Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

31 October 2008

എന്റെ വിവാഹം.

പേഴ്സണല്‍ ആയ കാര്യങ്ങള്‍ ഒന്നും തന്നെ ബ്ലോഗില്‍ എഴുതില്ലായെന്നു ബ്ലോഗ്‌ തുടങ്ങുമ്പോള്‍ തന്നെ ഒരു തീരുമാനമെടുത്തിരുന്നു.പക്ഷെ ജീവിതത്തിലെ ചില സുപ്രധാനകാര്യങ്ങള്‍ എന്റെ എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കളെയും അറിയിക്കേണ്ടേ..അതുകൊണ്ടാണ് ഈ കുറിപ്പ്‌ ..

ഏറെ നാളായി ബ്ലോഗില്‍ കയറിയിട്ട്. നാട്ടിലും വിദേശത്തുമായുള്ള തിരക്കുകളില്‍ ബൂലോകം പലപ്പോഴും അന്യമായിത്തീരുന്നു.ചില രാത്രികളില്‍ വീണു കിട്ടുന്ന ഇടവേളകളില്‍ എന്റെ പ്രിയസുഹൃത്തുക്കളുടെ ബ്ലോഗുകളിലൂടെ കയറിയിറങ്ങുമ്പോഴാണ് എല്ലാവരെയും എത്ര മിസ്‌ ചെയ്യുന്നു എന്നറിയുന്നത്.കഴിഞ്ഞ ആറേഴുമാസക്കാലം ഞാനീ ബൂലോകത്തുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. സ്വന്തബന്ധങ്ങളില്‍ നിന്നും എത്ര അകന്നുനില്‍ക്കെണ്ടിവന്നാലും  അവ ഒരിക്കലും നഷ്ടപ്പെടുന്നില്ല എന്നു ഞാന്‍ സന്തോഷപൂര്‍വ്വം മനസ്സിലാക്കുന്നത് ഈ കാലയളവിലും എന്നോട് മെയില്‍ വഴിയും ഫോണ്‍ വഴിയുമൊക്കെ സ്നേഹാന്വേഷണങ്ങള്‍ നടത്തിയ എന്റെ പ്രിയ സുഹൃത്തുക്കള്‍ മൂലമാണ്.
ഏറെ നാള്‍ എഴുതാതിരുന്നു മടിപിടിക്കുക എന്നൊരു അവസ്ഥയും ഈയിടെ വന്നുകൂടിയിട്ടുണ്ട്.നല്ല ഭാഷയില്‍ ഒരു കമന്റ്‌ പോലും എഴുതാന്‍ കഴിയുന്നില്ല.ഇനി തിരക്കുകളില്‍ നിന്നും എല്ലാം രക്ഷപ്പെട്ട്  എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് വീണ്ടും കടന്നു വരാന്‍ അതിയായ ആഗ്രഹമുണ്ട്.ഉടന്‍ തന്നെ തിരിച്ചുവരാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു.

ഇത്ര വലിയ തിരക്കുകള്‍ എന്താണെന്ന് ചോദിക്കാന്‍ വരട്ടെ, ചില സുഹൃത്തുക്കള്‍ ഒക്കെ ഓള്‍റെഡി അറിഞ്ഞകാര്യമാണ്. മറ്റൊന്നുമല്ല എന്റെ വിവാഹമാണ്.
മുരളി‍, 29, സിംഗിള്‍ എന്ന് പലയിടത്തും എഴുതിയിരുന്നതിന് ഒരു വിരാമമായി.ഇനി എന്റെ യാത്രയില്‍ ഒരാള്‍ കൂടി കൂട്ടിനുണ്ട്.എന്റെ തൊട്ടടുത്തുണ്ടായിരുന്നതറിയാതെ ഞാന്‍ ഏറെ നാള്‍ തേടിക്കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി....

ഒരു പക്ഷെ ,ഇങ്ങനെയൊക്കെ അങ്ങനെ ജീവിച്ചുപോയാല്‍ പോരെ? എനിക്ക് അച്ഛനും അമ്മയും അനിയത്തിയും കസിന്‍സും ഒക്കെയില്ലേ എന്ന് ചിന്തിച്ചു കല്യാണമേ വേണ്ടാ എന്നും പറഞ്ഞിരുന്ന എന്റെ മനസ്സില്‍, എനിക്കന്യമായിരുന്ന ചില ചിന്തകള്‍ കൊണ്ടുവന്നത് എന്റെ കസിന്‍ സിസ്റ്ററുടെ ഹസ്ബന്റ് ആണ്. പുള്ളിക്കാരന്‍ ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു...

"മുരളീ...ഞാനും ഒരു കാലത്ത് കല്യാണമൊന്നും വേണ്ട എന്നും തീരുമാനിച്ച് ഇരുന്ന ആളായിരുന്നു.പക്ഷേ വേറെ ചിലതുണ്ട്..ചില കാര്യങ്ങളൊക്കെ നമുക്ക് നമ്മുടെ സുഹൃത്തുക്കളോട് പറയാം ചിലത് അമ്മയോടും അച്ഛനോടും പറയാം ചിലവ സിസ്റ്ററോടും കസിന്‍സിനോടും പറയാം പക്ഷേ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാനും, നമ്മുടെ സുഖത്തിലും ദുഖത്തിലും എന്നും നമ്മോടോപ്പമുണ്ടാവുകയും ചെയ്യുന്ന ഒരേയൊരാളേ  ഈ ഭൂമിയിലുള്ളൂ..അതാണ്‌ ഭാര്യ...."

ആ വാക്കുകള്‍ മനസ്സിലെവിടെയൊക്കയോ ചെന്ന് കൊള്ളുന്നന്നതായി അന്നെനിക്ക് തോന്നി.
അന്നു തുടങ്ങിയ യാത്രയ്ക്കൊടുവില്‍ ഇപ്പോള്‍ എന്റെ കൂടെയും ഒരാളുണ്ട്.
'ശാലീന' എന്നാണു പേര്.
ഈ വരുന്ന നവംബര്‍ നാലാം തിയ്യതി വധൂഗൃഹത്തില്‍ വച്ചാണ് വിവാഹം.ആര്‍ഭാടവിവാഹത്തില്‍ താല്പ്പര്യമില്ലാത്തതുകൊണ്ട് ലളിതമായ ചടങ്ങുകള്‍ മാത്രം. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.

ഓഫ്‌ :
ഞാനൊരു ബ്ലോഗറാണ് എന്ന് കേട്ട നിമിഷം എന്റെ ബ്ലോഗ്‌ ഐഡി ചോദിച്ച ഭാവിവധുവിനോട് ,"ബ്ലോഗിലെ കഥകള്‍ വായിക്കുന്നതൊക്കെ കൊള്ളാം പക്ഷേ അതില്‍ 'ആത്മകഥാംശം' തിരയരുത് " എന്നൊരു ഡിമാന്‍ഡ് മാത്രമേ വച്ചുള്ളൂ..കാര്യമെന്തെന്നു എന്റെ ചങ്ങാതിമാര്‍ക്കറിയാമല്ലോ.. :) :)