9 October 2009

ചങ്ങലകളുടെ തത്വശാസ്ത്രം


തേങ്ങയ്ക്ക് വിലയുണ്ടായിരുന്ന കാലത്ത് ബൂര്‍ഷ്വാ മുതലാളിയായിരുന്നു തയ്യുള്ള പറമ്പില്‍ ശങ്കരന്‍ നായര്‍....
വില കുറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അയാളെ ശങ്കരേട്ടാ എന്ന് വിളിച്ചു പോന്നു....
ചിലപ്പോള്‍ തന്റെ തെങ്ങിന്‍ തോപ്പിലെ മണ്ടരി പിടിച്ച തെങ്ങുകളോട് സംസാരിക്കാറുണ്ടായിരുന്ന അയാളെ ചില വികൃതിപ്പിള്ളേര്‍ പ്രാന്തന്‍ നായര്‍ എന്നും വിളിച്ചു..
ഒരു തേങ്ങയ്ക്ക് എട്ടു രൂപ അമ്പതു പൈസ കിട്ടിക്കൊണ്ടിരുന്ന കാലത്തായിരുന്നു അയാളുടെ ഇളയ മകന്‍ സുരേഷിന്റെ ജനനം....വയലിനോട്‌ ചേര്‍ന്നുകിടക്കുന്ന തോപ്പില്‍ നിന്നും നട്ടുച്ച നേരത്ത് ഒരു കുല തേങ്ങ വെട്ടി അത് അന്ത്രുവിന്റെ പീടികയില്‍ കൊണ്ട് പോയി വിറ്റ് ആ പൈസക്ക്‌ സിഗരട്ട് വാങ്ങി വലിച്ചു കൊണ്ടാണ് സുരേഷ് വയസ്സറിയിച്ചത് ..... സുരേഷിന്റെ തല കണ്ട അന്നുമുതലാണ് തേങ്ങയുടെ വില കുറഞ്ഞു വരാന്‍ തുടങ്ങിയതെന്ന ചിന്തയായിരുന്നു അവനെ അസുരവിത്തായി കാണാന്‍ ശങ്കരന്‍ നായരെ പ്രേരിപ്പിച്ചത്...തികച്ചും ശാന്തനായ മനുഷ്യനായിരുന്നു ശങ്കരന്‍ നായര്‍........ തന്റെ തോപ്പില്‍ വിളയുന്ന തേങ്ങകളെ സ്വന്തം മക്കളെക്കാളേറെ അയാള്‍ സ്നേഹിച്ചു.....
അയാളുടെ ജീവിതം തേങ്ങയില്‍ തുടങ്ങി തേങ്ങയിലൂടെ മാത്രം പൊയ്ക്കൊണ്ടിരുന്നു.....
ബൂര്‍ഷ്വാ മുതലാളി അല്ലാതായതിനു ശേഷം ശങ്കരേട്ടനെ പാര്‍ട്ടിയിലെടുക്കാന്‍ സ്ഥലത്തെ ചുവപ്പന്മാരും അതിനു മുന്‍പേതന്നെ മറ്റുള്ളവരും ശ്രമിച്ചിരുന്നു..പക്ഷെ രാഷ്ട്രീയപരമായി ശങ്കരന്‍ നായര്‍ എന്ത് ചിന്തിക്കുന്നുവെന്നത് അയാളുടെ പ്രിയ്യപ്പെട്ട തെങ്ങുകള്‍ക്ക് പോലും അറിയാമായിരുന്നില്ല...തേങ്ങയ്ക്ക് വിലകുറയാന്‍ ആരൊക്കെ കാരണമായോ അവരെയെല്ലാം അയാള്‍ പരസ്യമായി ചീത്ത വിളിച്ചു....

തിരുവാതിര ഞാറ്റുവേല കഴിഞ്ഞ ഒരു വെള്ളിയാഴ്ചയാണ് ശങ്കരന്‍ നായരിലേക്ക് ആസിയാന്‍ കരാര്‍ കടന്നു വരുന്നത്............................
അപ്പോളയാള്‍ കണാരന്റെ ചായപ്പീടികയില്‍ തേങ്ങകളുടെ വിലയിടിവിനെപ്പറ്റി വചാലനാനാവുകയായിരുന്നു....അതിനിടെ സഖാവ് ഭാസ്കരനാണ് ആ ഞെട്ടിപ്പിക്കുന്ന പ്രസ്താവന നടത്തിയത്.....
''നായരേ.... ഇനി നിങ്ങക്കൊക്കെ തെങ്ങ് വെട്ടിക്കളഞ്ഞു വല്ല കുന്നിക്കുരുവും നടാം..ആസിയാനാ വരാമ്പോണത് ആസിയാന്‍...!!!''
''എന്ന് വച്ചാല്‍??''
''ഇനി തേങ്ങയും നെല്ലുമൊക്കെ ശ്രീലങ്കേന്നും മലേഷ്യെന്നും തായ്‌ലാണ്ടീന്നും ഒക്കെ കുറഞ്ഞ വിലക്ക് കിട്ടാന്‍ പോവുകയാ...ഇനി നിങ്ങളുടെ തേങ്ങയൊന്നും ആര്‍ക്കും വേണ്ടി വരില്ല...''
ശങ്കരന്‍ നായര്‍ക്ക് അതൊരു പുതിയ അറിവായിരുന്നു....മണ്ടരിക്കാലത്തിനു ശേഷം മറ്റൊരു മഹാ വിപത്ത് വരാന്‍ പോകുന്നു...!!!

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോഴെല്ലാം അയാളുടെ ഉള്ളില്‍ ഭാസ്കരന്റെ വാക്കുകളായിരുന്നു...ആസിയാന്‍..!!!!....ആസിയാന്‍ കരാര്‍ തന്നെയും തന്റെ കുടുംബത്തെയും വിഴുങ്ങാന്‍ പോകുന്നതായി അയാള്‍ക്കുതോന്നി....ഒരു കേരകര്‍ഷകന് തന്റെ തേങ്ങ വില്‍ക്കാനാകാത്ത ഒരു സമൂഹത്തെ പറ്റി അയാള്‍ക്ക്‌ ചിന്തിയ്ക്കാന്‍ പോലും കഴിയുമായിരുന്നില്ല.....കാലന്‍ കോഴികള്‍ കൂവിത്തളര്‍ന്ന രാത്രികളില്‍ കട്ടപിടിച്ച കൂരിരുട്ടു സ്വപ്നം കണ്ട് നിസ്സഹായതയോടെ അയാള്‍ ഞെട്ടിയുണര്‍ന്നു...!!
ദിനങ്ങള്‍ പോകെ താന്‍ ഭയപ്പെട്ടിരുന്നത് സത്യമാകുകയാണെന്നയാള്‍ക്ക് തോന്നിത്തുടങ്ങി.....പത്രങ്ങളായ പത്രങ്ങളിലൊക്കെ ആസിയാന്‍ മാത്രം....തേങ്ങയെക്കുറിച്ച് സകലമാന കാര്യങ്ങളും അറിയാമെന്ന് സ്വയം വിശ്വസിച്ചു പോന്ന അയാളുടെ മുന്നില്‍ ഒന്നും മനസ്സിലാവാത്ത ആസിയാന്‍ കരാര്‍ വലിയൊരു സമസ്യയായി വന്നു കൊഞ്ഞനം കുത്തി.......................

വീണ്ടും ആയാളോടിയെത്തിയത് സഖാവ് ഭാസ്കരന്റെ മുന്നിലായിരുന്നു....ഭാസ്കരനാണ് അയാളെ സതീശന്‍ മാഷിന്റെ മുന്നിലെത്തിച്ചത് .....പാരലല്‍ കോളേജ് മാഷായ സതീശന്‍ നാട്ടിലെ പ്രധാന സാമ്രാജ്യത്വവിരോധിയും ബുദ്ധിജീവിയുമായിരുന്നു..... പഠിപ്പുള്ള സതീശന്‍ മാഷിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ നാട്ടുകാരോടൊപ്പം അയാളും കാതുകള്‍ കൂര്‍പ്പിച്ചു....ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു സതീശന്‍ മാഷിനു എപ്പോഴും പറയാനുണ്ടായിരുന്നത്...അയാള്‍ അവര്‍ക്ക് ക്ലാസു‌കള്‍ നല്‍കി..നെല്‍വയല്‍ നികത്തിയുണ്ടാക്കിയ രണ്ടുനിലക്കെട്ടിടത്തിലെ വീതിയേറിയ മുറിയില്‍ ഒരുപാടു ബീഡികള്‍ എരിഞ്ഞു തീര്‍ന്നു....പാവപ്പെട്ടവന്റെ ജീവിതങ്ങള്‍ തുരന്നെടുക്കുന്ന പുത്തന്‍ പരിഷ്കാരങ്ങള്‍ നിശിതമായ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു അവിടെ.......

സാമ്രാജ്യത്വ ശക്തികളുടെ പുതിയ പുതിയ ചങ്ങലക്കെട്ടുകള്‍ തങ്ങളുടെ മേല്‍ മുറുകുന്നതിനെതിരെ സതീശന്‍ പാര്‍ട്ടി പത്രത്തിലെഴുതിയ എഴുതിയ ലേഖനം ശങ്കരന്‍ നായര്‍ ഒരുപാട് തവണ വായിച്ചു...ആ വായനയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അയാള്‍ ഓടിയത് പഞ്ചായത്ത് ലൈബ്രറിയിലേക്കായിരുന്നു.... ആളില്ലാത്ത വായനശാലയിലെ പ്രാവുകള്‍ കാഷ്ടിച്ചു വച്ച പൊട്ടിയ ബഞ്ചുകളില്‍ അയാള്‍ സ്ഥിരം ഇരിപ്പുകാരനായി... വായിക്കുന്തോറും അയാള്‍ക്ക്‌ തന്റെ യൌവനം തിരിച്ചു വരുന്നത് പോലെ തോന്നി...മറ്റാരും വായിച്ചു കേടാക്കിയിട്ടില്ലാത്ത തടിയന്‍ പുസ്തകങ്ങളിലൂടെ അയാള്‍ റഷ്യയിലേക്കും ക്യൂബയിലേക്കും പറന്നു...അയാള്‍ പുതിയൊരു ലോകത്തേക്കെത്തുകയായിരുന്നു...ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ കേട്ട് അയാളുടെ ചെവികള്‍ വിറയാര്‍ന്നു......... പണ്ട് താനീ വിപ്ലവങ്ങള്‍ക്കെല്ലാം എതിരായിരുന്നല്ലോ എന്ന ചിന്ത അയാളെ വല്ലാത്ത നഷ്ടബോധത്തിലാഴ്ത്തിക്കൊണ്ടിരുന്നു....പത്രങ്ങളില്‍ വരുന്ന മറ്റു വാര്‍ത്തകള്‍ അയാളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നില്ല ....ആസിയാന്‍ മാത്രമായിരുന്നു അയാള്‍ക്കു വേണ്ടിയിരുന്നത്....മണ്ടരിക്കാലത്തിനു ശേഷം പത്രങ്ങളായ പത്രങ്ങളിലെല്ലാം തേങ്ങ നിറഞ്ഞു നില്‍ക്കുന്നതില്‍ അയാള്‍ അതിഗൂഡമായി ആഹ്ലാദിച്ചു....ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ വിപ്ലവത്തിന്റെ വഴിയെ പോകണമെന്ന ചിന്തകള്‍ അയാളില്‍ പുത്തന്‍ ചിന്തകളുടെ മഹാപ്രവാഹങ്ങള്‍ തീര്‍ത്തു.................................

ബൂര്‍ഷ്വാ ശങ്കരന്‍ നായരുടെ പുതിയ മുഖം കവലയില്‍ വന്‍ വാര്‍ത്തയായി....തേങ്ങ ഉടയ്ക്കാതെ പൊന്നാടയണിയിച്ചുകൊണ്ടായിരുന്നു ശങ്കരേട്ടന്‍ ആദരിക്കപ്പെട്ടത്‌.........ശങ്കരേട്ടനെ നേര്‍വഴിയിലേക്ക് നയിച്ച സതീശന്‍ മാഷിനു പ്രത്യേക അഭിനന്ദനവും ഉണ്ടായിരുന്നു....എല്ലാ ചങ്ങലക്കെട്ടുകളും പൊട്ടിച്ചെറിഞ്ഞു കൊണ്ട് താന്‍ പുറത്തുവന്നിരിക്കുകയാണ് എന്നാണു ശങ്കരേട്ടന് തോന്നിയത്.....ചങ്ങലകളാണല്ലോ ഒരാളെ ഭ്രാന്തനാക്കുന്നത്.....

പക്ഷെ ശങ്കരന്‍ നായര്‍ ശരിക്കും ഞെട്ടിയത് രണ്ടാഴ്ച കൂടി കഴിഞ്ഞായിരുന്നു.... പത്രത്തിലെ വാര്‍ത്ത കണ്ടപ്പോള്‍......
ചങ്ങലകള്‍ തകര്‍ത്തെറിയാന്‍ പറഞ്ഞവര്‍ തന്നെ ചങ്ങലകള്‍ തീര്‍ക്കാന്‍ പറയുന്നു...!!!
തലച്ചോറിനു തീപ്പിടിച്ച ശങ്കരന്‍ നായര്‍ സതീശന്‍ മാഷിന്റെ അടുത്തേക്കോടി...
''അല്ല മാഷേ എന്താണിത്...???''
''ഈ ചങ്ങല ആസിയാനെന്ന മഹാഭൂതത്തെ തുരത്തുവാനുള്ളതാണ്....''
''നമ്മള്‍ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞവരല്ലേ..... ''
''അത് അടിമത്തത്തിന്റെ ചങ്ങലകളായിരുന്നു.....ഇത് മഹാശക്തിയുടെയും ഒരുമയുടെയും ചങ്ങല''.....
ശങ്കരന്‍ നായര്‍ തീര്‍ത്തും വിവശനായിരുന്നു.....ചങ്ങലകളുടെ തത്വശാസ്ത്രം അയാള്‍ക്ക്‌ എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല......
അയാള്‍ക്ക്‌ എല്ലാ ചങ്ങലകളും ഒന്ന് തന്നെയായിരുന്നു.....
പരിക്ഷീണിതനായാണ് അയാള്‍ സതീശന്‍ മാഷിന്റെ അടുത്തുനിന്നും മടങ്ങിയത്.....
വീട്ടിലെത്തിയപ്പോള്‍ സുരേഷ് അയാളെ കാത്തിരിപ്പുണ്ടായിരുന്നു...
''അല്ലാ...നിങ്ങള് മനുഷ്യചങ്ങലക്ക്‌ പോക്വാ??''
ശങ്കരന്‍ നായര്‍ മൂകനായിരുന്നു...
''ഇപ്പൊ തേങ്ങക്ക് എത്ര ഉറുപ്യ ഉണ്ട്??.... ഒന്നിന് മൂന്നുറുപ്യ ....ഇനീപ്പോ ആസിയാന്‍ കരാറ് വന്നാല്‍ എത്രയാകും?? മൂന്നുറുപ്യ തന്നെ... ചെലപ്പോ അമ്പതു പൈസ കുറയുമായിരിക്കും... രണ്ടര ഉറുപ്യ.....അതോണ്ട് നിങ്ങക്കെന്ത് പണ്ടാരാ കുറയാന്‍ പോണത്....''
ശങ്കരന്‍ നായര്‍ വിവശനായി....ഇത്രയും കാലം തേങ്ങകള്‍ക്കിടയില്‍ ജീവിച്ചിട്ടുംഎനിക്കിതൊന്നും മനസ്സിലായില്ലല്ലോ...
''ഞാനീ പാര്‍ട്ടി പരിപാടിക്ക് പോകുന്നത് എല്‍ ഐ സീയില്‍ ആളെ പിടിക്കാനാ അല്ലാതെ നിങ്ങളെപ്പോലെ എനിക്കു പ്രാന്തൊന്നുമില്ല.....''.............സുരേഷ് തുടര്‍ന്നു....
''നിങ്ങളുടെ തേങ്ങ കൊണ്ടൊന്നും ഇനിയത്തെ കാലത്ത് ജീവിക്കാനാകില്ല....നിങ്ങളെ ഇളക്കിവിടുന്ന നേതാക്കന്‍മാരുണ്ടല്ലോ അവരോട് ചോദിക്ക് .... അവര് തേങ്ങയും നെല്ലും വാഴയും കൊണ്ടാണോ ജീവിക്കുന്നതെന്ന് .....വേണമെങ്കില്‍ ചൈനയിലും റഷ്യയിലും പോയി നോക്കട്ടെ എങ്ങിനെയാ അവിടെ വികസനമുണ്ടായതെന്ന്......''
''ഒരു ചങ്ങലയും കോപ്പും....''
തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ രോഷപ്രകടനവുമായി മുറുമുറുത്തുകൊണ്ട് സുരേഷ് അകത്തേക്ക് കയറിപ്പോയി.....
ശങ്കരന്‍ നായര്‍ക്ക് ഒന്നും മിണ്ടാന്‍ കഴിയുമായിരുന്നില്ല ..........
കാരണം അപ്പോളയാളുടെ തലയിലൂടെ മുഴുത്ത തേങ്ങകള്‍ ഒന്നൊന്നായി കറങ്ങി രൂപാന്തരം പ്രാപിച്ച് ഒരു വലിയ ചങ്ങല തീര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു..........
വേറെ ചിലത് പൊട്ടുവാനും...........!!!

29 comments:

Anonymous said...

കമന്റില്‍ തേങ്ങ ഉടയ്ക്കല്‍ എന്റെ വക ആകട്ടെ........
((((((((ട്ടേ))))))))))))))

മുരളി I Murali Mudra said...

പ്രിയ്യപ്പെട്ടവരെ...
ആസിയാന്‍ കരാറിനെ വെള്ള പൂശുകയല്ല....എങ്കിലും കുറെ ആണികള്‍ കയറിക്കഴിഞ്ഞ ശവപ്പെട്ടിയില്‍ ഇനിയൊരു ആണി കൂടി കയറിയാല്‍ എന്ത് സംഭവിക്കാന്‍ എന്ന തോന്നലില്‍ നിന്നും ഉടലെടുത്ത ഒരു ചിന്ത...... അത് ഒരു കഥയായി......
എല്ലാവരുടെയും അഭിപ്രായം അറിയാന്‍ താല്‍പ്പര്യമുണ്ട്....നല്ലതായാലും ചീത്തയായാലും പങ്കുവയ്ക്കുക.....

Jijo David said...

കുറിക്കു കൊള്ളുന്ന വിമര്‍ശനങ്ങള്‍....മനോഹരമായ ഭാഷയില്‍ നല്ല ഒരു കഥയിലൂടെ അവതരിപ്പിച്ചു...ആസിയാനും മനുസ്യ ചന്ങലയും എല്ലാം ആര്ക്കുവേണ്ടിയെന്ന ചോദ്യം ..............എന്തായാലും ഇവിടെ ഒടുങ്ങുന്നതു സാധാരണ കര്ഷകര്‍ തന്നെ..
ആദ്യമായാണ്‌ ഇവിടെ വരുന്നത്..മറ്റുകഥകളും വായിച്ചു..നിങ്ങള്‍ക്ക് വളരെ നല്ല ഒരു ഭാവിയുന്ട്‌
നല്ല എഴുത്ത്..തുടരുക..

ANITHA HARISH said...

Very much informative and simple. good

Anonymous said...

കരുത്തുറ്റ നടപടികളും, താങ്ങ് വിലകളും ഒക്കെ കാരണം ഒരു തേങ്ങ കര്‍ഷകന്റെ അധപതനം കണ്ടു.
പഴയ വാദങ്ങള്‍ തിരുത്തി പാര്‍ട്ടി പുതിയ മാറ്റങ്ങള്‍ സ്വീകരിക്കുന്നത് കണ്ടു,
9ബൂര്‍ഷാ ആയിരുന്ന ശങ്കരനെ, ശങ്കരേട്ടന്‍ എന്ന് വിളിക്കുന്നതിലുടെ, സഖാവ്‌ ആക്കുന്നതിലൂടെ...)
ആളുകള്‍ക്ക്‌ മനസ്സിലാവാത്ത സമരരീതികള്‍ വിമര്‍ശിക്കുന്നതും കണ്ടു..
(ശങ്കരെട്ടന്റെ അവസാനത്തെ ചിന്തയിലുടെ...)
ഒടുവില്‍ പിള്ളേര്‍ തമാശയ്ക്ക്‌ ഭ്രാന്തന്‍ എന്ന് വിളിച്ചു കളിയാക്കിയ ശന്കരെട്ടന്റെ തലയില്‍ ശരിക്കും മുഴുത്ത തേങ്ങകള്‍ കറങ്ങാന്‍ തുടങ്ങി ലെ.......

കഥ മനോഹരമായിരിക്കുന്നു.....
എഴുത്ത്‌, ഭാഷ.....
കലക്കി മുരളി.....കലക്കി....

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തൊക്കെ പറഞ്ഞാലും ഇത്തരം കരാറുകളാണ് ഇന്ത്യക്ക് ഇത്രയധികം പുരോഗത്തികൾ ഉണ്ടാക്കിയത് കേട്ടൊ

മുരളി I Murali Mudra said...

വായിച്ചു അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി..

ash said...

മുരളിക്ക് സാഹിത്യത്തില്‍ നല്ലൊരു ഭാവി ഉണ്ട്... very Good thoughts... ALL THE BEST !!!

Jenshia said...

നല്ല കഥ...

Anonymous said...

അപ്പൊ..മുരളിയും ആസിയാനെ വിടാന്‍ ഉദ്ദേശമില്ല..അല്ലെ..?ഹഹഹ കൊള്ളാം,നല്ല കഥ..

കുക്കു.. said...

അഭിപ്രായങ്ങള്‍ വ്യക്തമായി.. പറഞ്ഞിട്ടുണ്ട് കഥ യിലൂടെ..നല്ല കഥ....ഇത് പോലെ പല ശങ്കരേട്ടന്‍ മാരുടെ തലയില്‍ ചങ്ങല പൊട്ടി കഴിഞ്ഞിട്ട് ഉണ്ടാകും ...അപ്പോള്‍ ഒരു ചോദ്യം സത്യം...
"...നിങ്ങളെ ഇളക്കിവിടുന്ന നേതാക്കന്‍മാരുണ്ടല്ലോ അവരോട് ചോദിക്ക് .... അവര് തേങ്ങയും നെല്ലും വാഴയും കൊണ്ടാണോ ജീവിക്കുന്നതെന്ന് ..."

simy nazareth said...

കഥ കൊള്ളാം..

മുരളി I Murali Mudra said...
This comment has been removed by the author.
മുരളി I Murali Mudra said...

വായിച്ചു അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ആസിയാൻ കരാർ എറ്റവും പ്രതികൂലമായി ബാധിക്കാൻ പോകുന്നത് തെങ്ങുകൃഷിയെയും മത്സ്യബന്ധനത്തെയും ഈ രണ്ടു മേഖലകലുമായി ബന്ധപ്പെട്ട തൊഴിലുകൾചെയ്തു ജീവിക്കുന്നവരെയുമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരനത്തിന്റെയും ഫലമായി ഉണ്ടാകുന്ന ജനവിരുദ്ധ നടപടികളെ ഫലപ്രദമായി ചെറുക്കാൻ ഇടതുപക്ഷത്തിനു ശക്തിയില്ല.എങ്കിലും എന്തെങ്കിലും പ്രതിഷേധം പ്രകടിപ്പിക്കുന്നതുതന്നെ മിണ്ടാതിരിക്കുന്നതിനേക്കാൾ നല്ലത് എന്നു ഞാൻ കരുതുന്നു.
എന്തായാലും കഥയിലൂടെ സാമൂഹ്യ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള താങ്കളുറ്റെ ശ്രമം അഭിനന്ദനീയമാണ്.

പാഞ്ഞിരപാടം............ said...

മണ്ടത്തരം പറയാതെ ചുള്ളിക്കാടെ,

തെങ്ങുകൃഷിയും മത്സ്യബന്ധനവും ഈ കരാറിനാല്‍ തകരുമെന്നത് നമ്മുടെ നാട്ടിലെ ചിലരുടെ പ്രചരണം അല്ലെ. ആണവ കരാറെന്നാല്‍ ഇന്നാട്ടിലെ ആണവം മൊത്തം അമേരിക്കക്കാര്‍ കേറി പരിശോധിക്കും എന്നെല്ലാം പറയുന്നപോലത്തെ നംബരു...

എന്തായാലും കഥ കോള്ളാം.... നന്നായിട്ടുണ്ട്.

മുരളി I Murali Mudra said...

ശ്രി.ചുള്ളിക്കാട് സര്‍,.. ഇവിടെ വന്നതിലും അഭിപ്രായമെഴുതിയതിലും വളരെ സന്തോഷവും നന്ദിയും അറിയിച്ചുകൊള്ളുന്നു....കാഴ്ചപ്പാട് വ്യക്തമാക്കിയതില്‍ പ്രത്യേകിച്ചും..സമയം കിട്ടുമ്പോള്‍ വല്ലോഴുമൊക്കെ ഇവിടം ഒന്ന് സന്ദര്‍ശിക്കും എന്ന് പ്രതീക്ഷിക്കട്ടെ..

മുരളി I Murali Mudra said...

പാഞ്ഞിരപ്പാടം ,കഥ വായിച്ചതിലും താങ്കളുടെ കാഴ്ചപ്പാട് വ്യക്തമാക്കിയതിലും നന്ദി...

സ്വതന്ത്രന്‍ said...

വിമര്‍ശനങ്ങള്‍ കുറിക്കുകൊള്ളുന്നവ തന്നെ .പക്ഷെ ചില കാര്യങ്ങള്‍
നാം വിസ്മരിച്ചുകൂടാ ,എന്തൊക്കെ അപചയങ്ങള്‍ ഇടതു പക്ഷത്തിനു സംബവിചിട്ടുണ്ടെങ്കിലും
അവരുടെ ചില പ്രതിരോധങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പലതിന്റെയും
ദോഷങ്ങള്‍ ഇതിലും മാരകമായി നമ്മളെ ബാധിക്കുമായിരുന്നു .
എന്ത് തന്നെയായാലും നല്ല എഴുത്ത് ,ഇനിയും നന്നായി എഴുതുക

ഹരിദാസ്‌ ചെമ്മാട് said...

''നെല്‍വയല്‍ നികത്തിയുണ്ടാക്കിയ രണ്ടുനിലക്കെട്ടിടത്തിലെ വീതിയേറിയ മുറിയില്‍ ഒരുപാടു ബീഡികള്‍ എരിഞ്ഞു തീര്‍ന്നു....പാവപ്പെട്ടവന്റെ ജീവിതങ്ങള്‍ തുരന്നെടുക്കുന്ന പുത്തന്‍ പരിഷ്കാരങ്ങള്‍ നിശിതമായ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു അവിടെ.....''

ഇവിടത്തെ മാര്‍ക്സിസത്തിന്റെ മാറിയ മുഖം വ്യക്ത്തമാക്കാന്‍ ഇതിലും നല്ല വാക്കുകളില്ല.....
ഗംഭീരമായി സുഹൃത്തെ...കഥയിലെ ഉള്ളടക്കവും പറഞ്ഞ രീതിയും എല്ലാം...

Undefined said...

again and again....manassil thangunna kadhayum assayavum..ishtapettu...aswadichhu...

വയനാടന്‍ said...

സമകാലിക സാമൂഹിക കഥ നന്നായിരിക്കുന്നു; ആശയത്തോട്‌ ചില വിയോജിപ്പുകളൂണ്ടെങ്കിലും; മനോഹരമായ ഭാഷ.

ചെറുശ്ശോല said...

കഥ വളരെ നന്നായിട്ടുണ്ട് , ആധുനിക സമൂഹത്തിനു സംഭവിച്ച ചില അപചയങ്ങള്‍ ഇടതു പക്ഷ ചിന്താ ധാരയില്‍ ഉള്ളവര്കും സംഭവിച്ചു , എന്ന് കരുതി സമൂഹത്തിനു ദോഷമായി വരുന്ന കാര്യങ്ങളില്‍ അവര്‍ക്ക് പ്രതികരിക്കാന്‍ അര്‍ഹതയില്ലെന്നാണോ ? സ്വതന്റ്ര്യന്‍ പറഞ്ഞ പോലെ ഇടതു പക്ഷത്തിന്റെ പ്രതിരോധം ഇല്ലായിരുന്നെങ്ങില്‍ പലതിന്റെയും ദോഷങ്ങള്‍ ഇതിലും മാരകമായി നമ്മളെ ബാധിക്കുമായിരുന്നു

nishi said...

asiyan kararalla ethu karar vannalum nammal nannayi adhvanichu jeevikkan thayyaranenkil oru prasnavum varilla. ivide paniyedukkan alillathirikkukayanu.

InnalekaLute OrmmakaL said...

വളരെ നന്നായിട്ടുണ്ട്‌.

ബൂര്‍ഷ്വാ മുതലാളിയായ തയ്യുള്ള പറമ്പില്‍ ശങ്കരന്‍ നായരെ വെറും സഖാവു്‌ ശങ്കരേട്ടന്‍ ആക്കിയ "ആസിയന്‍" കൊള്ളാമല്ലോ !

"വയലിനോടു ചേര്‍ന്നുകിടക്കുന്ന തോപ്പില്നിന്നും നട്ടുച്ച നേരത്തു്‌ ഒരു കുല തേങ്ങ വെട്ടി അതു്‌ അന്ത്രുവിന്റെ പീടികയില്‍ കൊണ്ടുപോയി വിറ്റ് ആ പൈസയ്ക്കു്‌ സിഗരറ്റ് വാങ്ങി വലിച്ചുകൊണ്ടാണു്‌ സുരേഷ് വയസറിയിച്ചതു്‌". എന്തൊക്കെയായാലും ഈ വയസറിയിക്കലില്‍ ഒരു പുതുമയുണ്ട് കേട്ടോ !

പിന്നെ പാരലല്‍ കോളേജ് മാഷും, സാമ്രാജ്യത്വവിരോധിയും, ബുദ്ധിജീവിയുമായ സതീശന്‍ സാര്‍ വീതിയേറിയ മുറികളുള്ള രണ്ടുനില കെട്ടിടം പണിയാന്‍ നെല്‍വയല്‍തന്നെ തെരെഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ട്. നെല്‍വയല്‍ നികത്തി കെട്ടിടങ്ങള്‍ പണികഴിപ്പിച്ചിട്ടുള്ള സഖാക്കളെ ഒന്നു സൂക്ഷിക്കണം കേട്ടോ !

പഞ്ചായത്ത് ലൈബ്രറിയില്‍ പോയി "മറ്റാരും വായിച്ചു കേടാക്കിയിട്ടില്ലാത്ത തടിയന്‍ പുസ്തകങ്ങളിലൂടെ അയാള്‍ റഷ്യയിലേയ്ക്കും, ക്യൂബയിലേയ്ക്കും പറന്നു"..........ശങ്കരേട്ടന്റെ ആ പറക്കല്‍ മനസില്‍ കണ്ടപ്പോള്‍ ഒത്തിരി ചിരിച്ചു.

"ഞാന്‍ പാര്‍ട്ടി പരിപാടിയ്ക്കു പോകുന്നത് എല്‍. ഐ. സി-യിലേയ്ക്ക് ആളെ പിടിയ്ക്കാനാണു്‌, അല്ലാതെ നിങ്ങളെപ്പോലെ എനിക്കു പ്രാന്തോന്നും ഇല്ല". കുട്ടിസഖാവ് സുരേഷിന്റെ വാക്കുകള്‍ കപട രാഷ്ട്രീയക്കാരുടെ മുഖംമൂടി തുറന്നുകാട്ടി....... ഇനിയും ഇതുപോലെയുള്ള ശങ്കരേട്ടന്മാരെകുറിച്ച് എഴുതുക.........

അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു.

ഭൂതത്താന്‍ said...

കഥ വളരെ ഇഷ്ടപ്പെട്ടു ...കമ്മ്യൂനിസത്തിന്റെ സമീപകാല മൂല്യച്ചുതിയിലെക്ക് വിരല്‍ചൂണ്ടുന്ന ഒന്നായി ...പിന്നെ കഥയിലെ സുരേഷ് പറയുന്നതുപോലെ അത്ര നിസ്സാര പ്രത്യാഘാതം മാത്രമാണ് ഉണ്ടാകുകയെന്ന് ചിന്തിക്കാന്‍ വയ്യ ...ഉടമ്പടികള്‍ എല്ലാം ലാഭ കണ്ണ് ഉള്ളവതന്നെയാണ് ... അത് ഒരു പക്ഷത്തു മാത്രം നിന്നു നോക്കികാണാന്‍ കഴിയുന്നില്ല ..പിന്നെ ഉടമ്പടി പ്രകാരം നഷ്ടം കേരള കര്ഷകന് തന്നെ ...ഭൂരിഭാഗം വയലും ഫ്ലാറ്റ് ആയി കഴിഞ്ഞു ...ചെളിപുരളാത്ത നോട്ടു തേടി നമ്മള്‍ നെട്ടോട്ടം ഓടി കൊണ്ടിരിക്കുകയാണ് ...അവശേഷിക്കുന്ന കര്‍ഷകന്‍ എങ്കിലും ഓടാതെ ഇരിക്കണമെങ്കില്‍ അവനെ സംരക്ഷിചില്ലേലും ...ദ്രോഹിക്കാതെ ഇരിക്കാം അതല്ലേ നല്ലത് ..നമുക്കും വരും തലമുറക്കും

Anonymous said...

thaangal ee post cheyithathu...nammude pradaanamanthri kanikunna mandatharangal kaaranam varaan pokunna bhavishathukalude oru munnariyippanu... athinu thangale njan prethyekam abhinandikunnu

rohit said...
This comment has been removed by the author.
rohit said...

muraliyetta...., ithu vaayichathippozhaa.... idayileppozho miaa aayi poya oru edu...


kadha kollam...
oru nishpaksha vaadiyude krooramaaya haasyam... aa changala charchayil kandu..... nyc



enkilum karaaarinmelulla oru upariplava chintha maathramalle vannulloo nnoru thonnal....


may be, sankarettante chintha ennathu kondaavam lle????


nyc theme n nyc language....

kp t up...
all d bst....


orezhuthukaaranettan undennu parennathum oru gamayalle.....
:)