Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts
25 January 2010
''സദാചാരം'' - കേരള മോഡല്‍.!!
സമൂഹത്തില്‍ നടമാടുന്ന അക്രമവും അനീതിയും ഇല്ലായ്മ ചെയ്യുവാന്‍ ദൈവം പലകാലങ്ങളില്‍ പല ദേശങ്ങളില്‍ ചരിത്രപുരുഷന്മാരായി അവതാരമെടുക്കാറുണ്ട്. കൂടെ സാത്താനും.
ആദിയില്‍ ആദമും ഹവ്വയും ഡ്യുയറ്റ് പാടി നടന്ന ഏദന്‍ ആപ്പിള്‍ തോട്ടം മുതല്‍ ഇങ്ങ് കൊച്ചിയില്‍ വെണ്ടുരുത്തിപ്പാലത്തിന്റെ അടിയില്‍ വരെ കയ്യിലൊരു ടോര്‍ച്ചും തലയിലൊരു ഈരിഴത്തോര്‍ത്തു വളച്ചു കെട്ടുമായി പുള്ളിയുടെ സോ കോള്‍ഡ് ശത്രു (ദി വണ്‍ ആന്‍ഡ് ഒണ്‍ലി സാത്താന്‍)എന്നും എപ്പോഴും കൂടെയുമുണ്ട്.
മംഗലശ്ശേരി നീലണ്ഠന് മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നപോലെ കട്ടയ്ക്ക് കട്ട ദൈവത്തിന്റെ ഓരോ അവതാരത്തിന്റെയും കൂടെ മറ്റേ പുള്ളിക്കാരനും എടുത്തു നല്ല കിടിലന്‍ അവതാരങ്ങള്‍...
നമ്മുടെ ക്രിയേറ്റര്‍ എന്ത് നല്ല കാര്യം ചെയ്താലും പുള്ളി നല്ല എട്ടിന്റെ പണി കൊടുക്കും.സാത്താന്‍ ആരാ മോന്‍ ??
പണ്ടു മുതലേ സെന്‍സിറ്റീവ് വിഷയങ്ങളിലേ ആള്‍ ഇടപെടാറുള്ളൂ....വല്ല ജാതിയോ മതമോ അങ്ങനെ വല്ലതും. അതാവുമ്പോള്‍ നമ്മള്‍ ചുമ്മാ ഒന്നു ഞോണ്ടിക്കൊടുത്ത് സൈഡില്‍ ഇരുന്നാല്‍ മതി... ബാക്കി നമ്മുടെ പിള്ളേര് ചെയ്തോളും.
പരശുരാമന്‍ എന്നൊരു കക്ഷി പണ്ട് ദേഷ്യം വന്ന് ചുമ്മാ ഒരു മഴുവെടുത്തെറിഞ്ഞപ്പോള്‍ ഒരു കാര്യവുമില്ലാതെ പൊങ്ങിവന്ന കയ്പ്പക്കയുടെ ഷേപ്പുള്ള ഒരു നാടിനെ പറ്റി പുള്ളിക്ക് ഇന്റലിജന്‍സ് ബ്യൂറോയുടെ അടുത്തു നിന്നും കിട്ടിയ അടിയന്തിര സ്വഭാവമുള്ള ഒരു റിപ്പോര്‍ട്ടില്‍ നിന്നുമാണ് കഥയുടെ തുടക്കം.
റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു.
"ഈ നാട്ടിലെ പയലുകള്‍ക്കെല്ലാം ഒടുക്കത്തെ വിവരമാണ്. ലവന്മാര്‍ ആ നാട്ടില്‍ ഇരിപ്പുറയ്ക്കാതെ ലോകത്തിന്റെ പല കോണിലും പോയി ബുദ്ധി പ്രയോഗിക്കുന്നുണ്ട് ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പണിയാകും...."
അങ്ങനെയാണ് സാത്താന്‍ ഭൂലോകത്തെ (നോട്ട് 'ബൂ') അവൈലബില്‍ എജന്റ്റ് മാരെയെല്ലാം വിളിച്ചു ചേര്‍ത്ത് എമര്‍ജന്‍സി മീറ്റിംഗ് നടത്തിയത് ,വിത്ത് രഹസ്യ അജണ്ട.
കൂലങ്കഷമായ വട്ടമേശ സമ്മേളനത്തില്‍, ടി നാട്ടുകാരുടെ പരമ്പതാഗതമായ മൂന്നു ബലഹീനതകള്‍ ഉയര്‍ന്നു വന്നു.
അതിലേതിലെങ്കിലും ഇട്ടു പണിതാല്‍ മതിയാകും.
രാഷ്ട്രീയം.
മതം.
സദാചാരം.
ഇതില്‍ ഏതാണ് ഏറ്റവും സ്യൂട്ട് ആയിട്ടുള്ളത് എന്ന ചര്‍ച്ചയില്‍ പല അഭിപ്രായങ്ങളാണ് പൊങ്ങിവന്നത്.
മതം വേള്‍ഡ് വൈഡ് ആയി നമ്മള്‍ പ്രയോഗിക്കുന്നതാണ്.അതിന്റെ ആഫ്റ്റെര്‍ ഇഫക്റ്റുകള്‍ അവിടെയും ഉണ്ടാവാതിരിക്കില്ല.അതു കൊണ്ട് അതു വിടാം.
പിന്നെ രാഷ്ട്രീയം.ഏതെങ്കിലും നേതാക്കന്‍മാരെ ഇളക്കി വല്ല കൊനഷ്ട്ടു പ്രസ്താവനയും നടത്തിയാല്‍ തന്നെ ഇക്കൂട്ടര്‍ക്ക് ഒടുക്കത്തെ വിവരമായത് കൊണ്ട് സംഗതി പിടികിട്ടും. പിന്നെ കുറച്ചു നാള്‍ കഴിഞ്ഞാല്‍ അതു മാഞ്ഞു പോകുകയും ചെയ്യും.അതു മാത്രമല്ല നാം ലക്ഷ്യമിടുന്നത് . യങ്ങ് ജനറേഷന്‍ ആയിരിക്കണം നമ്മുടെ പ്രധാന എയിം.
അപ്പോഴാണ് ആ നാടിന്റെ പ്രത്യേക ചുമതലയുള്ള എജന്റ്റ് തന്റെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു.
"പണ്ടത്തെപ്പോലെ ഇവിടത്തെ പയ്യന്‍സിനെ രാഷ്ട്രീയത്തില്‍ കിടന്ന് അടി കൂടാന്‍ കിട്ടുന്നില്ല..അവന്മാര്‍ ഈ ഐഐടിയിലും ഐഐഎമ്മിലുമൊക്കെ കേറി പഠിച്ച് വേറെ നാട്ടില്‍ പോയി നല്ലോണം തുട്ട് എണ്ണി മേടിച്ചു ലൈഫ് അടിച്ചു പൊളിക്കുന്നു."
"അപ്പോള്‍ പിന്നെ സദാചാരത്തില്‍ കേറി പിടിക്കാം".സാത്താന്‍ പറഞ്ഞു.
അതു സഭ കയ്യടിച്ചു പാസ്സാക്കി.
ഏജന്റുമാര്‍ മിക്കവരും അമേരിക്ക-അഫ്ഗാനിസ്ഥാന്‍-ഇറാക്ക്-അല്‍ ക്വൈദ ഏരിയയില്‍ ബിസി ആയിരുന്നതിനാല്‍ ജൂനിയര്‍ പയ്യന്‍സ് മാത്രമേ അവൈലബില്‍ ആയിരുന്നുള്ളൂ..ജൂനിയേര്‍സിന് ട്രെയിനിങ്ങ് കൊടുക്കാന്‍ സദാചാര വിഷയത്തില്‍ വേണ്ടത്ര പരിചയമുള്ള ഒരാളുടെ സേവനം അത്യന്താപേക്ഷിതമായി വന്നു.അങ്ങനെയാണ് പഴയ കുറിയേടത്ത് താത്രി കേസ് സുന്ദരമായി ഹാന്‍ഡില്‍ ചെയ്ത റിട്ടയെര്‍ഡ് എജന്റ്റ് മീറ്റിങ്ങിലേക്ക് വിളിക്കപ്പെടുന്നത്.
ആള്‍ ഒരു പഴയ പുലിയാണ്.
അങ്ങനെ വിത്ത് എക്സാമ്പിള്‍സ് എജന്റ്റ് ട്രെയിനീസിനു ക്ലാസ് എടുത്തു കൊടുത്തു.തന്റെ പഴയ നമ്പരുകള്‍ക്ക് പുറമേ പുതിയ വിദ്യകളും ആശാന്‍ ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്തു.
സംഭവം സിമ്പിളാണ്.
ആദ്യം എവിടെയൊക്കെ സ്ത്രീകള്‍ തനിച്ചു താമസിക്കുന്നു എന്ന് വാച്ച് ചെയ്യുക. ഗള്‍ഫുകാരുടെ ഭാര്യമാര്‍, പട്ടാളക്കാരുടെ ഭാര്യമാര്‍, വിധവകള്‍, വിവാഹ മോചിതരായ സ്ത്രീകള്‍, സോഷ്യല്‍ ആയി ഇടപഴകുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഒരാളെ കിട്ടിയാല്‍ ആ സ്ത്രീ പിന്നെ എപ്പോഴും നിങ്ങളുടെ നിരീക്ഷണ വലയത്തിലായിരിക്കണം. അവര്‍ എന്ത് ചെയ്യുന്നു,എവിടെ പോകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക.
അടുത്ത സ്റ്റെപ്പ് സൂക്ഷിച്ചു പ്രയോഗിക്കണം.
ആ സ്ത്രീ ബന്ധുവല്ല്ലാത്ത ഏതെങ്കിലും പുരുഷനോട് സംസാരിക്കുന്നത് കണ്ടാല്‍, അല്ലെങ്കില്‍ അവര്‍ ഏതെങ്കിലും പുരുഷന്മാരുടെ കൂടെ യാത്ര ചെയ്യുന്നതു കണ്ടാല്‍ അവരുടെ അയല്‍വാസിയോടോ അല്ലെങ്കില്‍ പരിചയക്കാരോടോ ഒന്നു ചോദിച്ചാല്‍ മതി..."അതാരാ അവരുടെ കൂടെ?? ഇവിടെങ്ങും കണ്ടിട്ടില്ലാത്ത ആളാണല്ലോ.." എന്ന്.
ബാക്കി അവര്‍ ചെയ്തു കൊള്ളും...!!!
"അതെങ്ങനെ ??"
"അതങ്ങനെയാ..."..അനുഭവത്തിന്റെ വെളിച്ചത്തില്‍ എക്സ് എജന്റ്റ് പറഞ്ഞു.
സാത്താന് സന്തോഷമായി.എല്ലാ ശിഷ്യന്മാരെയും അനുഗ്രഹിച്ചു യാത്രയയച്ചു.
അങ്ങനെ പണ്ടെങ്ങാനും ഏദന്‍ തോട്ടത്തിന്റെ ഒരു മൂലയില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുകയായിരുന്ന ആപ്പിള് പോലുള്ള ഒരു പഴം അടിച്ചു മാറ്റി തിന്ന കുറ്റത്തിന് സ്വര്‍ഗത്തില്‍ നിന്നും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ആദമിന്റെയും ഹവ്വയുടെയും സ്വന്തം ഭൂമിയിലേക്ക് സാത്താന്‍ പുറപ്പെട്ടു.
തന്റെ പിള്ളേരെക്കൊണ്ട് ലവന്മാരെ ശരിയാക്കിയെടുക്കാന്‍ പറ്റുമോ, ഇല്ലെങ്കില്‍ വല്ല അനോണിയായും അവതരിക്കേണ്ടി വരുമോ എന്നറിയാനാണ് വിസിറ്റ് .
ദൈവത്തിനിട്ടു പണ്ടാരോ കൊടുത്ത ഒരു പണി കാരണം "പുള്ളിക്കാരന്റെ സ്വന്തം നാട്" എന്ന് വിളിക്കപ്പെടുന്ന ദേശത്തേക്ക് അങ്ങനെ സാത്താന്‍ വിസിറ്റ് വിസയില്‍ വന്നിറങ്ങി.
പക്ഷേ സ്ഥലത്തെത്തി അല്‍പ്പസയത്തിനകം തന്നെ കക്ഷി ഞെട്ടി തകര്‍ന്നു പോയി.
നമ്മുടെ റിട്ടയെര്‍ഡ് എജന്റ്റ് പറഞ്ഞത് മുഴുവനും തെറ്റാണ്.
ഈ നാട്ടില്‍ നിറയെ സദാചാരത്തിന്റെ വെള്ളരിപ്രാവുകളാണ്...!!!
അവ ഊണും ഉറക്കവുമില്ലാതെ പാതിരാത്രി പോലും പറന്നു നടക്കുന്നു..!!
പിന്നെങ്ങനെ ഇവിടത്തെ സദാചാരം തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയും??
പെണ്ണുങ്ങളൊക്കെ നല്ല വേഷം ധരിച്ചാണ് നടപ്പ്. ആണുങ്ങളുടെയെല്ലാവരുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും യാതൊരു കുഴപ്പവുമില്ല എല്ലാവരും എക്സ്ട്രാ ഡീസന്റ്..!!
അണ്‍ ബിലീവബിള്‍..!!!!!
നേരം വൈകുന്നേരമായപ്പോള്‍ ഒരു സാദാ അനോണി കള്ളുകുടിയനായി വേഷം മാറി സാത്താന്‍ റോന്തു ചുറ്റാനിറങ്ങി. സംഭവം മനസ്സിലാക്കണമല്ലോ..
അപ്പോഴാണ് ഒരു സദാചാരത്തിന്റെ വെള്ളരി പ്രാവ് ലുങ്കിയും മാടിക്കുത്തി ഭര്‍ത്താവ് സ്ഥലത്തില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീടിന്റെ ഗേറ്റിനു വെളിയില്‍ പരുങ്ങി നില്‍ക്കുന്നത് കണ്ടത്.
ഒരു ലോക്കല്‍ കള്ളുകുടിയന്‍ തന്റെ മുന്നില്‍ വന്നു വായും പൊളിച്ചു നില്‍ക്കുന്നതുകണ്ടപ്പോള്‍ വെള്ളരിപ്രാവിനു ദഹിച്ചില്ല..എങ്കിലും പറഞ്ഞു..
"ദാണ്ടേ ആ വീട്ടിലെ പെണ്ണ് ആള് ശെരിയല്ല...ചെല അവന്മാരുമായി അവള്‍ക്ക് ഇടപാടുണ്ട്..."
"അതു തനിക്കെങ്ങനെ അറിയാം??"
"ലവള്‍ എന്നേം വിളിച്ചതാ..പക്ഷേ ഞാന്‍ പോയില്ല.."
അതും പറഞ്ഞു സദാചാരത്തിന്റെ വെള്ളരി പ്രാവ് ചിറകടിച്ച് അടുത്ത കര്‍മഭൂമിയിലേക്ക് പറന്നു...
സാത്താന് ഒടുക്കത്തെ സന്തോഷമായി.. വിചാരിച്ച പോലെയല്ല കാര്യങ്ങള്‍...ഈ പ്രാവുകളൊക്കെ നമ്മുടെ സൈഡാണ്. ആ പ്രാവ് വേറെ ഒന്നു രണ്ടു കുഞ്ഞാടുകളോട് കൂടി പറഞ്ഞാല്‍ മതി സംഗതി സക്സസ്....
ആ പെണ്ണ് വല്ല വിഷവുമടിച്ചോ സാരിയില്‍ കെട്ടിത്തൂങ്ങിയോ ചത്തോളും.
പക്ഷേ പ്രശ്നം അതല്ല..
ഈ പ്രാവിനു വലിയ വിദ്യാഭ്യാസമൊന്നുമില്ല ഒരു ഇസ്പേഡ് ഏഴാം കൂലി...
ബട്ട് ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന വിവരമുള്ളവരോ....ഒക്കെയും ഐടി യിലൊക്കെ പുലികളാണ്.
അവിടെയും കാണുമോ വെള്ളരിപ്രാവുകള്‍..??
അങ്ങനെയാണ് പുള്ളിക്കാരന്‍ ഭയങ്കര ബുദ്ധിയുള്ള ആളുകള്‍ തിങ്ങി നിറഞ്ഞ ഒരു സാദാ സര്‍ക്കാര്‍ ഓഫീസില്‍ കയറിചെല്ലുന്നത്.
അവിടെയും ഉണ്ട് ചില വെള്ളരിപ്രാവുകള്‍. കൂടെ വര്‍ക്ക് ചെയ്യുന്ന സ്ത്രീകളോട് മാന്യമായും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറുന്നവര്‍.
പക്ഷേ കൂട്ടത്തില്‍ തല നരച്ചു തുടങ്ങിയ ഒരു പ്രാവ് തന്റെ സഹപ്രവര്‍ത്തക പോയിക്കഴിഞ്ഞ് കൂട്ടുകാരോട് അവരെ പറ്റി പറയുന്ന ചില 'കാര്യങ്ങള്‍' കേട്ടപ്പോള്‍ സാത്താന്‍ രണ്ടാം നിലയില്‍ നിന്നു താഴേക്കെടുത്ത് ചാടി.
എന്റമ്മോ..!!! ഇങ്ങനെയുമുണ്ടോ ആള്‍ക്കാര്‍.!!! യാതൊരു ചമ്മലുമില്ലാതെയല്ലേ ഗോസിപ്പ് അടിച്ചു വിടുന്നത്.!!
ഇവിടെ തന്റെയോ ശിഷ്യന്‍മാരുടെയോ ആവശ്യമില്ല...!!
സദാചാരം സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു വന്‍ ജനാവലി തന്നെ ഇവിടെയുള്ളപ്പോള്‍ ആത്മഹത്യയും കൊലപാതകവുമൊക്കെ ഈസിയായി നടന്നോളും.
സോ..ഡോണ്ട് വറി..!! വെള്ളരി പ്രാവുകള്‍ ഇവിടെ എപ്പോഴും വട്ടമിട്ടു പറക്കുന്നുണ്ട്.
അങ്ങനെ നിറഞ്ഞ സന്തോഷത്തോടെ സാത്താന്‍ തിരിച്ച് സ്വന്തം വീട്ടിലെത്തി.
പക്ഷേ അപ്പോഴും സാത്താന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ഏത് അവതാരമാണ് ക്രിയേറ്റര്‍ "പുള്ളിക്കാരന്റെ സ്വന്തം നാട്ടുകാര്‍ക്ക്" വേണ്ടി എടുത്തിട്ടുണ്ടാവുക എന്നായിരുന്നു..!!
.
Labels:
ആക്ഷേപഹാസ്യം,
നര്‍മ്മം
10 January 2010
സുലോചനയുടെ രാവുകള്‍

സുലോചനയുടെ രാവുകള്‍ എന്നും നിദ്രാ വിഹീനങ്ങളാണ്.
വടക്കുനിന്നും വരുന്ന അഞ്ചരയുടെ ബസ്സില്‍ സുലോചന വന്നിറങ്ങുന്നതും നോക്കിയാണ് വില്ലൂന്നിപ്പാടത്തെ പൂവന്‍ കോഴികള്‍ കൂവുന്നത് പോലും.പകല്‍ നേരങ്ങളില്‍ സമയം നോക്കാതെ കൂവുന്ന സ്ഥലത്തെ പൂവന്‍ കോഴികളെയെല്ലാം ആട്ടിയോടിക്കാറുണ്ടായിരുന്ന സുലോചനയ്ക്ക് പാതിരാപ്പിടയെന്ന സ്ഥാനപ്പേര് ചാര്‍ത്തിക്കൊടുത്തത്, 'കിണ്ണംബച്ച' കട്ടിലൂടെ പ്രശസ്തനായ ബാര്‍ബര്‍ ശശിയാണ്... സ്ഥലത്തെ എക്സിറ്റ് പോള്‍ വിദഗ്ദന്‍ റേഡിയോ നാണുവിന്റെ അവസാനവട്ട അവലോകനപ്രകാരം പാതിരാസുലുവിന്റെ മുഖ്യ ശത്രുവാണ് ശശി.
സുലോചനയെ ഫീല്‍ഡിലിറക്കിയവളെന്ന ഖ്യാതി നിലനില്‍ക്കുന്ന മിഡ് നൈറ്റ് തങ്കം ,സുലോചനയുടെ എക്സ് ലവര്‍ അഥവാ, കണ്ണീരില്‍ കുതിര്‍ന്ന "പതിനാറു വയതിയനിലെ" നായകന്‍ ചായക്കടക്കാരന്‍ ബാലന്‍ ,സ്ഥലത്തെ 'യുവ' ഗായകന്‍ ഇടിവെട്ടി വിജയന്‍ ,തെങ്ങുകയറ്റക്കാരന്‍ ഉടുമ്പ് രാജന്‍,കമ്യൂണിസ്റ്റ് ബാബു, എന്നിങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ ദിനം പ്രതി കയറിയിറങ്ങി പോകുന്ന വില്ലൂന്നിപ്പാടം ജങ്ങ്ഷനും സുലോചനയുടെ ജീവിതം പോലെ സംഭവ ബഹുലമാണ്.
വില്ലൂന്നിപ്പാടത്തെ പെണ്ണുങ്ങളെല്ലാം സുലോചനയെ കഠിനമായി വെറുത്തു.കുട്ട്യോള്‍ടച്ചന്‍മാര്‍ നേരം കെട്ടനേരത്തങ്ങാനും പൊരേല്‍ വന്നു കേറിയാല്‍ പെണ്ണുങ്ങള്‍ ആദ്യം ചോദിക്കുന്നത് സുലുവിനെക്കുറിച്ചാണ്.
"ങ്ങള് ഓളുടെ അഡുത്ത് പോയതാല്ലേ..."
"ഇല്ല പൊന്നെ..നെന്നെ ബിട്ടു ഞാന്‍ ഓളുടെ അടുത്തു പോകുവോ....അല്ലേലും അങ്ങ് ടൌണിലല്ലേ ഓളുടെ കച്ചോടം..അസത്ത്.."
അസത്തിന്റെ വീടുതേടി എത്തുന്ന പലരും വില്ലൂന്നിപ്പാടത്തെ പെണ്ണുങ്ങളുടെ നാവിന്റെ ചൂടറിഞ്ഞു പോന്നു......
ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് വില്ലൂന്നിപ്പാടത്തെ ഓരോ നെല്‍ ചെടിയും പുല്‍ക്കൊടിയും പാടിനടന്ന പരിശുദ്ധവും പരിപാവനവുമായ പ്രണയകഥയിലെ നായികാ നായകന്മാരായിരുന്നു സുലോചനയും ചായക്കടക്കാരന്‍ ബാലനും .അന്ന് ബാലന്‍ ചായക്കടയില്ലാത്ത വെറും ബാലനായിരുന്നു.പിതാവ് കോഴിപ്പറമ്പില്‍ കേളപ്പന്റെ കെ ആന്‍ഡ് കെ ടീസ്റ്റാളിലെ സാദാ പ്ലേറ്റ് പെറുക്കിയായി ഒരു കാജാ ബീഡി പോലും വാങ്ങാന്‍ കാശില്ലാതെ, തന്തപ്പടിയുടെ മുപ്പത്തിഅഞ്ച് ഡിഗ്രി കൊങ്കണ്ണ് കടയിലെ പ്ലാവിന്റെ മേശയുടെ താഴേവലിപ്പില്‍ നിന്നും മാറുന്നതും നോക്കി കാലം കഴിക്കുകയായിരുന്ന ബാലന്റെ മനസ്സിലേക്ക് സുലോചന പെയ്തിറങ്ങിയത് ഒരു പെരുമഴയത്താണ്.
കാലം തെറ്റി പെയ്ത മഴയില്‍ അന്ന് സുലോചന കയറിനിന്നത് കേളപ്പേട്ടന്റെ ചായക്കടയുടെ പിറകുവശത്തല്ല, അവിടെ ചായഗ്ലാസ് കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ബാലന്റെ ഹൃദയത്തിലേക്കായിരുന്നു....!!
അന്ന് ചായ ഗ്ലാസ് രണ്ടെണ്ണം താഴെവീണ് പൊട്ടി..!!
പിന്നീട് സുലോചനയുടെ പതിനാറു വയസ്സുള്ള ഹൃദയവും പലപ്പോഴായി കുറേ ചുവന്ന കുപ്പിവളകളും പൊട്ടി..!
കുറേക്കാലം കഴിഞ്ഞ് വീണ്ടുമൊരിക്കല്‍ കൂടി പൊട്ടി..
പക്ഷേ ഇത്തവണ കേളപ്പേട്ടന്റെ പൊറോട്ടയടിച്ചു തഴമ്പിച്ച കയ്യായിരുന്നെന്നു മാത്രം..!
അതും കാമുകന്‍ ബാലന്റെ രണ്ട് കവിളിലുമായി മാറി മാറി...!!
കാമുകി കരഞ്ഞില്ല...അന്നങ്ങനെ വില്ലൂന്നിപ്പാടം ചരിത്രത്തിലാദ്യമായി ഒരു പ്രണയകഥ കണ്ടു.മാതാ ടാക്കീസില്‍ പ്രേം നസീറിന്റെയും ഷീലയുടെയും പ്രേമം മാത്രം കണ്ടു ശീലിച്ച വില്ലൂന്നിപ്പാടം നിവാസികള്‍ ഒന്നടങ്കം ചോദിച്ചു..
"ആര്..??!!..കല്യാണീടെ മോള് സുലോചനയോ..??!!!"
"ഓള് തന്നെ...അതും ആ ബാലനുമായിട്ട്..!!!!"
"ഓക്ക് വേറെ ആരെയും കിട്ടീലെ..??.."
സുലോചന വീട്ടുതടങ്കലിലായി... മോളെ പൂട്ടിയിടുന്നതെന്തിനാണെന്ന് കല്യാണിയമ്മയോട് ചോടിച്ചവര്‍ക്കെല്ലാം കണക്കിന് കിട്ടി.അവരുടെ കണ്ണില്‍ നാട്ടുകാരാണ് സുലോചനയെ കൊണ്ട് ബാലനെ പ്രേമിപ്പിച്ചത്..അതും ചത്തുപോയ സുലുവിന്റെ അച്ഛന്‍ കള്ളന്‍ ഗോപാലനോടുള്ള വാശിതീര്‍ക്കാന്‍.
പ്രണയകഥയിലെ നായകനെ സ്നേഹനിധിയായ അച്ഛന്‍ അകലെ മദ്രാസിലുള്ള അകന്ന ബന്ധുവിന്റെ ഹോട്ടലിലെ ചായ ഗ്ലാസ്സ് കഴുകാന്‍ പറഞ്ഞയച്ചപ്പോള്‍ നാട്ടുകാര്‍ കരുതി ആ പ്രണയം തകര്‍ന്ന് തരിപ്പണമായെന്ന്.
പക്ഷേ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പകര്‍ത്തി സുലോചന സ്ഥലത്തെ യുവകാമുകിമാരുടെ രോമാഞ്ചമായി മാറിയത് പെട്ടന്നാണ്.
സുലോചന ഒളിച്ചോടി...!!!!!
അങ്ങ് മദ്രാസിലെ ചായക്കടയില്‍ എത്തിപ്പെട്ട ബാലന്‍ ആദ്യമൊന്നു പകച്ചു പോയിരുന്നു എന്നത് സത്യമാണ്.വകയിലെ അമ്മാവന്‍ ഉള്ളാട്ടില്‍ പുഷ്കരന്റെ ,ഹോട്ടല്‍ 'ഡി' പുഷ്കരയിലെ ഓരോ ചായഗ്ലാസിനോടും കാലി പ്ലേറ്റിനോടും തന്റെ നഷ്ടപ്രണയത്തെക്കുറിച്ച് വിലപിക്കവേ ഒരുനാളില്‍, സെയിം സാലറി സ്കെയിലില്‍ പക്ഷേ അപ്പര്‍ പൊസിഷനില്‍ ജോലിചെയ്യുന്ന തമിഴന്‍ മുരുകനാണ് വലിയ ബിരിയാണിചെമ്പ് കഴുകുന്നതിനിടെ ബാലന് ബുദ്ധി ഉപദേശിച്ചു കൊടുത്തത്.
"ഒരു കടിതം പോടുന്കെ...ഇങ്ക വര സൊല്ല്....."
കൂടെ ഒരു പ്രാപഞ്ചിക സത്യവും മുരുകന്‍ പറഞ്ഞു...
"കാതലിയോടെ ഇദയം റോജാപ്പൂമാതിരി.. വലി താങ്കറത് റൊമ്പ കഷ്ട്ടം..."
അങ്ങനെ നാട്ടിലെ പഴയ പൂരപ്പറമ്പ് മേറ്റ് ചെത്തുകാരന്‍ സുധാകരന് ബാലന്റെ എമര്‍ജന്‍സി കടിതം, വിത്ത് ഫ്രം അഡ്രസ് അടക്കം മദ്രാസ് മെയിലില്‍ വില്ലൂന്നിപ്പാടത്തെക്ക് പറന്നു.
ചെത്താന്‍ "നല്ല നീരുള്ള പനകള്‍" നോക്കി നടക്കുകയായിരുന്ന സുധാകരന്‍ നാലാം ക്ലാസ്സില്‍ 'ഇരിക്കുന്ന' കാലത്ത് നാരായണിട്ടീച്ചറുടെ കണ്ണിചൂരല്‍ ഭയന്നൊരുദിനം സ്കൂളില്‍ നിന്നും സര്‍വോപരി കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നും ഇറങ്ങിയോടിയത് കാരണം അക്ഷരാഭ്യാസം കമ്മിയായിരുന്നു.പക്ഷേ കഷ്ടപ്പെട്ട് കടിതം വായിച്ചു.കൂട്ടിക്കൊണ്ടു ചെല്ലേണ്ടത് സുലോചനയെയാണ്..!!!
"നല്ല കരിക്കുള്ള തൈത്തെങ്ങില്‍ കയറി ചെത്തുന്നതിന്റെ" സുഖം മനസ്സില്‍ കണ്ടെങ്കിലും പണ്ട് വില്ലൂന്നിപ്പാടത്തെ കൈത്തോടുകളില്‍ ബരാലിനെ പിടിച്ച് നടന്ന പ്രിയതോഴന്‍ ബാലനെ ഓര്‍ത്തപ്പോള്‍ ലോകത്തെ സകല പുരുഷ കേസരികളും പറയാനാറയ്ക്കുന്ന ആ വാക്കുകള്‍ ശരപഞ്ചരത്തിലെ ജയനെ മനസ്സിലോര്‍ത്ത്, നെഞ്ച് വിരിച്ചുനിന്നുതന്നെ സുധാകരന്‍ പ്രസ്താവിച്ചു.
"നിയ്യ് എനക്ക് എന്റെ പെങ്ങളെപ്പോലെ ആണു സുല്വോ....!!!!"
അങ്ങനെ വില്ലൂന്നിപ്പാടത്തെ കൂമന്‍മാരെ സാക്ഷികളാക്കി ഒരുദിനം വടക്കോട്ടുള്ള നാലരയുടെ ബസ്സില്‍ സുലോചന മദ്രാസിനു യാത്രയായി, കൂട്ടിനു സുധാകരനും..!!
പ്രേംനസീറും ഷീലയും മാത്രമുണ്ടായിരുന്ന പ്രണയകഥയില്‍ ഉമ്മര്‍ കൂടി കടന്നു വന്നത് കണ്ടപ്പോള്‍ വിലൂന്നിപ്പാടം അക്ഷരാര്‍ഥത്തില്‍ ഞെട്ടി...!!!
"അല്ല സുധാരനോ....ഓനെങ്ങനെ ഇതിന്റെടെല് വന്ന് ചാടി..??!!!"
നാട്ടാര് മൊത്തം പറഞ്ഞു...
"സുധാരനല്ലേ മോന്‍..എന്തെങ്കിലും നടക്കും..!!"
നടന്നു..!!..സുലോചനയെയും കൊണ്ട് സുധാകരന്‍ മദ്രാസ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങി ഇടം വലം നടന്നു..!!!
കഥ സിനിമയിലേതു പോലെ തന്നെ നടന്നു....പ്രിയതമ വരുന്ന തീവണ്ടിയും നോക്കി പ്ലാറ്റ് ഫോമിലൂടെ തെക്കുവടക്ക് കറങ്ങി നടക്കുകയായിരുന്ന ബാലനെ റെയില്‍വേ പോലീസ് പൊക്കി. പോലീസ് വെറും ഒരു പകല്‍ മാത്രമേ ബാലനെ കസ്റ്റഡിയില്‍ വച്ചുള്ളൂ..പക്ഷേ ബാലന് നഷ്ടപെട്ടത് തന്റെ പ്രാണപ്രേയസിയെയും ലൌകില ജീവതവുമായിരുന്നു....
അന്ന് നേരമിരുട്ടുന്നത് വരെ സുലോചനയും സുധാകരനും ഒരുപാടു നടന്നു.ആ നടത്തം അവസാനിച്ചിടത്ത് വച്ച് സുലോചനയ്ക്കു ആദ്യമായി സുധാകരനില്‍ അനുരാഗം മുളച്ചു ,സാധാരണ ഹിന്ദി സിനിമകളില്‍ കാണുന്നതുപോലെ തന്നെ..
എങ്ങനെയെന്നാല്‍,ആ നടത്തം അവസാനിച്ചത് ഒരു ഇരുണ്ട തെരുവിലായിരുന്നു..നീലത്താമര പോലുള്ള സുലുവിനെ കയറിപ്പിടിച്ച ഒരു സാദാ മദ്രാസ് റൌഡിയെ, സുധാകരന്‍ തന്റെ തെങ്ങുകയറ്റ ജീവിതം സമ്മാനിച്ച ഉറച്ച മസിലുകള്‍ കൊണ്ട് നേരിട്ടപ്പോള്‍, ആ നാറുന്ന തെരുവില്‍ മറ്റൊരു ത്രികോണ പ്രണയകഥയ്ക്ക് തിരിതെളിഞ്ഞു.അടികിട്ടി ഓടിപ്പോയ റൌഡിയെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ സുലോചന സുധാകരനെ ഇറുകെപ്പുണര്‍ന്നു...
"സുധാരേട്ടാ...ഇങ്ങളാണ് എന്റെ ആണ്...."
അങ്ങനെ മാരിയമ്മന്‍ കോയിലില്‍ വച്ച് താലിയും കെട്ടി, രണ്ടുമാസത്തെ ഹണിമൂണും കഴിഞ്ഞപ്പോഴേക്കും സുലോചനയുടെ മനസ്സില്‍ ബാലനോടുള്ള സ്നേഹം ഒരു പൊടിക്കുപോലും ഇല്ലായിരുന്നു..പകരം ഒറ്റ ഇമേജ് മാത്രം
"ചതിയന്‍ ബാലന്‍ ..!!"
ജീവിതവും സിനിമയിലെ പോലെ തന്നെ മുന്നോട്ടു നീങ്ങി.
സാധാരണ തമിഴ് സിനിമയിലെ നായകനെ പോലെ സുധാകരന്‍ "മൂട്ട"(ചാക്ക് കെട്ട്)ചുമന്നു പണം സമ്പാദിച്ചു.സുലോചന അച്ചാറുണ്ടാക്കി വിറ്റ് കാശുണ്ടാക്കി..അങ്ങനെ സുന്ദരമായി ഹണിമൂണ്‍ ആഘോഷിച്ചു കൊണ്ടിരുന്ന മിഥുനങ്ങള്‍ക്കിടയില്‍ ദുരന്തം വന്നുകയറിയത് പെട്ടെന്നാണ്...
അതേ പഴയ റൌഡി..!!!
അതെ...മദ്രാസ് റെയില്‍വേ സ്റ്റേഷനോടടുത്തുള്ള ആ തെരുവില്‍ പണ്ട് സുധാകരന്‍ അടിച്ചു പഞ്ചറാക്കിയിട്ട അതേ റൌഡി സോഡാ ശെല്‍വന്‍..!!
ആളുകളുടെ തലയില്‍ വെറുതേ സോഡാക്കുപ്പി അടിച്ചു പൊട്ടിക്കുകയെന്ന വിനോദം സ്വന്തമായുണ്ടായിരുന്ന സോഡാ സെല്‍വന്റെ അല്‍പ്പം കനം കൂടിയ മൂന്നുനാല് അടിയില്‍ നാലുദിവസം ഗവര്‍മേന്റാശുപത്രിയില്‍ കിടന്ന് അഞ്ചാം ദിവസം സുധാകരന്‍ മരിച്ചു.
അന്ന് സുലോചനയെയും കാണാതായി.
പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം സുലോചന വില്ലൂന്നിപ്പാടത്തെക്ക് തിരിച്ചു വരുന്നത് പുതിയ രൂപത്തിലും ഭാവത്തിലുമാണ്.
അത്രമാത്രമാണ് വില്ലൂന്നിപ്പാടക്കാര്‍ക്കറിയാവുന്ന സുലോചനയുടെ പാസ്റ്റ്.പിന്നീട് മിഡ് നൈറ്റ് തങ്കത്തിന്റെ കൂടെ ഫീല്‍ഡിലിറങ്ങിയത് മുതല്‍ക്കുള്ള കഥകള്‍ വില്ലൂന്നിപ്പാടത്തെ ചെല്ലക്കാറ്റിനുപോലുമറിയാം.
പോസ്റ്റാപ്പീസിന്റെ മതിലില്‍ ഒട്ടിച്ചിരുന്ന, അവളുടെ രാവുകളിലെ സീമയുടെ പോസ്റ്ററിനു കീഴെ വില്ലൂന്നിപ്പാടത്തെ തോന്ന്യാസികള്‍ എഴുതിച്ചേര്‍ത്തു.
"സുലോചനയുടെ രാവുകള്‍ -A "
പക്ഷേ താമസിയാതെ തന്നെ വില്ലൂന്നിപ്പാടം ഞെട്ടി...!!
നാടുവിട്ടുപോയ പഴയ നായകന്‍ ബാലന്‍ തിരിച്ചുവന്നപ്പോഴായിരുന്നു അത്..!!
വില്ലൂന്നിപ്പാടം മുഴുവനും ബാലന്റെ കഥ കേള്‍ക്കാനായി കാതു കൂര്‍പ്പിച്ചു.ബാലന്‍ എല്ലാം പറഞ്ഞു..അന്ന് പോലീസ് പിടിച്ചതും സുലോചനയെ തേടി നടന്നതും,പിന്നെ കണ്ടുപിടിച്ചപ്പോള്‍ സുധാകരന്റെയും സുലോചനയുടെയും ജീവിതത്തില്‍ കട്ടുറുമ്പാകേണ്ട എന്ന് കരുതി പ്രേമം കുഴിച്ചുമൂടി തിരിഞ്ഞു നടന്ന് ഹോട്ടല്‍ 'ഡി' പുഷ്കരയിലെ ഒഴിഞ്ഞ ചായ ഗ്ലാസുകള്‍ കഴുകി കാലം കഴിച്ചതും എല്ലാം..
പിന്നെ ബാലനായിരുന്നു വില്ലൂന്നിപ്പാടത്തിന്റെ പോന്നോമനപുത്രന്‍...ബാലനെ ചതിച്ച സുലോചന "പാതിരാപ്പിട" യായി മാറി,നാട്ടുകാരുടെ മൊത്തം പ്രാക്ക് ഏറ്റുപോന്നു...തന്റെ ചത്തുപോയ തന്ത കേളപ്പന്റെ ടീഷാപ്പ് ഏറ്റെടുത്തു നടത്തി ബാലന്‍ അങ്ങനെ ചായക്കട ബാലനുമായി.
അങ്ങനെ വലിയ സംഭവങ്ങളൊന്നും സംഭവിക്കാതെ വില്ലൂന്നിപ്പാടം പരദൂഷണവും തോന്ന്യാസം പറച്ചിലുമായി അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ചില സമയങ്ങളില്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ബാലന്‍ വികാരാധീനനാവാറുണ്ടായിരുന്നു.പൊടിച്ചായ നീട്ടിയടിക്കുന്നതിനിടെ പലതും പറഞ്ഞ് ബാലന്റെ തൊണ്ടയിടറും.. അത് കാണുമ്പോള്‍ നാട്ടുകാര്‍ പറയും
"പാവം ബാലന്‍...ഓള്‍ക്ക് ഭഗോതി കൊടുക്കും.."
വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു.സുലോചനയുടെ രാവുകള്‍ നിദ്രാവിഹീനങ്ങളായി തന്നെ തുടര്‍ന്നു പോന്നു..
അങ്ങനെയിരിക്കെ മിഥുനമാസം കഴിഞ്ഞ ഒരു ഞാറാഴ്ച നട്ടുച്ചയ്ക്ക് , ഇടിവെട്ടി വിജയനാണ് അയാളെ കാണുന്നത്...
ബസ്സിറങ്ങി ചെമ്മണ്‍പാതയിലൂടെ നടന്ന് വരുന്ന ഒരു രൂപം.!
നല്ല ഒറ്റത്തടിപ്ലാവുപോലെ വീതിയേറിയ നെഞ്ചുമായി കറുത്തിരുണ്ട ഒരു തമിഴന്‍..!!
'മാതാ' യിലെ പൊട്ടിയ ബെഞ്ചില്‍ ഇരുന്നു കണ്ടുതീര്‍ത്ത തമിഴ് പടങ്ങളില്‍ നിന്നും പഠിച്ച മുറിത്തമിഴു വച്ച് ഇടിവെട്ടി അലക്കാന്‍ തുടങ്ങി...
"അണ്ണാ നീങ്കെ യാര്....ഇങ്കെ പുതുസാ...?"
തമിഴന്‍ ചുവന്ന കണ്ണുകള്‍ പുറത്തേക്ക് തള്ളിച്ച് ഭീകരമായി തിരിച്ചു ചോദിച്ചു..
"ഉന്‍ പേരെന്ന..??"
"ആ ശബ്ദത്തില്‍ ഇടിവെട്ടി വിറച്ചു..."
"നാ..ന്‍ ..വിജയ......"
"എന്നത്..??"...തമിഴന്‍ മീശ പിരിക്കാന്‍ തുടങ്ങി..
"കൂനംവെള്ളിത്തറ പാച്ചര്‍ മകന്‍ ഇടിവെട്ടി വിജയന്‍...."
വിത്ത് സര്‍ നെയിം വിജയന്‍ പയറ് പയറ് പോലെ പേര് പറഞ്ഞത് ,അപ്പോള്‍ വീശിയടിച്ച കാറ്റില്‍ ദൃശ്യമായ, തമിഴന്റെ അരയിലെ ബെല്‍ട്ടില്‍ നിന്നും പുറത്തോട്ടു ചാടാന്‍ വെമ്പി നില്‍ക്കുന്ന പതിനാറിഞ്ച് നീളമുള്ള കത്തി കണ്ടപ്പോഴാണ്.
'പസങ്ക' യുടെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ സ്ഥായിയായ രൌദ്രഭാവം വിട്ട് തമിഴന്‍ ശാന്തനായി...
"അതെന്നെടാ..ഉന്‍ പേരില്‍ ഒറു ഇടിവെട്ടി..??"
തനിക്കു ഇടിവെട്ടിയെന്ന പേരുവീഴാനുണ്ടായ സാഹചര്യം വിശദീകരിച്ചു കൊടുക്കാനാവാതെ വിജയന്‍ കുഴങ്ങി..
ആ സംഭവം ഇങ്ങനെയായിരുന്നു.
പണ്ടൊരിക്കല്‍ കുപ്പേരിക്കാവിലെ ഉത്സവത്തിന് ഉദയാഭാനുവിന്റെ ഗാനമേള വരുന്നെന്നു കേട്ടപ്പോള്‍ വില്ലൂന്നിപ്പാടത്തിന്റെ സ്വന്തം 'യുവ' ഗായകനായ വിജയനും പോകണമെന്ന് ആശ വന്നു..അക്കാലം മുടിഞ്ഞ വര്‍ക്കുള്ള ദിവസങ്ങളായിരുന്നു വിജയന്.... എല്ലാ ദിവസവും ബിസി ഷെഡ്യൂള്‍...ബിസി എന്ന് പറയുമ്പോള്‍ സംഗീതം കൊണ്ടല്ല....ചോറും കള്ളുമടിക്കണമെങ്കില്‍ ദിവസവും പണിക്കു പോകണമെന്ന പ്രകൃതിനിയമം വൈകിയാണെങ്കിലും ഉദിച്ചിരുന്നത് കൊണ്ട് രാഘവക്കുറുപ്പിന്റെ പറമ്പില്‍ തെങ്ങിന് തടമെടുപ്പ്, വളമിടീല്‍ തുടങ്ങിയ സ്കില്‍ഡ് വര്‍ക്കുകളുമായി ബിസിയായിരുന്നു വിജയന്‍.അങ്ങനെ ഉദയാഭാനുവിന്റെ ഗാനമേളയുടെ ദിനം വന്നെത്തി..തെങ്ങിന് തടമെടുത്ത് കൊണ്ടിരുന്ന വിജയന്‍ അസ്വസ്ഥനാണ്..കാരണം ഇവിടെ നിന്നും ഒരു രണ്ട് മണിക്കെങ്കിലും പോയാലെ അവിടെ മുന്നില്‍ സീറ്റുകിട്ടുകയുള്ളൂ..മുന്‍പ് കുറേ ദിവസങ്ങളില്‍ പണിക്കിടെ മുങ്ങിയതാണ്.. നേരത്തെ പൊയ്ക്കോട്ടേ എന്ന് കുറുപ്പിനോട് എങ്ങനെ ചോദിക്കും ??..
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ചോദിച്ചു.
വളരെ സന്തോഷകരവും പ്രോത്സാഹന ജനകവുമായ മറുപടിയാണ് രാഘവക്കുറുപ്പില്‍ നിന്നും കിട്ടിയത്.
"അതിനെന്താ വിജയാ നീ അഞ്ച് മണിക്ക് തീര്‍ക്കുന്ന പണി രണ്ട് മണിക്ക് തീര്‍ത്തിട്ടു പൊയ്ക്കോ...ഒരു പത്തു തെങ്ങിന്റെ കൂടി തടം കൊരീട്ടു നെനക്ക് പോകാലോ....."
ആ വാക്കുകള്‍ നല്‍കിയ ഊര്‍ജത്തിലും ആത്മവിശ്വാസത്തിലും വിജയന്‍ ഇടം വലം നോക്കാതെ നിന്നും ഇരുന്നും കിടന്നും തടം കോരി..!!
പത്തല്ല പതിനഞ്ചു തെങ്ങിന്റെ തടം...!!!
രണ്ട് മണിയായപ്പോള്‍ രാഘവകുറുപ്പ് വന്നു നോക്കിയപ്പോള്‍ കണ്ടതെന്താ..?!!
തൂമ്പായും പിടിച്ച് വിജയശ്രീലാളിതനായി വിജയന്‍ നില്‍ക്കുന്നു..!!!.പതിനഞ്ചോളം തെങ്ങുകളുടെ തടം കോരി വളവുമിട്ടിട്ടുണ്ട്..!!
പക്ഷേ അതില്‍ എട്ടെണ്ണത്തോളം ഇടിവെട്ടിയ തെങ്ങുകളായിരുന്നു....!!!!!!!!!!!!
പണി തീര്‍ക്കാനുള്ള തിരക്കില്‍ വിജയന്‍ തെങ്ങിന്റെ മണ്ടയിലേക്ക് നോക്കാന്‍ വിട്ടുപോയതാണ്.....!!
അന്ന് മുതലാണ് വിജയന്‍ ഇടിവെട്ടി വിജയനായി അറിയപ്പെട്ടു തുടങ്ങിയത്.
പക്ഷേ ഇപ്പോള്‍ വിജയന്‍ പണ്ട് ഞെട്ടിയതിനേക്കാള്‍ കൂടുതല്‍ ശക്ത്തിയായി ഞെട്ടുകയാണ്.
കാരണം വന്നിരിക്കുന്ന തമിഴന്‍ ആരാ...??
പണ്ട് സുധാകരനെ കൊന്നു ജയിലില്‍ പോയ ആ സോഡാ സെല്‍വന്‍...!!
വരവ് പാതിരാസുലോചനയെ കാണാനാണെന്നറിഞ്ഞപ്പോള്‍ ഇടിവെട്ടിയൊടോപ്പം വില്ലൂന്നിപ്പാടം മൊത്തത്തില്‍ ഞെട്ടി.
നാട്ടുകാരില്‍ നിന്നും ബാലനെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ സെല്‍വന്‍ നേരെ ചായപ്പീടികയില്‍ കയറിച്ചെന്ന് ബാലനെ പുറത്തേക്ക് വലിച്ചിട്ട് നാലെണ്ണം ചാര്‍ത്തിക്കൊടുത്തു..!!!!!!
എന്താ കഥ?? നാട്ടുകാര്‍ പരസ്പരം നോക്കി...
വഴിതെറ്റി നിലാവത്ത് ഇറങ്ങിവന്ന പിടക്കോഴിയെപ്പോലെ അവിടെയെത്തിയ മിഡ് നൈറ്റ് തങ്കമാണ് അപ്പോഴാ ന്യൂസ് അവിടെ പൊട്ടിച്ചത്..
"വെട്ടുകത്തിയുമെടുത്തു ഭദ്രകാളിയെപ്പോലെ സുലോചന വരുന്നു..!!!!"
തന്റെ പ്രിയനെ തലക്കടിച്ചു കൊന്ന സോഡാ സെല്‍വനെ വെട്ടി സുലോചന പ്രതികാരം തീര്‍ക്കുമെന്നും സെല്‍വന്റെ പതിനാറിഞ്ച് കത്തിയില്‍ സുലോചന തീരുമെന്നും പ്രതീക്ഷിച്ച വില്ലൂന്നിപ്പാടക്കാര്‍ പിന്നെയും ഞെട്ടി.
തന്നെ വെട്ടാന്‍ വന്ന സുലോചനയുടെ കാല്‍ക്കല്‍ വീണു സെല്‍വന്‍ പൊട്ടിക്കരയുന്നു...!!!!.
"പൊറുക്കണം തായേ......ഇന്ത കെട്ടവനെ മന്നിച്ചിട്...."
അപ്പോഴാണ് കഥയുടെ സസ്പെന്‍സും ഫ്ലാഷ് ബാക്കും ട്വിസ്റ്റും ക്ലൈമാക് സും വില്ലൂന്നിപ്പാടത്ത് ഒന്നിച്ചു പൊട്ടിയത്....!!!!
സെല്‍വന്‍ പറഞ്ഞ കഥകേട്ടു ബാലനൊഴികെ വില്ലൂന്നിപ്പാടം മൊത്തം സ്തംഭിച്ചു.
ബാലന്റെ സ്തംഭനം നേരത്തെ കഴിഞ്ഞിരുന്നു... സോഡാ സെല്‍വന്റെ ആദ്യ ചവിട്ടില്‍ തന്നെ വന്ധ്യംകരണം കഴിഞ്ഞ് വില്ലൂന്നിപ്പാടത്തിന്റെ മണ്ണ് വായിലാക്കി സ്തംഭിച്ചു കിടക്കുകയായിരുന്നു ബാലന്‍.
കഥ ഇങ്ങനെയായിരുന്നു...
പണ്ട് മദ്രാസില്‍ സുലോചനെയെ തേടി അലഞ്ഞ ബാലന്‍ സുധാകരനെയും സുലോചനയെയും കണ്ടെത്തിയ സമയം...
രണ്ടുപേരും കല്യാണം കഴിച്ചു സുഖമായി ജീവിക്കുകയാണെന്നു മനസ്സിലാക്കിയ ബാലനില്‍ പ്രതികാരചിന്തകള്‍ ഉടലെടുത്തു..രണ്ടിനെയും കൊല്ലണം..തന്നെ ചതിച്ച് അവരങ്ങനെ ജീവിക്കേണ്ട..അതിനായി കരുക്കള്‍ നീക്കി...കായബലം ഏറെയുള്ള സുധാകരനെ കൊല്ലാന്‍ താന്‍ വിചാരിച്ചാല്‍ മതിയാവില്ല..അതിനായി ചായഗ്ലാസ് കഴുകിക്കിട്ടിയ പൈസ ചേര്‍ത്ത് വച്ച് ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി കൊട്ടേഷന്‍ കൊടുത്തു..ഗുണ്ട സോഡാ സെല്‍വന് സുധാകരനെ കാണിച്ചു കൊടുത്തപ്പോഴാണ് സംഭവം പിടികിട്ടിയത്.ആള്‍ സെല്‍വന്റെയും ശത്രുവാണ്...ഒരാളെ കൊല്ലാനൊന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ ഭാര്യയെ സുധാകരന്‍ പിടിച്ചോണ്ട് പോയി കൂടെ പൊറുപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് സെല്‍വനെ കണ്‍വിന്‍സ് ചെയ്യിച്ചു, ബാലന്‍.
അങ്ങനെ സുധാകരന്റെ പണി തീര്‍ന്നു.സെല്‍വന്‍ അപ്രതീക്ഷിതമായി ജയിലിലുമായി.
പിന്നീട് കാലങ്ങള്‍ക്ക് ശേഷം ഭക്തിമാര്‍ഗം സ്വീകരിച്ചു നല്ലവനായിത്തീര്‍ന്ന സെല്‍വന്‍ സുലോചന വില്ലൂന്നിപ്പാടത്തുണ്ടെന്നറിഞ്ഞപ്പോള്‍ കണ്ടു മാപ്പ് പറയാന്‍ വന്നതാണ്..!!
അങ്ങനെ വില്ലൂന്നിപ്പാടത്ത് സുലോചന വീണ്ടും സ്റ്റാറായി.!!
ഹീറോയായിരുന്ന ബാലന്‍ സീറോയുമായി..!!
പിന്നീട് വില്ലൂന്നിപ്പാടത്തെ പൌരത്വം സ്വീകരിച്ച് സെല്‍വന്‍ അവിടത്തുകാരിലൊരാളായി മാറുകയുണ്ടായി.
രാഗേന്ദു കിരണങ്ങള്‍ മിക്കദിവസങ്ങളിലും ഒളി വീശി..രജനീകദംബങ്ങള്‍ ചിലപ്പോഴൊക്കെ മിഴിചിമ്മി....
എന്നിരുന്നാലും സുലോചനയുടെ രാവുകള്‍ പിന്നെയും നിദ്രാവിഹീനങ്ങളായി തന്നെ തുടര്‍ന്നു പോന്നു.
കൂടെ പലപ്പോഴും സെല്‍വന്റെയും,ചിലപ്പോഴൊക്കെ ഇടിവെട്ടി വിജയന്റെയും, ബാര്‍ബര്‍ ശശിയുടെയും, ഉടുമ്പ് രാജന്റെയും,കമ്യൂണിസ്റ്റ് ബാബുവിന്റെയും....................................................!!!!
അങ്ങനെയങ്ങനെ.......
.
Labels:
നര്‍മ്മം
8 December 2009
ഒരു 'യുവബ്ലോഗന്റെ' വിലാപങ്ങള്‍....

തൂലിക (സോറി വിരല്‍) പടവാളാക്കണം എന്ന് നിശ്ചയിച്ചുറപ്പിച്ചതുകൊണ്ടാണ് യുവബ്ലോഗന്‍ തന്റെ ഡയല്‍ അപ്പ് കണക്ഷന്‍ മാറ്റി ബ്രോഡ് ബാന്‍ഡ് എടുത്തത്.
പോക്കറ്റ് അത്ര ബ്രോഡ് അല്ലാത്തത് കൊണ്ട് എംബികളെ മറന്നു കൊണ്ട് അയാള്‍ കെബികളെ സ്നേഹിച്ചു . കെബി കളില്‍ നിന്നും എംബി കളില്‍ എത്തി നില്‍ക്കുന്ന ജീവിതതാളം മാറുന്ന ലോകത്തിന്റെ മൂല്യച്ചുതി വെളിപ്പെടുത്തുന്നുവോ എന്ന ആശങ്ക പങ്കുവയ്ക്കാനായി അയാള്‍ ജി-ടാക്കിലെ തന്റെ ബ്ലോഗ് ഗുരുവിനു മെസ്സേജ് അയച്ചു...
ബ്ലോഗ് ഗുരു അന്റാര്‍ട്ടിക്കയിലെ തന്റെ ഗ്രൂപ്പ് സഹബ്ലോഗനുമായി കൂലങ്കഷമായ ജി ടാക്കിലായിരുന്നു..!!
...മലയാളഭാഷയിലെ സാംസ്കാരിക നായകന്മ്മാര്‍ക്കും അച്ചടി മാധ്യമങ്ങള്‍ക്കും ബ്ലോഗുകളോടുള്ള വിരക്തിയെപ്പറ്റി അന്റാര്‍ട്ടിക്കന്‍ പ്രവാസി ബ്ലോഗറോട് രോഷം കൊള്ളുന്നതിനിടെയാണ് യുവബ്ലോഗന്റെ 'ഹായ് ' അയാള്‍ കാണുന്നത്.....
അന്റാര്‍ട്ടിക്കയില്‍ 'ഷിവാസ് റീഗലി'ന്റെയും വാടാനപ്പള്ളീല്‍ 'ഓപീയാറി'ന്റെയും കുപ്പികള്‍ ഏതാണ്ടൊരേ സമയത്തു തന്നെ ഒഴിഞ്ഞിരുന്നത് കൊണ്ട് മാത്രം ഗുരു കയ്യിലെ കാലി ഗ്ലാസ് താഴെ വച്ച് ശിഷ്യന് റിപ്ലേ അയച്ചു..
''യെസ് ശിഷ്യാ..പറയൂ..''
''ഒരു പുതിയ പോസ്റ്റിനുള്ള തീം കിട്ടിയിട്ടുണ്ട് ഗുരോ....അതു താങ്കളുമായി ചര്‍ച്ച ചെയ്യാം എന്ന് വിചാരിച്ചു...''
''പറയൂ...എനിക്കുറപ്പാണ് നിന്നെപ്പോലെ ഒരു പ്രതിഭാധനനായ യുവ ബ്ലോഗന്റെ തലയില്‍ നല്ല നല്ല ആശയങ്ങള്‍ ഉണ്ടെന്ന്.....''
''ബ്ലോഗില്‍ പിച്ചവെക്കാനും അപ്പിയിടാനും എന്നെ പഠിപ്പിച്ച എന്റെ പ്രിയ ബ്ലോഗ് ഗുരുവിന് ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.....'' എന്നൊരു കമന്റ് യുവബ്ലോഗന്റെ പുതിയ പോസ്റ്റിനു കീഴെവരാന്‍ സാധ്യതയുണ്ടെന്നോര്‍ത്തപ്പോള്‍ ബ്ലോഗ് കവിഗുരു സന്തുഷ്ടനായി..
''ടെക്നോളജിയുടെ പുരോഗതിയില്‍ ജീവിത താളം എങ്ങനെ വ്യത്യാസപ്പെടുന്നു എന്നാണ് ഞാന്‍ ചിന്തിക്കുന്നത്...ലോകത്തിനു വേഗം കൂടുന്നതിനനുസരിച്ച് ജീവിതത്തിന്റെ സ്പന്ദനം മാറുന്നുവോ..''
ഗുരു അല്‍പ്പനേരം ചിന്തയിലാണ്ടു...
''നല്ല തീം..നര്‍മത്തില്‍ ചാലിച്ചാണോ എഴുതുന്നത്..?''
''ചാലിക്കണമെന്നുണ്ട്...പക്ഷെ എനിക്ക് നര്‍മം വഴങ്ങുമോ എന്ന് സംശയമാണ് ഗുരോ..''
''നര്‍മത്തില്‍ ചാലിച്ചില്ലെങ്കില്‍ ഒരു തുടക്കക്കാരന്റെ ബ്ലോഗ് ശ്രദ്ധിക്കപ്പെടാന്‍ പ്രയാസമാണ് ശിഷ്യാ...''
യുവബ്ലോഗന്റെ രക്തം തിളച്ചു...തിളച്ച രക്തം അയാള്‍ ഗുരുവുമായി പങ്കുവച്ചു..
''ഈ ബൂലോഗം ശരിയല്ല....കുറെ ഗള്‍ഫുകാര്‍ ഒരു പണിയുമില്ലാതെ പൂത്ത പൈസയുമായി ഓഫീസുകളില്‍ നര്‍മം ചാലിച്ച ചവറുകളും വായിച്ചു സമയം കൊല്ലുന്നു..!! കേരളത്തിലെ അടിസ്ഥാന വര്‍ഗം ബ്രോഡ് ബാന്‍ഡ് കണക്ഷന് മാസാമാസം എണ്ണികൊടുക്കേണ്ട 250 രൂപയെക്കുറിച്ച് വ്യാകുലപ്പെടുന്നത് കാണുമ്പോള്‍ ഇവര്‍ക്കൊക്കെ പുച്ചവും...ഇതിലൊക്കെ പ്രതികരിക്കേണ്ട സമയമായിരിക്കുന്നു.''
''പ്രതികരിക്കണം തീര്‍ച്ചയായും പ്രതികരിക്കണം കപടനൊസ്റ്റാള്‍ജിയയും പറഞ്ഞു കരയുന്ന ഇവന്മ്മാരെ നമ്മള്‍ വെളിച്ചത്തു കൊണ്ട് വരേണ്ടിയിരിക്കുന്നു...''
......പിന്നെ ശിഷ്യാ..എനിക്ക് അത്യാവശ്യമായി ഒന്നു പുറത്തു പോകണം...മനസ്സിലുള്ളതെല്ലാം എഴുതൂ..നിങ്ങളെപ്പോലുള്ളവര്‍ നാളെകളുടെ വാഗ്ദാനങ്ങളാണ്...''
തന്റെ NRI ആരാധിക ഓണ്‍ലൈനില്‍ വന്നത് കണ്ടപ്പോള്‍ ഗുരു പതുക്കെ തടിയൂരി...പച്ചപുതച്ച മല നാടുവിട്ടു മരുഭൂമിയില്‍ കുടിയേറേണ്ടി വന്ന ആരാധികയുടെ ദുഖത്തില്‍ അയാള്‍ ഇന്‍വിസിബിള്‍ മോഡില്‍ പങ്കുചേര്‍ന്നു. അവള്‍ക്ക് വേണ്ടി മാത്രമായെഴുതിയ ഗൃഹാതുരത്വം നിറഞ്ഞ കവിത ഹെഡ് ഫോണിലൂടെ പാടിക്കേള്‍പ്പിച്ചു...കോപ്പിറൈറ്റ് ഇല്ലാത്ത ബ്ലോഗ് പോലെ വിശാലമായ ആരാധികാ ഹൃദയം തരളിതമായി.. പുഴയോരത്തു കറങ്ങി നടക്കുകയായിരുന്ന രമണന്റെ ആത്മാവ് പോലും അതു കേട്ടു നാണിച്ചു പോയി.......
യുവബ്ലോഗന്‍ പക്ഷെ തീര്‍ത്തും വ്യാകുലനായിരുന്നു....അയാളുടെ മനസ്സിലൂടെ ചിന്തകള്‍ അന്തമില്ലാതെ ഓടിനടന്നു..
എങ്ങനെ ഫെയ്മസാകാം...??
നര്‍മം ചലിച്ചാല്‍ ഫെയ്മസാകുമോ...എന്തെഴുതും...എങ്ങനെയെഴുതും...എങ്ങനെ അറിയപ്പെടുന്ന ഒരു 'മുതിര്‍ന്ന' ബ്ലോഗറാകും..?
കീബോര്‍ഡില്‍ കുരുക്ഷേത്രം തീര്‍ക്കാനുള്ള തന്റെ വിരലുകള്‍ക്കു ശക്തി പകരാനായി അയാള്‍ ഗുരുക്കന്മാരെ മനസ്സില്‍ നമിച്ചു....
512MB ഇന്റര്‍നെറ്റ് സ്പീഡിന്റെ ആവേശത്തള്ളിച്ചയില്‍ കിടിലന്‍ പോസ്റ്റുകളിടാനുള്ള വ്യഗ്രതയില്‍
അയാള്‍ തന്റെ രണ്ടാം ബ്ലോഗ് ഗുരുവിന്റെ മൊബൈല്‍ നമ്പര്‍ ഞെക്കി....
രണ്ടാം ബ്ലോഗ് ഗുരു നാലാമത്തെ പെഗ്ഗിലായിരുന്നു....
ബൂലോഗത്തെ ഒരു തുറന്ന വിഴുപ്പലക്കലിന്റെ (aka , ''The Thirteenth Comment War'' ) ഭാഗമായി 'പുള്ളിപ്പുലി സീരീസില്‍' നിന്നും 'കഴുതപ്പുലി സീരീസിലേക്ക് ' ഡൌണ്‍ഗ്രേഡ് ചെയ്യപ്പെട്ട രണ്ടാം ബ്ലോഗ് ഗുരു ,പാതിരാത്രി മൊബൈലില്‍ വന്ന കോള്‍ ലീവില്‍ നാട്ടില്‍ വന്ന വല്ല പ്രവാസി ബ്ലോഗറുടെതും ആകണേ എന്ന പ്രാര്‍ത്ഥനയിലാണ് അറ്റന്‍ഡ് ചെയ്തത്.....
തുറന്നു വച്ച സ്കോച്ച് കുപ്പിക്കപ്പുറമിപ്പുറം ബൂലോഗചര്‍ച്ചയുടെ മൊരിഞ്ഞ കോഴിമണം മനസ്സില്‍ കണ്ടു കൊണ്ട് അയാള്‍ സംസാരിക്കാനാരംഭിച്ചു...
''യെസ്...ബ്ലോഗ്ഗര്‍______ഹിയര്‍.........''
പക്ഷെ മറുതലയ്ക്കല്‍ ഇതുവരെ അഞ്ച് കമന്റ് തികച്ചു കിട്ടിയിട്ടില്ലാത്ത ദരിദ്രവാസി യുവബ്ലോഗനാണെന്ന റിഞ്ഞപ്പോള്‍ രണ്ടാം ബ്ലോഗ് ഗുരുവിനു ദേഷ്യം അരിച്ചു കയറി...പിന്നെ തന്റെയൊരു സ്ഥിരം കമെന്റെഴുത്തു കാരനെ പിണക്കേണ്ടെന്നുകരുതി മാത്രം അയാള്‍ യുവബ്ലോഗനോട് സംസാരിച്ചു...
''ഇതുവരെ ആരും പറയാത്ത അല്ലെങ്കില്‍ തൊട്ടാല്‍ പൊട്ടുന്ന വിഷയങ്ങളുമായി വരൂ അതു ചര്‍ച്ചക്കിട്ടു ഞാന്‍ തന്നെ ഫെയ്മസാക്കിത്തരാം...''
''അതിനിപ്പോ അങ്ങനുള്ള വിഷയങ്ങള്‍ ഇപ്പൊ.....ലവ് ജിഹാദ് മാര്‍ക്കറ്റ് കഴിഞ്ഞില്ലേ...വേറെന്താ ചൂടുള്ള ഒരു സബ് ജെക്റ്റ്...''
''അതു താന്‍ കണ്ടു പിടിക്കണം....''
രണ്ടാം ബ്ലോഗ് ഗുരുവും ഫോണ്‍ കട്ട് ചെയ്തു....
ഫെയ്മസാകാനുള്ള ത്വരയില്‍ യുവ ബ്ലോഗന് ഇരിപ്പുറച്ചില്ല..അയാള്‍ വീണ്ടും അന്തമില്ലാതെ ചിന്തിച്ചു കൊണ്ടിരുന്നു....
പാലായിലെ ഗള്‍ഫുകാരന്റെ അടച്ചിട്ട വീട് പോലെ അനാഥമായിപ്പോയേക്കാവുന്ന തന്റെ ബ്ലോഗ് മനസ്സില്‍ കണ്ടപ്പോള്‍ അയാള്‍ വീണ്ടും ഇരുന്നും നിന്നും കിടന്നും ടോയ് ലെറ്റില്‍ പോയിരുന്നും ആലോചിച്ചു....
ഒട്ടേറെ മഹാന്മാര്‍ക്ക് വെളിപാടുണ്ടായ ടോയ് ലെറ്റ് സീറ്റില്‍വച്ച് അയാളിലും പുത്തന്‍ ആലോചനകളുടെ വെള്ളിടികള്‍ വെട്ടിത്തുടങ്ങി....
''എന്ത് കൊണ്ട് അറിയപ്പെടുന്ന ഒരു കഥാപാത്രത്തെ തന്റെതായ രീതിയില്‍ മാറ്റി എഴുതിക്കൂടാ..?''
എം.ടി , ചതിയന്‍ ചന്തുവിനെ നല്ലവനാക്കി ഫെയ്മസായില്ലേ..?
അതു പോലെതന്നെ....!
തന്റെ ഭാവന പ്രദര്‍ശിപ്പിച്ചു കൊണ്ട് അയാള്‍ ആര്‍ക്കിമിഡീസിനേക്കാളും വേഗത്തില്‍ ഇറങ്ങിയോടി...
തന്റെ പുത്തന്‍ ആശയം ബ്ലോഗ് ഗുരുക്കന്‍മാര്‍ ചൂണ്ടിയേക്കും എന്ന ചിന്തയില്‍ ആരോടും ചര്‍ച്ച ചെയ്യാതെ കഥാപാത്രങ്ങളോട് നേരിട്ട് തന്നെ സംവേദിക്കാന്‍ തീരുമാനിച്ചു...
ചരിത്രത്തിലെയും പുരാണങ്ങളിലെയും ക്രൂര കഥാപാത്രങ്ങളെ എടുത്തു നല്ലവരാക്കണം...അങ്ങനെ തന്റെ പോസ്റ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടണം..കമന്റുകള്‍ കുന്നു കൂടണം...ബൂലോഗ അഭിമുഖങ്ങള്‍ വരണം..കോക്കസുകള്‍ രൂപം പ്രാപിക്കണം...നല്ലതോ ചീത്തയോ എന്ന അസ്തിത്വപ്രശ്നം അടിസ്ഥാനമാക്കുന്ന തന്റെ പോസ്റ്റുകള്‍ ബൂലോഗത്തിന്റെ ഓരോ കോണിലും ചര്‍ച്ച ചെയ്യപ്പെടുന്നത് മനസ്സിലൂടെ കടന്നുപോയപ്പോള്‍ അയാളുടെ ദേഹത്തെ രോമങ്ങള്‍ എണീറ്റു നിന്നു അവയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു...
പക്ഷെ ആരെ ആദ്യം നല്ലവനാക്കും?..ഒരു കിടിലന്‍ ദുഷ്ടകഥാപാത്രത്തെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു....
പക്ഷെ അയാളില്‍ ഒട്ടും നന്മ പാടില്ല....എന്നാലേ അതു ചര്‍ച്ച ചെയ്യപ്പെടൂ...
ദുര്യോധനനെയും രാവണനെയും കീചകനെയുമെല്ലാം പലരും പലപ്പോഴായി നന്നാക്കി നോക്കിയതാണ്.. ....കീരിക്കാടന്‍ ജോസിനെയാണെങ്കില്‍ ലോഹിതദാസ് ഓള്‍റെഡി നല്ലവനാക്കി കഴിഞ്ഞു....പിന്നെ മുണ്ടക്കല്‍ ശേഖരന്‍,ഹിറ്റ് ലെര്‍,ഈദി അമീന്‍ ...എന്ന് തുടങ്ങി നാഥുറാം ഗോഡ് സേ വരെ ധീരനായകന്‍മാരായി ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു...!!
ദുഷ്ടകഥാപാത്രങ്ങളെ കിട്ടാതെ യുവബ്ലോഗന്‍ നട്ടം കറങ്ങി.....
ലേറ്റസ്റ്റ് ദുഷ്ടന്‍ തടിയന്റവിട നസീറാണ്....
പിന്നെ വേണമെങ്കില്‍.... അജ്മല്‍ കസബ്...!!
ആന്റി ടെററിസ്റ്റ് സ്ക്വാഡ് പാതിരാത്രി ഹെലി കൊപ്ടറില്‍ തൂങ്ങിയിറങ്ങി വീടിന്റെ ഓടിളക്കി അകത്തു കയറുന്നത് മനസ്സിലോര്‍ത്തപ്പോള്‍ അവരെയും വിട്ടു...
ദൈവമേ ഈ ലോകത്ത് ദുഷ്ടകഥാപാത്രങ്ങള്‍ക്ക് ഇത്രയും ക്ഷാമമോ..??
യുവബ്ലോഗന്‍ വീണ്ടും വിവശനായി ....വേറെന്തെങ്കിലും വഴികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു....
ഒരുഗ്രന്‍ ലവ് സ്റ്റോറി എഴുതിയാലോ...
സെന്റിമെന്റ്സ് പാക്ക്ഡ് റൊമാന്റിക് സ്റ്റോറി....
നല്ല മാര്‍കെറ്റ് ആയിരിക്കും...സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ചെല്ലക്കിളികള്‍ ഒരുപാടെണ്ണം നിലാവത്ത് ഇറക്കിവിട്ട പിടക്കോഴികളെ പോലെ ഓണ്‍ലൈന്‍ കയറിയിറങ്ങി നടപ്പുണ്ട്...സെന്റിയില്‍ വീഴാത്ത പെണ്‍പിള്ളേരുണ്ടോ..ഒത്താല്‍ പോസ്റ്റ് കേറി ഹിറ്റാകും...
മേമ്പോടിക്ക് അല്‍പ്പം നൊസ്റ്റാള്‍ജിയയും ചേര്‍ക്കാം.....!!
സമയം രാത്രി പത്തര ആയിരുന്നത് കൊണ്ട് മാത്രം യുവബ്ലോഗനിലെ ക്ഷോഭിക്കുന്ന യുവത്വം ലോലവും തരളവുമായി...
അല്ലെങ്കിലും സീരിയസ് ചവറുകള്‍ ഇവിടെ ആരുവായിക്കാന്‍...!
അയാള്‍ ഒന്നാം ബ്ലോഗ് ഗുരുവിന്റെ ഉപദേശമോര്‍ത്തു....
''നര്‍മത്തില്‍ ചാലിച്ച അനുഭവക്കുറിപ്പുകള്‍..''..!!!
അനുഭവങ്ങളുണ്ട്..ഇല്ലെങ്കില്‍ ഉണ്ടാക്കാം..പക്ഷെ ചാലിക്കാനുള്ള നര്‍മം മാത്രം എത്ര കറന്നിട്ടും വരുന്നില്ല....അപ്പൊ പിന്നെ സെന്റിയും പ്രേമവും തന്നെ രക്ഷ..
പ്രേമത്തിന്റെ അവസാന വാക്കായിരുന്ന പഴയ ഒന്‍പതു ബി യിലെ ഒടുക്കത്തെ സുന്ദരി സുഹറ കെ.പി യെ മനസ്സില്‍ ധ്യാനിച്ച് അയാള്‍ കഥയെഴുതാനിരുന്നു...
ഇനി മൂഡ് ക്രിയേറ്റു ചെയ്യണം....
മനസ്സ് തരളിതവും വികാരലോലവുമാക്കി....ഈസ്റ്റ് കോസ്റ്റിന്റെ പാട്ടുവച്ചു....
കഥയില്‍ നായകനും നായികയും വില്ലനും വേണം...കേരളത്തിന്റെ തളിരും കുളിരും വേണം...
പ്രവാസികള്‍ നൊസ്റ്റാള്‍ജിയ അടിച്ചു പണ്ടാരമാകണം...
യുവബ്ലോഗന്റെ മനസ്സിലേക്ക് ഒരു സുന്ദരന്‍ പ്രണയ കഥ പെയ്തിറങ്ങി.....
കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...അറുപതുകളില്‍ നടക്കുന്ന കഥ....റോഡും ബസ്സും തീവണ്ടിയുമില്ലാത്ത ആലപ്പുഴയിലെ ഒരു ഗ്രാമം...യാത്ര വള്ളങ്ങളില്‍ മാത്രം......നായിക സ്ഥലത്തെ പ്രമാണിയുടെ മകള്‍... ഉയര്‍ന്ന നായര്‍ തറവാട്ടിലെ അംഗം...പേര് ശ്രീദേവി...നല്ല വിദ്യാഭ്യാസം...നായകന്‍ ഒരു ഏഴാം കൂലി ആകണം...പണിയൊന്നുമില്ലാതെ ഉത്സവപ്പറമ്പുകളില്‍ മുച്ചീട്ടും കളിച്ചു തെണ്ടി നടക്കുന്ന ഒരുവന്‍...പക്ഷെ സ്നേഹസമ്പന്നന്‍...പേര് ദാസന്‍....
പക്ഷെ ഇവരുടെ പ്രമം എവിടെ തളിരിടും..പൂവിടും..കായ്ക്കും..???
ആലപ്പുഴയല്ലേ സ്ഥലം....
അപ്പൊ തോണിയില്‍ തുടങ്ങാം പ്രേമം...NRI ക്കാര്‍ക്കൊക്കെ നല്ലോണം ഇഷ്ടപ്പെടും...
നാട്ടിലെ പ്രശസ്ത തച്ചന്‍ പണിത കിടിലന്‍ വള്ളം...കായലിലൂടെയുള്ള യാത്ര...ആ യാത്രയില്‍ ഇവരുടെ പ്രണയത്തിനു തളിരിടീക്കാം...
ശ്രീദേവിയും ദാസനും തോണിയില്‍ വച്ചു ലൈനാവുന്നു...!!
യാത്രയ്ക്കിടയിലെ ഇവരുടെ ലൈനടി ശ്രീദേവിയുടെ അമാവന്റെ മോനും മുറചെറുക്കനുമായ ദിവാകരന്‍ കാണുന്നു...അവിടെ കുറെ സെന്റി...
പക്ഷെ ദാസനിലെ ഹീറോയെയും ദിവാകരനിലെ വില്ലനെയും പുറത്തു കൊണ്ട് വരണം...എങ്ങനെ..
ഒരു ഐഡിയ....
യാത്രക്കിടയില്‍ കായലില്‍ തോണി മറയട്ടെ...അപ്പോള്‍ ദിവാകരന്‍ ശ്രീദേവിയെ രക്ഷിക്കാന്‍ മിനക്കെടാതെ സ്വന്തം കാര്യം നോക്കി പോകണം..ദാസന്‍ സ്വന്തം ജീവന്‍ പോലും മറന്നു ശ്രീദേവിയെ രക്ഷിക്കണം....
ആ സാഹസത്തില്‍ ദാസന്‍ മുങ്ങി മരിക്കട്ടെ...അപ്പൊ സെന്റി കുറെ കൂടി വര്‍ക്ക്‌ഔട്ട് ആകും.....
വേണമെങ്കില്‍ കഥ ഫ്ലാഷ് ബാക്ക് ആയി ശ്രീദേവിയുടെ ഓര്‍മകളിലൂടെയും പറയാം...
കൊച്ചു മക്കള്‍ക്ക് മുന്നില്‍ പഴയ പ്രണയ കഥ അയവിറക്കുന്ന നായിക..!!
അപ്പോള്‍ നൊസ്റ്റാള്‍ജിയക്ക് ഇത്തിരി കട്ടി കൂടും....!!
യുവബ്ലോഗനു സന്തോഷം കൊണ്ടിരിക്കാനാവാതെ വന്നു...
''കണ്ണു നനയിച്ചു''...''മനസ്സ് നൊന്തു''...''ഹൃദയത്തെ സ്പര്‍ശിച്ചു'' എന്നുള്ള കമന്റുകളൊക്കെ കിട്ടും...
ഫോളോവേര്‍സ് ലിസ്റ്റില്‍ പെമ്പിളേരുടെ എണ്ണം കൂടി വരും...!!
അത്യധികം ആഹ്ലാദത്തോടെ ഒരു ബ്ലോഗ് പുലിയുടെ ഉദയം സ്വപ്നം കണ്ടുകൊണ്ടു അയാള്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി...
രാത്രി ഒന്നരയോടെ എഴുതിത്തീര്‍ത്തു..ഒന്നു കൂടി വായിച്ചു നോക്കിയപ്പോള്‍ അയാള്‍ സ്വയം കുളിര് കോരി....ഗ്രാമ വിശുദ്ധിയുള്ള അനശ്വര പ്രണയകഥ..കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...
ഗള്‍ഫ് പ്രവാസികളും ഐ.ടി ചെല്ലക്കിളികളും എല്ലാം വീഴും...!!
കഥ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് യുവബ്ലോഗന്‍ സെറ്റിംഗ്സ് എല്ലാം ഒന്നു കൂടി പരിശോധിച്ചു.......സകല അഗ്രഗേറ്റരുകളിലും വരണം....
കഥയുടെ ഫീലില്‍ താന്‍ മുന്‍പു ക്രോസ് ഫയര്‍ ചെയ്ത സകല ദുഷ്ട കഥാപാത്രങ്ങളെയും ബ്ലോഗ് ഗുരുക്കന്മാരേയും മറന്നു കൊണ്ട് അയാള്‍ കഥ പോസ്റ്റ് ചെയ്തു....
സിസ്റ്റം ഓഫ് ചെയ്തു വളരെ സംതൃപ്തിയോടെയാണ് അയാള്‍ ഉറങ്ങാന്‍ കിടന്നത്...അസ്തിത്വ പ്രശ്നങ്ങളും ആനുകാലിക സംഭവങ്ങളും ജീവിതാനുഭവങ്ങളും പോയി തുലയട്ടെ....ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന പ്രണയ കഥകള്‍ വാഴട്ടെ...രചനയുടെ ഗര്‍ഭധാരണവും പ്രസവവും എല്ലാം ഒരുമിച്ചു കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ അയാള്‍ തളര്‍ന്നുറങ്ങി......
താന്‍ 'മുതിര്‍ന്ന ബ്ലോഗ്ഗര്‍' ആയിത്തീരുന്നത് സ്വപ്നവും കണ്ടു....
പിറ്റേ ദിവസം ബ്ലോഗ് ഓപ്പണ്‍ ചെയ്യുമ്പോള്‍ യുവബ്ലോഗന്‍ ആകെ ത്രില്ലിലായിരുന്നു....
ആരായിരിക്കും ആദ്യ കമന്റ് ഇട്ടിട്ടുണ്ടാവുക..?? എന്തായിരിക്കും റെസ്പോണ്‍സ്..?
പോസ്റ്റിനു കീഴെ സിക്സ് കമന്റ്സ് എന്ന് കണ്ടതും അയാളുടെ ഹാര്‍ട്ട് ആവശ്യമില്ലാത്ത വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി...
ആദ്യ കമന്റ് തന്നെ ഒരനോണിക്കമന്റ്റ് ആയിരുന്നു.......
അതു ഇപ്രകാരമായിരുന്നു..
''അല്ലിഷ്ട്ടാ തന്റെയീ കഥ....ഇത് ''ടൈറ്റാനിക് '' അല്ലേ.!!!....അടിച്ചു മാറ്റല്‍ ഇങ്ങനെയുമുണ്ടോ...??!!!!!!''
യുവബ്ലോഗന്‍ വിവശനായി...
''ഒരു തേങ്ങ പ്രതീക്ഷിച്ചു വന്നപ്പോള്‍ എന്റയര്‍ തേങ്ങാക്കുല തന്നെ കിട്ടിയിരിക്കുന്നു....!!''
അടുത്ത കമന്റ് സനോണിയായിരുന്നു...അതും ഒരു ബ്ലോഗിണിയുടേത്...
വസ്തുനിഷ്ഠമായ പഠനം തന്നെ നടത്തിയിരിക്കുന്നു കുമാരി ബ്ലോഗിണി....
''മനോഹര കഥ....ഇത് നമുക്ക് സിനിമയാക്കിയാലോ...?
മുച്ചീട്ട് കളിക്കാരന്‍ ദാസന്‍ - ഡി കാപ്രിയോ...!!!
കര പ്രമാണിയുടെ മകള്‍ ശ്രീദേവി - കെയ്റ്റ് വിന്‍സ് ലെറ്റ്...!!!
പശ്ചാത്തലം - വേമ്പനാട്ടു കായല്‍.......!!!!!!!!!!!!!''
..........കൂടുതല്‍ വായിക്കാന്‍ നില്‍ക്കാതെ യുവബ്ലോഗന്‍ സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്തു........
ആ ബ്ലോഗില്‍ തുടര്‍ന്നു വന്ന കമന്‍റുകളെല്ലാം നര്‍മം ചാലിക്കാത്ത, തീഷ്ണമായ ജീവിതാനുഭവങ്ങള്‍ സമ്മാനിക്കുന്നവ തന്നെയായിരുന്നു.....
.
Labels:
നര്‍മ്മം
22 September 2009
ദോഹ കടപ്പുറത്തെ ബ്ലോഗര്‍മാര്‍...(Doha bloggers meet 2009)
പെരുന്നാളിന്റെ സുന്ദരന്‍ ബിരിയാണി മയക്കത്തിനിടയിലും അയല്‍ റൂമുകാരന്‍ ഗുല്‍സാറിനെയും ചവിട്ടിയെഴുന്നെല്‍പ്പിച്ചു കോര്‍ണിഷ് ലേക്ക് (ന്നു വച്ചാ....കടാപ്പുറം) പോകുമ്പോള്‍ മജ്ജയും മാംസവുമായി ജീവനോടെ ഒരു ബ്ലോഗറെയെങ്കിലും കാണാമല്ലോ എന്നായിരുന്നു മനസ്സില്‍
എന്നിട്ടോ??....
കണ്ടു ഒന്നിനെയല്ല ഒരുപാടെണത്തിനെ.....
നല്ല നീളോം വീതീം വണ്ണോം ഒക്കെയുള്ള കിടിലന്‍ ബ്ലോഗര്‍മാര്‍....കൂട്ടത്തില്‍ ചില പുലികളും സിംഹങ്ങളും.....
ദോഹ അമീറിന്റെ കൊട്ടാരത്തിനടുത്തുള്ള 'അല്‍ ബിധ' പാര്‍ക്ക് ആയിരുന്നു സ്ഥലം...കുളിച്ചു കുപ്പായവുമിട്ട് സ്പ്രേ ഒക്കെ അടിച്ച്... മിസ്തുബിഷീം എടുത്ത് പുറത്തേക്കിറങ്ങി...കൂട്ടത്തില്‍ മട്ടന്‍ ബിരിയാണീം അടിച്ച് മയങ്ങികിടക്കുവായിരുന്ന ഗുലുവിനേം എടുത്ത് വണ്ടീലിട്ടു...(ബ്ലോഗന്മാരുടെ അടുത്തോട്ടാണ് പോക്ക് ഏത് ടൈപ്പ് ആള്‍ക്കാരാ എന്നറിയില്ലല്ലോ..ധൈര്യത്തിന് ലവനും കിടക്കട്ടെ...) പോണപോക്കില്‍ ഒരു 'ഫെരാരി'ക്കാരന്‍ അറബി പിറകിലൂടെ വന്നു ഞമ്മടെ 'മിസ്തുബിഷീനെ' ഒന്നു ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു...''ടു ലിറ്റര്‍ എഞ്ചിനോടാണോടാ നിന്റെ കളി''... എന്നും പറഞ്ഞു ഒന്നു ചവിട്ടിവിടാന്‍ നോക്കിയതാണ്...പക്ഷെ...'ശൂം'.. എന്നൊരു സൌണ്ട് മാത്രമെ കേട്ടുള്ളു......മുന്നിലും ബാക്കിലും സൈഡിലും ഫെരാരീടെ പൊടിപോലുമില്ല...
അറബി ഓവര്‍ടേക്ക് ചെയ്തുപോയതിന്റെ സൌണ്ട് ആയിരുന്നു ആ 'ശൂം' എന്ന് ഗുലു പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്..........
എന്തായാലും വൈകുന്നേരം അഞ്ചു മണിയായത് കൊണ്ടു അല്‍ ബിധ പാര്‍ക്കിന്റെ സൈഡില്‍ ഒരു പാര്‍ക്കിംഗ് പ്ലേസ് കിട്ടി......അങ്ങനെ സന്തോഷത്തോടെ കീയും കയ്യിലിട്ടു കറക്കി പാര്‍ക്കില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് സെക്യൂരിറ്റിക്കാരന്‍ നേപ്പാളിവന്നു പറയുന്നത്...
''പാര്‍ക്കില്‍ കയറാന്‍ പറ്റില്ല ഇന്നു 'ഫാമിലി ഡേ' ആണ്..''.....!!!!!!!!!!!
(ഒരു അവിവാഹിതന്റെ വിലാപങ്ങള്‍ എന്ന ഒരു പോസ്റ്റ് ഞാന്‍ ഉടന്‍ തന്നെ പുറത്തിറക്കുന്നത് കൊണ്ടു അപ്പോഴത്തെ എന്റെ വികാര വിചാരങ്ങളെ ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നില്ല...)
ഞാന്‍ ഗുല്‍സാറിനെ ക്രൂരമായി നോക്കി ....അവന് അവന്റെ വൈഫിനെ നാട്ടില്‍ കൊണ്ടു വിടാന്‍ കണ്ട സമയം....അവള്കൂടെ ഉണ്ടായിരുന്നെങ്കില്‍ ചുമ്മാ കേറി പോയ്ക്കൂടായിരുന്നോ.....
എന്തായാലും അഞ്ചാറു സെക്യൂരിറ്റിക്കാരുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ ഞങ്ങള്‍ ജെയിംസ് ബോണ്ടിനെ പ്പോലെ അകത്ത് കയറി....
എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു...ഞാന്‍ ഗുലുവിനോട് ചോദിച്ചു..
''ഒരു ബ്ലോഗറെ കണ്ടാല്‍ എങ്ങിനെ തിരിച്ചറിയാം..??..''
അവന്‍ പറഞ്ഞു..
''കോഴികളുടെ കൂട്ടത്തില്‍ പൂവന്‍ കോഴി,വിദേശികളുടെ കൂട്ടത്തില്‍ ഫിലിപ്പിനോസ് ,ബിരിയാണികളുടെ കൂട്ടത്തില്‍ മട്ടന്‍ ബിരിയാണി എന്നിവ കണ്ടാല്‍ എനിക്ക് തിരിച്ചറിയാം..പക്ഷെ ഒരു ബ്ലോഗറെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റില്ല....''
പക്ഷെ അപ്പോഴേക്കും കുറെ മലയാളികള്‍ ഒരു സ്ഥലത്ത് കൂട്ടം കൂടി നില്ക്കുന്നത് ഞങ്ങള്‍ കണ്ടു....
''ദേ അവരാണോ ബ്ലോഗേര്‍സ് ??''
ഗുലു ചോദിച്ചു...
എന്തായാലും ഞങ്ങള്‍ കേറി മുട്ടി.....
''അല്ല ഈ ബ്ലോ.......''
ചോദിക്കേണ്ടി വന്നില്ല അല്ലാതെ തന്നെ കണ്ടു കുറെ പുലികള്‍...
ആദ്യം തന്നെ ശ്രദ്ധിച്ചത് മുഹമ്മദ് സഗീര്‍ എന്ന പുലിയെ ആണ് ഫോട്ടോയില്‍ കണ്ടതുകൊണ്ടു വേഗം തന്നെ മനസ്സിലായി...(ആള്‍ ഒരു സിംഹം തന്നെയാണ് .."വക്ഷസ്സാംബുരങ്ങള്‍" എന്ന വാക്കൊക്കെ മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത ആളാണ്..ശരിക്കും ഒരു 'ബ്ലുലി' ) ഒരു പുലിയെ കണ്ടു ഞെട്ടിത്തീരും മുന്‍പേ ദാ അടുത്ത പുലി....'ബ്ലോത്രത്തിന്റെ' ജീവാത്മാവും പരമാത്മാവുമായ ആള്‍ സാക്ഷാല്‍ രാമചന്ദ്രന്‍ വെട്ടിക്കാട്ട് .....(ഏഷ്യാനെറ്റിന്റെ ഇന്റര്‍വ്യൂവില്‍ കണ്ട പരിചയമാണ്...സകലമാന ബ്ലോഗന്‍മാരെയും ബ്ലോഗിണികളെയും നന്നാക്കികളയാം എന്ന വിശ്വാസവുമായി ഇറങ്ങിയിരിക്കുകയാണ്...എന്നാലും 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ട്..)....
പിന്നെ രണ്ടുപേര്‍ ചാടിവീണ് തുരു തുരാ പോട്ടം പിടുത്തം തുടങ്ങി....ഞാന്‍ എങ്ങാനും കേറി ഫെയ്മസായോ ദൈവമേ എന്ന് കരുതിയിരിക്കുമ്പോഴാണ് അറിയുന്നത്... ..അവരും ബ്ലോഗന്‍മ്മാര്‍ ആണ്...ഒരാള്‍ 'മോഹനം' ...പിന്നൊരാള്‍ ജുബിന്‍ എന്ന ഫോട്ടോഗ്രാഫര്‍ പുലി (ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ക്യാമറ കൂടെയുണ്ടാകും) ..രണ്ടുപേരും ഇരുന്നും നിന്നും കിടന്നും പോട്ടം പിടുത്തമാണ്..
പിന്നെ ആരെയും ശ്രദ്ധിക്കാതെ ഒരു മൂലയ്ക്കിരിക്കുന്നു 'ശ്രദ്ധേയന്‍' .......
ശ്രദ്ധെയന്റെ ശ്രദ്ധ തിരിച്ചു...നോക്കുമ്പോള്‍ നമ്മള് രണ്ടാളും 'കൊയിക്കോട്ടുകാര്‍' ആണ് കിട്ടീലെ...അപ്പോത്തന്നെ ഹിസ്റ്ററീം ജോഗ്രഫീം ഒക്കെ എടുത്തലക്കി...മൂപ്പര് കരിനാക്ക് വളയ്കാഞ്ഞത് ഭാഗ്യം...
'ശാരദ' എവിടെ എന്നാരോ ചോദിക്കുന്നത് കേട്ടത് കൊണ്ടാണ് മെല്ലെ മുടിയെല്ലാം ഒതുക്കി ചുണ്ടില്‍ ഒരു പുഞ്ചിരി ഒക്കെ ഫിറ്റ് ചെയ്തത് ....ഒരു ബ്ലോഗിണി മന്ദം മന്ദം നടന്നു വരുന്നതു സങ്കല്പിച്ചു കൊണ്ടിരിക്കുമ്പോഴതാ ബുള്‍ഗാന്‍ താടിയൊക്കെ ഫിറ്റ് ചെയ്തു ഒരാള്‍ വന്നു നില്ക്കുന്നു.....
''ഞാന്‍ ശാരദനിലാവ്...''
എന്നാലും വല്ലാത്തൊരു ചെയ്തതായിപ്പോയെന്നു മനസ്സില്‍ പറഞ്ഞു...
ഒരു ബ്ലോഗിണിയെ ജീവനോടെ കാണാന്‍ ഇനി എത്ര കാത്തിരിക്കണം???....
പിന്നെ കണ്ടത് ഗസല്‍ പ്‌രാന്തന്‍ ഹാരിസിനെ.. ആള്‍ ഒരു സകലകലാവല്ലഭനാണ്....കിടിലന്‍ കവിതകളെഴുതാരുണ്ട് പുള്ളി..ഒട്ടുമിക്ക ഗസലുകളുടെയും കളക്ഷന്‍ ഉണ്ടെന്നു പറയുമ്പോഴും പുള്ളി പറയുന്നു...
''ഒരെണ്ണം പോലും നിങ്ങള്‍ക്ക് കിട്ടുമെന്ന് വിചാരിക്കേണ്ട.....''
കിരണ്‍സ് വന്നതേ ചുണ്ടില്‍ പാട്ടും ഫിറ്റ് ചെയ്താണ്....'മ്യുസിക്കല്‍ ബ്ലോഗ്ഗറാണ് ' വന്നപാടെ റേഡിയോ ഓണ്‍ ചെയ്തു വച്ചപോലെ തുടങ്ങി സംസാരം...'ഈണത്തില്‍'...
കിരണ്‍സ് കൂടി എത്തിയതോടെ സംഗതി ഉഷാറായി...അല്‍പ്പം ശബ്ദമൊക്കെ പൊങ്ങിത്തുടങ്ങി....'ബ്ലോഗലിന്റെ' ശബ്ദം കൂടിയത് കൊണ്ടാവണം...സെക്യൂരിറ്റിക്കാര്‍ പാഞ്ഞെത്തി....
''ഇതു ഫാമിലീസിനു മാത്രം ഉള്ള സ്ഥലമാണ് ...''
''ഫാമിലി ഉണ്ട്...''....
രാമചന്ദ്രനും സഗീറും ഒരു അടിയന്തിരാവസ്ഥ മുന്നില്‍ കണ്ടു കൊണ്ടു ഫാമിലിയെയും കൂട്ടിയാണ് വന്നത്.....
''നിങ്ങള്‍ രണ്ടുപേരുടെ ഫാമിലി മാത്രമെ ഇവിടുള്ളൂ.....ഞങ്ങള്‍ എല്ലാം കാണുന്നുണ്ട്.....അതുകൊണ്ട് ബാക്കിയുള്ളവര്‍ ഇപ്പൊ തന്നെ പുറത്തു പോകണം.....''
മലയാളിയായ സെക്യൂരിറ്റി കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു...
''എല്ലാ ഇന്ത്യാക്കാരും സഹോദരീ സഹോദരന്മ്മാരാണ് ...അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഒരു ഫാമിലി ആണ്..''. എന്ന് തുടങ്ങി.....'വസുധൈവ കുടുംബകം'.. എന്ന് വരെ പറഞ്ഞു നോക്കി...
പക്ഷെ സെക്യൂരിറ്റി തന്‍ ഒരു അസ്സല്‍ മലയാളി ആണെന്ന് തെളിയിച്ചു...
എല്ലാവരും പുറത്തേക്ക്.....
പിന്നെ നേരെ റോഡ് ചാടി അപ്പുറം ബീച്ചില്‍ പോയി ഇരിക്കാന്‍ തീരുമാനിച്ചു...(അവിടേം 'ഫാമിലി ഡേ' ആണോ ദൈവമേ എന്ന് മനസ്സില്‍ വിചാരിക്കുന്നുണ്ട്..)
അങ്ങനെ 'കടലിന്നഗാധമാം......(നീലിമയില്‍ എന്ന് പറയുന്നില്ല കാരണം അപ്പോഴേക്കും നേരം ഇരുട്ടായിരുന്നു..) സൌന്ദര്യം' നുകര്‍ന്ന് കൊണ്ടു ഞങ്ങള്‍ ദോഹയിലെ ബ്ലോഗന്മ്മാര്‍ പരസ്പരം പരിചയപ്പെട്ടു....
അപ്പോള്‍ മൂന്നു പേര്‍ കൂടി സംഘത്തിലേക്ക് ചേര്‍ന്നു......ഒരാള്‍ ബ്ലോഗര്‍ 'സ്മൈലി' പിന്നെ സുഹൃത്ത് അസ് ലം ,ഇസ്മായില്‍ .......
എല്ലാവരും സ്വയം പരിചയപ്പെടുത്തി.....
പിന്നെ കുറെ പരദൂഷണം.....
പിന്നെ ചെറിയൊരു കൈവശാവകാശ തര്‍ക്കവും നടന്നു....
'നേര്‍ക്കാഴ്ചകള്‍ 'എന്ന ബ്ലോഗ് തന്റെയാണെന്ന് സ്മൈലി... മോഹനത്തിന്റെ പേരിലും കിടക്കുന്നു ഒരു 'നേര്‍ക്കാഴ്ചകള്‍ '.....എന്താ ചെയ്യുക...(അതുകൊണ്ടാണ് വൈകീട്ട് ഞാന്‍ നമ്മുടെ സ്വന്തം 'പെയ്തൊഴിയാതെ' എന്ന പേര് നെറ്റില്‍ തപ്പിയത്....ദാണ്ടേ കിടക്കുന്നു 'പെയ്തൊഴിയാതെ' മൂന്നാലെണ്ണം..!!!)
അതിനിടയില്‍ ഹാരിസ് കയറി 'തലത്ത് അസീസിന്റെ' ഒരു ഗസലും പാടിക്കളഞ്ഞു....
ഗസല് കേട്ടു വഴിയേ പോയ ഒരു പാകിസ്താനി പെണ്ണ് ഹാരിസിനെ കേറി പ്രേമിച്ചു കളയുമോ എന്ന് പോലും ഞങ്ങള്‍ പേടിച്ചിരുന്നു........പിന്നെ ഞാന്‍ ക്രൂരമായി നോക്കിയതുകൊണ്ട് മാത്രം ആ പെണ്ണ് പോയി.....
പിന്നീട് ബൂലോഗത്ത് നടക്കുന്ന സംഭവവികാസങ്ങളും, പഴയ വീരകഥകളും, എങ്ങനെ തല്ലു കിട്ടാതെ ബ്ലോഗാം എന്നതും എല്ലാം ഉള്‍പ്പെട്ട തകര്‍പ്പന്‍ ചര്‍ച്ച നടന്നു........
(അമ്മയാണെ....ഒരു ദോഹ കോക്കസ് ഉണ്ടാക്കാന്‍ ഞങ്ങള്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല...)
അങ്ങനെ 'അഖിലദോഹ ബ്ലോഗര്‍മ്മാരെ സംഘടിക്കുവിന്‍ ' എന്ന മുദ്രാവാക്യവും വിളിച്ച്...അവഗണിക്കാനാവാത്ത വയറിന്റെ വിളി കാരണം 'ദോഹ മീറ്റ് 2009' അവസാനിപ്പിച്ചു..(അപ്പൊ 2007 ലും 2008 ലുമൊക്കെ മീറ്റു നടന്നിരുന്നോ എന്ന് എന്നോടുചോദിക്കരുത്.... അത് സഗീറിനോട് ചോദിച്ചാല്‍ മതി..)..
തിരിച്ചു പോകുമ്പോഴേക്കും ഹാഫ് ബ്ലോഗനായിരുന്ന ഗുല്‍സാര്‍ ഒരു ഫുള്‍ ബ്ലോഗനായി മാറിയിരുന്നു.....
അങ്ങനെ ദോഹാകടപ്പുറത്തെ ബ്ലോഗ് ഉച്ചകോടിക്ക് പരിസമാപ്തിയായി....
വാല്‍കഷണം...
തിരിച്ചു വരുമ്പോള്‍ 'ഹമീല്‍' റെസ്റ്റോറണ്ടില്‍ കയറി ചിക്കന്‍ ചില്ലി അടിച്ചോണ്ടിരിക്കുമ്പോള്‍ അതാ പിന്നില്‍ വെട്ടിക്കാട് വീണ്ടും....'ബ്ലോത്രം' എന്നെ ഇന്റര്‍വ്യൂ ചെയ്യണോ മറ്റോ വന്നതാണെന്ന് കരുതി ഒന്നു ഞെട്ടി....
''ഇവിടെ..??''
''ഹേയ് ഞാന്‍ ഫുഡ് പാര്‍സല്‍ വാങ്ങിക്കാന്‍ വന്നതാ...വൈഫും കുട്ടികളും കാറിലുണ്ട്.....''
അങ്ങിനെ ബ്ലോഗര്‍മാര്‍ക്കും വിശക്കും എന്ന വലിയ പാഠവും പഠിച്ച്...തിരിയെ വീട്ടില്‍ പോയി കിടന്നുറങ്ങി..!!
14 September 2009
ഉല്‍പേഷ് കുമാര്‍ എങ്ങിനെ കള്ളനായി??

ജീവിതത്തില്‍ ചില്ലറ തെറ്റുകളേ കാമാക്ഷിയമ്മ ചെയ്തിട്ടുള്ളൂ....
അതിലൊരു തെറ്റില്‍ നിന്നാണ് യു കെ ഉല്‍പേഷ് കുമാറിന്റെ ജനനം
ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ കാമാക്ഷിയെ പെണ്ണുകാണാന്‍ വന്ന ദിവസം....
റിസഷന്‍ ബാധിച്ച ഐ ടി കമ്പനിക്ക് പുതിയ പ്രൊജക്റ്റ് കിട്ടിയപോലെയായിരുന്നു കാമാക്ഷിയുടെ അച്ഛന്‍ ശാര്‍ങ്ങധരന്‍ പിള്ളയ്ക്ക്......
എട്ടിലോ പതിനാറിലോ മറ്റോ ചൊവ്വ കേറി കോണ്‍ തെറ്റി നില്‍ക്കുകയായിരുന്ന കാമാക്ഷി, 'അവളുടെ രാവുകളിലെ' സീമചേച്ചിയെ മനസ്സില്‍ ധ്യാനിച്ച് ,മുന്നില്‍ കൊണ്ടുവച്ച അവലോസുണ്ട എടുക്കണോ വേണ്ടയോ എന്ന് വ്യാകുലപ്പെടുന്ന ഉല്‍പ്പലാക്ഷന്‍ ചേട്ടനേ നോക്കി തലകുനിച്ചു നാണത്തോടെ കാലിന്റെ തള്ളവിരല് കൊണ്ടു നിലത്തു മൂന്നു ട്രയാംഗിളും രണ്ടു സര്‍ക്കിളും വരച്ചുകളഞ്ഞു...!!!!കൂട്ടത്തില്‍ കടക്കണ്ണിന്‍ മുനകൊണ്ട് രണ്ടു എസ്സെമ്മെസ്സും......
ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ വീണു...വീണുവെന്ന് പറഞ്ഞാല്‍ നടുവുംതല്ലി വീണു..
ആ വീഴ്ചയില്‍ നിന്നാണ് ഉല്‍പേഷ് കുമാര്‍ എന്ന ഉല്‍പു വിന്റെ പിറവി...
ഉല്‍പേഷ് ഞങ്ങളുടെ നാട്ടിലെ ആസ്ഥാന കാമുകനാണ്....
അല്‍പ്പം കറുത്തതാണെന്നോഴിച്ചാല്‍ മറ്റു ബ്ലാക്ക് മാര്‍ക്സ് ഒന്നുമില്ല....
അല്‍പ്പമെന്നു പറയുമ്പോള്‍ രാത്രിയില്‍ ബ്രൈറ്റ് ലൈറ്റ് ടോര്‍ച്ചടിച്ചു നോക്കിയാലും കാണാറില്ല...
താന്‍ ജനിച്ചു വീണപ്പോള്‍ തീക്കട്ട പോലെയായിരുന്നു എന്നാണ് ഉല്‍പ്പു പറയുന്നതു...കണ്ടു പേടിച്ച നേഴ്സ് അപ്പൊ തന്നെ എടുത്ത് വെള്ളത്തിലിട്ടത്രേ...അങ്ങനെ കരിഞ്ഞു പോയി.(ദാറ്റ് സ് ദ സീക്രറ്റ് ഓഫ് മൈ കളര്‍ )
ഉല്‍പ്പുവിന്റെ നിറത്തെ കുറിച്ചു വേറെയും ഒരുപാടു കഥകളുണ്ട്..
പണ്ടു ഗോവയില്‍ ടൂറിനു പോയപ്പോള്‍ ഒരു ഹിന്ദിക്കാരി കൊച്ചിനെ ഇടിവെട്ടിയ ഒരു തെങ്ങിന്റെ കടയ്ക്കലിരുന്ന് ഉല്‍പ്പു വളയ്ക്കാന്‍ ശ്രമിച്ചു
ഉല്‍പ്പു വിന്റെ 'ഗെറ്റപ്പ് ആന്‍ഡ് സെറ്റപ്പ് ' കണ്ടു കൊച്ചു ചോദിച്ചു.
''ക്യാ കര്‍ത്താ ഹേ ??
ഹിന്ദി കേട്ട ഉല്‍പ്പുവിന്റെ മുഖം ജപ്പാന്‍ ബ്ലാക്കില്‍ ജനതാസെം വീണപോലെയായി..
ദെ ലവളും 'എന്താ കറത്തേ'ന്നു ചോദിക്കുന്നു...
''വെയില് കൊണ്ടു കറത്തതാ '' ..ഉല്‍പ്പു ആത്മാര്‍ഥമായി പറഞ്ഞു.
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടു ശിഷ്ടകാലം കഴിച്ചു കൂട്ടാന്‍ തീരുമാനിച്ച അച്ചാച്ചന്‍ ശാര്‍ങ്ങധരന്‍ പിള്ളയെ ചുമ്മാ രണ്ടു തെറിയും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു അന്ന് ഉല്‍പ്പു..
വരുന്ന വഴിയാണ് അയല്‍വാസിയും പഞ്ചായത്തിന്റെ പൊതുസ്വത്തായ കുടുംബശ്രീ സരസുവിന്റെ നടുക്കത്തെ പുത്രിയും നാട്ടിലെ ഒടുക്കത്തെ ഫിഗറുമായ കുമാരി ശാരിക ചെഞ്ചുണ്ടില്‍ ഡബിള്‍ മിന്റ് ഗമ്മു മായി മന്ദം മന്ദം നടന്നു വരുന്നതു കണ്ടത്....
ശാരൂ.... എന്ന് വികാരലോലമായി വിളിക്കാന്‍ തോന്നിയെങ്കിലും അവടപ്പന്‍ ഇടിവെട്ടി സുരേന്ദ്രന്റെ
അതികഠിനമായ കൈത്തണ്ടകള്‍ ഓര്‍മയിലേക്ക് വന്നപ്പോള്‍ ഉല്‍പ്പു മെല്ലെ തുപ്പലിറക്കി..
ആസ് യൂഷ്വല്‍ ജിന്‍ജര്‍ കടിച്ച മങ്കിയെപ്പോലെ ഒരു ചിരിയും ചിരിച്ചു വെള്ളവുമിറക്കി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുമാരി ശാരികയില്‍ നിന്നും ഒരു ചോദ്യം..
''എനിക്കൊരുപകാരം ചെയ്യ്വോ..???''
ഉല്‍പ്പുവിനു തങ്ങളിപ്പോള്‍ കാശ്മീരിലെ മഞ്ഞുമലകളിലാണെന്നും ഇരുപത്തിനാല് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്ണുങ്ങള്‍ തങ്ങള്‍ക്കു ചുറ്റും കോറസ് പാടി ഡാന്‍സ് ചെയ്യുന്നുണ്ടെന്നും തോന്നി...
പഞ്ചായത്തിന്റെ സ്വന്തം 'നമിത' ശാരികയാണ് മൊഴിഞ്ഞത്.......!!!!!!!!!!!!!!!!
പാട്ടും ഡാന്‍സും കഴിഞ്ഞപ്പോഴാണ് താന്‍ ശാരികയുടെ മുന്നില്‍ വായും പൊളിച്ചു നിക്കുകയാണെന്ന് ഉല്‍പ്പുവിനു മനസ്സിലായത്.വാര്‍ണിംഗ് ലെറ്റര്‍ കിട്ടിയ ടീം ലീഡറെ പ്പോലെ ഉല്‍പ് സ് ഉഷാറായി.
''എന്താ ശാരൂ........''
ആ വിളിയില്‍ രണ്ടു ലോഡ് സ്നേഹം കലക്കിയിരുന്നു..
''വേറാരോടും പറയരുത്........ഉല്പ്പേട്ടനായത് കൊണ്ടു പറയുവാ......''
പുഞ്ചിരിയില്‍ നഞ്ചുപുരട്ടി ശാരിക ജൂനിയര്‍ സരസുവായി.......
ഉല്‍പ്പു പിന്നേം കുളിരുകൊണ്ടു....ശാരു എന്നോട് സ്വകാര്യം പറയുന്നു...
ആ സമയം ശാരു ഒസാമ ബിന്‍ ലാദനെ വേണമെന്നു പറഞ്ഞാലും ഉല്‍പ്പു പിടിച്ചോണ്ട് കൊടുത്തേനെ..
''എന്റെ വീട്ടിന്റെ ചുറ്റും രാത്രി ആരോ കിടന്നു കറങ്ങുന്നുണ്ട്....രാത്രി ഒരു പന്ത്രണ്ടര ഒരു മണി ആകുമ്പോള്‍
പുറത്തു നിന്നും ആരോ ടോര്‍ച്ചടിക്കുന്നത് കാണാം..ആരാന്നറിയില്ല കുറെ ദിവസമായി...... അച്ഛനുമമ്മയ്ക്കുമൊന്നും ഒന്നും അറിയില്ല......ഉല്‍പ്പേട്ടനു പറ്റുമെങ്കില്‍ രാത്രി ഒന്നു എന്റെ വീട്ടില്‍ വന്നു നോക്കാമോ..വേറാരോടും പറയണ്ട...''
കടക്കണ്ണില്‍ ഉല്‍പ്പുവിനെ വറുത്തെടുത്ത് കൊണ്ടു ശാരു പറഞ്ഞു....
ഉല്‍പ്പുവിന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....
ശാരുവിന്റെ ഹൃദയത്തില്‍ പത്തു സെന്റ് വാങ്ങാന്‍ പറ്റിയ അവസരം......
ശാരു ഉല്‍പ്പുവിനോട് അല്‍പ്പം കൂടി ചേര്‍ന്നു നിന്നു കൊണ്ടു പറഞ്ഞു...
''ഞാന്‍ ഇതു വേറാരോടെങ്കിലും പറഞ്ഞാല്‍ അവര്‍ തെറ്റിദ്ധരിക്കും അതാ ഉല്‍പ്പേട്ടനോട് പറഞ്ഞെ....
കള്ളന്മാരാണോ അതോ വേറെ വല്ല ഉദ്ദേശ്യമാണോ എന്നറിയില്ല...ഉല്‍പ്പേട്ടന്‍ മുറ്റത്തു ഒളിച്ചിരുന്നാല്‍ മതി വേണമെങ്കില്‍ ഞാന്‍ വരാന്തയില്‍ വന്നിരിക്കാം....''
ഉല്‍പ്പുവിന്റെ മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി....
എത്ര അവസരങ്ങളാണ് ഒത്തുവരുന്നതു ..!!!.....അന്നാദ്യമായി ഉല്‍പ്പുവിനു ഗുരുവായൂരപ്പന്‍ കീ ജയ് എന്ന് വിളിക്കാന്‍ തോന്നി....പിന്നെ ചെറിയൊരു സംശയവും .....ഞാനല്ലാതെ വേറാരാണപ്പാ ....പാതിരാക്ക് ശാരുവിന്റെ വീട്ടിനു ചുറ്റും കിടന്നു കറങ്ങുന്നത് ??
കുറെ നേരം കൂടി ശാരുവിനോട് 'ചാറ്റ'ല്‍ മഴയില്‍ നനഞ്ഞു ജലദോഷം പിടിപ്പിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് കാലമാടന്‍ ചെത്തുകാരന്‍ പുഷ്ക്കരന്‍ വരുന്നത്...
ദുഷ്ടന് ഈ വഴിയേ കണ്ടുള്ളൂ ഇപ്പൊ വരാന്‍...ഉല്‍പ്പു മനസ്സില്‍ പ്രാകി..
''എന്തേ നടുറോട്ടില്‍ ഒരു കിന്നാരം......''
പുഷ്ക്കരന്‍ ദുഷ്കരനായി....
പുഷ്കരനെ കണ്ടതും ശാരു ബമ്പറും കുലുക്കി ഒറ്റപ്പോക്ക്...
ശാരുവിന്റെ അമ്മ സരസുവും പുഷ്കരനും തമ്മില്‍ എന്തോ 'ഡിങ്കോഡാല്‍ഫി' ഉണ്ടെന്നുള്ളത് നാട്ടില്‍ പാട്ടാണ്..
പുഷ്കരനെ കുത്തിക്കൊല്ലാന്‍ തോന്നിയെങ്കിലും അയാളുടെ കയ്യിലും തുടയിലും നെഞ്ചിലുമൊക്കെയുള്ള മസില്‍സ് കണ്ടപ്പോള്‍ (നാട്ടിലെ ഏക 'സിക്സ് പായ്ക്ക് ' ആണ് പുഷ്ക്കരന്‍ ) ഉല്‍പ്പു സ്വയമടങ്ങി...
പിന്നെ പുരയ്‌ക്കടങ്ങിയതും സ്റ്റാര്‍ സിങ്ങര്‍ കണ്ടു പണ്ടാരടങ്ങുകയായിരുന്ന അമ്മ കാമാക്ഷി ,അച്ഛന്‍ ഉല്‍പ്പലാക്ഷന്‍,അച്ചാച്ചന്‍ ശാര്‍ങ്ങധരന്‍ പിള്ള , അയലോക്കത്തെ സുമത്യേച്ചി എന്നിവരെ മൈന്‍ഡ് ചെയ്യാതെ വൈരാഗ്യത്തോടെ കട്ടിലില്‍ വെട്ടിയിട്ട പോലെ പോയി കിടന്നു
പിന്നെ ക്രൂരമായി ക്ലോക്കില്‍ നോക്കി സൂചികളെ ഓടിച്ചു എല്ലാം കൂടി പത്തരയാക്കി..
പത്തെ മുക്കാലായപ്പോള്‍ ജെയിംസ് ബോണ്ട് ,ഷെര്‍ലക് ഹോംസ് ,ഏഷ്യാനെറ്റ് ന്യൂസ് എന്നിവരെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടു രണ്ടു കത്തികളും അരയില്‍ വച്ചു പുറകുവശത്തെ വാതിലും തുറന്നു പതുക്കെ ഇടിവെട്ടിയുടെ വീട് ലക്ഷ്യമാക്കി മൂവ് ചെയ്തു..
അപ്രതീക്ഷിതമായ ഏതു ആക്രമണവും നേരിടാന്‍ സജ്ജമായിട്ടാണ് പോക്ക്...മൊബൈല്‍ ഫോണ്‍ ഒരു കവറില്‍ പൊതിഞ്ഞു 'വലെറോ' ക്കുള്ളില്‍ തിരുകി( എന്ന് വച്ചാല്‍ ബസ് സ്റ്റാന്‍ഡിലെ തൂണിന്റെ ചോട്ടില്‍ വച്ചു 'ടപ്പേ' 'ടപ്പേ' ന്നു ഇലാസ്റ്റിക്കും വലിച്ചു പൊട്ടിച്ചോണ്ട് ഒന്നെടുത്താല്‍ പത്ത് രൂപ മൂന്നെടുത്താല്‍ ഇരുപത്തഞ്ച് രൂപാന്നും പറഞ്ഞോണ്ട് വില്‍ക്കുന്ന 'ആ' സാധനം തന്നെ) കയ്യിലും കാലിലുമൊക്കെ എണ്ണയും പുരട്ടി അസ്സല്‍ ആരോമല്‍ ചേകുസ് ആയിട്ടാണ് പോക്ക്.
ഉള്ളിലെ ചെറിയ പേടിയെ അര്‍ജുനന്‍ ഫല്‍ഗുനന്‍ പാര്‍ഥന്‍ വിജയന്‍ കിരീടി എന്നിങ്ങനെ പലര്‍ക്കുമായി വീതിച്ചു കൊടുക്കുന്നുമുണ്ട്...
സരസുസ് ഹൌസില്‍ എത്തിയതും കടപ്പയില്‍ നാരങ്ങാനീരുറ്റിയത് പോലെ ആ ഇരുട്ടിലും ഉല്‍പ്പുവിന്റെ മുപ്പത്തൊന്നു പല്ലുകള്‍ പ്രകാശിച്ചു. (ഒരെണ്ണം കഴിഞ്ഞ ചിങ്ങത്തിലെ ഗാനമേളയ്ക്ക് 'ലേഡീസ് സൈഡില്‍' അലമ്പുണ്ടാക്കിയപ്പോള്‍ സംഘാടകസമിതിക്കാര്‍ അടിച്ച് താഴെയിട്ടതാണ്)
എന്താ കാരണം ??
വരാന്തയിലെ തൂണിന്റെ മറവിലതാ സെയില്‍സ് മാന്‍മ്മാരില്ലത്ത ആഭരണക്കട പോലെ ശാരു പുഷ്പിച്ചു നില്ക്കുന്നു.....!!!!!!!
ഉള്ളിലെ വികാരങ്ങളെ റബ്ബര്‍ ബാന്‍ഡിട്ടു ടൈറ്റു ചെയ്തടക്കിക്കൊണ്ട് ഉല്‍പ്പു ശാരുവിന്റെ ചാരെ ചെന്നു...
''ഉല്‍പ്പേട്ടന്‍ ആ തെങ്ങിന്റെ ചോട്ടില്‍ ഒളിച്ചിരുന്നോ....ഞാന്‍ മുറിയിലുണ്ടാകും...ആരെങ്കിലും വര്വാണെങ്കില്‍ ആളെ മനസ്സിലാക്കി വച്ചാല്‍ മതി....ഒച്ചയൊന്നും ഉണ്ടാക്കണ്ട...''
ശാരു ലോലയായി ഉല്‍പ്പുവിന്റെ കാതിലോതി...
'' ഛെ... വരുന്നവനെ പിടിച്ചു രണ്ടു പൊട്ടിച്ചു ശാരുവിന്റെം നാട്ടുകാരുടേം മുന്നില്‍ ഒന്നു ഷൈന്‍ ചെയ്യാം എന്ന് വിചാരിച്ചതാണ് അതിനാണ് കത്തിയും കുന്തവുമെല്ലാം എടുത്തിറങ്ങിയത്...ഇതിപ്പോ ലവള്‍ ആളെ നോട്ട് ചെയ്‌താല്‍ മാത്രം മതീന്നാണല്ലോ പറയുന്നേ.......''
ഉല്‍പ്പുവിനു സ്വല്‍പ്പം നിരാശ തോന്നിയെങ്കിലും ശാരുവിന്റെ ഹാര്‍ട്ടിലേക്ക് ഒരു മെട്രോ റെയില്‍പ്പാലമിടാനുള്ള ചാന്‍സ് ആണ് ഒത്തുവന്നിരിക്കുന്നതെന്നു കരുതി സമാധാനിച്ചു കൊണ്ടു ശാരു പറഞ്ഞ തെങ്ങിന്റെ കടയ്ക്കല്‍ ചെന്നിരുന്നു.
ശാരുവാണേല്‍ അകത്ത് കയറി വാതിലുമടച്ചു കളഞ്ഞു....
ഉല്‍പ്പുവിന്റെ ഏക ആശ്വാസം ശാരു ജനലിലൂടെ തന്നെ നോക്കിയിരിക്കുന്നുണ്ടാവും എന്നതായിരുന്നു....
നാല്‍പ്പത്തി മൂന്നാമത്തെ കൊതുകിനെ അടിച്ച് കൊല്ലുമ്പോഴാണ്
വിറകുപുരയ്ക്കടുത്തുനിന്നും ഒരു കാല്‍പ്പെരുമാറ്റം ഉല്‍പ്പുവിന്റെ റഡാര്‍ പിടിച്ചെടുക്കുന്നത്...
ഉല്‍പ്പുവിലെ സ്പൈ ഉണര്‍ന്നു.....മുട്ടുകാലില്‍ ഇഴഞ്ഞു പതുക്കെ വിറകുപുരയുടെ അടുത്തെത്തി ...........അവിടെ ഏതോ ഒരാള്‍ മുണ്ടും മടക്കിക്കുത്തി നില്‍പ്പുണ്ട് പക്ഷെ മുഖം കാണാന്‍ കഴിയുന്നില്ല.....ഉല്‍പ്പു പിന്നേം ഇഴഞ്ഞു ........അയാള് നില്ക്കുന്ന മണ്‍തിട്ടയുടെ കീഴെ ചെന്നു പതുങ്ങിയിരുന്നു കൊണ്ടു പതുക്കെ മുകളിലേക്ക് നോക്കി...ഇരുട്ടായത് കൊണ്ടു ആളെ മനസ്സിലാകുന്നില്ല....ഒരു നിഴലുപോലെയേ കാണാന്‍ കഴിയുന്നുള്ളൂ....പെട്ടന്നയാള്‍ അരയില്‍ നിന്നും എന്തോ എടുക്കുന്നത് പോലെ ഉല്‍പ്പുവിനു തോന്നി...അവന്റെ കൈകള്‍ അരയിലെ കത്തിയിലേക്ക് നീണ്ടു...............
തുലാമഴക്കാലത്ത് ഇറയത്തു പോയി നിന്ന പോലെയാണ് പിന്നെ ഉല്‍പ്പുവിനു ഫീല്‍ ചെയ്തത്...തലയിലും ദേഹത്തും ഒക്കെ വെള്ളം..!!!!!!!!!!.....നട്ടുച്ച നേരത്ത് പഞ്ചായത്ത് ടാപ്പിന്റെ അടിയില്‍ ചെന്നിരുന്ന പോലെ....മൊത്തം ചൂടുവെള്ളം....
ഉല്‍പെഷ് അവിടെ നിന്നും ജീവനും കൊണ്ടോടി...പോകുന്ന വഴിയില്‍ വിറകുപുരയുടെ പിന്നിലുള്ള പൊട്ടക്കിണറ്റില്‍. ...........
..പ് ത് ധിം ..!!!!!!!!!!!!!!!!!!!!!!
...............സംഭവിച്ചതിങ്ങനെയാണ്.....പാതിരാത്രി ഒന്നരയായാപ്പോല്‍ ഒന്നിനു പോകാനായി പുറത്തിറങ്ങിയതാണ് ശാരുവിന്റെ പിതാശ്രീ ശ്രീമാന്‍ ഇടിവെട്ടി സുരേന്ദ്രന്‍...........താഴെ ഉല്‍പ്പു ഇരിപ്പുണ്ടെന്നറിയാതെ മണ്‍തിട്ടയ്ക്ക് മേലെ കയറിനിന്നു കൊണ്ടു താഴേക്ക് യൂറിന്‍ ടാങ്ക് എംപ് റ്റി ചെയ്തതായിരുന്നു ശ്രീ ഇടിവെട്ടി അപ്രതീക്ഷിതമായ പനിനീര്‍ മഴയില്‍ ആകെ പൂത്തുലഞ്ഞുപോയ ഉല്‍പ്പു ഓടുന്ന ഓട്ടത്തില്‍ വിരകുപുരയ്ക്ക് പിന്നിലുള്ള പൊട്ടക്കിണറിന്റെ കാര്യം ഓര്‍ത്തുമില്ല ഇടിവെട്ടിയാണെങ്കില്‍ തലേന്ന് അടിച്ച് കേറ്റിയ 'ബ്ലാക്ക് ലേബല്‍' (പഴയ ഡെറ്റോള്‍ കുപ്പിയില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചു വരുന്ന ഒരു മാട്ട സാധനം...) ലിന്റെ കെട്ട് വിടാത്തതുകൊണ്ട് വാമഭാഗം ശ്രിമതി സരസുവിനെ പേടിച്ചു വിറകുപുരയുടെ തിണ്ണയില്‍ കിടക്കുകയായിരുന്നു.തലയ്ക്കകത്ത് 'പോളിറ്റ് ബ്യൂറോ' മീറ്റിംഗ് നടക്കുകയായിരുന്നത് കൊണ്ടു ഉല്‍പ്പു ഓടിയതോ കിണറ്റില്‍ വീണതോ ഒന്നും പാവം ഇടിവെട്ടി അറിഞ്ഞതുമില്ല...
ഉല്‍പ്പുവാണേല്‍ മുകളിലോട്ട് കയറാന്‍ ഒരു വാഴിയും കാണാതെ പണ്ടാരടങ്ങുകയായിരുന്നു...പെട്ടന്നാണ് തലയില്‍ ബള്‍ബ് മിന്നിയത്....വാട്ട് ആന്‍ ഐഡിയ സര്‍ജീ ന്നും പറഞ്ഞു കൊണ്ടു അണ്ടര് വെയറിന്റെ ഉള്ളില്‍ നിന്നും മോവീലെടുത്തു കുത്തി.പാതിരാത്രി ഒട്ടുമിക്ക തെണ്ടികളുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കുമെന്ന പാഠം പഠിച്ച ഉല്‍പ്പു ഒരു രക്ഷയുമില്ലതായപ്പോള്‍ വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പറില്‍ കുത്തി....ഒരു പത്തിരുപതു പ്രാവശ്യം റിംഗ് ചെയ്തതിനു ശേഷം പിതാശ്രീ ഉല്‍പ്പലാക്ഷനാണ് ഫോണെടുത്തത്....സമയമാണെങ്കില്‍ വെറും മൂന്നരയേ ആയിട്ടുള്ളൂ.........
'' ഹായ് ഡാഡി ഞാന്‍ സരസുചേച്ചിയുടെ കിണറ്റില്‍ നിന്നാണ് വിളിക്കുന്നത്.....(എന്നെ ഒന്നു രക്ഷപ്പെടുത്തെടോ തന്തേ....).''
ചന്തിയിലെ പഴയ പാടു തടവിക്കൊണ്ട് ഉല്‍പ്പലാക്ഷന്‍ അന്തം വിട്ടു കുന്തം വിഴുങ്ങി....
''അവനും സരസൂന്റെ കിണറ്റില്‍ വീണോ......??????.!!!!!!!!!!!!!!!!!!!..''
വാല്‍ക്കഷണം:
പിറ്റേദിവസം രാവിലെ നാട്ടുകാരുടെ സജീവ സാന്നിധ്യത്തില്‍ രണ്ടു കത്തി, ഒരു സ്ക്രൂ ഡ്രൈവര്‍, ഒരു സേഫ്‌റ്റി പിന്‍, ഒരു ചെറിയ പാക്കറ്റ് കുട്ടിക്കൂറ പൌഡര്‍, ഒരു ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ എന്നീ മാരകായുധങ്ങളോടെ കുടുംബശ്രീ സരസുവിന്റെ കിണറ്റില്‍ നിന്നും യു.കെ ഉല്‍പെഷ് കുമാറിനെ വീണ്ടെടുത്തു...............
നാട്ടുകാര്‍ തൂക്കിയെടുത്ത് കൊണ്ടുപോകുമ്പോള്‍,കുളിമുറിയുടെ മറവിലിരുന്നു ചെത്തുകാരന്‍ പുഷ്കരനെ പഞ്ചാരയടിക്കുകയായിരുന്ന കുമാരി ശാരികയെ നോക്കി ഉല്‍പ്പു ഒന്നു നെടുവീര്‍പ്പിട്ടു...
''എന്നാലും എന്നോടീ ചതി വേണ്ടായിരുന്നെടീ വഞ്ചകീ'' എന്നും പറഞ്ഞ്....
Labels:
നര്‍മ്മം
26 August 2009
ചുമ്മാ ഇതും കിടക്കട്ടെ. ...
രണ്ടു മൂന്നു ബോറന്‍ കഥകളെഴുതി ബ്ലോഗ് നിറച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനൊരു സമാധാനം...
അല്പ്പന് ബ്ലോഗ് കിട്ടിയാല്‍ അര്‍ദ്ധരാത്രിയും പോസ്റ്റ് ഇടും എന്ന് കേട്ടിട്ടില്ലേ..അങ്ങനെ സംഭവിച്ചു പോയതാ...ക്ഷമി ...ഇനി ഞാന്‍ നന്നായികൊള്ളാം....... (ഒരു കമന്റ്‌നു അമ്പതു പൈസ ഓഫര്‍ കൊടുത്തതാണ് എന്നിട്ടും ആരും കമന്റ് ചെയ്യുന്നില്ല...)..
ബ്ലോഗ് പുലികള്‍ക്കിടയില്‍ ഈ പുലിത്തോലിട്ട ആട്ടിന്‍കുട്ടി കെ.മുരളീധരനെ പോലെ നിസ്സഹായനാണ്.....സാമ്പത്തിക മാന്ദ്യം മൂലം ഓഫീസില്‍ ഒരു പണിയും ചെയ്യാതെ കുറ്റി അടിച്ചിരിക്കുകയായിരുന്നു...അപ്പോഴേക്കും റമദാന്‍ എത്തി...ഉച്ചക്ക് ഒരു മണി ആകുമ്പോഴേക്കും കച്ചോടം പൂട്ടി വീട്ടി പോയ്ക്കോളാന്‍ ആണ് മുതലാളി സായിപ്പ് പറയുന്നേ...അപ്പപ്പിന്നെ ഈ ബ്ലോഗ് തന്നെ ശരണം..എന്തായാലും ഞാന്‍ ബ്ലോഗി ബ്ലോഗി മരിക്കാന്‍ തന്നെ തീരുമാനിച്ചു..
അടുത്ത റൂമുകളിലായി രണ്ടു മാന്യ മലയാളി ദേഹങ്ങള്‍ ഇരിപ്പുണ്ട്...ലവന്മ്മാരും ദേ ബ്ലോഗ്ഗല് തുടങ്ങി.....ഒരാള്‍ വെള്ളക്കിളി എന്നും പറഞ്ഞു ഒരു ഉഗ്രന്‍ തുടരന്‍ എഴുതുന്നുണ്ട്...
ആഗോള വായന മാന്ദ്യം മൂലം പൈങ്കിളിക്കെ ഇപ്പൊ മാര്‍ക്കറ്റ് ഉള്ളുവെന്നാണ് അദ്ദേഹം ഗവേഷണം നടത്തി കണ്ടെത്തിയത്....
``...................................................................ഇന്നലെ നടന്ന കിച്ചണ്‍ ബ്ലോഗ് കൂട്ടായ്മയില്‍ പ്രബന്ത അവതരണം നടന്നു......,കുബ്ബുസ് , പൊരിച്ച ചിക്കന്‍ സോസജ്, അല്‍ കബീറിന്റെ ചിക്കന്‍ ടിക്ക മസാല ( രണ്ടു മാസം ലുലു വിലെ ഫ്രീസറില്‍ കിടന്നു ജീവിതം മടുത്തു സ്പെഷ്യല്‍ ഓഫര്‍ എന്ന് കഴുത്തില്‍ ബോര്‍ഡ് ഉം തൂക്കി എക്സ്പയറി ഡേറ്റ് ഉം കാത്തു പതിമൂന്നാം വാര്‍ഡില്‍ കിടക്കുകയായിരുന്നു....) ..എന്നിവയുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ജര്‍മന്‍ സായിപ്പ് മുഖ്യഅതിഥി ആയിരുന്നു...
തുടര്‍ന്ന് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ദൈനം ദിന ജീവിതത്തില്‍ KFC യുടെ(KFC= കഞ്ഞി ഫയരു ചമ്മന്തി ) പങ്ക് എന്ന വിഷയത്തില്‍ അയല്‍ റൂമുകാരനും സുപ്രസിദ്ധ ബ്ലോഗനും ആയ കാരപ്പരമ്പില്‍ ദിനേശന്‍ മുഖ്യ പ്രഭാഷണം നടത്തി...................................................``
ഇന്നലെ നട്ടപ്പാതിരാക്ക് പത്രത്തില്‍ കൊടുക്കാന്‍ എഴുതിയുണ്ടാക്കിയ വാര്‍ത്തയാണ് മുകളില്‍ കൊടുത്തത്....രാവിലെ പത്തു മണി വരെ കിടന്നു ഉറങ്ങി പോയത് കാരണം നടന്നില്ല.....
ഇവിടെ ഒരു മൂന്നാം ബ്ലോഗ മഹായുദ്ധത്തിനു സമയമായി......
കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്......മമ്മുക്കയാണോ ലലെട്ടനാണോ നല്ല നടന്‍ എന്നിങ്ങനെയുള്ള അസ്തിത്വ പ്രശ്നങ്ങള്‍ അതിഗഹനമായി ചര്‍ച്ചചെയ്യാന്‍ വേണ്ടി ലവന്മ്മാര്‍ എന്നെ വിളിക്കുന്നത് കൊണ്ടു തല്ക്കാലം നിര്‍ത്തുന്നു........
Labels:
നര്‍മ്മം
Subscribe to:
Posts (Atom)
