21 August 2009

വേഴാമ്പലുകള്‍....

കൈയിലുള്ള ബാഗ്‌ ഇടനാഴിയിലേക്ക്‌ വലിച്ചെറിഞ്ഞു സുധി വേഗത്തില്‍ .....വേഗത്തില്‍ നടന്നു ......പറയ്യാതെ മനപൂര്‍വ്വം മറന്നുവിട്ട വാക്കുകള്‍ അപ്പോളവന്റെ തലയ്ക്കു ചുറ്റും നൃത്തം ചെയ്യുന്നുണ്ടായിരുന്നില്ല.......കണ്ണുകളില്‍ നഷ്ടബോധത്തിന്റെ നനവുകള്‍ ഉണ്ടായിരുന്നില്ല....ചിന്തകളുടെ കടിഞ്ഞാണുകള്‍ അയച്ചുവിടാതെ ശൂന്യമായ മനസ്സുമായി അവനാ ഫ്ലാറ്റിന്റെ നീളന്‍ കോണിപ്പടികള്‍ ഓടിയിറങ്ങി..... മുകളിലെ മുറിയില്‍ അരുണ ഒറ്റയ്ക്കായിരുന്നു.......അവള്‍ക്ക് ഒന്നുറക്കെ ചിരിക്കണം എന്ന് തോന്നി...വനിതാ മാസികയുടെ നടുപ്പേജിലെ ലേഖനത്തില്‍ സ്വന്തം ഫോട്ടോ അവളെ നോക്കി ചിരിച്ചു.........സുധി വലിച്ചെറിഞ്ഞു പോയ ഇനിയും എരിഞ്ഞു തീരാത്ത സിഗരട്ടുതുണ്ടില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരുന്ന പുകച്ചുരുളുകള്‍ മുറിയില്‍ അസ്വസ്ഥതയുടെ വലയങ്ങള്‍ തീര്‍ത്തു......
''വിവാഹമോചനം എന്നത് ഏറ്റവും അവസാനത്തെ കാര്യം മാത്രമാണ് ..പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം.........''
കട്ടികൂടിയ കാഞ്ചിപുരം സാരി ധരിച്ച , വെളുത്തു മെലിഞ്ഞു ഒരു ബ്രാഹ്മണ സ്ത്രീയെ ഓര്‍മിപ്പിച്ച ആ കൌണ്‍സിലറുടെ വാക്കുകള്‍ ഇപ്പോളും ചെവിയില്‍ മുഴങ്ങുന്നതായി അരുണയ്ക്ക് തോന്നി ...എവിടെയാണ് തെറ്റിയത്..?....അല്ല...എല്ലാം...എല്ലാം..തെറ്റ് തന്നെയായിരുന്നില്ലേ ?...........കുമരകം കായലിലെ ഹൌസ് ബോട്ടിലെ നേര്‍ത്ത പാശ്ചാത്യ സംഗീതവും പതിഞ്ഞ താളത്തില്‍ തുടങ്ങി മുറുകി പടര്‍ന്നു കയറുന്ന അറബി നൃത്തവും .........
''...............ഓര്‍ക്കാന്‍ ബാക്കിവച്ചിട്ടു പോയ കാര്യങ്ങള്‍ ഓര്‍മകളില്‍ കയറിവരാതിരുന്നെങ്കില്‍ ഇവിടെ ആത്മഹത്യകള്‍ നടക്കുമായിരുന്നില്ല.....മറവി ഒരു അനുഗ്രഹം ആകുന്നതു ഓര്‍മ്മകള്‍ കുഴിച്ചുമൂടപ്പെടെണ്ടി വരുമ്പോളാണ് .........''
തന്റെ ചിരിച്ച മുഖത്തിനും അരുണസുധീഷ്‌ എന്ന പേരിനും കീഴെ അടിച്ച് വന്ന ലേഖനത്തിലെ വരികള്‍ അറം പറ്റുന്നതായി അരുണയ്ക്ക് തോന്നി .വിദേശത്ത് ജനിച്ചു വളര്‍ന്നത്‌ ഒരു കുറ്റമാണെന്ന് അറിഞ്ഞത് വിവാഹത്തിന് ശേഷമായിരുന്നു..... എം ടി യെയും ബഷീറിനെയും തകഴിയെയുമൊക്കെ വായിച്ചു വളര്‍ന്ന ബാല്യം മുഴുവന്‍ അച്ഛന്‍ പറഞ്ഞു തരാറുണ്ടായിരുന്ന നാട്ടിന്‍പുറത്തിന്റെ സൌന്ദര്യവും അതിരുകളില്ലാത്ത സ്നേഹവും മാത്രമായിരുന്നു മനസ്സില്‍......അവധിക്കു നാട്ടില്‍ പോകുമ്പോള്‍ തുളുമ്പുന്ന സ്നേഹത്തിന്റെ നിറകുടങ്ങള്‍ കണ്ടു കണ്ണ് നനഞ്ഞ ദിനങ്ങള്‍...തലയിണകള്‍ നെഞ്ചോട്‌ ചേര്‍ത്തുവച്ചു അച്ഛനോട് ചേര്‍ന്ന് കിടന്ന ആ രാത്രികളില്‍ ഒരുനാള്‍ അച്ഛന്‍ പറഞ്ഞു....''നീ ഇവിടെ ഈ മണ്ണില്‍ മാത്രം ജനിക്കേണ്ടവളായിരുന്നു''.......അച്ഛനോട് നീരസം തോന്നിയിരുന്നു....പിശുക്കി കിട്ടിയിരുന്ന സ്നേഹം പോലും പകുത്തു പോകുന്നത് വേദനയോടെ അറിഞ്ഞു.....നഷ്ടപ്പെട്ട ബാല്യത്തിനു കണക്കു പറയേണ്ടത് അച്ഛന്‍ മാത്രമോ?....മുറ്റത്തു കൂട്ടിയിട്ട നെല്‍കറ്റകള്‍ മാദക ഗന്ധം പരത്തുന്ന രാത്രികളില്‍ മരുഭൂമിയിലെ കപട സ്നേഹത്തിന്റെ അഹങ്കാര പ്രകടനങ്ങളെ ശപിച്ചിട്ടുണ്ട്......ശീതീകരിച്ച മുറിക്കുള്ളില്‍ സ്നേഹം എന്നത് ഇരന്നു വാങ്ങേണ്ട ഒന്നാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ബാല്യം കടന്നുപോയിരുന്നു.........കൊതിതീരാത്ത മനസ്സിനോട് എന്നും പറഞ്ഞിരുന്നത് ഒരുനാള്‍ ഒരുനാള്‍ ഒരു തിരിച്ചു പോക്ക് ഉണ്ടെന്നായിരുന്നു...സ്നേഹം തുളുമ്പുന്ന കണ്ണുകളുമായി സുധി എന്ന ചെറുപ്പക്കാരന്‍ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ ഒരുപാട്‌ ഒരുപാടു ആഹ്ലാദിച്ചു .....ആഹ്ലാദങ്ങള്‍ മഴപ്പാറ്റകള്‍ ആണെന്ന് എവിടെയോ വായിച്ചത് അലസതയോടെ ആയിരുന്നുവെങ്കിലും,ജീവിതത്തില്‍ വാക്കുകള്‍ക്ക് ജീവന്‍ വയ്ക്കുമ്പോള്‍ വായനയുടെ ആലസ്യമോ ഉന്മാദമോ അല്ല പകരം നിരാശയോ ഒരുതരം നിസ്സംഗതയോ ആണ് അനുഭവപ്പെടുന്നത്.......ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സ്നേഹം വിവാഹജീവിതത്തിലെങ്കിലും കിട്ടുമെന്ന് കരുതിയത്‌ അതിമോഹമായിരുന്നോ എന്ന് ദിവസവും പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങളോട് പലപ്പോഴും ചോദിച്ചിട്ടുള്ളതാണ് ........ദൈവങ്ങള്‍ ഉത്തരം പറയുമെങ്കില്‍ ഇവിടെ ചോദ്യങ്ങള്‍ മാത്രമെ ഉണ്ടാവുകയുള്ളൂവായിരുന്നു.........ചോദ്യങ്ങള്‍ മാത്രം.......സ്നേഹത്തിനു വേണ്ടിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഇല്ലാത്തതായപ്പോള്‍ ശബ്ദങ്ങള്‍ മറുപടി പറഞ്ഞു...കാതടപ്പിക്കുന്ന ശബ്ദങ്ങള്‍.....ശബ്ദങ്ങള്‍ മറ്റുള്ളവരിലേക്ക് പടര്‍ന്നപ്പോള്‍ അവരതു കോടതിമുറിക്കുള്ളിലാക്കി ........അല്‍പ്പം മുന്‍പ് പടിയിറങ്ങിപ്പോയത് സ്നേഹത്തിനുള്ള അവസാനത്തെ അത്താണിയായിരുന്നു.....ഇനി ??.......
അരുണ പതുക്കെ എഴുന്നേറ്റു........സമയം വിലപ്പെട്ടതാണ്‌ എന്നാണ് അച്ഛന്‍ പഠിപ്പിച്ചിട്ടുള്ളത്‌....
അവളുടെ ഇടതു കൈത്തണ്ടയിലെ നീല ഞരമ്പുകളിലേക്ക് വേര്‍പിരിയലിന്റെ മൂര്‍ച്ച ആഴ്ന്നിറങ്ങി.....
*********************************************************************
                             സുധി അപ്പോഴും നടക്കുകയായിരുന്നു.....വേഗത്തില്‍...മോബൈല്‍ഫോണില്‍ നിന്നുയര്‍ന്ന ബീതോവന്റെ സംഗീതം അവന്റെ വേഗത കുറച്ചില്ല.. ..സുനില്‍ ആണ്... പതിനൊന്നാമത്തെ കോള്‍... ..''എനിക്ക് മനസ്സിലാവുന്നില്ല സുധീ.. ...സീ.... നിങ്ങള്‍ ലൈഫ് സ്റ്റാര്‍ട്ട്‌ ചെയ്തിട്ടേ ഉള്ളൂ ..എത്ര പ്രാവശ്യം ഞാന്‍ തന്നെ ഇതു പറഞ്ഞിരിക്കുന്നു.....നീ തിരിച്ചു പോ..ആ ആപ്ലിക്കെഷന്‍ തിരിച്ചു വാങ്ങിക്ക്.... ..എന്താടാ ഇങ്ങനെ..?''..........സുധിക്ക് ഫോണ്‍ കട്ട്‌ ചെയ്യാനാണ് തോന്നിയത്........ഉപദേശങ്ങളും സാന്ത്വനങ്ങളും കെട്ട് ചെവി തഴമ്പിച്ചു..........''നോ സുനില്‍....ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു ...എനിക്ക് വേണ്ടിയല്ല... ..അവള്‍ക്കുവേണ്ടി .''....പറയാത്ത വാചകങ്ങള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ട് ഫോണ്‍ കട്ട്‌ ചെയ്തു.....റോഡ് നു ഓരം ചേര്‍ന്ന് ഒരു കാക്ക ഒരു ചുള്ളിക്കമ്പ് കൊത്തിക്കൊണ്ടു പറന്നു പോകുന്നു.ഭാഗ്യവാന്മ്മാര്‍ സ്വന്തം കൂട് അവ സ്വയം ഉണ്ടാക്കുന്നു.....ഷാള്‍ കൊണ്ടു തലമറച്ചു ബൈക്കില്‍ കാമുകനോട് ചേര്‍ന്നിരുന്നു പോകുന്ന പെണ്‍കുട്ടി.അവര്‍ ആഘോഷിക്കുകയാണ്.ആഘോഷിക്കട്ടെ..എല്ലാവര്‍ക്കും വേണ്ടത് ആഘോഷങ്ങളാണ്.. കൂട്ടം തെറ്റി നടക്കുന്ന ആടുകളെ ആരും ശ്രദ്ധിക്കാറില്ല .............അഞ്ചാമത്തെ വയസ്സില്‍ മുറുകെ പിടിച്ച കുഞ്ഞിക്കൈകള്‍ ബലമായി വിടുവിച്ചു ചിരിച്ചമുഖവുമായി അച്ഛന്‍ പോകുമ്പോള്‍ ഉറക്കെ ഉറക്കെ കരഞ്ഞിരുന്നു...പിന്നെ തലേന്ന് രാത്രി താന്‍ പോകാതിരിക്കാന്‍ തന്നെ കെട്ടിപിണഞ്ഞു കിടക്കുന്ന ആ കൈകള്‍ എടുത്തുമാറ്റി ഒരു അഞ്ചു വയസ്സുകാരനെ പറ്റിച്ചു കൊണ്ടു നേരം പുലരും മുന്പേ അകലെ അകലെയുള്ള ഓഫീസിലേക്ക് പോകുന്ന അച്ഛന്റെ മനസ്സില്‍ എന്തായിരുന്നിരിക്കണം എന്ന് പലപ്പോളും .ചിന്തിച്ചിരുന്നിട്ടുണ്ട് ..അമ്മയെപ്പറ്റി ടീച്ചര്‍ ചോദിക്കുമ്പോള്‍ അമ്മ അകലെ ജോലിക്ക് പോയി എന്നുമാത്രമേ പറയാന്‍ അറിയുമായിരുന്നുള്ളൂ .എന്താണ് അമ്മ എന്നെ കൊണ്ടുപോകത്തത് എന്ന് ചോദിക്കാന്‍ മാത്രമുള്ള സ്നേഹമോന്നും അമൂമ്മയോട് ഇല്ലായിരുന്നു താനും ..വെറുപ്പായിരുന്നു എല്ലാത്തിനോടും ...... കളിയാക്കി ചിരിച്ച കൂട്ടുകാരന്റെ കയ്യില്‍ കോമ്പസ് വച്ചു കുത്തിയപ്പോലും വെറുപ്പ്‌ തന്നെ ആയിരുന്നു..................സ്നേഹത്തെ പറ്റി പറയുന്നവരോടും വെറുപ്പായിരുന്നു...കണ്ണ് ഇല്ലാത്തവനോട്‌ മഴവില്ലിന്റെ സൌന്ദര്യം പറയുന്നവനോട് തോന്നുന്ന അതേ വെറുപ്പ്‌....സ്വയം സൃഷ്ടിച്ച പുറംതോടിനുള്ളില്‍
ഒതുങ്ങിക്കൂടിയ ചങ്ങാതിയെ ആമ എന്ന് വിളിച്ച സഹപാഡിയെ അഭിനന്ദിക്കാന്‍ തോന്നുന്നു ഇതിലും നല്ല പേരു വേറെയില്ല ........അഹങ്കാരി ആയി മാറിയത് അരുണയെ കിട്ടിയപ്പോളാണ് .........എന്റെ എന്റേത് മാത്രം എന്നുള്ള അഹങ്കാരം................ പക്ഷെ സ്നേഹത്തിന്റെ കൊച്ചു കൊച്ചു അഹങ്കാരങ്ങള്‍ വാക്കുകളും വാചകങ്ങളും ആകുമ്പോള്‍ കാവ്യാ ഭാവനയില്ലത്തവന്റെതു വെറും വിലകുറഞ്ഞ ജല്‍പ്പനങ്ങള്‍ മാത്രമാണെന്ന് പതിയെ മനസ്സിലായി.....വിവാഹനാളില്‍ 'മെയിഡ് ഫോര്‍ ഈച്ച് അദര്‍ ' എന്നനുമോദിച്ച സുഹൃത്തിന് തെറ്റിയിരിക്കണം.......ഒറ്റപെട്ട ജീവിതം സമ്മാനിച്ച അവശേഷിപ്പുകള്‍ പുറന്തോടിനുള്ളിലെ നിറഞ്ഞ സ്നേഹത്തെ പുറത്തുകൊണ്ടു വന്നിട്ടുണ്ടാവില്ല... അതുകൊണ്ടാവണം സ്നേഹത്തിന്റെ മുകളിലും കറുത്ത ആവരണം മൂടിയപ്പോള്‍ എവിടെ വച്ചോ ഉള്ളിലെ സംഗീതത്തിന്റെ താളം പതിയെ തെറ്റുന്നതായി അറിഞ്ഞു..നേരം വൈകിയപ്പോളും സൂര്യനെ തേടുന്ന ശലഭം......കുറ്റ പെടുത്തലുകള്‍ക്കായി ഞാന്‍ ഇപ്പോളും ഇവിടെയുണ്ട്...അറിയാം ......ഒരുപിടി ചാരമായി മാറിയാലും കുറ്റ പെടുത്തലുകള്‍ അവസാനിക്കില്ല...തെറ്റുകള്‍ മുഴുവന്‍ ഇവിടെയാണ്‌ ഈ എന്റെ കയ്യില്‍......ഇത്തിരി ദൂരത്തിനപ്പുറം ഇളം പച്ച നിറമുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലെ നാലാം നമ്പര്‍ ഫ്ലാറ്റില്‍ നിറഞ്ഞ കണ്ണുകളുമായി ഇരിക്കുന്നവള്‍ പോലും...എന്റെ തെറ്റുകളുടെ അവശേഷിപ്പ് .......പക്ഷെ....അവളെങ്കിലും മനസ്സിലാക്കും എന്ന് കരുതി.... അവസാന തുള്ളിയും ഇറ്റു വീണു തീര്‍ന്നത് അവിടെ ആണ് .....പ്രകടിപ്പിക്കാത്ത സ്നേഹവും പറയാന്‍ മറന്ന വാക്കുകളും ....എല്ലാം..സുധിക്ക് നടത്തത്തിനു വേഗം പോരെന്നു തോന്നി...റെയില്‍വേ സ്റ്റേഷന്‍ന്റെ കവാടം ദൂരെ കാണാം...വേഗം എത്തണം .....ദൂരെ നിന്നും കേക്കുന്ന ആ വണ്ടിയുടെ ശബ്ദം ഈ സ്റ്റേഷന്‍ വിട്ടു പോകും മുന്‍പേ... എനിക്കവിടെ എത്തണം... അകലെ അമ്മയുണ്ട്‌ ....ഒരിക്കല്‍ കൂടി ആ മടിയില്‍ തല ചായ്ച്ചു ഒന്നു കിടക്കണം...പറയാതെ വിട്ട വാക്കുകളില്‍ ചിലതെങ്കിലും പറയാന്‍........ആ വരുന്ന വണ്ടി അമ്മയുടെ അടുത്തേക്ക്‌ എന്നെ കൊണ്ടു പോകുമോ എന്നറിയില്ല....എന്നാലും...ആ വണ്ടി ഇവിടം വിട്ടുപോകും മുന്‍പേ എനിക്കവിടെ എത്തിയേ പറ്റൂ.....

5 comments:

Undefined said...

Even in ur busy life,its nice to see ur article. u r doing a gud job...it s so interesting ur article. so many wasting deir time with usueless chatting, its nice to see ur self motivation to create something remarkable in life..wish u all the best!! :)

കാരപ്പറമ്പില്‍ ദിനേശന്‍ said...

arunaye nastapedan sadikkumo sudikku ? vivaha mochanam enna randuvakkil
paricheriyan kazhiyunnathano avarude bandam athu janmandarangalayi ullathanennariyille ee ezhuthukaranu kazhincha randara dasabdangalayi katthirikkukayayirunnille avar onnikkan ippol verpadennathu ?? sadyamano sudikko arunakko?
swayam snehikkan ariyillennavan parayumbozhum ariyille avanekal kooduthal avan mattullavare snehikkunnudennu sneham prakadippikkan ariyathathu avante tettano marimari varunna koottukarodum cheruppathil ottakkakki poya mathapithakkalodum ottapedan karanamennavan viswasikkunna sahodariyodum avanu snehamillennano parayunnathu engil ningalku tetti ezhuthukara sudiye manasilakkan kazhinjittilla ithuvare ningalku

oro khattatilum marivarunna pala veshathilum pala bhashayilum pala samskarathilum petta kootukare sarikku manasilakkano avarude reethikal manasilakkano ithiri samayam edutha avan thalkalam othungi koodathe endu cheyyum? avasana nimishangalil avanalle munpil undavarullathu ellathinum?

reethikalilulla vatyasathil avan anubhavicha nanakedukalkkum manasika prasnangalkum avaneppozhengilum parathi paranchittundo arodengilum?

kannadachu viswasicha pala kootukarum chadichappol arengilum undayirunno avanu sandvanamayi?
ellarum avaneyalle kuttapeduthiyathu?
athu kondalle avan areyum viswasikkathathu athalle avante jeevitha padam?
illa ezhuthu kara sudiye tholpikkan jeevithathinavilla sudi thirichu varum oru phinix pakshiye pole avante koottukariye avan orikkalum nashtapedilla
avan pratheeshikkatha oru nastavumilla avnte jeevithathil

tholkilla orikkalum ee sudi avan munpottu pokum arunaykoppam avan snehikkunnavarkoppam avanu sneham kanikkanariyilla snehikkane ariyu verukkanariyilla veruppu kanikkane ariyu athu manasilakki thirichu varum avante aruna ennumundavum avalavanodoppam
ithu verum vakkukalalla ithu viswasamanu sudiyude viswasam
avane jeevikkan sahayikkunna viswasam
prathisandikalil thalarathe munpottu pokan avanu tunayaya viswasam


athu kondu parayukayanu enzhuthukara

aa vandi station vittupokumbol avanundavum athil
avan talachaychu kidakkum ammayude madiyil orikkalalla orayiram pravasyam
avan thirichu varum vivaha mochanathinalla veendumoru hanimoon akhoshikkan arunayodothu

avante jeevitham manasilakkan ningalkavilla ezhuthukara athu manasilakkan jeevikkan orujanmam avane pole sadikkumo ee janmathi athu

athu kondu kathirunnu kandolum sudiye sudhiyude jeevithathe oru kadamkatha pole rasikkam ningalkathu

മുരളി I Murali Mudra said...

thanks for your comment soul voice...

Suraj P Mohan said...

ഓര്‍ക്കാന്‍ ബാക്കിവച്ചിട്ടു പോയ കാര്യങ്ങള്‍ ഓര്‍മകളില്‍ കയറിവരാതിരുന്നെങ്കില്‍ ഇവിടെ ആത്മഹത്യകള്‍ നടക്കുമായിരുന്നില്ല.. എങ്ങനെ കിട്ടി ഇങ്ങനെ ഒക്കെ എഴുതാനുള്ള അനുഭവം? ഞാന്‍ അത്ഭുതപ്പെടുന്നു... കഥകളിലെ സ്ഥായിയായ വിഷാദം എന്നെ അസ്വസ്ഥനാക്കുന്നു.

prandy said...

കുറെ വൈകിയാണ് വായിച്ചതു . കൊള്ളാം...