22 August 2009

മുല്ലപ്പൂക്കള്‍ക്ക് വെളുത്ത നിറമാണ്..........(കഥ)

മുല്ലപ്പൂക്കള്‍ എനിക്കൊരുപാട് ഇഷ്ടമാണ് .....
മുടി നിറയെ മുല്ലപ്പൂക്കള്‍ ചൂടി ചിരിച്ചുകൊണ്ടു കടന്നു പോകുന്ന സുന്ദരികളായ ചേച്ചി മാരെയും....
വീതിയേറിയ കസവ് കരയുള്ള സാരിയുടുത്തു മുടി നിറയെ മുല്ലപ്പൂക്കളും ചൂടി എന്നും ചിരിച്ച മുഖത്തോടെ കൈ വീശി കടന്നു പോകുന്ന ശാരിചേച്ചിയെയും എനിക്ക് ഒരുപാടിഷ്ടമാണ്...
അവരെ കാണാന്‍ എന്ത് ഭംഗിയാണ്....
ശാരിചേച്ചിക്ക് ഒരു സങ്കടവും ഉണ്ടാവില്ല അതല്ലേ അവര്‍ എപ്പോഴും ഇങ്ങനെ ചിരിച്ച മുഖത്തോടെയിരിക്കുന്നത്...
അവര്‍ ഇവിടെ വന്നു താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം പരിചയപ്പെട്ടത്‌
എന്നെയാണ്...
അന്നെനിക്കവര്‍ കുറെ ചോക്ലേറ്റ് തന്നു...
നിറയെ കുപ്പിവളകലിട്ട വെളുത്ത കൈ കൊണ്ടു കവിളില്‍ തലോടിക്കൊണ്ടവര്‍ ചോദിച്ചു.....
''എന്താ മോളുടെ പേര്..''???
''മിനി...''
''മിനിക്കുട്ടി ഏത് ക്ലാസ്സിലാണ് പഠിക്കുന്നെ.......??''
''എട്ടാം ക്ലാസ്സില്‍....''
അവര്‍ വെളുക്കെ ചിരിച്ചു.....''
വീട്ടില്‍ ആരൊക്കെയാ ഉള്ളേ....???''
''എനിക്ക് അമ്മ മാത്രമേയുള്ളൂ....''
''മോള് വലുതാവുമ്പോള്‍ വലിയ ആളാകണം കേട്ടോ......''
അത് പറയുമ്പോള്‍ മാത്രം അവരെന്റെ മുഖത്ത്‌ നോക്കിയില്ല....
അവരുടെ മുടിയിലെ മുല്ലപ്പൂക്കള്‍ വാടിത്തുടങ്ങിയിരുന്നു... ....
അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അമ്മയോടാണ് ദേഷ്യം തോന്നിയത്.അമ്മ കറുത്തിട്ടായത് കൊണ്ടല്ലേ ഞാനും കറുത്തു പോയത്...അമ്മമാര്‍ക്ക് നല്ല നിറം ഉണ്ടെങ്കിലേ മക്കള്‍ക്കും നല്ല നിറം കിട്ടൂ..അമ്മയ്ക്ക് കറുപ്പ് നിറമാണ് ....അതല്ലേ ഞാനും ഇങ്ങനെ ...ശാരിചെച്ചി യുടെ കൈകള്‍ കാണാന്‍ എന്തു ഭംഗിയാണ്.. വെളുത്തു കൊലുന്നനെയുള്ള കൈകള്‍..ചേച്ചി യുടെ അമ്മയുടെ കൈകളും വെളുത്തിട്ടായിരുന്നിരിക്കണം അല്ലെങ്കില്‍ ഇത്ര ഭംഗി അവര്‍ക്കെങ്ങിനെ വരാനാ...
അച്ഛന്‍ വെളുത്തിട്ട് ആയിരിക്കുമോ..????
അമ്മയോട് ചോദിച്ചാല്‍ അമ്മ അടിക്കും...10c യിലെ രശ്മി ക്കും അച്ഛനില്ല ..പക്ഷെ അവളുടെ അച്ഛന്റെ ഫോട്ടോ അവിടെയുണ്ട്.ബൈക്ക് അപകടത്തില്‍ മരിച്ചതാനത്രേ...അവളുടെ അമ്മ എപ്പോളും കരയും..അവര്‍ക്ക് അവളുടെ അച്ഛനെ ഒരുപാടിഷ്ടമായിരുന്നിരിക്കണം ....
അമ്മയോട് ചോദിയ്ക്കാന്‍ വേണ്ടി വച്ച ഒരുപാടു കാര്യങ്ങള്‍ ഉണ്ട്..ഇത്തിരി കൂടി വലുതാവട്ടെ ..എല്ലാം ചോദിക്കണം..അമ്മ അടിച്ചെക്കും.ചിലപ്പോ കരയും..എന്നാലും വേണ്ടില്ല എന്തായാലും ചോദിക്കണം..ഒരുപ്രാവശ്യം അമ്മ കരഞ്ഞോട്ടെ..
ശരിക്കും ശാരി ചേച്ചിയെപ്പോലെ ധൈര്യം ഒക്കെ ഉണ്ടാവണം..
കഴിഞ്ഞദിവസം ഒരു ഓട്ടോക്കാരനോട് അവര്‍ ഉച്ചത്തില്‍ തര്‍ക്കിക്കുന്നത്‌ കേട്ടു...എന്നെ കണ്ടപ്പോള്‍ അവര്‍ നിര്‍ത്തി.ശരിക്കും ആ ഓട്ടോക്കാരന്‍ ചീത്തയാണ്‌..ഒരുപാടു തവണ അയാളെ ചീത്ത വിളിക്കാന്‍ തോന്നിയിട്ടുണ്ട്..പക്ഷെ എന്തെങ്കിലും പറയാന്‍ വിചാരിക്കുമ്പോ ശബ്ദം വെളിയില്‍ വരില്ല...ശരീരം ഒക്കെ തളര്‍ന്നു പോകുന്നപോലെ തോന്നും..ശാരിചെച്ചി യോട് ചോദിക്കണം ധൈര്യം വരാന്‍ എന്താണ് ചെയ്യേണ്ടതെന്ന്..ഒരു ദിവസം അവരെപ്പോലെ വലിയ വലിയ ആളുകളോട് ഒക്കെ എനിക്കും സംസാരിക്കണം..പിന്നെ അവര്‍ ചൂടുന്നപോലെ മുല്ലപ്പൂക്കളും..പക്ഷെ ഭംഗി ഉള്ളവര്‍ക്കല്ലേ മുല്ലപ്പൂക്കള്‍ ചേരുക..9B യിലെ അശ്വതി യെ കാണാന്‍ എന്തു ഭംഗിയാണ്..അവളുടെ അമ്മയും നല്ല സുന്ദരി ആണ്..ആണ്‍കുട്ടികള്‍ എല്ലാവരും അവളുടെ പിറകെയാണ്..നന്ദനം ബസ്സ് ഇലെ രാജേഷ്‌ മാത്രമാണ് ..''..നിന്നെ കാണാന്‍ നല്ല ഭംഗിയുണ്ട്...''...എന്ന് പറഞ്ഞത്..അന്ന് ദേഷ്യം അഭിനയിച്ചെങ്കിലും ഉള്ളില്‍ സന്തോഷം കൊണ്ടു പോട്ടുന്നതുപോലെ ആയിരുന്നു.. സത്യമായിരിക്കുമോ????.....
പക്ഷെ കണ്ണാടിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആണ് സങ്കടം വരുന്നതു..ഈ കറുത്ത നിറം ഒരു ശാപമാണ് ....ഞാന്‍ വെറുക്കുന്ന നിറമാണ് കറുപ്പ്..ഏറ്റവും ഇഷ്ടം വെള്ളയും...ക്ലാസ്സിലെ ബ്ലാക്ക്‌ ബോര്‍ഡില്‍ നോക്കുമ്പോള്‍ പോലും പലപ്പോഴും തല ചുറ്റുന്ന പോലെ തോന്നും..
പക്ഷെ...ശാരിചേച്ചിയും ചെറുപ്പത്തില്‍ കറുത്തിട്ടു ആയിരുന്നുവത്രേ..അവര്‍ വലുതായപ്പോഴാണ്‌ വെളുത്ത നിറം വച്ചത്..ശരിയായിരിക്കും അവര്‍ ബ്യൂട്ടിപാര്‍ലര്‍ ഇല ഒക്കെ പോകാറുണ്ട്...മുഖത്തിനു നല്ല നിറം വരുത്തുന്ന്ന വിദ്യ ഒക്കെ ഉണ്ടെന്നാണ് അവര്‍ പറയുന്നത്..എന്നാലും അവരുടേത് പോലത്തെ സുന്ദരമായ ചിരി എവിടെ നിന്നു കിട്ടാനാണ്‌..മുല്ലപ്പോ പോലത്തെ പല്ലുകള്‍ ആണ് അവര്ക്കു.. പിന്നെ എന്റെ അമ്മയെ പോലെ അല്ല അവര്ക്കു സിറ്റിയില്‍ നല്ല ഒരു ജോലിയും ഉണ്ട്..
ജോലി കിട്ടിയാല്‍ ഞാന്‍ ആദ്യം അമ്മയ്ക്ക് ഒരു നല്ല സാരി വാങ്ങിക്കൊടുക്കും..
പിന്നെന്ത് ചെയ്യും???.....
ജോലി കിട്ടിക്കഴിഞ്ഞിട്ടല്ലേ...
കുറെ മുല്ലപ്പൂക്കള്‍ വാങ്ങി മുടിയില്‍ ചൂടി നടക്കണം എന്ന് എപ്പോളും ആഗ്രഹിക്കുന്ന കാര്യമാണ്...
മുല്ലപ്പൂക്കള്‍ക്കിടയില്‍ കനകാംബരത്തിന്റെ ഒരു ചെറിയ ചെണ്ടും കൂടി.....
കഴിഞ്ഞ ദിവസം ബസ്സ് സ്റ്റോപ്പില്‍ വച്ചു,മഞ്ഞു പോലെ തണുത്ത കൈകള്‍ കൊണ്ടു എന്നെ ചേര്‍ത്തുപിടിച്ച് ശാരിചേച്ചി ആ രാജേഷിനോട് പറഞ്ഞു..
...'' ഈ സുന്ദരിപ്പെണ്ണിനെ ഞാന്‍ കൊണ്ടുപോകും..'' എന്ന്....
രാജേഷ്‌ അടുത്തുള്ളത് കൊണ്ടു വേറൊന്നും ചോദിച്ചില്ല...ശരിക്കും അവര്‍ക്കെന്നെ ഇഷ്ടമാണോ??ശാരിചേച്ചി വിചാരിച്ചാല്‍ ഈ കറുത്ത മുഖം വെളുപ്പിച്ചു സുന്ദരമാക്കാന്‍ കഴിഞ്ഞാലോ...?
വലുതാവുമ്പോള്‍ വീതികൂടിയ കരയുള്ള കാഞ്ചിപുരം സാരി ഉടുത്തു നടക്കുന്നത് സ്വപ്നം കാണാറുണ്ട്‌...
സ്വപ്‌നങ്ങള്‍ സത്യമാവാരുണ്ടോ....?
അങ്ങനെയെങ്കില്‍ മുടി നിറയെ നല്ല വെളുത്ത മുല്ലപ്പൂക്കള്‍ ചൂടുകയും വേണ്ടേ..??
അതിന് നടുവില്‍ കനകാംബരത്തിന്റെ ഒരു ചെണ്ടും.....

3 comments:

Anonymous said...

katha ennu ezhuthiyathu nannayito...

Anonymous said...

minikkutti maar sookshikkuka..
shaarichechiye polullavar chuttilumund...
minikkitti yude future entaakumennu ellavarkkum ariyaam...
story is good..nalla bhasha

Suraj P Mohan said...

നേരിട്ട് പറയാതെ ഒത്തിരി കാര്യങ്ങള്‍ പറയുന്ന രീതി ഇഷ്ടപ്പെട്ടു.