19 December 2009

മുക്കുറ്റി മരങ്ങള്‍

 
കണ്ണട അല്‍പ്പം കൂടി ആ പഴയ മാഗസിനിലെ ഫോട്ടോയിലേക്ക് അടുപ്പിച്ചു വച്ച് നോക്കിയപ്പോള്‍ കേശവ പൊതുവാള്‍ക്ക് മനസ്സിലായി..
അതേ.. അവള്‍ തന്നെ...ഗംഗമോള്‍..
വലിയ കണ്ണുകളും തെളിഞ്ഞു കാണുന്ന നുണക്കുഴികളും....

എണ്‍പത്തിമൂന്നു വയസ്സിന്റെ തിമിരക്കാഴ്ച്ചകള്‍ക്കിടയിലും നിറം മങ്ങിപ്പോകാത്ത മഞ്ഞമുക്കുറ്റിപ്പൂക്കളുടെ നനുത്ത ഓര്‍മ്മകള്‍ മനസ്സിലേക്ക് തികട്ടിവന്നപ്പോള്‍ കേശവപ്പൊതുവാളുടെ ക്ഷീണിച്ച ശരീരത്തില്‍ നിന്നും വേര്‍തിരിച്ചറിയാനാവാത്ത നേര്‍ത്ത ശബ്ദങ്ങള്‍ പുറത്തേക്കു വന്നു....
മുഖത്തുതേപ്പില്ലാതെ, കത്തിവേഷങ്ങളുടെ കാതുതുളയ്ക്കുന്ന അലര്‍ച്ചകളില്ലാതെ കേശവപ്പൊതുവാള്‍ എന്ന പച്ച മനുഷ്യനെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ ഭാരതിയുടെ കണ്ണുകളും ചെറുതായി നനയാതിരുന്നില്ല....
''കേശവേട്ടന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു......''അവര്‍ തല താഴ്ത്തി.
കരിങ്കല്ല് കൊണ്ട് കൊത്തിയെടുത്ത ചായം പൂശാത്ത നാലു ചിത്രത്തൂണുകള്‍ക്കിടയില്‍ ഒരു ആറു വയസ്സുകാരിയുടെ അരങ്ങേറ്റം...വേദിയില്‍ വര്‍ണം വിരിഞ്ഞു...ഹസ്തമുദ്രയില്‍ താമരകള്‍ വിരിഞ്ഞു...ഓര്‍മകളില്‍ തളര്‍ന്ന് ചാരുകസേരയുടെ പൊട്ടിത്തുടങ്ങിയ കയ്യില്‍ തെരുപ്പിടിച്ചു കൊണ്ടയാള്‍ ഭാരതിയെ നോക്കി....
''ഗംഗ ഇപ്പൊ എവിടെയാ ഉള്ളെ..?.''

ഭാരതിക്ക് സംസാരിക്കാന്‍ അല്‍പ്പം മടിയുണ്ടായിരുന്നു...ചോദിക്കും എന്നുറപ്പുള്ളത് കൊണ്ടു മാത്രമാണ് ആ പഴയ സിനിമാ മാസിക കൊണ്ടുവന്നതും ഫോട്ടോ കാണിച്ചു കൊടുത്തതും.....
''ഞാന്‍ നേരിട്ട് കണ്ടിട്ടിപ്പോ ഒരുപാടു നാളായി...അവസാനമായി കണ്ടത് മദ്രാസില്‍ വച്ചായിരുന്നു....''
അയാള്‍ ആ ചിത്രത്തിലേക്ക് വാത്സല്യത്തോടെ നോക്കി...
''ന്റെ മോളിപ്പോ വല്യ നര്‍ത്തകിയും സിനിമാ നടിയും ഒക്കെ ആയിട്ടുണ്ടാവും ല്ലേ......അതുകൊണ്ടാവും.......''
അയാള്‍ പറയാതെ വിട്ടത് എന്താണെന്ന് ഭാരതിക്ക് വ്യക്തമായി അറിയാമായിരുന്നു...മനപൂര്‍വം വിഷയം മാറ്റാന്‍ വേണ്ടി പഴയ 'കീചകനെ' കുറിച്ച് ചോദിച്ചു....
''പിഷാരടിയുടെ ഭീമനെക്കാള്‍ ഒരുപാടു കേമമായിരുന്നു കേശവേട്ടന്റെ കീചകനെന്ന് എന്‍റെ അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു...ആ അലര്‍ച്ച ദിവസങ്ങളോളം കാതില്‍ മുഴങ്ങാറണ്ടത്രെ...''
അയാളത് ശ്രദ്ധിച്ചില്ല... 

ഭാരതിയുടെ വെള്ളസാരിയില്‍ നിറയെ ചെറിയ ചെറിയ പുള്ളികളുണ്ടായിരുന്നു....മങ്ങിപ്പോയ മഞ്ഞ നിറം പേറുന്ന മുക്കുറ്റിപ്പൂക്കളെപ്പോലെ.....സൂക്ഷിച്ചു നോക്കിയപ്പോള്‍ കേശവപ്പണിക്കര്‍ക്ക് കണ്മുന്നില്‍ മുക്കുറ്റികള്‍ നിറയുന്നത്‌ പോലെ തോന്നി....കടും മഞ്ഞ നിറത്തില്‍ എങ്ങും കുഞ്ഞ് കുഞ്ഞ് പൂക്കള്‍.....!!
നുണക്കുഴി കാട്ടി ചിരിക്കുന്ന നാലു വയസ്സുകാരി പേരക്കുട്ടിയുടെ ഓര്‍മയില്‍ എണ്ണത്തില്‍ കുറഞ്ഞ വെറ്റിലക്കറപുരണ്ട പല്ലുകള്‍ പുറത്തു കാട്ടി അയാള്‍ വേദനയോടെ ചിരിച്ചു...
അതൊരു ഓണക്കാലമായിരുന്നു തുമ്പപ്പൂ പറിക്കാന്‍ പോയ ഗംഗ ഓടിവന്നു കൈ പിടിച്ചു...
''മുത്തശ്ശന്‍ വാ.. ഞാന്‍ ഒരു മരം കാണിച്ചു തരാം..!!.മഞ്ഞപ്പൂക്കളുള്ള ഒരു കുഞ്ഞി മരം..!!!''
അവള്‍ കൈ പിടിച്ചു വലിച്ചു തൊടിയിലേക്ക്‌ കൊണ്ട് പോയി..
''അയ്യേ...ഇത് മരാ?..ഇത് മരമല്ല... ചെടിയല്ലേ..... മുക്കുറ്റി.....!!''
''മുത്തശ്ശന്‍ ശരിക്ക് നോക്ക് ഇത് ഒരു കുഞ്ഞി തെങ്ങ് പോലില്ലേ....ഇത് ചെറിയ തെങ്ങാ....''
അവള്‍ പിണങ്ങി..
''അല്ല കുട്ട്യേ..ഇത് മുക്കുറ്റിയാ..മുക്കുറ്റിപ്പൂവ്...!!''
''അല്ല മരം....!!''
അന്ന് തുമ്പപ്പൂക്കള്‍ക്ക് പകരം അവളുടെ കുമ്പിള്‍ മുക്കുറ്റിപ്പൂക്കളാല്‍ നിറഞ്ഞു....
പിന്നീടവളെ മുക്കുറ്റി മരമെന്നു കളിയാക്കി വിളിക്കുമ്പോഴൊക്കെ ആ കുഞ്ഞ് മുഖം ചുവക്കുമായിരുന്നു...
അയാള്‍ വീണ്ടും ചിരിച്ചു..
''അവള്‍ എട്ടുവയസ്സുവരെ കഥകളി പഠിച്ചിട്ടുണ്ട്...ഒരിക്കല്‍ ശിവന്റെ കൂടെ എന്റെ കളി കാണാന്‍ വന്നു... നാലു വയസ്സുള്ളപ്പോ..അന്ന് ഞാന്‍ ദുര്യോധനനായിരുന്നു...എന്റെ അലര്‍ച്ച കേട്ടു പേടിച്ച് പാവം നിലവിളിച്ചു...പക്ഷെ രണ്ടു കൊല്ലം എന്റെ കൂടെ നല്ലോണം അഭ്യസിച്ചു....ന്റെ മകന്‍ ഈ വഴി തിരിഞ്ഞു നോക്കീല്യ... ഈ കുട്ടീലായിരുന്നു..ന്റെ പ്രതീക്ഷ...പക്ഷെ.....സാരല്യ....അവള്‍ അവള്‍ക്കിഷമുള്ള വഴി തെരഞ്ഞെടുത്തതാണല്ലോ....എല്ലാം കല തന്നെ..ഗുരു കടാക്ഷം വേണ്ടുവോളമുണ്ട്....''
അയാള്‍ പറഞ്ഞു കൊണ്ടിരുന്നു....
നിറഞ്ഞൊഴുകിയ കണ്ണുകള്‍ മറയ്ക്കാനായി ഭാരതി തല വരാന്തയ്ക്കു വെളിയിലേക്ക് തിരിച്ചു......
എട്ടു വയസ്സില്‍ ഇവിടം വിട്ടു പോയതിനു ശേഷം ഈ മനുഷ്യന്‍ തന്റെ പേരക്കുട്ടിയെ കണ്ടിട്ടില്ല....എന്നിട്ടും..!!
പുറത്തു ചെറുതായി മഴ ചാറിത്തുടങ്ങിയിരുന്നു.. പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ നിറം മങ്ങിയ വരാന്തയിലെ കാവിയില്‍ വീണു ചിതറി....
''ശിവനായിരുന്നു നിര്‍ബന്ധം..അവളെ സിനിമയില് അഭിനയിപ്പിക്കണമെന്ന്....അല്ല..ശരിക്കും അവളുടെ അമ്മയ്ക്ക്.....ന്റെ കുട്ടി ആദ്യമൊക്കെ കത്തുകളയയ്ക്കാറുണ്ടായിരുന്നു....പിന്നെ തിരക്കേറിയതിനാലാവും അതും നിന്നു......''
പറഞ്ഞുകൊണ്ടിരിക്കേ തൊണ്ടയിടറി...കാതങ്ങളോളമുയര്‍ന്ന കത്തിവേഷത്തിന്റെ അലര്‍ച്ചയുയര്‍ന്ന തൊണ്ടയ്ക്കുള്ളില്‍ വാര്‍ധക്യത്തിന്റെ ചങ്ങലകള്‍ കൊളുത്തിവലിച്ചു..
മായക്കണ്ണാടിയില്‍ നോക്കിയ കീചകന്റെ മുഖത്തെ നിസ്സഹായതയുടെ ഭാവഭേദങ്ങള്‍...
സ്വന്തം മുഖം പോലും കാണാനില്ല....
അയാള്‍ കണ്ണുകളിറുക്കിയടച്ചു...
ഭാരതിയുടെ മനസ്സിലപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം മുഴങ്ങുകയായിയിരുന്നു..
''എനിക്കിവളെ സൈരന്ധ്രിയായി അരങ്ങത്തുകാണണം..അല്ലെങ്കില്‍ ഉത്തര....നീ കണ്ടോ ഭാരതീ...എന്റെ കാലശേഷം ഈ പാരമ്പര്യം നിലനിര്‍ത്തുന്നത് എന്റെ പേരക്കുട്ടിയായിരിക്കും...കണ്ടില്യെ..ഇവളുടെ പാടവം....''
അരങ്ങേറ്റം കഴിഞ്ഞ് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്ന കൊച്ചു കുട്ടിയെ ചേര്‍ത്തു പിടിച്ച് ഭീമസേനന്റെ തലയെടുപ്പോടെ ഒരാള്‍...!!
അന്ന് ഗംഗയ്ക്ക് ഏഴു വയസ്സായിരുന്നു....
അതിമനോഹരമായി നൃത്തം ചെയ്യുന്ന ഗംഗയെന്ന കൊച്ചു പെണ്‍കുട്ടി...കഥകളിയിലൂടെ ഒന്നും നേടാത്ത അച്ഛനോടുള്ള വെറുപ്പാവണം അവളെയും കൊണ്ട് മദ്രാസിനു പോകാന്‍ ശിവനെ പ്രേരിപ്പിച്ചത്...
അതിശക്തനായ കത്തിവേഷത്തിന്റെ തളര്‍ച്ച അന്ന് തുടങ്ങിയതാണ്‌...ശിവന്റെ അകാലത്തിലുള്ള മരണം തീര്‍ത്തും തളര്‍ത്തി...
ഒരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞു....
''ഗംഗയെ എന്നെ കാണിക്കില്ലെന്ന് വാശി പിടിച്ചിരിക്കുകയാ അവളുടെ അമ്മ....സിനിമയില്‍ അഭിനയിപ്പിക്കുന്നതൊക്കെ കുറച്ചു വലുതായിട്ട് പോരേ...ആരോരുമില്ലാതെ കഴിയുന്ന ഈ വൃദ്ധന്റെ ദുഃഖം ആര്‍ക്കും മനസ്സിലാകില്ല....''
അന്ന് അത്ഭുതമായിരുന്നു തോന്നിയത്....ശക്തനായ കേശവേട്ടന്‍ ഇങ്ങനെയും സംസാരിക്കുമോ....!!
പിന്നെ കാണുന്നത് ഇപ്പോഴാണ്..
മഴ തോര്‍ന്നു തീര്‍ന്നിരുന്നു...ഭാരതി എഴുന്നേറ്റു....
''എന്നാല്‍ ഞാന്‍....''
തുണി കീറിത്തുടങ്ങിയ പഴയ ചാരുകസേരയില്‍ പണിപ്പെട്ട് നിവര്‍ന്നിരുന്ന് കേശവപ്പൊതുവാള്‍ പതുക്കെ തലയാട്ടി.....
''അവളെ കാണ്വാണെങ്കില്‍ ഇവിടത്തെ കാര്യമൊന്നും ന്റെ കുട്ടിയോട് പറയേണ്ട...അല്ലെങ്കിലും ഇങ്ങനൊരു കിളവന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് അതിന്റെ അമ്മ അവളോട്‌ പറഞ്ഞിട്ടുണ്ടാവില്യ...ന്റെ കാര്യൊക്കെ ഇങ്ങനെ അങ്ങട് പോകും.....''
അയാള്‍ അല്‍പ്പനേരം മൂകനായി...
''ന്നാലും ചാകുന്നതിന് മുമ്പേ ഒന്നു കാണണംന്നുണ്ട്.....അതിന്റെ തിരക്കൊക്കെ കഴിഞ്ഞ് നേരമുണ്ടാവുമോ ആവൊ....''
ഭാരതി ആ മുഖത്തുനിന്നും നോട്ടം മാറ്റി....
ചുവരില്‍ തറച്ച ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ക്ക് ചുറ്റും ചിലന്തിവലകള്‍ നിറഞ്ഞിരുന്നു....
മൂലയില്‍ ചാരിവച്ച നിറം മങ്ങിയ ഒരു കിരീടം...!
പൊടിപിടിച്ച ചില്ല് ഫ്രെയിമിനുള്ളില്‍ ഒരു മൂന്നു വയസ്സുകാരിയെ ഒക്കെത്തെടുത്തുനില്‍ക്കുന്ന കീചകന്റെ ഗാംഭീര്യമുള്ള ഒരാള്‍...!!
നിറഞ്ഞ കണ്ണുകള്‍ പറിച്ചെടുത്ത് കൂടുതല്‍ പറയാന്‍ നില്‍ക്കാതെ ഭാരതി പടികളിറങ്ങി...
നടവഴിയിലെ പുല്ലിനിടയില്‍ പുഴുതിന്നു തീര്‍ത്ത ഇലകളുമായി വാടിത്തുടങ്ങിയ ഒരു മുക്കുറ്റി ചെടി നില്‍ക്കുന്നു..ഒരെണ്ണം മാത്രം..ഭാരതി ഒരു നിമിഷം ആ മുക്കുറ്റിയിലേക്ക് സൂക്ഷിച്ചു നോക്കി.ആ പരിസരത്തൊന്നും മറ്റു മുക്കുറ്റി ചെടികള്‍ കാണാനില്ല..അവസാനത്തേതാകണം..പൂക്കളെല്ലാം കരിഞ്ഞിരിക്കുന്നു..!
മുക്കുറ്റി മരം...!!
ഭാരതി തിരിഞ്ഞു നോക്കി...വരാന്തയില്‍ പ്രത്യാശയോടെ അകലേക്ക്‌ നോക്കിയിരിക്കുന്ന ഒരു വൃദ്ധന്‍.
''പറയണമായിരുന്നോ.....??''
ബാലതാരത്തില്‍ നിന്നും എക്സ്ട്രാ നടിയിലേക്കും അവിടെനിന്നും ബാര്‍ ഡാന്‍സറിലേക്കുമുള്ള ഗംഗയുടെ വളര്‍ച്ച...!!!
വേണ്ട.....പാരമ്പര്യത്തിന്റെ അവസാനകണ്ണിക്ക് ആടേണ്ടി വന്ന നടനകലയുടെ പുതിയ ഭാവഭേദങ്ങള്‍ അറിയാതെയുള്ള മരണമാണ് അദ്ദേഹത്തിന് അഭികാമ്യം....
ഗംഗയപ്പോള്‍ ദൂരെയായിരുന്നു.... ഒരുപാടു ദൂരെ...
ഉറക്കം മറന്ന രാത്രിയ്ക്ക് മേല്‍ നിയോണ്‍ ബള്‍ബുകള്‍ ഉന്മാദത്തോടെ ചിരിച്ചു..
അരങ്ങില്‍ നിറഞ്ഞു കത്തുന്ന നിലവിളക്കും പതിഞ്ഞ താളത്തില്‍ കൊട്ടിക്കയറുന്ന ചെണ്ടയും ആട്ടക്കഥയുമില്ല....
പകരം മങ്ങിയ വെളിച്ചത്തിനിടയില്‍ വരുന്ന കണ്ണുതുളയ്ക്കുന്ന ഫ്ലാഷ് ലൈറ്റുകളും കാതടപ്പിക്കുന്ന ടെക്നോ സംഗീതവും....
കത്തിവേഷങ്ങള്‍ വലിച്ചെറിഞ്ഞ അഭിനവ കീചകന്‍മാര്‍ ഇരുണ്ട മുറികളില്‍ സൈരന്ധ്രിയെ തേടി....
നിലയുറയ്കാതെ ആടിക്കൊണ്ടിരുന്ന മുക്കുറ്റിമരങ്ങള്‍ക്കിടയില്‍ അവളുടെ ഉന്മാദനൃത്തം അപ്പോഴും തുടരുകയായിരുന്നു...
.

31 comments:

മുരളി I Murali Nair said...

മുക്കുറ്റിയുടെ മനോഹരമായ ഫോട്ടോ നല്‍കിയ ബിന്ദു ചേച്ചിക്ക് (ബിന്ദു കെ.പി) നന്ദി..

G.manu said...

നല്ലൊരു കഥ

ഉറുമ്പ്‌ /ANT said...

മുരളി, കഥ നന്നായി.
ബ്രിഡ്ജ്‌വിഹാരം പറഞ്ഞല്ലോ നന്നായെന്ന്. അതു മതി. :)

ബാലതാരത്തില്‍ നിന്നും എക്സ്ട്രാ നടിയിലേക്കും അവിടെനിന്നും ബാര്‍ ഡാന്‍സറിലേക്കുമുള്ള ഗംഗയുടെ വളര്‍ച്ച...!!!

എന്റെ ഇഷ്ടത്തിന് മുകളിൽ‌പ്പറഞ്ഞ വരികൾ ഞാൻ വെട്ടുന്നു. അല്ലാതെ തന്നെ കാര്യങ്ങൾ വിശദമാക്കപ്പെടുന്നുണ്ട്.

കുമാരന്‍ | kumaran said...

നിലയുറയ്കാതെ ആടിക്കൊണ്ടിരുന്ന മുക്കുറ്റിമരങ്ങള്‍ക്കിടയില്‍ അവളുടെ ഉന്മാദനൃത്തം അപ്പോഴും തുടരുകയായിരുന്നു...

സമകാലികം.. ! മനോഹരം.

കണ്ണനുണ്ണി said...

അധ്യന്താധുനികതെക്കാള്‍ എത്രയോ നല്ലതാ ഈ ഭാഷ..
വരികളില്‍ കഥയുടെ മൂഡ്‌ ഉണ്ട്. അത് നിര്‍ലോഭം വായനക്കാരനിലേക്ക് പകരുന്നുമുണ്ട്..
മുരളി മാഷെ.. ആശംസകള്‍..

Rainbow said...

ee oru kadha parajathiloode oru paadu jeevithangalude kadha paranju,nannayittundu.keep writing

Manoraj said...

good work... nalla oru style...

ബിന്ദു കെ പി said...

കഥ നന്നായി. മുത്തച്ഛന്റെ പ്രതീക്ഷ മനസ്സിലൊരു വിങ്ങലവശേഷിപ്പിക്കുന്നു....

മുരളി I Murali Nair said...

G.manu
ഉറുമ്പ്‌ /ANT
കുമാരന്‍ | kumaran
കണ്ണനുണ്ണി
Rainbow
Manoraj
ബിന്ദു കെ പി
കഥ വായിച്ചു അഭിപ്രായമറിയിച്ചതില്‍ വളരെ സന്തോഷം...
നന്ദി..

അരുണ്‍ കായംകുളം said...

കഥ ഒരു പാട് ഇഷ്ടമായി, പിന്നെ ഈ വരിയും

"കത്തിവേഷങ്ങള്‍ വലിച്ചെറിഞ്ഞ അഭിനവ കീചകന്‍മാര്‍ ഇരുണ്ട മുറികളില്‍ സൈരന്ധ്രിയെ തേടി"

Sukanya said...

അറിയാത്ത ഒരു വേദന ഇത് വായിക്കുമ്പോള്‍ ഉണ്ടാവുന്നു. നിഷ്കളങ്ക ബാല്യത്തില്‍ നിന്നും
ഇരുണ്ട മുറികളിലെ സൈരന്ധ്രി ആകേണ്ടി വന്ന ഗംഗ, നിസ്സഹായനായ കഥകളി കലാകാരനായ കേശവ പൊതുവാള്‍, ഒക്കെ വേദന ഉണര്‍ത്തുന്നു.

siva // ശിവ said...

“മുക്കുറ്റി മരങ്ങള്‍” എന്ന പേര് മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

DELVIN said...
This comment has been removed by the author.
മോഹനം said...

നന്നായിട്ടുണ്ട്‌

Preethi Nair said...

nalla katha...valare nalla bhasha..
keep writing..

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

മുരളി മനോഹരമായ ഒരു കഥ, ഒരു പാവം വൃദ്ധന്റെ വേദന മനസിനെ നോവിച്ചു, ഒപ്പം ചതിക്കുഴിയില്‍ പെട്ട ഒരു നിഷ്കളങ്ക ബാല്യവും എല്ലാം ഇരുത്തി ചിന്തിപ്പിച്ചു

ഭാരതിയുടെ വെള്ളസാരിയില്‍ നിറയെ ചെറിയ ചെറിയ പുള്ളികളുണ്ടായിരുന്നു....മങ്ങിപ്പോയ മഞ്ഞ നിറം പേറുന്ന മുക്കുറ്റിപ്പൂക്കളെപ്പോലെ.....സൂക്ഷിച്ചു നോക്കിയപ്പോള്‍ കേശവപ്പണിക്കര്‍ക്ക് കണ്മുന്നില്‍ മുക്കുറ്റികള്‍ നിറയുന്നത്‌ പോലെ തോന്നി....കടും മഞ്ഞ നിറത്തില്‍ എങ്ങും കുഞ്ഞ് കുഞ്ഞ് പൂക്കള്‍..


(ലീവ് കഴിഞ്ഞു എത്തിയതെ ഉള്ളു, മെയില്‍ കിട്ടിയിരുന്നു)

Balu puduppadi said...

പ്രിയപ്പെട്ട മുരളി നായര്‍,
ആദ്യമേ താങ്കള്‍ക്ക് നന്ദി പറയട്ടെ. എന്‍റ്റെ സാമ്രാജ്യത്തില്‍ അധികം വിരുന്നുകാര്‍ വരാറില്ല. മനസ്താപം തീര്‍ക്കാന്‍ ഒരു ബ്ലോഗ്. അത്ര മാത്രം. ആരെങ്കിലും വായിക്കണമെന്നും അഭിപ്രായം പറയണമെന്നും താല്‍പ്പര്യമുണ്ട്. പക്ഷെ, അതിന്‍റ്റെ ടെക്നിക്കുകള്‍ വസമില്ല്. പോകട്ടെ.
താങ്കളുടെ ബ്ലോഗില്‍ ഞാന്‍ കണ്ട സവിശേഷത, അതില്‍ അനാവശ്യമായി തമാശകള്‍ കുത്തിക്കയറ്റി അതിനെ ‘മാര്‍ക്കറ്റൈസ്’ ചെയ്യാന്‍ ശ്രമിക്കുന്നില്ല എന്നുള്ളതാണ്. പിന്നെ ഗ്ര്ഹാതുരത്വം തോന്നുന്നു,ഈ കത വായിക്കുമ്പോള്‍. നന്ദി, മുരളീ, നന്ദി.

pattepadamramji said...

ബാല്യകാലത്തില്‍ നിന്ന് വളര്‍ന്നു വരുമ്പോള്‍ മാറ്റങ്ങളെ മടികൂടതെ സ്വീകരിക്കുന്ന ഒരു തലമുറയുടെ സ്പന്ദനം ഞാനിതിലൂടെ കാണുന്നു. ശരിയൊ തെറ്റൊ...നന്നായ് പറഞ്ഞിരിക്കുന്നു.

ക്രിസ്തുമസ്സ് പുതുവല്‍സരാശംസകള്‍....

kvmadhu said...

nannayittund

jayanEvoor said...

നല്ല കഥ.
അഭിനന്ദനങ്ങള്‍ മുരളി!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിരിക്കുന്നു

DELVIN said...

കഥയുടെ ക്ലൈമാക്സ്‌ സൂപ്പർ ആയിട്ടു അവതരിപ്പിച്ചിരിക്കുന്നു.പ്രത്യേകിച്ച്‌ ലാസ്റ്റ്‌ പാരഗ്രാഫ്‌.എല്ലാ ഭാവുകങ്ങളും.

ശാന്തകാവുമ്പായി said...

തൊട്ടറിഞ്ഞു.ഒരു മുത്തച്ഛന്റെ വേദന.മരണാസന്നനായ കഥകളി മുത്തച്ഛന്റെ കഥ കൂടിയല്ലേ?

സോണ ജി said...

:)

പ്രശാന്ത്‌ ചിറക്കര said...

നന്നായി.ആശംസകള്‍!

സോണ ജി said...

മാന്യ മിത്രമേ ,
എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കാന്‍ പുതുവര്‍ഷത്തില്‍ കഴിയുമാകാറാട്ടെയെന്നു്‌ ദൈവ നാമത്തില്‍ ആശംസിക്കുന്നു...

മോഹനം said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

:)
20tonne wishes ; murali

Bijli said...

valare ishtamayi ee kadha..samakaleena vishayam..nalloru avatharanam..ashamsakal..Muralee.....

വിജയലക്ഷ്മി said...

mone nalla katha ezhuthinte shayli valareishtappettu..
"puthuvalsaraashamsakal!!"

ബിലാത്തിപട്ടണം / Bilatthipattanam said...

ഈ മുക്കുറ്റിമരത്തിൻ കീഴെ ആ കഥയിൽ രമിച്ചിരുന്നുപോയി കുറച്ചുസമയം...
ഉഗ്രനായിരിക്കുന്നു..കേട്ടൊ.