10 January 2010

സുലോചനയുടെ രാവുകള്‍


സുലോചനയുടെ രാവുകള്‍ എന്നും നിദ്രാ വിഹീനങ്ങളാണ്.
 
വടക്കുനിന്നും വരുന്ന അഞ്ചരയുടെ ബസ്സില്‍ സുലോചന വന്നിറങ്ങുന്നതും നോക്കിയാണ് വില്ലൂന്നിപ്പാടത്തെ പൂവന്‍ കോഴികള്‍ കൂവുന്നത് പോലും.പകല്‍ നേരങ്ങളില്‍ സമയം നോക്കാതെ കൂവുന്ന സ്ഥലത്തെ പൂവന്‍ കോഴികളെയെല്ലാം ആട്ടിയോടിക്കാറുണ്ടായിരുന്ന സുലോചനയ്ക്ക് പാതിരാപ്പിടയെന്ന സ്ഥാനപ്പേര് ചാര്‍ത്തിക്കൊടുത്തത്, 'കിണ്ണംബച്ച' കട്ടിലൂടെ പ്രശസ്തനായ ബാര്‍ബര്‍ ശശിയാണ്... സ്ഥലത്തെ എക്സിറ്റ് പോള്‍ വിദഗ്ദന്‍ റേഡിയോ നാണുവിന്റെ അവസാനവട്ട അവലോകനപ്രകാരം പാതിരാസുലുവിന്റെ മുഖ്യ ശത്രുവാണ് ശശി.

സുലോചനയെ ഫീല്‍ഡിലിറക്കിയവളെന്ന ഖ്യാതി നിലനില്‍ക്കുന്ന മിഡ് നൈറ്റ്‌ തങ്കം ,സുലോചനയുടെ എക്സ് ലവര്‍ അഥവാ, കണ്ണീരില്‍ കുതിര്‍ന്ന "പതിനാറു വയതിയനിലെ" നായകന്‍ ചായക്കടക്കാരന്‍ ബാലന്‍ ,സ്ഥലത്തെ 'യുവ' ഗായകന്‍ ഇടിവെട്ടി വിജയന്‍ ,തെങ്ങുകയറ്റക്കാരന്‍ ഉടുമ്പ് രാജന്‍‍,കമ്യൂണിസ്റ്റ് ബാബു, എന്നിങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ ദിനം പ്രതി കയറിയിറങ്ങി പോകുന്ന വില്ലൂന്നിപ്പാടം ജങ്ങ്ഷനും സുലോചനയുടെ ജീവിതം പോലെ സംഭവ ബഹുലമാണ്.

വില്ലൂന്നിപ്പാടത്തെ പെണ്ണുങ്ങളെല്ലാം സുലോചനയെ കഠിനമായി വെറുത്തു.കുട്ട്യോള്‍ടച്ചന്‍മാര്‍ നേരം കെട്ടനേരത്തങ്ങാനും പൊരേല്‍ വന്നു കേറിയാല്‍ പെണ്ണുങ്ങള്‍ ആദ്യം ചോദിക്കുന്നത് സുലുവിനെക്കുറിച്ചാണ്.
"ങ്ങള് ഓളുടെ അഡുത്ത് പോയതാല്ലേ..."
"ഇല്ല പൊന്നെ..നെന്നെ ബിട്ടു ഞാന്‍ ഓളുടെ അടുത്തു പോകുവോ....അല്ലേലും അങ്ങ് ടൌണിലല്ലേ ഓളുടെ  കച്ചോടം..അസത്ത്.."
അസത്തിന്റെ വീടുതേടി എത്തുന്ന പലരും വില്ലൂന്നിപ്പാടത്തെ പെണ്ണുങ്ങളുടെ നാവിന്റെ ചൂടറിഞ്ഞു പോന്നു......

ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് വില്ലൂന്നിപ്പാടത്തെ ഓരോ നെല്‍ ചെടിയും പുല്‍ക്കൊടിയും പാടിനടന്ന പരിശുദ്ധവും പരിപാവനവുമായ പ്രണയകഥയിലെ നായികാ നായകന്മാരായിരുന്നു സുലോചനയും ചായക്കടക്കാരന്‍ ബാലനും .അന്ന് ബാലന്‍ ചായക്കടയില്ലാത്ത വെറും ബാലനായിരുന്നു.പിതാവ് കോഴിപ്പറമ്പില്‍ കേളപ്പന്റെ കെ ആന്‍ഡ്‌ കെ ടീസ്റ്റാളിലെ സാദാ പ്ലേറ്റ് പെറുക്കിയായി ഒരു കാജാ ബീഡി പോലും വാങ്ങാന്‍ കാശില്ലാതെ, തന്തപ്പടിയുടെ മുപ്പത്തിഅഞ്ച് ഡിഗ്രി കൊങ്കണ്ണ് കടയിലെ പ്ലാവിന്റെ മേശയുടെ താഴേവലിപ്പില്‍ നിന്നും മാറുന്നതും നോക്കി കാലം കഴിക്കുകയായിരുന്ന ബാലന്റെ മനസ്സിലേക്ക് സുലോചന പെയ്തിറങ്ങിയത് ഒരു പെരുമഴയത്താണ്.

കാലം തെറ്റി പെയ്ത മഴയില്‍ അന്ന് സുലോചന കയറിനിന്നത് കേളപ്പേട്ടന്റെ ചായക്കടയുടെ പിറകുവശത്തല്ല, അവിടെ ചായഗ്ലാസ്‌ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ബാലന്റെ ഹൃദയത്തിലേക്കായിരുന്നു....!!
അന്ന് ചായ ഗ്ലാസ് രണ്ടെണ്ണം താഴെവീണ് പൊട്ടി..!!
പിന്നീട് സുലോചനയുടെ പതിനാറു വയസ്സുള്ള ഹൃദയവും പലപ്പോഴായി കുറേ ചുവന്ന കുപ്പിവളകളും പൊട്ടി..!
കുറേക്കാലം കഴിഞ്ഞ് വീണ്ടുമൊരിക്കല്‍ കൂടി പൊട്ടി..
പക്ഷേ ഇത്തവണ കേളപ്പേട്ടന്റെ പൊറോട്ടയടിച്ചു തഴമ്പിച്ച കയ്യായിരുന്നെന്നു മാത്രം..!
അതും കാമുകന്‍ ബാലന്റെ രണ്ട് കവിളിലുമായി മാറി മാറി...!!

കാമുകി കരഞ്ഞില്ല...അന്നങ്ങനെ വില്ലൂന്നിപ്പാടം ചരിത്രത്തിലാദ്യമായി ഒരു പ്രണയകഥ കണ്ടു.മാതാ ടാക്കീസില്‍ പ്രേം നസീറിന്റെയും ഷീലയുടെയും പ്രേമം മാത്രം കണ്ടു ശീലിച്ച വില്ലൂന്നിപ്പാടം നിവാസികള്‍ ഒന്നടങ്കം ചോദിച്ചു..
"ആര്..??!!..കല്യാണീടെ മോള് സുലോചനയോ..??!!!"
"ഓള് തന്നെ...അതും ആ ബാലനുമായിട്ട്..!!!!"
"ഓക്ക് വേറെ ആരെയും കിട്ടീലെ..??.."

സുലോചന വീട്ടുതടങ്കലിലായി... മോളെ പൂട്ടിയിടുന്നതെന്തിനാണെന്ന് കല്യാണിയമ്മയോട് ചോടിച്ചവര്‍ക്കെല്ലാം കണക്കിന് കിട്ടി.അവരുടെ കണ്ണില്‍ നാട്ടുകാരാണ് സുലോചനയെ കൊണ്ട് ബാലനെ പ്രേമിപ്പിച്ചത്..അതും ചത്തുപോയ സുലുവിന്റെ അച്ഛന്‍ കള്ളന്‍ ഗോപാലനോടുള്ള വാശിതീര്‍ക്കാന്‍.

പ്രണയകഥയിലെ നായകനെ സ്നേഹനിധിയായ അച്ഛന്‍ അകലെ മദ്രാസിലുള്ള അകന്ന ബന്ധുവിന്റെ ഹോട്ടലിലെ ചായ ഗ്ലാസ്സ് കഴുകാന്‍ പറഞ്ഞയച്ചപ്പോള്‍ നാട്ടുകാര്‍ കരുതി ആ പ്രണയം തകര്‍ന്ന് തരിപ്പണമായെന്ന്.
പക്ഷേ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പകര്‍ത്തി സുലോചന സ്ഥലത്തെ യുവകാമുകിമാരുടെ രോമാഞ്ചമായി മാറിയത് പെട്ടന്നാണ്.

സുലോചന ഒളിച്ചോടി...!!!!!

അങ്ങ് മദ്രാസിലെ ചായക്കടയില്‍ എത്തിപ്പെട്ട ബാലന്‍ ആദ്യമൊന്നു പകച്ചു പോയിരുന്നു എന്നത് സത്യമാണ്.വകയിലെ അമ്മാവന്‍ ഉള്ളാട്ടില്‍ പുഷ്കരന്റെ ,ഹോട്ടല്‍ 'ഡി' പുഷ്കരയിലെ ഓരോ ചായഗ്ലാസിനോടും കാലി പ്ലേറ്റിനോടും തന്റെ നഷ്ടപ്രണയത്തെക്കുറിച്ച് വിലപിക്കവേ ഒരുനാളില്‍, സെയിം സാലറി സ്കെയിലില്‍ പക്ഷേ അപ്പര്‍ പൊസിഷനില്‍ ജോലിചെയ്യുന്ന തമിഴന്‍ മുരുകനാണ് വലിയ ബിരിയാണിചെമ്പ് കഴുകുന്നതിനിടെ ബാലന് ബുദ്ധി ഉപദേശിച്ചു കൊടുത്തത്.
"ഒരു കടിതം പോടുന്കെ...ഇങ്ക വര സൊല്ല്....."
കൂടെ ഒരു പ്രാപഞ്ചിക സത്യവും മുരുകന്‍ പറഞ്ഞു...
"കാതലിയോടെ ഇദയം റോജാപ്പൂമാതിരി.. വലി താങ്കറത് റൊമ്പ കഷ്ട്ടം..."

അങ്ങനെ നാട്ടിലെ പഴയ പൂരപ്പറമ്പ് മേറ്റ്‌ ചെത്തുകാരന്‍ സുധാകരന് ബാലന്റെ എമര്‍ജന്‍സി കടിതം, വിത്ത്‌ ഫ്രം അഡ്രസ്‌ അടക്കം മദ്രാസ് മെയിലില്‍ വില്ലൂന്നിപ്പാടത്തെക്ക് പറന്നു.

ചെത്താന്‍ "നല്ല നീരുള്ള പനകള്‍" നോക്കി നടക്കുകയായിരുന്ന സുധാകരന്‍ നാലാം ക്ലാസ്സില്‍ 'ഇരിക്കുന്ന' കാലത്ത് നാരായണിട്ടീച്ചറുടെ കണ്ണിചൂരല്‍ ഭയന്നൊരുദിനം സ്കൂളില്‍ നിന്നും സര്‍വോപരി കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നും ഇറങ്ങിയോടിയത് കാരണം അക്ഷരാഭ്യാസം കമ്മിയായിരുന്നു.പക്ഷേ കഷ്ടപ്പെട്ട് കടിതം വായിച്ചു.കൂട്ടിക്കൊണ്ടു ചെല്ലേണ്ടത് സുലോചനയെയാണ്..!!!

"നല്ല കരിക്കുള്ള തൈത്തെങ്ങില്‍ കയറി ചെത്തുന്നതിന്റെ" സുഖം മനസ്സില്‍ കണ്ടെങ്കിലും പണ്ട് വില്ലൂന്നിപ്പാടത്തെ കൈത്തോടുകളില്‍ ബരാലിനെ പിടിച്ച് നടന്ന പ്രിയതോഴന്‍ ബാലനെ ഓര്‍ത്തപ്പോള്‍  ലോകത്തെ സകല പുരുഷ കേസരികളും പറയാനാറയ്ക്കുന്ന ആ വാക്കുകള്‍ ശരപഞ്ചരത്തിലെ ജയനെ മനസ്സിലോര്‍ത്ത്, നെഞ്ച് വിരിച്ചുനിന്നുതന്നെ  സുധാകരന്‍ പ്രസ്താവിച്ചു.

"നിയ്യ് എനക്ക് എന്റെ പെങ്ങളെപ്പോലെ ആണു സുല്വോ....!!!!"

അങ്ങനെ വില്ലൂന്നിപ്പാടത്തെ കൂമന്‍മാരെ സാക്ഷികളാക്കി ഒരുദിനം വടക്കോട്ടുള്ള നാലരയുടെ ബസ്സില്‍ സുലോചന മദ്രാസിനു യാത്രയായി, കൂട്ടിനു സുധാകരനും..!!

പ്രേംനസീറും ഷീലയും മാത്രമുണ്ടായിരുന്ന പ്രണയകഥയില്‍ ഉമ്മര്‍ കൂടി കടന്നു വന്നത് കണ്ടപ്പോള്‍ വിലൂന്നിപ്പാടം അക്ഷരാര്‍ഥത്തില്‍ ഞെട്ടി...!!!
"അല്ല സുധാരനോ....ഓനെങ്ങനെ ഇതിന്റെടെല് വന്ന് ചാടി..??!!!"
നാട്ടാര് മൊത്തം പറഞ്ഞു...
"സുധാരനല്ലേ മോന്‍..എന്തെങ്കിലും നടക്കും..!!"

നടന്നു..!!..സുലോചനയെയും കൊണ്ട് സുധാകരന്‍ മദ്രാസ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങി ഇടം വലം നടന്നു..!!!
കഥ സിനിമയിലേതു പോലെ തന്നെ നടന്നു....പ്രിയതമ വരുന്ന തീവണ്ടിയും നോക്കി പ്ലാറ്റ് ഫോമിലൂടെ തെക്കുവടക്ക് കറങ്ങി നടക്കുകയായിരുന്ന ബാലനെ റെയില്‍വേ പോലീസ് പൊക്കി. പോലീസ് വെറും ഒരു പകല്‍ മാത്രമേ ബാലനെ കസ്റ്റഡിയില്‍ വച്ചുള്ളൂ..പക്ഷേ ബാലന് നഷ്ടപെട്ടത് തന്റെ പ്രാണപ്രേയസിയെയും ലൌകില ജീവതവുമായിരുന്നു....
അന്ന് നേരമിരുട്ടുന്നത് വരെ സുലോചനയും സുധാകരനും ഒരുപാടു നടന്നു.ആ നടത്തം അവസാനിച്ചിടത്ത് വച്ച് സുലോചനയ്ക്കു ആദ്യമായി സുധാകരനില്‍ അനുരാഗം മുളച്ചു ,സാധാരണ ഹിന്ദി സിനിമകളില്‍ കാണുന്നതുപോലെ തന്നെ..
എങ്ങനെയെന്നാല്‍,ആ നടത്തം അവസാനിച്ചത്‌ ഒരു ഇരുണ്ട തെരുവിലായിരുന്നു..നീലത്താമര പോലുള്ള സുലുവിനെ കയറിപ്പിടിച്ച ഒരു സാദാ മദ്രാസ് റൌഡിയെ, സുധാകരന്‍ തന്റെ തെങ്ങുകയറ്റ ജീവിതം സമ്മാനിച്ച ഉറച്ച മസിലുകള്‍ കൊണ്ട് നേരിട്ടപ്പോള്‍, ആ നാറുന്ന തെരുവില്‍ മറ്റൊരു ത്രികോണ പ്രണയകഥയ്ക്ക് തിരിതെളിഞ്ഞു.അടികിട്ടി ഓടിപ്പോയ റൌഡിയെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ സുലോചന സുധാകരനെ ഇറുകെപ്പുണര്‍ന്നു...
"സുധാരേട്ടാ...ഇങ്ങളാണ് എന്റെ ആണ്...."

അങ്ങനെ മാരിയമ്മന്‍ കോയിലില്‍ വച്ച് താലിയും കെട്ടി, രണ്ടുമാസത്തെ ഹണിമൂണും കഴിഞ്ഞപ്പോഴേക്കും സുലോചനയുടെ മനസ്സില്‍ ബാലനോടുള്ള സ്നേഹം ഒരു പൊടിക്കുപോലും ഇല്ലായിരുന്നു..പകരം ഒറ്റ ഇമേജ് മാത്രം
"ചതിയന്‍ ബാലന്‍ ‍..!!"
ജീവിതവും സിനിമയിലെ പോലെ തന്നെ മുന്നോട്ടു നീങ്ങി.

സാധാരണ തമിഴ് സിനിമയിലെ നായകനെ പോലെ സുധാകരന്‍ "മൂട്ട"(ചാക്ക് കെട്ട്)ചുമന്നു പണം സമ്പാദിച്ചു.സുലോചന അച്ചാറുണ്ടാക്കി വിറ്റ് കാശുണ്ടാക്കി..അങ്ങനെ സുന്ദരമായി ഹണിമൂണ്‍ ആഘോഷിച്ചു കൊണ്ടിരുന്ന മിഥുനങ്ങള്‍ക്കിടയില്‍ ദുരന്തം വന്നുകയറിയത്‌ പെട്ടെന്നാണ്...
അതേ പഴയ റൌഡി..!!!
അതെ...മദ്രാസ് റെയില്‍വേ സ്റ്റേഷനോടടുത്തുള്ള ആ തെരുവില്‍ പണ്ട് സുധാകരന്‍ അടിച്ചു പഞ്ചറാക്കിയിട്ട അതേ റൌഡി സോഡാ ശെല്‍വന്‍..!!

ആളുകളുടെ തലയില്‍ വെറുതേ സോഡാക്കുപ്പി അടിച്ചു പൊട്ടിക്കുകയെന്ന വിനോദം സ്വന്തമായുണ്ടായിരുന്ന സോഡാ സെല്‍വന്റെ അല്‍പ്പം കനം കൂടിയ മൂന്നുനാല് അടിയില്‍ നാലുദിവസം ഗവര്‍മേന്റാശുപത്രിയില്‍ കിടന്ന് അഞ്ചാം ദിവസം സുധാകരന്‍ മരിച്ചു.
അന്ന് സുലോചനയെയും കാണാതായി.
 പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം സുലോചന വില്ലൂന്നിപ്പാടത്തെക്ക് തിരിച്ചു വരുന്നത് പുതിയ രൂപത്തിലും ഭാവത്തിലുമാണ്.

അത്രമാത്രമാണ് വില്ലൂന്നിപ്പാടക്കാര്‍ക്കറിയാവുന്ന സുലോചനയുടെ പാസ്റ്റ്.പിന്നീട് മിഡ് നൈറ്റ്‌ തങ്കത്തിന്റെ കൂടെ ഫീല്‍ഡിലിറങ്ങിയത് മുതല്‍ക്കുള്ള കഥകള്‍ വില്ലൂന്നിപ്പാടത്തെ ചെല്ലക്കാറ്റിനുപോലുമറിയാം.

പോസ്റ്റാപ്പീസിന്റെ മതിലില്‍ ഒട്ടിച്ചിരുന്ന, അവളുടെ രാവുകളിലെ സീമയുടെ പോസ്റ്ററിനു കീഴെ വില്ലൂന്നിപ്പാടത്തെ തോന്ന്യാസികള്‍ എഴുതിച്ചേര്‍ത്തു.

"സുലോചനയുടെ രാവുകള്‍ -A "

പക്ഷേ താമസിയാതെ തന്നെ  വില്ലൂന്നിപ്പാടം ഞെട്ടി...!!
നാടുവിട്ടുപോയ പഴയ നായകന്‍ ബാലന്‍ തിരിച്ചുവന്നപ്പോഴായിരുന്നു അത്..!!
വില്ലൂന്നിപ്പാടം മുഴുവനും ബാലന്റെ കഥ കേള്‍ക്കാനായി കാതു കൂര്‍പ്പിച്ചു.ബാലന്‍ എല്ലാം പറഞ്ഞു..അന്ന് പോലീസ് പിടിച്ചതും സുലോചനയെ തേടി നടന്നതും,പിന്നെ കണ്ടുപിടിച്ചപ്പോള്‍ സുധാകരന്റെയും സുലോചനയുടെയും ജീവിതത്തില്‍ കട്ടുറുമ്പാകേണ്ട എന്ന് കരുതി പ്രേമം കുഴിച്ചുമൂടി തിരിഞ്ഞു നടന്ന് ഹോട്ടല്‍ 'ഡി' പുഷ്കരയിലെ ഒഴിഞ്ഞ ചായ ഗ്ലാസുകള്‍ കഴുകി കാലം കഴിച്ചതും എല്ലാം..
പിന്നെ ബാലനായിരുന്നു വില്ലൂന്നിപ്പാടത്തിന്റെ പോന്നോമനപുത്രന്‍...ബാലനെ ചതിച്ച സുലോചന "പാതിരാപ്പിട" യായി മാറി,നാട്ടുകാരുടെ മൊത്തം പ്രാക്ക് ഏറ്റുപോന്നു...തന്റെ ചത്തുപോയ തന്ത കേളപ്പന്റെ ടീഷാപ്പ്‌ ഏറ്റെടുത്തു നടത്തി ബാലന്‍ അങ്ങനെ ചായക്കട ബാലനുമായി.

അങ്ങനെ വലിയ സംഭവങ്ങളൊന്നും സംഭവിക്കാതെ വില്ലൂന്നിപ്പാടം പരദൂഷണവും തോന്ന്യാസം പറച്ചിലുമായി അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ചില സമയങ്ങളില്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ബാലന്‍ വികാരാധീനനാവാറുണ്ടായിരുന്നു.പൊടിച്ചായ നീട്ടിയടിക്കുന്നതിനിടെ പലതും പറഞ്ഞ് ബാലന്റെ തൊണ്ടയിടറും.. അത് കാണുമ്പോള്‍ നാട്ടുകാര്‍ പറയും
"പാവം ബാലന്‍...ഓള്‍ക്ക് ഭഗോതി കൊടുക്കും.."

വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു.സുലോചനയുടെ രാവുകള്‍ നിദ്രാവിഹീനങ്ങളായി തന്നെ തുടര്‍ന്നു പോന്നു..
 
അങ്ങനെയിരിക്കെ മിഥുനമാസം കഴിഞ്ഞ ഒരു ഞാറാഴ്ച നട്ടുച്ചയ്ക്ക് , ഇടിവെട്ടി വിജയനാണ് അയാളെ കാണുന്നത്...
ബസ്സിറങ്ങി ചെമ്മണ്‍പാതയിലൂടെ നടന്ന് വരുന്ന ഒരു രൂപം.!
നല്ല ഒറ്റത്തടിപ്ലാവുപോലെ വീതിയേറിയ നെഞ്ചുമായി കറുത്തിരുണ്ട ഒരു തമിഴന്‍..!!
'മാതാ' യിലെ പൊട്ടിയ ബെഞ്ചില്‍ ഇരുന്നു കണ്ടുതീര്‍ത്ത തമിഴ് പടങ്ങളില്‍ നിന്നും പഠിച്ച മുറിത്തമിഴു വച്ച് ഇടിവെട്ടി അലക്കാന്‍ തുടങ്ങി...
"അണ്ണാ നീങ്കെ യാര്....ഇങ്കെ പുതുസാ...?"
തമിഴന്‍ ചുവന്ന കണ്ണുകള്‍ പുറത്തേക്ക് തള്ളിച്ച് ഭീകരമായി തിരിച്ചു ചോദിച്ചു..
"ഉന്‍ പേരെന്ന..??"
"ആ ശബ്ദത്തില്‍ ഇടിവെട്ടി വിറച്ചു..."
"നാ..ന്‍ ..വിജയ......"
"എന്നത്..??"...തമിഴന്‍ മീശ പിരിക്കാന്‍ തുടങ്ങി..
"കൂനംവെള്ളിത്തറ പാച്ചര്‍ മകന്‍ ഇടിവെട്ടി വിജയന്‍...."
വിത്ത്‌ സര്‍ നെയിം വിജയന്‍ പയറ് പയറ് പോലെ പേര് പറഞ്ഞത് ,അപ്പോള്‍ വീശിയടിച്ച കാറ്റില്‍ ദൃശ്യമായ, തമിഴന്റെ അരയിലെ ബെല്‍ട്ടില്‍ നിന്നും പുറത്തോട്ടു ചാടാന്‍ വെമ്പി നില്‍ക്കുന്ന പതിനാറിഞ്ച് നീളമുള്ള കത്തി കണ്ടപ്പോഴാണ്.
'പസങ്ക' യുടെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ സ്ഥായിയായ രൌദ്രഭാവം വിട്ട് തമിഴന്‍ ശാന്തനായി...
"അതെന്നെടാ..ഉന്‍ പേരില്‍ ഒറു ഇടിവെട്ടി..??"
തനിക്കു ഇടിവെട്ടിയെന്ന പേരുവീഴാനുണ്ടായ സാഹചര്യം വിശദീകരിച്ചു കൊടുക്കാനാവാതെ വിജയന്‍ കുഴങ്ങി..

ആ സംഭവം ഇങ്ങനെയായിരുന്നു.
പണ്ടൊരിക്കല്‍ കുപ്പേരിക്കാവിലെ ഉത്സവത്തിന്  ഉദയാഭാനുവിന്റെ ഗാനമേള വരുന്നെന്നു കേട്ടപ്പോള്‍ വില്ലൂന്നിപ്പാടത്തിന്റെ സ്വന്തം 'യുവ' ഗായകനായ വിജയനും പോകണമെന്ന് ആശ വന്നു..അക്കാലം മുടിഞ്ഞ വര്‍ക്കുള്ള ദിവസങ്ങളായിരുന്നു വിജയന്.... എല്ലാ ദിവസവും ബിസി ഷെഡ്യൂള്‍...ബിസി എന്ന് പറയുമ്പോള്‍ സംഗീതം കൊണ്ടല്ല....ചോറും കള്ളുമടിക്കണമെങ്കില്‍ ദിവസവും പണിക്കു പോകണമെന്ന പ്രകൃതിനിയമം വൈകിയാണെങ്കിലും ഉദിച്ചിരുന്നത് കൊണ്ട് രാഘവക്കുറുപ്പിന്റെ  പറമ്പില്‍ തെങ്ങിന് തടമെടുപ്പ്, വളമിടീല്‍ തുടങ്ങിയ സ്കില്‍ഡ് വര്‍ക്കുകളുമായി ബിസിയായിരുന്നു വിജയന്‍.അങ്ങനെ ഉദയാഭാനുവിന്റെ ഗാനമേളയുടെ ദിനം വന്നെത്തി..തെങ്ങിന് തടമെടുത്ത് കൊണ്ടിരുന്ന വിജയന്‍ അസ്വസ്ഥനാണ്..കാരണം ഇവിടെ നിന്നും ഒരു രണ്ട് മണിക്കെങ്കിലും പോയാലെ അവിടെ മുന്നില്‍ സീറ്റുകിട്ടുകയുള്ളൂ..മുന്‍പ് കുറേ ദിവസങ്ങളില്‍ പണിക്കിടെ മുങ്ങിയതാണ്.. നേരത്തെ പൊയ്ക്കോട്ടേ എന്ന് കുറുപ്പിനോട് എങ്ങനെ ചോദിക്കും ??..
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ചോദിച്ചു.
വളരെ സന്തോഷകരവും പ്രോത്സാഹന ജനകവുമായ മറുപടിയാണ് രാഘവക്കുറുപ്പില്‍ നിന്നും കിട്ടിയത്.
"അതിനെന്താ വിജയാ നീ അഞ്ച് മണിക്ക് തീര്‍ക്കുന്ന പണി രണ്ട് മണിക്ക് തീര്‍ത്തിട്ടു പൊയ്ക്കോ...ഒരു പത്തു തെങ്ങിന്റെ കൂടി തടം കൊരീട്ടു നെനക്ക് പോകാലോ....."
ആ വാക്കുകള്‍ നല്‍കിയ ഊര്‍ജത്തിലും ആത്മവിശ്വാസത്തിലും വിജയന്‍ ഇടം വലം നോക്കാതെ നിന്നും ഇരുന്നും കിടന്നും തടം കോരി..!!
പത്തല്ല പതിനഞ്ചു തെങ്ങിന്റെ തടം...!!!
രണ്ട് മണിയായപ്പോള്‍ രാഘവകുറുപ്പ് വന്നു നോക്കിയപ്പോള്‍ കണ്ടതെന്താ..?!!
തൂമ്പായും പിടിച്ച് വിജയശ്രീലാളിതനായി വിജയന്‍ നില്‍ക്കുന്നു..!!!.പതിനഞ്ചോളം തെങ്ങുകളുടെ തടം കോരി വളവുമിട്ടിട്ടുണ്ട്..!!

പക്ഷേ അതില്‍ എട്ടെണ്ണത്തോളം ഇടിവെട്ടിയ തെങ്ങുകളായിരുന്നു....!!!!!!!!!!!!

പണി തീര്‍ക്കാനുള്ള തിരക്കില്‍ വിജയന്‍ തെങ്ങിന്റെ മണ്ടയിലേക്ക് നോക്കാന്‍ വിട്ടുപോയതാണ്.....!!
അന്ന് മുതലാണ്‌ വിജയന്‍ ഇടിവെട്ടി വിജയനായി അറിയപ്പെട്ടു തുടങ്ങിയത്.

പക്ഷേ ഇപ്പോള്‍ വിജയന്‍ പണ്ട് ഞെട്ടിയതിനേക്കാള്‍ കൂടുതല്‍ ശക്ത്തിയായി ഞെട്ടുകയാണ്.
കാരണം വന്നിരിക്കുന്ന തമിഴന്‍ ആരാ...??
പണ്ട് സുധാകരനെ കൊന്നു ജയിലില്‍ പോയ ആ സോഡാ സെല്‍വന്‍...!!
വരവ് പാതിരാസുലോചനയെ കാണാനാണെന്നറിഞ്ഞപ്പോള്‍ ഇടിവെട്ടിയൊടോപ്പം വില്ലൂന്നിപ്പാടം മൊത്തത്തില്‍ ഞെട്ടി.

നാട്ടുകാരില്‍ നിന്നും ബാലനെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ സെല്‍വന്‍ നേരെ ചായപ്പീടികയില്‍ കയറിച്ചെന്ന് ബാലനെ പുറത്തേക്ക് വലിച്ചിട്ട് നാലെണ്ണം ചാര്‍ത്തിക്കൊടുത്തു..!!!!!!
എന്താ കഥ?? നാട്ടുകാര്‍ പരസ്പരം നോക്കി...
വഴിതെറ്റി നിലാവത്ത് ഇറങ്ങിവന്ന പിടക്കോഴിയെപ്പോലെ അവിടെയെത്തിയ മിഡ് നൈറ്റ്‌ തങ്കമാണ് അപ്പോഴാ ന്യൂസ്‌ അവിടെ പൊട്ടിച്ചത്..

"വെട്ടുകത്തിയുമെടുത്തു ഭദ്രകാളിയെപ്പോലെ സുലോചന വരുന്നു..!!!!"

തന്റെ പ്രിയനെ തലക്കടിച്ചു കൊന്ന സോഡാ സെല്‍വനെ വെട്ടി സുലോചന പ്രതികാരം തീര്‍ക്കുമെന്നും സെല്‍വന്റെ പതിനാറിഞ്ച് കത്തിയില്‍ സുലോചന തീരുമെന്നും പ്രതീക്ഷിച്ച വില്ലൂന്നിപ്പാടക്കാര്‍ പിന്നെയും ഞെട്ടി.
തന്നെ വെട്ടാന്‍ വന്ന സുലോചനയുടെ കാല്‍ക്കല്‍ വീണു സെല്‍വന്‍ പൊട്ടിക്കരയുന്നു...!!!!.

"പൊറുക്കണം തായേ......ഇന്ത കെട്ടവനെ മന്നിച്ചിട്...."

അപ്പോഴാണ്‌ കഥയുടെ സസ്പെന്‍സും ഫ്ലാഷ് ബാക്കും ട്വിസ്റ്റും ക്ലൈമാക് സും വില്ലൂന്നിപ്പാടത്ത് ഒന്നിച്ചു പൊട്ടിയത്....!!!!
സെല്‍വന്‍ പറഞ്ഞ കഥകേട്ടു ബാലനൊഴികെ വില്ലൂന്നിപ്പാടം മൊത്തം സ്തംഭിച്ചു.
ബാലന്റെ സ്തംഭനം നേരത്തെ കഴിഞ്ഞിരുന്നു... സോഡാ സെല്‍വന്റെ ആദ്യ ചവിട്ടില്‍ തന്നെ വന്ധ്യംകരണം കഴിഞ്ഞ് വില്ലൂന്നിപ്പാടത്തിന്റെ മണ്ണ് വായിലാക്കി സ്തംഭിച്ചു കിടക്കുകയായിരുന്നു ബാലന്‍.

കഥ ഇങ്ങനെയായിരുന്നു...

പണ്ട് മദ്രാസില്‍ സുലോചനെയെ തേടി അലഞ്ഞ ബാലന്‍ സുധാകരനെയും സുലോചനയെയും കണ്ടെത്തിയ സമയം...
രണ്ടുപേരും കല്യാണം കഴിച്ചു സുഖമായി ജീവിക്കുകയാണെന്നു മനസ്സിലാക്കിയ ബാലനില്‍ പ്രതികാരചിന്തകള്‍ ഉടലെടുത്തു..രണ്ടിനെയും കൊല്ലണം..തന്നെ ചതിച്ച് അവരങ്ങനെ ജീവിക്കേണ്ട..അതിനായി കരുക്കള്‍ നീക്കി...കായബലം ഏറെയുള്ള സുധാകരനെ കൊല്ലാന്‍ താന്‍ വിചാരിച്ചാല്‍ മതിയാവില്ല..അതിനായി ചായഗ്ലാസ്‌ കഴുകിക്കിട്ടിയ പൈസ ചേര്‍ത്ത് വച്ച് ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി കൊട്ടേഷന്‍ കൊടുത്തു..ഗുണ്ട സോഡാ സെല്‍വന് സുധാകരനെ കാണിച്ചു കൊടുത്തപ്പോഴാണ്‌ സംഭവം പിടികിട്ടിയത്.ആള്‍ സെല്‍വന്റെയും ശത്രുവാണ്...ഒരാളെ കൊല്ലാനൊന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ ഭാര്യയെ സുധാകരന്‍ പിടിച്ചോണ്ട് പോയി കൂടെ പൊറുപ്പിച്ചിരിക്കുകയാണെന്ന്  പറഞ്ഞ് സെല്‍വനെ കണ്‍വിന്‍സ് ചെയ്യിച്ചു, ബാലന്‍.
അങ്ങനെ സുധാകരന്റെ പണി തീര്‍ന്നു.സെല്‍വന്‍ അപ്രതീക്ഷിതമായി ജയിലിലുമായി.

പിന്നീട് കാലങ്ങള്‍ക്ക് ശേഷം ഭക്തിമാര്‍ഗം സ്വീകരിച്ചു നല്ലവനായിത്തീര്‍ന്ന സെല്‍വന്‍ സുലോചന വില്ലൂന്നിപ്പാടത്തുണ്ടെന്നറിഞ്ഞപ്പോള്‍ കണ്ടു മാപ്പ് പറയാന്‍ വന്നതാണ്..!!

അങ്ങനെ വില്ലൂന്നിപ്പാടത്ത് സുലോചന വീണ്ടും സ്റ്റാറായി.!!
ഹീറോയായിരുന്ന ബാലന്‍ സീറോയുമായി..!!
പിന്നീട് വില്ലൂന്നിപ്പാടത്തെ പൌരത്വം സ്വീകരിച്ച് സെല്‍വന്‍ അവിടത്തുകാരിലൊരാളായി മാറുകയുണ്ടായി.

രാഗേന്ദു കിരണങ്ങള്‍ മിക്കദിവസങ്ങളിലും ഒളി വീശി..രജനീകദംബങ്ങള്‍ ചിലപ്പോഴൊക്കെ മിഴിചിമ്മി....
എന്നിരുന്നാലും സുലോചനയുടെ രാവുകള്‍ പിന്നെയും നിദ്രാവിഹീനങ്ങളായി തന്നെ തുടര്‍ന്നു പോന്നു.

കൂടെ പലപ്പോഴും സെല്‍വന്റെയും,ചിലപ്പോഴൊക്കെ ഇടിവെട്ടി വിജയന്റെയും, ബാര്‍ബര്‍ ശശിയുടെയും, ഉടുമ്പ് രാജന്റെയും,കമ്യൂണിസ്റ്റ് ബാബുവിന്റെയും....................................................!!!!
അങ്ങനെയങ്ങനെ.......
.

44 comments:

ശ്രദ്ധേയന്‍ | shradheyan said...

കുറേക്കാലം കഴിഞ്ഞ് വീണ്ടുമൊരിക്കല്‍ കൂടി പൊട്ടി..
പക്ഷേ ഇത്തവണ കേളപ്പേട്ടന്റെ പൊറോട്ടയടിച്ചു തഴമ്പിച്ച കയ്യായിരുന്നെന്നു മാത്രം..!
അതും കാമുകന്‍ ബാലന്റെ രണ്ട് കവിളിലുമായി മാറി മാറി...!!

അടിപൊളി മുരളീ..
ഇനി ഞാനുമൊന്നു പൊട്ടിക്കട്ടെ, അടിയെല്ലെടോ തേങ്ങ.....
(((((((((((((ഠോ))))))))))))))

മുരളി I Murali Mudra said...

"എന്നിരുന്നാലും സുലോചനയുടെ രാവുകള്‍ പിന്നെയും നിദ്രാവിഹീനങ്ങളായി തുടര്‍ന്നു തന്നെ പോന്നു..."

റോസാപ്പൂക്കള്‍ said...

പാവം സുലു

പട്ടേപ്പാടം റാംജി said...

"സോഡാ സെല്‍വന്റെ ആദ്യ ചവിട്ടില്‍ തന്നെ വന്ധ്യംകരണം കഴിഞ്ഞ് വില്ലൂന്നിപ്പാടത്തിന്റെ മണ്ണ് വായിലാക്കി സ്തംഭിച്ചു കിടക്കുകയായിരുന്നു ബാലന്‍.
കഥ ഇങ്ങനെയായിരുന്നു..."
ഉഗ്രനായിരിക്കുന്നു. ഒഴുക്കുള്ള നല്ല ഭാഷ. വില്ലുഉന്നിപ്പാദം എവിടെയാണ്?
സുലോചനയും ബാലനുമൊക്കെ ഇപ്പോഴും അവിടെ ഉണ്ടോ? രസമായി വായിച്ച്ചുപോയതുകൊണ്ട് മറൊന്നും ശ്രദ്ധിക്കാനായില്ല.

perooran said...

super

jayanEvoor said...

നല്ല പൊളപ്പൻ കഥ!

ash said...

ഇടിവെട്ടി വിജയന്‍ കഥാപാത്രത്തെയാണു എനിക്ക് ഇഷ്ടായത് ... ഹഹ നല്ല കഥ... രസകരമായി എഴുതി... ആശംസകള്‍ ...

രാജേഷ്‌ ചിത്തിര said...

:))


ആശംസകള്‍

ശ്രീവല്ലഭന്‍. said...

വളരെ രസകരമായ എഴുത്ത്.

നരസിംഹം said...

മുരളിയുടെ മറ്റു കഥകളെ വച്ചു നോക്കുമ്പോള്‍ ഇതത്രത്തോളം വന്നില്ല
പലയിടത്തും തരം താഴന്ന ഏച്ചു കെട്ടിയ തമാശകള്‍
മുരളിക്കും വിമര്‍ശന മനോഭാവത്തോടെ ഒന്നു വായിച്ചാല്‍ ഞാന്‍ ഈ പറഞ്ഞത് ബോധ്യമാവും

Anonymous said...

ഇവിടെ പുതിയതാണ്, നല്ല വായനാസുഖം നന്ദി....നന്നായിരിക്കുന്നു. ആശംസകൾ

മുരളി I Murali Mudra said...

@ ശ്രദ്ധേയന്‍ : തേങ്ങയ്ക്ക് നന്ദി.എത്രവേണമെങ്കിലും പൊട്ടിക്കാം കേട്ടോ..
:)

@ റോസാപ്പൂക്കള്‍ : സുലു അത്ര പാവമൊന്നുമല്ല കേട്ടോ....:)

@ pattepadamramji : വില്ലൂന്നിപ്പാടം വെറുമൊരു ഭാവനാ ശ്രുഷ്ട്ടി മാത്രം..പിന്നെ ബാലനും സുലോചനയുമെല്ലാം മിക്ക നാട്ടിന്‍ പുറങ്ങളിലും നമ്മള്‍ കാണുന്ന കഥാ പാത്രങ്ങള്‍ തന്നെയല്ലേ..

മുരളി I Murali Mudra said...

@perooran : നന്ദി

@ jayanEvoor : നന്ദി മാഷെ..വീണ്ടും കാണണം.

@ Aasha : ഇടിവെട്ടി വിജയന്‍ എന്നാ കഥാപാത്രം ഭാവനാസൃഷ്ടിയല്ല എന്റെ നാട്ടില്‍ പുള്ളി ഇപ്പോഴും ജീവിച്ചിരിക്കുന്നു. :)

@മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) : സ്മൈലിക്ക് നന്ദി.. :)

@ശ്രീവല്ലഭന്‍. : നന്ദി വീണ്ടും വരിക

@നരസിംഹം : വിമര്‍ശനം സ്വീകരിക്കുന്നു, പിന്നെ എങ്ങനെ വായിക്കപ്പെടുന്നു എന്നനുസരിച്ചിരിക്കും ആസ്വാദനം എന്നത് കൊണ്ട് ഒരു രസകരമായ വായന മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ..അത് കൊണ്ട് തന്നെ ഈ പോസ്റ്റിന്റെ 'നിലവാരത്തെ' കുറിച്ച് ഞാന്‍ ബേജാറാകുന്നില്ല..എന്റെ മറ്റു കഥകള്‍ വായിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നു... നല്ല അഭിപ്രായത്തിന് നന്ദി...:)

@നാറാണത്ത് : ഇവിടെ പുതിയതാണെങ്കിലും ഇനിമുതല്‍ സ്ഥിരം വരണം കേട്ടോ.
കൂടെ ഇത് വായിച്ചു കടന്നുപോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

ഭായി said...

ഇടിവെട്ടി വിജയന്‍ ഇടിവെട്ട് വിജയന്‍ :-)

കൊള്ളം നന്നായിട്ടുണ്ട്!

പുതുവത്സരാശംസകള്‍!

Anonymous said...

പാവം..പാവം..സുലോചന...

Unknown said...

ആദ്യമായിട്ടാണിവിടെ, നല്ല രസമായിട്ടെഴുതി.
നല്ല കഥ.

സുമേഷ് | Sumesh Menon said...

"പതിനഞ്ചോളം തെങ്ങുകളുടെ തടം കോരി വളവുമിട്ടിട്ടുണ്ട്..!!

പക്ഷേ അതില്‍ എട്ടെണ്ണത്തോളം ഇടിവെട്ടിയ തെങ്ങുകളായിരുന്നു....!!!!!!!!!!!!

പണി തീര്‍ക്കാനുള്ള തിരക്കില്‍ വിജയന്‍ തെങ്ങിന്റെ മണ്ടയിലേക്ക് നോക്കാന്‍ വിട്ടുപോയതാണ്.....!!"

കലക്കി മുരളി മാഷെ..
നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.. !!

ഇടക്കൊക്കെ ഇങ്ങനെ വിട്ടു പിടി...:)

Anil cheleri kumaran said...

സീരിയസ്സായ കഥകള്‍‌ പോലെ തന്നെ നര്‍മ്മവും വഴങ്ങുന്നുണ്ട്. കൊള്ളാം നല്ല പോസ്റ്റ്.

ആര്‍ദ്ര ആസാദ് / Ardra Azad said...

നര്‍മ്മ കഥക്ക് യോജിക്കാത്ത ഇഴച്ചില്‍ അനുഭവപ്പെട്ടു ഈ പോസ്റ്റിന്. സത്യായിട്ടും.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ ഇടിവെട്ടി വിജയന്റെ കഥ ഒരു അധികപ്പറ്റായി കഥ കൊള്ളാമെങ്കിലും.

ഒഴാക്കന്‍. said...

"സുലോചനയുടെ രാവുകള്‍" ..... പകലുകളുടെ നീളം കുറവുള്ള സുന്ദരി.... സുലോചന... നന്നായിരിക്കുന്നു

Unknown said...

കാലം തെറ്റി പെയ്ത മഴയില്‍ അന്ന് സുലോചന കയറിനിന്നത് കേളപ്പേട്ടന്റെ ചായക്കടയുടെ പിറകുവശത്തല്ല, അവിടെ ചായഗ്ലാസ്‌ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ബാലന്റെ ഹൃദയത്തിലേക്കായിരുന്നു....!!

കലക്കി...ഇടിവെട്ട് മുരളി... വളരെ രസകരമായ എഴുത്ത്....

Manoraj said...

കാലം തെറ്റി പെയ്ത മഴയില്‍ അന്ന് സുലോചന കയറിനിന്നത് കേളപ്പേട്ടന്റെ ചായക്കടയുടെ പിറകുവശത്തല്ല, അവിടെ ചായഗ്ലാസ്‌ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ബാലന്റെ ഹൃദയത്തിലേക്കായിരുന്നു....!!
അന്ന് ചായ ഗ്ലാസ് രണ്ടെണ്ണം താഴെവീണ് പൊട്ടി..!!
പിന്നീട് സുലോചനയുടെ പതിനാറു വയസ്സുള്ള ഹൃദയവും പലപ്പോഴായി കുറേ ചുവന്ന കുപ്പിവളകളും പൊട്ടി..!

ee varikalanu ettavum eshtappetathu..

കൂട്ടുകാരൻ said...

നല്ലൊരു സിനിമ ആക്കാന്‍ പറ്റിയ കഥ...കിടിലന്‍ തന്നെ കേട്ട...സത്യന്‍ അന്തിക്കാട്‌ തന്നെ. ഇനി ഞാന്‍ ഇവിടൊക്കെ തന്നെ കാണും.

മുരളി I Murali Mudra said...

@ഭായി : നന്ദി,പുതുവത്സരാശംസകള്‍

@bijli : സ്ത്രീജനങ്ങള്‍ എല്ലാം സുലോചന പാവമാണെന്ന് പറയുന്നു... :) :)

@തെച്ചിക്കോടന്‍ : ആദ്യമായി എത്തിയില്ലേ ഇനി ഇടയ്ക്കിടെ വരണം കേട്ടോ.

@സുമേഷ് മേനോന്‍ : ഇടക്കൊക്കെ ഇങ്ങനെ വിട്ടു പിടിച്ചാലേ എല്ലാവരെയും ഇവിടൊക്കെ ഇങ്ങനെ കാണാന്‍ കഴിയൂ എന്നറിയാം... സോ..വിട്ടല്ല ചിലപ്പോള്‍ കൈവിട്ടും പിടിക്കാം..
:) :)

മുരളി I Murali Mudra said...

@കുമാരന്‍ : ഹ ഹ ..നല്ല ആളാ പറയുന്നത് എന്റെ നര്‍മത്തെ പറ്റി, ന്നാലും വരവ് വച്ചു ട്ടോ.....

@ആര്‍ദ്ര ആസാദ് : അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദി,അടുത്ത പോസ്റ്റുകളില്‍ ശ്രദ്ധിക്കാം.
പക്ഷേ ഇഴച്ചില്‍ എന്നത് എനിക്ക് ശരിക്ക് പിടികിട്ടിയില്ല കേട്ടോ.

@കുട്ടിച്ചാത്തന്‍ : നന്ദി,ഇടിവെട്ടിയെ ആണു കൂടുതല്‍ ഇഷ്ടപെട്ടത് എന്ന് ചിലര്‍ പറയുന്നു.എങ്കിലും താങ്കളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കുന്നു.

മുരളി I Murali Mudra said...

@ഒഴാക്കാന്‍ : "പകലുകളുടെ നീളം കുറഞ്ഞ സുന്ദരി" ആ പ്രയോഗം എനിക്കിഷ്ട്ടപ്പെട്ടു കേട്ടോ.

@jimmy : നന്ദി ജിമ്മി,ഇതുവഴി വീണ്ടും വരണം.

@മനോരാജ് : എനിക്കും ഏറെ ഇഷ്ടപ്പെട്ട വരികളാണത്.

@കൂട്ടുകാരന്‍ : ഹ ഹ താല്‍പ്പര്യമുണ്ടെങ്കില്‍ സിനിമ ആക്കിക്കോ കേട്ടോ (എനിക്ക് കാശൊന്നും തരേണ്ട കഥ ഫ്രീ..)പിന്നെ ഇവിടൊക്കെ തന്നെ കാണണം.

JIGISH said...

കഥ പറഞ്ഞുപറഞ്ഞ് ക്രമേണ, വില്ലൂന്നിപ്പാടത്തെ സുലോചനയും ബാലനും വിജയനുമെല്ലാം അമാനുഷരായ ഐതിഹ്യ കഥാപാത്രങ്ങളായി മാറുന്ന അനുഭവം..!!
ഈ പരീക്ഷണം തികച്ചും പുതുമയുള്ളതായിരുന്നു.!
ഈ നര്‍മ്മം തികച്ചും ജീവിതബന്ധമുള്ളതും..!!
ഗ്രേറ്റ്, മുരളീ..!!

mazhamekhangal said...

very nice narration

Muralee Mukundan , ബിലാത്തിപട്ടണം said...

മുരളി അസ്സലായിരിക്കുന്നു..
വീണ്ടും എന്നെ നാട്ടുമ്പുറത്തേക്കു കൂട്ടികൊണ്ടുപോയി.
ഗുണ്ടകളുടെ പേരുകളുള്ള ഇടിവെട്ടിവിജയനും,സോഡസെൽവവുമെല്ലാം നർമ്മം വിതറിയാണ് കടന്നുപോയത്....

അരുണ്‍ കരിമുട്ടം said...

അണ്ണാ സൂപ്പര്‍!
സിനിമക്ക് തിരക്കഥ എഴുത്താരുന്നോ പണീ??

വശംവദൻ said...

“സോഡാ ശെൽ‌വനും ഇടിവെട്ടി വിജയനും“ കിടു പേരുകൾ. കഥയും നന്നായി!

ഞങ്ങടെ നാട്ടിൽ ഒരു സോഡാസോമൻ ഉണ്ടായിരുന്നു. അയാളെ ഓർ‌മവന്നു.

ആശംസകൾ

Unknown said...

കൊള്ളാം....

കുക്കു.. said...

ഹി..ഹി....ഇങ്ങനെയും രാവുകള്‍!!...
കഥ അടിപൊളി....രാവിലെ തന്നെ കുറെ ചിരിച്ചു....:))
എന്നാലും പടം വേറെ കൊടുക്കാമായിരുന്നു....
;)

വെഞ്ഞാറന്‍ said...

മാഷേ,കോള്ളാം. തികച്ചുമൊരു അന്തിക്കാടന്‍ അനുഭവം. ഞാന്‍ ഇത്ര നേരം വില്ലൂന്നിപ്പാടത്തയിരുന്നു!

Suraj P Mohan said...

supereb!!!! വേറെ ഒന്നും പറയാനില്ല.

Kamal Kassim said...

nannaayittundu aashamsakal...

മുരളി I Murali Mudra said...
This comment has been removed by the author.
മുരളി I Murali Mudra said...

JIGISH
mazhamekhangal
ബിലാത്തിപട്ടണം / Bilatthipattanam
അരുണ്‍ കായംകുളം
വശംവദൻ
നന്ദ വര്‍മ
റ്റോംസ് കോനുമഠം
കുക്കു.
വെഞ്ഞാറന്‍
Suraj P M
Kamal Kassim

വില്ലൂന്നിപ്പാടത്തെത്തിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം said...

പക്ഷേ താമസിയാതെ തന്നെ വില്ലൂന്നിപ്പാടം ഞെട്ടി

Jyotsna P kadayaprath said...

സുലു rokz.......കലക്കി..

Ajai said...

അന്ന സൂപ്പര്‍ കലക്കി കേട്ടോ

SATVIKA said...

nannayitund

InnalekaLute OrmmakaL said...

"ഒരു കടിതം പോടുന്കെ...ഇങ്ക വര സൊല്ല്....."

കൂടെ ഒരു പ്രാപഞ്ചിക സത്യവും മുരുകന്‍ പറഞ്ഞു...

"കാതലിയോടെ ഇദയം റോജാപ്പൂമാതിരി.. വലി താങ്കറത് റൊമ്പ കഷ്ട്ടം..."

മുരുകാ നീ താന്‍ ഉന്മയാണ നന്‍പന്‍ !

മിഡ് നൈറ്റ് തങ്കത്തിനോട് എന്റെ അന്വേഷണം പ്രത്യേകം പറയുക.....
എന്തായാലും കഥ നന്നായിട്ടുണ്ട്.