പുതിയ പെണ്‍കുട്ടി എത്തിയിട്ടുണ്ടത്രേ.....
ഗീത മാഡത്തിന്റെ ജന്തുശാസ്ത്ര ക്ലാസ്സില്‍ നിന്നും മുങ്ങി നടക്കുകയായിരുന്നു...റെക്കോര്‍ഡ്‌ ഇതുവരെ കമ്പ്ലീറ്റ്‌ ചെയ്തിട്ടില്ല .... .ക്ലാസ്സില്‍ കയറിയിട്ട് ദിവസം രണ്ടായി..ഗീത മാഡം എങ്ങാനും കണ്ടാല്‍ നല്ല ത്രിശൂര്‍ ഭാഷയില്‍ വഴക്ക് ഉറപ്പാണ്‌ ........
അന്ന് ഉച്ചയ്ക്കാണ് സ്മിതയെ ആദ്യം കാണുന്നത്..
പ്രീ ഡിഗ്രി ബ്ലോക്കിന്റെ നീളന്‍ വരാന്തയിലൂടെ റെക്കോര്‍ഡ്‌ ബുക്കും മാറോടടുക്കിപ്പിടിച്ചു പതിയെ നടന്നു വരുന്ന തീനാളം പോലുള്ള പെണ്‍കുട്ടി...........എന്റെ ഓര്‍മ്മയിലുള്ള സ്മിതയുടെ ആദ്യ രൂപം അതാണ്.തോളില്‍ നിന്നും ഊര്‍ന്നു വീണ ഷാള്‍ നേരെയാക്കിക്കൊണ്ട് ഒരു ഇളംകാറ്റുപോലെ അവളന്ന് കടന്നുപോയി......
ക്ലാസ്സില്‍ മറ്റു പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു ചേട്ടന്‍ ഇമേജ് ഉള്ളതുകൊണ്ടാണോ എന്നറിയില്ല സ്മിത ആദ്യം അടുത്തത് ഞാനുമായായിരുന്നു...അവളുടെ മുഖത്തെപ്പോഴും നിറഞ്ഞ ചിരി ആയിരുന്നു.....സിറ്റിയിലെ അറിയപ്പെടുന്ന ഡോക്ടര്‍ ജോസഫ്‌ പോളിന്റെ മകള്‍..അവള്‍ ഫസ്റ്റ് ഇയര്‍ പഠിച്ചത് മറ്റൊരു കോളേജില്‍ ആയിരുന്നു അവിടെ നിന്നും ഈ വര്‍ഷം ഇങ്ങോട്ട് മാറിയതാണ്....
കോളേജ് മാറിയതെന്തിനാനെന്ന ചോദ്യത്തിന് ആര്‍ക്കും അവള്‍ വ്യക്തമായ ഒരു ഉത്തരം നല്‍കിയിരുന്നില്ല.പരിചയപ്പെട്ടപ്പോള്‍ തന്നെ മറ്റു പെണ്കുട്ടികള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അവളിലുണ്ടെന്നു തോന്നി.എല്ലാവരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു സാന്നിധ്യം...എനിക്ക് സുഹൃത്തുക്കള്‍ വളരെ കുറവായിരുന്നു.കോളേജിലെ വര്‍ണക്കാഴ്ചകള്‍ക്കിടയില്‍ വേറിട്ട മുഖവുമായി കടന്നുവന്ന രാജീവ് ആയിരുന്നു എന്റെ അടുത്ത സുഹൃത്ത്...അവന്‍ എന്റെ ക്ലാസ്സ്മേറ്റ്‌ ഉം റൂംമേറ്റ്‌ ഉം ആയിരുന്നു..........
പൊതുവെ അന്തര്‍മുഖനായിരുന്നു രാജീവ്‌ ഒരിടത്തരം കര്‍ഷകകുടുംബത്തിന്റെ പ്രതീക്ഷ.അവന് ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്നും അവനെ വ്യത്യസ്ടനാക്കിയതും അതുതന്നെ. തനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെയോര്‍ത്തു അവന്‍ വ്യാകുലപ്പെട്ടില്ല അവന്റെ ശ്രദ്ധ മുഴുവന്‍ പഠനത്തില്‍ മാത്രം ആയിരുന്നു.....
ഹോസ്റ്റല്‍ മുറിയിലെ വൈകുന്നേരങ്ങളില്‍ ആകാശത്തിന് കീഴിലുള്ള എന്തിനെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുമ്പോഴും രാജീവ് അതിലൊന്നും ഭാഗവാക്കായിരുന്നില്ല ....മറ്റുള്ളവര്‍ക്ക് തീര്‍ത്തും അപരിചിതമായ തന്റേതായ ഒരു ലോകത്ത് അവന്‍ ഒതുങ്ങിക്കൂടി....ഒരുപക്ഷെ ആ ക്യാരക്ടര്‍ ആവണം അവനെ എന്റെ അടുത്ത കൂട്ടുകാരന്‍ ആക്കിതീര്‍ത്തത്‌............
................ഒരു വിദ്യാര്‍ഥിസമരകാലത്താണ് സ്മിതയും രാജീവും തമ്മില്‍ അടുക്കുന്നത്....................
വര്‍ദ്ധിച്ചു വരുന്ന വിദ്യാര്‍ഥി സമരങ്ങളില്‍ ക്ലാസുകള്‍ നഷ്ടപെടുന്നതിനെ പറ്റി രാജീവ് കോളേജ് മാഗസിനില്‍ ഒരു ലേഖനം എഴുതിയിരുന്നു...അതിന്റെ പേരില്‍ കോളേജിലെ ഒരു വിദ്യാര്‍ഥി നേതാവും രാജിവുമായി ചെറിയ കശപിശ നടന്നു.അന്ന് ഒരു ഇന്റര്‍വെല്‍ സമയത്ത് അയാള്‍ ക്ലാസ്സിലെത്തി....അയാള്‍ രാജിവിനെ തല്ലാന്‍ തുടങ്ങുകയായിരുന്നു........രാജീവിന്റെ കാര്യം ആയതുകൊണ്ട് പ്രശ്നത്തില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ മടിച്ചു....പക്ഷെ അന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്മിത ആ നേതാവിന്റെ കോളറിനു പിടിക്കുകയും ക്ലാസില്‍ നിന്നു പുറത്തേക്ക് തള്ളുകയും ചെയ്തു.അവളില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത ഒരു പെരുമാറ്റമായിരുന്നു. അത്...ആ സംഭവം കോളേജില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി....ഒടുവില്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ പ്രശ്നം ഒത്തുതീര്‍പ്പായെങ്കിലും രാജീവും സ്മിതയും തമ്മില്‍ പ്രണയത്തില്‍ ആണെന്ന വാര്‍ത്ത കോളേജില്‍ പരന്നു .....സ്മിതയോടുള്ള ദേഷ്യത്തിന്റെ പുറത്തു ആരൊക്കെയോ പറഞ്ഞു പരതിയതായിരുന്നു അത്..
രാജീവ്‌ പക്ഷെ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല ...അവന്റെ മുന്നില്‍ പഠനം മാത്രമെ ഉണ്ടായിരുന്നുള്ളൂ.. ക്ലാസ്സ് റൂമിലും ലൈബ്രറി യിലുമായി അവന്‍ ഒതുങ്ങിക്കൂടി..സ്മിത കൂടുതല്‍ സമയവും എന്റെ കൂടെ ആയിരുന്നു..അവള്‍ക്കു മറ്റു സുഹൃത്തുക്കള്‍ കുറവായിരുന്നു താനും.. എന്നോട് അവളെങ്ങിനെ അടുത്തു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..''നമ്മുടെ ചിന്തകള്‍ക്ക് ഒരേ ഗതിവേഗമാണ് ''..എന്നാണ് അവള്‍ അതേപ്പറ്റി പറഞ്ഞത്...
പുഞ്ചിരി തൂകുന്ന മുഖവുമായി എല്ലാവരോടും കുശലം പറഞ്ഞു കടന്നുപോകുമ്പോഴും മനസ്സിലാക്കാന്‍ ഒരുപാടു വിഷമമുള്ള ഒരു കാരക്ടര്‍ ആയിരുന്നു അവളുടേത്‌...ചില നേരങ്ങളില്‍ ക്ലാസ്സ് റൂമിലെ പൊട്ടിയ ജാലകചില്ലിലൂടെ അവള്‍ അകലേക്ക് നോക്കിയിരിക്കുന്നത് കാണാം...അപ്പോളവളുടെ കണ്ണുകളില്‍ പെയ്തൊഴിയാത്ത ഏതോ വിഷാദത്തിന്റെ നീര്‍ക്കണങ്ങള്‍ ഒളിഞ്ഞിരിക്കുന്നതു പോലെ തോന്നിയിരുന്നു....
.....................മഴക്കാലം പോയി വസന്തം വന്നു.വസന്തം പടിയിറങ്ങിപ്പോകുന്ന നാളുകളിലെവിടെയോ വച്ചു രാജീവ്‌ സ്മിതയെ ക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു തുടങ്ങിയതായി ഞാന്‍ അറിഞ്ഞു..അവന്‍ പതിയെ അവളിലേക്ക്‌ ആകര്‍ഷിക്കപ്പെടുകയായിരുന്നു.....അവളോട്‌ സംസാരിക്കുമ്പോള്‍ അവന്റെ കണ്ണുകളിലെ ആര്‍ദ്രമായ തിളക്കം ഞാന്‍ കണ്ടു....അവന് സംഭവിച്ച മാറ്റത്തില്‍ എനിക്ക് അത്ഭുതമായിരുന്നു ...കേള്‍ക്കാത്ത പാട്ടുകള്‍ മാധുര്യമേറിയത് തന്നെ....സ്മിതയുടെ മനസ്സില്‍ എന്താണെന്നു എന്ന് എനിക്ക് മനസ്സിലായിരുന്നില്ല..പക്ഷെ ദിനങ്ങള്‍ പോകെ കോളേജിന്റെ നീണ്ട വരാന്തകളില്‍ അവളുടെ കണ്ണുകള്‍ അവനെ തേടുന്നത്‌ ഞാന്‍ അറിഞ്ഞു..ഒടുവിലൊരുനാള്‍ ഞാന്‍ അവളോട്‌ ചോദിച്ചു..
..സ്മിത നീ രാജീവിനെ ഇഷ്ടപ്പെടുന്നുണ്ടോ??.........
ആദ്യം മൌനമായിരുന്നു എങ്കിലും പതുക്കെ അവള്‍ പറഞ്ഞു....''ഐ ഡോണ്ട് നോ രമേഷ് ..സംടൈംസ്‌ ...ഐ ഫീല്‍ ലൈക്‌.....''
അതുപറയുമ്പോള്‍ അവളുടെ മുഖത്ത്‌ ഒരു വിഷാദച്ചവി കലര്‍ന്നിരുന്നുവോ ??..
അവളുടെ കയ്യിലപ്പോള്‍ രാജീവിന്റെ കെമിസ്ട്രി നോട്ട് ബുക്ക്‌ ഉണ്ടായിരുന്നു...അവന്‍ ക്ലാസ്സില്‍ വച്ചു മറന്നതാണ്...
ഞാന്‍ രാജീവിനെ കുറിച്ചാണ് ചിന്തിച്ചത്‌ പ്രേമിക്കുന്നവരെ അവന് പുച്ഛമായിരുന്നു...ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോടലിന്റെ ആദ്യ പടിയാണ് പ്രണയം എന്നായിരുന്നു അവന്റെ തിയറി....
സ്മിതയപ്പോള്‍ രാജീവിന്റെ നോട്ട് ബുക്ക്‌ തുറന്നുനോക്കുകയായിരുന്നു.....ആദ്യ പേജില്‍ അവനിഷ്ടപ്പെട്ട റോബര്‍ട്ട്‌ ഫ്രോസ്റ്റ് ഇന്റെ വരികള്‍...
woods are lovely dark and deep
but i have promises to keep
and miles to go before i sleep........
.................ചിലപ്പോഴൊക്കെ രാജിവ്‌ ക്ലാസ്സ് മുറിയില്‍ നിന്നും അപ്രത്യക്ഷനാകാന്‍ തുടങ്ങി....
കാന്റീനിനടുത്തുള്ള ബോധി മരച്ചുവട്ടിലും....ടെന്നീസ് കോര്‍റ്റിനരികിലെ സിമന്റ്‌ ബഞ്ചിലുമെല്ലാം അവനെ സ്മിതയോടൊപ്പം കണ്ടു.....രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഹോസ്റ്റല്‍ മുറിയിലെ ജനലിലൂടെ അവന്‍ നക്ഷത്രങ്ങളെ നോക്കിയിരിക്കുന്നത് കാണാമായിരുന്നു.സ്മിതയും മാറുകയായിരുന്നു ..നഷ്ടപ്പെട്ട വസന്തങ്ങള്‍ അവളുടെ മനസ്സില്‍ തിരിച്ചുവന്നപോലെ തോന്നി....സ്വപ്നങ്ങള്‍ക്ക് കുഞ്ഞു കുഞ്ഞു ചിറകുകള്‍ നല്കി ബോഗന്‍ വില്ലകള്‍ പൂത്തു നില്ക്കുന്ന കോളേജ് റോഡിന്റെ ഓരങ്ങളില്‍ അവര്‍ ഹൃദയങ്ങള്‍ കൈമാറി. ആ കുന്നിന്‍ ചെരിവിലെ കുഞ്ഞു പുല്‍ക്കൊടികള്‍ക്ക് പോലും അവരെ അറിയാമായിരുന്നു.എന്റെ കവിതളിലെ വിപ്ലവത്തിന്റെയും അസ്തിത്വത്തിന്റെയും ചുവപ്പ് അതിരുകളില്ലാത്ത പ്രണയത്തിന്റെ കടുംവര്‍ണങ്ങള്‍ക്കു വഴിമാറി .സുന്ദരമായ പ്രണയത്തിന്റെ ഋതുഭേതങ്ങള്‍ മാറിമറിഞ്ഞു...ലൈബ്രറി മുറ്റത്തെ മെയ്‌ഫ്ലവര്‍ മരങ്ങള്‍ ഒരുവട്ടം കൂടി പൂത്തു.അവര്‍ ഒന്നാവണം എന്നായിരുന്നു എന്റെ ആഗ്രഹം.വിവാഹം ബന്ധനങ്ങള്‍ ആണെന്ന് മനസ്സിനെ പഠിപ്പിച്ചു വച്ചിരുന്ന കാലമായിട്ട് പോലും എന്റെ പ്രിയ്യപ്പെട്ട രണ്ടു കൂട്ടുകാര്‍ ഒരുമിക്കുന്നത് കാണാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു......................
മാസങ്ങള്‍ കടന്നുപോയി.....സ്മിതയെ ഞാന്‍ കൂടുതല്‍ കൂടുതല്‍ അറിയുകയായിരുന്നു....രാജീവിനോട്‌ സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ അവള്‍ എന്നോട് സംസാരിച്ചു...
ആ നാളുകളിലൊന്നില്‍ അവള്‍ പറഞ്ഞതു ഞാനിപ്പോളും ഓര്‍ക്കുന്നു...
............''നൂലറ്റ ഒരു പട്ടം പോലെ ഇങ്ങനെ പാറി പറന്നു നടക്കാനാണ് എനിക്കിഷ്ടം... നൂലിഴകള്‍ പൊട്ടുമ്പോള്‍ പട്ടങ്ങള്‍ക്കു എന്ത് സന്തോഷമായിരിക്കും......അവര്‍ക്കു ബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഇല്ലാതെ പറന്നു നടക്കാമല്ലോ......''
അവളപ്പോള്‍ ബീച്ചിലെ പൂഴിമണലില്‍ രാജിവിനോട് ചേര്‍ന്നിരിക്കുകയായിരുന്നു......
......''..ഡോ.ജോസഫ്‌ പോളിന് തന്റെ മകളെ ഒരു ഡോക്ടര്‍ ആക്കണമെന്നായിരുന്നു ആഗ്രഹം....തന്റെ കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ വേണ്ടി....
അതിന് വേണ്ടി അദ്ദേഹം ആകാവുന്നതെല്ലാം ചെയ്തുതാനും....പക്ഷെ അതിനിടയില്‍ തന്റെ മകളെ സ്നേഹിക്കാന്‍ അദ്ദേഹം മറന്നു പോയിരുന്നു....''
അത് പറയുമ്പോള്‍ അവളുടെ ശബ്ദം ഇടറിയിരുന്നു....
എനിക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു...ഒറ്റപ്പെടലിന്റെ കൂര്‍ത്ത സൂചിമുനകള്‍ കൊണ്ടു മനസ്സിന്റെ നേര്‍ത്ത നൂലിഴകള്‍ പൊട്ടുവാന്‍ തുടങ്ങിയ ഒരു നിമിഷത്തില്‍...ബാംഗ്ലൂരിലെ ശീതീകരിച്ച ക്ലാസ്സ് റൂമില്‍ നിന്നും വിഭ്രാന്തിയുടെ നിലവിളികളോടെ ഇറങ്ങിയോടിയ സ്മിത ജോസഫ്‌ എന്ന ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ.....
അവള്‍ എന്നോടെല്ലാം പറഞ്ഞിരുന്നു....
തീര്‍ത്തും ഒറ്റപ്പെട്ടാണ് അവള്‍ വളര്‍ന്നത്‌...സ്വന്തം അമ്മ ഭര്‍ത്താവിനേയും മൂന്നു വയസ്സുള്ള മകളെയും വിട്ടു മറ്റൊരാളുടെ കൂടെ ഓടിപോവുകയായിരുന്നു എന്ന തിരിച്ചറിവ് കുഞ്ഞുന്നാളില്‍ തന്നെ അവളുടെ മനസ്സില്‍ വലിയ പോറലുകള്‍ ഏല്‍പ്പിച്ചിരുന്നു.... കൂട്ടുകാരുടെ കളിയാക്കലുകള്‍ കൊണ്ടാണോ എന്നറിയില്ല.....എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു എവിടെയോ വച്ചു അവളുടെ മനസ്സിന്റെ താളം ആദ്യമായി തെറ്റിതുടങ്ങിയത്....ഡോക്ടര്‍ ആയ അച്ഛന്‍ ഏറ്റവും നല്ല ചികിത്സ തന്നെ ഏക മകള്‍ക്ക് വേണ്ടി നടത്തി....ഇരുണ്ട മുറികളിലെ നീണ്ട നാളുകള്‍ക്കൊടുവില്‍ പതിയെ അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു....മനസ്സിന്റെ താളം വീണ്ടെടുത്ത അവളെ അദ്ദേഹം ബാംഗ്ലൂരിലെ ഒരു ബോര്‍ഡിംഗ് സ്കൂളിലാക്കി ഏകാന്തതയുടെ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ വര്‍ഷങ്ങള്‍ കടന്നു പോയി............കാലം പോറലേല്‍പ്പിച്ചു പോയ അവളുടെ മനസ്സു വീണ്ടും ഉലഞ്ഞത് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു....ബാംഗ്ലൂരിലെ പ്രശസ്തമായ കോളേജില്‍ എംബിബിഎസ് നു മകള്‍ക്ക് അഡ്മിഷന്‍ വാങ്ങികൊടുത്ത അച്ഛനെ തോല്‍പ്പിച്ചുകൊണ്ട്....
ഒന്നാം വര്‍ഷക്ലാസ്സിലെ സുന്ദരിയായ കുട്ടിയോട് സീനിയര്‍ വിദ്യാര്‍ഥികള്‍ കാണിച്ച റാഗിങ്ങ് മാത്രമായിരുന്നു അത്......, പക്ഷെ....തന്നെ വിട്ടെറിഞ്ഞുപോയ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കനലുകളായി എരിഞ്ഞു മനസ്സിന്റെ താളം തെറ്റിച്ച ഒരു ദിനം പുസ്ടകങ്ങള്‍ വാരിയെറിഞ്ഞു കൊണ്ടവള്‍ ക്ലാസ്സ് മുറിയില്‍ നിന്നും ഇറങ്ങിയോടി.....
മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ഡിപ്രഷന്റെ കാണാക്കയങ്ങളില്‍ നിന്നും അവള്‍ തിരിച്ചു കയറി വന്നത് ഒരു പുതിയ ജീവിതത്തിലെക്കായിരുന്നു...ദുഃഖങ്ങളെയെല്ലാം നിറഞ്ഞ ചിരിയിലൊതുക്കാന്‍ അവളെ പഠിപ്പിച്ചത് ഹോസ്പിറ്റലില്‍ അവളെ ചികിത്സിച്ച ഡോക്ടര്‍ ആയിരുന്നു.....
............പിന്നെ നാട്ടിലായിരുന്നു അവളുടെ പഠനം....MBBS വിട്ടു അവള്‍ BSc യിലേക്ക് വന്നു...പക്ഷെ അവിടെയും അവള്ക്ക് തുടരാന്‍ കഴിഞ്ഞില്ല...അമ്മയുടെ സഹോദരിയുടെ സാന്നിധ്യം അവളെ അവിടെ നിന്നും ഈ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു.അവരവിടെ ലക് ചരര്‍ ആയി വന്നതായിരുന്നു....അമ്മയെ പറ്റിയുള്ള ചെറിയ ഓര്‍മ്മകള്‍ പോലും അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു.........
രാജീവിന് പക്ഷെ ഇതൊന്നും അറിയില്ലായിരുന്നു.....അവനോടു കാര്യങ്ങള്‍ തുറന്നു പറയാന്‍ ഞാന്‍ പറഞ്ഞതാണ് ...പക്ഷെ കിട്ടാതെ പോയ സ്നേഹം ഒരു കടലായി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ മതി മറന്നുപോയ ഒരു പെണ്‍കുട്ടി എന്നില്‍ എന്നും ഒരു വേദനയായി...അവനെ നഷ്പെടുമോ എന്നുള്ള ഭയം ആ കണ്ണുകളെ നനച്ചിരുന്നു.....മോഹങ്ങളില്ലതിരുന്ന മനസ്സിന്റെ കോണുകളില്‍ കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ ഊറിക്കൂടുന്നത് ഞാന്‍ കണ്ടു.....
എനിക്കും രാജിവിനോട് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല....
കമ്പികള്‍ പൊട്ടന്‍ വെമ്പി നില്ക്കുന്ന ഒരു ഗിറ്റാറിന്റെ സംഗീതം കെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല...
തന്നേക്കാള്‍ രണ്ടു വയസ്സ് കൂടുതലുള്ള ഒരു പെണ്‍കുട്ടിയെ ആണ് താന്‍ സ്നേഹിക്കുന്നത് എന്ന് രാജീവ്‌ അറിയുമ്പോള്‍...??...
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നതുകൊണ്ട് കൂടുതല്‍ ചിന്തിച്ചില്ല....
പക്ഷെ പതിയെ രാജീവ് കാര്യങ്ങള്‍ അറിഞ്ഞു......അപ്പോഴേക്കും ഞങ്ങള്‍ ഫൈനല്‍ ഇയറില്‍ എത്തിയിരുന്നു.....
സ്മിത തന്നെയാണ് അവനോടെല്ലാം പറഞ്ഞത്.....വളരെ നിസ്സംഗമായി.....ആത്മഹത്യ ചെയ്യാനായി മലമുകളിലേക്ക് പോകുന്ന ഒരു കൌമാരക്കാരിയുടെ കണ്ണുകളായിരുന്നു അവള്‍ക്കപ്പോള്‍....
രണ്ടുതവണ മനോനില തെറ്റിയ കുട്ടിയാണ് സ്മിത എന്നത് രാജിവിനു ഒരു ഷോക്ക്‌ തന്നെയായിരുന്നു.....അവന്‍ തീര്‍ത്തും മൗനിയായി.... ക്ലാസ്സ് മുറിയില്‍ അവന്റെ സാന്നിധ്യം പതിയെ കുറഞ്ഞു വന്നു ...എല്ലാവര്‍ക്കും അത്ഭുതമായിരുന്നു അവന്റെ മാറ്റം........
അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ അവന്റെ മാര്‍ക്കുകളുടെ ശതമാനം തൊണ്ണൂറുകളില്‍ നിന്നും മുപ്പതുകളില്‍ എത്തി.......
''രാജീവ് ..വാട്ട്‌ ഈസ്‌ ഹാപ്പെനിംഗ് ...എന്റെ ഏറ്റവും നല്ല സ്റ്റുഡാന്റ് നീ ആയിരുന്നു....ബട്ട്‌ ... ലുക്ക്‌ അറ്റ്‌ യുവര്‍ യുവര്‍ മാര്‍ക്സ്.......''
ഡിപ്പാര്‍ടുമെന്റ്റ്‌ ഹെഡ് വേണു സാറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അവന്‍ പുളയുകയായിരുന്നു....വേണു സാറിന് അവന്റെ അച്ഛനെ അടുത്തറിയാം അദ്ദേഹത്തിന് അവനിലുള്ള പ്രതീക്ഷകളും....
സുവോളജി ഡിപ്പാര്‍ടുമെന്റ്റ്‌ ഇല്‍ നിന്നും പുറത്തിറങ്ങി രാജീവ് നേരെ പോയത് വീട്ടിലേക്കായിരുന്നു...ആരോടും പറയാതെ.....എന്നോടുമവന് വെറുപ്പായിരുന്നിരിക്കണം......
സ്മിതയുടെ കാര്യത്തില്‍ മാത്രമായിരുന്നു എന്റെ ആശങ്ക....പക്ഷെ അവളുടെ മുഖത്ത് ശാന്തതയായിരുന്നു.....പേടിപ്പെടുത്തുന്ന ശാന്തത....
അവളുടെ മനസ്സിന്റെ താളം വീണ്ടും തെറ്റുമോയെന്നു ഞാന്‍ ആശങ്കപ്പെട്ടു....ഞാന്‍ മിക്ക സമയവും അവളുടെ കൂടെയായിരുന്നു....
പക്ഷെ ഒന്നും സംഭവിച്ചില്ല.....എല്ലാം നൊമ്പരപ്പെടുത്തുന്ന ഒരു മന്ദഹാസത്തിലോതുക്കി അവള്‍ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി........
ആ ചിരിക്കു പിന്നിലെ തകര്‍ന്ന ഹൃദയം എനിക്ക് കാണാമായിരുന്നു....
ഒരാഴ്ച കഴിഞ്ഞാണ് രാജീവ് കോളേജില്‍ തിരിച്ചു വന്നത്....കൂടെ അവന്റെ അച്ഛനുമുണ്ടായിരുന്നു...
അവന്റെ മുഖത്തപ്പോള്‍ തിരിച്ചറിവ്‌കളുടെ വ്യാകുലതകള്‍ ഉണ്ടായിരുന്നില്ല....ഉയര്‍ത്തിവച്ച ശിരസ്സോടെ അവന്‍ വേഗത്തില്‍ ക്ലാസ്‌ റൂമിലേക്ക്‌ നടന്നുപോയി..
അവന്‍ വീണ്ടും പഴയ രാജീവ് ആയി മാറുകയായിരുന്നു......സ്മിതയോടു അവന്‍ സംസാരിച്ചില്ല..
അവന്റെ ശ്രദ്ധ വീണ്ടും പഠനത്തില്‍ മാത്രമായി....സ്മിതയെ അവന്‍ മനപ്പൂര്‍വം അവോയ്ഡ്‌ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പലപ്പോഴും എനിക്ക് തോന്നി.......എനിക്കത്ഭുതമായിരുന്നു അവളുടെ കഥകള്‍ മുഴുവന്‍ കേട്ടിട്ടും അവനെങ്ങിനെ ഇതുപോലെ പെരുമാറാന്‍ കഴിയുന്നു എന്നോര്‍ത്ത്......പക്ഷെ...അവന്റെ മനസ്സിന്റെ നന്മ എനിക്കറിയാം......താന്‍ മൂലം തകര്‍ന്നുപോയെന്നു കരുതിയ രാജീവ്‌ തിരിച്ചു വന്നത് സ്മിതയ്ക്ക് വളരെ ആശ്വാസമായിരുന്നു....പക്ഷെ തകര്‍ന്ന പ്രണയത്തിന്റെ കണ്ണുനീര്‍തുള്ളികള്‍ പലപ്പോഴും അവളില്‍ പെയ്യാതെ കിടക്കുന്നത് എനിക്ക് കാണാമായിരുന്നു..
സ്മിത ഫൈനല്‍ ഇയര്‍ എക്സാം എഴുതിയില്ല....അവളെ അവളുടെ അച്ഛന്‍ ഡല്‍ഹിയിലെ തന്റെ സഹോദരിയുടെ അടുത്താക്കി.....
പിരിഞ്ഞു പോകുന്ന ദിവസം രാജിവിനോട് അവള്‍ എന്തൊക്കെയോ സംസാരിച്ചു...അവള്‍ക്കു വന്ന പാകതയാണ് ഞാന്‍ ശ്രദ്ധിച്ചത്....പ്രിയ്യപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയന്നിരുന്ന ഒരു കൊച്ചു കുട്ടിയില്‍ നിന്നും അവള്‍ ഒരുപാടു വളര്‍ന്നിരിക്കുന്നു......
രാജീവിന്റെ മുഖം തീര്‍ത്തും മ്ലാനമായിരുന്നു....കോളേജിന്റെ വരാന്തയിലൂടെ നടന്നകലുന്ന സ്മിതയെ നോക്കിനില്ക്കുന്ന രാജീവിന്റെ മുഖം ഇപ്പോഴും മായാതെ എന്നിലുണ്ട്‌...
സ്മിത അന്ന് എന്നോട് കൂടുതലൊന്നും സംസാരിച്ചില്ല....... ഞാന്‍ എപ്പോഴും കൂടെ കൊണ്ടു നടക്കാറുള്ള എന്റെ ഡയറിയുടെ നടുപേജില്‍ അവള്‍ എഴുതി.......
...''കെട്ടിയിട്ട ചങ്ങലകളുടെ കണ്ണികള്‍ ഓരോന്നായി പൊട്ടുന്നത് ഭ്രാന്തന്മാര്‍ക്ക് പേടിയാണ്....കാരണം ഒരു നിമിഷത്തിന്റെ ഉന്മാദത്തില്‍ അവര്‍ പ്രിയ്യപ്പെട്ടവരെ വിട്ടു അകലെയെവിടെയെങ്കിലും പോയ് മറയും ...പിന്നെ ഒരു നാളില്‍ ഓര്‍മ്മകള്‍ വീണ്ടുകിട്ടുമ്പോള്‍ തിരിച്ചു വരാന്‍ കഴിഞ്ഞുവെന്നുവരില്ല.''....................
പിന്നെ ഞാന്‍ സ്മിതയെ കാണുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌....ശരിയായി പറഞ്ഞാല്‍ കഴിഞ്ഞ ആഴ്ച....ഒരു അത് ലെറ്റിക് മീറ്റ് റിപ്പോര്‍ട്ട്‌ ചെയ്യാനാണ് ഈ ഡല്‍ഹിയില്‍ എത്തിയത്..... അന്ന് വൈകുന്നേരം ഒരു പാര്‍ടിയില്‍ വച്ചു തികച്ചും അപ്രതീക്ഷിതമായാണ് അവളെ കണ്ടത്....അവള്‍ ഡല്‍ഹിയില്‍ എവിടെയോ ആണെന്ന് അറിയാമായിരുന്നു....മനപൂര്‍വ്വം കാണാന്‍ ശ്രമിക്കതിരുന്നതാണ്.....
വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ് ......അവള്‍ ഒന്നുകൂടി മെലിഞ്ഞിരിക്കുന്നു.....കണ്ണുകളില്‍ നിഴലിക്കുന്ന വിഷാദഭാവം...നിറയെ കല്ലുകള്‍ പതിച്ച തൂവെള്ള സാരിയില്‍ അവള്‍ ഒരു മാലാഖയെപ്പോലെ തോന്നിച്ചു....
അവളപ്പോള്‍ സ്മിതാജോണ്‍ ആയിരുന്നു...എം ജെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍ ആന്റണി യുടെ വൈഫ്‌....
വര്‍ഷങ്ങള്‍ക്കുശേഷം കാണുകയാണ്...അവള്‍ തിരിച്ചറിയുമോ എന്നുണ്ടായിരുന്നു.......പക്ഷെ എന്നെ കണ്ടതും ആ കണ്ണുകള്‍ വിടരുന്നതുകണ്ടു‌....
...........................അന്നവള്‍ ഒരുപാടു കാര്യങ്ങള്‍ ചോദിച്ചു....
എന്റെ മനസ്സിലപ്പോള്‍ ഓര്‍മകളുടെ വേലിയേറ്റമായിരുന്നു...കലാലയജീവിതം ഒരു സിനിമാസ്ക്രീനില്‍ എന്ന പോലെ എന്റെ മുന്നിലൂടെ കടന്നുപോയി.......അവള്‍ പക്ഷെ രാജീവിനെ കുറിച്ചു മാത്രം ചോദിച്ചില്ല....................
ഭര്‍ത്താവിന്റെ കൂടെ മറ്റുള്ളവരോട് കുശലം പറയുമ്പോഴും അവളുടെ കണ്ണുകളിലെ വിഷാദം എനിക്ക് വായിച്ചെടുക്കാമായിരുന്നു........
അന്ന് പിരിയുമ്പോള്‍ എന്റെ മോബൈല്‍ നമ്പര്‍ അവള്‍ക്കു കൊടുത്തു....
എനിക്ക് കുറച്ചു ആശ്വാസമായിരുന്നു അനുഭവപ്പെട്ടത്.....സ്മിത ഇപ്പോഴും ജീവിക്കുന്നുണ്ടല്ലോ....അതും ഒരു ഭാര്യയായി.....
.................................പക്ഷെ പിന്നീട് അടുത്തദിവസം ഒരു സുഹൃത്തില്‍ നിന്നാണ് കൂടുതല്‍ അറിഞ്ഞത്.....ഡല്‍ഹിയിലെ താമസത്തിനിടെ അവള്‍ക്കു വീണ്ടും ഡിപ്രഷന്‍ ബാധിച്ചത്രേ.....ഒരിക്കല്‍ അവള്‍ ഞരമ്പ്‌ മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു.......ഏതാണ്ട് മൂന്നു വര്‍ഷം അവള്‍ ചികിത്സയിലായിരുന്നു...പിന്നീട് രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് അവളുടെ വിവാഹം നടക്കുന്നത്....അവളുടെ അച്ഛന്റെ വാശിക്ക് വഴങ്ങി അവള്‍ ജോണ്‍ ആന്റണിയുടെ ഭാര്യയായി......അയാളുടെ രണ്ടാം വിവാഹമാണത്രേ .......''
സുഹൃത്തിന്റെ വാക്കുകള്‍ നിസ്സംഗതയോടെയാണ് കേട്ടിരുന്നത്....
അവള്‍ സന്തോഷം അഭിനയിക്കുന്നു.......
രണ്ടു ദിവസങ്ങള്‍ക്കുമുന്പ് അവള്‍ വിളിച്ചു....
''..ഞാന്‍ എന്റെ അമ്മയെ കണ്ടു.....''...അവളുടെ ശബ്ദം വളരെ നേര്‍ത്തതായിരുന്നു.....കൂടുതലൊന്നും അവള്‍ പറഞ്ഞില്ല....എവിടെ വച്ചു...? എപ്പോള്‍...?
അവരെ കണ്ടപ്പോള്‍ അവള്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക..??..എനിക്കൊരുപാട് ചോദിക്കണം എന്നുണ്ടായിരുന്നു....പക്ഷെ ഒന്നു മാത്രം പറഞ്ഞു......
..''സ്മിതാ....നിന്റെ ചിരിക്കുന്ന മുഖം കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം......'
അവളതിനു അവള്‍ മറുപടി പറഞ്ഞില്ല പകരം മറ്റൊരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു......
അവള്‍ രാജീവിനെ പറ്റി ചോദിക്കും എന്നാണ് കരുതിയത്‌...പക്ഷെ അതുണ്ടായില്ല.....
പക്ഷെ വൈകുന്നേരം അവളുടെ ഒരു മെസ്സേജ് എന്റെ ഫോണില്‍ വന്നു...........അതില്‍ ഈ മെസ്സേജ് രാജീവിന് ഫോര്‍വേഡ് ചെയ്യണം എന്നെഴുതിയിരുന്നു..തുടര്‍ന്ന് ആ വരികളും...
.''......but i have promises to keep.....
and miles to go before i sleep..''
ആ മെസ്സേജ് വായിച്ചപ്പോള്‍ മനസ്സിലെവിടെയൊക്കയോ വേദനയുടെ ഉറവകള്‍ പോട്ടുന്നതായി തോന്നി.....
അതവളുടെ അവസാന സന്ദേശമായിരിക്കും എന്ന് കരുതിയിരുന്നില്ല.....................
ഒരു വെളുത്ത പ്രാവ് ദൂരേക്ക്‌ ചിറകടിച്ചു പറന്നു പോകുന്നു......
ഇപ്പോള്‍ ഈ കാറില്‍ വഴിയറിയാതെ അവളുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴും.........
എന്റെയുള്ളില്‍ അവളുടെ ചിരിച്ചു നില്ക്കുന്ന രൂപമേയുള്ളൂ.......
എങ്കിലും.................
പാലിക്കപ്പെടാത്ത ഒരുപാടു പ്രതിജ്ഞകള്‍ ബാക്കി വച്ചിട്ടാണല്ലോ നീ ഉറങ്ങാന്‍ പോയത്.........