ടെസ്റ്റ് റിസല്‍ട്ടും കയ്യിലെടുത്ത് ഡോക്ടറുടെ റൂമിന്റെ പടിയിറങ്ങിയപ്പോള്‍ ദീപനു നന്നായി പേടി തോന്നി.കൊളസ്ട്രോള്‍ ലവല്‍ ഒരുപാട് കൂടുതലാണ്.ബിപി യുമുണ്ട്. ഡയബറ്റിക് ആണെന്ന് കുറേ മുന്‍പേ തന്നെ അറിയാം പക്ഷെ ഇത്രയും അപകടകരമാം വിധം വര്‍ദ്ധിച്ചതറിയില്ലായിരുന്നു..
"സീ മിസ്റ്റര്‍ ദീപന്‍.ഞാന്‍ താങ്കളെ ശക്തമായി താക്കീത് ചെയ്യുകയാണ് ഇനിയെങ്കിലും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ താങ്കളൊരു ഹാര്‍ട്ട് പേഷ്യന്റ് ആയി മാറും.."
ദീപന്‍ വില്ലേജോഫീസറാണ്.അത്യാവശ്യം കൈക്കൂലി ഒക്കെ വാങ്ങുന്നത് കൊണ്ട് ഒരു രണ്ടു നില വീടിന്റെ പണിതീര്‍ന്നു.എന്നാലും പെണ്മക്കള്‍ രണ്ടെണ്ണം വളര്‍ന്നു വരുന്നുണ്ട്.ഒന്നിനെ കഴിഞ്ഞ വര്‍ഷം എല്‍ക്കേജിയില്‍ ചേര്‍ക്കാന്‍ തന്നെ രൂപാ അമ്പതിനായിരം പൊടിഞ്ഞു.ഒരുതരത്തില്‍ മെയിന്റൈന്‍ ചെയ്തു വരുമ്പോഴാണ് പുതിയ പൊല്ലാപ്പ്.ഷുഗറണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രിയ നിര്‍ബന്ധിക്കുകയാണ് ഒന്ന് പോയി ഡോക്ടറെ കാണാന്‍. ഇന്നിപ്പോ കൊളസ്ട്രോളും ബിപി യും കൂടി ഉണ്ടെന്നറിഞ്ഞപ്പോള്‍ തീര്‍ന്നു.ദീപന് വരേണ്ടിയില്ലായിരുന്നെന്നു തോന്നി.
"ഇതെല്ലാം ജീവിതശൈലീരോഗങ്ങളാണ് മിസ്റ്റര്‍ ദീപന്‍.അപകടകരമായ ഭക്ഷണശീലങ്ങളുടെയും വ്യായാമാക്കുറവിന്റെയും ഫലം."
സത്യത്തില്‍ എന്തിനാണ് വന്നതെന്ന്‍ ഡോക്ടറോട് പറയണോ എന്ന് ആലോചിച്ചതാണ്.പിന്നെ പറഞ്ഞില്ലെങ്കില്‍ പ്രിയയോട് എന്ത് സമാധാനം പറയും എന്ന് കരുതി മാത്രമാണ് ചോദിച്ചത്.
അല്ലാ ഡോക്ടര്‍ ഞാന്‍ വന്ന പ്രധാന പ്രശ്നം..അത്..
ദീപന്‍ പരുങ്ങുന്നത് കണ്ട് ഡോക്ടര്‍ ചിരിച്ചു.
"പറഞ്ഞോളൂ ദീപന്‍..എന്തിനാണ് ഡോക്ടറുടെ മുന്നില്‍ വിഷമിക്കുന്നത്.."
ദീപന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തത് കഴിഞ്ഞ ഏതാനും മാസങ്ങളായി മനസ്സിനെ വല്ലാതെ നീറ്റിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.മുപ്പത്താറാം വയസ്സില്‍ തന്നെ ഇങ്ങനെ ആയത് എന്തുകൊണ്ടാണെന്ന് ഓര്‍ക്കുമ്പോള്‍ എല്ലാ നാഡികളും തളര്‍ന്നു പോകുന്നു.എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ദീപന്‍ കരയുന്നതുപോലെയായി.
ഡോക്ടര്‍ ദീപനെ ആശ്വസിപ്പിച്ചു.
"ദീപന്‍,നിങ്ങള്‍ കരുതുന്നതുപോലെ നിങ്ങളുടെ ലൈംഗികശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടൊന്നുമില്ല.ഉയര്‍ന്ന പ്രമേഹം മൂലം ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നത് ശരിതന്നെ.അതൊക്കെ മരുന്ന് കൊണ്ടും ജീവിതരീതി ക്രമീകരണം കൊണ്ടും മാറ്റാവുന്നതെയുള്ളൂ.."
ഡോക്ടര്‍ ഭക്ഷണരീതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് താന്‍ എന്തൊക്കെയാണ് കഴിക്കാറ് എന്ന് ദീപന്‍ ആലോചിച്ചത്.
രാവിലെ രണ്ടോ മൂന്നോ മുട്ട,പിന്നെ ഇറച്ചി,മീന്‍,പൊരിച്ചതും വറുത്തതും..പിന്നെ ഇടയ്ക്കിടെ വരുന്ന പാര്‍ട്ടികളിലും സല്‍ക്കാരങ്ങളിലുമൊക്കെയായി..അങ്ങനങ്ങനെ...
"മദ്യപിക്കാറുണ്ടോ?"
"ഉണ്ട്"
"സ്മോക്കിംഗ്?"
"ഇപ്പോള്‍ നിര്‍ത്തി."
ഏതാണ്ട് പതിനഞ്ചു മിനിട്ടോളം നീണ്ട ഡോക്ടറുടെ ഉപദേശം കേട്ടുകഴിഞ്ഞപ്പോഴാണ് താന്‍ എത്ര വലിയ അപകടത്തിലാണ് എന്ന് ബോധ്യമായത്.
ഡോക്ടര്‍ കുറിച്ച് കൊടുത്ത മരുന്നുകളെല്ലാം വാങ്ങി തിരിച്ചു വീട്ടിലേക്കു വണ്ടിയോടിക്കുമ്പോള്‍ ദീപന്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നു.ഗുളികകള്‍ എടുത്തുതന്ന ഫാര്‍മസിസ്റ്റിന്‍റെ ഒരു ചോദ്യം.
"അല്ലാ..സാറിനാണോ?"
"അതെ.."
"ഇത്ര ചെറുപ്പത്തിലേ കിട്ടി അല്ലെ.."
അയാളുടെ ചോദ്യത്തില്‍ സഹതാപമാണോ പരിഹാസമാണോ എന്ന് തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ദീപന്‍.
തൊട്ടടുത്ത കടയില്‍ ആരോഗ്യമാസിക തൂങ്ങിക്കിടക്കുന്നതു കണ്ടു.
ജീവിതശൈലീ രോഗങ്ങളെ ക്കുറിച്ചുള്ള സ്പെഷ്യല്‍ പതിപ്പ് ,ഷുഗര്‍,പ്രഷര്‍,കൊളസ്ട്രോള്‍ എല്ലാം ഉണ്ട്.ഒരെണ്ണം വാങ്ങി വണ്ടിയിലിട്ടു.
വീട്ടിലെത്തിയപ്പോള്‍ പുറത്താരുടെയോ ചെരിപ്പ് കണ്ടു.അകത്ത് പ്രിയ ആരുമായോ സംഭാഷണത്തിലാണ്.വിനീതാണ്,പ്രിയയുടെ പഴയ ക്ലാസ്സ് മേറ്റ് .ഇപ്പോ എല്‍ ഐ സി ഏജന്റ്. സെഞ്ചൂറിയന്‍ കോടിപതിയോ അങ്ങനെയെന്തോ.. അയാളുടെ ആളെമയക്കുന്ന സംസാരവും കപടസ്നേഹവുമൊന്നും ദീപന് പണ്ടേ ഇഷ്ടമല്ല.രണ്ടു പോളിസി എടുത്തു കഴിഞ്ഞു.ഇനിയും എന്തിനാണാവോ.
വിനീത് ചിരിച്ചു.ചാടിയെഴുന്നേറ്റ് ഷേക്ക് ഹാന്‍ഡ് തന്നു.
"ദീപേട്ടാ വിനീത് കുറച്ചു നേരമായി വന്നിട്ട്.ആ പിന്നെ പോയ കാര്യം എന്തായി.ഡോക്ടറെ കണ്ടോ?"
പ്രിയയുടെ ചോദ്യത്തില്‍ ദീപന് അതൃപ്തി തോന്നി.ഡോക്ടറെ കണ്ട കാര്യമൊക്കെ മറ്റുള്ളവരെ അറിയിക്കുന്നതെന്തിന്?
വിനീത് ഇടപെട്ടു.
"ദീപന്‍ സര്‍ എന്താ പ്രോബ്ലം? പനിയോ മറ്റോ ആണോ? സൂക്ഷിക്കണേ ഇക്കാലത്തെ പനി..."
"അല്ല വിനീതേ, ഏട്ടന് ഷുഗറുണ്ട് കുറെ മുന്‍പേ ചെക്ക് ചെയ്തതാ..ഇപ്പൊ ഡോക്ടറെ കണ്ടു വരികയാ..."
വിനീത് തന്റെ കയ്യിലെ ടെസ്റ്റ് റിസള്‍ട്ടുകള്‍ വാങ്ങി നോക്കുമ്പോള്‍ ദീപന് തടയണമെന്നുണ്ടായിരുന്നു.പക്ഷെ നിരാശയോടെ അയാള്‍ തിരിച്ചറിഞ്ഞു.താനൊരു പ്രമേഹരോഗിയാണ്.കൂടെ കൊളസ്ട്രോളും ബിപിയും....
"ഓ ദീപന്‍ സാര്‍ ഇത് ഒരുപാട് കൂടുതലാണല്ലോ..ഷുഗര്‍ 250.കൊളസ്റ്റോള്‍ മുന്നൂറ്റി അറുപതിനും മേലെ..നല്ല കൊളസ്ട്രോള്‍ തീരെയില്ല ചീത്ത കൊളസ്ട്രോള്‍ ഒരുപാടധികം..!!"
പ്രിയ അമ്പരപ്പോടെ വിനീതിനെ നോക്കുകയാണ്.
"നിനക്കിതൊക്കെ എങ്ങനെ അറിയാം??"
"എന്റെ അമ്മാവന് ഇതെല്ലാം ഉണ്ടായിരുന്നു.ഞാന്‍ പുള്ളിയുടെ കൂടെ അല്ലായിരുന്നോ കുറേക്കാലം.പുള്ളി നാല്‍പ്പതിനു മുന്നേ പോയി.അറ്റാക്കായിരുന്നു.അല്ല ഞാന്‍ പറഞ്ഞെന്നേയുള്ളൂ.മരുന്ന് കൊണ്ട് മാറ്റാവുന്നതെയുള്ളൂ എന്നാലും സൂക്ഷിക്കണം.നേരത്തെ ഞാന്‍ പറഞ്ഞതൊക്കെ പ്രിയക്ക് ഇപ്പൊ ബോധ്യമായിട്ടുണ്ടാവുമല്ലോ."
ദീപന്റെ നെഞ്ചില്‍ കൂടുതല്‍ കനലുകള്‍ വാരിയിട്ട് വിനീത് പുറത്തേക്കിറങ്ങി.
അന്ന് രാത്രി ഊണുമേശയിലെ പ്രധാന വിഭവം കൊളസ്ട്രോള്‍ ആയിരുന്നു.
"അച്ഛാ എന്താ ഈ കൊളസ്ട്രോള്‍??"
തികച്ചും അപരിചിതമായ ഒരു സാധനത്തെപ്പറ്റി അച്ഛനുമമ്മയും നിര്‍ത്താതെ സംസാരിക്കുന്നതുകേട്ട എല്‍ക്കേജീക്കാരി സംശയം ചോദിച്ചു.
"മോളെ അത് ബ്ലഡില്‍ കാണുന്ന ഒരു സാധനമാ മെഴുകുപോലെയുള്ള...."ദീപന്‍ കുളിക്കുന്ന,പതിനഞ്ചു മിനിട്ടോളം സമയത്ത് ആരോഗ്യമാസിക വായിച്ചു നേടിയെടുത്ത അറിവോടെ പ്രിയ പറഞ്ഞു.
നാലാം ക്ലാസ്സുകാരിക്ക് അല്‍പ്പം കൂടി അറിവുണ്ട്.
"ഹാര്‍ട്ട് അറ്റാക്ക് വരുത്തുന്ന സാധനം അല്ലേ അമ്മെ? അച്ചാച്ചന്‍ മരിച്ചത് അങ്ങനെയല്ലേ?"
തെല്ല് സംശയത്തോടെ നാലാം ക്ലാസ്സ്കാരി ചോദിക്കുന്നത് ദീപന്‍ വേദനയോടെ കേട്ടു.ഇടയ്ക്ക് പ്രിയയുടെ മുഖത്തേക്ക് പാളിനോക്കിയപ്പോള്‍ ആ മുഖം ഇരുണ്ടിരിക്കുന്നത് കണ്ടു.
"ഇനി ഇവിടെ പൊരിച്ച മീനും ഇറച്ചിയും ഒന്നും ഉണ്ടാവില്ല.നാളെ മുതല്‍ എല്ലാം നിര്‍ത്തുവാ.."
ഗൌരവത്തോടെ അമ്മ പറഞ്ഞത് കേട്ട് മക്കള്‍ പരസ്പരം നോക്കി.കാര്യമായ കുഴപ്പം എന്തോ ഉണ്ട് എന്ന് രണ്ടാള്‍ക്കും മനസ്സിലായി പക്ഷെ പൊരിച്ചമീനിനും ഇറച്ചിക്കും എന്താണ് പ്രശ്നമെന്നു മാത്രം എല്‍ക്കേജീക്കാരിക്ക് മനസ്സിലായില്ല.മുഖം ഇങ്ങനെയിരിക്കുന്ന സമയത്ത് അമ്മയോട് വല്ലതും ചോദിച്ചാല്‍ തല്ലുകിട്ടുമെന്ന മുന്‍ അനുഭവമുള്ളതുകൊണ്ടുമാത്രം പ്ലേറ്റിലെ മീന്‍ മെല്ലെ പൊളിച്ചുതിന്ന്‍ അവള്‍ മിണ്ടാതിരുന്നു.
ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ പ്രിയ ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നത് ദീപന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.മൊബൈലില്‍ ഒന്ന് രണ്ടു കോളുകള്‍ വന്നത് അറ്റന്‍ഡ് ചെയ്യാന്‍ പോലും ദീപന് തോന്നിയില്ല.
രാത്രി ഉറങ്ങാന്‍ കിടക്കുന്നേരം പ്രിയ പറഞ്ഞു.
"അതേയ്.."
"ഉം.."
"സൂക്ഷിക്കണം.."
ദീപന്‍ മിണ്ടിയില്ല.പ്രിയ പതിവിലും സുന്ദരിയാണെന്ന് അയാള്‍ക്ക് തോന്നി.
പിന്നെ ഒരു നെടുവീര്‍പ്പോടെ തിരിഞ്ഞുകിടന്നു.
പിറ്റേ ദിവസം ഓഫീസില്‍ എത്തിയപ്പോള്‍ തന്നെ എതിരേറ്റത്.യു ഡി ക്ലര്‍ക്ക് പരമേശ്വരനാണ്.വെളുക്കെ ചിരിച്ചുകൊണ്ടയാള്‍ ചോദിച്ചു.
"അല്ലാ PSC ലിസ്റ്റില്‍ കയറി അല്ലേ??"
"PSC യോ??".. താന്‍ ഡിപ്പാര്‍ട്ടുമെന്‍റ് ടെസ്റ്റൊന്നും എഴുതിയിട്ടില്ലല്ലോ എന്ന് സംശയിച്ച് ദീപന്‍ ചോദിച്ചു.
"അതേന്നേ..പ്രഷറ്,ഷുഗറ്,കൊളസ്ട്രോള്...എന്നോട് ആ ലാബിലെ ചന്ദ്രനാ പറഞ്ഞത്. പേടിക്കേണ്ട..അത്യാവശ്യമൊക്കെ എനിക്കും ഉണ്ട്.വെല്‍ക്കം റ്റു ദി ക്ലബ്..."
ഓഫീസില്‍ മിക്കവാറും ഈ വിശേഷം തന്നെയാണ് ചോദിച്ചത്.പലര്‍ക്കും അളവുകള്‍ എത്രയാണെന്ന് അറിയണം.പലരും പറഞ്ഞത് ഫുഡ് നന്നായി കണ്‍ട്രോള്‍ ചെയ്യണമെന്നാണ്.പഞ്ചസാര തൊടരുത്.ചോറ് കുറയ്ക്കണം.വറുത്തതും പൊരിച്ചതും നോക്കുകപോലുമരുത്.ഉപ്പ് കുറയ്ക്കണം.മദ്യപിക്കുന്നതിനെ പറ്റി ചിന്തിക്കുക പോലുമരുത്...എങ്കിലും ചിലരൊക്കെ ഇതൊക്കെ നോക്കിയാല്‍ ജീവിക്കാന്‍ പറ്റില്ലെന്നും റിസല്‍ട്ടുകളെയൊക്കെ അവഗണിച്ചു ആവുന്ന കാലം നന്നായി ഭക്ഷണം കഴിച്ചു മരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു.പക്ഷെ അങ്ങനെ ജീവിച്ചു നാല്‍പ്പതു വയസ്സുപോലും തികയും മുന്‍പേ അറ്റാക്കും സട്രോക്കും ഒക്കെ വന്നു മരിച്ച ഒരുപാട് പേരുടെ ഉദാഹരണങ്ങള്‍ നിരത്തി പലരും ആ വാദത്തെ ഖണ്ഡിച്ചു.
ദീപന് വല്ലാതെ വേവലാതി തോന്നി.
അന്ന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്ന ആരുടെ കയ്യില്‍ നിന്നും അയാള്‍ കൈക്കൂലി വാങ്ങിയില്ല.
ഭക്ഷണത്തില്‍ ഉപ്പുകുറഞ്ഞതും പൊരിച്ചമീനിന്റെ അഭാവവുമൊക്കെ വീട്ടില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരുന്നില്ല.പൊരിച്ചമീനില്ലാതെ ചോറ് കഴിക്കില്ലെന്നു പ്രഖ്യാപിച്ച എല്‍ക്കേജീക്കാരിയെ സമാധാനിപ്പിക്കാന്‍ അടുത്തദിവസം ഒരു ചോക്കലേറ്റ് ഐസ്ക്രീം ഓഫര്‍ ചെയ്യേണ്ടി വന്നു.കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ ദീപന്‍ പ്രിയയോട് നിര്‍ദേശിച്ചത് അവള്‍ ഒരു പുച്ഛത്തോടെ തള്ളിക്കളഞ്ഞത് അയാളില്‍ ചെറിയ മനപ്രയാസമുണ്ടാക്കാതിരുന്നില്ല.
പിറ്റേന്നു രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് ഓടാന്‍ തുടങ്ങിയപ്പോഴാണ് ദീപന്‍ ശരിക്കും ഞെട്ടിയത്.
റോഡില്‍ ഒരുപാടുപേര്‍ ഓടുന്നു.പ്രായമായവരും മധ്യവയസ്കരും യുവാക്കളും സ്ത്രീകളും.!! തന്റെ വീടിന്റെ തൊട്ടുമുന്നിലെ റോഡിലൂടെ ഇത്രയും പേര്‍ ദിവസവും രാവിലെ നടക്കുകയും ഓടുകയും ചെയ്യുന്നുണ്ടെന്ന് ഗോപന് പുതിയ അറിവായിരുന്നു.ഒരുപാടുകാലമായി രാവിലെ അഞ്ചുമണി കാണാതിരുന്ന ദീപനും അതിലൊരാളായി ഓടിത്തുടങ്ങി.എങ്കിലും തൊട്ടടുത്തദിവസം തന്നെ കാലിന്റെ മസിലിനു നല്ല വേദന അനുഭവപ്പെട്ടതുമൂലം ഒന്നുരണ്ടു ദിവസം കൊണ്ടു തന്നെ ഓട്ടം നിര്‍ത്തുകയും ചെയ്തു.
ഏട്ടന് ഷുഗറും കൊളസ്ട്രോളുമാണെന്നു പറഞ്ഞ് പ്രിയ ബന്ധുക്കളെ മിക്കവരെയും വിളിച്ച് കഴിക്കാന്‍ പറ്റിയ പച്ചക്കറികളുടെയും നാട്ടുമരുന്നുകളുടെയുമൊക്കെ ലിസ്റ്റെടുത്തിരുന്നു.കൂടെ ചില ആയുര്‍വേദമരുന്നുകളും.ആദ്യമൊക്കെ പ്രിയ നിര്‍ബന്ധിച്ചു എല്ലാം കഴിപ്പിക്കുമായിരുന്നു പിന്നെ അതും നിന്നു.
ആദ്യത്തെ രണ്ടാഴ്ചയോളം ഡൈനിംഗ് ടേബിളില്‍ നിഷിദ്ധമായിരുന്ന പൊരിച്ചമീനും അച്ചാറും പപ്പടവുമെല്ലാം പിന്നീട് പതുക്കെ പ്രത്യക്ഷപ്പെട്ടുതുടങ്ങി.ഏതെങ്കിലുമൊരു ഡോക്ടര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നു കരുതി അതൊന്നും ഒഴിവാക്കേണ്ടെന്ന അഭിപ്രായമായിരുന്നു പ്രിയയ്ക്ക്. ഉദാഹരണത്തിന് തന്റെ അച്ഛനെയാണ് പ്രിയ ചൂണ്ടിക്കാട്ടിയത്
"നോക്കിക്കേ അച്ഛന് ഷുഗറും കൊളസ്ട്രോളും ഒക്കെയുണ്ട് എന്നിട്ടും ഈ അന്‍പെത്തെട്ടാം വയസ്സിലും അച്ഛന് ഒരു കുഴപ്പവുമില്ല.."
"എങ്ങനെയാ ഈ ഉപ്പില്ലാതെയും എണ്ണയില്ലാതെയും ഭക്ഷണം കഴിക്കുന്നത്...ഹോ...."
പ്രിയ പലപ്പോഴും പറഞ്ഞു.
ആദ്യമൊക്കെ കുട്ടികളും പ്രിയയും വറുത്തതും പൊരിച്ചതുമെല്ലാം കഴിക്കുന്നത് നോക്കിയിരിക്കാറുണ്ടായിരുന്ന ദീപനും പിന്നെപ്പിന്നെ കൊളസ്ട്രോളിനെ താനെന്തിനു ഭയപ്പെടുന്നെന്നു തോന്നാന്‍ തുടങ്ങി.സഹപ്രവര്‍ത്തകന്റെ മകന് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയ ദിവസം രാത്രിയിലെ പാര്‍ട്ടിയിലാണ് കുറെ ദിവസങ്ങള്‍ക്കുശേഷം ദീപന്‍ വീണ്ടും മദ്യപിച്ചു തുടങ്ങിയത്. തന്റെ ചില സഹപ്രവര്‍ത്തകരും പ്രിയയുമൊക്കെ പറഞ്ഞത് പോലെ ജീവിക്കുന്നതാണ് നല്ലതെന്നു അയാള്‍ക്ക് തോന്നി. കുറച്ചു കൊളസ്ട്രോളും ഷുഗറുമൊക്കെ ഉണ്ടെന്നു കരുതി എന്തിനു വെറുതെ ജീവിതം ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നു??.പഞ്ചസാര ആദ്യമൊക്കെ തീര്‍ത്തും ഉപേക്ഷിച്ചിരുന്നെങ്കിലും പിന്നീട് മധുരപലഹാരങ്ങളും പായസവുമൊക്കെ വീണ്ടും ജീവിതത്തിലേക്ക് കടന്നു വന്നു.എങ്കിലും ചിലപ്പോഴൊക്കെ ദീപന് കുറ്റബോധം തോന്നാറുണ്ടായിരുന്നു.അപ്പോഴൊക്കെ നെടുവീര്‍പ്പുകള്‍ക്ക് വിരാമമിട്ട് പ്രിയ ഉറങ്ങാന്‍ വരുന്നതിനു മുന്‍പ് കിടന്നുറങ്ങുകയോ ഉറക്കം നടിച്ച് കിടക്കുകയോ ആണ് പതിവ്.
രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞ് ഓഫീസില്‍ വച്ചാണ് ദീപന് നെഞ്ചുവേദന അനുഭവപ്പെട്ടത്.വല്ലാതെ കൊളുത്തിപ്പിടിക്കുന്ന ഒരു വേദന.ഇടതുനെഞ്ചില്‍ നിന്നും..തോളിലും കൈയ്യിലുമൊക്കെ നല്ല വേദനയും വിറയലും..വിയര്‍ത്തു കുളിച്ച് അല്‍പ്പനേരം അകത്തെ റൂമില്‍ പോയി കിടന്നു. അല്‍പ്പസമയത്തിനു ശേഷം കുറച്ചു ആശ്വാസം തോന്നിയതുകൊണ്ട് ഉച്ചയ്ക്കുശേഷമാണ് ദീപന്‍ ഡോക്ടറെ പോയി കണ്ടത്. അവിടെവച്ചെടുത്ത ഇസിജി സൂക്ഷ്മമായി നിരീക്ഷിച്ച് ഡോക്ടര്‍ പറഞ്ഞു.
"ദീപന്‍ പേടിക്കരുത് അതൊരു അറ്റാക്ക് ആണ്.ചിലരില്‍ അങ്ങനെയാണ് വലിയ വേദന ഒന്നും കാണില്ല.ഒന്ന് രണ്ടിടത്ത് ബ്ലോക്കുണ്ടെന്നു തോന്നുന്നു..വലിയ അറ്റാക്ക് വരാതിരുന്നത് ഭാഗ്യമെന്നു വേണം കരുതാന്‍... വളരെ സൂക്ഷിക്കണം ഇന്ന് ഞാന്‍ തരുന്ന ഗുളികകള്‍ കഴിച്ചു വിശ്രമിച്ചോളൂ..അടുത്ത ദിവസം കാര്യമായ ചെക്കപ്പിനായി വരണം ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ മറ്റോ വേണ്ടി വരുമോ എന്നു നോക്കണം..യാതൊരു കാരണവശാലും ഗുളിക കഴിക്കാന്‍ മറക്കരുത്.... "
തീര്‍ത്തും പരിക്ഷീണിതനായി ദീപന്‍ കണ്‍സല്‍ട്ടിംഗ് റൂമിനു പുറത്തിറങ്ങി.
വീടിന്റെ ഗേറ്റ് തുറന്നു അകത്തുകയറുമ്പോഴുണ്ട് വിനീത് ഇറങ്ങി വരുന്നു.പതിവുപോലെ ചിരിച്ചുകൊണ്ട് വിനീത് കൈപിടിച്ച് കുലുക്കി.
"ഞാന്‍ കുറച്ചു മുരിങ്ങയില കൊണ്ടുവന്നിട്ടുണ്ട്.കൊളസ്ട്രോളിനും ബിപിക്കും മുരിങ്ങയില ബെസ്റ്റാ.. എന്റെ വീട്ടില്‍ ഇഷ്ടം പോലെയുണ്ട്.ഞാന്‍ ഇനിയും കൊണ്ടുവരാം.പിന്നെ പ്രിയയോട് ചില പോളിസിയുടെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞിട്ടുണ്ട് ഒന്ന് നോക്കണേ..."
റോഡിലൂടെ വന്ന ഓട്ടോയില്‍ കയറി പോകുമ്പോഴും വിനീത് ആംഗ്യരൂപേണ പോളിസിയുടെ കാര്യം പറയുന്നുണ്ടായിരുന്നു.മുറിയിലെത്തി ബാഗ് ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ കിടക്കയിലേക്ക് ചാഞ്ഞു.
പ്രിയ കൊണ്ടുവന്ന ചായ ഒരു കവിള്‍ കുടിച്ചു നോക്കി.
നല്ല മധുരം.
കപ്പ് മാറ്റിവച്ച് പ്രിയയെ നോക്കിയപ്പോള്‍ അവളെന്തോക്കയോ പേപ്പറുകള്‍ തിരയുകയാണെന്നു കണ്ടു. എല്ലാം പറഞ്ഞാലോ എന്നു ചിന്തിച്ചു.പിന്നെ കുട്ടികളൊക്കെ ഉറങ്ങിക്കഴിഞ്ഞാകാം എന്നു കരുതി.
രാത്രി ബെഡ് റൂമിലെ ലൈറ്റണച്ച് കണ്ണുതുറന്നു കിടക്കുന്നതിനിടെ പ്രിയ പതുക്കെ പറഞ്ഞു.
"ഇന്നു വിനീത് ഒന്നു രണ്ടു പോളിസിയുടെ കാര്യം പറഞ്ഞിരുന്നു."
"എന്ത് പോളിസി??"
"ലൈഫ് ഇന്‍ഷൂറന്‍സ്...."
"അതിനു നമ്മുടെ കയ്യില്‍ ഒരെണ്ണമില്ലേ.."
"അതിന് എമൌണ്ട് കുറവല്ലേ..എട്ടു ലക്ഷമല്ലേ ഉള്ളൂ..ഇത് പതിനഞ്ചും ഇരുപത്തഞ്ചും ലക്ഷം വീതമുള്ളതാ..പ്രീമിയം ഇത്തിരി കൂടിയാലും..."
ദീപന്‍ കണ്ണുകളിറുക്കിയടച്ചു.
"...കുറച്ചു മുന്‍കരുതല്‍ ഒക്കെ എടുക്കുന്നത് നല്ലതല്ലേ....."
പ്രിയ പൂര്‍ത്തിയാക്കി.
ദീപന് ഇരുട്ടില്‍ പ്രിയയുടെ മുഖം കാണാന്‍ കഴിഞ്ഞില്ല,കാണണമെന്ന് അയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും...
കടുത്ത രക്താതിസമ്മര്‍ദത്തില്‍ കുതിച്ചുചാടിയ ചുവന്ന രക്തം അയാളുടെ നേര്‍ത്ത ധമനികളിലെ ഇടുങ്ങിയ കൊളസ്ട്രോള്‍ ഭിത്തികളിലൂടെ കടന്നു പോകാന്‍ പാടുപെടുകയായിരുന്നു.
6 July 2010
Subscribe to:
Posts (Atom)


