''Rebuild Mullaperiyar Dam Save Kerala- Bloggers Movement'' എന്ന നല്ല സംരഭത്തിനു മുന്നില്‍ ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു...
''സോളമേട്ടാ നിങ്ങള്‍ക്ക് വേണമെങ്കില്‍ പൊയ്ക്കോ ഞാന്‍ വേറെ ആരെയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാം...''
രാജുവാണ്..
''വേണ്ട രാജൂ മേക്കപ്പ് ഒക്കെ കഴിഞ്ഞില്ലേ...ഇനി വേറൊരാളെ ഇത് പോലെ ശവമാക്കാന്‍ വലിയ പാടായിരിക്കും...ഞാന്‍ തന്നെ ഇരിക്കാം..''
അഭയാര്‍ഥി ക്യാമ്പിലെ രംഗമാണ്..ഭൂകമ്പവും ഉരുള്‍പൊട്ടലും പ്രമേയമാക്കിയ സിനിമ.. സോളമന്റെ ശരീരത്തില്‍ നിറയെ ചോരയും കറുത്ത ചെളിയുമായിരുന്നു...ശവങ്ങള്‍ വേറെയുമുണ്ട്...കാലുപോയതും തലപോയതും..ശരീരത്തില്‍ കമ്പുകള്‍ കയറിയതുമായി..നിരത്തി കിടത്തിയിരിക്കുന്നു..എങ്ങും മനസ്സ് മടുപ്പിക്കുന്ന കാഴ്ചകള്‍..
കരളലിയിക്കുന്ന രീതിയില്‍ തന്നെ തയ്യാറാക്കിയിരിക്കുന്ന അഭയാര്‍ഥി ക്യാമ്പിന്റെ സെറ്റ് നോക്കി കലാസംവിധായകന്‍ ചിരിച്ചു... ഇത്തവണ മിനിമം ഒരു സ്റ്റേറ്റ് അവാര്‍ഡ് എങ്കിലും അടിച്ചെടുക്കണം...ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വീടുകളുടെ സെറ്റ് കണ്ട പലരും വളരെ നല്ല അഭിപ്രായം പറഞ്ഞ കാര്യം അയാളോര്‍ത്തു..
''ഹേയ് ..ആ നെഴ്സുമാരൊക്കെ എവിടെ പോയി കിടക്കുന്നു..?..ഇതിന്നു തന്നെ തീര്‍ക്കണം....ശവം തിരയുന്നവരെ എല്ലാവരെയും പൊസിഷനില്‍ നിര്‍ത്തൂ....''
അകലെ നിന്നും സംവിധായകന്റെ ശബ്ദം മൈക്കിലൂടെ ഉയര്‍ന്നു....
സോളമന്റെ അടുത്തായി അയാളുടെ ശവം കണ്ട് ഞെട്ടുന്ന നടി കരയാന്‍ തയ്യാറായി ഇരിപ്പുണ്ടായിരുന്നു...അവരുടെ ദേഹത്തും നിറയെ ചെളിയും പരിക്കുമാണ്..ഉരുള്‍ പൊട്ടലില്‍ രക്ഷപ്പെട്ട കഥാപാത്രങ്ങളിലൊന്ന്....
മിനിട്ടുകള്‍ കൊണ്ട് എല്ലാവരും സജ്ജരായി...ആക്ഷന്‍ വിളിയെ പിന്തുടര്‍ന്ന് അവിടെ കൂട്ടക്കരച്ചില്‍ മുഴങ്ങി..കണ്ണുകളടച്ചു മൂക്കില്‍ പഞ്ഞി വച്ചു കിടക്കുമ്പോള്‍ സോളമന് താനിപ്പോള്‍ ശരിക്കുമൊരു ശവമാണെന്ന് തോന്നി...അല്‍പ്പം തുറന്ന കണ്ണിലൂടെ അയാള്‍ പൊട്ടിക്കരയുന്നവരെയും ഉറ്റവരെ തേടി നടക്കുന്നവരെയും കണ്ടു...അവരുടെയെല്ലാം ശരീരം മുഴുവന്‍ ചോരയാണ്...കനത്തമഴയിലും ഒഴുകിപ്പോകാത്ത ചോര....
തോട്ടുമുന്‍പയാള്‍ കൂലം കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലില്‍ ഒഴുകുകയായിരുന്നു...വളരെ ശ്രദ്ധയോടെയാണ് സംവിധായകന്‍ ഓരോ ഷോട്ടും എടുത്തിട്ടുള്ളത്...മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും എന്നു പറയപ്പെടുന്നു...കഴിഞ്ഞ സീനില്‍ സോളമന്റെ ശരീരത്തോട് ചേര്‍ന്നു ഒരു കൊച്ചു കുഞ്ഞിന്റെ ശവശരീരവുമുണ്ടായിരുന്നു...കണ്ണുകളില്‍ കൂര്‍ത്ത മരക്കൊമ്പുകള്‍ ആഴ്നുകയറി കാലുകള്‍ ഒടിഞ്ഞ രീതിയില്‍ അതു സോളമന്റെ ശവശരീരത്തോട് ചേര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ ഒഴുകി..ഒറിജിനല്‍ കുഞ്ഞിനെപ്പോലെയാണ് കലാ സംവിധായകന്‍ ആ പാവ തയ്യാറാക്കിയിരുന്നത്...കാണുന്നവര്‍ ശരിക്കും ഒരു കുഞ്ഞ് തന്നെയാണെന്ന് കരുതും തീര്‍ച്ച..
തന്നോട് ചേര്‍ന്ന് ഒഴുകിയ മറ്റു ശവങ്ങളും ഏറെ വികൃതമാക്കപ്പെട്ടിരുന്നു..ആദ്യമായാണ് സോളമന്‍ ഇതുപോലെ ഒരു സീനില്‍ അഭിനയിക്കുന്നത്...
ക്യാമറ തന്നില്‍ നിന്നകന്നു എന്നു മനസ്സിലായപ്പോള്‍ സോളമന്‍ കണ്ണുകള്‍ തുറന്നു ചുറ്റും നോക്കി...
ചുറ്റും ജഡങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്...ചില ഉദ്യോഗസ്ഥര്‍ നാലുപാടും ഓടുന്നു...ആംബുലന്‍സില്‍ പുതിയ ശവങ്ങള്‍ എത്തുന്നതാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്....കൂട്ടിയിട്ട ജഡങ്ങളില്‍ നിന്നും ക്യാമറ നേരെ ആംബുലന്‍സിന്റെ തുറക്കുന്ന വാതിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്നു.....
സംവിധായകന്‍ മിടുക്കനാണ്..ഒരു ദുരന്തം അതി ഭീകരമായി എങ്ങനെ ഷൂട്ട് ചെയ്യാം എന്നു അദ്ദേഹത്തിനറിയാം...
ഇന്ന് ഷൂട്ടിംഗ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ മുഴുവന്‍ മനസ്സ് നാട്ടിലായിരുന്നു പ്രക്ഷോഭങ്ങളും സമരങ്ങളുമൊക്കെ ധാരാളം നടക്കുന്നുണ്ട്...ഇന്നലെയും മന്ത്രിമാര്‍ രണ്ട് മൂന്നു പേര്‍ വന്നു.......
പക്ഷെ....
''കട്ട്...''
സോളമന്റെ മുഖത്ത് ആശ്വാസമായിരുന്നു...
കണ്മുന്നില്‍ കാണുന്ന കാഴ്ചകളില്‍ മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു...തീര്‍ന്നപ്പോള്‍ എന്തെന്നില്ലാത്ത സമാധാനം..
എക്സ്ട്രാ നടന്റെ അന്നത്തെ കൂലിയും വാങ്ങി വാനിലേക്ക് കയറുമ്പോള്‍ രാജുവിനെ കണ്ടില്ല....
ഇനി മണിക്കൂറുകള്‍ കഴിയണം വീടെത്താന്‍...ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി..
അവസാന ബസ്സ് വരാന്‍ ഇനി മിനിട്ടുകളേ യുള്ളൂ....
ബസ്സില്‍ കയറുമ്പോള്‍ നല്ല ക്ഷീണമുണ്ടായിരുന്നു...രാവിലെ മുതല്‍ മരിച്ചു കൊണ്ടുള്ള അഭിനയമാണ്...
ബസ്സില്‍ മിക്കവരും ചര്‍ച്ച ചെയ്യുന്നത് അണക്കെട്ടിനെ കുറിച്ചു തന്നെയാണ്..എല്ലാവരും ഭീതിയിലാണ്...
''നൂറു നൂറ്റിയിരുപതു കൊല്ലായില്ലേ...അതും കുമ്മായം ...നമ്മുടെ പഴേ വീട്ടിലെ കുമ്മായ തേപ്പു തന്നെ നോക്കിന്‍...അതിന്റെ ഒറപ്പ് നമുക്കറിയില്ലേ..''
''ഈ ജാതി ഡാമിനൊന്നും അമ്പതു കൊല്ലത്തില്‍ കൂടുതല്‍ ഗ്യാരണ്ടി ഇല്ലാന്നാ കേട്ടത്...''
''പൊട്ടിയാല്‍ തീര്‍ന്നു...പിന്നെ ഈ നാട് വെറും ശവപ്പറമ്പാകും.....''
''ശവങ്ങള് പോലും കിട്ടില്ല........''
ബസ്സില്‍ അല്പ്പനേരത്തേക്ക് നിശബ്ദത പടര്‍ന്നു...
സോളമന്റെ മനസ്സിലപ്പോള്‍ പകല്‍മുഴുവന്‍ താന്‍ കഴിച്ചു കൂട്ടിയ അഭയാര്‍ഥി ക്യാമ്പായിരുന്നു...എവിടെ നിന്നൊക്കെയോ വന്നു ചേരുന്ന അനാഥര്‍...സെറ്റിലെ അവസ്ഥ ഇതാണെങ്കില്‍...ജീവിതത്തില്‍..??
ബസ്സ് നീങ്ങി ത്തുടങ്ങിയപ്പോഴാണ് അയാള്‍ സോളമന്റെ അടുത്ത സീറ്റില്‍ വന്നിരുന്നത്...അപരിചിതത്തത്തോടു കൂടി അയാള്‍ ചുറ്റും നോക്കി....കണ്ടാല്‍ അന്‍പതിനു മേല്‍ പ്രായം വരും....കയ്യില്‍ ഒരു ചെറിയ ബാഗുമുണ്ട്..
നിങ്ങള്‍ ടൌണ്‍ വരെ പോകുന്നുണ്ടോ..?
സംശയത്തോടെയാണ് അപരിചിതന്‍ ചോദിച്ചത്......
''ഉണ്ട്..എന്തേ...?''
''അല്ലാ ഞാന്‍ ഇവിടെ ആദ്യമാ ടൌണില്‍ പരിചയമുണ്ടെങ്കില്‍ ഏതെങ്കിലുമൊരു ലോഡ്ജില്‍ ഒരു മുറി ശരിയാക്കി തന്നിരുന്നെങ്കില്‍ നന്നായിരുന്നു...''
''നിങ്ങള്‍ ആരാ എവിടുന്നാ.??''
''എന്റെ പേര് ഇബ്രാഹിം..വടക്കൂന്നാ... ഇവിടെ ഒരു സുഹൃത്തിനെ വീടന്വേഷിച്ച് വന്നതാ...ട്രെയിന്‍ വൈകിയത് കൊണ്ട് രാത്രിയായി..''
ആ മുഖത്ത് യാത്രാ ക്ഷീണം തെളിഞ്ഞു കാണാം....
സോളമന് അയാളെ എവിടെയൊക്കെയോ വച്ച് കണ്ടത് പോലെ തോന്നി.....ഒരുപാടു പരിചയമുള്ള ഒരാളെപ്പോലെ...
''സുഹൃത്തിന്റെ വിലാസം ഉണ്ടെങ്കില്‍ ആ വീട്ടിലേക്കു നേരിട്ട് പോയിക്കൂടെ...കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഇന്നവിടെ തങ്ങാമല്ലോ...''
അയാള്‍ പോക്കറ്റില്‍ നിന്നും ചുരുട്ടി മടക്കിയ ഒരു കടലാസെടുത്തു നിവര്‍ത്തി.....
''ഞാന്‍ ഗുജറാത്തിലായിരുന്നു..അവിടെ എന്റെ കൂടെ ജോലിചെയ്തിരുന്ന ഒരാളുടെ വീടാ...അവന്റെ ഭാര്യേം മകനും ഇവിടെയാ... അവനിന്നില്ല ഭൂകമ്പത്തില് എല്ലാം പോയോരുടെ കൂട്ടത്തില്................................''
സോളമന്റെ മൊബൈല്‍ ഫോണിന്റെ റിംഗ് അയാളുടെ സംസാരത്തെ മുറിച്ചു....ശപിച്ചു കൊണ്ട് സോളമന്‍ ഫോണ്‍ എടുത്തു....
അച്ചായനാണ്..
''ഹലോ..''
''സോളമാ നീ ഇതെവിടെയാ..പകല് മുഴുവന്‍ വിളിച്ചപ്പോള്‍ നീ സ്വിച്ച് ഓഫ്...ഈ ടീവീ ചാനലൊക്കെ കാണുമ്പോ എനിക്ക് ഇവിടെ ഇരിപ്പൊറയ്ക്കുന്നില്ല....ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടുംഎന്ന രീതിയിലല്ലേ പലരും പറയുന്നേ...ഒരു ചെറിയ ഭൂമികുലുക്കോ മറ്റോ വന്നാ.....ആലോചിക്കാന്‍ വയ്യ...എന്റെ മേരീം പിള്ളേരും....ഞാന്‍ ഇവിടെ കിടന്നു കഷ്ട്ടപ്പെട്ടുണ്ടാക്കിയതൊക്കെ വെറുതെയാവോ....എന്തായി അവിടത്തെ അവസ്ഥ....നീ സമരത്തിലൊന്നും കൂടുന്നില്ലേ...... ''
അച്ചായന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു....സോളമന്‍ അയാളെ സമാധാനിപ്പിച്ചു....
''അങ്ങനെ ഒന്നും ണ്ടാവില്ല അച്ചായാ...അവര് വേഗം വേറെ വഴികാണും... ഒരുപാടു ജനങ്ങളുടെ കാര്യമല്ലേ....നാളെ മന്ത്രിമാര് ഒക്കെ വരുന്നുണ്ട്...''
''എന്റെ അയല്‍ക്കാരനാ..സൌദീന്നാ....''
ഫോണ്‍ കട്ട് ചെയ്തു കൊണ്ട് സോളമന്‍ പറഞ്ഞു...
''അണക്കെട്ട്.... അല്ലേ....''
സോളമന്‍ മറുപടി പറഞ്ഞില്ല......
''ഗുജറാത്തില്‍ വച്ചു എല്ലാവരേം നഷ്ടപെട്ടവനാ ഞാന്‍..ഇപ്പൊ ഏകന്‍..ആദ്യം ഭൂകമ്പമായിരുന്നു...പിന്നെ...............''
ഇബ്രാഹിം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി....സോളമന്‍ സംശയത്തോടെ അയാളെ നോക്കി..
''ഞാന്‍ എന്റെ പതിനെട്ടാമത്തെ വയസ്സില്‍ നാടുവിട്ടു ഗുജറാത്തിലേക്ക് പോയതാണ്... ഉമ്മയുടെ മരണത്തിനു ശേഷം...എനിക്ക് വേറെ ആരും ഉണ്ടായിരുന്നില്ല....ഒരു ഗുജറാത്തിയുടെ കടയില്‍ ചെറിയ പണികള്‍ ചെയ്തു കൊണ്ട് ഞാന്‍ ആ നാടിന്റെ ഒരു ഭാഗമായിതീര്‍ന്നു... പിന്നെ ഞാനവിടെ ഒരു ചെറിയ കച്ചവടം തുടങ്ങി...കച്ചവടത്തില്‍ എന്റെ പങ്കാളിയായിരുന്ന ഗുജറാത്തിയുടെ സഹോദരിയെ അയാളെനിക്ക് വിവാഹം കഴിച്ചു തന്നു...മൂന്നു മക്കളായിരുന്നു ഞങ്ങള്‍ക്ക്...വളരെ സന്തോഷത്തോടെ തന്നെയായിരുന്നു ഞങ്ങള്‍ അവിടെ കഴിഞ്ഞു കൊണ്ടിരുന്നത്....എന്റെ കടയിലെ ജോലിക്കാരനായിരുന്നു ജോസ്..വളരെ നല്ലവന്‍ ഈ നാടിനെ പറ്റി പറയുമ്പോള്‍ അവനു നൂറു നാവായിരുന്നു ഭാര്യയേയും മകനെയും കുറിച്ച് എപ്പോഴും പറയും.................''
ചിരപരിചിതനെപ്പോലെ അയാള്‍ സോളമനോട് സംസാരിച്ചു കൊണ്ടിരുന്നു..
''എന്നിട്ട്...!?''
സോളമന്‍ തീര്‍ത്തും ജിജ്ഞാസുവായിരുന്നു...ജോസിന്റെ ഓര്‍മ്മകള്‍ അയാളിലും മുളപൊട്ടി.......
''ഭൂകമ്പം വരുമ്പോള്‍ ഞാന്‍ അഹമ്മദാബാദിലായിരുന്നു...എന്റെ ഇളയ മകനും...അവന്‍ സ്കൂളിന്റെ ഒരു പരിപാടിക്ക് പോയതായിരുന്നു...ഞങ്ങളുടെ കടയിലേക്ക് കുറെ സാധങ്ങള്‍ വാങ്ങാം എന്നു കരുതിയായിരുന്നു ഞാനും കൂടെ പോയത്....അപ്പോഴാണ്.........................''
അയാളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു...ബസ്സില്‍ മിക്കവരും ഇപ്പോള്‍ നല്ല ഉറക്കത്തിലാണ്...
''അന്ന് ഒരാഴ്ച കഴിഞ്ഞാണ് എനിക്ക് തിരിച്ചവിടെ എത്താനായത്....പക്ഷെ.......................''
''എന്റെ മകന്‍ ഉണ്ടായിരുന്നത് കൊണ്ട് അവനു വേണ്ടി മാത്രം ഞാന്‍ പിന്നെയും ജീവിക്കാന്‍ തീരുമാനിച്ചു......എന്റെയൊരു പഴയ സുഹൃത്തിന്റെ കാരുണ്യം കൊണ്ടാണ് ഞങ്ങള്‍ ഗോധ്രയിലെത്തിയത് എല്ലാം മറന്ന് പതുക്കെ ഞങ്ങളവിടെ ജീവിതം തുടങ്ങി.....പക്ഷെ കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ കണ്മുന്നില്‍ വച്ച് എന്റെ മകന്‍ വെട്ടേറ്റു മരിച്ചു........ഞാന്‍ ചത്തെന്നു കരുതി അവര്‍ ഉപേക്ഷിച്ചതായിരുന്നു........പക്ഷെ കുറേക്കാലം ഓര്‍മയില്ലാതെ കിടക്കാനായിരുന്നു എന്റെ വിധി...........''
സോളമന്‍ ഞെട്ടലോടെ അയാളെ നോക്കി...
''നിങ്ങള്‍...നിങ്ങളെ പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്...പത്രത്തില്‍...നിങ്ങള്‍ തൃശ്ശൂരുള്ള..........''
അതേ....അങ്ങനെ ഞാന്‍ തൃശ്ശൂരെ ഒരു അനാഥാലയത്തിലാക്കപ്പെട്ടു...ചില നല്ല മനസ്സുള്ള മലയാളികളാണ് എന്നെ അവിടെ എത്തിച്ചത്...പിന്നെ കുറേക്കാലം കഴിഞ്ഞാണ് ഞാന്‍ നോര്‍മല്‍ ആകുന്നത്........എന്നെ കാണാന്‍ ജോസിന്റെ ഭാര്യയും മോനും വന്നിരുന്നു.....അന്നാണ് ഞാന്‍ ജോസിനു വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്നാലോചിച്ചത്....''
''ജോസിനെയും ഭാര്യയെയുമൊക്കെ എനിക്കറിയാം....ഇവിടെ തന്നെയാണ്........''
സോളമന്‍ ഇടയ്ക്ക് കയറി പറഞ്ഞു....
''നല്ലത്...അവരെ കണ്ടെത്താനാവുമോ എന്ന ഭയമുണ്ടായിരുന്നു...''
ഇബ്രാഹിമില്‍ നിന്നും ഒരു ആശ്വാസ സ്വരമുയര്‍ന്നു...
''പലപ്പോഴും മരിക്കാനിറങ്ങിയതാണ്...ഒന്നു രണ്ട് തവണ ശ്രമിച്ചു..പക്ഷെ അവിടെയും ഞാന്‍ തോറ്റു......''
''ജോസിന്റെ മകന് കൊടുക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു...കുറച്ചു പണമുണ്ടാക്കി അവര്‍ക്ക് കൊടുക്കണം എന്നുണ്ടായിരുന്നു....അങ്ങനെ ഇവിടെയെത്തി....''
''നിങ്ങള്‍ തമ്മില്‍ നന്നായി അറിയുമോ..??''
അയാള്‍ ചോദ്യഭാവത്തില്‍ സോളമനെ നോക്കി..
''അറിയാം എന്റെ തൊട്ടടുത്ത വീടാണ്..ജോസിന്റെ ഭാര്യ തുന്നല്‍ പണി ചെയ്താണ് ജീവിക്കുന്നത്..നാട്ടുകാരുടെ സഹായവും ഉണ്ട്...അന്നത്തെ നഷ്ടപരിഹാരം ഒന്നും കിട്ടിയിട്ടില്ല....അവര്‍ ജോസിന്റെ ഭാര്യ അല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്...അവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ലത്രേ......''
''ജോസിന്റെ മകന്‍..??''
''അവനിപ്പോള്‍ ഏഴാം ക്ലാസ്സിലാണ്...നന്നായി പഠിക്കുന്ന കുട്ടിയാണ്...''
ഇബ്രാഹിമിന്റെ കണ്ണുകള്‍ തിളങ്ങി....
''എന്റെ മോനും ഇതുപോലെയായിരുന്നു..നല്ല വണ്ണം പഠിക്കുമായിരുന്നു....ഒരുപാടു സമ്മാനങ്ങള്‍ ഒക്കെ കിട്ടിയിട്ടുണ്ട്....''
കുറച്ചു നേരത്തേക്ക് അയാള്‍ നിശബ്ദനായി......
''ഇവിടെ ഞങ്ങളൊക്കെ ഇപ്പൊ വല്ലാത്ത പേടിയിലാ.....അണക്കെട്ടിന്റെ താഴത്തായാ ഞങ്ങളുടെ എല്ലാം വീട്..മഴക്കാലമല്ലേ വരാന്‍ പോകുന്നെ.....ഭൂകമ്പമൊക്കെ വരാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന കേട്ടു.....ദിവസവും പത്രക്കാരും ഉദ്യോഗസ്ഥരും ഒക്കെ വരും....പുതിയ ഡാം ഉണ്ടാകണം എന്നു പറഞ്ഞു ഒരുപാടു സമരങ്ങള്‍ നടക്കുന്നുണ്ട്....പക്ഷെ സര്‍ക്കാരിന്റെ തലയില്‍ ഒന്നും കയറുന്നില്ല....കുറെ കരാറുകളില്ലേ...പെട്ടന്ന് മാറ്റിപ്പണിയാന്‍ പറ്റില്ല എന്നാ പറയുന്നേ.....''
''കുറെ ഞാനും കേട്ടു.......പക്ഷെ കൂടുതല്‍ ഒന്നും ചിന്തിക്കാറില്ല...കൂടുതല്‍ ഓര്‍ക്കുമ്പോള്‍....ഉഴുതുമറിച്ചിട്ട കെട്ടിടങ്ങളും അതിനിടയിലെ ചീഞ്ഞളിഞ്ഞ ശവങ്ങളുടെ മൂക്ക് തുളയ്ക്കുന്ന മണവും മനസ്സിലെത്തും....അതുകൊണ്ട്.......................''
അയാള്‍ കിതച്ചു...........
ബസ്സിലെ ചിലര്‍ ഉറക്കം മതിയാക്കി വീണ്ടും ചര്‍ച്ച തുടങ്ങിയിരുന്നു.......
''ഇതിനൊന്നും ഇത് പോലത്തെ സമരമല്ല വേണ്ടത്...അവര് തമിഴ്‌നാട്ടില്‍ ചെയ്യുന്ന പോലത്തെ സമരം ചെയ്യണം...എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കണ്ടിട്ടില്ലേ....കുറെ പേര്‍ കന്നാസില്‍ മണ്ണെണ്ണയുമെടുത്തു ചാകാനിറങ്ങുന്നത്.....അതേ നടക്കൂ..ഇവിടത്തെ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍...''
മുന്‍സീറ്റിലിരുന്ന മധ്യവയസ്കന്‍ അടുത്ത സീറ്റിലിരിക്കുന്ന ആളോട് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു......
ടൌണ്‍ എത്താറായിരുന്നു സോളമന്‍ ഇബ്രാഹിമിന്റെ മുഖത്തേക്ക് പാളിനോക്കി...ഒരുപാടു അനുഭവിച്ച മനുഷ്യന്‍...സുഹൃത്തിന്റെ മകന് വേണ്ടി മാത്രം ജീവിക്കുന്നു....
ടൌണില്‍ ഇറങ്ങിയപ്പോള്‍ വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല...വീട്ടിലേക്കുള്ള ഒന്നര കിലോമീറ്റര്‍ നടക്കണം..
''ഇവിടെ ടൂറിസ്റ്റുകള്‍ ഒന്നും വരാറില്ലേ...?.''..........ടൌണിന്റെ ശോചനീയാവസ്ഥ കണ്ട് ഇബ്രാഹിം ചോദിച്ചു..
''മുന്‍പു ധാരാളം പേര്‍ വരുമായിരുന്നു..അണക്കെട്ടിനു ബലക്ഷയം വന്നു തുടങ്ങിയതില്‍ പിന്നെ ആരും വരാതെയായി...പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും പത്രക്കാര്‍ക്കും വരെ പേടിയാ..പലരും സൈഡില്‍ നിന്നു ഫോട്ടോയുമെടുത്തു പോകും...''
ദാസന്റെ പെട്ടിക്കടയ്കുമുന്നില്‍ കുറച്ചു പേര്‍ കൂടി നില്‍പ്പുണ്ട്...........ഈ അസമയത്തും..??
സോളമന്‍ അവര്‍ക്കരികിലേക്കോടി...
''എന്താ എന്ത് പറ്റി..?.''
''ആ സോളമേട്ടനായിരുന്നോ...വിവരമറിഞ്ഞില്ലേ..ഇന്ന് മന്ത്രിവന്നപ്പോള്‍ ഞങ്ങള്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു..കുറച്ചു പ്രശ്നമായി..ചെറിയ ലാത്തിച്ചാര്‍ജും നടന്നു...ബാബു ആശുപത്രിയിലാ..കുറച്ചു സീരിയസ്സാ...വേറെ രണ്ട് മൂന്നു പേര് കൂടിയുണ്ട്...എല്ലാവരും അവിടെയാ...നാളെ ഒരു ഹര്‍ത്താലിനുള്ള ആലോചനയുണ്ട്....''
പിന്നെ ഇതാരാ സോളമേട്ടന്റെ കൂടെ..?.''
ഇബ്രാഹിമിനെ കണ്ട് അയാള്‍ ചോദിച്ചു...
സോളമന്‍ ഇബ്രാഹിമിന്റെ നേര്‍ക്ക് നോക്കി...ആ മുഖം ആകെ വലിഞ്ഞു മുറുകിയിരിക്കുന്നു.......
നേരം പുലര്‍ന്നപ്പോഴാണ് ഇബ്രാഹിമിനെയും കൊണ്ട് സോളമന്‍ ജോസിന്റെ വീട്ടിലേക്കു പോയത്.....
ഇബ്രാഹിമിനെ കണ്ടപ്പോള്‍ ജോസിന്റെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു....
''ഇവിടേം ഞങ്ങള് പെടിച്ചിരിക്യാ..... അവിടെ പറ്റിയ പോലെ തന്നെ ഇവിടേം.....ഒരു കണക്കില്‍ അങ്ങനെയങ്ങ് പോയാല്‍ മതിയായിരുന്നു.......പിന്നെ ഇവനെയോര്‍ത്താ....''
അയാള്‍ ആ പന്ത്രണ്ടു വയസ്സുകാരനെ വാത്സല്യപൂര്‍വ്വം തലോടി......
ഇബ്രാഹിം കൂടുതലൊന്നും സംസാരിക്കുന്നില്ലല്ലോ എന്നു സോളമന്‍ അതിശയിച്ചു.......പെട്ടന്ന് കയ്യിലെ ചെറിയ പൊതി ജോസിന്റെ മകന്റെ കയ്യില്‍ നിര്‍ബന്ധിച്ചു എല്പ്പിച്ചുകൊണ്ട് ഇബ്രാഹിം വേഗത്തില്‍ വീടിന്റെ പടികളിറങ്ങി..
അയാള്‍ക്കൊപ്പമെത്താന്‍ സോളമന് പതുക്കെ ഓടേണ്ടി വന്നു...
''എന്തേ.. എന്ത് പറ്റി...ഇത്ര പെട്ടന്ന്....ഒന്നും സംസാരിച്ചു കൂടിയില്ലല്ലോ....!!..''
''എന്ത് പറയാന്‍ സുഹൃത്തെ......ഞാന്‍ എത്തിപ്പെടുന്ന സ്ഥലങ്ങളൊക്കെ ഇങ്ങനെയാണല്ലോ......ആദ്യം ലാത്തൂര്‍...പിന്നെ ഗോധ്ര....ഇപ്പൊ..................''
''നമുക്കെന്തു ചെയ്യാന്‍ കഴിയും....ഓരോ ദിവസവും ഉറങ്ങിയെഴുന്നേല്ക്കുന്നത് ഇത് വരെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെയാണ്.....ഒരു തരത്തില്‍ ഉറക്കത്തില്‍ തന്നെ എല്ലാം തീര്‍ന്നാല്‍ മതിയായിരുന്നു...ഒന്നും അറിയേണ്ടല്ലോ......''
അയാളുടെ മനസ്സിലൂടെ തലേ ദിവസത്തെ അഭയാര്‍ഥി ക്യാമ്പിലെ രംഗങ്ങള്‍ ഓടി മറഞ്ഞു......
''എത്ര മണിക്കാ ഇവിടെ മന്ത്രിമാരൊക്കെ വരുന്നത്..?''
ഇബ്രാഹിമിന്റെ ശബ്ദം ഏറെ കടുത്തിരുന്നു അയാള്‍ മറ്റൊന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നി.....
''പത്തു മണിക്ക്....എന്തേ...??.''
സോളമന്‍ സംശയത്തോടെ അയാളെ നോക്കി...
''ഒന്നുമില്ല...സോളമന് ഇന്ന് വര്‍ക്കില്ലേ...''
''ഞാന്‍ പോവാനിറങ്ങിയതാ.....പിന്നെ...നിങ്ങള്‍ തിരിച്ചു പോകുകയാണോ..ഇത്ര ദൂരം വന്നിട്ട്..''
''പോണം....''
ഹര്‍ത്താലായത് കൊണ്ട് ടൌണിലേക്ക് വാഹനങ്ങള്‍ കുറവായിരുന്നു....ഇബ്രാഹിമിനോട് യാത്ര പറഞ്ഞ് ഒരു ജീപ്പില്‍ കയറി സോളമന്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് പുറപ്പെട്ടു...ഷൂട്ടിംഗ് വാനിലിരിക്കുമ്പോഴും സോളമന്‍ ഇബ്രാഹിമിനെക്കുറിച്ചു തന്നെയായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്...ഒരു പാട് പ്രത്യേകതകളുള്ള ഒരു സാധാരണ മനുഷ്യന്‍..
അന്ന് ഷൂട്ട് ചെയ്യാനുള്ളത് മന്ത്രിയുടെ അഭയാര്‍ഥി ക്യാമ്പിലെ സന്ദര്‍ശനമായിരുന്നു......സോളമന്റെ വേഷം മന്ത്രിയുടെ മുന്നിലെ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ്....
ശവത്തില്‍ നിന്നും അര്‍ദ്ധശവത്തിലേക്ക് പ്രമോഷന്‍...
''ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ഞാബദ്ധരാണ്....ഉടന്‍ തന്നെ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതായിരിക്കും.....'' മന്ത്രിയായി അഭിനയിക്കുന്ന നടന്റെ ശബ്ദം പൊങ്ങി...
തൊട്ടുമുന്നില്‍ തന്നെ പൊതിയുന്ന പത്രക്കാരോടും ചാനലുകാരോടുമാണ് പറയുന്നത്...
സോളമന്റെ മനസ്സിലൂടെ ഒരു പാട് ചിന്തകള്‍ കടന്നു പോയി..
ഒരു തരത്തില്‍ താനും ഇബ്രാഹിമിനെ പോലെ തന്നെയല്ലേ...സ്വന്തമെന്നു പറയാന്‍ ആരാണുള്ളത്..?..ഒരു തരത്തില്‍ ഇങ്ങനെ ആര്‍ക്കും വേണ്ടാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ..............................!!
ചിന്തകളുടെ മലവെള്ളപ്പാച്ചിലില്‍ ശരീരമാകെ വിയര്‍പ്പില്‍ കുളിച്ചപ്പോള്‍ സോളമന്‍ ആ സൈറ്റില്‍ നിന്നും ഇറങ്ങിയോടി...
ജീപ്പിലിരിക്കുമ്പോള്‍ സോളമന് വേഗത പോരെന്നു തോന്നി.....ഇനിയും രണ്ട് മണിക്കൂറെടുക്കും അവിടെയെത്താന്‍...വേഗമെത്തണം..എല്ലാവരും പോകും മുന്‍പു അവിടെയെത്തണം.....എന്നാലെ ഫലമുള്ളൂ........!!!!
പക്ഷെ കവലയിലേക്കു കടക്കുന്നതിനു തൊട്ടുമുന്‍പ് സോളമന്‍ കയറിയ ജീപ്പ് പോലീസ് തടഞ്ഞു....
''അങ്ങോട്ട് ആരെയും കടത്തിവിടുന്നില്ലത്രേ......'' ആരോ പറയുന്നത് കേട്ടു..
പിറുപിറുത്തുകൊണ്ടിരിക്കുന്ന ആള്‍കൂട്ടത്തിലൂടെ ഒന്നും മനസ്സിലാകാതെ സോളമന്‍ മുന്നോട്ടു നടന്നു....
''ഇവിടൊന്നും കണ്ടിട്ടുള്ള ആള്‍ അല്ലാത്രേ....''
''ചിതറിപ്പോയത്രേ.....തല താഴെ അടിച്ചിട്ടുണ്ട്....''
സോളമന്‍ അവര്‍ക്കരികിലേക്കു നീങ്ങി....
''എന്താ.... എന്താ ..സംഭവിച്ചത്..?..''
മന്ത്രിമാര് വന്നപ്പോള്‍ ഒരാള്‍ ഡാമിന്റെ സൈഡ് വാളില്‍ നിന്നും താഴോട്ടു ചാടി...എല്ലാവരുടെയും മുന്നില്‍ വച്ചാ...അയാള്‍ എങ്ങനെ അവിടെ കയറി എന്നു അറിയില്ല... എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നത്രേ.......ടിവിക്കാര് എല്ലാം പിടിച്ചിട്ടുണ്ട്.....കാണിക്കുമായിരിക്കും...''
ഒന്നാമന്‍ പറഞ്ഞു നിര്‍ത്തി....
''അയാള് പുതിയ ഡാം പണിയണമെന്ന് പറഞ്ഞാണത്രേ ചാടിയത്........''
കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സോളമന്‍ മുന്നോട്ടു നടന്നു.......തനിക്കു മുന്‍പേ മറ്റൊരാള്‍....!!
ആള്‍കൂട്ടത്തിലൂടെ അരിച്ചരിച്ചു നീങ്ങിയ ആംബുലന്‍സിന്റെ പിന്നാലെ തിക്കിത്തിരക്കിയവരെ പോലീസ് വിരട്ടിയോടിച്ചു....
സോളമന്റെ മനസ്സിലപ്പോള്‍ കഴിഞ്ഞ ദിവസം ബസ്സില്‍ വച്ച് ആരോ പറഞ്ഞ വാക്കുകളായിരുന്നു...
''നമ്മള്‍ തമിഴന്മാരെ പോലെയാകണം...ഒരു മണ്ണെണ്ണ കന്നാസുമെടുത്ത്......................!!!!!..''
അയാള്‍ വേഗത്തില്‍ നടന്നു..
ദാസന്റെ പെട്ടിക്കടയ്ക്കടുത്ത് എല്ലാവരും കൂടി നില്‍പ്പുണ്ട്.....
''സോളമേട്ടാ..നിങ്ങള്‍ എവിടെയായിരുന്നു....ഞങ്ങള്‍ എല്ലാവരും കുറേ മൊബൈലില്‍ വിളിച്ചിരുന്നു....!!''
''എന്തേ....?''
''ആരായിരുന്നു ഇന്നലെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത്.......എന്തിനാ അയാള് ഇങ്ങനെ ചെയ്തത്.....??''
എല്ലാവരും ആകാംഷയോടെ സോളമനെ നോക്കി...
അയാള്‍ക്ക് ദേഹം തളരുന്നത് പോലെ തോന്നി.....
''അപ്പോള്‍...??!!!!!!!! ''
അയാള്‍ പതുക്കെ കലുങ്കിലേക്കിരുന്നു....
പലരും അയാളോട് പലതും ചോദിക്കുണ്ടായിരുന്നു...അയാള്‍ ഒന്നും കേട്ടില്ല....
''പോലീസുകാര് വരും..ഇന്നലെ രാത്രിയാ ഇവിടെ എത്തിയത്....ജോസിന്റെ ഫ്രണ്ട് ആയിരുന്നത്രെ..............ഗുജറാത്തില് ...................''
അവിടെ നിന്നും രക്ഷപ്പെട്ട് അതിവേഗത്തില്‍ വീട്ടിലേക്കു നടക്കുന്നതിനിടെ ആളുകള്‍ കുശുകുശുക്കുന്നത് സോളമന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.......
വീട്ടിലെത്തിയപ്പോള്‍ മറന്നു വച്ച മൊബൈല്‍ ഫോണില്‍ നിറയെ മിസ്സ് കോളുകളായിരുന്നു...പെട്ടന്ന് വീണ്ടും ഫോണ്‍ ബെല്ലടിച്ചു...
അച്ചായനാണ്....
നിസ്സംഗതയോടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു...
''സോളമാ..ഞാന്‍ സൈറ്റിലാ...ന്യൂസ് ഒന്നും അറിഞ്ഞില്ല....മന്ത്രിമാര് വന്നോ...സമരം എന്തായി....??..''
സോളമന് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു....പക്ഷെ വര്‍ഷങ്ങളായി പൊട്ടാന്‍ വെമ്പി നിന്ന വലിയൊരു തടയണ സ്വയം പൊട്ടിയൊഴുകിയത് മനസ്സില്‍ തെളിഞ്ഞപ്പോള്‍ വാക്കുകള്‍ പുറത്തു വന്നില്ല.......
''തകര്‍ന്നു...ഒരണക്കെട്ട്...പക്ഷെ നമ്മുടേതല്ല.........''
നേര്‍ത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞൊപ്പിച്ചു.....
''നീ....നീ.........എന്താ പറയുന്നത്.....എനിക്ക് മനസ്സിലാവുന്നില്ല...?????!!!!!!!!!!!!.''
''ഇങ്ങനെയെങ്കിലും എല്ലാവരും മനസ്സിലാക്കുമായിരിക്കും അച്ചായാ.....ഇങ്ങനെയെങ്കിലും...........''
അയാള്‍ ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും ചാനലുകളില്‍ ന്യൂസ് ഫ്ലാഷ് വന്നു തുടങ്ങിയിരുന്നു.....
.
27 comments:
വിദഗ്ദരുടെ കണ്ണില്‍ എല്ലാം സുരക്ഷിതമാണ്...
പക്ഷെ സാധാരണക്കാര്‍ക്ക്..???
നഷ്ടപ്പെടുന്നവന്റെ ദുഖമായി ചെറുതായി പോകുന്നു കാര്യങ്ങള്‍ ....ഇനിയെങ്കിലും ഉണര്ന്നില്ലെങ്കില്‍ നമ്മള്‍ ഏറെ താമസിച്ചു പോകും ....നല്ല കഥ
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
അതേ, അതാണ് സത്യവും.കഥകളിലൂടെ പരക്കുന്ന ഈ ആശയം എല്ലാവരും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എത്ര നന്നായേനെ..
(കഥയേക്കാള്‍ കാര്യം ഇഷ്ടമായി)
നല്ല സന്ദേശമുള്ള കഥ
മുരളീ..
ഭാവിയിൽ അങ്ങിനെയെന്തിങ്കിലും ചെയ്തെങ്കിലേ
പലരുടെയും കണ്ണുകൾ തുറപ്പിക്കാൻ കഴിയൂ എന്നു തോന്നുന്നു..
സന്ദേശമുൾക്കൊള്ളുന്ന ഈ കഥയ്ക്കു ആശംസകളോടെ..
@ഭൂതത്താന്‍ : ആദ്യ കമന്റ് നു നന്ദി..താങ്കള്‍ പറഞ്ഞത് തന്നെ ഞാനും പറയുന്നു..
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
@അരുണ്‍ : കാര്യം തന്നെ പ്രധാനം..ഈ ആശയം എങ്ങനെയൊക്കെ ഏതൊക്കെ രീതിയില്‍ പ്രചരിപ്പിക്കാനാവുമോ അത്രയും നല്ലത്..
@ ജെന്ഷിയ : നന്ദി..സന്ദേശമല്ല..സത്യം തന്നെ..
@ഹരീഷ് : നന്ദി..കഥയിലെത് തികച്ചും സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരാളുടെ മാര്‍ഗം..
നമ്മുടെ മുന്നില്‍ വഴികള്‍ ഒരുപാടുണ്ട്...
നല്ല നിലവാരമുള്ള കഥ. ഒന്നും സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാം.
കഥയിലെ സന്ദേശം നന്നായെങ്കിലും, മുരളിയുടെ മുമ്പത്തെ കഥകളെ വച്ചു നോക്കുമ്പോൾ ഈ കഥയുടെ കെട്ടിലും മട്ടിലും എന്തോ ഒരു അപാകത പോലെ....
എനിക്കറിയില്ല മുരളീ എന്താ പറയേണ്ടതെന്ന്. ഞാനാകെ മരവിച്ചിരിക്കുകയാണ്.ഈ കഥ വായിച്ചിട്ടല്ല. ഇന്ന് മറ്റൊരു സംഭവം ഉണ്ടായി.
ഉന്നതബിരുദമുള്ള ഒരു സ്കൂളിന്റെ മാനേജ്മെന്റ് തലപ്പത്തിരിക്കുന്ന ഒരു പ്രൊഫസറെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ 2 പുസ്തകങ്ങള്‍ അച്ചടിച്ചിറങ്ങിയിട്ടുണ്ട്. ഈ വിഷയത്തെപ്പറ്റി ഒരു ലേഖനം തയ്യാറാക്കിത്തരുമോ എന്ന് അന്വേഷിച്ചു. കൂടുതല്‍ സംസാരിച്ച് വന്നപ്പോള്‍ എനിക്ക് മനസ്സിലായി പത്രങ്ങളില്‍ അച്ചടിച്ച് വരുന്നത്രയും കാര്യങ്ങളെപ്പറ്റിപ്പോലും അദ്ദേഹത്തിന് ധാരണയില്ല. കേട്ടുകൊണ്ടുനിന്നിരുന്ന ഒരു അദ്ധ്യാപികയ്ക്കും സാമാന്യവിവരമൊന്നും ഇല്ല ഇക്കാര്യത്തില്‍ .
ഞാന്‍ പറഞ്ഞുവരുന്നത്. നമ്മുടെ നാട്ടില്‍ അഭ്യസ്ത വിദ്യര്‍ എന്ന് കരുതുന്നവരില്‍ 80 % ന് പോലും എന്താണ് മുല്ലപ്പെരിയാര്‍ എന്ന്‍ അറിയില്ല. ബേസിക്ക് കാര്യങ്ങള്‍ പോലും അറിയില്ല. അതില്‍ക്കൂടുതല്‍ ചിലപ്പോള്‍ തമിഴ്നാട്ടിലെ കൃഷിക്കാര്‍ക്ക് അറിയാമായിരിക്കും. ആദ്യം നമ്മള്‍ മലയാളികള്‍ മനസ്സിലാക്കണം എന്താണ് മുല്ലപ്പെരിയാര്‍ ഇഷ്യൂ എന്ന്. മേലേക്കിടയില്‍ ഉള്ളവന് മനസ്സിലാകാതെ സാധാരണക്കാരിലേക്ക് ആര് പകര്‍ന്ന് കൊടുക്കും ഈ വിവരങ്ങളൊക്കെ.
പാട്ടക്കരാര്‍ തീരാന്‍ ഇനീം 886 കൊല്ലം ബാക്കി കിടക്കുന്നു. ആദ്യം സിലബസ്സുകളൊക്കെ പുതുക്കി എഴുതി സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കണം ഈ വിഷയം. അങ്ങനെയെങ്കിലും അടുത്ത തലമുറ ഈ വിഷയത്തിന്റെ ഭീകരാവസ്ഥ മനസ്സിലാക്കുമായിരിക്കും. അതുവരെയൊക്കെ അണക്കെട്ട് പൊട്ടാതെ നിന്നാല്‍ ഒരു ബഹുജനമുന്നേറ്റത്തില്‍ 50 കൊല്ലം കഴിയുമ്പോള്‍ പ്രസക്തിയുണ്ടായെന്ന് വരും. അല്ലാതെ വലിയ കാര്യമൊന്നും ഇല്ല എന്ന തോന്നലാണിപ്പോള്‍ എനിക്കുള്ളത്.
ഈശ്വരോ രക്ഷതു.
വര്‍ത്തമാനത്തില്‍ നിന്നും ഒളിച്ചോടുന്നവനല്ല സാഹിത്യകാരന്‍ എന്ന് തെളിയിച്ചു മുരളി ഈ കഥയിലൂടെ. പ്രാര്‍ഥനയോടെ നമുക്ക് പ്രതിരോധം തുടരാം.
ഇബ്രാഹിം ഒരു നിമിത്തമാകട്ടെ ഈ പ്രശ്ന പരഹരത്തിന്
ആത്മഹത്യയല്ല, ശക്തമായി സമരം ചെയ്യണം അങ്ങനെ മരിയ്ക്കാന്‍ തയ്യാറാവണം. ഒരാളല്ല ഒരു സമൂഹം മുഴുവന്‍,അതിനു രാഷ്ട്രീയം വിലങ്ങുതടിയാവരുത്. എന്നാലേ അധികാരികള്‍ക്കു കണ്ണൂതുറക്കണമെന്ന ചിന്തയെങ്കിലും വരൂ...
കലാകാരന്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവനാകണം എന്ന് ഓര്‍മ്മിപ്പിക്കുന്ന കഥ. നന്ദി.
നല്ല കഥ മുരളീ ആശംസകള്‍
അത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം...
ബ്ലോഗ് കൊണ്ടുള്ള ഒരോ ഗുണങളേ..!!
അല്ലെങ്കില്‍ ഈ കഥ നമുക്ക് വായിക്കാന്‍ പറ്റുമായിരുന്നോ.?!!
വളരെ നന്നായിരിക്കുന്നു, അഭിനന്ദനങള്‍!
REBUILD MULLAPERIYAR DAM, SAVE KERALA
മുരളി,
ഇത്തരം സന്ദേശങ്ങള്‍ അടങ്ങിയ കഥയ്ക്ക് ഒരു പാട് ഗുണം ചെയ്യാനാവും.. വരന്‍ സാധ്യതയുള്ള ഒരു ഭീകര ദുരന്തം കുറെ പേര്‍ക്ക് കൂടി മനസ്സില്‍ വരച്ചു കാട്ടാന്‍ എങ്കിലും സാധിക്കും..
ആശംസകള്‍
നഷ്ടപ്പെടുന്നതൊന്നും
തിരിച്ചുകിട്ടില്ലെന്ന സത്യം
കാലം നമ്മുക്കു മുന്‍പില്‍ തുറന്നു വെക്കുന്നു.
sandesamulla katha.. enikkum niraksharante abhiprayam anu... evide adyam vendath vishathe kurichu janagale udbodharakkukayanu..
സന്ദേശം ഉള്‍ക്കൊണ്ടുള്ള കഥ. നമ്മളും തമിഴനെ പോലെ ആവണം എന്നത് വളരെ ശരിയാണ്.
അവരുടെ ആവേശം നമുക്കീ കാര്യങ്ങളില്‍ ഇല്ല.
നന്നായി മുരളി
വാക്കുകള്‍ കൊണ്ടു ഇങ്ങനെയും ഉപകാരങ്ങളുണ്ട്
എഴുത്തിന്റെ രീതിയേക്കാള്‍ ഈ കഥയുടെ ഉദ്ദേശ ശുദ്ധിക്ക് നമോവാകം
ഹായ് ഈ മുരളീരവം കഥയിലൂടെയൊഴുകിവന്ന് ഒരു നല്ലസന്ദേശം പ്രചരിപ്പിച്ചു കേട്ടൊ...
അസ്സലെഴുത്ത്.
മുരളീ ,
നല്ല കയ്യടക്കത്തോടെ , കഥയും കാര്യവും ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു ... ആശങ്കള്‍ക്ക് പുതിയ പുതിയ വാര്‍ത്തകള്‍ പുതയിട്ട് കളഞ്ഞിരിക്കുന്നു ..മാധ്യമങ്ങള്‍ക്ക് സെന്‍സേഷനല്‍ ന്യൂസ് .. രാഷ്ട്രീയക്കാര്‍ക്ക് വോട്ട് ബാങ്ക് .. സാധാരണക്കാരന്റെ രോദനങ്ങള്‍ക്ക് കിം ഫലം ,,,
ഇതിന്റെ അവസാനം എന്തായിത്തീരുമോ എന്തോ...? ആകെ പേടിയാകുന്നു..
ഇവിടെ പ്രതികരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കട്ടെ.....
നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ച് ഈയൊരു പ്രശ്നത്തിന്റെ വ്യാപ്തി ജനങ്ങളിലേക്കെത്തിക്കാനായി പരിശ്രമിക്കാം....
പലപ്പോഴും മുന്‍കരുതല്‍ എടുക്കുന്നതില്‍ നാം വളരെ പിറകൊട്ടാണല്ലോ.....ഇന്ന് നാം വയ്ക്കുന്ന ചെറിയൊരു ചുവടുവയ്പ്പ് നാളെ സംഭവിച്ചേക്കാവുന്ന വലിയൊരു ദുരന്തം തടയുവാനുതകുന്നതായിരിക്കാം.....പ്രതികരിക്കുക സുഹൃത്തുക്കളെ......
അണ്ണാറക്കണ്ണനും തന്നാലായത്....
THIS IS A TOUCHING STORY.
THIS STORY GIVES A VALUABLE MESSAGE TO ALL OF US.......
Post a Comment