19 October 2009

എലിമിനേഷന്‍ റൌണ്ട് - ആതിര, ഏജ് ഫോര്‍ട്ടീന്‍


പാട്ടു പാടി കഴിഞ്ഞപ്പോള്‍ ആതിര ആദ്യം നോക്കിയത് അമ്മയുടെ മുഖത്തേക്കു തന്നെയായിരുന്നു.ഇടെയ്ക്കെവിടെയോക്കയോ വച്ച് പിഴച്ചുപോയ ശ്രുതിയും തെറ്റിപ്പോയ ഡാന്‍സ് സ്റ്റെപ്പുകളുമെല്ലാം അവളുടെ മനസ്സിനെ വ്യാകുലപ്പെടുത്തുന്നുണ്ടായിരുന്നു.അടുത്തത്  എലിമിനേഷന്‍ റൌണ്ടാണ്...ഈ പാട്ട് കൂടി ശരിയായില്ലെങ്കില്‍ പുറത്താവുമെന്ന് ഉറപ്പ്‌..... അമ്മയുടെ മുഖത്ത്‌ അല്‍പ്പം പോലും തെളിച്ചമില്ല...അവള്‍ ആധിയോടെ ജഡ്ജസിനെ നോക്കി....

''ആതിര നന്നായി പാടി എന്ന് തോന്നുന്നുണ്ടോ ??''

ഒരുപാടു തവണ കേട്ട ചോദ്യമായതുകൊണ്ട് എന്ത് മറുപടിയാണ് പറയേണ്ടതെന്നവള്‍ ചിന്തിക്കുകയായിരുന്നു.ഇന്ന് നല്ലവണ്ണം കരയാനാണ് ഡയറക്ടര്‍ പറഞ്ഞിരിക്കുന്നത്.മുന്‍പൊക്കെ എങ്ങിനെയാണ് പെട്ടന്ന് കരയുക എന്ന് ഒരുപാടു ആലോചിച്ചിട്ടുണ്ട്.പക്ഷെ എസ് എം എസ് കുറയുമ്പോള്‍ നന്നായി കരയണമെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം..

അവളുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങി...

''ആതിര നല്ല കഴിവുള്ള കുട്ടിയാണ്...പക്ഷെ ഇന്ന് ആതിരയുടെ ദിവസമല്ല എന്ന് തോന്നുന്നു....യു കുഡ് ഹാവ് ഡണ്‍ എ ബെറ്റര്‍ ജോബ്‌'''...പലയിടങ്ങളിലും ശ്രുതി പോയി.....ഡാന്‍സേഴ്സുമായുള്ള........... ''

കൂടുതലൊന്നും അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല സ്റ്റേജിലെ കടുത്ത വെളിച്ചത്തില്‍പ്പോലും തീര്‍ത്തും അന്ധയായ പോലെ അവള്‍ക്കു തോന്നി...കണ്മുന്നില്‍ തന്നെത്തന്നെ തുറിച്ചു നോക്കുന്ന ഒരുപാടു തീഷ്ണമായ കണ്ണുകള്‍ക്ക്‌ മുന്നില്‍ ഉരുകിയൊലിക്കുന്ന ദേഹവുമായി അല്‍പ്പം വെള്ളത്തിനായി അവള്‍ കേണു.. ആണികളായി തലച്ചോറിലേക്ക്  ആഴ്നിറങ്ങിയ വാക്കുകള്‍ പറഞ്ഞുതീരും മുന്‍പേ തന്നെ തന്റെ ബോധം മറയുന്നതായി അവള്‍ക്കു തോന്നിയിരുന്നു.കയ്യില്‍ നിന്നും ഊര്‍ന്നുപോയ മൈക്ക് താഴെവീണ് ഓഡിറ്റോറിയത്തില്‍ ഭീകര ശബ്ദത്തിന്റെ പ്രതിധ്വനികള്‍ തീര്‍ത്തതറിയാതെ അടഞ്ഞു പോയ കണ്ണുകളുമായി ബോധശൂന്യയായി അവളാ നിലത്തേക്കു വീണു....

ആതിര തലകറങ്ങി സ്റ്റേജില്‍ വീണപ്പോഴും ഡയറക്ടര്‍ കട്ട്‌ പറഞ്ഞിരുന്നില്ല.പഠിപ്പിച്ചു കൊടുത്തതിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്ത കണ്ടസ്റ്റന്റിന്റെ മിടുക്കില്‍ അയാള്‍ക്കു അഭിമാനം തോന്നി.ഉല്‍കണ്ഠയോടെ നോക്കുന്ന ജഡ്ജസിന്റെ മുഖഭാവങ്ങള്‍ പകര്‍ത്തുന്ന ക്യാമറമാനോട് ഇടയ്കിടെ കാണികളുടെ ഇടയിലേക്കും ക്യാമറ തിരിച്ചു വയ്ക്കാന്‍ അയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.സ്റ്റേജിലേക്കോടിയെത്തിയ മറ്റു കണ്ടസ്റ്റന്റുകളും തങ്ങളുടെ മുഖത്തിന്റെ ഏറ്റവും നല്ല ആംഗിള്‍ കാമറയ്ക്ക് കിട്ടാനായി മത്സരിച്ചു.ആതിരയെ സ്റ്റേജില്‍ നിന്നെടുത്തുമാറ്റിയിട്ടും  ആങ്കറുടെ ദുഃഖം കലര്‍ന്ന ശബ്ദം ആ ഓഡിറ്റോറിയത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു.അവളുടെ കഴിഞ്ഞ ചില പെര്‍ഫോമന്സുകള്‍ ഓര്‍ത്തെടുത്ത ജഡ്ജസ് ആ പ്രോഗ്രാമിലെ ഏറ്റവും നിഷ്കളങ്കയായ കുട്ടിയാണ് അവളെന്നും ക്യാമറയ്ക്കുമുന്‍പില്‍ ഓര്‍മ്മപ്പെടുത്തി.....

                   നേരമേറെക്കഴിഞ്ഞാണ് ആതിരയ്ക്ക് ബോധം തിരിച്ചു കിട്ടിയത്..മറ്റു കുട്ടികളെല്ലാം അവളെ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു.. മോശമായ ഒരു പെര്‍ഫോമന്‍സിനു ശേഷവും എല്ലാവരുടെയും ശ്രദ്ധയും സഹതാപവും പിടിച്ച് പറ്റിയ അഭിനയത്തിന് അവളെ അഭിനന്ദിക്കാനും ചിലര്‍ മടിച്ചില്ല.ഷോയുടെ പരസ്യത്തില്‍ കാണിക്കാന്‍ ചില നല്ല മൊമെന്റ്സ്‌ കിട്ടിയ സന്തോഷത്തിലായിരുന്ന ഡയറക്ടര്‍ അമ്മയോട് അതു പ്രകടിപ്പിക്കുകയും ചെയ്തു..

                   അമ്മയുടെ മുഖത്തപ്പോഴും സന്തോഷമുണ്ടായിരുന്നില്ല മകള്‍ക്ക് കിട്ടിയ എസ് എം എസ്സുകളുടെ ശതമാനം വളരെ കുറവാണെന്ന് അവര്‍ ഡയറക്ടറുടെ അടുത്ത്‌ നിന്നും മനസ്സിലാക്കിയിരുന്നു. മകളെ എലിമിനേഷന്‍ റൌണ്ടില്‍ നിന്നും രക്ഷിക്കാന്‍ വേണ്ട എസ് എം എസ്സുകള്‍ വാങ്ങിക്കാനുള്ള പണം ബാങ്ക് അക്കൌണ്ടിലെ കുറഞ്ഞു വരുന്ന  അക്കങ്ങള്‍ കൊണ്ട് മതിയാകില്ലെന്ന തിരിച്ചറിവ് അവരുടെ ചിന്തകളെ തീ പിടിപ്പിച്ചു..അവരുടെ മൊബൈലില്‍ നിന്നും നിര്‍ത്താതെ ഫോണ്‍ കാളുകള്‍ പൊയ്ക്കൊണ്ടിരുന്നു.. അടുത്ത ദിവസത്തെ ജീവന്മരണ പോരാട്ടത്തിനു വേണ്ടി ഓടിനടക്കുകയായിരുന്ന അച്ഛനും ഏകമകള്‍ തന്നെ പറ്റി ഓര്‍ത്തുകൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നില്ല.....

                 തിരിച്ചു വീട്ടിലെത്തിയപ്പോഴും ആതിരയുടെ മനസ്സ് നിറയെ എലിമിനേഷന്‍ റൌണ്ട് തന്നെയായിരുന്നു.വിട പറയുമ്പോള്‍ പാടാനുള്ള ശോകഗാനം പാടി പഠിക്കുന്നതിനിടെ  അവള്‍ പലപ്പോഴും കരഞ്ഞു.എന്തിനാണ് കരയുന്നതെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു.പാട്ട് കൂടുതല്‍ കൂടുതല്‍ കേള്‍ക്കുന്തോറും  താനീ ലോകത്ത് ഒറ്റപ്പെടുന്നത് പോലെ അവള്‍ക്ക് തോന്നി.... അമ്മ പലപ്പോഴും വന്നു മകളുടെ പ്രാക്ടീസ് നോക്കുന്നുണ്ടായിരുന്നു.. ശബ്ദത്തില്‍ ഏറ്റവുമധികം ശോകം വരുത്താന്‍ ഗുരു ഉപദേശിച്ച കാര്യം അവര്‍ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു .....

                  അമ്മ ക്ലബ്ബിലേക്ക് പോയപ്പോഴാണ് അവള്‍ തന്റെ റൂമിന്റെ വാതില്‍ കൊട്ടിയടച്ചു കിടക്കയില്‍ വീണു വീണ്ടും  കരഞ്ഞത്..കുട്ടിക്കാലത്ത്‌ നാട്ടിലെ കുളത്തില്‍ മുങ്ങാം കുഴിയിട്ടത് അവള്‍ കഷ്ടപ്പെട്ട് ഓര്‍മിച്ചെടുത്തു...തന്റെ പഴയ കൂട്ടുകാരുടെ മുഖങ്ങളൊന്നും മനസ്സിലേക്ക് വരുന്നില്ലെന്നവള്‍ പേടിയോടെ തിരിച്ചറിഞ്ഞു......പാഠപുസ്തകങ്ങളും സംഗീതോപകരണങ്ങളുമെല്ലാം തലയ്ക്കു ചുറ്റും  നൃത്തം ചെയ്തുതുടങ്ങിയപ്പോള്‍  ബലമായി കണ്‍പോളകള്‍ തുറന്നുകൊണ്ടവള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു .....മുറിക്കകത്ത് പെട്ടുപോയ ഒരു കുഞ്ഞു പൂമ്പാറ്റ പുറത്തെ വെളിച്ചം കണ്ടു ജാലകച്ചില്ലില്‍ ചെന്നിടിക്കുന്നവള്‍ കണ്ടു....അവള്‍ മെല്ലെ എണീറ്റ്‌ ജനലിനരികിലേക്കു ചെന്നു....പിന്നെയും  നിറയുന്ന കണ്ണുകള്‍ തുടച്ചു കൊണ്ട്  ജനല്‍ പോളകള്‍ തുറന്നു അവളാ പൂമ്പാറ്റയെ പുറത്തേക്ക് വിട്ടു...റിയാലിറ്റി ഷോയുടെ കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ കേട്ട് ബധിരമായിത്തുടങ്ങിയ ചെവികള്‍  ജാലകത്തിന് പുറത്തേക്ക് തുറന്നു വച്ചു നോക്കി... ...കാറ്റിന്റെ ശബ്ദം പോലും കേള്‍ക്കാതായപ്പോള്‍ അലറിക്കരഞ്ഞു കൊണ്ട്  തിരിച്ചോടി....പുതപ്പു കൊണ്ട് ദേഹം മുഴുവന്‍ മൂടി തലയിണയെ കെട്ടിപ്പിടിച്ചു കൊണ്ടവള്‍ മുറിയിലാകെ പകച്ചു നോക്കി......ബെഡ് ഷീറ്റില്‍ പ്രിന്റ്‌ ചെയ്ത ചിത്രങ്ങളിലെ പേരറിയാത്ത ജീവികള്‍ അവളെ നോക്കി പല്ലിളിച്ചു കാട്ടിക്കൊണ്ടിരുന്നു........ആസന്നമായ വിടപറയലിന് ഒരുങ്ങുവാന്‍ അകലങ്ങളില്‍ നിന്നാരോ വിളിച്ചു പറയുന്നതവള്‍ കേട്ടു.. അച്ഛനും അമ്മയും താനും മാത്രമുള്ള ഒരു ലോകം മാഞ്ഞു പോകുകയാണെന്ന് അവള്‍ക്ക് തോന്നി.. വിടപറയല്‍ ഗാനത്തിന്റെ ശോക ശീലുകള്‍ അപ്പോഴും ആ മുറിയില്‍ അലയടിക്കുന്നുണ്ടായിരുന്നു...ഒരു നിമിഷത്തിന്റെ ഉന്മാദത്തില്‍ കയ്യില്‍ കിട്ടിയ തടിയന്‍ പുസ്തകമെടുത്ത് അവളാ മ്യൂസിക്‌ സിസ്റ്റത്തിലേക്കെറിഞ്ഞു...കാതിലൂടെ തുളച്ചു കയറുന്ന സംഗീതം അവസാനിച്ചില്ലെന്നു കണ്ടപ്പോള്‍ കയ്യിലെ തലയിണ വലിച്ചെറിഞ്ഞു കൊണ്ട് ഓടിച്ചെന്നു വിഭ്രാന്തിയോടെ ആ മ്യൂസിക്‌ സിസ്റ്റമെടുത്തു  തറയിലേക്കെറിഞ്ഞു ....ഒരുപാടു കഷണങ്ങളായി തറയില്‍ വീണു പൊട്ടിത്തകര്‍ന്ന് സംഗീതം നിലച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസത്തോടെയവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു....

                        നീളന്‍ ബെഡ് ഷീറ്റുമെടുത്ത് എലിമിനേഷന്റെ അവസാന സീനുകളിലേക്ക് അവള്‍ വലിഞ്ഞു കയറി.....അവളുടെ ചെവികളില്‍ കാണികളുടെ കയ്യടികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.....ക്യാമറകള്‍ പല ആംഗിളുകളില്‍ നിന്നും ഷൂട്ട്‌ ചെയ്തു...ഫ്ലാഷുകള്‍ മിന്നി..ക്ലോസ് അപ്പില്‍ പൊട്ടിക്കരയുന്ന അമ്മയുമച്ഛനും... ജഡ്ജസിന്റെ നിറഞ്ഞ കണ്ണുകള്‍....ലോങ്ങ്‌ ഷോട്ടില്‍ ബന്ധുക്കളുടെ തൂവാലകള്‍ നനഞ്ഞു കുതിര്‍ന്നു...ബാക്ക് ഗ്രൗണ്ടില്‍ ശോകാര്‍ദ്രമായ വിടപറയല്‍ സംഗീതം...കറക്കം നിലച്ച സീലിംഗ് ഫാനിന്റെ ചിറകുകള്‍ അപ്പോഴും ഒടിഞ്ഞു തന്നെ നിന്നു....

അകലെയെവിടെയോ നിന്നും വെളുത്ത വസ്ത്രം ധരിച്ച സെലിബ്രിറ്റി ജഡ്ജിന്റെ ദുഃഖസാന്ദ്രമായ ശബ്ദം ഒഴുകി വരുന്നുണ്ടായിരുന്നു....

''ആതിര, ഏജ് ഫോര്‍ട്ടീന്‍.......എലിമിനേറ്റഡ് ഫ്രം ദി ഷോ........''


(സമര്‍പ്പണം : റിയാലിറ്റി ഷോകളില്‍ ഹോമിക്കപ്പെടുന്ന ബാല്യ കൌമാരങ്ങള്‍ക്ക്‌.....)
.

9 October 2009

ചങ്ങലകളുടെ തത്വശാസ്ത്രം


തേങ്ങയ്ക്ക് വിലയുണ്ടായിരുന്ന കാലത്ത് ബൂര്‍ഷ്വാ മുതലാളിയായിരുന്നു തയ്യുള്ള പറമ്പില്‍ ശങ്കരന്‍ നായര്‍....
വില കുറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അയാളെ ശങ്കരേട്ടാ എന്ന് വിളിച്ചു പോന്നു....
ചിലപ്പോള്‍ തന്റെ തെങ്ങിന്‍ തോപ്പിലെ മണ്ടരി പിടിച്ച തെങ്ങുകളോട് സംസാരിക്കാറുണ്ടായിരുന്ന അയാളെ ചില വികൃതിപ്പിള്ളേര്‍ പ്രാന്തന്‍ നായര്‍ എന്നും വിളിച്ചു..
ഒരു തേങ്ങയ്ക്ക് എട്ടു രൂപ അമ്പതു പൈസ കിട്ടിക്കൊണ്ടിരുന്ന കാലത്തായിരുന്നു അയാളുടെ ഇളയ മകന്‍ സുരേഷിന്റെ ജനനം....വയലിനോട്‌ ചേര്‍ന്നുകിടക്കുന്ന തോപ്പില്‍ നിന്നും നട്ടുച്ച നേരത്ത് ഒരു കുല തേങ്ങ വെട്ടി അത് അന്ത്രുവിന്റെ പീടികയില്‍ കൊണ്ട് പോയി വിറ്റ് ആ പൈസക്ക്‌ സിഗരട്ട് വാങ്ങി വലിച്ചു കൊണ്ടാണ് സുരേഷ് വയസ്സറിയിച്ചത് ..... സുരേഷിന്റെ തല കണ്ട അന്നുമുതലാണ് തേങ്ങയുടെ വില കുറഞ്ഞു വരാന്‍ തുടങ്ങിയതെന്ന ചിന്തയായിരുന്നു അവനെ അസുരവിത്തായി കാണാന്‍ ശങ്കരന്‍ നായരെ പ്രേരിപ്പിച്ചത്...തികച്ചും ശാന്തനായ മനുഷ്യനായിരുന്നു ശങ്കരന്‍ നായര്‍........ തന്റെ തോപ്പില്‍ വിളയുന്ന തേങ്ങകളെ സ്വന്തം മക്കളെക്കാളേറെ അയാള്‍ സ്നേഹിച്ചു.....
അയാളുടെ ജീവിതം തേങ്ങയില്‍ തുടങ്ങി തേങ്ങയിലൂടെ മാത്രം പൊയ്ക്കൊണ്ടിരുന്നു.....
ബൂര്‍ഷ്വാ മുതലാളി അല്ലാതായതിനു ശേഷം ശങ്കരേട്ടനെ പാര്‍ട്ടിയിലെടുക്കാന്‍ സ്ഥലത്തെ ചുവപ്പന്മാരും അതിനു മുന്‍പേതന്നെ മറ്റുള്ളവരും ശ്രമിച്ചിരുന്നു..പക്ഷെ രാഷ്ട്രീയപരമായി ശങ്കരന്‍ നായര്‍ എന്ത് ചിന്തിക്കുന്നുവെന്നത് അയാളുടെ പ്രിയ്യപ്പെട്ട തെങ്ങുകള്‍ക്ക് പോലും അറിയാമായിരുന്നില്ല...തേങ്ങയ്ക്ക് വിലകുറയാന്‍ ആരൊക്കെ കാരണമായോ അവരെയെല്ലാം അയാള്‍ പരസ്യമായി ചീത്ത വിളിച്ചു....

തിരുവാതിര ഞാറ്റുവേല കഴിഞ്ഞ ഒരു വെള്ളിയാഴ്ചയാണ് ശങ്കരന്‍ നായരിലേക്ക് ആസിയാന്‍ കരാര്‍ കടന്നു വരുന്നത്............................
അപ്പോളയാള്‍ കണാരന്റെ ചായപ്പീടികയില്‍ തേങ്ങകളുടെ വിലയിടിവിനെപ്പറ്റി വചാലനാനാവുകയായിരുന്നു....അതിനിടെ സഖാവ് ഭാസ്കരനാണ് ആ ഞെട്ടിപ്പിക്കുന്ന പ്രസ്താവന നടത്തിയത്.....
''നായരേ.... ഇനി നിങ്ങക്കൊക്കെ തെങ്ങ് വെട്ടിക്കളഞ്ഞു വല്ല കുന്നിക്കുരുവും നടാം..ആസിയാനാ വരാമ്പോണത് ആസിയാന്‍...!!!''
''എന്ന് വച്ചാല്‍??''
''ഇനി തേങ്ങയും നെല്ലുമൊക്കെ ശ്രീലങ്കേന്നും മലേഷ്യെന്നും തായ്‌ലാണ്ടീന്നും ഒക്കെ കുറഞ്ഞ വിലക്ക് കിട്ടാന്‍ പോവുകയാ...ഇനി നിങ്ങളുടെ തേങ്ങയൊന്നും ആര്‍ക്കും വേണ്ടി വരില്ല...''
ശങ്കരന്‍ നായര്‍ക്ക് അതൊരു പുതിയ അറിവായിരുന്നു....മണ്ടരിക്കാലത്തിനു ശേഷം മറ്റൊരു മഹാ വിപത്ത് വരാന്‍ പോകുന്നു...!!!

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോഴെല്ലാം അയാളുടെ ഉള്ളില്‍ ഭാസ്കരന്റെ വാക്കുകളായിരുന്നു...ആസിയാന്‍..!!!!....ആസിയാന്‍ കരാര്‍ തന്നെയും തന്റെ കുടുംബത്തെയും വിഴുങ്ങാന്‍ പോകുന്നതായി അയാള്‍ക്കുതോന്നി....ഒരു കേരകര്‍ഷകന് തന്റെ തേങ്ങ വില്‍ക്കാനാകാത്ത ഒരു സമൂഹത്തെ പറ്റി അയാള്‍ക്ക്‌ ചിന്തിയ്ക്കാന്‍ പോലും കഴിയുമായിരുന്നില്ല.....കാലന്‍ കോഴികള്‍ കൂവിത്തളര്‍ന്ന രാത്രികളില്‍ കട്ടപിടിച്ച കൂരിരുട്ടു സ്വപ്നം കണ്ട് നിസ്സഹായതയോടെ അയാള്‍ ഞെട്ടിയുണര്‍ന്നു...!!
ദിനങ്ങള്‍ പോകെ താന്‍ ഭയപ്പെട്ടിരുന്നത് സത്യമാകുകയാണെന്നയാള്‍ക്ക് തോന്നിത്തുടങ്ങി.....പത്രങ്ങളായ പത്രങ്ങളിലൊക്കെ ആസിയാന്‍ മാത്രം....തേങ്ങയെക്കുറിച്ച് സകലമാന കാര്യങ്ങളും അറിയാമെന്ന് സ്വയം വിശ്വസിച്ചു പോന്ന അയാളുടെ മുന്നില്‍ ഒന്നും മനസ്സിലാവാത്ത ആസിയാന്‍ കരാര്‍ വലിയൊരു സമസ്യയായി വന്നു കൊഞ്ഞനം കുത്തി.......................

വീണ്ടും ആയാളോടിയെത്തിയത് സഖാവ് ഭാസ്കരന്റെ മുന്നിലായിരുന്നു....ഭാസ്കരനാണ് അയാളെ സതീശന്‍ മാഷിന്റെ മുന്നിലെത്തിച്ചത് .....പാരലല്‍ കോളേജ് മാഷായ സതീശന്‍ നാട്ടിലെ പ്രധാന സാമ്രാജ്യത്വവിരോധിയും ബുദ്ധിജീവിയുമായിരുന്നു..... പഠിപ്പുള്ള സതീശന്‍ മാഷിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ നാട്ടുകാരോടൊപ്പം അയാളും കാതുകള്‍ കൂര്‍പ്പിച്ചു....ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു സതീശന്‍ മാഷിനു എപ്പോഴും പറയാനുണ്ടായിരുന്നത്...അയാള്‍ അവര്‍ക്ക് ക്ലാസു‌കള്‍ നല്‍കി..നെല്‍വയല്‍ നികത്തിയുണ്ടാക്കിയ രണ്ടുനിലക്കെട്ടിടത്തിലെ വീതിയേറിയ മുറിയില്‍ ഒരുപാടു ബീഡികള്‍ എരിഞ്ഞു തീര്‍ന്നു....പാവപ്പെട്ടവന്റെ ജീവിതങ്ങള്‍ തുരന്നെടുക്കുന്ന പുത്തന്‍ പരിഷ്കാരങ്ങള്‍ നിശിതമായ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു അവിടെ.......

സാമ്രാജ്യത്വ ശക്തികളുടെ പുതിയ പുതിയ ചങ്ങലക്കെട്ടുകള്‍ തങ്ങളുടെ മേല്‍ മുറുകുന്നതിനെതിരെ സതീശന്‍ പാര്‍ട്ടി പത്രത്തിലെഴുതിയ എഴുതിയ ലേഖനം ശങ്കരന്‍ നായര്‍ ഒരുപാട് തവണ വായിച്ചു...ആ വായനയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അയാള്‍ ഓടിയത് പഞ്ചായത്ത് ലൈബ്രറിയിലേക്കായിരുന്നു.... ആളില്ലാത്ത വായനശാലയിലെ പ്രാവുകള്‍ കാഷ്ടിച്ചു വച്ച പൊട്ടിയ ബഞ്ചുകളില്‍ അയാള്‍ സ്ഥിരം ഇരിപ്പുകാരനായി... വായിക്കുന്തോറും അയാള്‍ക്ക്‌ തന്റെ യൌവനം തിരിച്ചു വരുന്നത് പോലെ തോന്നി...മറ്റാരും വായിച്ചു കേടാക്കിയിട്ടില്ലാത്ത തടിയന്‍ പുസ്തകങ്ങളിലൂടെ അയാള്‍ റഷ്യയിലേക്കും ക്യൂബയിലേക്കും പറന്നു...അയാള്‍ പുതിയൊരു ലോകത്തേക്കെത്തുകയായിരുന്നു...ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ കേട്ട് അയാളുടെ ചെവികള്‍ വിറയാര്‍ന്നു......... പണ്ട് താനീ വിപ്ലവങ്ങള്‍ക്കെല്ലാം എതിരായിരുന്നല്ലോ എന്ന ചിന്ത അയാളെ വല്ലാത്ത നഷ്ടബോധത്തിലാഴ്ത്തിക്കൊണ്ടിരുന്നു....പത്രങ്ങളില്‍ വരുന്ന മറ്റു വാര്‍ത്തകള്‍ അയാളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നില്ല ....ആസിയാന്‍ മാത്രമായിരുന്നു അയാള്‍ക്കു വേണ്ടിയിരുന്നത്....മണ്ടരിക്കാലത്തിനു ശേഷം പത്രങ്ങളായ പത്രങ്ങളിലെല്ലാം തേങ്ങ നിറഞ്ഞു നില്‍ക്കുന്നതില്‍ അയാള്‍ അതിഗൂഡമായി ആഹ്ലാദിച്ചു....ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ വിപ്ലവത്തിന്റെ വഴിയെ പോകണമെന്ന ചിന്തകള്‍ അയാളില്‍ പുത്തന്‍ ചിന്തകളുടെ മഹാപ്രവാഹങ്ങള്‍ തീര്‍ത്തു.................................

ബൂര്‍ഷ്വാ ശങ്കരന്‍ നായരുടെ പുതിയ മുഖം കവലയില്‍ വന്‍ വാര്‍ത്തയായി....തേങ്ങ ഉടയ്ക്കാതെ പൊന്നാടയണിയിച്ചുകൊണ്ടായിരുന്നു ശങ്കരേട്ടന്‍ ആദരിക്കപ്പെട്ടത്‌.........ശങ്കരേട്ടനെ നേര്‍വഴിയിലേക്ക് നയിച്ച സതീശന്‍ മാഷിനു പ്രത്യേക അഭിനന്ദനവും ഉണ്ടായിരുന്നു....എല്ലാ ചങ്ങലക്കെട്ടുകളും പൊട്ടിച്ചെറിഞ്ഞു കൊണ്ട് താന്‍ പുറത്തുവന്നിരിക്കുകയാണ് എന്നാണു ശങ്കരേട്ടന് തോന്നിയത്.....ചങ്ങലകളാണല്ലോ ഒരാളെ ഭ്രാന്തനാക്കുന്നത്.....

പക്ഷെ ശങ്കരന്‍ നായര്‍ ശരിക്കും ഞെട്ടിയത് രണ്ടാഴ്ച കൂടി കഴിഞ്ഞായിരുന്നു.... പത്രത്തിലെ വാര്‍ത്ത കണ്ടപ്പോള്‍......
ചങ്ങലകള്‍ തകര്‍ത്തെറിയാന്‍ പറഞ്ഞവര്‍ തന്നെ ചങ്ങലകള്‍ തീര്‍ക്കാന്‍ പറയുന്നു...!!!
തലച്ചോറിനു തീപ്പിടിച്ച ശങ്കരന്‍ നായര്‍ സതീശന്‍ മാഷിന്റെ അടുത്തേക്കോടി...
''അല്ല മാഷേ എന്താണിത്...???''
''ഈ ചങ്ങല ആസിയാനെന്ന മഹാഭൂതത്തെ തുരത്തുവാനുള്ളതാണ്....''
''നമ്മള്‍ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞവരല്ലേ..... ''
''അത് അടിമത്തത്തിന്റെ ചങ്ങലകളായിരുന്നു.....ഇത് മഹാശക്തിയുടെയും ഒരുമയുടെയും ചങ്ങല''.....
ശങ്കരന്‍ നായര്‍ തീര്‍ത്തും വിവശനായിരുന്നു.....ചങ്ങലകളുടെ തത്വശാസ്ത്രം അയാള്‍ക്ക്‌ എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല......
അയാള്‍ക്ക്‌ എല്ലാ ചങ്ങലകളും ഒന്ന് തന്നെയായിരുന്നു.....
പരിക്ഷീണിതനായാണ് അയാള്‍ സതീശന്‍ മാഷിന്റെ അടുത്തുനിന്നും മടങ്ങിയത്.....
വീട്ടിലെത്തിയപ്പോള്‍ സുരേഷ് അയാളെ കാത്തിരിപ്പുണ്ടായിരുന്നു...
''അല്ലാ...നിങ്ങള് മനുഷ്യചങ്ങലക്ക്‌ പോക്വാ??''
ശങ്കരന്‍ നായര്‍ മൂകനായിരുന്നു...
''ഇപ്പൊ തേങ്ങക്ക് എത്ര ഉറുപ്യ ഉണ്ട്??.... ഒന്നിന് മൂന്നുറുപ്യ ....ഇനീപ്പോ ആസിയാന്‍ കരാറ് വന്നാല്‍ എത്രയാകും?? മൂന്നുറുപ്യ തന്നെ... ചെലപ്പോ അമ്പതു പൈസ കുറയുമായിരിക്കും... രണ്ടര ഉറുപ്യ.....അതോണ്ട് നിങ്ങക്കെന്ത് പണ്ടാരാ കുറയാന്‍ പോണത്....''
ശങ്കരന്‍ നായര്‍ വിവശനായി....ഇത്രയും കാലം തേങ്ങകള്‍ക്കിടയില്‍ ജീവിച്ചിട്ടുംഎനിക്കിതൊന്നും മനസ്സിലായില്ലല്ലോ...
''ഞാനീ പാര്‍ട്ടി പരിപാടിക്ക് പോകുന്നത് എല്‍ ഐ സീയില്‍ ആളെ പിടിക്കാനാ അല്ലാതെ നിങ്ങളെപ്പോലെ എനിക്കു പ്രാന്തൊന്നുമില്ല.....''.............സുരേഷ് തുടര്‍ന്നു....
''നിങ്ങളുടെ തേങ്ങ കൊണ്ടൊന്നും ഇനിയത്തെ കാലത്ത് ജീവിക്കാനാകില്ല....നിങ്ങളെ ഇളക്കിവിടുന്ന നേതാക്കന്‍മാരുണ്ടല്ലോ അവരോട് ചോദിക്ക് .... അവര് തേങ്ങയും നെല്ലും വാഴയും കൊണ്ടാണോ ജീവിക്കുന്നതെന്ന് .....വേണമെങ്കില്‍ ചൈനയിലും റഷ്യയിലും പോയി നോക്കട്ടെ എങ്ങിനെയാ അവിടെ വികസനമുണ്ടായതെന്ന്......''
''ഒരു ചങ്ങലയും കോപ്പും....''
തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ രോഷപ്രകടനവുമായി മുറുമുറുത്തുകൊണ്ട് സുരേഷ് അകത്തേക്ക് കയറിപ്പോയി.....
ശങ്കരന്‍ നായര്‍ക്ക് ഒന്നും മിണ്ടാന്‍ കഴിയുമായിരുന്നില്ല ..........
കാരണം അപ്പോളയാളുടെ തലയിലൂടെ മുഴുത്ത തേങ്ങകള്‍ ഒന്നൊന്നായി കറങ്ങി രൂപാന്തരം പ്രാപിച്ച് ഒരു വലിയ ചങ്ങല തീര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു..........
വേറെ ചിലത് പൊട്ടുവാനും...........!!!

5 October 2009

ഒരു നേപ്പാളിയുടെ കഥ....


                                          കണ്ടൈനറിനകത്തു നിന്നും അവസാനത്തെ പെട്ടിയും പുറത്തിറക്കി കഴിഞ്ഞിട്ടാണ് തമാംഗ് എന്റെ അടുത്തേക്ക്‌ വന്നത്...എല്ലാ വൈകുന്നേരങ്ങളിലും പതിവുള്ള സൈറ്റ് ഇന്‍സ്പെക്ഷനു പോകാന്‍വേണ്ടി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുകയായിരുന്നു ഞാനപ്പോള്‍..‍..ഹോള്‍ഡിലായ പ്രൊജെക്ടിന്റെ ചുമതലയില്‍ നിന്നും തലയൂരാന്‍ ഒരുപാട് ശ്രമിച്ചതാണ്.....പ്രൊജക്റ്റ്‌ കുളം തോണ്ടിയ വെള്ളക്കാര്‍ക്കു പകരം ക്ലയന്റിന്റെ മുന്നിലേക്കിട്ടുകൊടുക്കാന്‍  കമ്പനി ചെയര്‍മാന്‍ കണ്ടെത്തിയ ബലിമൃഗമായി ഈ സൈറ്റിലേക്കു വരുമ്പോള്‍ എനിക്കു കൂട്ട് കുറെ കണ്ടൈനറുകളും പിന്നെ തമാംഗ്  എന്ന സെക്യൂരിറ്റിയും മാത്രമായിരുന്നു.......

നേപ്പാളിയായിരുന്നു തമാംഗ് .....

ഞാനൊരു നേപ്പാളിയാണ് എന്നഭിമാനത്തോടെ പറയുമ്പോള്‍ തമാംഗിനു ഞങ്ങളുടെ നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കൃഷ്ണന്‍ മാഷിന്റെ അതേ വീര്യമായിരുന്നു.....ഏക്കറുകള്‍ വരുന്ന മരുഭൂമിയില്‍ വിലപിടിപ്പുള്ള യന്ത്രഭാഗങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും പേറി ഒറ്റയ്ക്കിരിക്കുമ്പോള്‍ തമാംഗിന്റെ കഥകളായിരുന്നു കൂട്ട്.....തന്റെ നാടിനെ പറ്റി പറയുമ്പോള്‍ തമാംഗിനു നൂറു നാവായിരുന്നു....മഞ്ഞു പൊഴിയുന്ന എവറസ്റ്റിന്റെ താഴ്വരയിലെ ഓര്‍മകള്‍ക്ക് പച്ച പുതച്ച എന്റെ മലയോരഗ്രാമത്തിന്റെ അതേ ഛായയായിരുന്നിരിക്കണം, അയാളുടെ വിവരണം കേള്‍ക്കുമ്പോള്‍ മനസ്സ് പലപ്പോഴും പിടിവിട്ടു പഴയ ഓര്‍മകളിലേക്ക് കൂപ്പു കുത്തി.......

എന്‍ജിന്‍ ഓഫ്‌ ചെയ്തു തമാംഗിനെ നോക്കി...അവന്റെ മുഖം ഒരുപാട് വിളറിയിരുന്നു .....
ഇടറിയ ശബ്ദത്തോടെ അവന്‍ പറഞ്ഞു..
'മമ്ത.....''

മമ്തയെന്ന ആറു വയസ്സുകാരി നേപ്പാളി പെണ്‍കുട്ടി എന്റെ മനസ്സിലേക്ക് കയറിവന്നത് തമാംഗിന്റെ വാക്കുകളിലൂടെയായിരുന്നു...സിവാലിക് കുന്നിന്‍ ചെരിവിലെ പച്ചപ്പുല്ലില്‍ തന്നെ കബളിപ്പിച്ചോടിയ  ആട്ടിന്‍കുട്ടിയെ പിടിക്കാനോടുന്ന കുഞ്ഞു മമ്തയുടെ രൂപം അവളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സിലുണ്ട്...
തമാംഗിന്റെ മകളാണ് മമ്ത....പഗോഡകളുടെ നാട്ടിലെ അനശ്വരപ്രണയകഥയിലെ നായിക അയാളെ വിട്ടു പോയപ്പോള്‍ കൊടും മഞ്ഞിലെ ഏകാന്തതയിലും അയാള്‍ക്ക്‌ ജീവിക്കാനായി സമ്മാനിച്ചിട്ട് പോയ കുഞ്ഞ്.....

തമാങ്ങിനു അവള്‍ ജീവനാണ്....മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യ മരിച്ചതോടെ അവനെ ഈ ലോകത്ത് ജീവിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം.......രണ്ടു മാസം മുന്‍പ് അവള്‍ സ്കൂളില്‍ ചേര്‍ന്നതിന്റെ വിശേഷങ്ങള്‍ മുഴുവന്‍ കേട്ടതാണ്.... തമാംഗിന്റെ നിറം മങ്ങിയ പെഴ്സിനുള്ളില്‍  അവളുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയുണ്ട്....ഒറ്റയ്ക്കിരിക്കുമ്പോള്‍ അയാളാ ഫോട്ടോയില്‍ നോക്കി അവളോട്‌ കിന്നാരം പറയുന്നത് കാണാം....

തമാംഗ് നിറഞ്ഞ കണ്ണുകളോടെയാണ് കാര്യം പറഞ്ഞത്...
മമ്ത ഹോസ്പിറ്റലില്‍ ആണത്രേ...എന്തോ വലിയ രോഗമാണെന്നാണ്  ഡോക്ടര്‍മാര്‍ അയാളുടെ സുഹൃത്തിനോട് പറഞ്ഞത്.....!!

തമാംഗിനെ ആശ്വസിപ്പിച്ചു....വലിയ അസുഖമൊന്നും ആയിരിക്കില്ല....അവര്‍ പറഞ്ഞു വന്നപ്പോള്‍ അങ്ങനെയൊക്കെ ആയിത്തീര്‍ന്നതായിരിക്കും...

എങ്കിലും തിരികെ വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോള്‍ മുഴുവനും എന്റെയുള്ളില്‍ തമാംഗും മമ്തയുമായിരുന്നു....
 
അയാള്‍ക്ക്‌ എപ്പോഴും മകളുടെ വിശേഷങ്ങളേ പറയാനുള്ളൂവായിരുന്നു.....രണ്ടു വര്‍ഷം മുന്‍പ് ഇവിടേയ്ക്ക് വരുമ്പോള്‍ അവളെ അയാളുടെ ഒരു ബന്ധുവിന്റെ അടുത്താക്കിയതാണ്.....
അന്ന് യാത്ര തിരിക്കുമ്പോള്‍ അയാളുടെ കൈകള്‍ വിടാതെ അവള്‍ പൊട്ടിക്കരഞ്ഞു...ആഴ്ചയിലൊരിക്കല്‍ മാത്രം വരുന്ന നീല ബസ്സ്‌ അയാളെയും കൊണ്ട് ആ കുന്നിറങ്ങി പോകുമ്പോള്‍ അന്നവള്‍ കരഞ്ഞു കൊണ്ട്  ബസ്സിനു പിറകെ ഓടി......... പൊട്ടിയ വിന്‍ഡോ ഗ്ലാസ്സിലൂടെ ആ കാഴ്ച കണ്ടു നിന്നത് പറയുമ്പോള്‍ ഇപ്പോഴും അയാളുടെ കണ്ണു നിറയും....ഇഷ്ടമുണ്ടായിട്ടല്ല തമാംഗ്  ഇവിടേയ്ക്ക് വന്നത്...പ്രിയ്യപ്പെട്ടവളുടെ അസുഖം വരുത്തിവച്ച കടം അയാളെ ഈ മരുഭൂമിയിലെത്തിച്ചു..

എപ്പോഴും പറയും കടം വീട്ടി തീരുന്ന അന്ന് ഞാനിവിടം വിട്ടു പോകുമെന്ന്..

തമാംഗിനെ ഞാന്‍ ആദ്യം കാണുന്നത്  ഒന്നര വര്‍ഷം മുന്‍പാണ്...
ഒരു വൈകുന്നേരം റൂമിലെ വേസ്റ്റ് പുറത്തുള്ള  വേസ്റ്റ് ബിന്നില്‍ കൊണ്ടിടാന്‍ വേണ്ടി വില്ലയുടെ പുറത്തേക്കിറങ്ങിയതായിരുന്നു...അപ്പോഴാണ്‌ വേസ്റ്റ് ബിന്നില്‍ നിന്നും കോള ടിന്നുകള്‍ പെറുക്കി ചാക്കില്‍ ശേഖരിക്കുന്ന ഒരു നേപ്പാളിയെ കണ്ടത്...എന്നെ കണ്ടതും അയാള്‍ ഒതുങ്ങി നിന്നു...പൊതുവേ ഇങ്ങനെയുള്ള ആളുകളെ കാണുമ്പോള്‍ കണ്ട ഭാവം നടിക്കാതെ മാറിപ്പോവുകയാണ് പതിവ്....അന്ന് പക്ഷെ എന്തോ അയാളെ കണ്ടപ്പോള്‍ ഒന്നു സംസാരിക്കണമെന്നു തോന്നി....ദൈന്യതയാര്‍ന്ന ആ രൂപം എവിടെയൊക്കയോ വച്ചു കണ്ടു മറന്ന ഒരു നാട്ടുകാരനെപ്പോലെ  തോന്നിച്ചു.....അന്നയാള്‍ കഥകളൊക്കെ പറഞ്ഞു....ഒരു വലിയ തുക ഏജന്റിനു നല്‍കി ഇവിടെയെത്തി കബളിപ്പിക്കപ്പെട്ടിരിക്കുകയാണ് ...കടം വീട്ടാന്‍ വേണ്ടി കടം വാങ്ങി വന്നതായിരുന്നു....സ്പോണ്‍സര്‍ ചതിച്ചു.....ഇപ്പോള്‍ കോള ബോട്ടിലുകള്‍ ശേഖരിച്ചു ആക്രിക്കടയില്‍ കൊടുത്താണ് ജീവിക്കുന്നത്......അയാളുടെ കഥയില്‍ എനിക്കൊട്ടും അത്ഭുതം തോന്നിയിരുന്നില്ല....നിത്യവും കാണുന്നത് തന്നെ...എങ്കിലും  മനസ്സ് അസ്വസ്ഥമായ പോലെ തോന്നി...പോക്കറ്റില്‍ കിടന്ന അമ്പത് റിയാല്‍ അയാള്‍ക്ക്‌ കൊടുത്ത് റൂമിലേക്ക്‌ മടങ്ങി.....

രാത്രി വൈകിയുള്ള സ്ഥിരം ഫോണ്‍ സംഭാഷണത്തിനിടയില്‍ അമ്മയോട് പറഞ്ഞ വിശേഷങ്ങളില്‍ അന്ന് മുഴുവന്‍ അയാള്‍ തന്നെയായിരുന്നു....എല്ലാം കേട്ടു കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം അമ്മ പറഞ്ഞു.....
''പറ്റുമെങ്കില്‍ എന്തെങ്കിലും ചെയ്തുകൊടുക്കെടാ അയാള്‍ക്ക്‌.....''

ഓഫീസ് ബോയ്‌ ആയിട്ടായിരുന്നു തമാംഗിനെ കമ്പനിയില്‍ കൊണ്ടു ചെന്നത്..പക്ഷെ സ്പോണ്‍സര്‍ റിലീസ് കൊടുത്താലേ വിസ കിട്ടൂ....എല്ലാവരും അയാളെ കൈവിട്ടു..അങ്ങനെയാണ് ലേബര്‍ ചെക്കിങ്ങിനു സാധ്യത കുറഞ്ഞ ഈ സൈറ്റിലേക്ക് അയാളെ കൊണ്ടുവരുന്നത്‌.....മാനേജര്‍ കുറെ വിലക്കിയതാണ്...റിസ്ക്‌ ആയിരുന്നിട്ടു കൂടി അയാളുടെ ഉത്തരവാദിത്തം മുഴുവന്‍ ഞാന്‍ ഏറ്റെടുത്തു....
അങ്ങിനെയാണ് തമാംഗിനു ഞാന്‍ ദൈവമാവുന്നത്....

ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചു മമ്ത വേഗം സുഖം പ്രാപിക്കണേ എന്ന്.....ഇളം കാറ്റുവീശുന്ന സിവാലിക് താഴ്വരകളിലൂടെ ആ പൂമ്പാറ്റഎന്നും പാറിപ്പറക്കണമെന്നു തന്നെയാവില്ലേ ദൈവത്തിന്റെയും ഇഷ്ടം??

പിറ്റേ ദിവസം സൈറ്റിലെത്തിയപ്പോള്‍ തമാംഗിനെ കണ്ടില്ല.....ഹരിയോട് തിരക്കി...അയാള്‍ അവിടത്തെ മറ്റൊരു സെക്യൂരിറ്റിയാണ്....''ഇന്നലെ രാത്രി മുഴുവന്‍ ഭ്രാന്ത് പിടിച്ച പോലെ ഇവിടെ അലഞ്ഞു നടക്കുകയായിരുന്നു സര്‍ ...ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല....പോയി കിടന്നുറങ്ങാന്‍ ഞാന്‍ പറഞ്ഞതാണ്....കേട്ടില്ല ‍....''..ഹരിയും അമ്പരപ്പിലായിരുന്നു....
ഒന്നു ഞെട്ടി...അപ്പോള്‍??!!...
''മകള്‍ ഹോസ്പിറ്റലിലാണെന്ന് എന്നോട് പറഞ്ഞിരുന്നു...പിന്നെ എന്തായെന്നറിയില്ല..''
ഞാന്‍ തമാംഗിനെക്കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു....മകളുടെ അസുഖ വിവരം അയാള്‍ ഇന്നലെ രാവിലെ തന്നെ അറിഞ്ഞു കാണും..എന്നിട്ടും ആ കണ്ടൈനറിലെ മുഴുവന്‍ പെട്ടികളും ആയാളൊറ്റക്കാണ് അണ്‍ലോഡ്  ചെയ്തത്...
ആ കണ്ടൈനര്‍ വളരെ അത്യാവശ്യമായി തിരിച്ചയക്കേണ്ടതാണെന്ന്  ഞാന്‍ പറഞ്ഞത്കൊണ്ടാവണം.........

ഞങ്ങള്‍ കാറില്‍ കയറി സൈറ്റില്‍ എല്ലായിടത്തും തിരഞ്ഞു....
എനിക്കെന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമായത് പോലെ തോന്നി....

                                                          പുതിയ ഫാക്ടറിക്കായി കൊണ്ടുവന്ന കൂറ്റന്‍ സ്റ്റീല്‍ ബീമുകള്‍ക്കിടയില്‍ നിന്നാണ് ഞങ്ങള്‍ക്ക് തമാംഗിന്റെ ബോഡി കിട്ടിയത്....മണലില്‍ പരന്നൊഴുകിയ ചോരയ്ക്ക് കട്ടിയുള്ള കറുത്ത നിറമായിരുന്നു..മൂര്‍ച്ച കുറഞ്ഞ ആക്സോ ബ്ലേഡ് കൊണ്ടാവണം ഞരമ്പ്‌ മുറിച്ചത്....ആകെ വികൃതമായ ഇടതു കൈത്തണ്ടയില്‍ നിറയെ ചോരയില്‍ കുതിര്‍ന്ന മണല്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.......
എനിക്കധികനേരം ആ കാഴ്ച കണ്ടു നില്ക്കാന്‍ കഴിഞ്ഞില്ല.....ബോധം മറയുന്നത് പോലെ തോന്നി..ഹരി താങ്ങിയില്ലായിരുന്നെങ്കില്‍ ആ വീഴ്ചയില്‍ എന്റെ തല താഴത്തെ സ്റ്റീല്‍ ബീമില്‍ ചെന്നിടിക്കുമായിരുന്നു.....
ഏറെ നേരം വേണ്ടിവന്നു പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാന്‍...

അപ്പോഴേക്കും പോലീസ് എത്തി.....ഹരി ഫോണ്‍ ചെയ്തതാണ്..ഞങ്ങളെ കുറെ ചോദ്യം ചെയ്തു.....
തമാങ്ങിനെ അറിയുക പോലുമില്ലെന്ന് പറയേണ്ടി വന്നു.......ഇല്ലെങ്കില്‍ ഞങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരും...
ആളൊഴിഞ്ഞ വര്‍ക്ക്‌ സൈറ്റിലേക്ക് അതിക്രമിച്ചു കയറി താമസിച്ച നേപ്പാളിയെപ്പറ്റി ഹരി അറബിപ്പോലീസിനോട് വിവരിക്കുന്നത് നിര്‍വികാരതയോടെ കേട്ടിരുന്നു....
തമാംഗിന്റെ പോക്കറ്റില്‍ നിന്നും  ചില്ല് പൊട്ടിയ മൊബൈല്‍ ഫോണും നിറം മങ്ങിയ പേഴ്സും പോലീസ് പുറത്തെടുത്തു...അതില്‍ അവസാനം വന്ന കോളിലേക്ക് തിരിച്ചു വിളിക്കാന്‍ എന്നോടാണവര്‍ പറഞ്ഞത്....
കാള്‍ അറ്റന്‍ഡ് ചെയ്തയാള്‍ ഫോണ്‍ വേറാര്‍ക്കോ കൈമാറി.....
അയാള്‍ പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്...മമ്ത ഇന്നലെ വൈകീട്ട് മരിച്ചത്രെ..!!!
ഊഹിച്ചത് ശരിയായിരിക്കുന്നു...!!
തമാംഗിന്റെ ബോഡി സ്വീകരിക്കാന്‍ അവിടെ ആരുമില്ലത്രേ......ആദ്യം സുഹൃത്താണെന്നു പറഞ്ഞയാള്‍ മരണ വാര്‍ത്ത കേട്ടതോടെ തമാങ്ങിനെ ചെറിയ പരിചയമേ ഉണ്ടായിരുന്നുള്ളുവെന്ന് തിരുത്തി.....
പാവം.... പിറന്ന നാടിനു പോലും അന്യന്‍ തന്നെ...

ശ്മശാനത്തിലേക്ക് ബോഡി കൊണ്ടുപോകാനായി ആംബുലന്‍സ് എത്തുമ്പോഴും തമാംഗിന്റെ ഫോണിലേക്ക് കൂടുതല്‍ വിളികള്‍ വന്നിരുന്നില്ല.....
എന്തിനെന്നറിയില്ല... പോലീസുകാര്‍ കാണാതെ മേശപ്പുറത്തുള്ള തമാംഗിന്റെ പേഴ്സില്‍ നിന്നും അയാളുടെ പ്രിയ്യപ്പെട്ട മകളുടെ ഫോട്ടോ എടുത്ത്  പോക്കറ്റിലേക്കിടുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു........
ആ നിറം മങ്ങിത്തുടങ്ങിയ കളര്‍ ഫോട്ടോയിലെ നിഷ്കളങ്കയായ പെണ്‍കുട്ടി എനിക്കും ആരൊക്കയോ ആയിരുന്നു...

ആംബുലന്‍സ് സ്റ്റാര്‍ട്ട്‌ ചെയ്തപ്പോഴാണ്  ജോര്‍ദാനിയായ പോലീസുകാരന്‍ മറ്റുള്ളവര്‍ കാണാതെ എന്റെ അടുത്തേക്ക്‌ വന്നത്........
അയാള്‍ എന്റെ ചെവിയില്‍ അറബിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു..
''നിങ്ങളുടെ കമ്പനി അനധികൃതമായി ജോലിക്ക് വച്ച ആളാണ്‌ ഇതെന്ന് എനിക്കറിയാം.....അയാളിവിടെ കിടന്നു മരിച്ചപ്പോള്‍ നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ വേണ്ടി അയാളെ അറിയില്ലെന്ന് നിങ്ങള്‍ പറയുന്നു......നിങ്ങളുടെ അടിമയായി ആ പാവത്തിനെ നിങ്ങള്‍ക്ക് വേണം.......കൂടുതല്‍ പറയുന്നില്ല......അള്ളാഹു എല്ലാം കാണുന്നുണ്ട്........മനുഷ്യരാവാന്‍ ശ്രമിക്കൂ..............!!.''

അപ്പോഴാ മരുഭൂമിയിലൂടെ താഴ്ന്നു വീശിയ ചുടുകാറ്റ്  കണ്ണില്‍ ഊറിക്കൂടിയ നനവിനെ മറച്ചു..

                                              തമാംഗിന്റെ മരണം കമ്പനിയില്‍ ഒരു വാര്‍ത്തയേ ആയിരുന്നില്ല.... കാരണം അയാള്‍ അവിടത്തെ ആരുമല്ലായിരുന്നല്ലോ.......എങ്കിലും പിറ്റേ ദിവസം ഹെഡ് ഓഫീസില്‍ വച്ച്  കമ്പനി സി.ഇ.ഓ അലക്ഷ്യമായ മട്ടില്‍ തമാംഗിനെ കുറിച്ച് ചോദിച്ചു ......അയാളുടെ ബോഡി അവിടെ നിന്നും മാറ്റിയോ എന്ന്....
പക്ഷെ അദ്ദേഹം കൂടുതല്‍ വ്യാകുലപ്പെട്ടത് ആ കണ്ടൈനര്‍ അണ്‍ലോഡ്  ചെയ്യുന്നതിനിടെ തമാംഗിന്റെ കയ്യില്‍ നിന്നും വീണു പൊട്ടിയ വിലപിടിപ്പുള്ള ആന്റിക് ഫ്ലവര്‍വേസിനെ കുറിച്ചായിരുന്നു....
ഫാക്ടറിക്കു വേണ്ടി യന്ത്രഭാഗങ്ങള്‍ വാങ്ങിച്ച കമ്പനിയില്‍ നിന്നും അയാള്‍ക്ക്‌ കോംപ്ലിമെന്റ് ആയി അയച്ചുകൊടുത്തതായിരുന്നത്രേ അത്....!!!

കാബിന്‍ വിട്ടു തിരിച്ചു പോരുമ്പോള്‍ ആ അറബി പോലീസുകാരന്‍ പറഞ്ഞ വാക്കുകളായിരുന്നു ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നത്...
അല്ലെങ്കിലും ആര്‍ക്കും വേണ്ടാത്ത ഒരു നേപ്പാളിയുടെ കഥയ്ക്ക് ആരു ചെവിയോര്‍ക്കാന്‍.‍.....

3 October 2009

ഇരട്ടക്കുട്ടികളുടെ അമ്മ (അല്ലെങ്കില്‍ ഒരു എയിഡ്സ് രോഗി )



എന്റെ സ്ത്രൈണതയില്‍ നീ വിതച്ച ബീജപാപങ്ങള്‍
കണ്ണുകള്‍ തുറന്നപ്പോള്‍.......
കന്നികൊയ്ത്തു നടന്ന പാടത്ത്‌
വിളവെടുപ്പിനു നീ വരാഞ്ഞപ്പോള്‍......
ഒന്നിനെ ഞാന്‍ അമ്മത്തൊട്ടിലിലിട്ടു...
ഇനിയൊന്നുകൂടിയുണ്ട് ബാക്കി......
കൂടപ്പിറപ്പിനു ജനിച്ചുവീഴും മുന്‍പേ പേരിട്ടവന്‍.....
മാതൃസ്നേഹത്തിന്‍ മൂര്‍ത്തിമദ്ഭാവം....
അവനെ ഞാനാര്‍ക്കും കൊടുക്കില്ല....
അവനെന്നെയും....
ഭയപ്പെടുക പിതാവേ ..അവന്‍ വരും...
പുഴുവരിച്ച വിത്തുകോശങ്ങള്‍ കൊണ്ടു
നീ വിതയ്ക്കുന്ന പാടങ്ങളില്‍ കാവലാളാകുവാന്‍.....
നിന്റെ ജീവാണുക്കളില്‍ സൂചിമുനകള്‍ ആഴ്ത്തുവാന്‍..
ഒടുവിലൊരുനാള്‍ നിന്റെ അന്തകനാകുവാന്‍....
അവന്‍ വരും..
പെറ്റ വയറിന്റെ അഭിമാനം...ഗര്‍ഭശ്രീമാന്‍
ഒരമ്മയ്ക്കിനിയെന്ത്‌ വേണം....
പുത്രന്റെ പേരില്‍ ലോകപ്രശസ്ത...
പേരിടീല്‍ ചടങ്ങിനു ലോകം ചൊല്ലി.....
''ഇവന്റെ പേര് ഞങ്ങള്‍ക്കറിയാം...പേരിട്ടത് സായിപ്പ്...''
നീയുമറിയും..
ഉടന്‍..