പതിവുപോലെ അന്നും അയാള്‍ ജ്വല്ലറിയില്‍ നിന്നും ഒരു വലിയ കുപ്പി കുടിവെള്ളം മോഷ്ടിച്ചു.
പക്ഷെ രാവിലെ അയാള്‍ പിടിക്കപ്പെട്ടത് വെള്ളം മോഷ്ടിച്ചതു കൊണ്ടായിരുന്നില്ല..
സ്വര്‍ണ്ണക്കടയില്‍ ആ സെക്ഷന്റെ വലത്തേ മൂലയില്‍ സ്ഥാപിച്ച ക്യാമറയാണ് ഇത്തവണ കള്ളനെ പിടിച്ചത് ..
രണ്ടു പവന്‍..
അയാളാ ക്യാമറകളെ വെറുക്കുന്നത് ആറുമാസത്തിനുള്ളില്‍ രണ്ടാം തവണയും ശമ്പളം കട്ടുചെയ്യപ്പെടുമേന്നോര്‍ത്തു മാത്രമല്ല..
സ്വാതന്ത്ര്യമാണ് വിഷയം..
തന്റെ സെക്ഷനില്‍ നിന്നും നഷ്ട്ടപ്പെടുന്ന ഓരോ തരി പൊന്നിനും സെയില്‍സ് മാന്‍മാര്‍ തന്നെയാണുത്തരവാദി..അവനതറിയാം..പക്ഷെ പരാജയം...അത് വിളിച്ചു പറയുന്നത് ഈ നശിച്ച ക്യാമറകളാണ്..
മേടമാസത്തിലും തണുത്തുവിറയ്ക്കുന്ന ആ കാബിനില്‍ മുതലാളിയുടെ കയ്യിലെ കാല്‍ക്കുലേറ്ററിലൂടെ അന്നത്തെ നഷ്ട്ടം വീതിക്കപ്പെട്ടപ്പോള്‍ ഏതാണ്ട് ഒന്നര മാസത്തെ ശമ്പളം പോയിക്കിട്ടി...
കണക്ക് കൂട്ടലുകള്‍ പണ്ടുമുതലേ തെറ്റിത്തുടങ്ങിയിരുന്നതുകൊണ്ട് അയാള്‍ മിണ്ടാതെ തല താഴ്ത്തി തിരിഞ്ഞു നടക്കുകയാണുണ്ടായത്...
റ്റോയ് ലറ്റ് ക്ലീനര്‍ മണക്കുന്ന കുടുസ്സുമുറിയുടെ ചുവരില്‍ ചാരി പൊതിച്ചോറു തുറക്കുന്ന ഓരോരുത്തനും നിന്ദയോടെ ചോദിച്ചതും ..."ഇത്രവണ എത്ര കിട്ടും " എന്നായിരുന്നു.....
കാരണം ഒരു സെക്ഷനില്‍ നിന്നും ഏതെങ്കിലും ആഭരണം മോഷ്ട്ടിക്കപ്പെട്ടാല്‍ അതിന്റെ വില എല്ലാ സെയില്‍സ് മാന്‍ മാരും ചേര്‍ന്ന് ഒടുക്കണം.
മോഷ്ടാക്കള്‍ പല തരത്തിലാണ്..ചിലപ്പോള്‍ അവര്‍ വരിക വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞാവും
ചിലപ്പോള്‍ കൈക്കുഞ്ഞുങ്ങളുമായി...
ഹാന്‍ഡ് ബാഗിലും പോക്കറ്റിലും കുഞ്ഞുങ്ങളുടെ ഡയപ്പറിലും വരെ ചിലര്‍ സ്വര്‍ണ്ണം ഒളിച്ചു വയ്ക്കാറുണ്ട്..
എല്ലാമറിയുന്നവര്‍ ആ ക്യാമറകളാണ്..ഓരോ മൂലയിലും തലയ്ക്കു മുകളിലും കണ്ണിമ ചിമ്മാതെ നിന്ന്‍ അവ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്നു...
അവ അയാളുടെ ശത്രുക്കളായിട്ട് ഏറെ നാളുകളായി.
തലയ്ക്കുതൊട്ടുമേലെയുള്ള ബള്‍ബ് പോലത്തെ ക്യാമറ കാണുമ്പോള്‍ ചിലപ്പോളയാള്‍ക്ക് പഴയ യൂപ്പിസ്കൂളിലെ ഹെഡ്‌മാഷിനെ യാണ് ഓര്‍മ വരിക...വലിയ കുമ്പയും ഒരു ചൂരല്‍ വടിയുമായി എപ്പോഴും കുട്ടികളെയും നിരീക്ഷിച്ചു കൊണ്ട് നടക്കുന്ന ഹെഡ് മാസ്റ്റര്‍
എങ്കിലും എല്ലാ ക്യാമറകളെയും പറ്റിച്ച് അന്നും അയാള്‍ ആരും കാണാതെ ഒരുകുപ്പി കുടിവെള്ളം മോഷ്ട്ടിച്ചു, ആ പാസ്സേജില്‍ വച്ച ആ വലിയ ബോട്ടിലില്‍ നിന്നും..
രുചിയുള്ള വെള്ളമാണ്..ഏതോ വെള്ളച്ചാട്ടത്തിന്റെ അടുത്തു നിന്നങ്ങാനും നിര്‍മിക്കുന്നതാവണം..ബോട്ടിലിലെ സ്റ്റിക്കറില്‍ ചിത്രമുണ്ട് !
.
ദിനം മുഴുവന്‍ വേട്ടയാടപ്പെട്ടുവെങ്കിലും നേരമിരുട്ടിയപ്പോള്‍ അക്ഷോഭ്യനായാണ് അയാള്‍ ജ്വല്ലറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയത്....
നഗരത്തിലെ പല കോണുകളിലും ബസ് സ്റ്റാന്റിലെ തൂണുകളിലെല്ലാം അയാള്‍ ജോലി ചെയ്യുന്ന ജ്വല്ലറിയുടെ പരസ്യമാണ്..സിനിമാതാരങ്ങളുടെ ഗ്യാരണ്ടി ചേര്‍ത്തുരുക്കിയെടുത്ത ആഭരണങ്ങള്‍..പടുകൂറ്റന്‍ ബോര്‍ഡുകള്‍...
ആരും കാണാത്ത ചിലമൂലകളിലൊക്കെ ജ്വല്ലറിയുടെ പുതിയ ആഭരണ നിര്‍മാണ ശാലയ്ക്കെതിരെയുള്ള പോസ്റ്ററുകളുമുണ്ട്.
വീട്ടിലേക്കുള്ള ബസ്സില്‍ കയറിയിരിക്കുമ്പോള്‍ അയാളുടെ മനസ്സ് പതിവില്ലാതെ പ്രക്ഷുബ്ദമായി...കണ്ണുകള്‍ മുറുക്കിയടച്ചപ്പോള്‍ പതിനഞ്ചു വര്‍ഷം ഇളപ്പമുള്ള വിപ്ലവകാരി ചിന്തയില്‍ കയറിവന്ന് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു.
"നാണമില്ലേ നിനക്ക് ഇതുപോലെ ജീവിക്കാന്‍.??"
"എന്തിന്..ഞാന്‍ കുടുംബത്തിന് വണ്ടി പണിയെടുക്കുന്നു.."
"മറ്റുള്ളവരെ പോലെയാണോ നീ..സ്വയം ചിന്തിച്ചു നോക്ക്...ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതല്ലേ...?"
ചിന്തകളില്‍ തലപെരുത്തപ്പോള്‍ അതില്‍ നിന്നും ഓടിയൊളിക്കാന്‍ അയാള്‍ ബാല്യകാലത്തിലേക്ക് തിരിഞ്ഞോടി..അവിടെ സായാഹ്നങ്ങളിലെ നാട്ടു വായനശാലയുണ്ട്..കേട്ടാല്‍ മനസ്സിലാകാത്ത വലിയവരുടെ ചര്‍ച്ചകളുണ്ട്..ചാത്തുവേട്ടന്‍റെ പലചരക്കുകടയുണ്ട്..തൊട്ടടുത്ത് ചെറിയ മുറിയില്‍ ഉമിത്തീയില്‍ ഊതിക്കൊണ്ടിരിക്കുന്ന തട്ടാന്‍ ബാലേട്ടന്‍, പിന്നെ ബാര്‍ബര്‍ കുഞ്ഞപ്പ...പലരും മരിച്ചുപോയി..
തട്ടാന്‍ ബാലേട്ടന്‍ ഇപ്പോള്‍ എവിടെയായിരിക്കും??
വീട്ടിലേക്കു പോകുന്ന വഴിയില്‍ വലിയൊരു വാകമരമുണ്ടായിരുന്നു പണ്ട്...അതിന്റെ സ്ഥാനത്ത് ഇന്ന് മുതലാളിയുടെ ആഭരണനിര്‍മ്മാണശാലയാണ് .ദിവസേന ടണ്‍ കണക്കിന് ആഭരണങ്ങള്‍ കയറ്റിപോകുന്നു..ഏതോ നാട്ടിലെ മണ്ണില്‍ നിന്നും കുഴിച്ചെടുത്ത സ്വര്‍ണ്ണത്തരികള്‍ കൊണ്ടുവന്ന് മറ്റു പല ലോഹങ്ങളും ചേര്‍ത്തുരുക്കി പകരം കേട്ടുപരിചയമില്ലാതെ പല രാസവസ്തുക്കളും ഈ മണ്ണിലും വെള്ളത്തിലും പടര്‍ത്തി വിടുന്നു....
ഒരു ഭീകരജീവിയെ പോലെ തൊട്ടുമുന്നില്‍ നിന്ന്‍ ആ ഫാക്ടറി അവനെ നോക്കി പല്ലിളിച്ചു...
തല കുനിച്ച് ആ പടുകൂറ്റന്‍ ഗേറ്റിനു മുന്നിലൂടെ അയാള്‍ വീട്ടിലേക്കു നടന്നു..
കുട്ടികള്‍ ഉറങ്ങിയിരുന്നില്ല...അയാളെ കണ്ട് ഓടി വന്നു.. വീടിനു മുമ്പിലെ വയലിനോടു ചേര്‍ന്ന തോട്ടില്‍ ചത്തുപൊങ്ങിയ മീനുകളില്‍ ഒരെണ്ണം ഇതുവരെ കാണാത്ത ഒരുതരം വലിയ മീനാണെന്നായിരുന്നു മൂത്തവന്റെ കണ്ടുപിടുത്തം..
അയാള്‍ അക്ഷോഭ്യനായി ടിവി ചാനലുകള്‍ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു...എങ്ങും സ്വര്‍ണ്ണത്തിന്റെ പരസ്യം മാത്രം..ശുദ്ധം,കലര്‍പ്പില്ലാത്തത്..
ഭക്ഷണം കഴിക്കാന്‍ നേരം പതിവുപോലെ അയാള്‍ തന്റെ ബാഗ് തുറന്ന് ആ വെള്ളക്കുപ്പിയെടുത്ത് ഡൈനിംഗ് ടേബിളില്‍ വച്ചു...
ദിവസേനയുള്ള കാഴ്ചയായത് കൊണ്ട് ഭാര്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല
കുട്ടികളെ അരികത്തിരുത്തി പതിയെ അയാള്‍ ബോട്ടിലിന്റെ അടപ്പുതുറന്നു..എന്നിട്ട് ആ വെള്ളം മുന്നിലെ ഗ്ലാസ്സുകളിലേക്ക് പകര്‍ന്നു തുടങ്ങി...!!
ആ മുഖത്തപ്പോള്‍ ഗൂഡമായ ഒരു സംതൃപ്തി അലയടിക്കുന്നുണ്ടായിരുന്നു.
6 comments:
ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്ലോഗില്‍ ഒരു പോസ്റ്റ് ഇടുന്നത്...ഇക്കാലത്തിനിടെ ഒരുപാട് മാറ്റങ്ങള്‍ വന്നു..എന്നെ ആര്‍ക്കെങ്കിലും ഓര്മ കാണുമോ??..ആരെങ്കിലുമൊക്കെ വായിക്കുമോ ആവോ..
:)
കളവ് കളവു തന്നെയല്ലെ. മറ്റാരും കാണാത്തതുകൊണ്ട് തൃപ്തിയാവുന്നതെങ്ങനെയാണാവോ...?
പിന്നെ ഒരു തരി സ്വർണ്ണത്തേക്കാൾ വിലയുള്ള കാലമാകും ഇനിയങ്ങോട്ടുള്ള വെള്ളത്തിന്റെ കാലം. അപ്പോൾ പിടിക്കപ്പെട്ടേക്കാം...!
സൂക്ഷിക്കുക....!!
ഈ തിരിച്ചു വരവിന് ഹാർദ്ദമായ സ്വാഗതം....
വീണ്ടും ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം. വായനക്കാര്‍ വളരെ കുറവാണ്.
മനുഷ്യന് ജീവിക്കാന്‍ ഒരാവശ്യവുമില്ലാത്ത സാധനമാണ് സ്വര്‍ണ്ണം. എന്നാലും എന്തൊരു പരക്കംപാച്ചില്‍!!
swarnathekkal vilayullathalle kudikkaanulla vellam.
njanum oru thirichuvaravinte pathayilaanu. 4 varshamilla. oru varsham. veendum varam.
കൂറ്റന്‍ സ്രാവുകള്‍ വിഹരിക്കും കാലം....
പൊടിമീനുകളെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാന്‍ അധോഗതി!
നല്ല രചന
ആശംസകള്‍
ജീവിതത്തിന്റെ ചില വേണ്ടപ്പെട്ട നിമിഷങ്ങളെ ഇണക്കിച്ചേർത്തുകൊണ്ടു പോകുവാനുള്ള പരക്കം പാച്ചിൽ അത്രമാത്രം.
ആശംസകൾ .
Post a Comment