6 July 2010

കൊളസ്ട്രോള്‍

ടെസ്റ്റ്‌ റിസല്‍ട്ടും കയ്യിലെടുത്ത് ഡോക്ടറുടെ റൂമിന്റെ പടിയിറങ്ങിയപ്പോള്‍ ദീപനു നന്നായി പേടി തോന്നി.കൊളസ്ട്രോള്‍ ലവല്‍ ഒരുപാട് കൂടുതലാണ്.ബിപി യുമുണ്ട്. ഡയബറ്റിക് ആണെന്ന് കുറേ മുന്‍പേ തന്നെ അറിയാം പക്ഷെ  ഇത്രയും അപകടകരമാം വിധം വര്‍ദ്ധിച്ചതറിയില്ലായിരുന്നു..

"സീ മിസ്റ്റര്‍ ദീപന്‍.ഞാന്‍ താങ്കളെ ശക്തമായി താക്കീത് ചെയ്യുകയാണ് ഇനിയെങ്കിലും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ താങ്കളൊരു ഹാര്‍ട്ട് പേഷ്യന്റ് ആയി മാറും.."

ദീപന്‍ വില്ലേജോഫീസറാണ്.അത്യാവശ്യം കൈക്കൂലി ഒക്കെ വാങ്ങുന്നത് കൊണ്ട് ഒരു രണ്ടു നില വീടിന്റെ പണിതീര്‍ന്നു.എന്നാലും പെണ്മക്കള്‍ രണ്ടെണ്ണം വളര്‍ന്നു വരുന്നുണ്ട്.ഒന്നിനെ കഴിഞ്ഞ വര്‍ഷം എല്‍ക്കേജിയില്‍ ചേര്‍ക്കാന്‍ തന്നെ രൂപാ അമ്പതിനായിരം പൊടിഞ്ഞു.ഒരുതരത്തില്‍ മെയിന്റൈന്‍ ചെയ്തു വരുമ്പോഴാണ് പുതിയ പൊല്ലാപ്പ്‌.ഷുഗറണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രിയ നിര്‍ബന്ധിക്കുകയാണ് ഒന്ന് പോയി ഡോക്ടറെ കാണാന്‍. ഇന്നിപ്പോ  കൊളസ്ട്രോളും ബിപി യും കൂടി ഉണ്ടെന്നറിഞ്ഞപ്പോള്‍ തീര്‍ന്നു.ദീപന് വരേണ്ടിയില്ലായിരുന്നെന്നു തോന്നി.

"ഇതെല്ലാം ജീവിതശൈലീരോഗങ്ങളാണ് മിസ്റ്റര്‍ ദീപന്‍.അപകടകരമായ ഭക്ഷണശീലങ്ങളുടെയും വ്യായാമാക്കുറവിന്റെയും ഫലം."
സത്യത്തില്‍ എന്തിനാണ് വന്നതെന്ന്‍ ഡോക്ടറോട് പറയണോ എന്ന് ആലോചിച്ചതാണ്.പിന്നെ പറഞ്ഞില്ലെങ്കില്‍ പ്രിയയോട് എന്ത് സമാധാനം പറയും എന്ന് കരുതി മാത്രമാണ് ചോദിച്ചത്.
അല്ലാ ഡോക്ടര്‍ ഞാന്‍ വന്ന പ്രധാന പ്രശ്നം..അത്..
ദീപന്‍ പരുങ്ങുന്നത് കണ്ട് ഡോക്ടര്‍ ചിരിച്ചു.
"പറഞ്ഞോളൂ ദീപന്‍..എന്തിനാണ് ഡോക്ടറുടെ മുന്നില്‍ വിഷമിക്കുന്നത്.."
ദീപന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തത് കഴിഞ്ഞ ഏതാനും മാസങ്ങളായി മനസ്സിനെ വല്ലാതെ നീറ്റിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.മുപ്പത്താറാം വയസ്സില്‍ തന്നെ ഇങ്ങനെ ആയത് എന്തുകൊണ്ടാണെന്ന് ഓര്‍ക്കുമ്പോള്‍ എല്ലാ നാഡികളും തളര്‍ന്നു പോകുന്നു.എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ദീപന്‍ കരയുന്നതുപോലെയായി.
ഡോക്ടര്‍ ദീപനെ ആശ്വസിപ്പിച്ചു.
"ദീപന്‍,നിങ്ങള്‍ കരുതുന്നതുപോലെ നിങ്ങളുടെ ലൈംഗികശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടൊന്നുമില്ല.ഉയര്‍ന്ന പ്രമേഹം മൂലം ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നത് ശരിതന്നെ.അതൊക്കെ മരുന്ന് കൊണ്ടും ജീവിതരീതി ക്രമീകരണം കൊണ്ടും മാറ്റാവുന്നതെയുള്ളൂ.."
ഡോക്ടര്‍ ഭക്ഷണരീതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് താന്‍ എന്തൊക്കെയാണ് കഴിക്കാറ് എന്ന് ദീപന്‍ ആലോചിച്ചത്.
രാവിലെ രണ്ടോ മൂന്നോ മുട്ട,പിന്നെ ഇറച്ചി,മീന്‍,പൊരിച്ചതും വറുത്തതും..പിന്നെ ഇടയ്ക്കിടെ വരുന്ന പാര്‍ട്ടികളിലും സല്‍ക്കാരങ്ങളിലുമൊക്കെയായി..അങ്ങനങ്ങനെ...
"മദ്യപിക്കാറുണ്ടോ?"
"ഉണ്ട്"
"സ്മോക്കിംഗ്?"
"ഇപ്പോള്‍ നിര്‍ത്തി."
ഏതാണ്ട് പതിനഞ്ചു മിനിട്ടോളം നീണ്ട ഡോക്ടറുടെ ഉപദേശം കേട്ടുകഴിഞ്ഞപ്പോഴാണ് താന്‍ എത്ര വലിയ അപകടത്തിലാണ് എന്ന് ബോധ്യമായത്.

ഡോക്ടര്‍ കുറിച്ച് കൊടുത്ത മരുന്നുകളെല്ലാം വാങ്ങി തിരിച്ചു വീട്ടിലേക്കു വണ്ടിയോടിക്കുമ്പോള്‍ ദീപന്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നു.ഗുളികകള്‍ എടുത്തുതന്ന ഫാര്‍മസിസ്റ്റിന്‍റെ ഒരു ചോദ്യം.
"അല്ലാ..സാറിനാണോ?"
"അതെ.."
"ഇത്ര ചെറുപ്പത്തിലേ കിട്ടി അല്ലെ.."
അയാളുടെ ചോദ്യത്തില്‍ സഹതാപമാണോ പരിഹാസമാണോ എന്ന് തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ദീപന്‍.
തൊട്ടടുത്ത കടയില്‍ ആരോഗ്യമാസിക തൂങ്ങിക്കിടക്കുന്നതു കണ്ടു.
ജീവിതശൈലീ രോഗങ്ങളെ ക്കുറിച്ചുള്ള സ്പെഷ്യല്‍ പതിപ്പ്‌ ,ഷുഗര്‍,പ്രഷര്‍,കൊളസ്ട്രോള്‍ എല്ലാം ഉണ്ട്.ഒരെണ്ണം വാങ്ങി വണ്ടിയിലിട്ടു.

വീട്ടിലെത്തിയപ്പോള്‍ പുറത്താരുടെയോ ചെരിപ്പ് കണ്ടു.അകത്ത് പ്രിയ ആരുമായോ സംഭാഷണത്തിലാണ്.വിനീതാണ്,പ്രിയയുടെ പഴയ ക്ലാസ്സ് മേറ്റ്‌ .ഇപ്പോ എല്‍ ഐ സി ഏജന്റ്. സെഞ്ചൂറിയന്‍ കോടിപതിയോ അങ്ങനെയെന്തോ.. അയാളുടെ ആളെമയക്കുന്ന സംസാരവും കപടസ്നേഹവുമൊന്നും ദീപന് പണ്ടേ ഇഷ്ടമല്ല.രണ്ടു പോളിസി എടുത്തു കഴിഞ്ഞു.ഇനിയും എന്തിനാണാവോ.
വിനീത് ചിരിച്ചു.ചാടിയെഴുന്നേറ്റ് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു.
"ദീപേട്ടാ വിനീത് കുറച്ചു നേരമായി വന്നിട്ട്.ആ പിന്നെ പോയ കാര്യം എന്തായി.ഡോക്ടറെ കണ്ടോ?"
പ്രിയയുടെ ചോദ്യത്തില്‍  ദീപന് അതൃപ്തി തോന്നി.ഡോക്ടറെ കണ്ട കാര്യമൊക്കെ മറ്റുള്ളവരെ അറിയിക്കുന്നതെന്തിന്?
വിനീത് ഇടപെട്ടു.
"ദീപന്‍ സര്‍ എന്താ പ്രോബ്ലം? പനിയോ മറ്റോ ആണോ? സൂക്ഷിക്കണേ ഇക്കാലത്തെ പനി..."
"അല്ല വിനീതേ, ഏട്ടന് ഷുഗറുണ്ട് കുറെ മുന്‍പേ ചെക്ക്‌ ചെയ്തതാ..ഇപ്പൊ ഡോക്ടറെ കണ്ടു വരികയാ..."
വിനീത് തന്റെ കയ്യിലെ ടെസ്റ്റ്‌ റിസള്‍ട്ടുകള്‍ വാങ്ങി നോക്കുമ്പോള്‍ ദീപന് തടയണമെന്നുണ്ടായിരുന്നു.പക്ഷെ നിരാശയോടെ അയാള്‍ തിരിച്ചറിഞ്ഞു.താനൊരു പ്രമേഹരോഗിയാണ്.കൂടെ കൊളസ്ട്രോളും ബിപിയും....
"ഓ ദീപന്‍ സാര്‍ ഇത് ഒരുപാട് കൂടുതലാണല്ലോ..ഷുഗര്‍ 250.കൊളസ്റ്റോള്‍ മുന്നൂറ്റി അറുപതിനും മേലെ..നല്ല കൊളസ്ട്രോള്‍ തീരെയില്ല ചീത്ത കൊളസ്ട്രോള്‍ ഒരുപാടധികം..!!"
പ്രിയ അമ്പരപ്പോടെ വിനീതിനെ നോക്കുകയാണ്.
"നിനക്കിതൊക്കെ എങ്ങനെ അറിയാം??"
"എന്റെ അമ്മാവന് ഇതെല്ലാം ഉണ്ടായിരുന്നു.ഞാന്‍ പുള്ളിയുടെ കൂടെ അല്ലായിരുന്നോ കുറേക്കാലം.പുള്ളി നാല്‍പ്പതിനു മുന്നേ പോയി.അറ്റാക്കായിരുന്നു.അല്ല ഞാന്‍ പറഞ്ഞെന്നേയുള്ളൂ.മരുന്ന് കൊണ്ട് മാറ്റാവുന്നതെയുള്ളൂ എന്നാലും സൂക്ഷിക്കണം.നേരത്തെ ഞാന്‍ പറഞ്ഞതൊക്കെ പ്രിയക്ക് ഇപ്പൊ ബോധ്യമായിട്ടുണ്ടാവുമല്ലോ."
ദീപന്റെ നെഞ്ചില്‍ കൂടുതല്‍ കനലുകള്‍ വാരിയിട്ട് വിനീത് പുറത്തേക്കിറങ്ങി.

അന്ന് രാത്രി ഊണുമേശയിലെ പ്രധാന വിഭവം കൊളസ്ട്രോള്‍ ആയിരുന്നു.
"അച്ഛാ എന്താ ഈ കൊളസ്ട്രോള്‍??"
തികച്ചും അപരിചിതമായ ഒരു സാധനത്തെപ്പറ്റി അച്ഛനുമമ്മയും നിര്‍ത്താതെ സംസാരിക്കുന്നതുകേട്ട എല്‍ക്കേജീക്കാരി സംശയം ചോദിച്ചു.
"മോളെ അത് ബ്ലഡില്‍ കാണുന്ന ഒരു സാധനമാ മെഴുകുപോലെയുള്ള...."ദീപന്‍ കുളിക്കുന്ന,പതിനഞ്ചു മിനിട്ടോളം സമയത്ത് ആരോഗ്യമാസിക വായിച്ചു നേടിയെടുത്ത അറിവോടെ പ്രിയ പറഞ്ഞു.
നാലാം ക്ലാസ്സുകാരിക്ക് അല്‍പ്പം കൂടി അറിവുണ്ട്.
"ഹാര്‍ട്ട് അറ്റാക്ക്‌ വരുത്തുന്ന സാധനം അല്ലേ അമ്മെ? അച്ചാച്ചന്‍ മരിച്ചത്‌ അങ്ങനെയല്ലേ?"
തെല്ല് സംശയത്തോടെ നാലാം ക്ലാസ്സ്കാരി ചോദിക്കുന്നത് ദീപന്‍ വേദനയോടെ കേട്ടു.ഇടയ്ക്ക് പ്രിയയുടെ മുഖത്തേക്ക് പാളിനോക്കിയപ്പോള്‍ ആ മുഖം ഇരുണ്ടിരിക്കുന്നത് കണ്ടു.
"ഇനി ഇവിടെ പൊരിച്ച മീനും ഇറച്ചിയും ഒന്നും ഉണ്ടാവില്ല.നാളെ മുതല്‍ എല്ലാം നിര്‍ത്തുവാ.."
ഗൌരവത്തോടെ അമ്മ പറഞ്ഞത് കേട്ട് മക്കള്‍ പരസ്പരം നോക്കി.കാര്യമായ കുഴപ്പം എന്തോ ഉണ്ട് എന്ന് രണ്ടാള്‍ക്കും മനസ്സിലായി പക്ഷെ പൊരിച്ചമീനിനും ഇറച്ചിക്കും എന്താണ് പ്രശ്നമെന്നു മാത്രം എല്‍ക്കേജീക്കാരിക്ക് മനസ്സിലായില്ല.മുഖം ഇങ്ങനെയിരിക്കുന്ന സമയത്ത് അമ്മയോട് വല്ലതും ചോദിച്ചാല്‍ തല്ലുകിട്ടുമെന്ന മുന്‍ അനുഭവമുള്ളതുകൊണ്ടുമാത്രം പ്ലേറ്റിലെ മീന്‍ മെല്ലെ പൊളിച്ചുതിന്ന്‍ അവള്‍ മിണ്ടാതിരുന്നു.
ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ പ്രിയ ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നത് ദീപന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.മൊബൈലില്‍ ഒന്ന് രണ്ടു കോളുകള്‍ വന്നത് അറ്റന്‍ഡ് ചെയ്യാന്‍ പോലും ദീപന് തോന്നിയില്ല.

രാത്രി ഉറങ്ങാന്‍ കിടക്കുന്നേരം പ്രിയ പറഞ്ഞു.
"അതേയ്.."
"ഉം.."
"സൂക്ഷിക്കണം.."
ദീപന്‍ മിണ്ടിയില്ല.പ്രിയ പതിവിലും സുന്ദരിയാണെന്ന് അയാള്‍ക്ക്‌ തോന്നി.
പിന്നെ ഒരു നെടുവീര്‍പ്പോടെ തിരിഞ്ഞുകിടന്നു.

പിറ്റേ ദിവസം ഓഫീസില്‍ എത്തിയപ്പോള്‍ തന്നെ എതിരേറ്റത്.യു ഡി ക്ലര്‍ക്ക്‌ പരമേശ്വരനാണ്.വെളുക്കെ ചിരിച്ചുകൊണ്ടയാള്‍ ചോദിച്ചു.
"അല്ലാ PSC ലിസ്റ്റില്‍ കയറി അല്ലേ??"
"PSC യോ??".. താന്‍ ഡിപ്പാര്‍ട്ടുമെന്‍റ് ടെസ്റ്റൊന്നും എഴുതിയിട്ടില്ലല്ലോ എന്ന് സംശയിച്ച് ദീപന്‍ ചോദിച്ചു.
"അതേന്നേ..പ്രഷറ്,ഷുഗറ്,കൊളസ്ട്രോള്...എന്നോട് ആ ലാബിലെ ചന്ദ്രനാ പറഞ്ഞത്. പേടിക്കേണ്ട..അത്യാവശ്യമൊക്കെ എനിക്കും ഉണ്ട്.വെല്‍ക്കം റ്റു ദി ക്ലബ്‌..."

ഓഫീസില്‍ മിക്കവാറും ഈ വിശേഷം തന്നെയാണ് ചോദിച്ചത്.പലര്‍ക്കും അളവുകള്‍ എത്രയാണെന്ന് അറിയണം.പലരും പറഞ്ഞത് ഫുഡ്‌ നന്നായി കണ്‍ട്രോള്‍ ചെയ്യണമെന്നാണ്.പഞ്ചസാര തൊടരുത്.ചോറ് കുറയ്ക്കണം.വറുത്തതും പൊരിച്ചതും നോക്കുകപോലുമരുത്.ഉപ്പ് കുറയ്ക്കണം.മദ്യപിക്കുന്നതിനെ പറ്റി ചിന്തിക്കുക പോലുമരുത്...എങ്കിലും ചിലരൊക്കെ ഇതൊക്കെ നോക്കിയാല്‍ ജീവിക്കാന്‍ പറ്റില്ലെന്നും റിസല്‍ട്ടുകളെയൊക്കെ അവഗണിച്ചു ആവുന്ന കാലം നന്നായി ഭക്ഷണം കഴിച്ചു മരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു.പക്ഷെ അങ്ങനെ ജീവിച്ചു നാല്‍പ്പതു വയസ്സുപോലും തികയും മുന്‍പേ അറ്റാക്കും സട്രോക്കും ഒക്കെ വന്നു മരിച്ച ഒരുപാട് പേരുടെ ഉദാഹരണങ്ങള്‍ നിരത്തി പലരും ആ വാദത്തെ ഖണ്ഡിച്ചു.
ദീപന് വല്ലാതെ വേവലാതി തോന്നി.
അന്ന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്ന ആരുടെ കയ്യില്‍ നിന്നും അയാള്‍ കൈക്കൂലി  വാങ്ങിയില്ല.

ഭക്ഷണത്തില്‍ ഉപ്പുകുറഞ്ഞതും പൊരിച്ചമീനിന്റെ അഭാവവുമൊക്കെ വീട്ടില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരുന്നില്ല.പൊരിച്ചമീനില്ലാതെ ചോറ് കഴിക്കില്ലെന്നു പ്രഖ്യാപിച്ച എല്‍ക്കേജീക്കാരിയെ സമാധാനിപ്പിക്കാന്‍ അടുത്തദിവസം ഒരു ചോക്കലേറ്റ്‌ ഐസ്ക്രീം ഓഫര്‍ ചെയ്യേണ്ടി വന്നു.കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ ദീപന്‍ പ്രിയയോട് നിര്‍ദേശിച്ചത് അവള്‍ ഒരു പുച്ഛത്തോടെ തള്ളിക്കളഞ്ഞത് അയാളില്‍ ചെറിയ മനപ്രയാസമുണ്ടാക്കാതിരുന്നില്ല.
പിറ്റേന്നു രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് ഓടാന്‍ തുടങ്ങിയപ്പോഴാണ് ദീപന്‍ ശരിക്കും ഞെട്ടിയത്‌.
റോഡില്‍ ഒരുപാടുപേര്‍ ഓടുന്നു.പ്രായമായവരും മധ്യവയസ്കരും യുവാക്കളും സ്ത്രീകളും.!! തന്റെ വീടിന്റെ തൊട്ടുമുന്നിലെ റോഡിലൂടെ ഇത്രയും പേര്‍ ദിവസവും രാവിലെ നടക്കുകയും ഓടുകയും ചെയ്യുന്നുണ്ടെന്ന് ഗോപന് പുതിയ അറിവായിരുന്നു.ഒരുപാടുകാലമായി രാവിലെ അഞ്ചുമണി കാണാതിരുന്ന ദീപനും അതിലൊരാളായി ഓടിത്തുടങ്ങി.എങ്കിലും തൊട്ടടുത്തദിവസം തന്നെ കാലിന്റെ മസിലിനു നല്ല വേദന അനുഭവപ്പെട്ടതുമൂലം ഒന്നുരണ്ടു ദിവസം കൊണ്ടു തന്നെ ഓട്ടം നിര്‍ത്തുകയും ചെയ്തു.
ഏട്ടന് ഷുഗറും കൊളസ്ട്രോളുമാണെന്നു പറഞ്ഞ് പ്രിയ ബന്ധുക്കളെ മിക്കവരെയും വിളിച്ച് കഴിക്കാന്‍ പറ്റിയ പച്ചക്കറികളുടെയും നാട്ടുമരുന്നുകളുടെയുമൊക്കെ ലിസ്റ്റെടുത്തിരുന്നു.കൂടെ ചില ആയുര്‍വേദമരുന്നുകളും.ആദ്യമൊക്കെ പ്രിയ നിര്‍ബന്ധിച്ചു എല്ലാം കഴിപ്പിക്കുമായിരുന്നു പിന്നെ അതും നിന്നു.

ആദ്യത്തെ രണ്ടാഴ്ചയോളം ഡൈനിംഗ് ടേബിളില്‍ നിഷിദ്ധമായിരുന്ന പൊരിച്ചമീനും അച്ചാറും പപ്പടവുമെല്ലാം പിന്നീട് പതുക്കെ പ്രത്യക്ഷപ്പെട്ടുതുടങ്ങി.ഏതെങ്കിലുമൊരു ഡോക്ടര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നു കരുതി അതൊന്നും ഒഴിവാക്കേണ്ടെന്ന അഭിപ്രായമായിരുന്നു പ്രിയയ്ക്ക്. ഉദാഹരണത്തിന് തന്റെ അച്ഛനെയാണ് പ്രിയ ചൂണ്ടിക്കാട്ടിയത്
"നോക്കിക്കേ അച്ഛന് ഷുഗറും കൊളസ്ട്രോളും ഒക്കെയുണ്ട് എന്നിട്ടും ഈ അന്‍പെത്തെട്ടാം വയസ്സിലും അച്ഛന് ഒരു കുഴപ്പവുമില്ല.."
"എങ്ങനെയാ ഈ ഉപ്പില്ലാതെയും എണ്ണയില്ലാതെയും ഭക്ഷണം കഴിക്കുന്നത്‌...ഹോ...."
പ്രിയ പലപ്പോഴും പറഞ്ഞു.
ആദ്യമൊക്കെ കുട്ടികളും പ്രിയയും വറുത്തതും പൊരിച്ചതുമെല്ലാം കഴിക്കുന്നത്‌ നോക്കിയിരിക്കാറുണ്ടായിരുന്ന ദീപനും പിന്നെപ്പിന്നെ കൊളസ്ട്രോളിനെ താനെന്തിനു ഭയപ്പെടുന്നെന്നു തോന്നാന്‍ തുടങ്ങി.സഹപ്രവര്‍ത്തകന്റെ മകന് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയ ദിവസം രാത്രിയിലെ പാര്‍ട്ടിയിലാണ് കുറെ ദിവസങ്ങള്‍ക്കുശേഷം ദീപന്‍ വീണ്ടും മദ്യപിച്ചു തുടങ്ങിയത്. തന്റെ ചില സഹപ്രവര്‍ത്തകരും പ്രിയയുമൊക്കെ പറഞ്ഞത് പോലെ ജീവിക്കുന്നതാണ് നല്ലതെന്നു അയാള്‍ക്ക്‌ തോന്നി. കുറച്ചു കൊളസ്ട്രോളും ഷുഗറുമൊക്കെ ഉണ്ടെന്നു കരുതി എന്തിനു വെറുതെ ജീവിതം ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നു??.പഞ്ചസാര ആദ്യമൊക്കെ തീര്‍ത്തും ഉപേക്ഷിച്ചിരുന്നെങ്കിലും പിന്നീട് മധുരപലഹാരങ്ങളും പായസവുമൊക്കെ വീണ്ടും ജീവിതത്തിലേക്ക് കടന്നു വന്നു.എങ്കിലും ചിലപ്പോഴൊക്കെ ദീപന് കുറ്റബോധം തോന്നാറുണ്ടായിരുന്നു.അപ്പോഴൊക്കെ നെടുവീര്‍പ്പുകള്‍ക്ക് വിരാമമിട്ട് പ്രിയ ഉറങ്ങാന്‍ വരുന്നതിനു മുന്‍പ്‌ കിടന്നുറങ്ങുകയോ ഉറക്കം നടിച്ച്‌ കിടക്കുകയോ ആണ് പതിവ്‌.

രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞ് ഓഫീസില്‍ വച്ചാണ് ദീപന് നെഞ്ചുവേദന അനുഭവപ്പെട്ടത്.വല്ലാതെ കൊളുത്തിപ്പിടിക്കുന്ന ഒരു വേദന.ഇടതുനെഞ്ചില്‍ നിന്നും..തോളിലും കൈയ്യിലുമൊക്കെ നല്ല വേദനയും വിറയലും..വിയര്‍ത്തു കുളിച്ച് അല്‍പ്പനേരം അകത്തെ റൂമില്‍ പോയി കിടന്നു. അല്‍പ്പസമയത്തിനു ശേഷം കുറച്ചു ആശ്വാസം തോന്നിയതുകൊണ്ട് ഉച്ചയ്ക്കുശേഷമാണ് ദീപന്‍ ഡോക്ടറെ പോയി കണ്ടത്. അവിടെവച്ചെടുത്ത ഇസിജി സൂക്ഷ്മമായി നിരീക്ഷിച്ച് ഡോക്ടര്‍ പറഞ്ഞു.
"ദീപന്‍ പേടിക്കരുത് അതൊരു അറ്റാക്ക് ആണ്.ചിലരില്‍ അങ്ങനെയാണ് വലിയ വേദന ഒന്നും കാണില്ല.ഒന്ന് രണ്ടിടത്ത് ബ്ലോക്കുണ്ടെന്നു തോന്നുന്നു..വലിയ അറ്റാക്ക് വരാതിരുന്നത് ഭാഗ്യമെന്നു വേണം കരുതാന്‍... വളരെ സൂക്ഷിക്കണം ഇന്ന് ഞാന്‍ തരുന്ന ഗുളികകള്‍ കഴിച്ചു വിശ്രമിച്ചോളൂ..അടുത്ത ദിവസം കാര്യമായ ചെക്കപ്പിനായി വരണം ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ മറ്റോ വേണ്ടി വരുമോ എന്നു നോക്കണം..യാതൊരു കാരണവശാലും ഗുളിക കഴിക്കാന്‍ മറക്കരുത്.... "
തീര്‍ത്തും പരിക്ഷീണിതനായി ദീപന്‍ കണ്‍സല്‍ട്ടിംഗ് റൂമിനു പുറത്തിറങ്ങി.

 വീടിന്റെ ഗേറ്റ് തുറന്നു അകത്തുകയറുമ്പോഴുണ്ട് വിനീത് ഇറങ്ങി വരുന്നു.പതിവുപോലെ ചിരിച്ചുകൊണ്ട് വിനീത് കൈപിടിച്ച് കുലുക്കി.
"ഞാന്‍ കുറച്ചു മുരിങ്ങയില കൊണ്ടുവന്നിട്ടുണ്ട്.കൊളസ്ട്രോളിനും ബിപിക്കും മുരിങ്ങയില ബെസ്റ്റാ.. എന്റെ വീട്ടില്‍ ഇഷ്ടം പോലെയുണ്ട്.ഞാന്‍ ഇനിയും കൊണ്ടുവരാം.പിന്നെ പ്രിയയോട് ചില പോളിസിയുടെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞിട്ടുണ്ട് ഒന്ന് നോക്കണേ..."
റോഡിലൂടെ വന്ന ഓട്ടോയില്‍ കയറി പോകുമ്പോഴും വിനീത് ആംഗ്യരൂപേണ പോളിസിയുടെ കാര്യം പറയുന്നുണ്ടായിരുന്നു.മുറിയിലെത്തി ബാഗ്‌ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ കിടക്കയിലേക്ക്  ചാഞ്ഞു.
പ്രിയ കൊണ്ടുവന്ന ചായ ഒരു കവിള്‍ കുടിച്ചു നോക്കി.
നല്ല മധുരം.
കപ്പ് മാറ്റിവച്ച് പ്രിയയെ നോക്കിയപ്പോള്‍ അവളെന്തോക്കയോ പേപ്പറുകള്‍ തിരയുകയാണെന്നു കണ്ടു. എല്ലാം പറഞ്ഞാലോ എന്നു ചിന്തിച്ചു.പിന്നെ കുട്ടികളൊക്കെ ഉറങ്ങിക്കഴിഞ്ഞാകാം എന്നു കരുതി.

രാത്രി ബെഡ് റൂമിലെ ലൈറ്റണച്ച് കണ്ണുതുറന്നു കിടക്കുന്നതിനിടെ പ്രിയ പതുക്കെ പറഞ്ഞു.
"ഇന്നു വിനീത് ഒന്നു രണ്ടു പോളിസിയുടെ കാര്യം പറഞ്ഞിരുന്നു."
"എന്ത് പോളിസി??"
"ലൈഫ് ഇന്‍ഷൂറന്‍സ്...."
"അതിനു നമ്മുടെ കയ്യില്‍ ഒരെണ്ണമില്ലേ.."
"അതിന് എമൌണ്ട് കുറവല്ലേ..എട്ടു ലക്ഷമല്ലേ ഉള്ളൂ..ഇത് പതിനഞ്ചും ഇരുപത്തഞ്ചും ലക്ഷം വീതമുള്ളതാ..പ്രീമിയം ഇത്തിരി കൂടിയാലും..."
ദീപന്‍ കണ്ണുകളിറുക്കിയടച്ചു.
"...കുറച്ചു മുന്‍കരുതല്‍ ഒക്കെ എടുക്കുന്നത് നല്ലതല്ലേ....."
പ്രിയ പൂര്‍ത്തിയാക്കി.
ദീപന് ഇരുട്ടില്‍ പ്രിയയുടെ മുഖം കാണാന്‍ കഴിഞ്ഞില്ല,കാണണമെന്ന് അയാള്‍ക്ക്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും...
കടുത്ത രക്താതിസമ്മര്‍ദത്തില്‍ കുതിച്ചുചാടിയ ചുവന്ന രക്തം അയാളുടെ നേര്‍ത്ത ധമനികളിലെ ഇടുങ്ങിയ കൊളസ്ട്രോള്‍ ഭിത്തികളിലൂടെ കടന്നു പോകാന്‍ പാടുപെടുകയായിരുന്നു.

46 comments:

മുരളി I Murali Nair said...

സുഖമല്ലേ കൂട്ടുകാരേ...ഓരോ തിരക്കുകള്‍ മൂലം കഴിഞ്ഞ മൂന്നു മാസക്കാലമായി ബൂലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു."കുമാരന്‍ തെയ്യം" എന്ന കഥയ്ക്ക് ശേഷം വലിയൊരു ഇടവേള വന്നു. ഇതിനിടയില്‍ മെയിലിലൂടെയും കമന്റിലൂടെയുമൊക്കെ ക്ഷേമാന്വേഷണം നടത്തിയ പല പ്രിയ കൂട്ടുകാര്‍ക്കും മറുപടി തരാന്‍ പറ്റിയില്ല.ക്ഷമിക്കുമല്ലോ..ആരും എന്നെ മറന്നില്ലെന്നു വിശ്വസിക്കട്ടെ..
ഒരു കഥയുമായി തിരിച്ചു വരുന്നു.വായിച്ച് അഭിപ്രായമെഴുതുമല്ലോ..
സ്നേഹപൂര്‍വ്വം
മുരളി.

Manoraj said...

മുരളി ഒത്തിരി നാളുകളായി മുരളിയുടെ കഥ കാത്തിരിക്കുന്നു. സന്തോഷം. തിരികെയെത്തിയതിൽ. ഇനി കഥയിലേക്ക്. പ്രഷർ, ഷുഗർ, പ്രമേഹം, കൊളസ്ട്രോൾ മനുഷ്യനെ പേടിപ്പിക്കാൻ ഒത്തിരി രോഗങ്ങൾ ഇന്നുണ്ട്. അവയെ ജീവിതത്തിലേക്ക് പല രീതിയിൽ വലിച്ച് കയറ്റുന്നവരും. ദീപനും പ്രിയയുമെല്ലാം പ്രായോഗിക ജീവിതത്തിന്റെ വ്യക്താക്കളാകുന്നു. അല്ലേ.. ഒരു ടിപ്പിക്കൽ മുരളി ടച്ച് ഇല്ല എങ്കിലും വിഷയം നന്നായി പറഞ്ഞു.

sm sadique said...

കഥ വളരെ നന്നായിരിക്കുന്നു.
ചിലർ അങ്ങനെയാണ് ………….കഥാനായികയെ പോലെ.
എങ്കിലും, കഥാനായകൻ ഒരുദിവസമെങ്കിലും( “അന്ന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്ന ആരുടെ കയ്യില്‍ നിന്നും അയാള്‍ കൈക്കൂലി വാങ്ങിയില്ല.“) ഇത്തരത്തിലോരു തീരുമാനം എടുത്തല്ലോ.
നല്ല കഥ. ആശംസകൾ…………

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

മുരളിഭായി വീണ്ടും വന്നപ്പോൾ , ശരിക്കും ആളെ പേടിപ്പിച്ചു കളഞ്ഞു...
നന്നായി അവതരിപ്പിച്ചിരിക്കുന്നൂ..

ഈ P S C വരമ്പത്തുക്കൂടി നടക്കുന്ന ആളാ ഈ മണ്ടശിരോമണി കേട്ടൊ.
പിന്നെ ഇവീടെ സിംഗിൾ പാരന്റാവുന്നതാ ജീവിക്കാൻ നല്ലത് ...!
എന്തായാലും ഭാര്യയുടെ മനസ്സിലിരിപ്പ് ഇതുവരെ പിടികിട്ടിയിട്ടില്ല...

ബിജുകുമാര്‍ ആലക്കോട് said...

ആധുനിക കാലത്തെ ബന്ധങ്ങള്‍ ഇങ്ങനെയൊക്കെ ആവാം. എല്ലാം ആസ്വദിയ്ക്കാന്‍ മാത്രമുള്ളതാകുമ്പോള്‍ സ്വാര്‍ത്ഥതയുടെ അളവും കൂടുമല്ലോ? അതു ഭാര്യ-ഭര്‍തൃ ബന്ധങ്ങളിലും നിഴലിയ്ക്കും ഇക്കാലത്ത്. അതിന്റെ ഒരോര്‍മ്മപ്പെടുത്തല്‍ ഈ കഥയിലുമുണ്ട്. നന്നായിരിയ്ക്കുന്നു.
(ഓഫ്:ഈയുള്ളവനും ചെറിയതോതില്‍ “എഴുത്തുണ്ട്”. താല്പര്യമുള്ളവര്‍ക്ക് ഋതുവില്‍ വായിയ്ക്കാം.)

ഒഴാക്കന്‍. said...

ഇങ്ങനെ മനുഷ്യനെ പേടിപ്പിച്ചു കൊണ്ടാണോ തിരിച്ചു വരുന്നത് :)

നൗഷാദ് അകമ്പാടം said...

വെല്‍ക്കം ബാക്ക് റ്റു ദ ബൂലോകം..!
കഥ നന്നായി പറഞ്ഞു..
അവതരണവും സംഭാഷണവും യാഥാര്‍ത്ത്യത്തോടൊട്ടി നില്‍ക്കുന്നത്..
ഒരു ഞെട്ടല്‍ എപ്പോഴും ഓര്‍മ്മയില്‍ ബാക്കി വെക്കുന്നതാണു ഹാര്‍ട്ട് അറ്റാക്ക് വാര്‍ത്തകള്‍..
ഗള്‍ഫുകാരനു പ്രത്യേകിച്ചും അതൊരു വല്ലാത്ത പേടി സ്വപ്നം തന്നെ..

കഥ ഒരു കഥയായ് മാത്രമല്ല ഒരു പാഠവുമാണു..
സമകാലികതയില്‍ പരാശ്രയത്തില്‍ നിന്നും സ്വാശ്രയം വേര്‍തിരിച്ചെടുക്കുന്ന
പ്രിയമാര്‍ എവിടെയും കാണാം..

അഭിനന്ദനങ്ങള്‍..ആശംസകളും !

നൗഷാദ് അകമ്പാടം said...

ഓഴാക്കന്‍ പറഞ്ഞത് കറക്റ്റാ..!!!!:-))

Rainbow said...

നന്നായിരിക്കുന്നു ,welcome back

രാജേഷ്‌ ചിത്തിര said...

തിരിച്ചുവരവില്‍ സന്തോഷം; മുരളി..

Sukanya said...

കഥയൊന്നും കാണാതെ കഥയൊന്നു കണ്ടപ്പോ എന്താ കഥ!

കഥ കഴിക്കും രോഗങ്ങള്‍ - PSC പ്രയോഗം ആദ്യമായി കേള്‍ക്കുകയായിരുന്നു.

എറക്കാടൻ / Erakkadan said...

എന്താ കഥയില്ലേ എന്ന് ചോദിക്കാന്‍ ഞാന്‍ വന്നില്ല ..സുഖമല്ലേ എന്ന് ചോദിച്ചപ്പോള്‍ മിണ്ടാതെ പോയ ആളാ ..പിന്നല്ലേ പോസ്റ്റിന്റെ കാര്യം ചോദിക്കുന്നത് ....
പക്ഷെ ഇപ്പം ആ പിനക്കമോക്കെ മാറി ....
ഇങ്ങനെ ആളെ പേടിപ്പിക്കല്ലേ ഈ ചെറു പ്രായത്തിലെ

തെച്ചിക്കോടന്‍ said...

മുരളിയെവിടെ എന്ന് കരുതിയിരിക്കുകയായിരുന്നു. തിരിച്ചു വരവ് പേടിപ്പിച്ചുകൊണ്ടാനല്ലോ?!
ആശംസകള്‍

sPidEy™ said...

കഥ കൊള്ളാം....

Mukil said...

കൊള്ളാം. താക്കീതുപോലൊരു കഥ.

വിനയന്‍ said...

കൊള്ളാം ഈ പ്രായോഗിക ജീവിതം.ഒരു നാല് ദിവസം മുന്‍പേ പുതിയ അപ്ഡേറ്റ് ഒന്നും കാണാഞ്ഞു ഞാന്‍ ബ്ലോഗില്‍വന്നെത്തി നോക്കിയിരുന്നു. അപ്പോഴാണ്‌ ഫോളോ ചെയ്തില്ല എന്ന് മനസ്സിലായത്‌. പിന്നെ നോക്കിയപ്പോള്‍ കഴിഞ്ഞ കഥയ്ക്ക് ശേഷം പുതിയത് വന്നിട്ടില്ല എന്ന് മനസ്സിലായി. ആ കഥയ്ക്ക് കമന്റാന്‍ പറ്റിയില്ല. മുന്‍പത്തെ കഥകളുടെ അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും എന്നെപ്പോലെ സോഫ്റ്റ്‌വയറന്മാര്‍ക്ക് ഇതല്ല ഇതിലപ്പുറം രോഗവും വരും എന്നാലോചിച്ചപ്പോള്‍.....നടുവേദനക്കാരായി മാറിയ സുഹൃത്തുക്കള്‍ ഇപ്പോഴേ ഉണ്ട്!!..

ബിന്ദു കെ പി said...

നല്ലൊരു കഥയുമായി(കഥയല്ല, യാഥാർത്ഥ്യം) മുരളി തിരിച്ചുവന്നതിൽ സന്തോഷം..
നോവലെഴുത്ത് നിറുത്തിയോ മുരളീ...?

പട്ടേപ്പാടം റാംജി said...

എല്ലാരും രോഗങ്ങളെ ഭയന്നു പേടിയോടെ കഴിയുന്നതിനിടക്ക് മുരളി തിരിച്ച് വന്നത് psc യുമായിട്ടാണ്‌ അല്ലെ? എന്തായാലും പോളിസി കൂടുതല്‍ വലിയ തുകക്ക് ആക്കാം അല്ലെ.
കഥ ഇഷ്ടപ്പെട്ടു മുരളി.

ജീവി കരിവെള്ളൂര്‍ said...

നീണ്ട ഇടവേളക്കു ശേഷം വന്നപ്പോള്‍ വീണ്ടും ഒരു നല്ല കഥ ,ഇന്നത്തെ ജീവിത ശൈലിയുടെ .എന്നാലും പലരോഗങ്ങള്‍ക്കും കാരണം മാനസിക സമീപനമാണെന്ന് തോന്നുന്നു .എത്ര വലിയ രോഗമാണെങ്കിലും നല്ല ആത്മവിശ്വാസത്തോടു കൂടി ജീവിക്കുകയാണെങ്കില്‍ ഒരു പരിധി വരെ അസുഖങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്ന് പലരും തെളിയിച്ചിട്ടുണ്ടല്ലോ .
ഇന്ന് കുടുംബജീവിതത്തില്‍ മരണക്കുറിയുടെ(പോളിസി) സ്ഥാനം ഒരുപാട് ഉയരത്തിലാണെന്ന് കഥയും ഓര്‍മ്മപ്പെടുത്തുന്നു.

അഭി said...

കഥ നന്നായിരിക്കുന്നു

Balu puduppadi said...

മുരളി,
സംഗതി കൊള്ളാം. പണ്ട് ഇതൊന്നും അറിയതെ ആളുകള്‍ ജീവിച്ചു മരിച്ചു. ഇന്നിപ്പോള്‍ ജീവിതശൈലിയും പിന്നെ ആധുനിക വൈദ്യ ശാസ്ത്രവും കൂടി സംഭാവന നല്‍കുന്നതാണ് ഇത്തരം രോഗങ്ങള്‍(ക്ഷമിക്കണം, കഥയിലെ സംഭവങ്ങളെയല്ല, കഥയെയാണല്ലോ വിലയിരുത്തേണ്ടത്) ഇടവേള ഒരു കണക്കിന് നല്ലതാണ്. ആശംസകള്‍.

മോഹനം said...

ങഹാ വന്നാ, സ്വാഗതം.

മോഹനം said...

:)

സുമേഷ് | Sumesh Menon said...

മുരളി സുഖം തന്നെയല്ലേ? തിരിച്ചുവരവ്‌ ഗംഭീരം.. പേടിപ്പിക്കുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്യുന്നു... വായിച്ചു കഴിഞ്ഞാലും മനസ്സില്‍ കുറേനേരം തങ്ങിനില്‍ക്കുന്ന അനുഭവമാണ് മുരളിയുടെ കഥകള്‍ നല്‍കുന്നത്.. അഭിനന്ദനങ്ങള്‍:)

കുമാരന്‍ | kumaran said...

എവിടെയാ മുരളീ....


എന്തായാലും ഒരു സൂപ്പര്‍ കഥ തന്നെ.. അഭിനന്ദനങ്ങള്‍.

വരയും വരിയും : സിബു നൂറനാട് said...

നമുക്ക് ചുറ്റിനുമുള്ള യദാര്‍ത്ഥ സംഭവം. നല്ല ഒഴുക്കോടെ പറഞ്ഞു..
നന്നായിട്ടുണ്ട്..

മാണിക്യം said...

മലയാളി സമ്പന്നനായപ്പോള്‍ കൂടെ ഇങ്ങനെ പലതും ! PSC!മരണം മുന്നില്‍ വന്നലും മനുഷ്യര്‍ പ്രായോഗികമായി ചിന്തിക്കും അല്ലെ?
ഭാരത്തില്‍ തന്നെയല്ലെ സതി നിലനിന്നിരുന്നത്?

മുരളി തിരികെ വന്നതില്‍ സന്തോഷം
ആ നോവല്‍ തുടരണെ.....

Abdulkader kodungallur said...

ഇപ്പോഴത്തെ അണുകുടുംബങ്ങളില്‍ പലതിലും നമുക്കു കാണാന്‍ കഴിയുന്ന നേര്‍ക്കാഴ്ചകള്‍ വളരെ ഭംഗിയായി താങ്കള്‍ വരച്ചു വച്ചിരിക്കുന്നു വരികളിലൂടെ.നല്ല എഴുത്ത്. ഭാവുകങ്ങള്‍

മുരളി I Murali Nair said...

കഥ വായിച്ചു അഭിപ്രായം എഴുതിയ എല്ലാ സുഹൃത്തുക്ക്കള്‍ക്കും നന്ദി.ഓരോ തിരക്കുകള്‍ കാരണം പലപ്പോഴും ബ്ലോഗില്‍ ഒന്ന് വന്നെത്തി നോക്കാനേ കഴിയുന്നുള്ളൂ.ഒരുപാട് നാളായി വായനയും മുടങ്ങിക്കിടക്കുന്നു.അധികം വൈകാതെ തന്നെ എല്ലാവരുടെ ബ്ലോഗുകളിലും സാന്നിധ്യമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

lakshmi. lachu said...

കഥ വളരെ നന്നായിരിക്കുന്നു..

താന്തോന്നി said...

നന്നായിട്ടുണ്ട്ട്ടോ...

smitha adharsh said...

പ്രിയയ്ക്ക് വിവരം ഉണ്ട്..
ദീപന് ഇല്ലെങ്കിലും..
കഥ നന്നായി ട്ടോ.

malabartimes said...

കഥ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഭായ്...ഇങ്ങനെ മനുഷ്യരെ പേടിപ്പിക്കുന്ന കഥകളൊന്നും എഴുതല്ലേ..

ബോണി മാത്യു said...

ശരിക്കും ഉള്ളില്‍ തട്ടി. പാവം നായകന്‍. ആ പോളിസിക്കാരന്‍...നായിക.....എല്ലാം ഭംഗിയായി.

മഴ said...

കഥ വളരെ നന്നായിരിക്കുന്നു.:)

ഷംസീര്‍ melparamba said...

sathyamaayittum eshta pettu...
eniyum pratheekashikunnu..

നന്ദന said...

കഥകൾ എന്നും ജീവിതത്തോട് ഒട്ടിനിൽക്കുമ്പോഴായാണ്, അതൊരു ഞെട്ടലായിമാറുന്നത്. ചിലരോടൊപ്പം ഞാനും ഞെട്ടിയത് അത്കൊണ്ടായിരിക്കാം. രണ്ട്മക്കളുടെ അഛൻ മരിക്കാൻ പോകുമ്പോൾ അമ്മയെന്ത് ചെയ്യണമന്നാണ്, വായനക്കാരുടെ അഭിപ്രായം. കണ്ണിരുമായി മരണത്തെ പ്രതീക്ഷിക്കണോ അതോ? പ്രിയയേ പോലെ പ്രാക്ടിക്കലാവണോ???. be practical!!!

ജ്യോതിഷ് said...
This comment has been removed by the author.
ജ്യോതിഷ് said...

പ്രിയ മുരളി,

നല്ല ക്രാഫ്റ്റ്. കാലഘട്ടത്തിനു ചേര്‍ന്ന കഥ. താങ്കളുടെ കഥകള്‍ വായിക്കാറുണ്ടെങ്കിലും കമന്റിടുന്നത് ആദ്യമായാണ്‌. അഭിനന്ദനങ്ങള്‍.

FILL THE LACUNA said...

basic reason may the laziness and second may be the lack of time. You are absolutely right and we are embracing and inviting PSC with out much hesitation.

Malayalam Blog Directory said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

mayflowers said...

പി എസ് സി ഞാനും കേട്ടിട്ടുണ്ട്.ഒരു പോസ്റ്റില്‍ പ്രയോഗിക്കുകയും ചെയ്തു.

ഒരു സാധാരണ കുടുംബ ജീവിതം വളരെ ലളിതമായി അവതരിപ്പിച്ചു .
ഭാവുകങ്ങള്‍..

സുജിത് കയ്യൂര്‍ said...

Vaayichu.nannayi.

Villagemaan said...

നല്ല കഥ കേട്ടോ ...ഒരു നല്ല സന്ദേശവും ..

ഭക്ഷണ കാര്യങ്ങളിലെ ശ്രദ്ധയ്ക്ക്‌ നമ്മള്‍ മാതൃക ആക്കേണ്ടത് വെള്ളക്കാരെ ആണെന്ന് തോന്നുന്നു..

Ranju Sreepuram said...

മാറുന്ന പുതിയ തലമുറയ്ക്ക് നല്ലൊരു താക്കീതാണ് താങ്കളുടെ കഥ ! എല്ലാവിധ ഭാവുകങ്ങളും !!