19 December 2009

മുക്കുറ്റി മരങ്ങള്‍

 
കണ്ണട അല്‍പ്പം കൂടി ആ പഴയ മാഗസിനിലെ ഫോട്ടോയിലേക്ക് അടുപ്പിച്ചു വച്ച് നോക്കിയപ്പോള്‍ കേശവ പൊതുവാള്‍ക്ക് മനസ്സിലായി..
അതേ.. അവള്‍ തന്നെ...ഗംഗമോള്‍..
വലിയ കണ്ണുകളും തെളിഞ്ഞു കാണുന്ന നുണക്കുഴികളും....

എണ്‍പത്തിമൂന്നു വയസ്സിന്റെ തിമിരക്കാഴ്ച്ചകള്‍ക്കിടയിലും നിറം മങ്ങിപ്പോകാത്ത മഞ്ഞമുക്കുറ്റിപ്പൂക്കളുടെ നനുത്ത ഓര്‍മ്മകള്‍ മനസ്സിലേക്ക് തികട്ടിവന്നപ്പോള്‍ കേശവപ്പൊതുവാളുടെ ക്ഷീണിച്ച ശരീരത്തില്‍ നിന്നും വേര്‍തിരിച്ചറിയാനാവാത്ത നേര്‍ത്ത ശബ്ദങ്ങള്‍ പുറത്തേക്കു വന്നു....
മുഖത്തുതേപ്പില്ലാതെ, കത്തിവേഷങ്ങളുടെ കാതുതുളയ്ക്കുന്ന അലര്‍ച്ചകളില്ലാതെ കേശവപ്പൊതുവാള്‍ എന്ന പച്ച മനുഷ്യനെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ ഭാരതിയുടെ കണ്ണുകളും ചെറുതായി നനയാതിരുന്നില്ല....
''കേശവേട്ടന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു......''അവര്‍ തല താഴ്ത്തി.
കരിങ്കല്ല് കൊണ്ട് കൊത്തിയെടുത്ത ചായം പൂശാത്ത നാലു ചിത്രത്തൂണുകള്‍ക്കിടയില്‍ ഒരു ആറു വയസ്സുകാരിയുടെ അരങ്ങേറ്റം...വേദിയില്‍ വര്‍ണം വിരിഞ്ഞു...ഹസ്തമുദ്രയില്‍ താമരകള്‍ വിരിഞ്ഞു...ഓര്‍മകളില്‍ തളര്‍ന്ന് ചാരുകസേരയുടെ പൊട്ടിത്തുടങ്ങിയ കയ്യില്‍ തെരുപ്പിടിച്ചു കൊണ്ടയാള്‍ ഭാരതിയെ നോക്കി....
''ഗംഗ ഇപ്പൊ എവിടെയാ ഉള്ളെ..?.''

ഭാരതിക്ക് സംസാരിക്കാന്‍ അല്‍പ്പം മടിയുണ്ടായിരുന്നു...ചോദിക്കും എന്നുറപ്പുള്ളത് കൊണ്ടു മാത്രമാണ് ആ പഴയ സിനിമാ മാസിക കൊണ്ടുവന്നതും ഫോട്ടോ കാണിച്ചു കൊടുത്തതും.....
''ഞാന്‍ നേരിട്ട് കണ്ടിട്ടിപ്പോ ഒരുപാടു നാളായി...അവസാനമായി കണ്ടത് മദ്രാസില്‍ വച്ചായിരുന്നു....''
അയാള്‍ ആ ചിത്രത്തിലേക്ക് വാത്സല്യത്തോടെ നോക്കി...
''ന്റെ മോളിപ്പോ വല്യ നര്‍ത്തകിയും സിനിമാ നടിയും ഒക്കെ ആയിട്ടുണ്ടാവും ല്ലേ......അതുകൊണ്ടാവും.......''
അയാള്‍ പറയാതെ വിട്ടത് എന്താണെന്ന് ഭാരതിക്ക് വ്യക്തമായി അറിയാമായിരുന്നു...മനപൂര്‍വം വിഷയം മാറ്റാന്‍ വേണ്ടി പഴയ 'കീചകനെ' കുറിച്ച് ചോദിച്ചു....
''പിഷാരടിയുടെ ഭീമനെക്കാള്‍ ഒരുപാടു കേമമായിരുന്നു കേശവേട്ടന്റെ കീചകനെന്ന് എന്‍റെ അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു...ആ അലര്‍ച്ച ദിവസങ്ങളോളം കാതില്‍ മുഴങ്ങാറണ്ടത്രെ...''
അയാളത് ശ്രദ്ധിച്ചില്ല... 

ഭാരതിയുടെ വെള്ളസാരിയില്‍ നിറയെ ചെറിയ ചെറിയ പുള്ളികളുണ്ടായിരുന്നു....മങ്ങിപ്പോയ മഞ്ഞ നിറം പേറുന്ന മുക്കുറ്റിപ്പൂക്കളെപ്പോലെ.....സൂക്ഷിച്ചു നോക്കിയപ്പോള്‍ കേശവപ്പണിക്കര്‍ക്ക് കണ്മുന്നില്‍ മുക്കുറ്റികള്‍ നിറയുന്നത്‌ പോലെ തോന്നി....കടും മഞ്ഞ നിറത്തില്‍ എങ്ങും കുഞ്ഞ് കുഞ്ഞ് പൂക്കള്‍.....!!
നുണക്കുഴി കാട്ടി ചിരിക്കുന്ന നാലു വയസ്സുകാരി പേരക്കുട്ടിയുടെ ഓര്‍മയില്‍ എണ്ണത്തില്‍ കുറഞ്ഞ വെറ്റിലക്കറപുരണ്ട പല്ലുകള്‍ പുറത്തു കാട്ടി അയാള്‍ വേദനയോടെ ചിരിച്ചു...
അതൊരു ഓണക്കാലമായിരുന്നു തുമ്പപ്പൂ പറിക്കാന്‍ പോയ ഗംഗ ഓടിവന്നു കൈ പിടിച്ചു...
''മുത്തശ്ശന്‍ വാ.. ഞാന്‍ ഒരു മരം കാണിച്ചു തരാം..!!.മഞ്ഞപ്പൂക്കളുള്ള ഒരു കുഞ്ഞി മരം..!!!''
അവള്‍ കൈ പിടിച്ചു വലിച്ചു തൊടിയിലേക്ക്‌ കൊണ്ട് പോയി..
''അയ്യേ...ഇത് മരാ?..ഇത് മരമല്ല... ചെടിയല്ലേ..... മുക്കുറ്റി.....!!''
''മുത്തശ്ശന്‍ ശരിക്ക് നോക്ക് ഇത് ഒരു കുഞ്ഞി തെങ്ങ് പോലില്ലേ....ഇത് ചെറിയ തെങ്ങാ....''
അവള്‍ പിണങ്ങി..
''അല്ല കുട്ട്യേ..ഇത് മുക്കുറ്റിയാ..മുക്കുറ്റിപ്പൂവ്...!!''
''അല്ല മരം....!!''
അന്ന് തുമ്പപ്പൂക്കള്‍ക്ക് പകരം അവളുടെ കുമ്പിള്‍ മുക്കുറ്റിപ്പൂക്കളാല്‍ നിറഞ്ഞു....
പിന്നീടവളെ മുക്കുറ്റി മരമെന്നു കളിയാക്കി വിളിക്കുമ്പോഴൊക്കെ ആ കുഞ്ഞ് മുഖം ചുവക്കുമായിരുന്നു...
അയാള്‍ വീണ്ടും ചിരിച്ചു..
''അവള്‍ എട്ടുവയസ്സുവരെ കഥകളി പഠിച്ചിട്ടുണ്ട്...ഒരിക്കല്‍ ശിവന്റെ കൂടെ എന്റെ കളി കാണാന്‍ വന്നു... നാലു വയസ്സുള്ളപ്പോ..അന്ന് ഞാന്‍ ദുര്യോധനനായിരുന്നു...എന്റെ അലര്‍ച്ച കേട്ടു പേടിച്ച് പാവം നിലവിളിച്ചു...പക്ഷെ രണ്ടു കൊല്ലം എന്റെ കൂടെ നല്ലോണം അഭ്യസിച്ചു....ന്റെ മകന്‍ ഈ വഴി തിരിഞ്ഞു നോക്കീല്യ... ഈ കുട്ടീലായിരുന്നു..ന്റെ പ്രതീക്ഷ...പക്ഷെ.....സാരല്യ....അവള്‍ അവള്‍ക്കിഷമുള്ള വഴി തെരഞ്ഞെടുത്തതാണല്ലോ....എല്ലാം കല തന്നെ..ഗുരു കടാക്ഷം വേണ്ടുവോളമുണ്ട്....''
അയാള്‍ പറഞ്ഞു കൊണ്ടിരുന്നു....
നിറഞ്ഞൊഴുകിയ കണ്ണുകള്‍ മറയ്ക്കാനായി ഭാരതി തല വരാന്തയ്ക്കു വെളിയിലേക്ക് തിരിച്ചു......
എട്ടു വയസ്സില്‍ ഇവിടം വിട്ടു പോയതിനു ശേഷം ഈ മനുഷ്യന്‍ തന്റെ പേരക്കുട്ടിയെ കണ്ടിട്ടില്ല....എന്നിട്ടും..!!
പുറത്തു ചെറുതായി മഴ ചാറിത്തുടങ്ങിയിരുന്നു.. പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ നിറം മങ്ങിയ വരാന്തയിലെ കാവിയില്‍ വീണു ചിതറി....
''ശിവനായിരുന്നു നിര്‍ബന്ധം..അവളെ സിനിമയില് അഭിനയിപ്പിക്കണമെന്ന്....അല്ല..ശരിക്കും അവളുടെ അമ്മയ്ക്ക്.....ന്റെ കുട്ടി ആദ്യമൊക്കെ കത്തുകളയയ്ക്കാറുണ്ടായിരുന്നു....പിന്നെ തിരക്കേറിയതിനാലാവും അതും നിന്നു......''
പറഞ്ഞുകൊണ്ടിരിക്കേ തൊണ്ടയിടറി...കാതങ്ങളോളമുയര്‍ന്ന കത്തിവേഷത്തിന്റെ അലര്‍ച്ചയുയര്‍ന്ന തൊണ്ടയ്ക്കുള്ളില്‍ വാര്‍ധക്യത്തിന്റെ ചങ്ങലകള്‍ കൊളുത്തിവലിച്ചു..
മായക്കണ്ണാടിയില്‍ നോക്കിയ കീചകന്റെ മുഖത്തെ നിസ്സഹായതയുടെ ഭാവഭേദങ്ങള്‍...
സ്വന്തം മുഖം പോലും കാണാനില്ല....
അയാള്‍ കണ്ണുകളിറുക്കിയടച്ചു...
ഭാരതിയുടെ മനസ്സിലപ്പോള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം മുഴങ്ങുകയായിയിരുന്നു..
''എനിക്കിവളെ സൈരന്ധ്രിയായി അരങ്ങത്തുകാണണം..അല്ലെങ്കില്‍ ഉത്തര....നീ കണ്ടോ ഭാരതീ...എന്റെ കാലശേഷം ഈ പാരമ്പര്യം നിലനിര്‍ത്തുന്നത് എന്റെ പേരക്കുട്ടിയായിരിക്കും...കണ്ടില്യെ..ഇവളുടെ പാടവം....''
അരങ്ങേറ്റം കഴിഞ്ഞ് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്ന കൊച്ചു കുട്ടിയെ ചേര്‍ത്തു പിടിച്ച് ഭീമസേനന്റെ തലയെടുപ്പോടെ ഒരാള്‍...!!
അന്ന് ഗംഗയ്ക്ക് ഏഴു വയസ്സായിരുന്നു....
അതിമനോഹരമായി നൃത്തം ചെയ്യുന്ന ഗംഗയെന്ന കൊച്ചു പെണ്‍കുട്ടി...കഥകളിയിലൂടെ ഒന്നും നേടാത്ത അച്ഛനോടുള്ള വെറുപ്പാവണം അവളെയും കൊണ്ട് മദ്രാസിനു പോകാന്‍ ശിവനെ പ്രേരിപ്പിച്ചത്...
അതിശക്തനായ കത്തിവേഷത്തിന്റെ തളര്‍ച്ച അന്ന് തുടങ്ങിയതാണ്‌...ശിവന്റെ അകാലത്തിലുള്ള മരണം തീര്‍ത്തും തളര്‍ത്തി...
ഒരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞു....
''ഗംഗയെ എന്നെ കാണിക്കില്ലെന്ന് വാശി പിടിച്ചിരിക്കുകയാ അവളുടെ അമ്മ....സിനിമയില്‍ അഭിനയിപ്പിക്കുന്നതൊക്കെ കുറച്ചു വലുതായിട്ട് പോരേ...ആരോരുമില്ലാതെ കഴിയുന്ന ഈ വൃദ്ധന്റെ ദുഃഖം ആര്‍ക്കും മനസ്സിലാകില്ല....''
അന്ന് അത്ഭുതമായിരുന്നു തോന്നിയത്....ശക്തനായ കേശവേട്ടന്‍ ഇങ്ങനെയും സംസാരിക്കുമോ....!!
പിന്നെ കാണുന്നത് ഇപ്പോഴാണ്..
മഴ തോര്‍ന്നു തീര്‍ന്നിരുന്നു...ഭാരതി എഴുന്നേറ്റു....
''എന്നാല്‍ ഞാന്‍....''
തുണി കീറിത്തുടങ്ങിയ പഴയ ചാരുകസേരയില്‍ പണിപ്പെട്ട് നിവര്‍ന്നിരുന്ന് കേശവപ്പൊതുവാള്‍ പതുക്കെ തലയാട്ടി.....
''അവളെ കാണ്വാണെങ്കില്‍ ഇവിടത്തെ കാര്യമൊന്നും ന്റെ കുട്ടിയോട് പറയേണ്ട...അല്ലെങ്കിലും ഇങ്ങനൊരു കിളവന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് അതിന്റെ അമ്മ അവളോട്‌ പറഞ്ഞിട്ടുണ്ടാവില്യ...ന്റെ കാര്യൊക്കെ ഇങ്ങനെ അങ്ങട് പോകും.....''
അയാള്‍ അല്‍പ്പനേരം മൂകനായി...
''ന്നാലും ചാകുന്നതിന് മുമ്പേ ഒന്നു കാണണംന്നുണ്ട്.....അതിന്റെ തിരക്കൊക്കെ കഴിഞ്ഞ് നേരമുണ്ടാവുമോ ആവൊ....''
ഭാരതി ആ മുഖത്തുനിന്നും നോട്ടം മാറ്റി....
ചുവരില്‍ തറച്ച ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ക്ക് ചുറ്റും ചിലന്തിവലകള്‍ നിറഞ്ഞിരുന്നു....
മൂലയില്‍ ചാരിവച്ച നിറം മങ്ങിയ ഒരു കിരീടം...!
പൊടിപിടിച്ച ചില്ല് ഫ്രെയിമിനുള്ളില്‍ ഒരു മൂന്നു വയസ്സുകാരിയെ ഒക്കെത്തെടുത്തുനില്‍ക്കുന്ന കീചകന്റെ ഗാംഭീര്യമുള്ള ഒരാള്‍...!!
നിറഞ്ഞ കണ്ണുകള്‍ പറിച്ചെടുത്ത് കൂടുതല്‍ പറയാന്‍ നില്‍ക്കാതെ ഭാരതി പടികളിറങ്ങി...
നടവഴിയിലെ പുല്ലിനിടയില്‍ പുഴുതിന്നു തീര്‍ത്ത ഇലകളുമായി വാടിത്തുടങ്ങിയ ഒരു മുക്കുറ്റി ചെടി നില്‍ക്കുന്നു..ഒരെണ്ണം മാത്രം..ഭാരതി ഒരു നിമിഷം ആ മുക്കുറ്റിയിലേക്ക് സൂക്ഷിച്ചു നോക്കി.ആ പരിസരത്തൊന്നും മറ്റു മുക്കുറ്റി ചെടികള്‍ കാണാനില്ല..അവസാനത്തേതാകണം..പൂക്കളെല്ലാം കരിഞ്ഞിരിക്കുന്നു..!
മുക്കുറ്റി മരം...!!
ഭാരതി തിരിഞ്ഞു നോക്കി...വരാന്തയില്‍ പ്രത്യാശയോടെ അകലേക്ക്‌ നോക്കിയിരിക്കുന്ന ഒരു വൃദ്ധന്‍.
''പറയണമായിരുന്നോ.....??''
ബാലതാരത്തില്‍ നിന്നും എക്സ്ട്രാ നടിയിലേക്കും അവിടെനിന്നും ബാര്‍ ഡാന്‍സറിലേക്കുമുള്ള ഗംഗയുടെ വളര്‍ച്ച...!!!
വേണ്ട.....പാരമ്പര്യത്തിന്റെ അവസാനകണ്ണിക്ക് ആടേണ്ടി വന്ന നടനകലയുടെ പുതിയ ഭാവഭേദങ്ങള്‍ അറിയാതെയുള്ള മരണമാണ് അദ്ദേഹത്തിന് അഭികാമ്യം....
ഗംഗയപ്പോള്‍ ദൂരെയായിരുന്നു.... ഒരുപാടു ദൂരെ...
ഉറക്കം മറന്ന രാത്രിയ്ക്ക് മേല്‍ നിയോണ്‍ ബള്‍ബുകള്‍ ഉന്മാദത്തോടെ ചിരിച്ചു..
അരങ്ങില്‍ നിറഞ്ഞു കത്തുന്ന നിലവിളക്കും പതിഞ്ഞ താളത്തില്‍ കൊട്ടിക്കയറുന്ന ചെണ്ടയും ആട്ടക്കഥയുമില്ല....
പകരം മങ്ങിയ വെളിച്ചത്തിനിടയില്‍ വരുന്ന കണ്ണുതുളയ്ക്കുന്ന ഫ്ലാഷ് ലൈറ്റുകളും കാതടപ്പിക്കുന്ന ടെക്നോ സംഗീതവും....
കത്തിവേഷങ്ങള്‍ വലിച്ചെറിഞ്ഞ അഭിനവ കീചകന്‍മാര്‍ ഇരുണ്ട മുറികളില്‍ സൈരന്ധ്രിയെ തേടി....
നിലയുറയ്കാതെ ആടിക്കൊണ്ടിരുന്ന മുക്കുറ്റിമരങ്ങള്‍ക്കിടയില്‍ അവളുടെ ഉന്മാദനൃത്തം അപ്പോഴും തുടരുകയായിരുന്നു...
.

14 December 2009

അണക്കെട്ട് തകരുമ്പോള്‍

 



''Rebuild Mullaperiyar Dam Save Kerala- Bloggers Movement''  എന്ന നല്ല സംരഭത്തിനു മുന്നില്‍ ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു...


                            വസാനത്തെ ഷോട്ടായിരുന്നു...എട്ടു മണിക്ക് തന്നെ പോകാം എന്നു അസിസ്റ്റന്റ്‌ പറഞ്ഞത് കൊണ്ടു മാത്രമാണ് സോളമന്‍ കാത്തിരുന്നത്....ഇപ്പൊ പത്തുമണി ആകാറായി....തണുത്തു വിറയ്ക്കുന്നുണ്ട് ....ഏറെ നേരമായി ഈ കിടപ്പ് കിടക്കുന്നു..
''സോളമേട്ടാ നിങ്ങള്‍ക്ക് വേണമെങ്കില്‍ പൊയ്ക്കോ ഞാന്‍ വേറെ ആരെയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാം...''
രാജുവാണ്..
''വേണ്ട രാജൂ മേക്കപ്പ് ഒക്കെ കഴിഞ്ഞില്ലേ...ഇനി വേറൊരാളെ ഇത് പോലെ ശവമാക്കാന്‍ വലിയ പാടായിരിക്കും...ഞാന്‍ തന്നെ ഇരിക്കാം..''


അഭയാര്‍ഥി ക്യാമ്പിലെ രംഗമാണ്..ഭൂകമ്പവും ഉരുള്‍പൊട്ടലും പ്രമേയമാക്കിയ സിനിമ.. സോളമന്റെ ശരീരത്തില്‍ നിറയെ ചോരയും കറുത്ത ചെളിയുമായിരുന്നു...ശവങ്ങള്‍ വേറെയുമുണ്ട്...കാലുപോയതും തലപോയതും..ശരീരത്തില്‍ കമ്പുകള്‍ കയറിയതുമായി..നിരത്തി കിടത്തിയിരിക്കുന്നു..എങ്ങും മനസ്സ് മടുപ്പിക്കുന്ന കാഴ്ചകള്‍..
കരളലിയിക്കുന്ന രീതിയില്‍ തന്നെ തയ്യാറാക്കിയിരിക്കുന്ന അഭയാര്‍ഥി ക്യാമ്പിന്റെ സെറ്റ് നോക്കി കലാസംവിധായകന്‍ ചിരിച്ചു... ഇത്തവണ മിനിമം ഒരു സ്റ്റേറ്റ് അവാര്‍ഡ്‌ എങ്കിലും അടിച്ചെടുക്കണം...ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വീടുകളുടെ സെറ്റ് കണ്ട പലരും വളരെ നല്ല അഭിപ്രായം പറഞ്ഞ കാര്യം അയാളോര്‍ത്തു..


''ഹേയ് ..ആ നെഴ്സുമാരൊക്കെ എവിടെ പോയി കിടക്കുന്നു..?..ഇതിന്നു തന്നെ തീര്‍ക്കണം....ശവം തിരയുന്നവരെ എല്ലാവരെയും പൊസിഷനില്‍ നിര്‍ത്തൂ....''
അകലെ നിന്നും സംവിധായകന്റെ ശബ്ദം മൈക്കിലൂടെ ഉയര്‍ന്നു....

സോളമന്റെ അടുത്തായി അയാളുടെ ശവം കണ്ട് ഞെട്ടുന്ന നടി കരയാന്‍ തയ്യാറായി ഇരിപ്പുണ്ടായിരുന്നു...അവരുടെ ദേഹത്തും നിറയെ ചെളിയും പരിക്കുമാണ്..ഉരുള്‍ പൊട്ടലില്‍ രക്ഷപ്പെട്ട കഥാപാത്രങ്ങളിലൊന്ന്....
മിനിട്ടുകള്‍ കൊണ്ട് എല്ലാവരും സജ്ജരായി...ആക്ഷന്‍ വിളിയെ പിന്തുടര്‍ന്ന് അവിടെ കൂട്ടക്കരച്ചില്‍ മുഴങ്ങി..കണ്ണുകളടച്ചു മൂക്കില്‍ പഞ്ഞി വച്ചു കിടക്കുമ്പോള്‍ സോളമന് താനിപ്പോള്‍ ശരിക്കുമൊരു ശവമാണെന്ന് തോന്നി...അല്‍പ്പം തുറന്ന കണ്ണിലൂടെ അയാള്‍ പൊട്ടിക്കരയുന്നവരെയും ഉറ്റവരെ തേടി നടക്കുന്നവരെയും  കണ്ടു...അവരുടെയെല്ലാം ശരീരം മുഴുവന്‍ ചോരയാണ്...കനത്തമഴയിലും ഒഴുകിപ്പോകാത്ത ചോര....

തോട്ടുമുന്‍പയാള്‍ കൂലം കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലില്‍ ഒഴുകുകയായിരുന്നു...വളരെ ശ്രദ്ധയോടെയാണ് സംവിധായകന്‍ ഓരോ ഷോട്ടും എടുത്തിട്ടുള്ളത്...മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും എന്നു പറയപ്പെടുന്നു...കഴിഞ്ഞ സീനില്‍ സോളമന്റെ ശരീരത്തോട് ചേര്‍ന്നു ഒരു കൊച്ചു കുഞ്ഞിന്റെ ശവശരീരവുമുണ്ടായിരുന്നു...കണ്ണുകളില്‍ കൂര്‍ത്ത മരക്കൊമ്പുകള്‍ ആഴ്നുകയറി കാലുകള്‍ ഒടിഞ്ഞ രീതിയില്‍ അതു സോളമന്റെ ശവശരീരത്തോട് ചേര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ ഒഴുകി..ഒറിജിനല്‍ കുഞ്ഞിനെപ്പോലെയാണ് കലാ സംവിധായകന്‍ ആ പാവ തയ്യാറാക്കിയിരുന്നത്...കാണുന്നവര്‍ ശരിക്കും ഒരു കുഞ്ഞ് തന്നെയാണെന്ന് കരുതും തീര്‍ച്ച..
തന്നോട് ചേര്‍ന്ന് ഒഴുകിയ മറ്റു ശവങ്ങളും ഏറെ വികൃതമാക്കപ്പെട്ടിരുന്നു..ആദ്യമായാണ്‌ സോളമന്‍ ഇതുപോലെ ഒരു സീനില്‍ അഭിനയിക്കുന്നത്...
ക്യാമറ തന്നില്‍ നിന്നകന്നു എന്നു മനസ്സിലായപ്പോള്‍ സോളമന്‍ കണ്ണുകള്‍ തുറന്നു ചുറ്റും നോക്കി...
ചുറ്റും ജഡങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്...ചില ഉദ്യോഗസ്ഥര്‍ നാലുപാടും ഓടുന്നു...ആംബുലന്‍സില്‍ പുതിയ ശവങ്ങള്‍ എത്തുന്നതാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്....കൂട്ടിയിട്ട ജഡങ്ങളില്‍ നിന്നും ക്യാമറ നേരെ ആംബുലന്‍സിന്റെ തുറക്കുന്ന വാതിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്നു.....
സംവിധായകന്‍ മിടുക്കനാണ്..ഒരു ദുരന്തം അതി ഭീകരമായി എങ്ങനെ ഷൂട്ട്‌ ചെയ്യാം എന്നു അദ്ദേഹത്തിനറിയാം...


ഇന്ന് ഷൂട്ടിംഗ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ മുഴുവന്‍ മനസ്സ് നാട്ടിലായിരുന്നു പ്രക്ഷോഭങ്ങളും സമരങ്ങളുമൊക്കെ ധാരാളം നടക്കുന്നുണ്ട്...ഇന്നലെയും മന്ത്രിമാര്‍ രണ്ട് മൂന്നു പേര്‍ വന്നു.......
പക്ഷെ....
''കട്ട്‌...''
സോളമന്റെ മുഖത്ത് ആശ്വാസമായിരുന്നു...
കണ്മുന്നില്‍ കാണുന്ന കാഴ്ചകളില്‍ മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു...തീര്‍ന്നപ്പോള്‍ എന്തെന്നില്ലാത്ത സമാധാനം..

എക്സ്ട്രാ നടന്റെ അന്നത്തെ കൂലിയും വാങ്ങി വാനിലേക്ക് കയറുമ്പോള്‍ രാജുവിനെ കണ്ടില്ല....
ഇനി മണിക്കൂറുകള്‍ കഴിയണം വീടെത്താന്‍...ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി..
അവസാന ബസ്സ്‌ വരാന്‍ ഇനി മിനിട്ടുകളേ യുള്ളൂ....
ബസ്സില്‍ കയറുമ്പോള്‍ നല്ല ക്ഷീണമുണ്ടായിരുന്നു...രാവിലെ മുതല്‍ മരിച്ചു കൊണ്ടുള്ള അഭിനയമാണ്...
ബസ്സില്‍ മിക്കവരും ചര്‍ച്ച ചെയ്യുന്നത് അണക്കെട്ടിനെ കുറിച്ചു തന്നെയാണ്..എല്ലാവരും ഭീതിയിലാണ്...

''നൂറു നൂറ്റിയിരുപതു കൊല്ലായില്ലേ...അതും കുമ്മായം ...നമ്മുടെ പഴേ വീട്ടിലെ കുമ്മായ തേപ്പു തന്നെ നോക്കിന്‍...അതിന്റെ ഒറപ്പ് നമുക്കറിയില്ലേ..''
''ഈ ജാതി ഡാമിനൊന്നും അമ്പതു കൊല്ലത്തില്‍ കൂടുതല്‍ ഗ്യാരണ്ടി ഇല്ലാന്നാ കേട്ടത്...''
''പൊട്ടിയാല്‍ തീര്‍ന്നു...പിന്നെ ഈ നാട് വെറും ശവപ്പറമ്പാകും.....''
''ശവങ്ങള് പോലും കിട്ടില്ല........''
ബസ്സില്‍ അല്പ്പനേരത്തേക്ക് നിശബ്ദത പടര്‍ന്നു...
സോളമന്റെ മനസ്സിലപ്പോള്‍ പകല്‍മുഴുവന്‍ താന്‍ കഴിച്ചു കൂട്ടിയ അഭയാര്‍ഥി ക്യാമ്പായിരുന്നു...എവിടെ നിന്നൊക്കെയോ വന്നു ചേരുന്ന അനാഥര്‍...സെറ്റിലെ അവസ്ഥ ഇതാണെങ്കില്‍...ജീവിതത്തില്‍..??

ബസ്സ്‌ നീങ്ങി ത്തുടങ്ങിയപ്പോഴാണ് അയാള്‍ സോളമന്റെ അടുത്ത സീറ്റില്‍ വന്നിരുന്നത്...അപരിചിതത്തത്തോടു കൂടി അയാള്‍ ചുറ്റും നോക്കി....കണ്ടാല്‍ അന്‍പതിനു മേല്‍ പ്രായം വരും....കയ്യില്‍ ഒരു ചെറിയ ബാഗുമുണ്ട്..

നിങ്ങള്‍ ടൌണ്‍ വരെ പോകുന്നുണ്ടോ..?
സംശയത്തോടെയാണ് അപരിചിതന്‍ ചോദിച്ചത്......
''ഉണ്ട്..എന്തേ...?''
''അല്ലാ ഞാന്‍ ഇവിടെ ആദ്യമാ ടൌണില്‍ പരിചയമുണ്ടെങ്കില്‍ ഏതെങ്കിലുമൊരു ലോഡ്ജില്‍ ഒരു മുറി ശരിയാക്കി തന്നിരുന്നെങ്കില്‍ നന്നായിരുന്നു...''
''നിങ്ങള്‍ ആരാ എവിടുന്നാ.??''
''എന്റെ പേര് ഇബ്രാഹിം..വടക്കൂന്നാ... ഇവിടെ ഒരു സുഹൃത്തിനെ വീടന്വേഷിച്ച്‌ വന്നതാ...ട്രെയിന്‍ വൈകിയത് കൊണ്ട് രാത്രിയായി..''
ആ മുഖത്ത് യാത്രാ ക്ഷീണം തെളിഞ്ഞു കാണാം....
സോളമന് അയാളെ എവിടെയൊക്കെയോ വച്ച് കണ്ടത് പോലെ തോന്നി.....ഒരുപാടു പരിചയമുള്ള ഒരാളെപ്പോലെ...

''സുഹൃത്തിന്റെ വിലാസം ഉണ്ടെങ്കില്‍ ആ വീട്ടിലേക്കു നേരിട്ട് പോയിക്കൂടെ...കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഇന്നവിടെ തങ്ങാമല്ലോ...''
അയാള്‍ പോക്കറ്റില്‍ നിന്നും ചുരുട്ടി മടക്കിയ ഒരു കടലാസെടുത്തു നിവര്‍ത്തി.....
''ഞാന്‍ ഗുജറാത്തിലായിരുന്നു..അവിടെ എന്റെ കൂടെ ജോലിചെയ്തിരുന്ന ഒരാളുടെ വീടാ...അവന്റെ ഭാര്യേം മകനും ഇവിടെയാ... അവനിന്നില്ല ഭൂകമ്പത്തില് എല്ലാം പോയോരുടെ കൂട്ടത്തില്................................''

സോളമന്റെ മൊബൈല്‍ ഫോണിന്റെ റിംഗ് അയാളുടെ സംസാരത്തെ മുറിച്ചു....ശപിച്ചു കൊണ്ട് സോളമന്‍ ഫോണ്‍ എടുത്തു....
അച്ചായനാണ്‌..
''ഹലോ..''
''സോളമാ നീ ഇതെവിടെയാ..പകല് മുഴുവന്‍ വിളിച്ചപ്പോള്‍ നീ സ്വിച്ച് ഓഫ്‌...ഈ ടീവീ ചാനലൊക്കെ കാണുമ്പോ എനിക്ക് ഇവിടെ ഇരിപ്പൊറയ്ക്കുന്നില്ല....ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടുംഎന്ന രീതിയിലല്ലേ പലരും പറയുന്നേ...ഒരു ചെറിയ ഭൂമികുലുക്കോ മറ്റോ വന്നാ.....ആലോചിക്കാന്‍ വയ്യ...എന്റെ മേരീം പിള്ളേരും....ഞാന്‍ ഇവിടെ കിടന്നു കഷ്ട്ടപ്പെട്ടുണ്ടാക്കിയതൊക്കെ വെറുതെയാവോ....എന്തായി അവിടത്തെ അവസ്ഥ....നീ സമരത്തിലൊന്നും കൂടുന്നില്ലേ...... ''
അച്ചായന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു....സോളമന്‍ അയാളെ സമാധാനിപ്പിച്ചു....
''അങ്ങനെ ഒന്നും ണ്ടാവില്ല അച്ചായാ...അവര് വേഗം വേറെ വഴികാണും... ഒരുപാടു ജനങ്ങളുടെ കാര്യമല്ലേ....നാളെ മന്ത്രിമാര് ഒക്കെ വരുന്നുണ്ട്...''

''എന്റെ അയല്‍ക്കാരനാ..സൌദീന്നാ....''
ഫോണ്‍ കട്ട്‌ ചെയ്തു കൊണ്ട് സോളമന്‍ പറഞ്ഞു...
''അണക്കെട്ട്.... അല്ലേ....''
സോളമന്‍ മറുപടി പറഞ്ഞില്ല......

''ഗുജറാത്തില്‍ വച്ചു എല്ലാവരേം നഷ്ടപെട്ടവനാ ഞാന്‍..ഇപ്പൊ ഏകന്‍..ആദ്യം ഭൂകമ്പമായിരുന്നു...പിന്നെ...............''
ഇബ്രാഹിം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി....സോളമന്‍ സംശയത്തോടെ അയാളെ നോക്കി..
''ഞാന്‍ എന്റെ പതിനെട്ടാമത്തെ വയസ്സില്‍ നാടുവിട്ടു ഗുജറാത്തിലേക്ക് പോയതാണ്... ഉമ്മയുടെ മരണത്തിനു ശേഷം...എനിക്ക് വേറെ ആരും ഉണ്ടായിരുന്നില്ല....ഒരു ഗുജറാത്തിയുടെ കടയില്‍ ചെറിയ പണികള്‍ ചെയ്തു കൊണ്ട് ഞാന്‍ ആ നാടിന്റെ ഒരു ഭാഗമായിതീര്‍ന്നു... പിന്നെ ഞാനവിടെ ഒരു ചെറിയ കച്ചവടം തുടങ്ങി...കച്ചവടത്തില്‍ എന്റെ പങ്കാളിയായിരുന്ന ഗുജറാത്തിയുടെ സഹോദരിയെ അയാളെനിക്ക് വിവാഹം കഴിച്ചു തന്നു...മൂന്നു മക്കളായിരുന്നു ഞങ്ങള്‍ക്ക്...വളരെ സന്തോഷത്തോടെ തന്നെയായിരുന്നു ഞങ്ങള്‍ അവിടെ കഴിഞ്ഞു കൊണ്ടിരുന്നത്....എന്റെ കടയിലെ ജോലിക്കാരനായിരുന്നു ജോസ്..വളരെ നല്ലവന്‍ ഈ നാടിനെ പറ്റി പറയുമ്പോള്‍ അവനു നൂറു നാവായിരുന്നു ഭാര്യയേയും മകനെയും കുറിച്ച് എപ്പോഴും പറയും.................''

ചിരപരിചിതനെപ്പോലെ അയാള്‍ സോളമനോട് സംസാരിച്ചു കൊണ്ടിരുന്നു..
''എന്നിട്ട്...!?''
സോളമന്‍ തീര്‍ത്തും ജിജ്ഞാസുവായിരുന്നു...ജോസിന്റെ ഓര്‍മ്മകള്‍ അയാളിലും മുളപൊട്ടി.......

''ഭൂകമ്പം വരുമ്പോള്‍ ഞാന്‍ അഹമ്മദാബാദിലായിരുന്നു...എന്റെ ഇളയ മകനും...അവന്‍ സ്കൂളിന്റെ ഒരു പരിപാടിക്ക് പോയതായിരുന്നു.‍..ഞങ്ങളുടെ കടയിലേക്ക് കുറെ സാധങ്ങള്‍ വാങ്ങാം എന്നു കരുതിയായിരുന്നു ഞാനും കൂടെ പോയത്....അപ്പോഴാണ്‌.........................''
അയാളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു...ബസ്സില്‍ മിക്കവരും ഇപ്പോള്‍ നല്ല ഉറക്കത്തിലാണ്...
''അന്ന് ഒരാഴ്ച കഴിഞ്ഞാണ് എനിക്ക് തിരിച്ചവിടെ എത്താനായത്....പക്ഷെ.......................''
''എന്റെ മകന്‍ ഉണ്ടായിരുന്നത് കൊണ്ട് അവനു വേണ്ടി മാത്രം ഞാന്‍ പിന്നെയും ജീവിക്കാന്‍ തീരുമാനിച്ചു......എന്റെയൊരു പഴയ സുഹൃത്തിന്റെ കാരുണ്യം കൊണ്ടാണ് ഞങ്ങള്‍ ഗോധ്രയിലെത്തിയത് എല്ലാം മറന്ന് പതുക്കെ ഞങ്ങളവിടെ ജീവിതം തുടങ്ങി.....പക്ഷെ കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ കണ്മുന്നില്‍ വച്ച് എന്റെ മകന്‍ വെട്ടേറ്റു മരിച്ചു........ഞാന്‍ ചത്തെന്നു കരുതി അവര്‍ ഉപേക്ഷിച്ചതായിരുന്നു........പക്ഷെ കുറേക്കാലം ഓര്‍മയില്ലാതെ കിടക്കാനായിരുന്നു എന്റെ വിധി...........''

സോളമന്‍ ഞെട്ടലോടെ അയാളെ നോക്കി...
''നിങ്ങള്‍...നിങ്ങളെ പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്...പത്രത്തില്‍...നിങ്ങള്‍ തൃശ്ശൂരുള്ള..........''
അതേ....അങ്ങനെ ഞാന്‍ തൃശ്ശൂരെ ഒരു അനാഥാലയത്തിലാക്കപ്പെട്ടു...ചില നല്ല മനസ്സുള്ള മലയാളികളാണ് എന്നെ അവിടെ എത്തിച്ചത്...പിന്നെ കുറേക്കാലം കഴിഞ്ഞാണ് ഞാന്‍ നോര്‍മല്‍ ആകുന്നത്........എന്നെ കാണാന്‍ ജോസിന്റെ ഭാര്യയും മോനും വന്നിരുന്നു.....അന്നാണ് ഞാന്‍ ജോസിനു വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്നാലോചിച്ചത്....''
''ജോസിനെയും ഭാര്യയെയുമൊക്കെ എനിക്കറിയാം....ഇവിടെ തന്നെയാണ്.‌.......''
സോളമന്‍ ഇടയ്ക്ക് കയറി പറഞ്ഞു....
''നല്ലത്...അവരെ കണ്ടെത്താനാവുമോ എന്ന ഭയമുണ്ടായിരുന്നു...''
ഇബ്രാഹിമില്‍ നിന്നും ഒരു ആശ്വാസ സ്വരമുയര്‍ന്നു...
''പലപ്പോഴും മരിക്കാനിറങ്ങിയതാണ്...ഒന്നു രണ്ട് തവണ ശ്രമിച്ചു..പക്ഷെ അവിടെയും ഞാന്‍ തോറ്റു......''
''ജോസിന്റെ മകന് കൊടുക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു...കുറച്ചു പണമുണ്ടാക്കി അവര്‍ക്ക് കൊടുക്കണം എന്നുണ്ടായിരുന്നു....അങ്ങനെ  ഇവിടെയെത്തി....''

''നിങ്ങള്‍ തമ്മില്‍ നന്നായി അറിയുമോ..??''
അയാള്‍ ചോദ്യഭാവത്തില്‍ സോളമനെ നോക്കി..
''അറിയാം എന്റെ തൊട്ടടുത്ത വീടാണ്..ജോസിന്റെ ഭാര്യ തുന്നല്‍ പണി ചെയ്താണ് ജീവിക്കുന്നത്..നാട്ടുകാരുടെ സഹായവും ഉണ്ട്...അന്നത്തെ നഷ്ടപരിഹാരം ഒന്നും കിട്ടിയിട്ടില്ല....അവര്‍ ജോസിന്റെ ഭാര്യ അല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്...അവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ലത്രേ......''
''ജോസിന്റെ മകന്‍..??''
''അവനിപ്പോള്‍ ഏഴാം ക്ലാസ്സിലാണ്...നന്നായി പഠിക്കുന്ന കുട്ടിയാണ്...''
ഇബ്രാഹിമിന്റെ കണ്ണുകള്‍ തിളങ്ങി....
''എന്റെ മോനും ഇതുപോലെയായിരുന്നു..നല്ല വണ്ണം പഠിക്കുമായിരുന്നു....ഒരുപാടു സമ്മാനങ്ങള്‍ ഒക്കെ കിട്ടിയിട്ടുണ്ട്....''
കുറച്ചു നേരത്തേക്ക് അയാള്‍ നിശബ്ദനായി......

''ഇവിടെ ഞങ്ങളൊക്കെ ഇപ്പൊ വല്ലാത്ത പേടിയിലാ.....അണക്കെട്ടിന്റെ താഴത്തായാ ഞങ്ങളുടെ എല്ലാം വീട്..മഴക്കാലമല്ലേ വരാന്‍ പോകുന്നെ.....ഭൂകമ്പമൊക്കെ വരാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന കേട്ടു.....ദിവസവും പത്രക്കാരും ഉദ്യോഗസ്ഥരും ഒക്കെ വരും....പുതിയ ഡാം ഉണ്ടാകണം എന്നു പറഞ്ഞു ഒരുപാടു സമരങ്ങള്‍ നടക്കുന്നുണ്ട്....പക്ഷെ സര്‍ക്കാരിന്റെ തലയില്‍ ഒന്നും കയറുന്നില്ല....കുറെ കരാറുകളില്ലേ...പെട്ടന്ന് മാറ്റിപ്പണിയാന്‍ പറ്റില്ല എന്നാ പറയുന്നേ.....''
''കുറെ ഞാനും കേട്ടു.......പക്ഷെ കൂടുതല്‍ ഒന്നും ചിന്തിക്കാറില്ല...കൂടുതല്‍ ഓര്‍ക്കുമ്പോള്‍....ഉഴുതുമറിച്ചിട്ട കെട്ടിടങ്ങളും അതിനിടയിലെ ചീഞ്ഞളിഞ്ഞ ശവങ്ങളുടെ മൂക്ക് തുളയ്ക്കുന്ന മണവും മനസ്സിലെത്തും....അതുകൊണ്ട്.......................''
അയാള്‍ കിതച്ചു...........

ബസ്സിലെ ചിലര്‍ ഉറക്കം മതിയാക്കി വീണ്ടും ചര്‍ച്ച തുടങ്ങിയിരുന്നു.......
''ഇതിനൊന്നും ഇത് പോലത്തെ സമരമല്ല വേണ്ടത്...അവര് തമിഴ്‌നാട്ടില്‍ ചെയ്യുന്ന പോലത്തെ സമരം ചെയ്യണം...എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കണ്ടിട്ടില്ലേ....കുറെ പേര്‍ കന്നാസില്‍ മണ്ണെണ്ണയുമെടുത്തു ചാകാനിറങ്ങുന്നത്.....അതേ നടക്കൂ..ഇവിടത്തെ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍...''
മുന്‍സീറ്റിലിരുന്ന മധ്യവയസ്കന്‍ അടുത്ത സീറ്റിലിരിക്കുന്ന ആളോട് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു......

ടൌണ്‍ എത്താറായിരുന്നു സോളമന്‍ ഇബ്രാഹിമിന്റെ മുഖത്തേക്ക് പാളിനോക്കി...ഒരുപാടു അനുഭവിച്ച മനുഷ്യന്‍...സുഹൃത്തിന്റെ മകന് വേണ്ടി മാത്രം ജീവിക്കുന്നു....
ടൌണില്‍ ഇറങ്ങിയപ്പോള്‍ വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല...വീട്ടിലേക്കുള്ള ഒന്നര കിലോമീറ്റര്‍ നടക്കണം..
''ഇവിടെ ടൂറിസ്റ്റുകള്‍ ഒന്നും വരാറില്ലേ...?.''..........ടൌണിന്റെ ശോചനീയാവസ്ഥ കണ്ട് ഇബ്രാഹിം ചോദിച്ചു..
''മുന്‍പു ധാരാളം പേര്‍ വരുമായിരുന്നു..അണക്കെട്ടിനു ബലക്ഷയം വന്നു തുടങ്ങിയതില്‍ പിന്നെ ആരും വരാതെയായി...പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും പത്രക്കാര്‍ക്കും വരെ പേടിയാ..പലരും സൈഡില്‍ നിന്നു ഫോട്ടോയുമെടുത്തു പോകും...''

ദാസന്റെ പെട്ടിക്കടയ്കുമുന്നില്‍ കുറച്ചു പേര്‍ കൂടി നില്‍പ്പുണ്ട്...........ഈ അസമയത്തും..??
സോളമന്‍ അവര്‍ക്കരികിലേക്കോടി...
''എന്താ എന്ത് പറ്റി..?.''
''ആ സോളമേട്ടനായിരുന്നോ...വിവരമറിഞ്ഞില്ലേ..ഇന്ന് മന്ത്രിവന്നപ്പോള്‍ ഞങ്ങള്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു..കുറച്ചു പ്രശ്നമായി..ചെറിയ ലാത്തിച്ചാര്‍ജും നടന്നു...ബാബു ആശുപത്രിയിലാ..കുറച്ചു സീരിയസ്സാ...വേറെ രണ്ട് മൂന്നു പേര് കൂടിയുണ്ട്...എല്ലാവരും അവിടെയാ...നാളെ ഒരു ഹര്‍ത്താലിനുള്ള ആലോചനയുണ്ട്....''
പിന്നെ ഇതാരാ സോളമേട്ടന്റെ കൂടെ..?.''
ഇബ്രാഹിമിനെ കണ്ട് അയാള്‍ ചോദിച്ചു...
സോളമന്‍ ഇബ്രാഹിമിന്റെ നേര്‍ക്ക്‌ നോക്കി...ആ മുഖം ആകെ വലിഞ്ഞു മുറുകിയിരിക്കുന്നു.......

നേരം പുലര്‍ന്നപ്പോഴാണ് ഇബ്രാഹിമിനെയും കൊണ്ട് സോളമന്‍ ജോസിന്റെ വീട്ടിലേക്കു പോയത്.....
ഇബ്രാഹിമിനെ കണ്ടപ്പോള്‍ ജോസിന്റെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു....
''ഇവിടേം ഞങ്ങള് പെടിച്ചിരിക്യാ..... അവിടെ പറ്റിയ പോലെ തന്നെ ഇവിടേം.....ഒരു കണക്കില്‍ അങ്ങനെയങ്ങ് പോയാല്‍ മതിയായിരുന്നു.......പിന്നെ ഇവനെയോര്‍ത്താ....''
അയാള്‍ ആ പന്ത്രണ്ടു വയസ്സുകാരനെ വാത്സല്യപൂര്‍വ്വം തലോടി......
ഇബ്രാഹിം കൂടുതലൊന്നും സംസാരിക്കുന്നില്ലല്ലോ എന്നു സോളമന്‍ അതിശയിച്ചു.......പെട്ടന്ന് കയ്യിലെ ചെറിയ പൊതി ജോസിന്റെ മകന്റെ കയ്യില്‍ നിര്‍ബന്ധിച്ചു എല്പ്പിച്ചുകൊണ്ട് ഇബ്രാഹിം വേഗത്തില്‍ വീടിന്റെ പടികളിറങ്ങി..

അയാള്‍ക്കൊപ്പമെത്താന്‍ സോളമന് പതുക്കെ ഓടേണ്ടി വന്നു...
''എന്തേ.. എന്ത് പറ്റി...ഇത്ര പെട്ടന്ന്....ഒന്നും സംസാരിച്ചു കൂടിയില്ലല്ലോ....!!..''
''എന്ത് പറയാന്‍ സുഹൃത്തെ......ഞാന്‍ എത്തിപ്പെടുന്ന സ്ഥലങ്ങളൊക്കെ ഇങ്ങനെയാണല്ലോ......ആദ്യം ലാത്തൂര്‍...പിന്നെ ഗോധ്ര....ഇപ്പൊ..................''
''നമുക്കെന്തു ചെയ്യാന്‍ കഴിയും....ഓരോ ദിവസവും ഉറങ്ങിയെഴുന്നേല്ക്കുന്നത് ഇത് വരെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെയാണ്.....ഒരു തരത്തില്‍ ഉറക്കത്തില്‍ തന്നെ എല്ലാം തീര്‍ന്നാല്‍ മതിയായിരുന്നു...ഒന്നും അറിയേണ്ടല്ലോ......''
അയാളുടെ മനസ്സിലൂടെ തലേ ദിവസത്തെ അഭയാര്‍ഥി ക്യാമ്പിലെ രംഗങ്ങള്‍ ഓടി മറഞ്ഞു......
''എത്ര മണിക്കാ ഇവിടെ മന്ത്രിമാരൊക്കെ വരുന്നത്..?''
ഇബ്രാഹിമിന്റെ ശബ്ദം ഏറെ കടുത്തിരുന്നു അയാള്‍ മറ്റൊന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നി.....
''പത്തു മണിക്ക്....എന്തേ...??.''
സോളമന്‍ സംശയത്തോടെ അയാളെ നോക്കി...
''ഒന്നുമില്ല...സോളമന് ഇന്ന് വര്‍ക്കില്ലേ...''
''ഞാന്‍ പോവാനിറങ്ങിയതാ.....പിന്നെ...നിങ്ങള്‍ തിരിച്ചു പോകുകയാണോ..ഇത്ര ദൂരം വന്നിട്ട്..''
''പോണം....''

ഹര്‍ത്താലായത് കൊണ്ട് ടൌണിലേക്ക് വാഹനങ്ങള്‍ കുറവായിരുന്നു....ഇബ്രാഹിമിനോട് യാത്ര പറഞ്ഞ് ഒരു ജീപ്പില്‍ കയറി സോളമന്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് പുറപ്പെട്ടു...ഷൂട്ടിംഗ് വാനിലിരിക്കുമ്പോഴും സോളമന്‍ ഇബ്രാഹിമിനെക്കുറിച്ചു തന്നെയായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്...ഒരു പാട് പ്രത്യേകതകളുള്ള ഒരു സാധാരണ മനുഷ്യന്‍..

അന്ന് ഷൂട്ട്‌ ചെയ്യാനുള്ളത് മന്ത്രിയുടെ അഭയാര്‍ഥി ക്യാമ്പിലെ സന്ദര്‍ശനമായിരുന്നു......സോളമന്റെ വേഷം  മന്ത്രിയുടെ മുന്നിലെ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ്....
ശവത്തില്‍ നിന്നും അര്‍ദ്ധശവത്തിലേക്ക് പ്രമോഷന്‍...
''ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ഞാബദ്ധരാണ്....ഉടന്‍ തന്നെ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതായിരിക്കും.....'' മന്ത്രിയായി അഭിനയിക്കുന്ന നടന്റെ ശബ്ദം പൊങ്ങി...
തൊട്ടുമുന്നില്‍ തന്നെ പൊതിയുന്ന പത്രക്കാരോടും ചാനലുകാരോടുമാണ് പറയുന്നത്...
സോളമന്റെ മനസ്സിലൂടെ ഒരു പാട് ചിന്തകള്‍ കടന്നു പോയി..
ഒരു തരത്തില്‍ താനും ഇബ്രാഹിമിനെ പോലെ തന്നെയല്ലേ...സ്വന്തമെന്നു പറയാന്‍ ആരാണുള്ളത്..?..ഒരു തരത്തില്‍ ഇങ്ങനെ ആര്‍ക്കും വേണ്ടാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ..............................!!
ചിന്തകളുടെ മലവെള്ളപ്പാച്ചിലില്‍ ശരീരമാകെ വിയര്‍പ്പില്‍ കുളിച്ചപ്പോള്‍ സോളമന്‍ ആ സൈറ്റില്‍ നിന്നും ഇറങ്ങിയോടി...

ജീപ്പിലിരിക്കുമ്പോള്‍ സോളമന് വേഗത പോരെന്നു തോന്നി.....ഇനിയും രണ്ട് മണിക്കൂറെടുക്കും അവിടെയെത്താന്‍...വേഗമെത്തണം..എല്ലാവരും പോകും മുന്‍പു അവിടെയെത്തണം.....എന്നാലെ ഫലമുള്ളൂ........!!!!
പക്ഷെ കവലയിലേക്കു കടക്കുന്നതിനു തൊട്ടുമുന്‍പ് സോളമന്‍ കയറിയ ജീപ്പ് പോലീസ് തടഞ്ഞു....
''അങ്ങോട്ട്‌ ആരെയും കടത്തിവിടുന്നില്ലത്രേ......'' ആരോ പറയുന്നത് കേട്ടു..
പിറുപിറുത്തുകൊണ്ടിരിക്കുന്ന ആള്‍കൂട്ടത്തിലൂടെ ഒന്നും മനസ്സിലാകാതെ സോളമന്‍ മുന്നോട്ടു നടന്നു....

''ഇവിടൊന്നും കണ്ടിട്ടുള്ള ആള്‍ അല്ലാത്രേ....''
''ചിതറിപ്പോയത്രേ.....തല താഴെ അടിച്ചിട്ടുണ്ട്....''
സോളമന്‍ അവര്‍ക്കരികിലേക്കു നീങ്ങി....
''എന്താ.... എന്താ ..സംഭവിച്ചത്..?..''
മന്ത്രിമാര് വന്നപ്പോള്‍ ഒരാള്‍ ഡാമിന്റെ സൈഡ് വാളില്‍ നിന്നും താഴോട്ടു ചാടി...എല്ലാവരുടെയും മുന്നില്‍ വച്ചാ...അയാള്‍ എങ്ങനെ അവിടെ കയറി എന്നു അറിയില്ല... എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നത്രേ.......ടിവിക്കാര് എല്ലാം പിടിച്ചിട്ടുണ്ട്.....കാണിക്കുമായിരിക്കും...''
ഒന്നാമന്‍ പറഞ്ഞു നിര്‍ത്തി....
''അയാള് പുതിയ ഡാം പണിയണമെന്ന് പറഞ്ഞാണത്രേ ചാടിയത്........''

കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സോളമന്‍ മുന്നോട്ടു നടന്നു.......തനിക്കു മുന്‍പേ മറ്റൊരാള്‍....!!

ആള്‍കൂട്ടത്തിലൂടെ അരിച്ചരിച്ചു നീങ്ങിയ ആംബുലന്‍സിന്റെ പിന്നാലെ  തിക്കിത്തിരക്കിയവരെ പോലീസ് വിരട്ടിയോടിച്ചു....
സോളമന്റെ മനസ്സിലപ്പോള്‍ കഴിഞ്ഞ ദിവസം ബസ്സില്‍ വച്ച് ആരോ പറഞ്ഞ വാക്കുകളായിരുന്നു...
''നമ്മള്‍ തമിഴന്മാരെ പോലെയാകണം...ഒരു മണ്ണെണ്ണ കന്നാസുമെടുത്ത്......................!!!!!..''
അയാള്‍ വേഗത്തില്‍ നടന്നു..

ദാസന്റെ പെട്ടിക്കടയ്ക്കടുത്ത് എല്ലാവരും കൂടി നില്‍പ്പുണ്ട്.....
''സോളമേട്ടാ..നിങ്ങള്‍ എവിടെയായിരുന്നു....ഞങ്ങള്‍ എല്ലാവരും കുറേ മൊബൈലില്‍ വിളിച്ചിരുന്നു....!!''
''എന്തേ....?''
''ആരായിരുന്നു ഇന്നലെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത്.......എന്തിനാ അയാള് ഇങ്ങനെ ചെയ്തത്.....??''
എല്ലാവരും ആകാംഷയോടെ സോളമനെ നോക്കി...
അയാള്‍ക്ക് ദേഹം തളരുന്നത് പോലെ തോന്നി.....
''അപ്പോള്‍...??!!!!!!!! ''
അയാള്‍ പതുക്കെ കലുങ്കിലേക്കിരുന്നു....

പലരും അയാളോട് പലതും ചോദിക്കുണ്ടായിരുന്നു...അയാള്‍ ഒന്നും കേട്ടില്ല....
''പോലീസുകാര് വരും..ഇന്നലെ രാത്രിയാ ഇവിടെ എത്തിയത്....ജോസിന്റെ ഫ്രണ്ട് ആയിരുന്നത്രെ..............ഗുജറാത്തില് ...................''
അവിടെ നിന്നും രക്ഷപ്പെട്ട് അതിവേഗത്തില്‍ വീട്ടിലേക്കു നടക്കുന്നതിനിടെ ആളുകള്‍ കുശുകുശുക്കുന്നത്‌ സോളമന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.......

വീട്ടിലെത്തിയപ്പോള്‍ മറന്നു വച്ച മൊബൈല്‍ ഫോണില്‍ നിറയെ മിസ്സ്‌ കോളുകളായിരുന്നു...പെട്ടന്ന് വീണ്ടും ഫോണ്‍ ബെല്ലടിച്ചു...
അച്ചായനാണ്‌....
നിസ്സംഗതയോടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു...
''സോളമാ..ഞാന്‍ സൈറ്റിലാ...ന്യൂസ്‌ ഒന്നും അറിഞ്ഞില്ല....മന്ത്രിമാര് വന്നോ...സമരം എന്തായി....??..''
സോളമന് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു....പക്ഷെ വര്‍ഷങ്ങളായി പൊട്ടാന്‍ വെമ്പി നിന്ന വലിയൊരു തടയണ സ്വയം പൊട്ടിയൊഴുകിയത് മനസ്സില്‍ തെളിഞ്ഞപ്പോള്‍ വാക്കുകള്‍ പുറത്തു വന്നില്ല.......

''തകര്‍ന്നു...ഒരണക്കെട്ട്...പക്ഷെ നമ്മുടേതല്ല.........''

നേര്‍ത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞൊപ്പിച്ചു.....
''നീ....നീ.........എന്താ പറയുന്നത്.....എനിക്ക് മനസ്സിലാവുന്നില്ല...?????!!!!!!!!!!!!.''
''ഇങ്ങനെയെങ്കിലും എല്ലാവരും മനസ്സിലാക്കുമായിരിക്കും അച്ചായാ.....ഇങ്ങനെയെങ്കിലും...........''

അയാള്‍ ഫോണ്‍ കട്ട്‌ ചെയ്യുമ്പോഴേക്കും ചാനലുകളില്‍ ന്യൂസ്‌ ഫ്ലാഷ് വന്നു തുടങ്ങിയിരുന്നു.....
.

8 December 2009

ഒരു 'യുവബ്ലോഗന്റെ' വിലാപങ്ങള്‍....


തൂലിക (സോറി വിരല്‍) പടവാളാക്കണം എന്ന് നിശ്ചയിച്ചുറപ്പിച്ചതുകൊണ്ടാണ്  യുവബ്ലോഗന്‍ തന്റെ ഡയല്‍ അപ്പ് കണക്ഷന്‍ മാറ്റി ബ്രോഡ്‌ ബാന്‍ഡ് എടുത്തത്.

പോക്കറ്റ് അത്ര ബ്രോഡ്‌ അല്ലാത്തത് കൊണ്ട് എംബികളെ മറന്നു കൊണ്ട് അയാള്‍ കെബികളെ  സ്നേഹിച്ചു . കെബി കളില്‍ നിന്നും എംബി കളില്‍ എത്തി നില്‍ക്കുന്ന ജീവിതതാളം മാറുന്ന ലോകത്തിന്റെ മൂല്യച്ചുതി വെളിപ്പെടുത്തുന്നുവോ എന്ന ആശങ്ക പങ്കുവയ്ക്കാനായി അയാള്‍ ജി-ടാക്കിലെ തന്റെ ബ്ലോഗ്‌ ഗുരുവിനു മെസ്സേജ് അയച്ചു...

ബ്ലോഗ്‌ ഗുരു അന്റാര്‍ട്ടിക്കയിലെ തന്റെ ഗ്രൂപ്പ്‌ സഹബ്ലോഗനുമായി കൂലങ്കഷമായ  ജി ടാക്കിലായിരുന്നു..!!

...മലയാളഭാഷയിലെ സാംസ്കാരിക നായകന്മ്മാര്‍ക്കും അച്ചടി മാധ്യമങ്ങള്‍ക്കും ബ്ലോഗുകളോടുള്ള വിരക്തിയെപ്പറ്റി അന്റാര്‍ട്ടിക്കന്‍ പ്രവാസി ബ്ലോഗറോട് രോഷം കൊള്ളുന്നതിനിടെയാണ് യുവബ്ലോഗന്റെ 'ഹായ് ' അയാള്‍ കാണുന്നത്.....

അന്റാര്‍ട്ടിക്കയില്‍ 'ഷിവാസ് റീഗലി'ന്റെയും വാടാനപ്പള്ളീല്‍ 'ഓപീയാറി'ന്റെയും കുപ്പികള്‍ ഏതാണ്ടൊരേ സമയത്തു തന്നെ ഒഴിഞ്ഞിരുന്നത് കൊണ്ട് മാത്രം ഗുരു കയ്യിലെ കാലി ഗ്ലാസ് താഴെ വച്ച് ശിഷ്യന് റിപ്ലേ അയച്ചു..

''യെസ് ശിഷ്യാ..പറയൂ..''

''ഒരു പുതിയ പോസ്റ്റിനുള്ള തീം കിട്ടിയിട്ടുണ്ട് ഗുരോ....അതു താങ്കളുമായി ചര്‍ച്ച ചെയ്യാം എന്ന് വിചാരിച്ചു...''

''പറയൂ...എനിക്കുറപ്പാണ് നിന്നെപ്പോലെ ഒരു പ്രതിഭാധനനായ യുവ ബ്ലോഗന്റെ തലയില്‍ നല്ല നല്ല ആശയങ്ങള്‍ ഉണ്ടെന്ന്.....''

''ബ്ലോഗില്‍ പിച്ചവെക്കാനും അപ്പിയിടാനും എന്നെ പഠിപ്പിച്ച എന്റെ പ്രിയ ബ്ലോഗ്‌ ഗുരുവിന് ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.....'' എന്നൊരു കമന്റ്‌ യുവബ്ലോഗന്റെ പുതിയ പോസ്റ്റിനു കീഴെവരാന്‍ സാധ്യതയുണ്ടെന്നോര്‍ത്തപ്പോള്‍ ബ്ലോഗ്‌ കവിഗുരു സന്തുഷ്ടനായി..

''ടെക്നോളജിയുടെ പുരോഗതിയില്‍ ജീവിത താളം എങ്ങനെ വ്യത്യാസപ്പെടുന്നു എന്നാണ് ഞാന്‍ ചിന്തിക്കുന്നത്...ലോകത്തിനു വേഗം കൂടുന്നതിനനുസരിച്ച് ജീവിതത്തിന്റെ സ്പന്ദനം മാറുന്നുവോ..''

ഗുരു അല്‍പ്പനേരം ചിന്തയിലാണ്ടു... 

''നല്ല തീം..നര്‍മത്തില്‍ ചാലിച്ചാണോ എഴുതുന്നത്‌..?''

''ചാലിക്കണമെന്നുണ്ട്...പക്ഷെ എനിക്ക് നര്‍മം വഴങ്ങുമോ എന്ന് സംശയമാണ് ഗുരോ..''

''നര്‍മത്തില്‍ ചാലിച്ചില്ലെങ്കില്‍ ഒരു തുടക്കക്കാരന്റെ ബ്ലോഗ്‌ ശ്രദ്ധിക്കപ്പെടാന്‍ പ്രയാസമാണ് ശിഷ്യാ...''

യുവബ്ലോഗന്റെ രക്തം തിളച്ചു...തിളച്ച രക്തം അയാള്‍ ഗുരുവുമായി പങ്കുവച്ചു..

''ഈ ബൂലോഗം ശരിയല്ല....കുറെ ഗള്‍ഫുകാര്‍ ഒരു പണിയുമില്ലാതെ പൂത്ത പൈസയുമായി ഓഫീസുകളില്‍ നര്‍മം ചാലിച്ച ചവറുകളും വായിച്ചു സമയം കൊല്ലുന്നു..!! കേരളത്തിലെ  അടിസ്ഥാന വര്‍ഗം ബ്രോഡ്‌ ബാന്‍ഡ് കണക്ഷന് മാസാമാസം എണ്ണികൊടുക്കേണ്ട 250 രൂപയെക്കുറിച്ച് വ്യാകുലപ്പെടുന്നത് കാണുമ്പോള്‍ ഇവര്‍ക്കൊക്കെ പുച്ചവും...ഇതിലൊക്കെ പ്രതികരിക്കേണ്ട സമയമായിരിക്കുന്നു.''

''പ്രതികരിക്കണം തീര്‍ച്ചയായും പ്രതികരിക്കണം കപടനൊസ്റ്റാള്‍ജിയയും പറഞ്ഞു കരയുന്ന ഇവന്മ്മാരെ നമ്മള്‍ വെളിച്ചത്തു കൊണ്ട് വരേണ്ടിയിരിക്കുന്നു...''
......പിന്നെ ശിഷ്യാ..എനിക്ക് അത്യാവശ്യമായി ഒന്നു പുറത്തു പോകണം...മനസ്സിലുള്ളതെല്ലാം എഴുതൂ..നിങ്ങളെപ്പോലുള്ളവര്‍ നാളെകളുടെ വാഗ്ദാനങ്ങളാണ്...''

തന്റെ NRI ആരാധിക ഓണ്‍ലൈനില്‍ വന്നത് കണ്ടപ്പോള്‍ ഗുരു പതുക്കെ തടിയൂരി...പച്ചപുതച്ച മല നാടുവിട്ടു മരുഭൂമിയില്‍ കുടിയേറേണ്ടി വന്ന ആരാധികയുടെ ദുഖത്തില്‍ അയാള്‍ ഇന്‍വിസിബിള്‍ മോഡില്‍ പങ്കുചേര്‍ന്നു. അവള്‍ക്ക് വേണ്ടി മാത്രമായെഴുതിയ ഗൃഹാതുരത്വം നിറഞ്ഞ കവിത ഹെഡ് ഫോണിലൂടെ  പാടിക്കേള്‍പ്പിച്ചു...കോപ്പിറൈറ്റ് ഇല്ലാത്ത ബ്ലോഗ്‌ പോലെ വിശാലമായ ആരാധികാ ഹൃദയം തരളിതമായി.. പുഴയോരത്തു കറങ്ങി നടക്കുകയായിരുന്ന രമണന്റെ ആത്മാവ് പോലും അതു കേട്ടു നാണിച്ചു പോയി.......

യുവബ്ലോഗന്‍ പക്ഷെ തീര്‍ത്തും വ്യാകുലനായിരുന്നു....അയാളുടെ മനസ്സിലൂടെ ചിന്തകള്‍ അന്തമില്ലാതെ ഓടിനടന്നു.. 

എങ്ങനെ ഫെയ്മസാകാം...??

നര്‍മം ചലിച്ചാല്‍ ഫെയ്മസാകുമോ...എന്തെഴുതും...എങ്ങനെയെഴുതും...എങ്ങനെ അറിയപ്പെടുന്ന ഒരു 'മുതിര്‍ന്ന' ബ്ലോഗറാകും..?

കീബോര്‍ഡില്‍ കുരുക്ഷേത്രം തീര്‍ക്കാനുള്ള തന്റെ വിരലുകള്‍ക്കു ശക്തി പകരാനായി അയാള്‍ ഗുരുക്കന്മാരെ മനസ്സില്‍ നമിച്ചു....

512MB ഇന്റര്‍നെറ്റ്‌ സ്പീഡിന്റെ ആവേശത്തള്ളിച്ചയില്‍ കിടിലന്‍ പോസ്റ്റുകളിടാനുള്ള  വ്യഗ്രതയില്‍
അയാള്‍ തന്റെ രണ്ടാം ബ്ലോഗ്‌ ഗുരുവിന്റെ മൊബൈല്‍ നമ്പര്‍ ഞെക്കി....

രണ്ടാം ബ്ലോഗ്‌ ഗുരു നാലാമത്തെ പെഗ്ഗിലായിരുന്നു....

ബൂലോഗത്തെ ഒരു തുറന്ന വിഴുപ്പലക്കലിന്റെ (aka , ''The Thirteenth Comment War‍'' ) ഭാഗമായി 'പുള്ളിപ്പുലി സീരീസില്‍' നിന്നും 'കഴുതപ്പുലി സീരീസിലേക്ക് ' ഡൌണ്‍ഗ്രേഡ് ചെയ്യപ്പെട്ട രണ്ടാം ബ്ലോഗ്‌ ഗുരു ,പാതിരാത്രി മൊബൈലില്‍ വന്ന കോള്‍ ലീവില്‍ നാട്ടില്‍ വന്ന വല്ല പ്രവാസി ബ്ലോഗറുടെതും ആകണേ എന്ന പ്രാര്‍ത്ഥനയിലാണ് അറ്റന്‍ഡ് ചെയ്തത്.....

തുറന്നു വച്ച സ്കോച്ച് കുപ്പിക്കപ്പുറമിപ്പുറം ബൂലോഗചര്‍ച്ചയുടെ മൊരിഞ്ഞ കോഴിമണം മനസ്സില്‍ കണ്ടു കൊണ്ട് അയാള്‍ സംസാരിക്കാനാരംഭിച്ചു...

''യെസ്...ബ്ലോഗ്ഗര്‍______ഹിയര്‍.........''

പക്ഷെ മറുതലയ്ക്കല്‍ ഇതുവരെ അഞ്ച് കമന്റ്‌ തികച്ചു കിട്ടിയിട്ടില്ലാത്ത ദരിദ്രവാസി യുവബ്ലോഗനാണെന്ന റിഞ്ഞപ്പോള്‍ രണ്ടാം ബ്ലോഗ്‌ ഗുരുവിനു ദേഷ്യം അരിച്ചു കയറി...പിന്നെ തന്റെയൊരു സ്ഥിരം കമെന്റെഴുത്തു കാരനെ പിണക്കേണ്ടെന്നുകരുതി മാത്രം അയാള്‍ യുവബ്ലോഗനോട്  സംസാരിച്ചു...

''ഇതുവരെ ആരും പറയാത്ത അല്ലെങ്കില്‍ തൊട്ടാല്‍ പൊട്ടുന്ന വിഷയങ്ങളുമായി വരൂ അതു ചര്‍ച്ചക്കിട്ടു ഞാന്‍ തന്നെ ഫെയ്മസാക്കിത്തരാം...''

''അതിനിപ്പോ അങ്ങനുള്ള വിഷയങ്ങള്‍ ഇപ്പൊ.....ലവ് ജിഹാദ് മാര്‍ക്കറ്റ്‌ കഴിഞ്ഞില്ലേ...വേറെന്താ ചൂടുള്ള ഒരു സബ് ജെക്റ്റ്...''

''അതു താന്‍ കണ്ടു പിടിക്കണം....''

രണ്ടാം ബ്ലോഗ്‌ ഗുരുവും ഫോണ്‍ കട്ട്‌ ചെയ്തു....

ഫെയ്മസാകാനുള്ള ത്വരയില്‍ യുവ ബ്ലോഗന് ഇരിപ്പുറച്ചില്ല..അയാള്‍ വീണ്ടും അന്തമില്ലാതെ ചിന്തിച്ചു കൊണ്ടിരുന്നു....

പാലായിലെ ഗള്‍ഫുകാരന്റെ അടച്ചിട്ട വീട് പോലെ അനാഥമായിപ്പോയേക്കാവുന്ന തന്റെ ബ്ലോഗ്‌ മനസ്സില്‍ കണ്ടപ്പോള്‍ അയാള്‍ വീണ്ടും ഇരുന്നും നിന്നും കിടന്നും ടോയ് ലെറ്റില്‍ പോയിരുന്നും ആലോചിച്ചു....
ഒട്ടേറെ മഹാന്മാര്‍ക്ക് വെളിപാടുണ്ടായ ടോയ് ലെറ്റ്‌ സീറ്റില്‍വച്ച് അയാളിലും പുത്തന്‍ ആലോചനകളുടെ വെള്ളിടികള്‍ വെട്ടിത്തുടങ്ങി....

''എന്ത് കൊണ്ട് അറിയപ്പെടുന്ന ഒരു കഥാപാത്രത്തെ തന്റെതായ രീതിയില്‍ മാറ്റി എഴുതിക്കൂടാ..?''

എം.ടി , ചതിയന്‍ ചന്തുവിനെ നല്ലവനാക്കി ഫെയ്മസായില്ലേ..?
അതു പോലെതന്നെ....!

തന്റെ ഭാവന പ്രദര്‍ശിപ്പിച്ചു കൊണ്ട് അയാള്‍ ആര്‍ക്കിമിഡീസിനേക്കാളും വേഗത്തില്‍ ഇറങ്ങിയോടി...
തന്റെ പുത്തന്‍ ആശയം ബ്ലോഗ്‌ ഗുരുക്കന്‍മാര്‍ ചൂണ്ടിയേക്കും എന്ന ചിന്തയില്‍ ആരോടും ചര്‍ച്ച ചെയ്യാതെ കഥാപാത്രങ്ങളോട് നേരിട്ട് തന്നെ സംവേദിക്കാന്‍ തീരുമാനിച്ചു...

ചരിത്രത്തിലെയും പുരാണങ്ങളിലെയും ക്രൂര കഥാപാത്രങ്ങളെ എടുത്തു നല്ലവരാക്കണം...അങ്ങനെ തന്റെ പോസ്റ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടണം..കമന്റുകള്‍ കുന്നു കൂടണം...ബൂലോഗ അഭിമുഖങ്ങള്‍ വരണം..കോക്കസുകള്‍ രൂപം പ്രാപിക്കണം...നല്ലതോ ചീത്തയോ എന്ന അസ്തിത്വപ്രശ്നം അടിസ്ഥാനമാക്കുന്ന തന്റെ പോസ്റ്റുകള്‍ ബൂലോഗത്തിന്റെ ഓരോ കോണിലും ചര്‍ച്ച ചെയ്യപ്പെടുന്നത് മനസ്സിലൂടെ കടന്നുപോയപ്പോള്‍ അയാളുടെ ദേഹത്തെ രോമങ്ങള്‍ എണീറ്റു നിന്നു അവയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു...

പക്ഷെ ആരെ ആദ്യം നല്ലവനാക്കും?..ഒരു കിടിലന്‍ ദുഷ്ടകഥാപാത്രത്തെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു....
പക്ഷെ അയാളില്‍ ഒട്ടും നന്മ പാടില്ല....എന്നാലേ അതു ചര്‍ച്ച ചെയ്യപ്പെടൂ...

ദുര്യോധനനെയും രാവണനെയും കീചകനെയുമെല്ലാം പലരും പലപ്പോഴായി നന്നാക്കി നോക്കിയതാണ്.. ....കീരിക്കാടന്‍ ജോസിനെയാണെങ്കില്‍ ലോഹിതദാസ് ഓള്‍റെഡി നല്ലവനാക്കി കഴിഞ്ഞു....പിന്നെ മുണ്ടക്കല്‍ ശേഖരന്‍,ഹിറ്റ്‌ ലെര്‍,ഈദി അമീന്‍ ...എന്ന് തുടങ്ങി നാഥുറാം ഗോഡ് സേ വരെ ധീരനായകന്‍മാരായി ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു...!!

ദുഷ്ടകഥാപാത്രങ്ങളെ കിട്ടാതെ യുവബ്ലോഗന്‍ നട്ടം കറങ്ങി.....

ലേറ്റസ്റ്റ് ദുഷ്ടന്‍ തടിയന്റവിട നസീറാണ്....

പിന്നെ വേണമെങ്കില്‍.... അജ്മല്‍ കസബ്...!!

ആന്റി ടെററിസ്റ്റ് സ്ക്വാഡ് പാതിരാത്രി ഹെലി കൊപ്ടറില്‍ തൂങ്ങിയിറങ്ങി വീടിന്റെ ഓടിളക്കി അകത്തു കയറുന്നത് മനസ്സിലോര്‍ത്തപ്പോള്‍ അവരെയും വിട്ടു...

ദൈവമേ ഈ ലോകത്ത് ദുഷ്ടകഥാപാത്രങ്ങള്‍ക്ക് ഇത്രയും ക്ഷാമമോ..??

യുവബ്ലോഗന്‍ വീണ്ടും വിവശനായി ....വേറെന്തെങ്കിലും വഴികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു....

ഒരുഗ്രന്‍ ലവ് സ്റ്റോറി എഴുതിയാലോ...

സെന്റിമെന്റ്സ് പാക്ക്ഡ് റൊമാന്റിക്‌ സ്റ്റോറി....
നല്ല മാര്‍കെറ്റ് ആയിരിക്കും...സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ചെല്ലക്കിളികള്‍ ഒരുപാടെണ്ണം നിലാവത്ത് ഇറക്കിവിട്ട പിടക്കോഴികളെ പോലെ  ഓണ്‍ലൈന്‍ കയറിയിറങ്ങി നടപ്പുണ്ട്...സെന്റിയില്‍ വീഴാത്ത പെണ്‍പിള്ളേരുണ്ടോ..ഒത്താല്‍ പോസ്റ്റ്‌ കേറി ഹിറ്റാകും...

മേമ്പോടിക്ക് അല്‍പ്പം നൊസ്റ്റാള്‍ജിയയും ചേര്‍ക്കാം.....!!

സമയം രാത്രി പത്തര ആയിരുന്നത് കൊണ്ട് മാത്രം യുവബ്ലോഗനിലെ ക്ഷോഭിക്കുന്ന യുവത്വം ലോലവും തരളവുമായി...
അല്ലെങ്കിലും സീരിയസ് ചവറുകള്‍ ഇവിടെ ആരുവായിക്കാന്‍...!

അയാള്‍ ഒന്നാം ബ്ലോഗ്‌ ഗുരുവിന്റെ ഉപദേശമോര്‍ത്തു....
''നര്‍മത്തില്‍ ചാലിച്ച അനുഭവക്കുറിപ്പുകള്‍..''..!!!
അനുഭവങ്ങളുണ്ട്..ഇല്ലെങ്കില്‍ ഉണ്ടാക്കാം..പക്ഷെ ചാലിക്കാനുള്ള നര്‍മം മാത്രം എത്ര കറന്നിട്ടും വരുന്നില്ല....അപ്പൊ പിന്നെ സെന്റിയും പ്രേമവും തന്നെ രക്ഷ..

പ്രേമത്തിന്റെ അവസാന വാക്കായിരുന്ന പഴയ ഒന്‍പതു ബി യിലെ ഒടുക്കത്തെ സുന്ദരി സുഹറ കെ.പി യെ മനസ്സില്‍ ധ്യാനിച്ച്‌ അയാള്‍ കഥയെഴുതാനിരുന്നു...

ഇനി മൂഡ്‌ ക്രിയേറ്റു ചെയ്യണം....
മനസ്സ് തരളിതവും വികാരലോലവുമാക്കി....ഈസ്റ്റ്‌ കോസ്റ്റിന്റെ പാട്ടുവച്ചു....

കഥയില്‍ നായകനും നായികയും വില്ലനും വേണം...കേരളത്തിന്റെ തളിരും കുളിരും വേണം...
പ്രവാസികള്‍ നൊസ്റ്റാള്‍ജിയ അടിച്ചു പണ്ടാരമാകണം...
യുവബ്ലോഗന്റെ മനസ്സിലേക്ക് ഒരു സുന്ദരന്‍ പ്രണയ കഥ പെയ്തിറങ്ങി.....

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...അറുപതുകളില്‍ നടക്കുന്ന കഥ....റോഡും ബസ്സും തീവണ്ടിയുമില്ലാത്ത ആലപ്പുഴയിലെ ഒരു ഗ്രാമം...യാത്ര വള്ളങ്ങളില്‍ മാത്രം......നായിക സ്ഥലത്തെ പ്രമാണിയുടെ മകള്‍... ഉയര്‍ന്ന നായര്‍ തറവാട്ടിലെ അംഗം...പേര് ശ്രീദേവി...നല്ല വിദ്യാഭ്യാസം...നായകന്‍ ഒരു ഏഴാം കൂലി ആകണം...പണിയൊന്നുമില്ലാതെ ഉത്സവപ്പറമ്പുകളില്‍ മുച്ചീട്ടും കളിച്ചു തെണ്ടി നടക്കുന്ന ഒരുവന്‍...പക്ഷെ സ്നേഹസമ്പന്നന്‍...പേര് ദാസന്‍....

പക്ഷെ ഇവരുടെ പ്രമം എവിടെ തളിരിടും..പൂവിടും..കായ്ക്കും..???

ആലപ്പുഴയല്ലേ സ്ഥലം....

അപ്പൊ തോണിയില്‍ തുടങ്ങാം പ്രേമം...NRI ക്കാര്‍ക്കൊക്കെ നല്ലോണം ഇഷ്ടപ്പെടും...

നാട്ടിലെ പ്രശസ്ത തച്ചന്‍ പണിത കിടിലന്‍ വള്ളം...കായലിലൂടെയുള്ള യാത്ര...ആ യാത്രയില്‍ ഇവരുടെ പ്രണയത്തിനു തളിരിടീക്കാം...
ശ്രീദേവിയും ദാസനും തോണിയില്‍ വച്ചു ലൈനാവുന്നു...!!
യാത്രയ്ക്കിടയിലെ ഇവരുടെ ലൈനടി ശ്രീദേവിയുടെ അമാവന്റെ മോനും മുറചെറുക്കനുമായ ദിവാകരന്‍ കാണുന്നു...അവിടെ കുറെ സെന്റി...
പക്ഷെ ദാസനിലെ ഹീറോയെയും ദിവാകരനിലെ വില്ലനെയും പുറത്തു കൊണ്ട് വരണം...എങ്ങനെ..

ഒരു ഐഡിയ....

യാത്രക്കിടയില്‍ കായലില്‍ തോണി മറയട്ടെ...അപ്പോള്‍ ദിവാകരന്‍ ശ്രീദേവിയെ രക്ഷിക്കാന്‍ മിനക്കെടാതെ സ്വന്തം കാര്യം നോക്കി പോകണം..ദാസന്‍ സ്വന്തം ജീവന്‍ പോലും മറന്നു ശ്രീദേവിയെ രക്ഷിക്കണം....
ആ സാഹസത്തില്‍ ദാസന്‍ മുങ്ങി മരിക്കട്ടെ...അപ്പൊ സെന്റി കുറെ കൂടി വര്‍ക്ക്‌ഔട്ട്‌ ആകും.....
വേണമെങ്കില്‍ കഥ ഫ്ലാഷ് ബാക്ക് ആയി ശ്രീദേവിയുടെ ഓര്‍മകളിലൂടെയും പറയാം...

കൊച്ചു മക്കള്‍ക്ക്‌ മുന്നില്‍ പഴയ പ്രണയ കഥ അയവിറക്കുന്ന നായിക..!!

അപ്പോള്‍ നൊസ്റ്റാള്‍ജിയക്ക് ഇത്തിരി കട്ടി കൂടും....!!

യുവബ്ലോഗനു സന്തോഷം കൊണ്ടിരിക്കാനാവാതെ വന്നു...

''കണ്ണു നനയിച്ചു''...''മനസ്സ് നൊന്തു''...''ഹൃദയത്തെ സ്പര്‍ശിച്ചു'' എന്നുള്ള കമന്റുകളൊക്കെ കിട്ടും...
ഫോളോവേര്‍സ്  ലിസ്റ്റില്‍ പെമ്പിളേരുടെ എണ്ണം കൂടി വരും...!!

അത്യധികം ആഹ്ലാദത്തോടെ ഒരു ബ്ലോഗ്‌ പുലിയുടെ ഉദയം സ്വപ്നം കണ്ടുകൊണ്ടു അയാള്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി...
രാത്രി ഒന്നരയോടെ എഴുതിത്തീര്‍ത്തു..ഒന്നു കൂടി വായിച്ചു നോക്കിയപ്പോള്‍ അയാള്‍ സ്വയം കുളിര് കോരി....ഗ്രാമ വിശുദ്ധിയുള്ള അനശ്വര പ്രണയകഥ..കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...

ഗള്‍ഫ്‌ പ്രവാസികളും ഐ.ടി ചെല്ലക്കിളികളും എല്ലാം വീഴും...!!

കഥ പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് യുവബ്ലോഗന്‍ സെറ്റിംഗ്സ് എല്ലാം ഒന്നു കൂടി പരിശോധിച്ചു.......സകല അഗ്രഗേറ്റരുകളിലും വരണം....

കഥയുടെ ഫീലില്‍ താന്‍ മുന്‍പു ക്രോസ് ഫയര്‍ ചെയ്ത സകല  ദുഷ്ട കഥാപാത്രങ്ങളെയും ബ്ലോഗ്‌ ഗുരുക്കന്മാരേയും മറന്നു കൊണ്ട് അയാള്‍ കഥ പോസ്റ്റ്‌ ചെയ്തു....

സിസ്റ്റം ഓഫ്‌ ചെയ്തു വളരെ സംതൃപ്തിയോടെയാണ് അയാള്‍ ഉറങ്ങാന്‍ കിടന്നത്...അസ്തിത്വ പ്രശ്നങ്ങളും ആനുകാലിക സംഭവങ്ങളും ജീവിതാനുഭവങ്ങളും പോയി തുലയട്ടെ....ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന പ്രണയ കഥകള്‍ വാഴട്ടെ...രചനയുടെ ഗര്‍ഭധാരണവും പ്രസവവും എല്ലാം ഒരുമിച്ചു കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ അയാള്‍ തളര്‍ന്നുറങ്ങി......
താന്‍ 'മുതിര്‍ന്ന ബ്ലോഗ്ഗര്‍' ആയിത്തീരുന്നത് സ്വപ്നവും കണ്ടു....

പിറ്റേ ദിവസം ബ്ലോഗ്‌ ഓപ്പണ്‍ ചെയ്യുമ്പോള്‍ യുവബ്ലോഗന്‍ ആകെ ത്രില്ലിലായിരുന്നു....

ആരായിരിക്കും ആദ്യ കമന്റ്‌ ഇട്ടിട്ടുണ്ടാവുക..?? എന്തായിരിക്കും റെസ്പോണ്‍സ്..?

പോസ്റ്റിനു കീഴെ സിക്സ്  കമന്റ്സ് എന്ന് കണ്ടതും അയാളുടെ ഹാര്‍ട്ട് ആവശ്യമില്ലാത്ത വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി...

ആദ്യ കമന്റ്‌ തന്നെ ഒരനോണിക്കമന്റ്റ് ആയിരുന്നു.......
അതു ഇപ്രകാരമായിരുന്നു..

''അല്ലിഷ്ട്ടാ തന്റെയീ കഥ....ഇത് ''ടൈറ്റാനിക് '' അല്ലേ.!!!....അടിച്ചു മാറ്റല്‍ ഇങ്ങനെയുമുണ്ടോ...??!!!!!!''

യുവബ്ലോഗന്‍ വിവശനായി...

''ഒരു തേങ്ങ പ്രതീക്ഷിച്ചു വന്നപ്പോള്‍ എന്റയര്‍ തേങ്ങാക്കുല തന്നെ കിട്ടിയിരിക്കുന്നു....!!''

അടുത്ത കമന്റ്‌ സനോണിയായിരുന്നു...അതും ഒരു ബ്ലോഗിണിയുടേത്...
വസ്തുനിഷ്ഠമായ പഠനം തന്നെ നടത്തിയിരിക്കുന്നു കുമാരി ബ്ലോഗിണി....

''മനോഹര കഥ....ഇത് നമുക്ക് സിനിമയാക്കിയാലോ...?
മുച്ചീട്ട് കളിക്കാരന്‍ ദാസന്‍ - ഡി കാപ്രിയോ...!!!
കര പ്രമാണിയുടെ മകള്‍ ശ്രീദേവി - കെയ്റ്റ് വിന്‍സ് ലെറ്റ്...!!!
പശ്ചാത്തലം - വേമ്പനാട്ടു കായല്‍.......!!!!!!!!!!!!!''

..........കൂടുതല്‍ വായിക്കാന്‍ നില്‍ക്കാതെ യുവബ്ലോഗന്‍ സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്തു........

ആ ബ്ലോഗില്‍ തുടര്‍ന്നു വന്ന കമന്‍റുകളെല്ലാം നര്‍മം ചാലിക്കാത്ത, തീഷ്ണമായ ജീവിതാനുഭവങ്ങള്‍ സമ്മാനിക്കുന്നവ തന്നെയായിരുന്നു.....
.