5 October 2009

ഒരു നേപ്പാളിയുടെ കഥ....


                                          കണ്ടൈനറിനകത്തു നിന്നും അവസാനത്തെ പെട്ടിയും പുറത്തിറക്കി കഴിഞ്ഞിട്ടാണ് തമാംഗ് എന്റെ അടുത്തേക്ക്‌ വന്നത്...എല്ലാ വൈകുന്നേരങ്ങളിലും പതിവുള്ള സൈറ്റ് ഇന്‍സ്പെക്ഷനു പോകാന്‍വേണ്ടി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുകയായിരുന്നു ഞാനപ്പോള്‍..‍..ഹോള്‍ഡിലായ പ്രൊജെക്ടിന്റെ ചുമതലയില്‍ നിന്നും തലയൂരാന്‍ ഒരുപാട് ശ്രമിച്ചതാണ്.....പ്രൊജക്റ്റ്‌ കുളം തോണ്ടിയ വെള്ളക്കാര്‍ക്കു പകരം ക്ലയന്റിന്റെ മുന്നിലേക്കിട്ടുകൊടുക്കാന്‍  കമ്പനി ചെയര്‍മാന്‍ കണ്ടെത്തിയ ബലിമൃഗമായി ഈ സൈറ്റിലേക്കു വരുമ്പോള്‍ എനിക്കു കൂട്ട് കുറെ കണ്ടൈനറുകളും പിന്നെ തമാംഗ്  എന്ന സെക്യൂരിറ്റിയും മാത്രമായിരുന്നു.......

നേപ്പാളിയായിരുന്നു തമാംഗ് .....

ഞാനൊരു നേപ്പാളിയാണ് എന്നഭിമാനത്തോടെ പറയുമ്പോള്‍ തമാംഗിനു ഞങ്ങളുടെ നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കൃഷ്ണന്‍ മാഷിന്റെ അതേ വീര്യമായിരുന്നു.....ഏക്കറുകള്‍ വരുന്ന മരുഭൂമിയില്‍ വിലപിടിപ്പുള്ള യന്ത്രഭാഗങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും പേറി ഒറ്റയ്ക്കിരിക്കുമ്പോള്‍ തമാംഗിന്റെ കഥകളായിരുന്നു കൂട്ട്.....തന്റെ നാടിനെ പറ്റി പറയുമ്പോള്‍ തമാംഗിനു നൂറു നാവായിരുന്നു....മഞ്ഞു പൊഴിയുന്ന എവറസ്റ്റിന്റെ താഴ്വരയിലെ ഓര്‍മകള്‍ക്ക് പച്ച പുതച്ച എന്റെ മലയോരഗ്രാമത്തിന്റെ അതേ ഛായയായിരുന്നിരിക്കണം, അയാളുടെ വിവരണം കേള്‍ക്കുമ്പോള്‍ മനസ്സ് പലപ്പോഴും പിടിവിട്ടു പഴയ ഓര്‍മകളിലേക്ക് കൂപ്പു കുത്തി.......

എന്‍ജിന്‍ ഓഫ്‌ ചെയ്തു തമാംഗിനെ നോക്കി...അവന്റെ മുഖം ഒരുപാട് വിളറിയിരുന്നു .....
ഇടറിയ ശബ്ദത്തോടെ അവന്‍ പറഞ്ഞു..
'മമ്ത.....''

മമ്തയെന്ന ആറു വയസ്സുകാരി നേപ്പാളി പെണ്‍കുട്ടി എന്റെ മനസ്സിലേക്ക് കയറിവന്നത് തമാംഗിന്റെ വാക്കുകളിലൂടെയായിരുന്നു...സിവാലിക് കുന്നിന്‍ ചെരിവിലെ പച്ചപ്പുല്ലില്‍ തന്നെ കബളിപ്പിച്ചോടിയ  ആട്ടിന്‍കുട്ടിയെ പിടിക്കാനോടുന്ന കുഞ്ഞു മമ്തയുടെ രൂപം അവളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സിലുണ്ട്...
തമാംഗിന്റെ മകളാണ് മമ്ത....പഗോഡകളുടെ നാട്ടിലെ അനശ്വരപ്രണയകഥയിലെ നായിക അയാളെ വിട്ടു പോയപ്പോള്‍ കൊടും മഞ്ഞിലെ ഏകാന്തതയിലും അയാള്‍ക്ക്‌ ജീവിക്കാനായി സമ്മാനിച്ചിട്ട് പോയ കുഞ്ഞ്.....

തമാങ്ങിനു അവള്‍ ജീവനാണ്....മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യ മരിച്ചതോടെ അവനെ ഈ ലോകത്ത് ജീവിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം.......രണ്ടു മാസം മുന്‍പ് അവള്‍ സ്കൂളില്‍ ചേര്‍ന്നതിന്റെ വിശേഷങ്ങള്‍ മുഴുവന്‍ കേട്ടതാണ്.... തമാംഗിന്റെ നിറം മങ്ങിയ പെഴ്സിനുള്ളില്‍  അവളുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയുണ്ട്....ഒറ്റയ്ക്കിരിക്കുമ്പോള്‍ അയാളാ ഫോട്ടോയില്‍ നോക്കി അവളോട്‌ കിന്നാരം പറയുന്നത് കാണാം....

തമാംഗ് നിറഞ്ഞ കണ്ണുകളോടെയാണ് കാര്യം പറഞ്ഞത്...
മമ്ത ഹോസ്പിറ്റലില്‍ ആണത്രേ...എന്തോ വലിയ രോഗമാണെന്നാണ്  ഡോക്ടര്‍മാര്‍ അയാളുടെ സുഹൃത്തിനോട് പറഞ്ഞത്.....!!

തമാംഗിനെ ആശ്വസിപ്പിച്ചു....വലിയ അസുഖമൊന്നും ആയിരിക്കില്ല....അവര്‍ പറഞ്ഞു വന്നപ്പോള്‍ അങ്ങനെയൊക്കെ ആയിത്തീര്‍ന്നതായിരിക്കും...

എങ്കിലും തിരികെ വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോള്‍ മുഴുവനും എന്റെയുള്ളില്‍ തമാംഗും മമ്തയുമായിരുന്നു....
 
അയാള്‍ക്ക്‌ എപ്പോഴും മകളുടെ വിശേഷങ്ങളേ പറയാനുള്ളൂവായിരുന്നു.....രണ്ടു വര്‍ഷം മുന്‍പ് ഇവിടേയ്ക്ക് വരുമ്പോള്‍ അവളെ അയാളുടെ ഒരു ബന്ധുവിന്റെ അടുത്താക്കിയതാണ്.....
അന്ന് യാത്ര തിരിക്കുമ്പോള്‍ അയാളുടെ കൈകള്‍ വിടാതെ അവള്‍ പൊട്ടിക്കരഞ്ഞു...ആഴ്ചയിലൊരിക്കല്‍ മാത്രം വരുന്ന നീല ബസ്സ്‌ അയാളെയും കൊണ്ട് ആ കുന്നിറങ്ങി പോകുമ്പോള്‍ അന്നവള്‍ കരഞ്ഞു കൊണ്ട്  ബസ്സിനു പിറകെ ഓടി......... പൊട്ടിയ വിന്‍ഡോ ഗ്ലാസ്സിലൂടെ ആ കാഴ്ച കണ്ടു നിന്നത് പറയുമ്പോള്‍ ഇപ്പോഴും അയാളുടെ കണ്ണു നിറയും....ഇഷ്ടമുണ്ടായിട്ടല്ല തമാംഗ്  ഇവിടേയ്ക്ക് വന്നത്...പ്രിയ്യപ്പെട്ടവളുടെ അസുഖം വരുത്തിവച്ച കടം അയാളെ ഈ മരുഭൂമിയിലെത്തിച്ചു..

എപ്പോഴും പറയും കടം വീട്ടി തീരുന്ന അന്ന് ഞാനിവിടം വിട്ടു പോകുമെന്ന്..

തമാംഗിനെ ഞാന്‍ ആദ്യം കാണുന്നത്  ഒന്നര വര്‍ഷം മുന്‍പാണ്...
ഒരു വൈകുന്നേരം റൂമിലെ വേസ്റ്റ് പുറത്തുള്ള  വേസ്റ്റ് ബിന്നില്‍ കൊണ്ടിടാന്‍ വേണ്ടി വില്ലയുടെ പുറത്തേക്കിറങ്ങിയതായിരുന്നു...അപ്പോഴാണ്‌ വേസ്റ്റ് ബിന്നില്‍ നിന്നും കോള ടിന്നുകള്‍ പെറുക്കി ചാക്കില്‍ ശേഖരിക്കുന്ന ഒരു നേപ്പാളിയെ കണ്ടത്...എന്നെ കണ്ടതും അയാള്‍ ഒതുങ്ങി നിന്നു...പൊതുവേ ഇങ്ങനെയുള്ള ആളുകളെ കാണുമ്പോള്‍ കണ്ട ഭാവം നടിക്കാതെ മാറിപ്പോവുകയാണ് പതിവ്....അന്ന് പക്ഷെ എന്തോ അയാളെ കണ്ടപ്പോള്‍ ഒന്നു സംസാരിക്കണമെന്നു തോന്നി....ദൈന്യതയാര്‍ന്ന ആ രൂപം എവിടെയൊക്കയോ വച്ചു കണ്ടു മറന്ന ഒരു നാട്ടുകാരനെപ്പോലെ  തോന്നിച്ചു.....അന്നയാള്‍ കഥകളൊക്കെ പറഞ്ഞു....ഒരു വലിയ തുക ഏജന്റിനു നല്‍കി ഇവിടെയെത്തി കബളിപ്പിക്കപ്പെട്ടിരിക്കുകയാണ് ...കടം വീട്ടാന്‍ വേണ്ടി കടം വാങ്ങി വന്നതായിരുന്നു....സ്പോണ്‍സര്‍ ചതിച്ചു.....ഇപ്പോള്‍ കോള ബോട്ടിലുകള്‍ ശേഖരിച്ചു ആക്രിക്കടയില്‍ കൊടുത്താണ് ജീവിക്കുന്നത്......അയാളുടെ കഥയില്‍ എനിക്കൊട്ടും അത്ഭുതം തോന്നിയിരുന്നില്ല....നിത്യവും കാണുന്നത് തന്നെ...എങ്കിലും  മനസ്സ് അസ്വസ്ഥമായ പോലെ തോന്നി...പോക്കറ്റില്‍ കിടന്ന അമ്പത് റിയാല്‍ അയാള്‍ക്ക്‌ കൊടുത്ത് റൂമിലേക്ക്‌ മടങ്ങി.....

രാത്രി വൈകിയുള്ള സ്ഥിരം ഫോണ്‍ സംഭാഷണത്തിനിടയില്‍ അമ്മയോട് പറഞ്ഞ വിശേഷങ്ങളില്‍ അന്ന് മുഴുവന്‍ അയാള്‍ തന്നെയായിരുന്നു....എല്ലാം കേട്ടു കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം അമ്മ പറഞ്ഞു.....
''പറ്റുമെങ്കില്‍ എന്തെങ്കിലും ചെയ്തുകൊടുക്കെടാ അയാള്‍ക്ക്‌.....''

ഓഫീസ് ബോയ്‌ ആയിട്ടായിരുന്നു തമാംഗിനെ കമ്പനിയില്‍ കൊണ്ടു ചെന്നത്..പക്ഷെ സ്പോണ്‍സര്‍ റിലീസ് കൊടുത്താലേ വിസ കിട്ടൂ....എല്ലാവരും അയാളെ കൈവിട്ടു..അങ്ങനെയാണ് ലേബര്‍ ചെക്കിങ്ങിനു സാധ്യത കുറഞ്ഞ ഈ സൈറ്റിലേക്ക് അയാളെ കൊണ്ടുവരുന്നത്‌.....മാനേജര്‍ കുറെ വിലക്കിയതാണ്...റിസ്ക്‌ ആയിരുന്നിട്ടു കൂടി അയാളുടെ ഉത്തരവാദിത്തം മുഴുവന്‍ ഞാന്‍ ഏറ്റെടുത്തു....
അങ്ങിനെയാണ് തമാംഗിനു ഞാന്‍ ദൈവമാവുന്നത്....

ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചു മമ്ത വേഗം സുഖം പ്രാപിക്കണേ എന്ന്.....ഇളം കാറ്റുവീശുന്ന സിവാലിക് താഴ്വരകളിലൂടെ ആ പൂമ്പാറ്റഎന്നും പാറിപ്പറക്കണമെന്നു തന്നെയാവില്ലേ ദൈവത്തിന്റെയും ഇഷ്ടം??

പിറ്റേ ദിവസം സൈറ്റിലെത്തിയപ്പോള്‍ തമാംഗിനെ കണ്ടില്ല.....ഹരിയോട് തിരക്കി...അയാള്‍ അവിടത്തെ മറ്റൊരു സെക്യൂരിറ്റിയാണ്....''ഇന്നലെ രാത്രി മുഴുവന്‍ ഭ്രാന്ത് പിടിച്ച പോലെ ഇവിടെ അലഞ്ഞു നടക്കുകയായിരുന്നു സര്‍ ...ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല....പോയി കിടന്നുറങ്ങാന്‍ ഞാന്‍ പറഞ്ഞതാണ്....കേട്ടില്ല ‍....''..ഹരിയും അമ്പരപ്പിലായിരുന്നു....
ഒന്നു ഞെട്ടി...അപ്പോള്‍??!!...
''മകള്‍ ഹോസ്പിറ്റലിലാണെന്ന് എന്നോട് പറഞ്ഞിരുന്നു...പിന്നെ എന്തായെന്നറിയില്ല..''
ഞാന്‍ തമാംഗിനെക്കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു....മകളുടെ അസുഖ വിവരം അയാള്‍ ഇന്നലെ രാവിലെ തന്നെ അറിഞ്ഞു കാണും..എന്നിട്ടും ആ കണ്ടൈനറിലെ മുഴുവന്‍ പെട്ടികളും ആയാളൊറ്റക്കാണ് അണ്‍ലോഡ്  ചെയ്തത്...
ആ കണ്ടൈനര്‍ വളരെ അത്യാവശ്യമായി തിരിച്ചയക്കേണ്ടതാണെന്ന്  ഞാന്‍ പറഞ്ഞത്കൊണ്ടാവണം.........

ഞങ്ങള്‍ കാറില്‍ കയറി സൈറ്റില്‍ എല്ലായിടത്തും തിരഞ്ഞു....
എനിക്കെന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമായത് പോലെ തോന്നി....

                                                          പുതിയ ഫാക്ടറിക്കായി കൊണ്ടുവന്ന കൂറ്റന്‍ സ്റ്റീല്‍ ബീമുകള്‍ക്കിടയില്‍ നിന്നാണ് ഞങ്ങള്‍ക്ക് തമാംഗിന്റെ ബോഡി കിട്ടിയത്....മണലില്‍ പരന്നൊഴുകിയ ചോരയ്ക്ക് കട്ടിയുള്ള കറുത്ത നിറമായിരുന്നു..മൂര്‍ച്ച കുറഞ്ഞ ആക്സോ ബ്ലേഡ് കൊണ്ടാവണം ഞരമ്പ്‌ മുറിച്ചത്....ആകെ വികൃതമായ ഇടതു കൈത്തണ്ടയില്‍ നിറയെ ചോരയില്‍ കുതിര്‍ന്ന മണല്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.......
എനിക്കധികനേരം ആ കാഴ്ച കണ്ടു നില്ക്കാന്‍ കഴിഞ്ഞില്ല.....ബോധം മറയുന്നത് പോലെ തോന്നി..ഹരി താങ്ങിയില്ലായിരുന്നെങ്കില്‍ ആ വീഴ്ചയില്‍ എന്റെ തല താഴത്തെ സ്റ്റീല്‍ ബീമില്‍ ചെന്നിടിക്കുമായിരുന്നു.....
ഏറെ നേരം വേണ്ടിവന്നു പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാന്‍...

അപ്പോഴേക്കും പോലീസ് എത്തി.....ഹരി ഫോണ്‍ ചെയ്തതാണ്..ഞങ്ങളെ കുറെ ചോദ്യം ചെയ്തു.....
തമാങ്ങിനെ അറിയുക പോലുമില്ലെന്ന് പറയേണ്ടി വന്നു.......ഇല്ലെങ്കില്‍ ഞങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും...
ആളൊഴിഞ്ഞ വര്‍ക്ക്‌ സൈറ്റിലേക്ക് അതിക്രമിച്ചു കയറി താമസിച്ച നേപ്പാളിയെപ്പറ്റി ഹരി അറബിപ്പോലീസിനോട് വിവരിക്കുന്നത് നിര്‍വികാരതയോടെ കേട്ടിരുന്നു....
തമാംഗിന്റെ പോക്കറ്റില്‍ നിന്നും  ചില്ല് പൊട്ടിയ മൊബൈല്‍ ഫോണും നിറം മങ്ങിയ പേഴ്സും പോലീസ് പുറത്തെടുത്തു...അതില്‍ അവസാനം വന്ന കോളിലേക്ക് തിരിച്ചു വിളിക്കാന്‍ എന്നോടാണവര്‍ പറഞ്ഞത്....
കാള്‍ അറ്റന്‍ഡ് ചെയ്തയാള്‍ ഫോണ്‍ വേറാര്‍ക്കോ കൈമാറി.....
അയാള്‍ പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്...മമ്ത ഇന്നലെ വൈകീട്ട് മരിച്ചത്രെ..!!!
ഊഹിച്ചത് ശരിയായിരിക്കുന്നു...!!
തമാംഗിന്റെ ബോഡി സ്വീകരിക്കാന്‍ അവിടെ ആരുമില്ലത്രേ......ആദ്യം സുഹൃത്താണെന്നു പറഞ്ഞയാള്‍ മരണ വാര്‍ത്ത കേട്ടതോടെ തമാങ്ങിനെ ചെറിയ പരിചയമേ ഉണ്ടായിരുന്നുള്ളുവെന്ന് തിരുത്തി.....
പാവം.... പിറന്ന നാടിനു പോലും അന്യന്‍ തന്നെ...

ശ്മശാനത്തിലേക്ക് ബോഡി കൊണ്ടുപോകാനായി ആംബുലന്‍സ് എത്തുമ്പോഴും തമാംഗിന്റെ ഫോണിലേക്ക് കൂടുതല്‍ വിളികള്‍ വന്നിരുന്നില്ല.....
എന്തിനെന്നറിയില്ല... പോലീസുകാര്‍ കാണാതെ മേശപ്പുറത്തുള്ള തമാംഗിന്റെ പേഴ്സില്‍ നിന്നും അയാളുടെ പ്രിയ്യപ്പെട്ട മകളുടെ ഫോട്ടോ എടുത്ത്  പോക്കറ്റിലേക്കിടുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു........
ആ നിറം മങ്ങിത്തുടങ്ങിയ കളര്‍ ഫോട്ടോയിലെ നിഷ്കളങ്കയായ പെണ്‍കുട്ടി എനിക്കും ആരൊക്കയോ ആയിരുന്നു...

ആംബുലന്‍സ് സ്റ്റാര്‍ട്ട്‌ ചെയ്തപ്പോഴാണ്  ജോര്‍ദാനിയായ പോലീസുകാരന്‍ മറ്റുള്ളവര്‍ കാണാതെ എന്റെ അടുത്തേക്ക്‌ വന്നത്........
അയാള്‍ എന്റെ ചെവിയില്‍ അറബിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു..
''നിങ്ങളുടെ കമ്പനി അനധികൃതമായി ജോലിക്ക് വച്ച ആളാണ്‌ ഇതെന്ന് എനിക്കറിയാം.....അയാളിവിടെ കിടന്നു മരിച്ചപ്പോള്‍ നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ വേണ്ടി അയാളെ അറിയില്ലെന്ന് നിങ്ങള്‍ പറയുന്നു......നിങ്ങളുടെ അടിമയായി ആ പാവത്തിനെ നിങ്ങള്‍ക്ക് വേണം.......കൂടുതല്‍ പറയുന്നില്ല......അള്ളാഹു എല്ലാം കാണുന്നുണ്ട്........മനുഷ്യരാവാന്‍ ശ്രമിക്കൂ..............!!.''

അപ്പോഴാ മരുഭൂമിയിലൂടെ താഴ്ന്നു വീശിയ ചുടുകാറ്റ്  കണ്ണില്‍ ഊറിക്കൂടിയ നനവിനെ മറച്ചു..

                                              തമാംഗിന്റെ മരണം കമ്പനിയില്‍ ഒരു വാര്‍ത്തയേ ആയിരുന്നില്ല.... കാരണം അയാള്‍ അവിടത്തെ ആരുമല്ലായിരുന്നല്ലോ.......എങ്കിലും പിറ്റേ ദിവസം ഹെഡ് ഓഫീസില്‍ വച്ച്  കമ്പനി സി.ഇ.ഓ അലക്ഷ്യമായ മട്ടില്‍ തമാംഗിനെ കുറിച്ച് ചോദിച്ചു ......അയാളുടെ ബോഡി അവിടെ നിന്നും മാറ്റിയോ എന്ന്....
പക്ഷെ അദ്ദേഹം കൂടുതല്‍ വ്യാകുലപ്പെട്ടത് ആ കണ്ടൈനര്‍ അണ്‍ലോഡ്  ചെയ്യുന്നതിനിടെ തമാംഗിന്റെ കയ്യില്‍ നിന്നും വീണു പൊട്ടിയ വിലപിടിപ്പുള്ള ആന്റിക് ഫ്ലവര്‍വേസിനെ കുറിച്ചായിരുന്നു....
ഫാക്ടറിക്കു വേണ്ടി യന്ത്രഭാഗങ്ങള്‍ വാങ്ങിച്ച കമ്പനിയില്‍ നിന്നും അയാള്‍ക്ക്‌ കോംപ്ലിമെന്റ് ആയി അയച്ചുകൊടുത്തതായിരുന്നത്രേ അത്....!!!

കാബിന്‍ വിട്ടു തിരിച്ചു പോരുമ്പോള്‍ ആ അറബി പോലീസുകാരന്‍ പറഞ്ഞ വാക്കുകളായിരുന്നു ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നത്...
അല്ലെങ്കിലും ആര്‍ക്കും വേണ്ടാത്ത ഒരു നേപ്പാളിയുടെ കഥയ്ക്ക് ആരു ചെവിയോര്‍ക്കാന്‍.‍.....

31 comments:

കുറ്റക്കാരന്‍ said...

മമ്തയും, തമാംഗം മനസില്‍ ഒരു വിങ്ങലായി...

ആ കുഞ്ഞിന്റെ ഫോട്ടൊ കയ്യില്‍ ഉണ്ടെങ്കില്‍ വയനക്കര്‍ക്കായി പ്രസിദ്ധീകരിക്കന്‍ അപേക്ഷിക്കുന്നു.

രഞ്ജിത് വിശ്വം I ranji said...

മുരളീ ഇത് അനുഭവം തന്നെയെന്നു കരുതുന്നു.. അനുഭവത്തില്‍ നിന്നുള്ള എഴുത്തിനേ ഹ്രുദയത്തെ ഇത്രമേല്‍ സ്പര്‍ശിക്കാന്‍ കഴിയൂ..
കഥ ഇഷ്ടമായി.

മുരളി I Murali Mudra said...

പ്രവാസ ജീവിതത്തിനിടയില്‍ എന്നും കണ്ടു മുട്ടുന്നവരാണ് നേപ്പാളികള്‍.............ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒരു പാട് അസ്സോസ്സിയേഷനുകളും മറ്റു കൂട്ടായ്മകളും ഉള്ളപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പലപ്പോഴും കഷ്ടതയനുഭവിക്കുന്നവരാന് നേപ്പാളികള്‍.....നമ്മള്‍ വിസതട്ടിപ്പിനിരയായ മലയാളികളുടെ കഥകള്‍ ഒരു പാട് കേട്ടു..എന്നാല്‍ ലേബര്‍ ജോലിക്കായി വരുന്ന പല നേപ്പാളികളും അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ ഏജന്റിനു കൊടുത്താണ് ഇവിടെയെത്തുന്നത്...പലരും തുച്ചമായ ശമ്പളവുമായി വെറും ഉണക്ക കുബ്ബൂസും കഴിച്ചു ജീവിക്കുന്നു....ചിലര്‍ തമാങ്ങിനെ പോലെ ചവറു പെറുക്കികളായി ജീവിക്കുന്നു........

തമാങ്ങും മംതയുമൊക്കെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ തന്നെ....അയാളുടെ മരണം കഥയിലേതുപോലെ ആയിരുന്നില്ലെന്ന് മാത്രം..........

bhoolokajalakam said...

good one ......

bhoolokajalakam said...

good one ......

Anil cheleri kumaran said...

പാവം തമാംഗ്.. കണ്ണു നനയിച്ചല്ലോ..

ഹരിദാസ്‌ ചെമ്മാട് said...

ഹൃദയസ്പര്‍ശിയായ കഥ...
വല്ലാതെ മനസ്സിനെ മുറിവേല്‍പ്പിച്ചു..
ഞാനും പലപ്പോഴും ചിന്തിചിട്ടുല്ലതാണ് നേപ്പാളികളെ പറ്റി..
അവരാണ് ഇന്ന് ഗള്‍ഫില്‍ ഏറ്റവും വിഷമമനുഭവിക്കുന്നവര്‍..
തമാങ്ങിനെ പോലുള്ള ഒരു പാട് പേരെ എനിക്കുമറിയാം.........
ഇനിയുമെഴുതണം..ഇതുപോലെ..

ash said...

വായിച്ചപ്പോള്‍ വലിയ സങ്കടമായിട്ടോ... നല്ല അവതരണം... ആശംസകള്‍

കാട്ടിപ്പരുത്തി said...

ശരിക്കും കണ്‍‌തുറക്കേണ്ട കാര്യങ്ങള്‍-

കാട്ടിപ്പരുത്തി said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

തനി നൊമ്പരത്തിന്റെ കഥയാണല്ലോ...

മുരളി I Murali Mudra said...

വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

മുരളീ നീ പറഞ്ഞ കഥ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു ... എത്രയോ തമാങ്ങുമാര്‍ നാം നിത്യവും കാണുന്നു . ഗള്‍ഫിന്റെ മായിക ലോകം കാട്ടി വ്യാമോഹിപ്പിച്ചു , എജന്റ്സ് ചതിച്ചു കൊണ്ട് വരുന്ന മലയാളികളുടെ എണ്ണം കുറെ കുറഞ്ഞിട്ടുണ്ട് . ഇപ്പോള്‍ ഈ പാവങ്ങളാണ് അവരുടെ ഇര .

മാസം നാന്നൂറ് റിയാലിന് വേണ്ടി ലക്ഷങ്ങള്‍ കൊടുത്തു ... കുളിരൂറുന്ന മനോഹരമായ നാട്ടില്‍ നിന്നും ഈ പൊരിവെയിലത്ത് വന്നു കഷ്ടപ്പെടുന്നവര്‍ ..

എല്ലാം മറന്നൊന്നുറങ്ങാന്‍ മദ്യം വാങ്ങാനുള്ള കാശില്ലാതെ LUMA എന്ന ടൊയിലട്ട് ക്ലീനെര്‍ വാങ്ങി കുടിച്ചു ആരോഗ്യവും ജീവിതവും കളയുന്നവര്‍ ...

കോട്ടയ്കന്‍ said...

ഓരോ നേര്‍കാഴ്ചകളും പലപ്പോഴും പ്രവാസിയില്‍ ഒരു വിങ്ങലുകളുണ്ടാക്കിയാണു ദിവസവും കടന്നു പോവുന്നതു്‌
ആതിനിടയിലിതൂടിയാപ്പോള്‍ .....
കഥയാണങ്കിലും അല്ലായെങ്കിലും വിട്ടുമറാത്ത ഒരു വിങ്ങല്‍ പിന്തുടരുന്നപോലെ......

ബിന്ദു കെ പി said...

ഹൃദയസ്പർശിയായ കഥ....

Jenshia said...

നല്ല കഥ...ഇഷ്ടപ്പെട്ടു....

ഭൂതത്താന്‍ said...

"അപ്പോഴാ മരുഭൂമിയിലൂടെ താഴ്ന്നു വീശിയ ചുടുകാറ്റ് കണ്ണില്‍ ഊറിക്കൂടിയ നനവിനെ മറച്ചു.." മനസ്സിലെ നനവ് ബാക്കി ആയല്ലോ .....മാഷേ ...

ശ്രീ said...

നന്നായിട്ടുണ്ട്, കഥ.

രാജീവ്‌ .എ . കുറുപ്പ് said...

.അള്ളാഹു എല്ലാം കാണുന്നുണ്ട്........മനുഷ്യരാവാന്‍ ശ്രമിക്കൂ..............!!.''


മുരളി മനോഹരമമായ എഴുത്ത്, മനസ്സില്‍ നന്മയുണ്ടല്ലോ അത് മതി,
ഒന്നും മനപൂര്‍വ്വം അല്ല, എല്ലാം സംഭവിക്കുന്നതാണ്. അതില്‍ ചിലപ്പോള്‍ ഒക്കെ നമ്മള്‍ നിസഹായരായി നില്‍ക്കാനേ കഴിയൂ.
എഴുത്തിലെ ഓരോ വരികളും കണ്ണ് നിറയിച്ചു,
(കരയിച്ചപ്പോള്‍ സമാധാനം ആയല്ലോ)

Anonymous said...

വായിച്ചു കഴിഞ്ഞപ്പോള്‍ തമാങ്ങിനെ കണ്ട ഒരു പ്രതീതി....
ഹൃദയസ്പര്‍ശിയായ അവതരണം.....

മുരളി ...കലക്കിട്ടുണ്ട് ട്ടോ....

Sukanya said...

വല്ലാത്ത വേദന ഉണ്ടാക്കി. പാവം നേപ്പാളികളുടെ വേദന ആര് കാണാന്‍?

മുരളി I Murali Mudra said...

@ശാരദനിലാവ്‌ : സത്യമാണ് .......പഴയ മലയാളികളുടെ സ്ഥാനത്ത്‌ ഇപ്പോള്‍ നേപ്പാളികളാണ് ഇവിടെ ചതിക്കപ്പെടുന്നത്....കണ്ടു മുട്ടുന്ന മിക്ക നേപ്പാളികളുടെയും കഥകള്‍ ഏതാണ്ട് സമം തന്നെ...
അവരുടെ ശമ്പളം വളരെ വളരെ തുച്ഛം മാത്രം..
പിന്നെ പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട് എന്റെ വര്‍ക്ക്‌ സൈറ്റിന്റെ ഒഴിഞ്ഞ കോണുകളില്‍ ഈ പറഞ്ഞ ടോയിലെട്ടു ക്ലീനരിന്റെ ഒഴിഞ്ഞ കുപ്പികള്‍....
ജീവിതം നഷ്ടപ്പെടുത്തി അവരിത് വാങ്ങിക്കഴിക്കുന്നത് അതിനു വേണ്ടി ത്തന്നെ ......എല്ലാം മറന്നൊന്നുറങ്ങാന്‍...

മുരളി I Murali Mudra said...
This comment has been removed by the author.
മുരളി I Murali Mudra said...

@ഷാഹുല്‍ : ഒരാള്‍ പ്രവാസിയാകുമ്പോള്‍ അയാള്‍ കണ്ണ് തുറന്നു ചുറ്റും നോക്കാന്‍ കൂടി പഠിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്....നന്ദി..മനസ്സേറ്റിയതിന്....
@ബിന്ദുചേച്ചി : കഥ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..
@ജെന്ഷിയ : നന്ദി...വീണ്ടും വരണം..
@ഭൂതകുളത്താന്‍ : മനസ്സില്‍ ഒരു ചെറിയ നനവ് വന്നുവെങ്കില്‍......നന്ദി..
@ ശ്രീ : നന്ദി വീണ്ടും വരിക..
@ കുറുപ്പ് : നിസ്സഹായനായി ഇരിക്കാനേ പലപ്പോഴും കഴിയാരുള്ളൂ....സത്യം..
കരയിപ്പിച്ചത് ഞാനല്ലലോ...മനസ്സിലെ നന്മയല്ലേ?? :) :) :)
@ കൊച്ചു....നന്ദി മച്ചൂ....
@ സുകന്യ. : നേപ്പാളികളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് തമാംങും മമതയും തന്നെ.....
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..

Anonymous said...

kdh

Sureshkumar Punjhayil said...

Ippozum jeevikkunna oror thamangumarkkum...!

Manoharam, ashamsakal...!!!

കുക്കു.. said...

നല്ല വിവരണം...
.വായിച്ചിട്ട് വിഷമം ആയി!

Anonymous said...

മുരളീ....ഹൃദയത്തില്‍ വല്ലാത്തൊരു വിങ്ങല്‍.....മമ്ത മനസ്സില്‍ മായാതെ നില്‍ക്കുന്നു..... തുടരുക..കഥകളിനിയും....

Unknown said...

വല്ലാത്ത ഒരു വിഷമം ആയി

മുരളി I Murali Mudra said...

suresh kumar,kukku,bijli,naseer
thanks for your comments...

Undefined said...

thamang..manasil ninnum povunnilla..ullinte ullilevideyo oru vingalayyi mamthayum thamangum jeevikkumbol....jeevikkan oru kachithurumenkilum venam ennu ente suhruthu neduveerpidunathinte ardham enikku manasilayii....thamanginu nashtapettathu allenkil thamnginte nashtapeduthiyathum naam ororutharum thedunnathum..