25 January 2010

''സദാചാരം'' - കേരള മോഡല്‍.!!





 സമൂഹത്തില്‍ നടമാടുന്ന അക്രമവും അനീതിയും ഇല്ലായ്മ ചെയ്യുവാന്‍ ദൈവം പലകാലങ്ങളില്‍ പല ദേശങ്ങളില്‍ ചരിത്രപുരുഷന്മാരായി അവതാരമെടുക്കാറുണ്ട്. കൂടെ സാത്താനും.
ആദിയില്‍ ആദമും ഹവ്വയും ഡ്യുയറ്റ് പാടി നടന്ന ഏദന്‍ ആപ്പിള്‍ തോട്ടം മുതല്‍ ഇങ്ങ് കൊച്ചിയില്‍ വെണ്ടുരുത്തിപ്പാലത്തിന്റെ അടിയില്‍ വരെ കയ്യിലൊരു ടോര്‍ച്ചും തലയിലൊരു ഈരിഴത്തോര്‍ത്തു വളച്ചു കെട്ടുമായി പുള്ളിയുടെ സോ കോള്‍ഡ് ശത്രു (ദി വണ്‍  ആന്‍ഡ്‌ ഒണ്‍ലി സാത്താന്‍)എന്നും എപ്പോഴും കൂടെയുമുണ്ട്.

മംഗലശ്ശേരി നീലണ്ഠന് മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നപോലെ കട്ടയ്ക്ക് കട്ട ദൈവത്തിന്റെ ഓരോ അവതാരത്തിന്റെയും കൂടെ മറ്റേ പുള്ളിക്കാരനും എടുത്തു നല്ല കിടിലന്‍ അവതാരങ്ങള്‍...
നമ്മുടെ ക്രിയേറ്റര്‍ എന്ത് നല്ല കാര്യം ചെയ്താലും പുള്ളി നല്ല എട്ടിന്റെ പണി കൊടുക്കും.സാത്താന്‍ ആരാ മോന്‍ ??

പണ്ടു മുതലേ സെന്‍സിറ്റീവ് വിഷയങ്ങളിലേ ആള്‍ ഇടപെടാറുള്ളൂ....വല്ല ജാതിയോ മതമോ അങ്ങനെ വല്ലതും. അതാവുമ്പോള്‍ നമ്മള്‍ ചുമ്മാ ഒന്നു ഞോണ്ടിക്കൊടുത്ത് സൈഡില്‍ ഇരുന്നാല്‍ മതി... ബാക്കി  നമ്മുടെ പിള്ളേര് ചെയ്തോളും.

പരശുരാമന്‍ എന്നൊരു കക്ഷി പണ്ട് ദേഷ്യം വന്ന് ചുമ്മാ ഒരു മഴുവെടുത്തെറിഞ്ഞപ്പോള്‍ ഒരു കാര്യവുമില്ലാതെ പൊങ്ങിവന്ന കയ്പ്പക്കയുടെ ഷേപ്പുള്ള ഒരു നാടിനെ പറ്റി പുള്ളിക്ക് ഇന്റലിജന്‍സ് ബ്യൂറോയുടെ അടുത്തു നിന്നും കിട്ടിയ അടിയന്തിര സ്വഭാവമുള്ള ഒരു റിപ്പോര്‍ട്ടില്‍ നിന്നുമാണ് കഥയുടെ തുടക്കം.
റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു.

"ഈ നാട്ടിലെ പയലുകള്‍ക്കെല്ലാം ഒടുക്കത്തെ വിവരമാണ്. ലവന്മാര്‍ ആ നാട്ടില്‍ ഇരിപ്പുറയ്ക്കാതെ ലോകത്തിന്റെ പല കോണിലും പോയി ബുദ്ധി പ്രയോഗിക്കുന്നുണ്ട് ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പണിയാകും...."

അങ്ങനെയാണ് സാത്താന്‍ ഭൂലോകത്തെ (നോട്ട് 'ബൂ') അവൈലബില്‍ എജന്റ്റ് മാരെയെല്ലാം വിളിച്ചു ചേര്‍ത്ത് എമര്‍ജന്‍സി മീറ്റിംഗ് നടത്തിയത് ,വിത്ത്‌ രഹസ്യ അജണ്ട.
കൂലങ്കഷമായ വട്ടമേശ സമ്മേളനത്തില്‍, ടി നാട്ടുകാരുടെ പരമ്പതാഗതമായ മൂന്നു ബലഹീനതകള്‍ ഉയര്‍ന്നു വന്നു.
അതിലേതിലെങ്കിലും ഇട്ടു പണിതാല്‍ മതിയാകും.
രാഷ്ട്രീയം.
മതം.
സദാചാരം.
ഇതില്‍ ഏതാണ് ഏറ്റവും സ്യൂട്ട് ആയിട്ടുള്ളത് എന്ന ചര്‍ച്ചയില്‍ പല അഭിപ്രായങ്ങളാണ് പൊങ്ങിവന്നത്.
മതം വേള്‍ഡ് വൈഡ് ആയി നമ്മള്‍ പ്രയോഗിക്കുന്നതാണ്.അതിന്റെ ആഫ്റ്റെര്‍ ഇഫക്റ്റുകള്‍ അവിടെയും ഉണ്ടാവാതിരിക്കില്ല.അതു കൊണ്ട് അതു വിടാം.

പിന്നെ രാഷ്ട്രീയം.ഏതെങ്കിലും നേതാക്കന്‍മാരെ ഇളക്കി വല്ല കൊനഷ്ട്ടു പ്രസ്താവനയും നടത്തിയാല്‍ തന്നെ ഇക്കൂട്ടര്‍ക്ക് ഒടുക്കത്തെ വിവരമായത് കൊണ്ട് സംഗതി പിടികിട്ടും. പിന്നെ കുറച്ചു നാള്‍ കഴിഞ്ഞാല്‍ അതു മാഞ്ഞു പോകുകയും ചെയ്യും.അതു മാത്രമല്ല നാം ലക്ഷ്യമിടുന്നത് . യങ്ങ് ജനറേഷന്‍ ആയിരിക്കണം നമ്മുടെ പ്രധാന എയിം.

അപ്പോഴാണ്‌ ആ നാടിന്റെ പ്രത്യേക ചുമതലയുള്ള എജന്റ്റ്  തന്റെ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചത്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു.

"പണ്ടത്തെപ്പോലെ ഇവിടത്തെ പയ്യന്‍സിനെ രാഷ്ട്രീയത്തില്‍ കിടന്ന് അടി കൂടാന്‍ കിട്ടുന്നില്ല..അവന്മാര്‍ ഈ ഐഐടിയിലും  ഐഐഎമ്മിലുമൊക്കെ കേറി പഠിച്ച് വേറെ നാട്ടില്‍ പോയി നല്ലോണം തുട്ട് എണ്ണി മേടിച്ചു  ലൈഫ് അടിച്ചു പൊളിക്കുന്നു."

"അപ്പോള്‍ പിന്നെ സദാചാരത്തില്‍ കേറി പിടിക്കാം".സാത്താന്‍ പറഞ്ഞു.
അതു സഭ കയ്യടിച്ചു പാസ്സാക്കി.

ഏജന്റുമാര്‍ മിക്കവരും അമേരിക്ക-അഫ്ഗാനിസ്ഥാന്‍-ഇറാക്ക്-അല്‍ ക്വൈദ ഏരിയയില്‍ ബിസി ആയിരുന്നതിനാല്‍ ജൂനിയര്‍ പയ്യന്‍സ് മാത്രമേ അവൈലബില്‍ ആയിരുന്നുള്ളൂ..ജൂനിയേര്‍സിന് ട്രെയിനിങ്ങ് കൊടുക്കാന്‍ സദാചാര വിഷയത്തില്‍ വേണ്ടത്ര പരിചയമുള്ള ഒരാളുടെ സേവനം അത്യന്താപേക്ഷിതമായി വന്നു.അങ്ങനെയാണ് പഴയ കുറിയേടത്ത് താത്രി കേസ് സുന്ദരമായി ഹാന്‍ഡില്‍ ചെയ്ത  റിട്ടയെര്‍ഡ് എജന്റ്റ് മീറ്റിങ്ങിലേക്ക് വിളിക്കപ്പെടുന്നത്.
ആള്‍ ഒരു പഴയ പുലിയാണ്.
അങ്ങനെ വിത്ത് എക്സാമ്പിള്‍സ് എജന്റ്റ് ട്രെയിനീസിനു ക്ലാസ് എടുത്തു കൊടുത്തു.തന്റെ പഴയ നമ്പരുകള്‍ക്ക് പുറമേ പുതിയ വിദ്യകളും ആശാന്‍ ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്തു.

സംഭവം സിമ്പിളാണ്.
ആദ്യം എവിടെയൊക്കെ സ്ത്രീകള്‍ തനിച്ചു താമസിക്കുന്നു എന്ന് വാച്ച് ചെയ്യുക. ഗള്‍ഫുകാരുടെ ഭാര്യമാര്‍, പട്ടാളക്കാരുടെ ഭാര്യമാര്‍, വിധവകള്‍, വിവാഹ മോചിതരായ സ്ത്രീകള്‍, സോഷ്യല്‍ ആയി ഇടപഴകുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഒരാളെ കിട്ടിയാല്‍ ആ സ്ത്രീ പിന്നെ എപ്പോഴും നിങ്ങളുടെ നിരീക്ഷണ വലയത്തിലായിരിക്കണം. അവര്‍ എന്ത് ചെയ്യുന്നു,എവിടെ പോകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക.
അടുത്ത സ്റ്റെപ്പ് സൂക്ഷിച്ചു പ്രയോഗിക്കണം.
ആ സ്ത്രീ ബന്ധുവല്ല്ലാത്ത ഏതെങ്കിലും പുരുഷനോട്  സംസാരിക്കുന്നത് കണ്ടാല്‍, അല്ലെങ്കില്‍ അവര്‍ ഏതെങ്കിലും പുരുഷന്മാരുടെ കൂടെ യാത്ര ചെയ്യുന്നതു കണ്ടാല്‍ അവരുടെ അയല്‍വാസിയോടോ അല്ലെങ്കില്‍ പരിചയക്കാരോടോ ഒന്നു ചോദിച്ചാല്‍ മതി..."അതാരാ അവരുടെ കൂടെ?? ഇവിടെങ്ങും കണ്ടിട്ടില്ലാത്ത ആളാണല്ലോ.." എന്ന്.
ബാക്കി അവര്‍ ചെയ്തു കൊള്ളും...!!!

"അതെങ്ങനെ ??"
"അതങ്ങനെയാ..."..അനുഭവത്തിന്റെ വെളിച്ചത്തില്‍ എക്സ് എജന്റ്റ് പറഞ്ഞു.

സാത്താന് സന്തോഷമായി.എല്ലാ ശിഷ്യന്മാരെയും അനുഗ്രഹിച്ചു യാത്രയയച്ചു.

അങ്ങനെ പണ്ടെങ്ങാനും ഏദന്‍ തോട്ടത്തിന്റെ ഒരു മൂലയില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുകയായിരുന്ന ആപ്പിള് പോലുള്ള ഒരു പഴം അടിച്ചു മാറ്റി തിന്ന കുറ്റത്തിന് സ്വര്‍ഗത്തില്‍ നിന്നും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ആദമിന്റെയും ഹവ്വയുടെയും സ്വന്തം ഭൂമിയിലേക്ക്‌ സാത്താന്‍ പുറപ്പെട്ടു.
തന്റെ പിള്ളേരെക്കൊണ്ട് ലവന്മാരെ ശരിയാക്കിയെടുക്കാന്‍ പറ്റുമോ, ഇല്ലെങ്കില്‍ വല്ല അനോണിയായും അവതരിക്കേണ്ടി വരുമോ എന്നറിയാനാണ് വിസിറ്റ് .
ദൈവത്തിനിട്ടു പണ്ടാരോ കൊടുത്ത ഒരു പണി കാരണം "പുള്ളിക്കാരന്റെ സ്വന്തം നാട്" എന്ന് വിളിക്കപ്പെടുന്ന ദേശത്തേക്ക് അങ്ങനെ സാത്താന്‍ വിസിറ്റ് വിസയില്‍ വന്നിറങ്ങി.

പക്ഷേ സ്ഥലത്തെത്തി അല്‍പ്പസയത്തിനകം തന്നെ കക്ഷി ഞെട്ടി തകര്‍ന്നു പോയി.
നമ്മുടെ റിട്ടയെര്‍ഡ് എജന്റ്റ് പറഞ്ഞത് മുഴുവനും തെറ്റാണ്.

ഈ നാട്ടില്‍ നിറയെ സദാചാരത്തിന്റെ വെള്ളരിപ്രാവുകളാണ്...!!!
അവ ഊണും ഉറക്കവുമില്ലാതെ പാതിരാത്രി പോലും പറന്നു നടക്കുന്നു..!!
പിന്നെങ്ങനെ  ഇവിടത്തെ സദാചാരം തകര്‍ത്ത്  തരിപ്പണമാക്കാന്‍ കഴിയും??

പെണ്ണുങ്ങളൊക്കെ നല്ല വേഷം ധരിച്ചാണ് നടപ്പ്. ആണുങ്ങളുടെയെല്ലാവരുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും യാതൊരു കുഴപ്പവുമില്ല എല്ലാവരും എക്സ്ട്രാ ഡീസന്റ്..!!
അണ്‍ ബിലീവബിള്‍..!!!!!

നേരം വൈകുന്നേരമായപ്പോള്‍ ഒരു സാദാ അനോണി കള്ളുകുടിയനായി വേഷം മാറി സാത്താന്‍ റോന്തു ചുറ്റാനിറങ്ങി. സംഭവം മനസ്സിലാക്കണമല്ലോ..
അപ്പോഴാണ്‌ ഒരു സദാചാരത്തിന്റെ വെള്ളരി പ്രാവ് ലുങ്കിയും മാടിക്കുത്തി ഭര്‍ത്താവ് സ്ഥലത്തില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീടിന്റെ ഗേറ്റിനു വെളിയില്‍ പരുങ്ങി നില്‍ക്കുന്നത് കണ്ടത്.

ഒരു ലോക്കല്‍ കള്ളുകുടിയന്‍ തന്റെ മുന്നില്‍ വന്നു വായും പൊളിച്ചു നില്‍ക്കുന്നതുകണ്ടപ്പോള്‍ വെള്ളരിപ്രാവിനു ദഹിച്ചില്ല..എങ്കിലും പറഞ്ഞു..

"ദാണ്ടേ ആ വീട്ടിലെ പെണ്ണ് ആള് ശെരിയല്ല...ചെല അവന്മാരുമായി അവള്‍ക്ക് ഇടപാടുണ്ട്..."
"അതു തനിക്കെങ്ങനെ അറിയാം??"
"ലവള്‍ എന്നേം വിളിച്ചതാ..പക്ഷേ ഞാന്‍ പോയില്ല.."
അതും പറഞ്ഞു സദാചാരത്തിന്റെ വെള്ളരി പ്രാവ് ചിറകടിച്ച് അടുത്ത കര്‍മഭൂമിയിലേക്ക്‌ പറന്നു...

സാത്താന് ഒടുക്കത്തെ സന്തോഷമായി.. വിചാരിച്ച പോലെയല്ല കാര്യങ്ങള്‍...ഈ പ്രാവുകളൊക്കെ നമ്മുടെ  സൈഡാണ്. ആ പ്രാവ് വേറെ ഒന്നു രണ്ടു  കുഞ്ഞാടുകളോട് കൂടി പറഞ്ഞാല്‍ മതി സംഗതി സക്സസ്....
ആ പെണ്ണ് വല്ല വിഷവുമടിച്ചോ സാരിയില്‍ കെട്ടിത്തൂങ്ങിയോ ചത്തോളും.

പക്ഷേ പ്രശ്നം അതല്ല..
ഈ പ്രാവിനു വലിയ വിദ്യാഭ്യാസമൊന്നുമില്ല ഒരു ഇസ്പേഡ് ഏഴാം കൂലി...
ബട്ട്‌ ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന വിവരമുള്ളവരോ....ഒക്കെയും ഐടി യിലൊക്കെ പുലികളാണ്.
അവിടെയും കാണുമോ വെള്ളരിപ്രാവുകള്‍..??

അങ്ങനെയാണ് പുള്ളിക്കാരന്‍ ഭയങ്കര ബുദ്ധിയുള്ള ആളുകള്‍ തിങ്ങി നിറഞ്ഞ ഒരു സാദാ സര്‍ക്കാര്‍ ഓഫീസില്‍ കയറിചെല്ലുന്നത്‌.
അവിടെയും ഉണ്ട് ചില വെള്ളരിപ്രാവുകള്‍. കൂടെ വര്‍ക്ക്‌ ചെയ്യുന്ന സ്ത്രീകളോട് മാന്യമായും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറുന്നവര്‍.
പക്ഷേ കൂട്ടത്തില്‍ തല നരച്ചു തുടങ്ങിയ ഒരു പ്രാവ് തന്റെ സഹപ്രവര്‍ത്തക പോയിക്കഴിഞ്ഞ് കൂട്ടുകാരോട് അവരെ പറ്റി പറയുന്ന ചില 'കാര്യങ്ങള്‍' കേട്ടപ്പോള്‍ സാത്താന്‍ രണ്ടാം നിലയില്‍ നിന്നു താഴേക്കെടുത്ത് ചാടി.

എന്റമ്മോ..!!! ഇങ്ങനെയുമുണ്ടോ ആള്‍ക്കാര്‍.!!! യാതൊരു ചമ്മലുമില്ലാതെയല്ലേ ഗോസിപ്പ് അടിച്ചു വിടുന്നത്.!!

ഇവിടെ തന്റെയോ ശിഷ്യന്‍മാരുടെയോ ആവശ്യമില്ല...!!
സദാചാരം സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു വന്‍ ജനാവലി തന്നെ ഇവിടെയുള്ളപ്പോള്‍ ആത്മഹത്യയും കൊലപാതകവുമൊക്കെ ഈസിയായി നടന്നോളും.

സോ..ഡോണ്ട് വറി..!! വെള്ളരി പ്രാവുകള്‍ ഇവിടെ എപ്പോഴും വട്ടമിട്ടു പറക്കുന്നുണ്ട്.

അങ്ങനെ നിറഞ്ഞ സന്തോഷത്തോടെ സാത്താന്‍ തിരിച്ച് സ്വന്തം വീട്ടിലെത്തി.
പക്ഷേ അപ്പോഴും സാത്താന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ഏത് അവതാരമാണ് ക്രിയേറ്റര്‍ "പുള്ളിക്കാരന്റെ സ്വന്തം നാട്ടുകാര്‍ക്ക്" വേണ്ടി എടുത്തിട്ടുണ്ടാവുക എന്നായിരുന്നു..!!
.

18 January 2010

ഒരു നോവല്‍!!!

പ്രിയ്യപ്പെട്ടവരെ
ഞാന്‍ ഒരു സാഹസത്തിനൊരുങ്ങുന്നു..
ഒരു ബ്ലോഗ്‌ നോവല്‍..!!
'ആവശ്യത്തിലേറെ നീളമുള്ള' കഥകള്‍ കണ്ടിട്ടാവണം ചില സുഹൃത്തുക്കള്‍ ചോദിച്ചു, ഒരു നോവല്‍ എഴുതിക്കൂടെ എന്ന്...ഗൂഗിള്‍ കനിഞ്ഞു നല്‍കിയ 'ദു'സ്വാതന്ത്ര്യങ്ങള്‍ മുതലെടുത്ത്‌ ഞാനും അങ്ങനെ എഴുതിത്തുടങ്ങി...
ഒരു പ്രവാസിയായതിനാലാവാം എന്റെ മനസ്സില്‍ ആദ്യം വന്നത് പ്രവാസികളുടെ കഥ തന്നെയാണ്...

സാമ്പത്തിക മാന്ദ്യം ഗള്‍ഫ്‌ നാടുകളെ പിടിച്ചു കുലുക്കുന്ന ഈ അവസ്ഥയില്‍, പ്രവാസത്തിനു വിധിക്കപ്പെട്ട സാധാരണക്കാരായ ചില കഥാപാത്രങ്ങളെ ഞാന്‍ പരിചയപ്പെടുത്തുന്നു.

കടല്‍ മീനുകള്‍ എന്ന നോവലിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്കുക.
സ്വന്തം മുരളി.

10 January 2010

സുലോചനയുടെ രാവുകള്‍


സുലോചനയുടെ രാവുകള്‍ എന്നും നിദ്രാ വിഹീനങ്ങളാണ്.
 
വടക്കുനിന്നും വരുന്ന അഞ്ചരയുടെ ബസ്സില്‍ സുലോചന വന്നിറങ്ങുന്നതും നോക്കിയാണ് വില്ലൂന്നിപ്പാടത്തെ പൂവന്‍ കോഴികള്‍ കൂവുന്നത് പോലും.പകല്‍ നേരങ്ങളില്‍ സമയം നോക്കാതെ കൂവുന്ന സ്ഥലത്തെ പൂവന്‍ കോഴികളെയെല്ലാം ആട്ടിയോടിക്കാറുണ്ടായിരുന്ന സുലോചനയ്ക്ക് പാതിരാപ്പിടയെന്ന സ്ഥാനപ്പേര് ചാര്‍ത്തിക്കൊടുത്തത്, 'കിണ്ണംബച്ച' കട്ടിലൂടെ പ്രശസ്തനായ ബാര്‍ബര്‍ ശശിയാണ്... സ്ഥലത്തെ എക്സിറ്റ് പോള്‍ വിദഗ്ദന്‍ റേഡിയോ നാണുവിന്റെ അവസാനവട്ട അവലോകനപ്രകാരം പാതിരാസുലുവിന്റെ മുഖ്യ ശത്രുവാണ് ശശി.

സുലോചനയെ ഫീല്‍ഡിലിറക്കിയവളെന്ന ഖ്യാതി നിലനില്‍ക്കുന്ന മിഡ് നൈറ്റ്‌ തങ്കം ,സുലോചനയുടെ എക്സ് ലവര്‍ അഥവാ, കണ്ണീരില്‍ കുതിര്‍ന്ന "പതിനാറു വയതിയനിലെ" നായകന്‍ ചായക്കടക്കാരന്‍ ബാലന്‍ ,സ്ഥലത്തെ 'യുവ' ഗായകന്‍ ഇടിവെട്ടി വിജയന്‍ ,തെങ്ങുകയറ്റക്കാരന്‍ ഉടുമ്പ് രാജന്‍‍,കമ്യൂണിസ്റ്റ് ബാബു, എന്നിങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ ദിനം പ്രതി കയറിയിറങ്ങി പോകുന്ന വില്ലൂന്നിപ്പാടം ജങ്ങ്ഷനും സുലോചനയുടെ ജീവിതം പോലെ സംഭവ ബഹുലമാണ്.

വില്ലൂന്നിപ്പാടത്തെ പെണ്ണുങ്ങളെല്ലാം സുലോചനയെ കഠിനമായി വെറുത്തു.കുട്ട്യോള്‍ടച്ചന്‍മാര്‍ നേരം കെട്ടനേരത്തങ്ങാനും പൊരേല്‍ വന്നു കേറിയാല്‍ പെണ്ണുങ്ങള്‍ ആദ്യം ചോദിക്കുന്നത് സുലുവിനെക്കുറിച്ചാണ്.
"ങ്ങള് ഓളുടെ അഡുത്ത് പോയതാല്ലേ..."
"ഇല്ല പൊന്നെ..നെന്നെ ബിട്ടു ഞാന്‍ ഓളുടെ അടുത്തു പോകുവോ....അല്ലേലും അങ്ങ് ടൌണിലല്ലേ ഓളുടെ  കച്ചോടം..അസത്ത്.."
അസത്തിന്റെ വീടുതേടി എത്തുന്ന പലരും വില്ലൂന്നിപ്പാടത്തെ പെണ്ണുങ്ങളുടെ നാവിന്റെ ചൂടറിഞ്ഞു പോന്നു......

ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് വില്ലൂന്നിപ്പാടത്തെ ഓരോ നെല്‍ ചെടിയും പുല്‍ക്കൊടിയും പാടിനടന്ന പരിശുദ്ധവും പരിപാവനവുമായ പ്രണയകഥയിലെ നായികാ നായകന്മാരായിരുന്നു സുലോചനയും ചായക്കടക്കാരന്‍ ബാലനും .അന്ന് ബാലന്‍ ചായക്കടയില്ലാത്ത വെറും ബാലനായിരുന്നു.പിതാവ് കോഴിപ്പറമ്പില്‍ കേളപ്പന്റെ കെ ആന്‍ഡ്‌ കെ ടീസ്റ്റാളിലെ സാദാ പ്ലേറ്റ് പെറുക്കിയായി ഒരു കാജാ ബീഡി പോലും വാങ്ങാന്‍ കാശില്ലാതെ, തന്തപ്പടിയുടെ മുപ്പത്തിഅഞ്ച് ഡിഗ്രി കൊങ്കണ്ണ് കടയിലെ പ്ലാവിന്റെ മേശയുടെ താഴേവലിപ്പില്‍ നിന്നും മാറുന്നതും നോക്കി കാലം കഴിക്കുകയായിരുന്ന ബാലന്റെ മനസ്സിലേക്ക് സുലോചന പെയ്തിറങ്ങിയത് ഒരു പെരുമഴയത്താണ്.

കാലം തെറ്റി പെയ്ത മഴയില്‍ അന്ന് സുലോചന കയറിനിന്നത് കേളപ്പേട്ടന്റെ ചായക്കടയുടെ പിറകുവശത്തല്ല, അവിടെ ചായഗ്ലാസ്‌ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ബാലന്റെ ഹൃദയത്തിലേക്കായിരുന്നു....!!
അന്ന് ചായ ഗ്ലാസ് രണ്ടെണ്ണം താഴെവീണ് പൊട്ടി..!!
പിന്നീട് സുലോചനയുടെ പതിനാറു വയസ്സുള്ള ഹൃദയവും പലപ്പോഴായി കുറേ ചുവന്ന കുപ്പിവളകളും പൊട്ടി..!
കുറേക്കാലം കഴിഞ്ഞ് വീണ്ടുമൊരിക്കല്‍ കൂടി പൊട്ടി..
പക്ഷേ ഇത്തവണ കേളപ്പേട്ടന്റെ പൊറോട്ടയടിച്ചു തഴമ്പിച്ച കയ്യായിരുന്നെന്നു മാത്രം..!
അതും കാമുകന്‍ ബാലന്റെ രണ്ട് കവിളിലുമായി മാറി മാറി...!!

കാമുകി കരഞ്ഞില്ല...അന്നങ്ങനെ വില്ലൂന്നിപ്പാടം ചരിത്രത്തിലാദ്യമായി ഒരു പ്രണയകഥ കണ്ടു.മാതാ ടാക്കീസില്‍ പ്രേം നസീറിന്റെയും ഷീലയുടെയും പ്രേമം മാത്രം കണ്ടു ശീലിച്ച വില്ലൂന്നിപ്പാടം നിവാസികള്‍ ഒന്നടങ്കം ചോദിച്ചു..
"ആര്..??!!..കല്യാണീടെ മോള് സുലോചനയോ..??!!!"
"ഓള് തന്നെ...അതും ആ ബാലനുമായിട്ട്..!!!!"
"ഓക്ക് വേറെ ആരെയും കിട്ടീലെ..??.."

സുലോചന വീട്ടുതടങ്കലിലായി... മോളെ പൂട്ടിയിടുന്നതെന്തിനാണെന്ന് കല്യാണിയമ്മയോട് ചോടിച്ചവര്‍ക്കെല്ലാം കണക്കിന് കിട്ടി.അവരുടെ കണ്ണില്‍ നാട്ടുകാരാണ് സുലോചനയെ കൊണ്ട് ബാലനെ പ്രേമിപ്പിച്ചത്..അതും ചത്തുപോയ സുലുവിന്റെ അച്ഛന്‍ കള്ളന്‍ ഗോപാലനോടുള്ള വാശിതീര്‍ക്കാന്‍.

പ്രണയകഥയിലെ നായകനെ സ്നേഹനിധിയായ അച്ഛന്‍ അകലെ മദ്രാസിലുള്ള അകന്ന ബന്ധുവിന്റെ ഹോട്ടലിലെ ചായ ഗ്ലാസ്സ് കഴുകാന്‍ പറഞ്ഞയച്ചപ്പോള്‍ നാട്ടുകാര്‍ കരുതി ആ പ്രണയം തകര്‍ന്ന് തരിപ്പണമായെന്ന്.
പക്ഷേ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പകര്‍ത്തി സുലോചന സ്ഥലത്തെ യുവകാമുകിമാരുടെ രോമാഞ്ചമായി മാറിയത് പെട്ടന്നാണ്.

സുലോചന ഒളിച്ചോടി...!!!!!

അങ്ങ് മദ്രാസിലെ ചായക്കടയില്‍ എത്തിപ്പെട്ട ബാലന്‍ ആദ്യമൊന്നു പകച്ചു പോയിരുന്നു എന്നത് സത്യമാണ്.വകയിലെ അമ്മാവന്‍ ഉള്ളാട്ടില്‍ പുഷ്കരന്റെ ,ഹോട്ടല്‍ 'ഡി' പുഷ്കരയിലെ ഓരോ ചായഗ്ലാസിനോടും കാലി പ്ലേറ്റിനോടും തന്റെ നഷ്ടപ്രണയത്തെക്കുറിച്ച് വിലപിക്കവേ ഒരുനാളില്‍, സെയിം സാലറി സ്കെയിലില്‍ പക്ഷേ അപ്പര്‍ പൊസിഷനില്‍ ജോലിചെയ്യുന്ന തമിഴന്‍ മുരുകനാണ് വലിയ ബിരിയാണിചെമ്പ് കഴുകുന്നതിനിടെ ബാലന് ബുദ്ധി ഉപദേശിച്ചു കൊടുത്തത്.
"ഒരു കടിതം പോടുന്കെ...ഇങ്ക വര സൊല്ല്....."
കൂടെ ഒരു പ്രാപഞ്ചിക സത്യവും മുരുകന്‍ പറഞ്ഞു...
"കാതലിയോടെ ഇദയം റോജാപ്പൂമാതിരി.. വലി താങ്കറത് റൊമ്പ കഷ്ട്ടം..."

അങ്ങനെ നാട്ടിലെ പഴയ പൂരപ്പറമ്പ് മേറ്റ്‌ ചെത്തുകാരന്‍ സുധാകരന് ബാലന്റെ എമര്‍ജന്‍സി കടിതം, വിത്ത്‌ ഫ്രം അഡ്രസ്‌ അടക്കം മദ്രാസ് മെയിലില്‍ വില്ലൂന്നിപ്പാടത്തെക്ക് പറന്നു.

ചെത്താന്‍ "നല്ല നീരുള്ള പനകള്‍" നോക്കി നടക്കുകയായിരുന്ന സുധാകരന്‍ നാലാം ക്ലാസ്സില്‍ 'ഇരിക്കുന്ന' കാലത്ത് നാരായണിട്ടീച്ചറുടെ കണ്ണിചൂരല്‍ ഭയന്നൊരുദിനം സ്കൂളില്‍ നിന്നും സര്‍വോപരി കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നും ഇറങ്ങിയോടിയത് കാരണം അക്ഷരാഭ്യാസം കമ്മിയായിരുന്നു.പക്ഷേ കഷ്ടപ്പെട്ട് കടിതം വായിച്ചു.കൂട്ടിക്കൊണ്ടു ചെല്ലേണ്ടത് സുലോചനയെയാണ്..!!!

"നല്ല കരിക്കുള്ള തൈത്തെങ്ങില്‍ കയറി ചെത്തുന്നതിന്റെ" സുഖം മനസ്സില്‍ കണ്ടെങ്കിലും പണ്ട് വില്ലൂന്നിപ്പാടത്തെ കൈത്തോടുകളില്‍ ബരാലിനെ പിടിച്ച് നടന്ന പ്രിയതോഴന്‍ ബാലനെ ഓര്‍ത്തപ്പോള്‍  ലോകത്തെ സകല പുരുഷ കേസരികളും പറയാനാറയ്ക്കുന്ന ആ വാക്കുകള്‍ ശരപഞ്ചരത്തിലെ ജയനെ മനസ്സിലോര്‍ത്ത്, നെഞ്ച് വിരിച്ചുനിന്നുതന്നെ  സുധാകരന്‍ പ്രസ്താവിച്ചു.

"നിയ്യ് എനക്ക് എന്റെ പെങ്ങളെപ്പോലെ ആണു സുല്വോ....!!!!"

അങ്ങനെ വില്ലൂന്നിപ്പാടത്തെ കൂമന്‍മാരെ സാക്ഷികളാക്കി ഒരുദിനം വടക്കോട്ടുള്ള നാലരയുടെ ബസ്സില്‍ സുലോചന മദ്രാസിനു യാത്രയായി, കൂട്ടിനു സുധാകരനും..!!

പ്രേംനസീറും ഷീലയും മാത്രമുണ്ടായിരുന്ന പ്രണയകഥയില്‍ ഉമ്മര്‍ കൂടി കടന്നു വന്നത് കണ്ടപ്പോള്‍ വിലൂന്നിപ്പാടം അക്ഷരാര്‍ഥത്തില്‍ ഞെട്ടി...!!!
"അല്ല സുധാരനോ....ഓനെങ്ങനെ ഇതിന്റെടെല് വന്ന് ചാടി..??!!!"
നാട്ടാര് മൊത്തം പറഞ്ഞു...
"സുധാരനല്ലേ മോന്‍..എന്തെങ്കിലും നടക്കും..!!"

നടന്നു..!!..സുലോചനയെയും കൊണ്ട് സുധാകരന്‍ മദ്രാസ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങി ഇടം വലം നടന്നു..!!!
കഥ സിനിമയിലേതു പോലെ തന്നെ നടന്നു....പ്രിയതമ വരുന്ന തീവണ്ടിയും നോക്കി പ്ലാറ്റ് ഫോമിലൂടെ തെക്കുവടക്ക് കറങ്ങി നടക്കുകയായിരുന്ന ബാലനെ റെയില്‍വേ പോലീസ് പൊക്കി. പോലീസ് വെറും ഒരു പകല്‍ മാത്രമേ ബാലനെ കസ്റ്റഡിയില്‍ വച്ചുള്ളൂ..പക്ഷേ ബാലന് നഷ്ടപെട്ടത് തന്റെ പ്രാണപ്രേയസിയെയും ലൌകില ജീവതവുമായിരുന്നു....
അന്ന് നേരമിരുട്ടുന്നത് വരെ സുലോചനയും സുധാകരനും ഒരുപാടു നടന്നു.ആ നടത്തം അവസാനിച്ചിടത്ത് വച്ച് സുലോചനയ്ക്കു ആദ്യമായി സുധാകരനില്‍ അനുരാഗം മുളച്ചു ,സാധാരണ ഹിന്ദി സിനിമകളില്‍ കാണുന്നതുപോലെ തന്നെ..
എങ്ങനെയെന്നാല്‍,ആ നടത്തം അവസാനിച്ചത്‌ ഒരു ഇരുണ്ട തെരുവിലായിരുന്നു..നീലത്താമര പോലുള്ള സുലുവിനെ കയറിപ്പിടിച്ച ഒരു സാദാ മദ്രാസ് റൌഡിയെ, സുധാകരന്‍ തന്റെ തെങ്ങുകയറ്റ ജീവിതം സമ്മാനിച്ച ഉറച്ച മസിലുകള്‍ കൊണ്ട് നേരിട്ടപ്പോള്‍, ആ നാറുന്ന തെരുവില്‍ മറ്റൊരു ത്രികോണ പ്രണയകഥയ്ക്ക് തിരിതെളിഞ്ഞു.അടികിട്ടി ഓടിപ്പോയ റൌഡിയെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ സുലോചന സുധാകരനെ ഇറുകെപ്പുണര്‍ന്നു...
"സുധാരേട്ടാ...ഇങ്ങളാണ് എന്റെ ആണ്...."

അങ്ങനെ മാരിയമ്മന്‍ കോയിലില്‍ വച്ച് താലിയും കെട്ടി, രണ്ടുമാസത്തെ ഹണിമൂണും കഴിഞ്ഞപ്പോഴേക്കും സുലോചനയുടെ മനസ്സില്‍ ബാലനോടുള്ള സ്നേഹം ഒരു പൊടിക്കുപോലും ഇല്ലായിരുന്നു..പകരം ഒറ്റ ഇമേജ് മാത്രം
"ചതിയന്‍ ബാലന്‍ ‍..!!"
ജീവിതവും സിനിമയിലെ പോലെ തന്നെ മുന്നോട്ടു നീങ്ങി.

സാധാരണ തമിഴ് സിനിമയിലെ നായകനെ പോലെ സുധാകരന്‍ "മൂട്ട"(ചാക്ക് കെട്ട്)ചുമന്നു പണം സമ്പാദിച്ചു.സുലോചന അച്ചാറുണ്ടാക്കി വിറ്റ് കാശുണ്ടാക്കി..അങ്ങനെ സുന്ദരമായി ഹണിമൂണ്‍ ആഘോഷിച്ചു കൊണ്ടിരുന്ന മിഥുനങ്ങള്‍ക്കിടയില്‍ ദുരന്തം വന്നുകയറിയത്‌ പെട്ടെന്നാണ്...
അതേ പഴയ റൌഡി..!!!
അതെ...മദ്രാസ് റെയില്‍വേ സ്റ്റേഷനോടടുത്തുള്ള ആ തെരുവില്‍ പണ്ട് സുധാകരന്‍ അടിച്ചു പഞ്ചറാക്കിയിട്ട അതേ റൌഡി സോഡാ ശെല്‍വന്‍..!!

ആളുകളുടെ തലയില്‍ വെറുതേ സോഡാക്കുപ്പി അടിച്ചു പൊട്ടിക്കുകയെന്ന വിനോദം സ്വന്തമായുണ്ടായിരുന്ന സോഡാ സെല്‍വന്റെ അല്‍പ്പം കനം കൂടിയ മൂന്നുനാല് അടിയില്‍ നാലുദിവസം ഗവര്‍മേന്റാശുപത്രിയില്‍ കിടന്ന് അഞ്ചാം ദിവസം സുധാകരന്‍ മരിച്ചു.
അന്ന് സുലോചനയെയും കാണാതായി.
 പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം സുലോചന വില്ലൂന്നിപ്പാടത്തെക്ക് തിരിച്ചു വരുന്നത് പുതിയ രൂപത്തിലും ഭാവത്തിലുമാണ്.

അത്രമാത്രമാണ് വില്ലൂന്നിപ്പാടക്കാര്‍ക്കറിയാവുന്ന സുലോചനയുടെ പാസ്റ്റ്.പിന്നീട് മിഡ് നൈറ്റ്‌ തങ്കത്തിന്റെ കൂടെ ഫീല്‍ഡിലിറങ്ങിയത് മുതല്‍ക്കുള്ള കഥകള്‍ വില്ലൂന്നിപ്പാടത്തെ ചെല്ലക്കാറ്റിനുപോലുമറിയാം.

പോസ്റ്റാപ്പീസിന്റെ മതിലില്‍ ഒട്ടിച്ചിരുന്ന, അവളുടെ രാവുകളിലെ സീമയുടെ പോസ്റ്ററിനു കീഴെ വില്ലൂന്നിപ്പാടത്തെ തോന്ന്യാസികള്‍ എഴുതിച്ചേര്‍ത്തു.

"സുലോചനയുടെ രാവുകള്‍ -A "

പക്ഷേ താമസിയാതെ തന്നെ  വില്ലൂന്നിപ്പാടം ഞെട്ടി...!!
നാടുവിട്ടുപോയ പഴയ നായകന്‍ ബാലന്‍ തിരിച്ചുവന്നപ്പോഴായിരുന്നു അത്..!!
വില്ലൂന്നിപ്പാടം മുഴുവനും ബാലന്റെ കഥ കേള്‍ക്കാനായി കാതു കൂര്‍പ്പിച്ചു.ബാലന്‍ എല്ലാം പറഞ്ഞു..അന്ന് പോലീസ് പിടിച്ചതും സുലോചനയെ തേടി നടന്നതും,പിന്നെ കണ്ടുപിടിച്ചപ്പോള്‍ സുധാകരന്റെയും സുലോചനയുടെയും ജീവിതത്തില്‍ കട്ടുറുമ്പാകേണ്ട എന്ന് കരുതി പ്രേമം കുഴിച്ചുമൂടി തിരിഞ്ഞു നടന്ന് ഹോട്ടല്‍ 'ഡി' പുഷ്കരയിലെ ഒഴിഞ്ഞ ചായ ഗ്ലാസുകള്‍ കഴുകി കാലം കഴിച്ചതും എല്ലാം..
പിന്നെ ബാലനായിരുന്നു വില്ലൂന്നിപ്പാടത്തിന്റെ പോന്നോമനപുത്രന്‍...ബാലനെ ചതിച്ച സുലോചന "പാതിരാപ്പിട" യായി മാറി,നാട്ടുകാരുടെ മൊത്തം പ്രാക്ക് ഏറ്റുപോന്നു...തന്റെ ചത്തുപോയ തന്ത കേളപ്പന്റെ ടീഷാപ്പ്‌ ഏറ്റെടുത്തു നടത്തി ബാലന്‍ അങ്ങനെ ചായക്കട ബാലനുമായി.

അങ്ങനെ വലിയ സംഭവങ്ങളൊന്നും സംഭവിക്കാതെ വില്ലൂന്നിപ്പാടം പരദൂഷണവും തോന്ന്യാസം പറച്ചിലുമായി അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ചില സമയങ്ങളില്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ബാലന്‍ വികാരാധീനനാവാറുണ്ടായിരുന്നു.പൊടിച്ചായ നീട്ടിയടിക്കുന്നതിനിടെ പലതും പറഞ്ഞ് ബാലന്റെ തൊണ്ടയിടറും.. അത് കാണുമ്പോള്‍ നാട്ടുകാര്‍ പറയും
"പാവം ബാലന്‍...ഓള്‍ക്ക് ഭഗോതി കൊടുക്കും.."

വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു.സുലോചനയുടെ രാവുകള്‍ നിദ്രാവിഹീനങ്ങളായി തന്നെ തുടര്‍ന്നു പോന്നു..
 
അങ്ങനെയിരിക്കെ മിഥുനമാസം കഴിഞ്ഞ ഒരു ഞാറാഴ്ച നട്ടുച്ചയ്ക്ക് , ഇടിവെട്ടി വിജയനാണ് അയാളെ കാണുന്നത്...
ബസ്സിറങ്ങി ചെമ്മണ്‍പാതയിലൂടെ നടന്ന് വരുന്ന ഒരു രൂപം.!
നല്ല ഒറ്റത്തടിപ്ലാവുപോലെ വീതിയേറിയ നെഞ്ചുമായി കറുത്തിരുണ്ട ഒരു തമിഴന്‍..!!
'മാതാ' യിലെ പൊട്ടിയ ബെഞ്ചില്‍ ഇരുന്നു കണ്ടുതീര്‍ത്ത തമിഴ് പടങ്ങളില്‍ നിന്നും പഠിച്ച മുറിത്തമിഴു വച്ച് ഇടിവെട്ടി അലക്കാന്‍ തുടങ്ങി...
"അണ്ണാ നീങ്കെ യാര്....ഇങ്കെ പുതുസാ...?"
തമിഴന്‍ ചുവന്ന കണ്ണുകള്‍ പുറത്തേക്ക് തള്ളിച്ച് ഭീകരമായി തിരിച്ചു ചോദിച്ചു..
"ഉന്‍ പേരെന്ന..??"
"ആ ശബ്ദത്തില്‍ ഇടിവെട്ടി വിറച്ചു..."
"നാ..ന്‍ ..വിജയ......"
"എന്നത്..??"...തമിഴന്‍ മീശ പിരിക്കാന്‍ തുടങ്ങി..
"കൂനംവെള്ളിത്തറ പാച്ചര്‍ മകന്‍ ഇടിവെട്ടി വിജയന്‍...."
വിത്ത്‌ സര്‍ നെയിം വിജയന്‍ പയറ് പയറ് പോലെ പേര് പറഞ്ഞത് ,അപ്പോള്‍ വീശിയടിച്ച കാറ്റില്‍ ദൃശ്യമായ, തമിഴന്റെ അരയിലെ ബെല്‍ട്ടില്‍ നിന്നും പുറത്തോട്ടു ചാടാന്‍ വെമ്പി നില്‍ക്കുന്ന പതിനാറിഞ്ച് നീളമുള്ള കത്തി കണ്ടപ്പോഴാണ്.
'പസങ്ക' യുടെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ സ്ഥായിയായ രൌദ്രഭാവം വിട്ട് തമിഴന്‍ ശാന്തനായി...
"അതെന്നെടാ..ഉന്‍ പേരില്‍ ഒറു ഇടിവെട്ടി..??"
തനിക്കു ഇടിവെട്ടിയെന്ന പേരുവീഴാനുണ്ടായ സാഹചര്യം വിശദീകരിച്ചു കൊടുക്കാനാവാതെ വിജയന്‍ കുഴങ്ങി..

ആ സംഭവം ഇങ്ങനെയായിരുന്നു.
പണ്ടൊരിക്കല്‍ കുപ്പേരിക്കാവിലെ ഉത്സവത്തിന്  ഉദയാഭാനുവിന്റെ ഗാനമേള വരുന്നെന്നു കേട്ടപ്പോള്‍ വില്ലൂന്നിപ്പാടത്തിന്റെ സ്വന്തം 'യുവ' ഗായകനായ വിജയനും പോകണമെന്ന് ആശ വന്നു..അക്കാലം മുടിഞ്ഞ വര്‍ക്കുള്ള ദിവസങ്ങളായിരുന്നു വിജയന്.... എല്ലാ ദിവസവും ബിസി ഷെഡ്യൂള്‍...ബിസി എന്ന് പറയുമ്പോള്‍ സംഗീതം കൊണ്ടല്ല....ചോറും കള്ളുമടിക്കണമെങ്കില്‍ ദിവസവും പണിക്കു പോകണമെന്ന പ്രകൃതിനിയമം വൈകിയാണെങ്കിലും ഉദിച്ചിരുന്നത് കൊണ്ട് രാഘവക്കുറുപ്പിന്റെ  പറമ്പില്‍ തെങ്ങിന് തടമെടുപ്പ്, വളമിടീല്‍ തുടങ്ങിയ സ്കില്‍ഡ് വര്‍ക്കുകളുമായി ബിസിയായിരുന്നു വിജയന്‍.അങ്ങനെ ഉദയാഭാനുവിന്റെ ഗാനമേളയുടെ ദിനം വന്നെത്തി..തെങ്ങിന് തടമെടുത്ത് കൊണ്ടിരുന്ന വിജയന്‍ അസ്വസ്ഥനാണ്..കാരണം ഇവിടെ നിന്നും ഒരു രണ്ട് മണിക്കെങ്കിലും പോയാലെ അവിടെ മുന്നില്‍ സീറ്റുകിട്ടുകയുള്ളൂ..മുന്‍പ് കുറേ ദിവസങ്ങളില്‍ പണിക്കിടെ മുങ്ങിയതാണ്.. നേരത്തെ പൊയ്ക്കോട്ടേ എന്ന് കുറുപ്പിനോട് എങ്ങനെ ചോദിക്കും ??..
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ചോദിച്ചു.
വളരെ സന്തോഷകരവും പ്രോത്സാഹന ജനകവുമായ മറുപടിയാണ് രാഘവക്കുറുപ്പില്‍ നിന്നും കിട്ടിയത്.
"അതിനെന്താ വിജയാ നീ അഞ്ച് മണിക്ക് തീര്‍ക്കുന്ന പണി രണ്ട് മണിക്ക് തീര്‍ത്തിട്ടു പൊയ്ക്കോ...ഒരു പത്തു തെങ്ങിന്റെ കൂടി തടം കൊരീട്ടു നെനക്ക് പോകാലോ....."
ആ വാക്കുകള്‍ നല്‍കിയ ഊര്‍ജത്തിലും ആത്മവിശ്വാസത്തിലും വിജയന്‍ ഇടം വലം നോക്കാതെ നിന്നും ഇരുന്നും കിടന്നും തടം കോരി..!!
പത്തല്ല പതിനഞ്ചു തെങ്ങിന്റെ തടം...!!!
രണ്ട് മണിയായപ്പോള്‍ രാഘവകുറുപ്പ് വന്നു നോക്കിയപ്പോള്‍ കണ്ടതെന്താ..?!!
തൂമ്പായും പിടിച്ച് വിജയശ്രീലാളിതനായി വിജയന്‍ നില്‍ക്കുന്നു..!!!.പതിനഞ്ചോളം തെങ്ങുകളുടെ തടം കോരി വളവുമിട്ടിട്ടുണ്ട്..!!

പക്ഷേ അതില്‍ എട്ടെണ്ണത്തോളം ഇടിവെട്ടിയ തെങ്ങുകളായിരുന്നു....!!!!!!!!!!!!

പണി തീര്‍ക്കാനുള്ള തിരക്കില്‍ വിജയന്‍ തെങ്ങിന്റെ മണ്ടയിലേക്ക് നോക്കാന്‍ വിട്ടുപോയതാണ്.....!!
അന്ന് മുതലാണ്‌ വിജയന്‍ ഇടിവെട്ടി വിജയനായി അറിയപ്പെട്ടു തുടങ്ങിയത്.

പക്ഷേ ഇപ്പോള്‍ വിജയന്‍ പണ്ട് ഞെട്ടിയതിനേക്കാള്‍ കൂടുതല്‍ ശക്ത്തിയായി ഞെട്ടുകയാണ്.
കാരണം വന്നിരിക്കുന്ന തമിഴന്‍ ആരാ...??
പണ്ട് സുധാകരനെ കൊന്നു ജയിലില്‍ പോയ ആ സോഡാ സെല്‍വന്‍...!!
വരവ് പാതിരാസുലോചനയെ കാണാനാണെന്നറിഞ്ഞപ്പോള്‍ ഇടിവെട്ടിയൊടോപ്പം വില്ലൂന്നിപ്പാടം മൊത്തത്തില്‍ ഞെട്ടി.

നാട്ടുകാരില്‍ നിന്നും ബാലനെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ സെല്‍വന്‍ നേരെ ചായപ്പീടികയില്‍ കയറിച്ചെന്ന് ബാലനെ പുറത്തേക്ക് വലിച്ചിട്ട് നാലെണ്ണം ചാര്‍ത്തിക്കൊടുത്തു..!!!!!!
എന്താ കഥ?? നാട്ടുകാര്‍ പരസ്പരം നോക്കി...
വഴിതെറ്റി നിലാവത്ത് ഇറങ്ങിവന്ന പിടക്കോഴിയെപ്പോലെ അവിടെയെത്തിയ മിഡ് നൈറ്റ്‌ തങ്കമാണ് അപ്പോഴാ ന്യൂസ്‌ അവിടെ പൊട്ടിച്ചത്..

"വെട്ടുകത്തിയുമെടുത്തു ഭദ്രകാളിയെപ്പോലെ സുലോചന വരുന്നു..!!!!"

തന്റെ പ്രിയനെ തലക്കടിച്ചു കൊന്ന സോഡാ സെല്‍വനെ വെട്ടി സുലോചന പ്രതികാരം തീര്‍ക്കുമെന്നും സെല്‍വന്റെ പതിനാറിഞ്ച് കത്തിയില്‍ സുലോചന തീരുമെന്നും പ്രതീക്ഷിച്ച വില്ലൂന്നിപ്പാടക്കാര്‍ പിന്നെയും ഞെട്ടി.
തന്നെ വെട്ടാന്‍ വന്ന സുലോചനയുടെ കാല്‍ക്കല്‍ വീണു സെല്‍വന്‍ പൊട്ടിക്കരയുന്നു...!!!!.

"പൊറുക്കണം തായേ......ഇന്ത കെട്ടവനെ മന്നിച്ചിട്...."

അപ്പോഴാണ്‌ കഥയുടെ സസ്പെന്‍സും ഫ്ലാഷ് ബാക്കും ട്വിസ്റ്റും ക്ലൈമാക് സും വില്ലൂന്നിപ്പാടത്ത് ഒന്നിച്ചു പൊട്ടിയത്....!!!!
സെല്‍വന്‍ പറഞ്ഞ കഥകേട്ടു ബാലനൊഴികെ വില്ലൂന്നിപ്പാടം മൊത്തം സ്തംഭിച്ചു.
ബാലന്റെ സ്തംഭനം നേരത്തെ കഴിഞ്ഞിരുന്നു... സോഡാ സെല്‍വന്റെ ആദ്യ ചവിട്ടില്‍ തന്നെ വന്ധ്യംകരണം കഴിഞ്ഞ് വില്ലൂന്നിപ്പാടത്തിന്റെ മണ്ണ് വായിലാക്കി സ്തംഭിച്ചു കിടക്കുകയായിരുന്നു ബാലന്‍.

കഥ ഇങ്ങനെയായിരുന്നു...

പണ്ട് മദ്രാസില്‍ സുലോചനെയെ തേടി അലഞ്ഞ ബാലന്‍ സുധാകരനെയും സുലോചനയെയും കണ്ടെത്തിയ സമയം...
രണ്ടുപേരും കല്യാണം കഴിച്ചു സുഖമായി ജീവിക്കുകയാണെന്നു മനസ്സിലാക്കിയ ബാലനില്‍ പ്രതികാരചിന്തകള്‍ ഉടലെടുത്തു..രണ്ടിനെയും കൊല്ലണം..തന്നെ ചതിച്ച് അവരങ്ങനെ ജീവിക്കേണ്ട..അതിനായി കരുക്കള്‍ നീക്കി...കായബലം ഏറെയുള്ള സുധാകരനെ കൊല്ലാന്‍ താന്‍ വിചാരിച്ചാല്‍ മതിയാവില്ല..അതിനായി ചായഗ്ലാസ്‌ കഴുകിക്കിട്ടിയ പൈസ ചേര്‍ത്ത് വച്ച് ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി കൊട്ടേഷന്‍ കൊടുത്തു..ഗുണ്ട സോഡാ സെല്‍വന് സുധാകരനെ കാണിച്ചു കൊടുത്തപ്പോഴാണ്‌ സംഭവം പിടികിട്ടിയത്.ആള്‍ സെല്‍വന്റെയും ശത്രുവാണ്...ഒരാളെ കൊല്ലാനൊന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ ഭാര്യയെ സുധാകരന്‍ പിടിച്ചോണ്ട് പോയി കൂടെ പൊറുപ്പിച്ചിരിക്കുകയാണെന്ന്  പറഞ്ഞ് സെല്‍വനെ കണ്‍വിന്‍സ് ചെയ്യിച്ചു, ബാലന്‍.
അങ്ങനെ സുധാകരന്റെ പണി തീര്‍ന്നു.സെല്‍വന്‍ അപ്രതീക്ഷിതമായി ജയിലിലുമായി.

പിന്നീട് കാലങ്ങള്‍ക്ക് ശേഷം ഭക്തിമാര്‍ഗം സ്വീകരിച്ചു നല്ലവനായിത്തീര്‍ന്ന സെല്‍വന്‍ സുലോചന വില്ലൂന്നിപ്പാടത്തുണ്ടെന്നറിഞ്ഞപ്പോള്‍ കണ്ടു മാപ്പ് പറയാന്‍ വന്നതാണ്..!!

അങ്ങനെ വില്ലൂന്നിപ്പാടത്ത് സുലോചന വീണ്ടും സ്റ്റാറായി.!!
ഹീറോയായിരുന്ന ബാലന്‍ സീറോയുമായി..!!
പിന്നീട് വില്ലൂന്നിപ്പാടത്തെ പൌരത്വം സ്വീകരിച്ച് സെല്‍വന്‍ അവിടത്തുകാരിലൊരാളായി മാറുകയുണ്ടായി.

രാഗേന്ദു കിരണങ്ങള്‍ മിക്കദിവസങ്ങളിലും ഒളി വീശി..രജനീകദംബങ്ങള്‍ ചിലപ്പോഴൊക്കെ മിഴിചിമ്മി....
എന്നിരുന്നാലും സുലോചനയുടെ രാവുകള്‍ പിന്നെയും നിദ്രാവിഹീനങ്ങളായി തന്നെ തുടര്‍ന്നു പോന്നു.

കൂടെ പലപ്പോഴും സെല്‍വന്റെയും,ചിലപ്പോഴൊക്കെ ഇടിവെട്ടി വിജയന്റെയും, ബാര്‍ബര്‍ ശശിയുടെയും, ഉടുമ്പ് രാജന്റെയും,കമ്യൂണിസ്റ്റ് ബാബുവിന്റെയും....................................................!!!!
അങ്ങനെയങ്ങനെ.......
.

3 January 2010

ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി

"എഞ്ചിനീയറിംഗ് കോളേജിന്റെ വരാന്തകള്‍ക്കെല്ലാം നീളം കൂടുതലാണ് ഇല്ലേ ദിലീപ്....??..ഇങ്ങനെ സംസാരിച്ചു കൊണ്ട് കുറേ നേരം നടക്കാനായി മാത്രം ഉണ്ടാക്കിയിരിക്കുകയാണെന്നു തോന്നും.."
"ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ച കോളേജിന്റെ വരാന്തയ്ക്ക് ഇതിലും കൂടുതല്‍ നീളമുണ്ടായിരുന്നു....ഒന്നു പോ........ജനുവരിയിലെ തണുപ്പില്‍ പെണ്‍പിള്ളേര്‍ക്ക് പ്രേമരോഗം കൂടുതലാണെന്ന് പറയുന്നത് വെറുതെയല്ല..."
"ഓ..ഞാന്‍ പ്രീഡിഗ്രി ഒന്നും പഠിച്ചില്ലേ....ഞാനൊരു പാവം പ്ലസ്‌ ടു ക്കാരി....നിന്നെപ്പോലെ കവിതയും സാഹിത്യവും ഒന്നുമില്ലാത്തത് കൊണ്ട് എനിക്ക് പ്രേമം വരാന്‍ ജനുവരിയിലെ തണുപ്പ് തന്നെ വേണം....."
"ഹ ഹ  അനൂ....നീ എഞ്ചിനീയര്‍ ആയി ഒരു ഡിസൈന്‍ എങ്കിലും ചെയ്യുന്നത് എനിക്ക് കാണണം...നിന്റെ പടം വരപ്പും ഭാവനയും പി.എല്‍.സി ഡിസൈന്‍ ചെയ്യുമ്പോഴും ഉണ്ടാവുമല്ലോ...എന്റെ ദൈവമേ അതൊരു ഭയങ്കര സംഭവമായിരിക്കും...ഹ ഹ ."
"നിന്റെ തല്ലിപ്പൊളി സാഹിത്യത്തെക്കളും ഭേദമാ എന്റെ വര....അവന്റെയൊരു അഹങ്കാരം കണ്ടില്ലേ..സകല പെണ്ണുങ്ങളെയും കവിതയെഴുതി മയക്കിക്കോ..നീയാര് കീറ്റ്സോ അതോ ഷെല്ലിയോ........."
"അതേ....കേട്ടിട്ടില്ലേ.."Heard melodies are sweet, but those unheard
Are sweeter; therefore........."
"ഓ..എനിക്കത്ര സ്വീറ്റ് ആയി ഒന്നും തോന്നുന്നില്ല...."
ദിലീപിനെ തള്ളി മാറ്റി അനു ക്ലാസ് റൂമിലേക്ക്‌ നടന്നു...


കാന്റീനിലെ ബോണ്ടയ്ക്ക് അന്ന് പതിവില്ലാത്ത ചൂടുണ്ടായിരുന്നു...സീനിയേര്‍സ് കോര്‍ണെറില്‍ നിന്നും ഉച്ചത്തില്‍ കയ്യടി കേള്‍ക്കുന്നു...ചെന്നുനോക്കുമ്പോള്‍ കപ്പപ്പുഴുക്കില്‍ നിന്നും സുരേഷിന് ഒരു പീസ്‌ ഉള്ളി കിട്ടിയിരിക്കുന്നു...സവാളയ്ക്ക് വില കിലോവിനു അമ്പതു രൂപയായപ്പോള്‍ അത്യപൂര്‍വ്വ വസ്തു 'ഡിസ്കവര്‍' ചെയ്ത സന്തോഷമാണ്...
"ദിവാകരേട്ടന്‍ കീ ജയ്..."
"പ്രിയ്യപ്പെട്ടവരെ..കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം മൂലം വില വര്‍ദ്ധിച്ച് കിലോക്ക് അന്‍പതില്‍പ്പരം രൂഫായായ മാന്യ സവാളയെ കേരളത്തിന്റെ തനതായ കപ്പ അഥവാ ടാപ്പിയോക്കയുടെ അകമ്പടിയോടെ ഇവിടെ അവതരിപ്പിച്ച ബഹുമാന്യനായ നമ്മുടെ കാന്റീന്‍ ഓണര്‍ ദിവാകരേട്ടനോടും ഒരു ഉള്ളി കൊണ്ട് അയ്യായിരം പേര്‍ക്ക് കപ്പ പുഴുങ്ങിയ അഭിവന്ദ്യ പാചകഗുരു ഔസേപ്പേട്ടനോടുമുള്ള അകൈതവമായ നന്ദി ഞാനീ അവസരത്തില്‍ അറിയിച്ചു കൊള്ളട്ടെ......."
"ഡാ.. ദേണ്ടെ.. രവിവര്‍മേടെ മോളു വരുന്നു....."


പൊട്ടിയ ജനല്‍ ചില്ലിലൂടെ നോക്കിയപ്പോള്‍ അനു ദൂരെ നിന്നു നടന്നു വരുന്നത് കണ്ടു...


"ഏതായാലും ഇവന് പറ്റിയ സാധനമാ...കവിയും ചിത്രകാരിയും..നല്ല കോംബി....."
"അതേ ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്.....!!"
"അളിയാ നീ അനുവിന്റെ പുതിയ വര്‍ക്ക്‌  "എ ട്രിബ്യൂട്ട് ടു ഗൂര്‍ണിക്ക" കണ്ടിട്ടുണ്ടോ.....പറയാതിരിക്കാന്‍ വയ്യ...കിടു സാധനമാ...!!.ഡെയിലി രാവിലെ ആത്മാവിന്റെ വേദനകള്‍ തൊട്ടുണര്‍ത്താനായി നമ്മുടെ ടോയ് ലെറ്റിന്റെ ഡോറില്‍ വയ്ക്കാന്‍ ആ പടം തരുമോന്നു ഞാനവളോട് ചോദിച്ചു....പക്ഷേ ലവള്‍ എന്റെ തന്തക്കു വിളിച്ചു....ദുഷ്ട്ടത്തി....!!!!"
"ഇല്ലെടാ ഇവന്റെ ആത്മാവിനുള്ള മോട്ടിവേഷനാ അത്...ഗാട്ട് കരാറിന്റെ കാണാച്ചരടുകള്‍ തേടിപ്പോയ     ആധുനിക കപി ദിലീപനാശാനെ പീഡിത സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉന്തിത്തള്ളിയിടാന്‍ പ്രിയ പ്രണയഭാജനം കാന്‍വാസില്‍ തീര്‍ത്ത കവിത......"
കാന്റീനില്‍ കൂട്ടച്ചിരിയുയര്‍ന്നു....


കൃത്യസമയത്താണ് അനു എത്തിയത്...ദിലീപിന് അവിടെ  നിന്നും രക്ഷപ്പെടണമെന്നുണ്ടായിരുന്നു...എല്ലാവരും കൂടി സംഗതി കുളമാക്കുന്ന ലക്ഷണമാണ് ...
"ദിവാകരേട്ടാ..നല്ല ചൂടുള്ള ഗൂര്‍ണിക്ക രണ്ടെണ്ണം എടുത്തോ....നല്ലവണ്ണം മൊരിഞ്ഞത് തന്നെ വേണേ...."
സുരേഷ് സ്ട്രൈക്ക്സ്  എഗൈന്‍...!!
"എടാ അതിനു ഗൂര്‍ണിക്ക പൊരിച്ചാല്‍ ശരിയാവില്ല...റോസ്റ്റ് ആണ് നല്ലത്...."


അനു കാന്റീന്‍ മുഴുവന്‍ കുലുക്കിക്കൊണ്ട്‌ നടന്നു പോയി.....
ദൈവമേ..ഇന്ന് നല്ല പൂരമായിരിക്കും.....


ദൂരെ നിന്നു തന്നെ കണ്ടു...പതിവ് പോലെ ബാസ്കെറ്റ് ബോള്‍ കോര്‍ട്ടിനടുത്ത് നില്‍പ്പുണ്ട്...ക്ലാസ് കഴിഞ്ഞതാണ്..ഒരു കയ്യില്‍ ബാഗും മറുകയ്യില്‍ മിനി ഡ്രാഫ്റ്ററും...മിനി ഡ്രാഫ്റ്റെര്‍ എകെ ഫോര്‍ട്ടി സെവെന്‍ പോലെ തോന്നിച്ചു..


"കഴിഞ്ഞോ...."
"ഇല്ല.. കഴിഞ്ഞാല്‍ നിലവിളി കേള്‍ക്കില്ലേ...മൂക്കില്‍ പഞ്ഞി..തലയ്ക്കു മേലെ ഒരു വിളക്ക്..പഴത്തില്‍ കുത്തിയ നാലു ചന്ദനത്തിരികള്‍............."
"............നിന്റെ മുടിഞ്ഞ ഒരു തമാശ...."
"ദേഷ്യം വരുമ്പോള്‍ നിന്നെ കാണാന്‍ എന്തു ചേലാണ്....."
"എന്നെക്കൊണ്ട് ഒന്നും പറയിക്കേണ്ട......നീ എന്തിനാണ് ആ ചിത്രം അവന്മാര്‍ക്ക് കാണിച്ചു കൊടുത്തത്..??.."
"നിന്റെ മാസ്റ്റര്‍ പീസ്‌ വര്‍ക്ക്‌ അല്ലേ..എല്ലാവരും കാണട്ടെ എന്നു കരുതി...."
"ഇതുപോലെ അഭിനന്ദിക്കാനായിരിക്കും അല്ലേ....??"
"അല്ല അത് വളരെ നന്നായിരുന്നു... അവന്മാര്‍ തമാശ പറഞ്ഞെങ്കിലും എല്ലാവര്‍ക്കും നല്ലവണ്ണം ഇഷ്ടപ്പെട്ടു..."
"സത്യം..??"
"സത്യം..."
"അരുണ്‍ എന്ത് പറഞ്ഞു..??"
"അവനാര്..അഭിപ്രായം പറയാന്‍..??"
"എന്തായാലും നിന്നെക്കാള്‍ സെന്‍സുണ്ട്....!"
"എന്നാല്‍ അവന്റെ കൂടെ പോകരുതായിരുന്നോ....ചിത്രകാരനും.. ചിത്രകാരിയും..നല്ല ചേലായിരിക്കും..അങ്ങോട്ടുമിങ്ങോട്ടും പടോം വരച്ചോണ്ടിരിക്കാമല്ലോ..."
"എടാ...സാധാരാണ കവിതകളൊക്കെ എഴുതുന്നവര്‍ ഭയങ്കര സീരിയസ് ആയിരിക്കും നീ എന്തേ ഇത്ര സില്ലി ആയിപ്പോയി...നിന്റെ കവിതവായിക്കുന്നവര്‍ ആരെങ്കിലും അറിയുന്നുണ്ടാവുമോ നീ ഇങ്ങനെ വളിപ്പ് തമാശയുമടിച്ച് നടക്കുന്നവനാണെന്ന്...??.പറ്റിയ തൂലികാനാമവും..അനാമിക...ഹോ...!!!
"അനാമികയ്ക്ക് എന്താ കുഴപ്പം..??"
"പിന്നേ..നിന്റെ അമ്മാവന്റെ മോളല്ലേ അനാമിക....എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട...."
"സ്വന്തമായി അഡ്രസ്‌ ഇല്ലാത്തവനല്ലേ ഈ പേര് ധാരാളം...."


"അതു വിട് ദിലീപ്....നീ ആ ലൈബ്രറിയുടെ അടുത്തുള്ള മരം നോക്കൂ...എല്ലാ ഡിസംബറിലും ആ മരം കൃത്യമായി ഇലപൊഴിക്കുന്നു... കുഞ്ഞ് കുഞ്ഞ് ഇലകളുമായി ജനുവരി വരുന്നതും കാത്ത്‌ നേര്‍ത്ത മഞ്ഞിലും....."
"ഇപ്പൊ നീയാണ് സാഹിത്യം വിളമ്പുന്നത്.."
"സാഹിത്യമല്ല.... ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..മിക്ക ക്യാംപസുകളും കുന്നിന്‍ മുകളിലായിരിക്കും....ഓരോ മരത്തിലും ഇലയിലും പ്രണയം നിറച്ചു വച്ച്.....നരച്ച ചായവും പേറി നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് പോലും വല്ലാത്ത ഒരു സൌന്ദര്യമല്ലേ.......??"


കാന്റീനോട് ചേര്‍ന്ന് നില്‍ക്കുന്ന പേരറിയാത്ത വലിയ മരത്തിന്റെ ഇലകള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ അനുവിന്റെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു....... 


"ദിലീപ്...."
"എന്തേ..."
"നമ്മള്‍ കല്യാണം കഴിച്ചു കഴിഞ്ഞുള്ള കാര്യം ആലോചിച്ചിട്ടുണ്ടോ....നീ കവിതയുമെഴുതി ഒരു മൂലയില്‍...ഞാന്‍ കാന്‍വാസും ബ്രഷുമായി വേറൊരിടത്ത്....ഹ ഹ...നല്ല രസമായിരിക്കും..."
"അതേ നല്ല രസമായിരിക്കും....ലൈഫ് ഈസ്‌ നോട്ട് എ കാന്‍വാസ്...ഭാവനയും റിയാലിറ്റിയും തമ്മില്‍ ഒരുപാട് അകലമുണ്ട്...ടുമോറോസ് ആര്‍ ഓള്‍വേയ്സ് സ്ട്രെയ്ന്‍ജ്.."
"ഞാന്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ല ദിലീപ്....ഫസ്റ്റ് നമുക്ക് ഒരു ജോലിയാണ് ആവശ്യം..സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍പ്പിന്നെ കാര്യങ്ങള്‍ എല്ലാം ഓക്കേയാവും..."
"അനൂ....ഞാന്‍ പലപ്പോഴും നിന്നോട് പറഞ്ഞിട്ടുണ്ട്...യുവര്‍ ഫാമിലി ആന്‍ഡ്‌ മൈന്‍................."


"സ്റ്റോപ്പിറ്റ് ദിലീപ്......നീ സംസാരിക്കാന്‍ പോകുന്നതെന്താണ് എന്നെനിക്കു നന്നായി അറിയാം...പ്രണയിക്കുന്ന മിക്കവരും പരസ്പരം ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് നീയും പറയുന്നത്...ആ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ ഇവിടെ ആരും പരസ്പരം സ്നേഹിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുമായിരുന്നില്ല....
ഫാമിലി സ്റ്റാറ്റസ്.....കാസ്റ്റ്......മണ്ണാങ്കട്ട...."


എന്റെ ഡയറിയില്‍ നിന്ന്
ചില സമയങ്ങളില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന കാറ്റിന് പല മൂഡുകളും മാറ്റുവാനും പുതിയവ സൃഷ്ടിക്കുവാനും കഴിയും...ജനുവരി മാസത്തിന് ഒരു പ്രത്യേകതയുണ്ട്..മിക്ക പ്രണയ ബന്ധങ്ങളും ദൃഡമാവുന്ന സമയമാണത്...പുതുവര്‍ഷത്തിന്റെ നേരിയ തണുപ്പില്‍ കോളേജിന്റെ ഒഴിഞ്ഞ കോണുകളിലെല്ലാം പരസ്പരം മുട്ടിയുരുമ്മിയിരിക്കുന്ന കമിതാക്കളെ കാണാം..ആ മൂഡില്‍ ആരോടും പ്രണയിച്ചു പോകും എന്നതാണ് സത്യം..എന്റെ സുഹൃത്ത് ദിലീപിന്റെ കഥ ഞാനീ ഡയറിയില്‍ എഴുതിവച്ചത് ഒരുനാളിലെന്നെങ്കിലും ഞാനൊരു സംവിധായകനാവുമ്പോള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ വേണ്ടി തന്നെയാണ്...ദിലീപിനെ ഞാന്‍ ഇഷ്ടപ്പെടുന്നത് എന്റെ സഹപ്രവര്‍ത്തകനായത് കൊണ്ട് മാത്രമല്ല...ചിലപ്പോഴൊക്കെ സൌഹൃദത്തിനുമുപരിയായൊരു ബന്ധം എനിക്ക് ഫീല്‍ ചെയ്യാറുണ്ട്. കൊടും കാട്ടിലെ ഇലക്‌ട്രിസിറ്റി പ്രോജെക്ടിലെ ജോലി തന്ന വിരസതയില്‍ ധാരാളം തമാശ പറയുന്ന കവിതകളെഴുതുന്ന ഒരു കൂട്ടുകാരനെ കിട്ടിയപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു...പലപ്പോഴും ഞങ്ങള്‍ ഒരേ രീതിയില്‍ ചിന്തിക്കുന്നവരാണെന്നു തോന്നിയിട്ടുണ്ട്..എന്റെ മനസ്സില്‍ സിനിമയും അവന്റെ മനസ്സില്‍ കവിതയും..അവന്റെയും അനുവിന്റെയും പ്രണയം സിനിമാ സ്ക്രീനിലെന്നപോലെ എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്...അതെല്ലാം എന്നോട് പറയുമ്പോള്‍ അവന്റെ മുഖം തിളങ്ങുമായിരുന്നു...ആ കഥ സിനിമയാക്കാന്‍ എനിക്ക് തിരക്കഥയോ സ്റ്റോറി ബോര്‍ഡോ ആവശ്യമില്ല..ഓരോ ഫ്രെയിമും എന്റെ മനസ്സില്‍ അറിയാതെ പതിഞ്ഞു പോയതാണ്...


അനുവിനെ കുറിച്ച് അവന്‍ എന്നോട് ആദ്യമായി പറയുന്നത് ഒരു പുതുവര്‍ഷ ദിനത്തില്‍ തന്നെയാണ്..ആ ജനുവരിക്കു പതിവിലേറെ തണുപ്പായിരുന്നു....മടി പിടിച്ച് കിടന്നുറങ്ങാന്‍ തോന്നുന്ന തണുപ്പ്...അന്നവന്‍ എന്നോട് കവികളിലെ കവിത വറ്റിപ്പോകുന്ന അവസ്ഥയെക്കുറിച്ച് സംസാരിച്ചു....ചിലര്‍ക്ക് ഏതു പ്രതികൂല സാഹചര്യത്തിലും കവിതകളെഴുതാന്‍ കഴിയും..അതിനു പ്രത്യേക മൂഡോ സാഹചര്യമോ ഒന്നും വേണ്ട..അതു ഒരു പ്രത്യേകരീതിയില്‍ ഒഴുകി വരുന്നതാണ്....ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്ന ആ ഡാമിന് ചുറ്റുമുള്ള മനോഹരമായ പ്രകൃതി തീര്‍ച്ചയായും ഒരു കവിയിലെ ഭാവനകള്‍ ഉണര്‍ത്തുന്നത് തന്നെ..എന്നിട്ടും അവന്‍ എന്നോട് സംസാരിച്ചത് കവിയുടെ മരണത്തെ കുറിച്ചായിരുന്നു....നേര്‍ത്ത മഞ്ഞു വീണു തുടങ്ങിയ ആ സായാഹ്നത്തില്‍ ഒരു സാഹിത്യചര്‍ച്ചയ്ക്ക് താല്പ്പര്യമില്ലാതിരുന്നത് കൊണ്ട് മാത്രമാണ് ഞാന്‍ മനപൂര്‍വം പ്രണയത്തെ കുറിച്ച് സംസാരിച്ചത്...യാദ്രിശ്ചികമായാണ് കണ്ടതെങ്കിലും അവന്റെ കുറേ കവിതകളുള്ള പഴയ നോട്ടുബുക്കിലെ ഫോട്ടോയില്‍ കണ്ട സുന്ദരിയായ പെണ്‍കുട്ടി അവന്റെ പ്രണയിനിയാണെന്നു മനസ്സിലാക്കാന്‍ ആ കവിതകളൊന്നും വായിക്കണമെന്നില്ലായിരുന്നു...അവന്‍ എല്ലാം പറഞ്ഞു..ഭാവനാ ലോകത്ത് വിഹരിക്കുന്ന ഒരു മനസ്സായിരുന്നത് കൊണ്ട് എന്റെ മനസ്സില്‍ പലപ്പോഴും അക്കാലത്തെ ചില സിനിമകളില്‍ കാണുന്ന പ്രണയമായിരുന്നു....പക്ഷേ പ്രിയ സുഹൃത്തിന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടിരിക്കാന്‍ വലിയ പ്രയാസമാണ്...നോക്കിയിരിക്കെ നമ്മുടെ കണ്ണുകളും അറിയാതെ നിറഞ്ഞു പോകും.. ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്....ജീവിതത്തിലെ കഠിനമായ ചില യാദൃശ്ചികതകളില്‍ പെട്ട് കണക്കുകൂട്ടി വച്ചതൊക്കെ പിഴച്ചു പോയെന്നു വരാം...ദിലീപിന് അനുവിനെ നഷ്ടപെട്ടതും അതുപോലുള്ള ചില യാദൃശ്ചികതകള്‍ മൂലമാവണം...സ്വന്തമായിരുന്നെന്നു കരുതിയത്‌ പെട്ടന്ന് നഷ്ടമാകുമ്പോള്‍ എല്ലാറ്റില്‍  നിന്നും ഓടിയൊളിക്കാന്‍ തോന്നും....
അതാവണം സ്വന്തം നാട്ടിലെ ജോലി ഉപേക്ഷിച്ച് ആന്ധ്രയിലെ ആളുകയറാത്ത ഈ മലമുകളിലെ ഹൈഡ്രോ ഇലക്ട്രിസിറ്റി പ്രോജെക്ടില്‍ വന്നു ജോയിന്‍ ചെയ്യാന്‍ ദിലീപിനെ നിര്‍ബന്ധിതനാക്കിയതും...


പക്ഷേ ഇന്ന് രാത്രി ഞാന്‍ ചിന്തിക്കുന്നത്  മുഴുവനും ഒരു സിനിമാ നടിയെ കുറിച്ചാണ്.... ഒരു വെളുത്ത കാന്‍വാസ്... അഴിച്ചിട്ട നീളന്‍ മുടിയുമായി കയ്യില്‍ ചായ ബ്രഷ് ഏന്തിയ ഒരു പെണ്‍കുട്ടി...ജാലകത്തിലൂടെ അരിച്ചിറങ്ങി വരുന്ന വെളിച്ചത്തില്‍ ആ മുഖം തിളങ്ങണം...എന്റെ മനസ്സില്‍ മുളപൊട്ടിക്കൊണ്ടിരിക്കുന്ന സിനിമയിലെ അനുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ പറ്റിയ ഒരു സിനിമാനടി ആരായിരിക്കും..?


ഒരു പക്ഷേ..പഴയ സുമലതയെപ്പോലെ...??


ആദ്യ ചര്‍ച്ചകള്‍ 
"സോ...ഒരു കാര്യവുമില്ലാതെ ദിലീപ് ആ കൊടും കാട്ടിലെ ആദിവാസികള്‍ക്ക് വേണ്ടി ശബ്ദിച്ചു എന്നാണോ നീ പറയുന്നത്...!!!! അയാളെ കുറിച്ച് കേട്ട ചില കഥകളില്‍...ഹി ഈസ്‌ ലൈക്‌ എ ടെററിസ്റ്റ് ഓര്‍ സംതിംഗ്.....  ??"


"യെസ് സര്‍....ആ മലമുകളില്‍ ആദിവാസികളോടൊത്തുള്ള ജീവിതം അവനെ അങ്ങനെയാക്കി മാറ്റി എന്നു പറയാം.. പതുക്കെ അവന്‍ അവരിലൊരാളായി മാറുകയായിരുന്നു....മാവോയിസ്റ്റുകളെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് തന്നെ അവനെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത ഒരു സുഹൃത്ത് ഫോണ്‍ ചെയ്തു പറഞ്ഞപ്പോഴാണ്...അവനെന്നെ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലേക്ക് പറഞ്ഞു വിട്ടത് അതിനായിരുന്നോ എന്നു പോലും തോന്നിപ്പോയി..ചിലപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു..."


ക്യാമറമാന്‍ അലെക്സ് ഇടയില്‍ കയറി...


"ഐ നോ ഹിസ്‌ ഫാദര്‍ വാസ് എ നക്സല്‍...!!"
"ശരിയാണ് അലെക്സ്...അവന്‍ അച്ഛനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്....മരിക്കുന്നത് വരെ മനസ്സില്‍ നക്സലിസം കാത്ത്‌ സൂക്ഷിച്ച മനുഷ്യന്‍...!!"
"ജീനുകളില്‍ എഴുതി വച്ചത് മായ്ച്ചുകളയാനാവുമോ.!!...അച്ഛന്റെ മകന്‍....!!"


ഷൂട്ടിങ്ങിന് മുന്‍പ് 
ഒരു പക്ഷേ അല്‍പ്പം പോലും എരിവും പുളിയും ചേര്‍ക്കാതെ ഒരു ട്രൂ സ്റ്റോറി സിനിമയാക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന ആദ്യ സംവിധായകന്‍ ഞാനായിരിക്കും...സംഭവബഹുലമായ ഒരു സിനിമയ്ക്ക് വേണ്ട എല്ലാം ഇതിലുണ്ട്.....നായികയുടെ അപ്രതീക്ഷിത തിരോധാനമൊഴികെ....പ്രൊഡ്യൂസര്‍ പലവട്ടം ചോദിച്ചതാണ്..നായകനോട് പറയാതെ നായിക എങ്ങനെയാണ് അപ്രത്യക്ഷമാവുന്നതെന്ന്....ദിലീപ് പറഞ്ഞ കഥയിലെ അനു ജോലി കിട്ടി ബോംബെയിലേക്ക് പോയതാണ്....എഞ്ചിനീയറിംഗ് വിട്ട് അവള്‍ ആഡ്വര്‍ടൈസിംഗ് മേഖല തിരഞ്ഞെടുത്തു.....പ്രോഗ്രാം ചെയ്തു വച്ച ഒരു കമ്പ്യൂട്ടര്‍ പോലെ ജീവിതം മുന്നോട്ടു നീങ്ങുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്ന് പറയുന്നത് സത്യമാണ്...പെട്ടെന്നൊരുനാള്‍ അനുവിന്റെ ഫോണ്‍ കോളുകള്‍ നിന്നു.... അനുവിന്റെ തിരോധാനത്തെക്കാളുപരി അവനെ തകര്‍ത്തത് "ഒരിക്കലും അന്വേഷിച്ചു വരരുത് " എന്ന അവളുടെ മെസ്സേജ് ആയിരിക്കണം...ദിലീപിനെ വിട്ട് അനു എങ്ങോട്ടായിരിക്കും ഓടിപ്പോയിട്ടുണ്ടാവുക എന്ന് എന്നിലെ സിനിമാക്കാരനു പോലും സമസ്യയാണ്...ചില യാഥാര്‍ത്ഥ്യങ്ങള്‍ കടുത്ത ഭാവനകളെപ്പോലും വെല്ലുന്നു...ജീവിതങ്ങള്‍ മാറിമറിയുന്നത് ഒരു സെക്കന്റ്‌ കൊണ്ടാണ്...ചില മനസ്സുകളെ നമുക്ക് ഒരിക്കലും മനസ്സിലാകില്ല....അനുവിനെ നഷ്ടപ്പെട്ടതില്‍ പിന്നെ ദിലീപ് ഒരു ഓട്ടത്തിലായിരുന്നു..ഒളിക്കാനിടം കിട്ടാതെ വരുമ്പോള്‍ ചിലര്‍ മനസ്സ് അതിനായി പാകപ്പെടുത്തും..


അവനെന്നോട് മാത്രമേ പഴയ പ്രണയ കഥ പറഞ്ഞിട്ടുള്ളൂ..അതു കൊണ്ട് തന്നെ ഞാന്‍ അവന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എന്നു പറയുന്നതില്‍ അഭിമാനിക്കുന്നു...എന്റെ സിനിമയില്‍ എനിക്ക് രണ്ട് വഴികളുണ്ട്..ഒന്നുകില്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാം അല്ലെങ്കില്‍ കവിതകള്‍ ഉപയോഗിക്കാം...അതായാലും ഞാന്‍ തീരുമാനിച്ചിരിക്കുന്നത് ഒരു സങ്കലനമാണ്....വരയും വര്‍ണങ്ങളും കവിതയും ചേര്‍ന്ന ഒരു സംഗീതം...


ഒരു ഓര്‍മ കൂടി
ഒറ്റ സിനിമ കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടുകയെന്നത് അത്യപൂര്‍വമായ  ഒരു ഭാഗ്യമാണ്..അതും ഒരു പുതുമുഖ സംവിധായകന്‍...ദിലീപിന്റെയും അനുവിന്റെയും കഥ യാതൊരു ഏച്ചു കെട്ടലുകളുമില്ലാതെ പറഞ്ഞത് കൊണ്ടാവണം ശുഭപര്യവസായിയായ ചിത്രങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ പോലും അവസാന രംഗത്തെ നായകന്റെ മരണം സ്വീകരിച്ചത്... കൊടുംകാട്ടില്‍ വച്ചു പോലീസ് വെടിവെപ്പില്‍ ദിലീപ് കൊല്ലപ്പെടുന്ന രംഗം കണ്ടപ്പോള്‍ പഴയ സഹപ്രവര്‍ത്തകര്‍ പലരും വിതുമ്പുന്നത് കണ്ടു....തെലുങ്കില്‍ എടുത്തിരുന്നെങ്കില്‍ ഈ സിനിമ ഒരു വലിയ കോളിളക്കം ഉണ്ടാക്കിയേനെ എന്നാണു തലമുതിര്‍ന്ന ഒരു സംവിധായകന്‍ പറഞ്ഞത്...എങ്കിലും മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട പ്രിയ ചങ്ങാതി എന്തുകൊണ്ട് അങ്ങിനെയായിത്തീര്‍ന്നു എന്ന അന്വേഷണം ആന്ധ്രയിലെ ഫ്യൂഡല്‍ ക്രൂരതകള്‍ അല്‍പ്പമെങ്കിലും വെളിച്ചത്തു കൊണ്ടുവരാന്‍ സഹായകരമായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി...


ഫൈനല്‍ കട്ട്‌ 
എന്റെ ഡയറിക്കുറിപ്പുകള്‍ മിക്കപ്പോഴും ചെന്നെത്തുന്നത് അവരുടെ ഓര്‍മകളില്‍ തന്നെയാണ്..ദിലീപിന്റെ കവിത തുളുമ്പുന്ന ഡയറിക്കുറിപ്പുകള്‍ കണ്ടാണ്‌ ഞാന്‍ ഈ എഴുത്ത് തുടങ്ങുന്നത് തന്നെ..ദിലീപിന് എന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്..വെറുതേ സ്വപ്നം കണ്ടു നടന്ന എന്നെ സംവിധായകനാക്കിയത് അവനാണ്...ഇന്നിപ്പോള്‍ ഒട്ടേറെ സിനിമകളുടെ തിരക്കിലും എന്റെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ഫ്രെയിമുകളില്‍ നിറയെ ദിലീപും അനുവും തന്നെയാണ്...സഫലീകരിക്കപ്പെടാത്ത പ്രണയങ്ങള്‍ സിനിമയില്‍ സാധാരണ ആരും ഓര്‍ക്കാറില്ല..പക്ഷേ ദിലീപും അനുവും പ്രേക്ഷകരില്‍ നിറഞ്ഞത്‌ വരയും കവിതയും ഒത്തുചേര്‍ന്ന സംഗീതം കൊണ്ടുതന്നെയാവണം...


ഇന്ന് ഇവിടെ ഞാനീ കുറിപ്പ് എഴുതുന്നത് അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ഒരു എഴുത്ത് കാരണമാണ്...സിനിമ പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷം വന്ന ഈ ട്വിസ്റ്റ്‌ എങ്ങനെ വിവരിക്കണം എന്നെനിക്കറിയില്ല...സത്യത്തില്‍ ഞാന്‍ ആകെ ഞെട്ടിയിരിക്കുകയാണ്...എന്നിലെ തിരക്കഥാകൃത്തിനു പോലും മുന്നോട്ടു കൊണ്ടുപോകാനാവാത്ത ട്വിസ്റ്റ്‌.....ആരെങ്കിലും ഒരിക്കല്‍ ഈ കുറിപ്പുകള്‍ വായിക്കുകയാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഈ എഴുത്ത് ഞാനിവിടെ പിന്‍ ചെയ്തുവെക്കുന്നു....


"പ്രിയപ്പെട്ട സംവിധായകന്....
താങ്കളുടെ സിനിമ കണ്ടു...സത്യസന്ധമായി ദിലീപിന്റെ കഥപറയാന്‍ നിങ്ങള്‍ക്കായി..പക്ഷേ ദിലീപിന്റെയും അനുവിന്റെയും ജീവിതത്തില്‍ അരുണ്‍ എന്ന ഒരു കഥാപാത്രത്തെ താങ്കള്‍ വിട്ടുപോയി....ആ കഥാപാത്രത്തെ പിന്തുടര്‍ന്നിരുന്നെങ്കില്‍ പെട്ടന്നൊരുനാള്‍ അപ്രത്യക്ഷയായ അനുവിന്റെ കഥ കൂടി താങ്കള്‍ക്കു പറയാനാവുമായിരുന്നു.....ഗൂഡഭാവങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന ഒരു വില്ലന്‍ കഥാപാത്രം കൂടി സിനിമയില്‍ വരുമായിരുന്നു...."
എല്ലാ ഭാവുകങ്ങളും.
അനു. 

-------------------------------------------------------------------------------------------------------------------------------------------------------------------------

2010 ലെ എന്റെ ആദ്യ പോസ്റ്റ്‌ ആണ്...എല്ലാ കൂട്ടുകാര്‍ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു...
സ്നേഹപൂര്‍വ്വം
മുരളി
.