10 November 2009
ചാര നിറമുള്ള കാക്ക
''പിണ്ഡം സമര്‍പ്പിക്കൂ...
പിതൃക്കളെ മനസ്സില്‍ ധ്യാനിച്ചോളൂ...
എള്ളും പൂവും അല്‍പ്പം...''
കാറ്റില്‍ പാറിപ്പോയ തുളസിയിലകള്‍ നദിയിലെ ഒഴുക്കിലേക്കലിഞ്ഞു ചേര്‍ന്നു..
ഉരുളകള്‍ കൊത്തി പറന്നു പോയ രാമകൃഷ്ണന്റെ വെറുക്കപ്പെട്ട ആത്മാവ് ആല്‍മരത്തിന്റെ ചാഞ്ഞ കൊമ്പിലേക്ക് കുടിയേറിയത് കണ്ടപ്പോഴാണ് ആദിലിനെയും കൂട്ടി ഇന്ദു മടങ്ങിയത്.
രാമകൃഷ്ണന്റെ ശരീരം തൂങ്ങിയാടിയ പ്ലാവിന് കൊമ്പില്‍ കാക്കകള്‍ അപ്പോഴും കലപില കൂട്ടിക്കൊണ്ടിരുന്നു.വീട്ടിലേക്കു കയറുന്നതിനു മുന്‍പ് ഇന്ദു ഒന്നു കൂടി ആ കൊമ്പിലേക്ക് നോക്കി..അവളെ തന്നെ നോക്കിയിരിക്കുകയായിരുന്ന ചാരനിറമുള്ള കാക്ക അകലേക്ക് പറന്നു....ചെളി പുരണ്ട കാല്‍പ്പാടുകള്‍ നിറഞ്ഞ വരാന്തയില്‍ കരിയിലകള്‍ വാരിയിട്ടു പോയ കാറ്റ് ആ പ്ലാവിന് കൊമ്പിനെ വിട്ടു പോകാതെ ചുറ്റിപ്പറ്റി നില്ക്കുന്നുണ്ടായിരുന്നു....ബാഗില്‍ ചുരുട്ടി കൂട്ടിയിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും ആ കത്തു പുറത്തെടുക്കുമ്പോള്‍ ബലം കിട്ടാനായി ഇന്ദു മേശയുടെ കോണില്‍ മുറുകെ പിടിച്ചു...തെളിയാത്ത അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ വേണ്ടി മാത്രം സാരിത്തലപ്പ് കൊണ്ടു കണ്ണുകളൊപ്പുമ്പോള്‍ ആ ചാരനിറമുള്ള കാക്ക അവിടം വിട്ടു പോകാതെ വീടിനു ചുറ്റും പറന്നു കൊണ്ടിരിക്കുന്നത് അവളറിഞ്ഞില്ല.......
***********
സലീന മുഹമ്മദിന്റെ സര്‍ട്ടിഫിക്കറ്റ് കയ്യിലിരുന്നു വിറച്ചപ്പോള്‍ രാമകൃഷ്ണന് അവളുടെ മുഖത്തേക്ക് പാളിനോക്കി..വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്റെ നഷ്ടപെടലുകള്‍ക്കൊടുവില്‍ ആ പഴയ ബിരുദ വിദ്യാര്‍ഥിനി ഒരു കുട്ടിയുടെ കയ്യും പിടിച്ചു പെട്ടന്നൊരു ദിവസം മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അയാള്‍ പകച്ചു പോവാതിരുന്നില്ല...മേശപ്പുറത്തെ വെള്ളം നിറച്ച ഗ്ലാസ് തേടുന്ന വിറയാര്‍ന്ന കൈകള്‍ കണ്ടപ്പോള്‍ കടുത്ത ശബ്ദത്തില്‍ സലീന പറഞ്ഞു...
''പേടിക്കേണ്ട ഇത് നിങ്ങളുടെ കുഞ്ഞല്ല''...
അന്ന് മതം മാറാനുള്ള അന്ത്യശാസനത്തിന്റെ അവസാനനാളില്‍ ഹൌറാ എക്സ്പ്രസ്സിന്റെ മൂത്രം മണക്കുന്ന കമ്പാര്‍ട്ടുമെന്റില്‍ വള്ളിയറ്റുപോയ ബാഗും മടിയില്‍ വച്ചിരിക്കുന്നതിനിടെ രാമകൃഷ്ണന് പലപ്പോഴും ഉച്ചത്തില്‍ കരയണമെന്നു തോന്നിയിരുന്നു....
പിന്നെ കല്‍ക്കത്തയിലെ ഇരുണ്ട ഗലികളില്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി മുഖം മറച്ചു പേരില്ലാതെ അലഞ്ഞു നടക്കുമ്പോഴെല്ലാം മനസ്സില്‍ സലീനയുടെ പേടിപ്പെടുത്തുന്ന മൌനം വിളിച്ചു പറഞ്ഞ ഇളകിത്തുടങ്ങാത്ത ഒരു ഭ്രൂണം മാത്രം.....
''ഞാന്‍ വന്നത് നിങ്ങളെ കാണാനല്ല...എന്റെ ഭര്‍ത്താവിന്റെ മരണം എനിക്ക് സമ്മാനിക്കാന്‍ പോകുന്ന സര്‍ക്കാര്‍ ജോലി തേടിയാണ് ....നിങ്ങളാണ് ഓഫീസര്‍ എന്നറിഞ്ഞിരുന്നെങ്കില്‍ വരില്ലായിരുന്നു....''
ജൂലായിലെ തണുപ്പിലും വെട്ടി വിയര്‍ക്കുന്ന ദേഹത്തോടെ സലീനയുടെ പേപ്പറുകളിലൂടെ പേന ചലിപ്പിക്കുന്നതിനിടയില്‍ രാമകൃഷ്ണന്റെ കണ്ണ് ആ പത്തുവയസ്സുകാരനിലായിരുന്നു...തന്റെ കൂട്ടുപുരികവും പരന്ന മൂക്കും ചെറിയ കണ്ണുകളുമെല്ലാം ആ കുട്ടിയില്‍ കാണാന്‍ അയാള്‍ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു....
***********
ആകെ പരിഭ്രമിച്ചിരിക്കുന്നതെന്താണെന്ന് ഇന്ദു പലവട്ടം ചോദിച്ചിട്ടും രാമകൃഷ്ണന് താന്‍ സലീനയെ കണ്ടുമുട്ടിയത് പറഞ്ഞില്ല....ഭാര്യയോട് പറഞ്ഞ പ്രണയ കഥയിലെ നല്ല മനസ്സുകാരനായ നായക കഥാപാത്രത്തിന്റെ മനസ്സ് കുറ്റബോധം കൊണ്ടു വല്ലാതെ നീറുന്നതു അയാളറിഞ്ഞു..... മത തീവ്രവാദിയുടെ മുഷിഞ്ഞ കാവിവസ്ത്രം ഹൂഗ്ലി നദിയുടെ ഒഴുക്കില്ലായ്മയിലേക്ക് വലിച്ചെറിഞ്ഞു തിരിച്ചു നടന്നപ്പോള്‍ കയ്യില്‍ ബാക്കിവന്ന ഒരു രുദ്രാക്ഷം ഓര്മകളുടെഅര്ത്ഥമില്ലായ്മക്ക് തുണയായിരിക്കട്ടെ എന്ന് കരുതി കളഞ്ഞില്ല ... ഭൂതകാലത്തിന്റെ മാഞ്ഞുപോവാത്ത ചിത്രങ്ങള്‍ക്ക് തെളിച്ചമേറുന്നുവെന്നു കണ്ടപ്പോള്‍ ഇന്ദുവാണ് അതു വലിച്ചെറിഞ്ഞത് ...
''......എല്ലാം ശരിയാകുമായിരിക്കും അല്ലേ....''..
ബെഡ് റൂമിലെ ഇളം വെളിച്ചത്തിലെ തളര്‍ച്ചയില്‍ വിയര്‍ത്ത ദേഹത്തെ ചുറ്റിപ്പിടിച്ച് നനഞ്ഞ കണ്ണുകളോടെ ഇന്ദു ചോദിച്ചു...
രാമകൃഷ്ണന്റെ മനസ്സ് പക്ഷെ അന്ന് രാവിലെ കണ്ട കുട്ടിയിലെ തന്റെ ഛായ ഓര്‍ത്തെടുക്കാന്‍ പാടുപെടുകയായിരുന്നു...
***********
ആ പാലത്തിന്റെ കൈവരിയില്‍ സലീനയെ കാത്തിരിക്കുമ്പോള്‍ രാമകൃഷ്ണന്റെ മനസ്സ് വിക്ഷുബ്ദമായിരുന്നു.... അകന്നു നില്ക്കുന്ന തീരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പാലത്തെ പറ്റി പണ്ട് കോളേജ് മാഗസിനില്‍ സലീന എഴുതിയ കവിത അയാള്‍ വെറുതേ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു...
അവളെത്തിയപ്പോള്‍ രാമകൃഷ്ണന് ആദ്യം ചോദിച്ചത് ആ കുട്ടിയെപറ്റിയായിരുന്നു...
''എന്റെ മകന്..''
ദിവസങ്ങളായി മനസ്സിനെ നീറ്റിക്കൊണ്ടിരുന്ന ചിന്തകള്‍ ചോദ്യങ്ങളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അയാള്‍ കിതയ്ക്കുന്നുണ്ടായിരുന്നു...
കണ്ണുകള്‍ നിറഞ്ഞു വരുന്നതിനിടയിലും സലീന ഉറക്കെ ചിരിച്ചു...
''നിങ്ങളുടെ മകന് ..ഹ ഹ.......''
''നിനക്ക് എങ്ങിനെ പറയാന്‍ കഴിയുന്നു അവന് എന്റെ മകനല്ല എന്ന്..??''
അടുത്തുള്ള പള്ളിയില്‍ നിന്നുയര്‍ന്ന ബാങ്കു വിളിയെക്കാള്‍ ഉച്ചത്തില്‍ സലീന പൊട്ടിച്ചിരിച്ചു.......
ആ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി അപ്പോഴും തീര്‍ന്നിരുന്നില്ല...
***********
നുറുങ്ങിയ അസ്ഥികളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ രാമകൃഷ്ണന് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു.വെളുത്ത വസ്ത്രം ധരിച്ചു ദൂരെനിന്നും ഓടിവരുന്ന ഒരു കൊച്ചു കുട്ടിയെ അയാള്‍ കണ്ടു.തന്റെ നീട്ടിയ കൈകള്‍ കണ്ടു ഭയന്നോടിയ രൂപം മനസ്സില്‍ നിന്നും തീര്‍ത്തും മാഞ്ഞപ്പോള്‍ അയാള്‍ പൂര്‍ണമായും അബോധാവസ്ഥയിലേക്ക് വീണു...
ഐസിയു വിന്റെ ചുവന്ന അക്ഷരങ്ങള്‍ക്കപ്പുറം വിധവയായ മുസ്ലിംസ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ച പൂര്‍വകാമുകനെ കുറിച്ച് ആളുകള്‍ കുശുകുശുക്കുന്നത് ഇന്ദു കേട്ടുകൊണ്ടിരുന്നു.ആശുപത്രിമുറിയിലെ വീതികുറഞ്ഞ കിടക്കയില്‍ കറങ്ങാന്‍ മടിക്കുന്ന ഫാനിനെ നോക്കി കിടക്കുന്നതിനിടെ അവളുടെ കണ്ണുകള്‍ ഭിത്തിയിലെ കൊച്ചു കുഞ്ഞിന്റെ ചിത്രത്തിലുടക്കി.... ...അര്‍ദ്ധബോധാവസ്ഥയില്‍ അന്ന് മുഴുവന്‍ രാമകൃഷ്ണന് പുലമ്പിക്കൊണ്ടിരുന്നതു തന്റെ വിത്തുമുളയ്ക്കാത്ത ഗര്‍ഭപാത്രത്തില്‍ ഒരിക്കലും വിരിയാത്ത കുഞ്ഞിനെ കുറിച്ചല്ലെന്ന തിരിച്ചറിവില്‍ അവള് ഞെട്ടിയെഴുന്നേറ്റു ചുറ്റും പകച്ചു നോക്കി.
ഫ്ലാസ്കിലെ തണുത്താറിയ വെള്ളം വായിലേക്ക് കമഴ്ത്തുമ്പോള്‍ ഇന്ദു വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു..വര്‍ഷങ്ങളായി കൂച്ച് വിലങ്ങിട്ടു നിര്‍ത്തിയ മാതൃത്വം ചങ്ങലകള്‍ പൊട്ടിച്ചു പുറത്തു ചാടാന്‍ വെമ്പിയപ്പോള്‍ കട്ടിപുരികവും പരന്നമൂക്കുമുള്ള ഒരു പത്തുവയസ്സുകാരന് അവളെ നോക്കി ചിരിച്ചു..
അവള് കണ്ണുകളടച്ചു കൈകള്‍ പതുക്കെ നീട്ടിനോക്കി......
അവള്‍ക്ക് കൂട്ടിനു രാമകൃഷ്ണന്റെ അവ്യക്തമായ ശബ്ദം ആ മുറിയില്‍ അലയടിച്ചു...
***********
പ്രതാപം ക്ഷയിച്ച മരക്കച്ചവടക്കാരന്റെ നിറഞ്ഞ കണ്ണുകള്‍ക്കപ്പുറം ഒരു പത്തുവയസ്സുകാരന് യത്തീം ഖാനയുടെ മുറ്റത്തുകൂടെ ഓടിക്കളിച്ചു....അച്ഛന്റെ വീട്ടുകാര്‍ തഴഞ്ഞ ആദില്‍ മുഹമ്മദെന്ന അവിഹിത സന്തതിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തുവാന്‍ വക്കീല്‍ ഉപദേശിക്കുമ്പോഴേക്കും അയാള്‍ തല താഴ്ത്താന്‍ പഠിച്ചു കഴിഞ്ഞിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പു പള്ളിപ്പറമ്പിലെ പേടിപ്പെടുത്തുന്ന ഏകാന്തതയിലേക്ക് രാമകൃഷ്ണനെയും വിളിച്ചു കൊണ്ടു പോകുമ്പോള്‍ മനസ്സില്‍ നിറഞ്ഞ പക മാത്രമായിരുന്നു...
മകളെ ചതിച്ച കാഫിര്‍.....
ഈര്ച്ചവാളിന്റെ അരികുകള്‍ കൊണ്ടു ചോരപൊടിഞ്ഞ കഴുത്തുമായി ഓടിമറഞ്ഞ ചെറുപ്പക്കാരനോടുള്ള വെറുപ്പില്‍ അന്ന് ചെയ്തുകൂട്ടിയ പാപം....
തെറ്റുകള്‍ തുറന്നു പറഞ്ഞു സ്വന്തം മകളുടെ മുന്പില് കരഞ്ഞ രാത്രി പ്ലാവിന് കൊമ്പില്‍ തൂങ്ങിയാടുന്ന രാമകൃഷ്ണന്റെ ശവശരീരത്തിലെ തുറിച്ച കണ്ണുകളുടെ ദയനീയത മാത്രമായിരുന്നു മനസ്സില്‍.പേടിപ്പെടുത്തുന്ന നിസ്സംഗതയോടെ എല്ലാം കേട്ടു നിന്ന സലീനയുടെ വിരലുകള്‍ അപ്പോഴും പത്തുവയസ്സുകാരന് ആദിലിന്റെ മുടികളെ തഴുകിക്കൊണ്ടിരുന്നു....
പിറ്റേ ദിവസം സലീനയുടെ മരവിച്ച ശരീരം കൊണ്ടുവന്ന ആംബുലന്‍സിന്റെ ഇടുങ്ങിയ സീറ്റില്‍ വച്ചു വര്‍ഷങ്ങള്‍ നീണ്ട തന്റെ മതവിശ്വാസത്തിലെ ചില അര്‍ത്ഥമില്ലായ്മകള്‍ ജീവിതത്തിലാദ്യമായി അയാള്‍ തിരിച്ചറിഞ്ഞു...
വിധവയുടെ മകന്റെ പിതൃത്വമവകാശപ്പെട്ടു വന്ന ഹിന്ദു......
ചാര നിറമുള്ള ഒരു കാക്ക അയാള്‍ക്കു മുന്നിലൂടെ ചിറകുകള് കുടഞ്ഞു പറന്നു പോയി..
***********
''പ്രിയ്യപ്പെട്ട സഹോദരിക്ക്,''
''നിങ്ങളുടെ പേര് എനിക്കറിയില്ല.....ഇതൊരു ആത്മഹത്യാ കുറിപ്പല്ല. തൊട്ടു മുന്‍പു മാത്രം ഞാനറിഞ്ഞ ഒരു സത്യം നിങ്ങളെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഞാനീ കത്തെഴുതുന്നത്.രാമകൃഷ്ണന്റെതെന്ന് നിങ്ങളും ഞാനും അദ്ദേഹത്തിന്റെ ആത്മാവും വിശ്വസിക്കുന്ന കുട്ടി എവിടെയോ മറ്റാരുടെയോ മകനായി പിറന്നു വീണ ഒരു അനാഥന് മാത്രം.നിറഞ്ഞ പകയില്‍ എന്റെ പിതാവ് ചെയ്ത തെറ്റിന്റെ ഫലമായി ഞങ്ങളുടെ യഥാര്‍ത്ഥ കുഞ്ഞ് മറ്റേവിടെയോ വളരുന്നു..സ്വന്തം മകനാരെന്നു പോലും തിരിച്ചറിയാതെ പോയ എനിക്ക് രാമകൃഷ്ണന്റെ ആത്മാവിനോട് ഇങ്ങനെയെങ്കിലും കരുണ കാട്ടണം.....''
''കൂടുതല്‍ എഴുതാന്‍ കഴിയില്ല......നിങ്ങള്‍ക്ക് നല്ലത് വരട്ടെ..''
സലീന.
ചുളിവുകള്‍ വീണ ആ എഴുത്ത് വായിച്ചു തീര്‍ന്നപ്പോഴേക്കും ഇന്ദുവില്‍ നിന്നും ഒരു നീണ്ട നെടുവീര്‍പ്പുയര്‍ന്നു...പുറത്ത് വരാന്തയില്‍ കാത്തു നില്ക്കുന്ന സലീനയുടെ ബാപ്പയുടെ കണ്ണുകളിലെ ദൈന്യതയെ അവഗണിച്ച് അവള് ആദിലിനെ ചേര്‍ത്തു പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു.ഉണങ്ങിയ പ്ലാവിലകള്‍ നിറഞ്ഞുതുടങ്ങിയ മുറ്റത്തു കാക്കകള്‍ കലപിലകൂട്ടുന്നുണ്ടായിരുന്നു.ആദിലിനെ അവിടെ വിട്ടു ഒന്നും മിണ്ടാതെ തിരിച്ചു നടക്കുമ്പോള്‍ ഹാജിക്കു തന്റെ ശരീരത്തിന് പഴയ തളര്‍ച്ച തോന്നിയില്ല....അനാഥാലയത്തിന്റെ നീലക്കുപ്പായത്തിനുള്ളില്‍ തന്നെയും കാത്തിരിക്കുന്ന ഒരു പത്തുവയസ്സുകാരനെ തേടി അയാള്‍ ആദ്യം കണ്ട ബസ്സിലേക്ക് കയറി.....
ചാരനിറമുള്ള ഒരു കാക്ക അപ്പോഴും സംശയത്തോടെ ആ വീട്ടിനുള്ളിലേക്ക് പാളി നോക്കുന്നുണ്ടായിരുന്നു....
Labels:
കഥ
Subscribe to:
Post Comments (Atom)
40 comments:
നല്ല നിലവാരം പുലര്‍ത്തിയ കഥ.
കുമാരന് പറഞ്ഞത് സത്യമാ, നല്ല നിലവാരം
ഒന്നു കണക്റ്റ് ചെയ്ത് എടുക്കാന്‍ ആദ്യം കഷ്ടപ്പെട്ടു, എങ്കിലും പിന്നെ ആസ്വദിച്ചു
@കുമാരന്ജി : കഥ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ നന്ദി..വീണ്ടും വരണം.
@അരുണ്‍ കായംകുളം : ക്രാഫ്റ്റില്‍ ചെറിയ പരീക്ഷണങ്ങള്‍ നടത്തി നോക്കിയതാണ്....
എന്റെ സാധാരണ ശൈലിയില്‍ നിന്നും ഒന്ന് മാറ്റിപ്പിടിച്ചു....ആസ്വദിക്കാന്‍ കഴിഞ്ഞു വെന്നറിഞ്ഞതില്‍ ഏറെ സന്തോഷം
നല്ല കഥ. അരുണ്‍ പറഞ്ഞതുപോലെ എല്ലാം കൂടി കണക്റ്റ് ചെയ്തു വരാന്‍ ഒരിത്തിരി സമയം വേണം.
ഒരു നല്ല കഥ, അല്ലെങ്കില്‍ നല്ല പല കഥകള്‍, എല്ലാം കൂടെയൊരു കഥ. പിന്നെ ചിത്രോം നന്നായീ. ആരാ വരച്ചത്?
നല്ല കഥ...ഇഷ്ട്ടായി...
ശരിക്കും ടച്ചിംഗ് മുരളി, ഒരു നോവല്‍ വായിച്ചപോലെ, അതുമല്ലെങ്കില്‍ ഒരു സിനിമ കണ്ട പ്രതീതി. മനോഹരമായ ഭാഷ ശൈലി, എവിടെയും അതി ഭാവുകത്വം ഇല്ല, മനസിനെ പിടിച്ചിരുത്തിയ വരികള്‍ തന്നെ എല്ലാം, ഇന്ദു, രാമകൃഷ്ണന്, സലീന, ആദില്‍, പിന്നെ വരികളിലൂടെ അറിഞ്ഞ മറ്റൊരു അനാഥജന്മം എല്ലാം മനസ്സില്‍ തങ്ങി നില്ക്കുന്നു, പുതിയ ക്രാഫ്റ്റ് നന്നായി.
ചെളി പുരണ്ട കാല്‍പ്പാടുകള്‍ നിറഞ്ഞ വരാന്തയില്‍ കരിയിലകള്‍ വാരിയിട്ടു പോയ കാറ്റ് ആ പ്ലാവിന് കൊമ്പിനെ വിട്ടു പോകാതെ ചുറ്റിപ്പറ്റി നില്ക്കുന്നുണ്ടായിരുന്നു. (സൂപ്പര്‍ അളിയാ)
@Typist | എഴുത്തുകാരി : നന്ദി..കഥ കണക്ട് ചെയ്തു വരുന്നതിലെ ബുദ്ധിമുട്ട് ഈ കഥയിലെ ചെറിയ ഒരു പരീക്ഷണമായിരുന്നു..കഥ നടക്കുന്ന കാലം കഥയുടെ ഒഴുക്കില്‍ കൊണ്ട് വരാതെ ക്രാഫ്റ്റ് ഒന്ന് മാറ്റി നോക്കി......ആസ്വദിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
@ കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന് : കഥ ആസ്വദിച്ചതില്‍ സന്തോഷം..പിന്നെ ഈ കഥയിലെ മനോഹര ചിത്രം എന്റെ ഒരു പ്രിയ സുഹൃത്ത് വരച്ചതാണ്..താങ്കളുടെ കമന്റ് ഞാന്‍ അവള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യാം......:) :)
@ ജെന്ഷിയ : നന്ദി..വീണ്ടും കാണണം ട്ടോ..
@കുറുപ്പിന്റെ കണക്കു പുസ്തകം : ഇത് പോലെ ഒരു കഥ വായിക്കാന്‍ ആളുണ്ടാവുമോ എന്ന ഭയമായിരുന്നു ക്രാഫ്റ്റിലും അവതരണത്തിലും എല്ലാം വ്യത്യസ്തത വരുത്തുമ്പോള്‍....വായിക്കുകയും ആസ്വദിക്കുകയും ചെയ്തു എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം...
വീണ്ടും കാണണം ട്ടോ....ഞാന്‍ നിങ്ങളെയൊന്നും അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല....ഹ ഹ ..
കഥ രണ്ടു തവണ വായിച്ച പ്പോൾ ഒകെ യായി
കഥ നന്നായി. പലരും പറഞ്ഞപ്പൊലെ രണ്ടുപ്രാവശ്യം വായിക്കേണ്ടിവന്നു, എല്ലാമൊന്ന് അടുക്കിയെടുക്കാൻ
കഥയുടെ ക്രാഫ്റ്റ് അറിയാവുന്ന ഒരാളുടെ നല്ലൊരു കഥ. മുന്‍പ് സൂചിപ്പിച്ചത് പോലെ ഗ്രാഫിക്സും നന്നായി.
നല്ലൊരു വായന തന്ന കഥ.
നല്ല കഥ ...
നല്ല കഥ ...
കഥ ഇഷ്ടമായി. ഇന്ദു നല്ല കഥാപാത്രം.
കഥ പറഞ്ഞ രീതി വളരെ വ്യത്യസ്തമായി തോന്നി..വായനയുടെ യഥാര്‍ത്ഥ സുഖം പകരുന്നത് ഇതുപോലുള്ള കഥകളാണ്..അടുത്തിടെ വായിച്ചതില്‍ വച്ച് ഏറ്റവും നല്ല സാഹിത്യം.....ഒരു സാധാരണ പ്രമേയത്തെ അവതരണ രീതി കൊണ്ട് അതി മനോഹരമാക്കി..
വീണ്ടും വീണ്ടും എഴുതുക..ആശംസകള്‍
മുരളീ,,
ആ മനോഹരമായ വരികളുടെ ശൈലി ആസ്വദിച്ച് വായിച്ചു തീര്‍ന്നപ്പോ ആകെ കണ്‍ഫ്യൂഷനായി പിന്നെ ഒരാവര്‍ത്തികൂടെ വായിച്ചപ്പോള്‍ കഥയും ആസ്വദിച്ചു,
ഇത്തരം കഥകള്‍ എന്തുകൊണ്ടോ ബൂലോകത്ത് ഈയിടെ വളരെ വിരളമാണ്.
അഭിനന്ദനങ്ങള്‍
ആദ്യം ഇത്തിരി കഷ്ടപ്പെട്ട് മനസ്സ് ഉറപ്പിച്ചു നിര്‍ത്താന്‍.. പക്ഷെ പിന്നീട് ശരിക്ക് ആസ്വദിച്ചു .. നല്ല കഥ
the story was indeed good and a genuine one too....a bit lengthy though...
jamal ,
ബിന്ദു ചേച്ചി,
Shine Narithookil
siva // ശിവ
ചേച്ചിപ്പെണ്ണ്
Sukanya
Sam
ഏ.ആര്. നജീം
കണ്ണനുണ്ണി
nikhimenon
കഥ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
നന്നായിരിക്കുന്നു ... ആദ്യത്തെ അവ്യക്തത എവിടെയോ ഒക്കെ ബന്ധിപ്പിക്കാനുള്ളതെന്നു തോന്നിയിരുന്നു .. നന്നായി ആസ്വദിച്ചു വായിച്ചു .. കുറച്ചു അവ്യക്തത ഉണ്ടെങ്കിലല്ലേ വായനക്കാരന്റെ മനസ്സ് അത് തേടിക്കൊണ്ടിരിക്കൂ.. അല്ലെങ്കില്‍ വായിച്ച ഉടനെ മറന്നു കളയില്ലേ ..അല്ലെ ?
കഥ നല്ലത് തന്നെ...പക്ഷേ രണ്ടു പ്രാവശ്യം ബ്ലോഗ് ന് ചുറ്റും ഒന്ന് വട്ടം കറങ്ങേണ്ടി വന്നു;)..കഥ മനസ്സിലാക്കി എടുക്കാന്‍.....
....(((((നര്‍മം category അടച്ചു പൂട്ടാതെ...)))))....എനി ഒരു തമാശ കഥ കൂടി പോസ്റ്റ് ചെയ്യൂ.......
:)
gambheramayirikkunnu... nalla achatakkavum, kyeothukkavum..ellathinumupariyayi aa padam kathakku vallathe match cheyunnu...thangalude thanne varayano? any way, murali..kooduthal ezhuthuka..pusthakam akkan sramikkuka..
"ആ പാലത്തിണ്റ്റെ അപ്രോച്ച് റോഡിണ്റ്റെ പണി അപ്പോഴും തീര്‍ന്നിരുന്നില്ല....." നന്നായിരിക്കുന്നു മാഷെ. ലളിതമായി വായിച്ചോടിപ്പോകാന് കഴിയില്ലെന്നു മാത്രം. കട്ട് ചെയ്തുള്ള അവതരണം ഇഷ്ടപ്പെട്ടു
രചനാ ശൈലി ഇഷ്ടപ്പെട്ടു...നന്നായിരിക്കുന്നു...പക്ഷെ എല്ലാവരും പറഞ്ഞപോലെ കഥ കൂട്ടിചേർക്കാൻ ബുദ്ധിമുട്ടി
ഇത്തിരി ബുദ്ധിമുട്ടി കഥ മനസ്സിലാക്കാന്‍ ... വളരെ വ്യത്യസ്തമായി ശൈലി ... ആശംസകള്‍
ഇഷ്ടായി മാഷെ
കഥ നന്നായിരിക്കുന്നു..ഭാവുകങ്ങള്‍
ആ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി അപ്പോഴും തീര്‍ന്നിരുന്നില്ല...
(ഇത് എന്തിന്..ആവശ്യമില്ലാത്ത ദുരൂഹതകള്‍..!കഥയുടെ ഭംഗി കളയും)
കഥ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..
@ശാരദനിലാവ് : നന്ദി..ഉദ്ദേശശുദ്ദി മനസ്സിലാക്കിയതില്‍ സന്തോഷം..
@കുക്കു.. : നര്‍മം അടച്ചു പൂട്ടിയിട്ടൊന്നും ഇല്ല..ട്ടോ..അടുത്തുതന്നെ ഒരു നര്‍മം പോസ്റ്റ് ചെയ്യാന്‍ നോക്കാം..ഹ ഹ .
@Manoraj : നന്ദി..ഈ ചിത്രം വരച്ചത് എന്റെ ഒരു സുഹൃത്താണ്.
@pattepadamramji : നന്ദി വീണ്ടും വരണം..
@വരവൂരാൻ : നന്ദി..വീണ്ടും കാണണം..
@Rani Ajay : ഇവിടം സന്ദര്‍ശിച്ചതിലും കഥകള്‍ വായിച്ചതിലും സന്തോഷം..
@ഉമേഷ് പിലിക്കൊട് : നന്ദി..
@ ലക്ഷ്മി~ : കഥ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ വളരെ നന്ദി....
പിന്നെ പാലത്തിന്റെ അപ്രോച് റോഡ് എന്നത് ചെറിയൊരു ബിംബമാണ്..
പാലം രണ്ട് കരകളെ കൂടിയോജിപ്പിക്കാനുള്ളതാണെന്ന് സലീന എഴുതിയ കഥയില്‍ പറയുന്നുണ്ടല്ലോ..
ഇവിടെ രാമകൃഷ്ണന് ഈ പാലത്തില്‍ വച്ചു ചിന്തിക്കുന്നതും അതുതന്നെ..
പക്ഷെ ആ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി അപ്പോഴും തീര്‍ന്നിരുന്നില്ല...
അതായത് അപ്രോച്ച് റോഡില്ലാതെ പാലം ഉപയോഗിക്കാന്‍ കഴിയില്ലല്ലോ...
കഥയുടെ മൂഡ് അവതരിപ്പിക്കാന്‍ ചെറിയ ഒരു ബിംബം അത്രമാത്രം
aaswadichu vaayichhu..nalla katha..
കഥ നല്ലത്..
അവതരവൈതരണികൾ മറഞ്ഞും,തിരിഞ്ഞും കിടന്നിരുന്നൂ കേട്ടൊ..
പുനർവായന വെണ്ടിവന്നു
കഥ മനോഹര മായിരിക്കുന്നു തികച്ചും ആസ്വദിച്ചു വായിച്ചു. നല്ല അവതരണം. വായന കാരനെ പിടിച്ചിരുത്താന്‍ കഴിയുന്നു.
ആശംസകള്‍
വളരെ ഒതുക്കി നന്നായി കഥ പറഞ്ഞിരിക്കുന്നു . ഇഷ്ടപ്പെട്ടു ട്ടോ.
manoharamaayirikkunu..
ആദ്യം വായിച്ചത് കമന്റാണ്. പലരും രണ്ടു തവണ വായിച്ചെന്നു പറഞ്ഞതിനാല്‍ മനസ്സിരുത്തി തന്നെ വായിച്ചു തുടങ്ങി. പിന്നീട് ശരിക്കും ലയിച്ചു. നിലവാരമുള്ള കഥ.
അസ്സല് കഥ. സുന്ദരമായ ഭാഷ
നല്ല ഭാഷ.. നല്ല കഥ.
കഥ വായിച്ചു അഭിപ്രായമറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു...
Post a Comment